top of page

രക്ഷാകരമായ ഇന്ന്

Aug 1, 2013

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Holy Cross

'ഇന്ന്' എന്ന പദത്തിന്‍റെ പ്രത്യേകതയെപ്പറ്റി വിശുദ്ധ ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നു. യേശുവിന്‍റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ ഇന്നിലാണ് നടക്കുന്നത്. ഓരോ നിമിഷവും നമ്മള്‍ ജാഗരൂകരായിരിക്കണം. റോമാകാര്‍ക്കുള്ള ലേഖനത്തിന്‍റെ 13-ാമദ്ധ്യായത്തില്‍ 11 മുതലുള്ള വാക്യങ്ങളില്‍ 'നിദ്രവിട്ട് ഇപ്പോള്‍ ഉണരുക' എന്നാണ് പൗലോസ് പറയുന്നത്. ഈ നിമിഷത്തില്‍ നാം തീരുമാനമെടുക്കണം. അടുത്തമാസത്തില്‍ പുതിയ വ്യക്തിയായി മാറാമെന്നു കരുതരുത്. പരിശുദ്ധാത്മാവ് നല്ല പ്രചോദനങ്ങള്‍ തരുന്ന നിമിഷത്തില്‍ നാം തീരുമാനമെടുക്കണം. നാളത്തേയ്ക്ക് നമ്മുടെ തീരുമാനങ്ങള്‍ നീട്ടിവെച്ചാല്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുകയില്ല. സകല ജനതകള്‍ക്കുമുള്ള രക്ഷയുടെ സദ്വാര്‍ത്ത ഇന്നാണ് ലഭിക്കുക (ലൂക്കാ 2/11). തിരുവെഴുത്തുകള്‍ നിറവേറുന്നത് ഇന്നാണ് (ലൂക്കാ. 4/21). സക്കേവൂസിന്‍റെ ഭവനത്തില്‍ യേശു എത്തുന്നതും അവന്‍റെ കുടുംബം രക്ഷ പ്രാപിക്കുന്നതും ഇന്നിലാണ് (ലൂക്കാ 19. 5-9). വലതുവശത്തെ കള്ളന്‍ പറുദീസാ കണ്ടെത്തിയതും ഇന്നിലാണ് (ലൂക്കാ 23/43). ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍ തന്നെയായ യേശുവിലാണ് നമ്മുടെ ആശ്രയം (ഹെബ്രായര്‍ 13/8). നിയമാവര്‍ത്തനം 27/9-10 വാക്യങ്ങളില്‍ പറയുന്നു: "ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന കല്പനകളും ചട്ടങ്ങളും പാലിക്കുക." സങ്കീര്‍ത്തനം 2/7 -ല്‍ പറയുന്നു, "ഇന്നു ഞാന്‍ നിനക്കു ജന്മം നല്‍കി." 1 രാജാക്കന്മാര്‍ 8/28 ല്‍ സോളമന്‍ തന്‍റെ പ്രാര്‍ത്ഥനകളും യാചനകളും "ഇന്നില്‍" ശ്രവിക്കുവാന്‍ കര്‍ത്താവിനോട് ആവശ്യപ്പെടുന്നു.


മനഃശാസ്ത്രജ്ഞന്മാര്‍ പറയുന്നത് ഇന്നില്‍ സ്നേഹിക്കുന്നവര്‍ക്കേ സന്തോഷവാന്മാരായിരിക്കുവാന്‍ കഴിയുകയുള്ളൂ എന്നാണ്. നാളെയെക്കുറിച്ചുള്ള അമിതമായ വ്യഗ്രത അരുത്. നാം പലപ്പോഴും നാളെയെക്കുറിച്ച് ആകുലപ്പെട്ട് ജീവിതം പാഴാക്കുന്നവരാണ്. ലൂക്കാ 12ല്‍ 22 മുതലുള്ള വാക്യങ്ങളില്‍ നാളെയെക്കുറിച്ച് ആകുലപ്പെട്ട് സമയം പാഴാക്കരുത് എന്ന് യേശു ഓര്‍മ്മിപ്പിക്കുന്നു. ഇന്നലെകളിലെ തകര്‍ച്ചകളെക്കുറിച്ചും നാളത്തെ പ്രാരാബ്ധങ്ങളെക്കുറിച്ചും ഓര്‍ത്ത് ജീവിതം പാഴാക്കിയാല്‍ എന്തു പ്രയോജനം? ഓരോ ദിവസത്തിനും അതിന്‍റേതായ പ്രശ്നങ്ങളുണ്ട്. അവയെ ക്രിസ്തുവിനോടു ചേര്‍ന്നുനിന്ന് നേരിടണം. അവിടെയാണ് ജീവിതത്തിന്‍റെ വിജയം. 'നാളെ നാളെ നീളെ നീളെ' എന്നുള്ളത് ഒരു സാര്‍വ്വ ലൗകിക സത്യമാണ്. ഇന്ത്യയില്‍ ജീവിക്കേണ്ടവര്‍ ഓസ്ട്രേലിയായെക്കുറിച്ച് 'മനക്കോട്ട കെട്ടി ജീവിതം പാഴാക്കരുത്.' ഇവിടുത്തെ സാഹചര്യത്തില്‍ ജീവിതത്തെ ചിട്ടപ്പെടുത്തുക. ഓരോ നിമിഷവും ദൈവസാന്നിദ്ധ്യമനുഭവിക്കുക. ദൈവത്തോടു ചേര്‍ന്നു നടക്കുക.


ഇന്നലത്തെ ദിവസം എന്നത് റദ്ദാക്കപ്പെട്ട ഒരു ചെക്കാണ്. 'നാളെ' എന്നു പറയുന്നത് 'ഒരു പ്രോമിസറി നോട്ടാണ്.' 'ഇന്ന്' എന്നു പറയുന്നത് രൊക്കം പണമാണ്. ഇന്നിന്‍റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റി അര്‍ത്ഥപൂര്‍ണ്ണമായി ജീവിക്കുക. പാഴാക്കുന്ന ഇന്നുകള്‍ നാളെ നമ്മെ വേദനിപ്പിക്കും. നല്ല 'ഇന്നുകള്‍' കാഴ്ചവെച്ചാല്‍ സുഖമുള്ള ഓര്‍മ്മകള്‍ നമുക്കുണ്ടാകും. ഖേദിക്കുന്ന ഭൂതകാല സ്മരണകള്‍ നാളെയുണ്ടാകാതിരിക്കണമെങ്കില്‍ ഇന്നു നന്നായി ജീവിക്കുക. ഒരു കിലുക്കന്‍ കയ്യില്‍ പിടിച്ചുകൊണ്ട് ഒരു കൊച്ചു കുഞ്ഞ് കരയുന്നു. അപ്പന്‍ അടുക്കല്‍ച്ചെന്നു ചോദിച്ചു: "നീ എന്തിനാണ് കരയുന്നത്? അവന്‍ പറഞ്ഞു, "എനിക്കു ഇന്നലെ കിലുക്കണം." ഈ കൊച്ചുകുഞ്ഞിനെപ്പോലെ ഒരിക്കലും നടക്കാത്ത കാര്യങ്ങളോര്‍ത്ത് ജീവിതം പാഴാക്കരുത്.


ഇന്നലെകളിലെ വീഴ്ചകളെ മറക്കുക. നടന്നു തീരാത്ത വഴികളിലെ അകലങ്ങളിലെ വളവുകളെ മറക്കുക. ഓരോ നിമിഷവും ദൈവം ഏല്പിക്കുന്ന ഉത്തരവാദിത്വങ്ങളോര്‍ത്ത് സന്തോഷമായി ജീവിക്കുക. ഓരോ ദിവസത്തിനും അതിന്‍റേതായ ആകുലതകള്‍ മതിയല്ലോ.

�ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

0

1

Featured Posts

Recent Posts

bottom of page