top of page
ക്രിസ്തുവര്‍ഷം 312. റോമന്‍ ചക്രവര്‍ത്തിപദത്തിന് അവകാശവാദമുന്നയിച്ച് പടനയിച്ച കോണ്‍സ്റ്റന്‍റൈന്‍റെ സൈന്യം ടൈബര്‍ നദിക്ക് കുറുകെയുള്ള മില്‍വിയന്‍ പാലത്തില്‍വച്ച് എതിരാളി മാക്സെന്‍റിയസിന്‍റെ സൈന്യവുമായി ഏറ്റുമുട്ടി. ശത്രുസൈന്യത്തെ മുച്ചൂടും മുടിച്ച കോണ്‍സ്റ്റന്‍റൈന്‍റെ പടയാളികളുടെ പരിചമേല്‍ ക്രിസ്തു എന്നതിന്‍റെ ഗ്രീക്ക് പദത്തിന്‍റെ ആദ്യ രണ്ടക്ഷരങ്ങള്‍ (chi Rho) കൂട്ടിച്ചേര്‍ത്ത ഒരു ചിഹ്നം പതിച്ചിരുന്നു. ലിഖിതങ്ങളിലോ പാരമ്പര്യങ്ങളിലോ ഇല്ലാതിരുന്ന ഈ കുരിശ് ചിഹ്നം പിന്നീടങ്ങോട്ട് ലോകമെങ്ങും വ്യാപിച്ച സാമ്രാജ്യത്വ ക്രൈസ്തവികതയുടെ സര്‍വവ്യാപിയായ ചിഹ്നമായി.چആകാശത്തില്‍ സൂര്യനുമുകളില്‍ പ്രകാശവിരചിതമായ ഒരു കുരിശ് ഞാന്‍ കണ്ടു. അതിന്മേല്‍ ഇതുകൊണ്ടു കീഴടക്കുക എന്ന് കൊത്തിവയ്ക്കപ്പെട്ടിരുന്നു എന്ന് മില്‍വിയന്‍ വിജയത്തെക്കുറിച്ച് കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി പിന്നീട് സിസേറിയയിലെ മെത്രാന്‍ യൗസേബിയൂസിനോട് പറഞ്ഞു.
(History of Christianity-Diarmaid Macculloch)
കണ്ണീരിന്‍റെയും കഠിനയാതനകളുടെയും പലായനങ്ങളുടെയും പിഴുതെറിയലുകളുടെയും സംഘര്‍ഷങ്ങളുടെയും സംഘട്ടനങ്ങളുടെയും ദുരന്തങ്ങളുടെയും ദുഷ്ചെയ്തികളുടെയും വിദ്വേഷത്തിന്‍റെയും വേര്‍പിരിക്കലുകളുടെയും അവ്യക്തതകളുടെയും ആശങ്കകളുടെയും ആകുലതകളുടെയും ആവലാതികളുടെയും ആക്രോശങ്ങളുടെയും നിലവിളികളുടെയും ദുര്‍വിശേഷങ്ങള്‍ ആഗോളമുഖ്യധാരാമാധ്യമങ്ങളില്‍ നിറയുന്ന കാലത്ത് സുവിശേഷത്തിന്‍റെ വിളംബരം, ഭോഷത്തമെന്ന് അപഹസിക്കപ്പെടാം. മാധ്യമപ്രവര്‍ത്തനത്തില്‍ തൊഴില്‍മികവും പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനപരിചയവും കൈമുതലാക്കി മാധ്യമധര്‍മ്മത്തിന്‍റെ കൃത്യതയാര്‍ന്ന മാനദണ്ഡങ്ങള്‍ പാലിച്ച് വസ്തുതകളുടെ പിന്‍ബലത്തില്‍ പ്രമാണീകരിച്ച് ആ സദ്വാര്‍ത്ത ജോസ് ടി തോമസ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പക്ഷേ അവഗണിക്കാമെങ്കിലും നമുക്കത് നിഷേധിക്കാനാവില്ല.കാതുള്ളവര്‍ കേള്‍ക്കട്ടെ എന്ന ആമുഖത്തോടെ 2000 വര്‍ഷം മുമ്പ് പലസ്തീനയില്‍ വെളിവാക്കപ്പെട്ട സുവിശേഷം ബധിരകര്‍ണങ്ങളില്‍ പതിച്ച് ദുര്‍വിശേഷമായതെങ്ങിനെയെന്ന പശ്ചാത്തല വിവരണത്തോടെ ആരംഭിക്കുന്ന കുരിശും യുദ്ധവും സമാധാനവും പതിവ് മതവിമര്‍ശത്തിന്‍റെ പരുക്കന്‍ഭാവം വെടിഞ്ഞ് പ്രത്യാശാഭരിതമായൊരു ഭാവിയെക്കുറിച്ച് ശാസ്ത്രീയമായ രൂപരേഖ മുന്നോട്ടുവയ്ക്കുന്നു എന്നിടത്താണ് പ്രസക്തമാവുന്നത്.
റോമാസാമ്രാജ്യത്തിന്‍റെയും ഹേറോദിയന്‍ രാജഭരണത്തിന്‍റെയും യഹൂദ പൗരോഹിത്യത്തിന്‍റെയും അടിമകളായി ഇരുളില്‍ വഴിയറിയാതെ ഉഴറിയ പലസ്തീന്‍ ജനതയെ വഴിയും സത്യവും ജീവനും നിങ്ങള്‍ തന്നെ എന്നു പഠിപ്പിച്ച യേശുവിനെ ഭരണവും പൗരോഹിത്യവും ഭീഷണിയായി കണ്ടു. പ്രപഞ്ചസൃഷ്ടാവും വിധിയാളനുമായ ദൈവവും പ്രജകളും വിധിക്കപ്പെടേണ്ടവരുമായ മനുഷ്യരും എന്ന ദ്വന്ദ്വം സൃഷ്ടിച്ച് മനുഷ്യനും ദൈവത്തിനുമിടയിലെ മധ്യസ്ഥരും ദൈവജ്ഞാനത്തിന്‍റെ കുത്തകാവകാശികളുമായി സ്വയം പ്രതിഷ്ഠിച്ച പൗരോഹിത്യം ദൈവരാജ്യം നിങ്ങളില്‍തന്നെ എന്ന് യേശുവിന്‍റെ അദ്വൈതത്തില്‍ പുരോഹിതവംശത്തിന്‍റെ അന്ത്യം ഭയന്ന് ഭരണകൂടവുമായി ഗൂഢാലോചന നടത്തി യേശുവിനെ കുരിശില്‍ തൂക്കിക്കൊന്നു. ഹെബ്രായ ദ്വൈത ദൈവശാസ്ത്ര പാണ്ഡിത്യം യേശുവിന്‍റെ അദ്വൈതത്തെ മനസിലാക്കുന്നതില്‍ വിലങ്ങുതടിയായ പൗലോസ് മനുഷ്യവിധിയാല്‍ നടപ്പായ യേശുവിന്‍റെ കുരിശുമരണത്തെ പാപിയായ മനുഷ്യന്‍റെ രക്ഷക്കായി ദൈവപുത്രനായ ക്രിസ്തു (അഭിഷിക്തന്‍ -രക്ഷകന്‍) സ്വയം വാഗ്ദാനംചെയ്ത ബലിയായി വ്യാഖ്യാനിച്ചു. ദൈവപ്രീതിക്കായുള്ള ബലി എന്ന ഹെബ്രായ വേദശാസ്ത്രവും അടിമകളുടെ വീണ്ടെടുപ്പെന്ന ഗ്രീക്കോ, റോമന്‍ നിയമവും വികൃതമായി ചേര്‍ത്തുവച്ച് തയ്യാറാക്കിയ പൗലോസിന്‍റെ ക്രൈസ്തവ വേദശാസ്ത്രത്തില്‍ സ്നേഹഗുരുവായ യേശു, ആകാശങ്ങളിലെ ദൈവത്തിന്‍റെ പുത്രനും മുഖ്യപുരോഹിതനുമായ ക്രിസ്തു ആയി. കുരിശ് രക്ഷയുടെ അടയാളമായി. പൗരോഹിത്യം വീണ്ടെടുക്കപ്പെട്ടു. ക്രൈസ്തവസഭ പൗലോസിന്‍റെ ദൈവശാസ്ത്രമാകുന്ന പാറമേല്‍ അടിത്തറ പാകി.
റോമാസാമ്രാജ്യത്തിലേക്ക് ദത്തെടുക്കപ്പെട്ട ക്രൈസ്തവസഭയുടെ കുരിശ് കോണ്‍സ്റ്റന്‍റൈനാല്‍ സാമ്രാജ്യസഭയുടെ വിജയചിഹ്നമായി. ചക്രവര്‍ത്തിമാരുടെ രക്ഷാധികാരത്തില്‍ പാശ്ചാത്യ, പൗരസ്ത്യ, സാമ്രാജ്യസഭകള്‍ കുരിശിന്‍റെ സുവിശേഷത്തിന് അനുസൃതമായി സുവിശേഷങ്ങളെ പ്രാമാണികവും അപ്രമാണികവുമായി തരംതിരിച്ചു. വിശ്വാസപ്രമാണങ്ങള്‍ ചമച്ചു. യേശുവിന്‍റെ സന്ദേശം ബാക്കിനിന്ന സുവിശേഷങ്ങള്‍ വ്യാജങ്ങളായി.
ആദിപാപബോധം കൊണ്ട് അഗസ്റ്റിനും അരിസ്റ്റോട്ടിലിയന്‍ യുക്തിവിചാരംകൊണ്ട് അക്വിനാസും ക്രൈസ്തവ ദൈവശാസ്ത്രത്തെ സാമാന്യജനങ്ങള്‍ക്ക് അപ്രാപ്യവും പൗരോഹിത്യത്തിന്‍റെ അടിത്തറയുമാക്കി ഭദ്രമാക്കിയപ്പോള്‍ റോമാ സാമ്രാജ്യത്തിന്‍റെ പിന്‍ഗാമിയായി, യൂറോപ്പിന്‍റെ ജന്മിയായി, കുരിശുയുദ്ധ പ്രഭുവായി, മധ്യകാല മതാന്ധതയായി, കോളനിവാഴ്ചയുടെ രാസത്വരകമായി, മുതലാളിത്തത്തിന്‍റെ പതാകവാഹകരായി ക്രൈസ്തവസഭ ചരിത്രത്തെ സൃഷ്ടിക്കുകയും ചരിത്രത്തിന്‍റെ അധികാരിയാവുകയും ചെയ്തു. 2000 വര്‍ഷത്തെ ലോകചരിത്രത്തെ നിര്‍ണയിച്ച ക്രൈസ്തവ മതമൗലികരാഷ്ട്രീയവുമായി പ്രവാസത്തിലും ഇസ്രയേലിലും തിരഞ്ഞെടുക്കപ്പെട്ട ജനതയുടെ വംശമഹത്വം കാത്തുസൂക്ഷിക്കുന്ന, ലോകസമ്പദ്വ്യവസ്ഥയെ പിന്നണിയില്‍നിന്ന് നിയന്ത്രിക്കുന്ന യഹൂദ മതമൗലിക രാഷ്ട്രീയവും, ഗോത്രങ്ങളായി പിരിഞ്ഞ് പോരടിച്ച് സാമ്പത്തിക രാഷ്ട്രീയ ധാര്‍മിക അരാജകത്വത്തില്‍ അധഃപ്പതിച്ച അറബ്ജനതയെ ഒന്നിപ്പിച്ച് ശക്തിപ്പെടുത്തുക എന്ന രാഷ്ട്രീയവും മതപരവുമായ ലക്ഷ്യത്തോടെ മുഹമ്മദ് രൂപംകൊടുക്കുകയും അതുകൊണ്ടുതന്നെ രാഷ്ട്രീയ മതമായി വളരുകയും ചെയ്ത ഇസ്ലാമിക മതമൗലിക രാഷ്ട്രീയവും, ഉപനിഷദ് പാരമ്പര്യങ്ങളെ അവഗണിച്ച് പുരാണേതിഹാസങ്ങളുടെ അക്ഷരാര്‍ഥ യാന്ത്രിക വായനകളുടെ അടിത്തറയില്‍ സംഘടിത സെമറ്റിക് മതങ്ങളുടെ മാതൃകയില്‍ വിഭാവനം ചെയ്യപ്പെട്ട ഹൈന്ദവ മതമൗലിക രാഷ്ട്രീയവും മുഖാമുഖം നിലനില്‍ക്കുകയും സന്ദര്‍ഭാനുസൃതം സഖ്യം ചേര്‍ന്നും പോരടിച്ചും മനുഷ്യജീവിതത്തെ നാരകീയമാക്കുകയും ചെയ്യുന്ന ആഗോള ചരിത്രസന്ധിയില്‍ പ്രത്യാശയുടെ ഭാവിവിചാരത്തിന്‍റെ അടിത്തറയെന്ത് എന്ന് അമ്പരക്കുക സ്വാഭാവികം.
പല കാലങ്ങളില്‍ പല മാര്‍ഗങ്ങളില്‍ പല ഭാഷ്യങ്ങളില്‍ പ്രത്യക്ഷമായ സനാതന സത്യത്തെ, ഉപനിഷദ് പാരമ്പര്യം ബോധമെന്നും ലാവോസി പ്രപഞ്ചപ്രവാഹമെന്നും ബുദ്ധന്‍ സഹഅനുഭൂതി എന്നും കണ്‍ഫ്യൂഷ്യസ് ഏകത്വം എന്നും വിളിച്ച പ്രപഞ്ചപൊരുളിനെ ദൈവരാജ്യം എന്ന് സെമറ്റിക്ഭാഷയിലും സ്നേഹം എന്ന് സഹജഭാഷയിലും യേശു പരിചയപ്പെടുത്തിയപ്പോള്‍ പുറംതിരിഞ്ഞുനിന്ന ഹെബ്രായ വേദപാണ്ഡിത്യത്തെ മറികടന്ന് ശ്രീയേശുമറിയം സ്നേഹസമാജങ്ങളില്‍ പ്രായോഗികമാക്കപ്പെട്ട് സിദ്ധതോമയെയും മഗ്ദലനക്കാരി മറിയയെയും പോലുള്ള ശിഷ്യരിലൂടെ പകര്‍ന്ന് അദ്വൈതജ്ഞാനം മുന്നേ ഉറപൊട്ടിയ വിശാല ഭാരതമണ്ണില്‍ വേരൂന്നി. തക്ഷശിലയും മുസിരിസും അലക്സാണ്‍ഡ്രിയയും ഡമാസ്കസും അന്ത്യോക്യയും പോലെ പട്ട് കുരുമുളക് സുഗന്ധദ്രവ്യ പാതാസമുച്ചയത്തിലെ പട്ടണമായിരുന്ന കഫര്‍നാമിലും പരിസരങ്ങളിലുമായി പ്രചരിക്കപ്പെട്ട യേശുവിന്‍റെ സുവിശേഷത്തിന്‍റെ കാരുണ്യധാര തിടംവച്ച മലബാര്‍, കൊങ്കണ്‍ തീരമേഖലകളിലെ ശ്രീയേശുമറിയം സ്നേഹസമാജങ്ങള്‍ നാലാം നൂറ്റാണ്ടോടെ സിറിയന്‍-പേര്‍ഷ്യന്‍ സാമ്രാജ്യസഭയാലും പതിനാറാം നൂറ്റാണ്ടോടെ റോമന്‍ സാര്‍വത്രിക (കത്തോലിക്ക) സാമ്രാജ്യസഭയാലും വിഴുങ്ങപ്പെട്ടതോടെ യേശുവിയന്‍ അദ്വൈതം ചരിത്രത്തില്‍നിന്ന് പിന്‍വാങ്ങി.
പല ഘട്ടങ്ങളില്‍ ചരിത്രത്തില്‍ ഒറ്റപ്പെട്ട് പ്രത്യക്ഷപ്പെടുകയും പക്വമാകാത്ത പൊതുബോധത്തിനാല്‍ തിരസ്കരിക്കപ്പെട്ട് പിന്‍വാങ്ങുകയും ചെയ്തെങ്കിലും പ്രപഞ്ചസ്മരണയില്‍ (Universal Cloud Memory) സനാതനമായി നിലനില്‍ക്കുന്ന പരമകാരുണ്യത്തിന്‍റെ അദ്വൈത വെളിച്ചം പൊതുബോധത്തിലേക്ക് പരിണമിച്ച് പുതുയുഗമായി, ജ്ഞാനയുഗമായി പിറവികൊള്ളുന്നതാണ് ജോസ് ടി തോമസിന്‍റെ ധ്യാനമനസ്സ് ദര്‍ശിക്കുന്ന ഭാവി.
ഭയമൊഴിഞ്ഞ് സ്നേഹത്തില്‍ ഉയിര്‍ക്കുന്ന, സ്നേഹത്തില്‍ ഒന്നാകുന്ന, പാരുഷ്യമകന്ന് സഹാനുഭൂതിയില്‍ സ്ത്രൈണമാകുന്ന, അപരിചിതത്വങ്ങള്‍ അവസാനിച്ച് അപരപ്രിയം തന്‍പ്രിയമാകുന്ന, തന്നെപോലെ തന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുന്ന അയല്‍ക്കൂട്ടങ്ങളാകുന്ന, ശാന്തിയുടെ പതാകവാഹകരാകുന്ന പുതുതലമുറയുടെ പുതുയുഗം. അന്‍പ് മാത്രം പുലരുന്നതിനാല്‍ അന്‍പുടയോരുടെ ഭവനമായ ഭൂമി അന്‍പലം(അമ്പലം) ആകുന്ന പുതുയുഗം. സാമൂഹിക മൂലധനത്തിന്‍റെയും സാമൂഹിക ഉത്തരവാദിത്തത്തിന്‍റെയും സാമൂഹിക മാധ്യമങ്ങളുടെയും സാമൂഹിക ആശയവിനിമയത്തിന്‍റെയും സാമൂഹിക നെറ്റ്വര്‍ക്കിങ്ങിന്‍റെയും സ്ഥിതിസമത്വ പുതുലോകത്തിന്‍റെ പുതുയുഗം. സ്ഥിതിസമത്വ ജനാധിപത്യവും മതാതീത ആത്മീയതയും പുലരുന്ന പ്രകാശത്തിന്‍റെ പുതുയുഗം.
സിവില്‍ സമൂഹത്തില്‍നിന്ന് സൈബര്‍ സ്പേസില്‍ പരസ്പരബന്ധിതമായ മാനവ സമൂഹത്തിലേക്ക് വളരുന്ന ലോകസമൂഹം സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെ നെറ്റ്വര്‍ക്ക് കണ്‍വേര്‍ജന്‍സ് എന്ന മാധ്യമം വഴി നടത്തുന്ന അന്താരാഷ്ട്രീയ വിനിമയം എന്ന പുതുരാഷ്ട്രീയത്തിലൂടെ മതാതീതമായ ആധ്യാത്മികതയിലേക്ക് ഉയരുമ്പോള്‍ അതീതശക്തിയായ ആകാശങ്ങളിലെ ദൈവത്തിന് പകരം അകലങ്ങളിലെ മനുഷ്യര്‍ പ്രതീത(Virtual) സാന്നിധ്യത്താല്‍ ദേവസാന്നിധ്യമായി അനുഭവപ്പെടുകയും ആകാശം ഭൂമിയെ തൊടുകയും ഭൂമിയിലെ മനുഷ്യരാകെ ദേവന്മാരാകുകയും ചെയ്യുന്ന സ്വര്‍ഗലോകമാണ് ഗ്രന്ഥകാരന്‍ വിഭാവനംചെയ്യുന്ന ലോകഭാവി.
അവിടേക്കുള്ള പ്രയാണത്തില്‍ ഒരുവശത്ത് അദ്വൈത ജ്ഞാനവും മറുവശത്ത് ശാസ്ത്രവുമാകും പുതുതലമുറയുടെ ഊന്നുവടികളെന്നും ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നു.ദ്രവ്യമെന്നും ഊര്‍ജമെന്നും പ്രപഞ്ചത്തെ രണ്ടായി കണ്ട ശാസ്ത്രം ദ്രവ്യത്തിന്‍റെ അടിസ്ഥാനം ഊര്‍ജ പൊതി(Quanta) കളാണെന്ന അദ്വൈതത്തിലേക്ക് ക്വാണ്ടം ഭൗതികത്തിലൂടെ ഉണരുകയും അവിടെ നിശ്ചിതത്വത്തിന്‍റെ യാഥാസ്ഥിതികത്വമല്ല സംഭാവ്യതകളുടെ അനന്ത സാധ്യതയിലേക്കുള്ള പുതുമയാര്‍ന്ന തുറവികളാണ് തുറന്നിരിക്കുന്നത് എന്ന് വിശദീകരിക്കുകയും ചെയ്യുമ്പോള്‍ അത് ഏകംസത് എന്ന അദ്വൈതസത്യത്തിലേക്ക് ഒരുപടി അടുക്കുന്നു. മണല്‍തരിയില്‍ മുതല്‍ മഹാഗോളങ്ങളില്‍ വരെയും അമീബയില്‍ മുതല്‍ ആധുനിക മനുഷ്യനില്‍വരെയും ചലനാല്‍മകമായും രചനാല്‍മകമായും നിറഞ്ഞുനില്‍ക്കുന്ന കരുണാല്‍മക സ്നേഹം എന്ന ഊര്‍ജം പ്രപഞ്ചസ്രഷ്ടാവായ ചൈതന്യംതന്നെ എന്നും അത് എല്ലാറ്റിനേയും ഒരേ സ്നേഹചരടാല്‍ ഒന്നിപ്പിക്കുന്നു എന്നുമുള്ള ഏകാത്മകബോധം ശാസ്ത്രത്തിന്‍റെ സംഭാവനയായി ലോകത്തിന്‍റെ പുതിയ സുവിശേഷമായി അവതരിക്കാനുള്ള കളമൊരുങ്ങുന്നതും കാണുന്നു ക്രാന്തദര്‍ശിയായ ഗ്രന്ഥകാരന്‍. ജനിതക ശാസ്ത്രത്തിന്‍റെ വളര്‍ച്ച, മനുഷ്യവംശം ആഫ്രിക്കയില്‍ ഉദയംചെയ്ത് ലോകമെങ്ങും പരക്കുകയായിരുന്നു എന്ന ചരിത്രസങ്കല്‍പത്തെ സാധൂകരിക്കുക വഴി വംശമഹത്വങ്ങളും വംശവിഭജനങ്ങളും അപ്രസക്തമാക്കി മനുഷ്യവംശം ഒരൊറ്റജാതി എന്ന അവബോധത്തെ ഉണര്‍ത്തുക മാത്രമല്ല ഓരോ ജീവകോശവും പൂര്‍ണതയുടെ ജനിതകമുദ്രയാല്‍ പൂര്‍ണമാണെന്നും പൂര്‍ണതയിലേക്ക് ഉണരാനുള്ള പ്രാപ്തി ഓരോ മനുഷ്യനിലുമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
പതിറ്റാണ്ടുകള്‍ നീണ്ട എഡിറ്റോറിയല്‍ ഗവേഷണത്തിലൂടെ പ്രപഞ്ച പരിണാമത്തേയും മനുഷ്യചരിത്രത്തെയും സൂക്ഷ്മമായും ധ്യാനാത്മകമായും അപഗ്രഥിക്കുകയും ഭാവിദര്‍ശനത്തിന് പ്രയുക്തവും ശാസ്ത്രീയവുമായൊരു കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുകയും വഴി പ്രത്യാശാഭരിതമായൊരു ഭാവിയെ വിളംബരം ചെയ്യുകയാണ് കുരിശും യുദ്ധവും സമാധാനവും എന്ന ഗ്രന്ഥത്തിലൂടെ ജോസ് ടി തോമസ്.
Featured Posts
bottom of page