top of page

ഒരേ മുഖം

Dec 4, 2017

5 min read

അങ്കിത ജോഷി
angel protecting us

പണ്ടെങ്ങോ കേട്ട കഥയാണ് പക്ഷി. ഏകമകന്‍ അകാലത്തില്‍ മരിച്ചതിന്‍റെ ദുഃഖത്തില്‍ കരഞ്ഞു കലങ്ങിയ കണ്ണുമായി നിന്ന റീത്ത ആന്‍റിയെ നോക്കി അന്നമോള്‍ പറഞ്ഞു, "റീത്താന്‍റി ഈശോയ്ക്ക് നമുക്കെല്ലാം തരാന്‍ ഒരുപാട് കാവല്‍മാലാഖമാരെ വേണം. അതുകൊണ്ടാ ജിത്തുമോനെ, ഈശോ വേഗം വിളിച്ചത്." ആ കഥ ഇവിടെ അവസാനിക്കുകയാണ്. പക്ഷേ പറഞ്ഞവസാനിപ്പിച്ച വരികള്‍ക്ക് ഒരു എക്സ്ട്രാ ഫിറ്റിംഗ് ഇന്നത്തെ സാഹചര്യത്തില്‍ കൊടുത്താല്‍ നമുക്ക് ഇങ്ങനെ തുടര്‍ന്ന് വായിക്കാം. അദൃശ്യരായ കാവല്‍മാലാഖമാരുടെ സ്വരം കേള്‍ക്കാന്‍ പറ്റാത്തവിധം നമ്മുടെയൊക്കെ കര്‍ണ്ണങ്ങള്‍ ചെകിടിച്ചുപോയതിനാല്‍ കര്‍ത്താവ് പുതിയൊരു ഐഡിയാ കണ്ടെത്തി. അപരനുവേണ്ടി സ്നേഹവും കാരുണ്യവും സഹാനുഭൂതിയും എല്ലാം വറ്റിവരണ്ട ഈ ഭൂമിയിലേക്ക് കര്‍ത്താവ് തന്‍റെ സ്പെഷ്യല്‍ സ്ക്വാഡിനെ അയച്ചു. എന്നിട്ട് വരണ്ടതിനെയൊക്കെ ഊഷ്മളമാക്കാനുള്ള ആ യജ്ഞത്തിനു 'ഓപ്പറേഷന്‍ ലൗ ഹണ്ട്' (Operation Love hunt) എന്ന് പേരും നല്കി.

ആദിമനുഷ്യന്‍റെ പാപത്തില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ മനുഷ്യര്‍ക്കായി അവതാരം കൊണ്ട കര്‍ത്താവ് 'ഓപ്പറേഷന്‍ ലൗ ഹണ്ടിനും അതേ വഴിതന്നെയാണ് സ്വീകരിച്ചത്. തന്‍റെ സ്പെഷ്യല്‍ സ്ക്വാഡിലെ അംഗങ്ങളെയെല്ലാം മനുഷ്യരായി ഭൂമിയിലേക്ക് അയച്ചു. അത്തരം ചില ആളുകളുടെ കഥകളിലൂടെയാണ് നാമിപ്പോള്‍ കടന്നുപോകാന്‍ പോകുന്നത്. (ഭൂമിയിലെത്തിയ മാലാഖമാര്‍ക്ക് അവരുടെ മനുഷ്യജീവിതം ഏറെ പ്രധാനപ്പെട്ടതാണ്. സ്പെഷ്യല്‍സ്ക്വാഡ് തലവന്‍ കര്‍ത്താവുപോലും മുപ്പത് വര്‍ഷമാണ് രഹസ്യജീവിതം നയിച്ചത്. തങ്ങളുടെ തലവനെപോലെ ഭൂമിയിലെത്തിയ മാലാഖമാര്‍ക്കും തങ്ങളുടെ വ്യക്തിജീവിതം ഏറെ പ്രിയപ്പെട്ടതാകയാല്‍ ശരിയായ പേരുവിവരങ്ങള്‍ നല്കാന്‍ സാധിക്കുന്നതല്ല. അല്ലെങ്കില്‍ തന്നെ പേരിലും ആളിലുമല്ലല്ലോ കാര്യം).


പാഠം ഒന്ന് ഒരു സ്നേഹഗാഥ

നാല്പതുകളിലേക്കു കടന്നൊരു വീട്ടമ്മയാണ് കൊച്ചുറാണി. എറണാകുളത്തെ മാന്തുരുത്തിയില്‍ നിന്നും  തന്‍റെ ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ വിവാഹിതയായി എത്തിയതാണവര്‍. മധുവിധുവിന്‍റെ ഒരാഴ്ച പിന്നിട്ടപ്പോഴാണ് തന്‍റെ ഭര്‍തൃപിതാവ് അതീവ ഗുരുതരാവസ്ഥയിലുള്ള ഒരു കാന്‍സര്‍ രോഗിയാണെന്ന് അവര്‍ അറിയുന്നത്. ശരീരത്തിലെ വേദനകളെയെല്ലാം മറന്ന് സദാസമയവും ഉല്ലാസവാനായി നടക്കുന്ന അച്ഛനെ അന്നവള്‍ ഏറെ ബഹുമാനത്തോടെ നോക്കി. കാന്‍സര്‍ എന്ന കരിങ്കാലി ഞണ്ടിനെ ഒരു പോരാളിയുടെ ധീരതയോടെ നേരിടുന്ന അപ്പച്ചന്‍റെ ശുശ്രൂഷ എല്ലാം മരുമകള്‍ ഏറ്റെടുത്തു. അപ്പച്ചനുവേണ്ടി പച്ചിലകള്‍ ചേര്‍ത്ത മരുന്നുണ്ടാക്കുന്നതിനും അത് സമയാസമയങ്ങളില്‍ അപ്പച്ചനു നല്‍കുന്നതിനുമെല്ലാം അവള്‍ പ്രത്യേകം ശ്രദ്ധ വച്ചിരുന്നു. അപ്പച്ചനോടൊപ്പം ആയിരിക്കാനും കൊച്ചു കൊച്ചു വര്‍ത്തമാനങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും  അപ്പച്ചനെ സന്തോഷിപ്പിക്കാനുമെല്ലാം കൊച്ചുറാണി സമയം കണ്ടെത്തി. ശരിക്കും ആ ദിനങ്ങളിലാണ് മരുമകളില്‍ നിന്നും മകളിലേയ്ക്കുള്ള യാത്രയ്ക്ക് കൊച്ചുറാണി തുടക്കം കുറിച്ചത്. 

കൊച്ചുമകന്‍റെ പിറവിയുടെ  സമയമായപ്പോഴേയ്ക്കും അപ്പച്ചന്‍ കിടപ്പിലായിരുന്നു. അരയ്ക്ക് താഴേക്ക് തളര്‍ന്നുപോയ അപ്പച്ചന്‍റെ അരുകില്‍ കുളിപ്പിച്ച്, പുതിയ ഉടുപ്പുമെല്ലാം അണിയിച്ച് കൊച്ചുമകനെകൊണ്ടുവന്ന് കിടത്തും കൊച്ചുറാണി. വല്യപ്പച്ചന്‍റെ കൈകള്‍ കൊണ്ട് തീര്‍ത്ത പുല്‍ക്കൂട്ടില്‍, അവര്‍ക്കു രണ്ടുപേര്‍ക്കു  മാത്രമറിയാവുന്ന രഹസ്യഭാഷയില്‍ സംസാരിച്ചും കളിച്ചും ചിരിച്ചും മദ്ധ്യാഹ്ന ഉറക്കത്തിലേക്ക് രണ്ടുപേരും വഴുതിവീഴും. ആഴ്ചകള്‍ നീണ്ട കിടപ്പിലൂടെ അപ്പച്ചന്‍റെ ദേഹമെല്ലാം പൊട്ടിയിരുന്നു. അതുകൂടാതെ കാന്‍സര്‍ രോഗത്തിന്‍റെ അവശതകളും. അപ്പച്ചന്‍റെ കൂടെ മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കിടത്തേണ്ട എന്ന ഭര്‍ത്താവിന്‍റെയും അമ്മയുടെയും നിര്‍ദ്ദേശത്തിനു കൊച്ചുറാണിയുടെ മറുപടി ഇതായിരുന്നു. കൊച്ചുമോനെ കൊഞ്ചിക്കാനും ലാളിക്കാനും മടിയില്‍ കിടത്തി ഓമനിക്കാനും അവന്‍റെ കൂടെ കളിക്കാനുമെല്ലാം അപ്പച്ചനും ആഗ്രഹമുണ്ടാകും. ഈ വൈകിയ വേളയില്‍ അദ്ദേഹത്തിന്‍റെ ആഗ്രഹങ്ങളും സന്തോഷങ്ങളും കണ്ടറിഞ്ഞ് സാധിച്ചുകൊടുക്കുക എന്നതുമാത്രമാണ് എനിക്കദ്ദേഹത്തിനുവേണ്ടി ചെയ്യാന്‍ സാധിക്കുന്നത്. പിന്നെ കുഞ്ഞിന് അസുഖം വരുമെന്നതിനെക്കുറിച്ച്... കര്‍ത്താവറിയാതെ എന്‍റെ കുഞ്ഞിനു ഒന്നും സംഭവിക്കുകയില്ല. പിന്നെ അപ്പച്ചന്‍റെ അനുഗ്രഹം എന്നും എന്‍റെ മോനുണ്ടാകും. സ്വന്തമായി തുണികള്‍ തുന്നുകയും ഭര്‍ത്താവിന്‍റെയും അമ്മയുടെയും മകന്‍റെയും കാര്യങ്ങള്‍ നോക്കി സ്വന്തം വീടിന്‍റെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിയുന്ന വേണ്ടത്ര ലോകപരിചയമോ, പറയത്തക്ക ഡിഗ്രികളോ ഒന്നുമില്ലാത്ത ഒരു സാധാരണ വീട്ടമ്മയില്‍ നിന്നും ദൈവത്തിന്‍റെ ഓപ്പറേഷന്‍ ലൗ ഹണ്ടിലേക്ക് കൊച്ചുറാണി തിരഞ്ഞെടുക്കപ്പെട്ടത് എങ്ങനെയാണെന്ന് ഈ ഒരു ഒറ്റ ഉത്തരത്തിലൂടെ നമുക്ക് മനസ്സിലായിട്ടുണ്ടാകും.

ആറുമാസക്കാലമാണ് ഡോക്ടര്‍മാര്‍ അപ്പച്ചനു വിധിച്ച ആയുസ്സ്. പക്ഷേ നാലുവര്‍ഷക്കാലത്തെ ദിനങ്ങള്‍ക്കൊടുവില്‍ അപ്പച്ചന്‍ ഈ ഭൂമിയോട് വിടപറയുമ്പോള്‍ നിറഞ്ഞ കണ്ണുകളോടെ, മനം നിറഞ്ഞ സന്തോഷത്തോടെ കൊച്ചുറാണിയുടെ ഇരുകരങ്ങളും കൂട്ടിച്ചേര്‍ത്തു പിടിച്ചു നിറുകയില്‍ കൈവച്ചനുഗ്രഹിച്ചതിനുശേഷമാണ് യാത്രയായത്.


ടോം & ജെറി

അടുത്തത് രണ്ട് സുഹൃത്തുക്കളുടെ കഥയാണ്. അവരെ നമുക്ക് ടോം & ജെറി എന്നു വിളിക്കാം. ശരീരത്തിനെ ബാധിക്കുന്നതു മാത്രമല്ല രോഗം. മനസ്സിന്‍റെ വിങ്ങലുകളും വേദനകളും ഒറ്റപ്പെടലുകളുമെല്ലാം ഒരു രോഗാവസ്ഥയ്ക്കു തുല്യമാണ്. കാര്‍ട്ടൂണിലെ പോലെതന്നെ നമ്മുടെ ടോമും ഒരു കൊച്ചുമടിയനാണ്. കൂട്ടത്തില്‍ ഒരല്പം ഉഴപ്പും. ഭയപ്പെടുത്തുന്ന ഓര്‍മ്മകളും ഒറ്റപ്പെടലും തിരസ്കരണങ്ങളുമെല്ലാം അവന്‍റെ ആത്മവിശ്വാസത്തെ പാടേ തകര്‍ത്തുകളഞ്ഞു. ധൂര്‍ത്തപുത്രന്‍റെ ഉപമയിലെ പോലെ അവന്‍റെ സമ്പത്ത് കാലത്ത് അവനോടൊപ്പം നില്‍ക്കാന്‍ ഒരുപാടുപേരുണ്ടായിരുന്നു. പക്ഷേ വഞ്ചിയുടെ ഒരറ്റം വെള്ളത്തിലാണ്ടു തുടങ്ങിപ്പോള്‍ സുഹൃത്തുക്കള്‍ ഒന്നൊന്നായി രംഗം ഒഴിഞ്ഞു. മുന്നോട്ടുവച്ച ഓരോ ചുവടും പരാജയത്തില്‍ അവസാനിച്ചപ്പോള്‍ സ്വന്തം വീട്ടുകാര്‍പോലും ടോമിനെ തള്ളിപ്പറഞ്ഞു. ഈ സമയത്താണ് നമ്മുടെ ജെറിയുടെ രംഗപ്രവേശനം. കാര്‍ട്ടൂണിലെ ജെറിയെപ്പോലെ നമ്മുടെ ജെറിയും ആളൊരു കേമനാണ്. ഒരുപാട് മുറിവേറ്റിട്ടുണ്ടെങ്കിലും സദാസമയവും പുഞ്ചിരിതൂകി ഹാപ്പി ആയിട്ട് നടക്കാനാണ് ആള്‍ക്കിഷ്ടം. ജെറി മൊത്തത്തിലൊരു പരോപകാരിയാണ്. എവിടെ അനീതി കണ്ടാലും പ്രതികരിക്കും. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറും. എത്ര കഷ്ടപ്പെട്ടിട്ടായാലും അവര്‍ക്ക് നീതി ലഭ്യമാക്കും.

ടോമിന്‍റെ ജീവിതത്തിലേക്ക് ജെറി എന്‍ട്രിയായ നാള്‍ തൊട്ട് ആരോഗ്യത്തിലും അനാരോഗ്യത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും സന്തോഷത്തിലും സന്താപത്തിലുമെല്ലാം ജെറി, ടോമിന്‍റെ കൂടെത്തന്നെ നിന്നു. പലപ്പോഴും ടോമിനുവേണ്ടി മറ്റുള്ളവരുടെ ശകാരങ്ങളും പരിഹാസങ്ങളും കുത്തുവാക്കുകളും ഏറ്റുവാങ്ങിയത് ജെറിയാണ്. തന്‍റെ സുഹൃത്തിനുവേണ്ടി ഏതറ്റംവരെ പോകാനും ഏതു ഗാഗുല്‍ത്താമല ചവിട്ടിക്കേറാനും ജെറി തയ്യാറായി. ടോമുമായുള്ള ചങ്ങാത്തം അവസാനിപ്പിക്കാന്‍ പലരും ജെറിയെ ഉപദേശിച്ചു. ചിലര്‍ അവരുടെ സുഹൃത്ത്ബന്ധത്തെ തെറ്റായി വ്യാഖ്യാനിച്ചു. സമൂഹത്തില്‍ കിംവദന്തികള്‍ പരത്തി. എന്നിട്ടും അവര്‍ ഒന്നിച്ചുതന്നെ നിന്നു. ആണ്‍-പെണ്‍ സൗഹൃദത്തിന്‍റെ ശരിയായ ഉദാഹരണം അവര്‍ തങ്ങളുടെ സൗഹൃദത്തിലൂടെ കാണിച്ചതന്നു. ടോം ഇന്നൊരു സക്സസ്ഫുള്‍ ബിസിനസ്സ്മാനാണ്. ജെറി വളരെ പ്രശസ്തയായ ഒരു സാമൂഹ്യപ്രവര്‍ത്തകയും. ഇന്നും അവരുടെ സൗഹൃദം 'കട്ടയ്ക്കു' തന്നെ നില്‍ക്കുന്നു. ടോമിന്‍റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും തിരിച്ചറിഞ്ഞ്, അവന്‍റെ കഴിവുകള്‍ കണ്ടെത്തി, അതിനെ പരിപോഷിപ്പിച്ച് അവന്‍റെ കഴിവുകളെ തന്നെ ഉപജീവനമാര്‍ഗമാക്കാനുള്ള ധൈര്യം ജെറി ടോമിനു നല്കി. 


എന്ന് നിന്‍റെ...

ഇതൊരു പ്രണയകഥയാണ്. മൊയ്തീന്‍റെയും കാഞ്ചനമാലയുടെയും പോലെതന്നെ ആഴമേറിയ ഒരു പ്രണയകഥ. നായകന്‍ സ്ഥലത്തെ ഒരു പ്രധാന പയ്യന്‍സാണ്. സുന്ദരന്‍, സുമുഖന്‍, സര്‍വ്വോപരി ഒരു അ.പു.കാ.കു. (അതിപുരാതന കത്തോലിക്കാ കുടുംബം) പ്രോഡക്ട്. അപ്പനും അമ്മയും വൈദ്യം പഠിക്കാനായി നായകനെ വിദേശത്തേയ്ക്ക് അയക്കുന്നു. അവിടെവച്ച് നായികയുടെ രംഗപ്രവേശം. ആദ്യകാഴ്ചയില്‍തന്നെ നായകനു തനിക്കു ചുറ്റും വയലിന്‍ വായിക്കുന്നതായും ചുററും പൂക്കള്‍ വിടരുന്നതായും നക്ഷത്രങ്ങള്‍ മിന്നിചിമ്മുന്നതായുമെല്ലാം തോന്നി. പിന്നെ ഒട്ടും താമസിച്ചില്ല. നായികയോട് ഇഷ്ടം തുറന്നു പറഞ്ഞു. അങ്ങനെ നാലുവര്‍ഷക്കാലത്തെ പ്രണയത്തിനൊടുവില്‍ നായകന്‍ പ്രണയകാര്യം വീട്ടില്‍ അവതരിപ്പിച്ചു. ചിത്തരോഗത്തിന്‍റെ വേരുകള്‍ പാരമ്പര്യമായിത്തന്നെ ആഴ്ന്നിറങ്ങിയ ഒരു കുടുംബമായിരുന്നു നായികയുടേത്. യുഷ്വല്‍, നായകന്‍റെ കുടുംബത്തില്‍നിന്നും അവരുടെ പ്രണയത്തിനെതിരെ കട്ട എതിര്‍പ്പ്. എന്നിരുന്നാലും സിനിമയില്‍ ഒക്കെ കാണുന്നതുപോലെ സംഭവബഹുമായ വാഗ്വാദങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമെല്ലാം ഒടുവില്‍ നായകന്‍ നായികയെ വിവാഹം ചെയ്തു. സന്തോഷകരമായ അവരുടെ ജീവിതത്തില്‍ ദൈവം അവര്‍ക്ക് മൂന്നു കുഞ്ഞുങ്ങളെ സമ്മാനിച്ചു. വിവാഹജീവിതത്തിന്‍റെ പത്താമത്തെ വര്‍ഷത്തില്‍ ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ്. 

ചിത്തരോഗത്തിന്‍റെ ലക്ഷണങ്ങള്‍ നായിക കാണിച്ചുതുടങ്ങി.  മറ്റുള്ളവര്‍ക്കു മുന്നില്‍ പ്രിയതമ അപഹാസ്യയായി തീരുന്നത് കാണാന്‍ നായകനും സാധിക്കുമായിരുന്നില്ല. വിദേശരാജ്യത്തെ ജോലിയെല്ലാം മതിയാക്കി അവര്‍ കേരളത്തിലെ അറിയപ്പെടാത്ത ഒരു ഗ്രാമത്തില്‍ വന്നു താമസമാരംഭിച്ചു. അവിടുത്തെ നാട്ടുകാര്‍ക്കുവേണ്ടി അദ്ദേഹം ഒരു കൊച്ച് ക്ലിനിക്ക് ആരംഭിച്ചു. ചിത്തഭ്രമത്തിന്‍റെ വേളകളില്‍ പലപ്പോഴും നായികയ്ക്കു നായകനെ തിരിച്ചറിയാന്‍ സാധിക്കാതെ വന്നിട്ടുണ്ട്. അക്രമാസക്തയായിട്ടുണ്ട്. പക്ഷേ അപ്പോഴെല്ലാം നിറഞ്ഞ പുഞ്ചിരിയോടെ നായികയെ തന്‍റെ ഹൃദയത്തിലേക്ക് ചേര്‍ത്തുനിര്‍ത്തുകയാണ് നായകന്‍ ചെയ്തത്. അവസാന നാളുകളില്‍ തീര്‍ത്തും ഒരു കിടപ്പുരോഗിയായി മാറിയ നായികയേയും, അവളുടെ അസുഖം ബാധിച്ച രണ്ടു സഹോദരങ്ങളെയും അവരുടെ അവസാന ശ്വാസംവരെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചു നമ്മുടെ നായകന്‍. 

ഇന്നും ക്രിസ്മസ് നാളില്‍ കത്തിച്ചുവെച്ച മെഴുകുതിരിക്കു മുന്നില്‍ നിന്നുകൊണ്ട് നമ്മുടെ നായകന്‍ പാടാറുണ്ട്,  പണ്ട് അവര്‍ ഒരുമിച്ചു പാടിയിരുന്ന പ്രേമഗാനം. അപ്പോഴെല്ലാം ആ മെഴുകുതിരി വെട്ടത്തില്‍ കണ്ണീര്‍ കുതിര്‍ന്ന ആ മുഖം ഒരു മാലാഖയുടേതുപോലെ ദീപ്തമാകാറുണ്ട്. സ്നേഹത്തിന്‍റെ അഗാധമായ ദീപ്തി. 


എറണാകുളം -വാഗമണ്‍ ഒരു ലിമിറ്റഡ് സ്റ്റോപ്പ്  യാത്ര

ഒരു വാഗമണ്‍ യാത്രക്കിടയിലാണ് അമ്മച്ചി  തന്‍റെ അനുഭവങ്ങളെക്കുറിച്ച് പങ്കുവച്ചത്. ലിമിറ്റഡ് സ്റ്റോപ്പ് ബസിന്‍റെ ജനാലയ്ക്കരുകിലിരുന്ന് ഞാനാ കഥകള്‍ കേള്‍ക്കുമ്പോള്‍ ഒരു തിരശ്ശീലയ്ക്കപ്പുറത്ത് ആ അനുഭവങ്ങളുടെ തിരനോട്ടം ഓടി മറയുന്ന കാഴ്ചകള്‍ക്കൊപ്പം എന്‍റെ മുമ്പില്‍ തെളിഞ്ഞുവന്നുകൊണ്ടേയിരുന്നു. അവയുടെ ചൂടും ചൂരും  എനിക്ക് ഇപ്പോഴും അനുഭവവേദ്യമാകുന്നു. 

ആ നാട്ടില്‍ എവിടെ കിടപ്പുരോഗികള്‍ ഉണ്ടെങ്കിലും അമ്മച്ചിയേയും കൂട്ടി അമ്മ യാത്രയാകും.  ആദ്യമായി രോഗിയെ കാണാന്‍ ചെല്ലുമ്പോഴും കുഞ്ഞിനെ കാണാന്‍ ചെല്ലുമ്പോഴും വെറും കൈയോടെ ചെല്ലാന്‍ പാടില്ല എന്ന പോളിസിയായിക്കണ്ട് അമ്മച്ചിയുടെ അമ്മ എന്തെങ്കിലുമൊരു ചെറു പലഹാരപൊതിയോടെ രോഗിയുടെ അരുകില്‍ എത്തുന്നു. അവര്‍ കുറച്ചധികം നേരം ആ രോഗിയുടെ അരികില്‍ ചെലവഴിക്കും. ഈ നേരമത്രയും അവരുടെ ഉള്ളംകൈക്കുള്ളില്‍ രോഗിയുടെ ഒരു കൈ ഉണ്ടായിരിക്കും. കിടപ്പ് രോഗിയെ ആണ് സന്ദര്‍ശിക്കാന്‍ പോകുന്നതെങ്കില്‍ തിരിച്ചിറങ്ങുമ്പോള്‍ അവര്‍ക്ക് തന്‍റെ അദ്ധ്വാനത്തിന്‍റെ ഓഹരി പണമായി നല്കാന്‍ മറക്കാറില്ല. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നു ചോദിച്ചപ്പോള്‍ അവര്‍ക്കിപ്പോള്‍ സമ്പാദ്യമൊന്നും ഉണ്ടാവില്ല. നമ്മള്‍ നമ്മുടെ  അദ്ധ്വാനത്തിന്‍റെ ഒരോഹരി അവര്‍ക്കു നല്‍കുമ്പോള്‍ അവരോടൊപ്പം നമ്മള്‍ ഉണ്ട് എന്നൊരു ധൈര്യം അവര്‍ക്കു വരും. 

കുഞ്ഞുനാള്‍ തൊട്ടേ ഇതെല്ലാം കണ്ടുവളര്‍ന്നതിനാലാവാം ചെറുപ്പം മുതലേ രോഗികളെ ശുശ്രൂഷിക്കുന്നതില്‍ എനിക്ക് സന്തോഷം മാത്രമേ ഉണ്ടായിട്ടുള്ളൂ. അമ്മ എപ്പോഴും പറയുമായിരുന്നു. അവശരായ രോഗികളുടെ അവസാന നാളുകളിലെ ആഗ്രഹങ്ങള്‍ നമ്മള്‍ നിറവേറ്റി കൊടുക്കണമെന്ന്. കാരണം അപ്പോള്‍ അവര്‍ ആവശ്യപ്പെടുന്നതെല്ലാം അവരുടെ ആത്മാവിന്‍റെ ആഗ്രഹങ്ങളാണ്. അവ നിറവേറ്റപ്പെടുമ്പോള്‍ അവര്‍ സന്തോഷത്തോടെ ഈ ലോകത്തോട് വിട പറയും. 

ഞാന്‍ സത്യമംഗലം കാടുകളിലെ ആദിവാസി സമൂഹത്തിന്‍റെ ഇടയില്‍ ജോലി ചെയ്യുമ്പോള്‍ എനിക്കൊരു കൊച്ചു കൂട്ടുകാരി ഉണ്ടായിരുന്നു, ഹസീന. എന്‍റെ സഹപ്രവര്‍ത്തകന്‍റെ മകളായിരുന്നു അവള്‍. ആദ്യപിറന്നാള്‍ ആഘോഷിക്കുന്നതിന്‍റെ മുമ്പേതന്നെ അവള്‍ക്ക് ബ്രെയിന്‍ കാന്‍സര്‍ ആണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഓപ്പറേഷനും ചികിത്സക്കുമെല്ലാമായി നല്ലൊരു തുക ചെലവായി. അവസാനം കിടപ്പാടംപോലും പണയപ്പെടുത്തി അവര്‍ മകളെ ചികിത്സിച്ചു. എന്നിട്ടും ഫലമൊന്നുമുണ്ടായില്ല. അവസാനം അവളുടെ അച്ഛന്‍ ഗള്‍ഫിലേക്ക് വിമാനം കയറി.

അവന്‍ യാത്ര തിരിക്കുന്നതിനുമുമ്പ് ഞാന്‍ അവനോടു ചോദിച്ചു. എത്ര ചികിത്സിച്ചാലും ഭേദമാകാത്ത അസുഖമാണ് ഹസീനയ്ക്ക് എന്ന യാഥാര്‍ത്ഥ്യം നീ മനസ്സിലാക്കണം. ഒരുനാള്‍ അവള്‍ പോകും. ആ നേരം നിനക്ക് പണമോ മകളോ വീടോ ഒന്നും ഉണ്ടാവില്ല. പിന്നെ എന്തിനാണ് നീ അവളുടെ ചികിത്സയ്ക്ക് പണമുണ്ടാക്കാന്‍ ഗള്‍ഫിലേക്കു പോകുന്നത്?

"അംബികാ, നീയായിരുന്നു എന്‍റെ സ്ഥാനത്തെങ്കില്‍ എന്തു ചെയ്യുമായിരുന്നു. കൈയില്‍ പണമില്ലെന്നു പറഞ്ഞ് നീ നിന്‍റെ മകള്‍ വേദനിച്ചു വേദനിച്ചു ഇല്ലാണ്ടാകുന്നത് നോക്കി നില്ക്കുമോ." വളരെ സിമ്പിള്‍ ആയൊരു ഉത്തരം. പക്ഷേ അതെന്നെ വല്ലാതെ ഉലച്ചുകളഞ്ഞു. അവന്‍ ഗള്‍ഫിലേക്ക് പോയി ഒന്നര വര്‍ഷത്തിനുള്ളില്‍ തന്‍റെ നാലാമത്തെ പിറന്നാളിനും മുമ്പ് ഹസീന ലോകത്തോട് വിട പറഞ്ഞു.. ഹസീനയുടെ ബാപ്പ അവളെ എന്നെ ഏല്‍പ്പിച്ചിട്ടാണ് പോയത്. എന്നെ ഉലച്ച ആ സിമ്പിളായ ഉത്തരത്തിനു മുന്നില്‍ എന്‍റെ പിഎഫില്‍ നിന്നും ലോണ്‍ എടുത്ത് അവള്‍ക്ക് ഭേദപ്പെട്ട ചികിത്സ നല്കാന്‍ എനിക്കു സാധിച്ചു. അന്നുമുതല്‍ ഒരുനാള്‍ അല്ലെങ്കില്‍ മറ്റൊരുനാള്‍ എന്‍റെ മുമ്പില്‍ വരുന്ന ഓരോ രോഗികളുടെ ദിനവും സന്തോഷപ്രദമാക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.

കഴിഞ്ഞ 5 വര്‍ഷമായി എന്‍റെ അപ്പനും അമ്മയും രോഗികളാണ്. അതില്‍ എന്‍റെ അമ്മ അഞ്ചുവര്‍ഷത്തോളം കിടപ്പുരോഗിയായിരുന്നു. കൂടാതെ അവര്‍ക്ക് ഓര്‍മ്മക്കുറവും ഉണ്ടായിരുന്നു. ഏറെ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിച്ചിരുന്ന സമയമാണ് അത്. അമ്മയുടെ അടുത്തുനിന്നും ഒരു നിമിഷനേരത്തക്കുപോലും മാറാന്‍ സാധിക്കുമായിരുന്നില്ല. ഇതിനിടയില്‍ അച്ഛന്‍റെ കാര്യങ്ങള്‍ നോക്കണം. ഭര്‍ത്താവിന് വേണ്ടത്ര പരിഗണന കൊടുക്കാന്‍ സാധിക്കുന്നില്ല. എന്തിന് അദ്ദേഹത്തിനോട് ഒന്നു സംസാരിക്കാന്‍ പോലും സമയം കിട്ടുന്നില്ല. ഞാന്‍ ഏറ്റെടുത്ത ചില പ്രോജക്ട് വര്‍ക്കുകള്‍ എനിക്ക് കാന്‍സല്‍ ചെയ്യേണ്ടിവന്നു. ഇതിനെല്ലാം പുറമേ അമ്മയ്ക്ക് ഞാന്‍ ആരാണെന്നുപോലും ഓര്‍മ്മയില്ല. കുഴപ്പിക്കുന്ന ഒരുപാട് ചോദ്യങ്ങള്‍ മനസ്സിലൂടെ കടന്നുപോയ സമയം. മറ്റുള്ളവര്‍ക്കു റോള്‍ മോഡല്‍ ആയിത്തീരേണ്ട ഒരുപാടുപേരെ പ്രചോദിപ്പിക്കാന്‍ സാധിക്കുന്ന കുട്ടികള്‍ക്കുള്ള ട്രെയിനിംഗ് ക്ലാസ് ആണ് ഞാന്‍ കാന്‍സല്‍ ചെയ്തിരിക്കുന്നത്. ഏതെങ്കിലുമൊരു സര്‍വ്വീസ് ഏജന്‍സിയെ വിളിച്ചാല്‍ എനിക്കൊരു ഹോംനേഴ്സിനെ കിട്ടും. അവര്‍ അമ്മയെ നോക്കിക്കോളും. പിന്നെ എന്തിനാണ് ഞാന്‍ എന്‍റെ സമയം നഷ്ടപ്പെടുത്തുന്നത്. ഈ ചോദ്യം എന്നെ അലട്ടിക്കൊണ്ടിരുന്നു. അവസാനം എന്‍റെയൊരു സുഹൃത്ത് എനിക്കതിനുള്ള ഉത്തരം തന്നു. അംബികാമ്മ ഈ ചെയ്യുന്നതെല്ലാം അമ്മയുടെ ചുറ്റുവട്ടത്തുള്ള ഒരുപാട് പേര്‍ ശ്രദ്ധിക്കുന്നുണ്ട്. അച്ഛനെയം അമമയേയും നോക്കാന്‍ ആളില്ലാതെ വരുമ്പോള്‍ വൃദ്ധസദനത്തിലേക്കു നട തള്ളുന്ന ഇന്നത്തെ തലമുറയ്ക്കു മുന്നില്‍ അംബികാമ്മ തന്‍റെ അച്ഛനെയും അമ്മയെയും ശുശ്രൂഷിക്കുന്ന രീതി, അതിനുവേണ്ടി സഹിക്കുന്ന വേദനകള്‍ എല്ലാം ഒരുപാടുപേരെ പ്രചോദിപ്പിക്കുന്നതാണ്, അതുകൊണ്ട് ഇതൊരിക്കലും ഒരു നഷ്ടമല്ല. പിന്നീടങ്ങോട്ടുള്ള എന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ശക്തി പകര്‍ന്ന വാക്കുകളായിരുന്നു അത്. 

എച്ച് ഐ വി  പോസിറ്റീവ് രോഗികള്‍ക്കിടയില്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  കര്‍ണാടകയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ സമൂഹം  എച്ച് ഐ വി  പോസിറ്റീവ് രോഗികളോട് തികഞ്ഞ അവജ്ഞയാണ് വെച്ചു പുലര്‍ത്തിയിരുന്നത്. അവര്‍ക്കു കഴിക്കാന്‍ സെപ്പറേറ്റ് പാത്രം, സ്പൂണ്‍, വെള്ളം കുടിക്കാന്‍ സെപ്പറേറ്റ് ഗ്ലാസ് എന്തിനേറെ അവയുടെ അടുത്ത് ആരും സംസാരിക്കുകകൂടി ഇല്ലായിരുന്നു. പക്ഷേ ഒരിക്കല്‍ ഞാന്‍ അവരോട് ഇത്തരത്തിലുള്ള വകഭേദങ്ങള്‍ കാണിച്ചില്ല. അവര്‍ കഴിച്ച പാത്രത്തില്‍ നിന്നുതന്നെ ഞാന്‍ കഴിച്ചു. അവര്‍ വെള്ളം കുടിച്ച ഗ്ലാസില്‍തന്നെ ഞാന്‍ വെള്ളം കുടിച്ചു. മാസ്ക് ധരിക്കാതെ ഞാന്‍ അവരോടൊപ്പം നിന്നു സംസാരിച്ചു. എന്‍റെ ഈ പ്രവൃത്തികള്‍ കൊണ്ട് അവരുടെ കുടുംബങ്ങളില്‍ ഒരുപാട് മാറ്റം കൊണ്ടുവരാന്‍ എനിക്ക് സാധിച്ചു. അകറ്റി നിര്‍ത്തപ്പെടേണ്ടവന്‍ എന്ന ലേബലില്‍ നിന്നും നമ്മോടൊപ്പം നിറുത്തേണ്ടവര്‍ എന്ന ചിന്താഗതിയിലേക്ക് അവരെ കൊണ്ടുവരാന്‍ സാധിച്ചു. 

ഇന്നത്തെ സമൂഹത്തില്‍ ശരിയായ ഉദാഹരണങ്ങളുടെ വേദനിക്കുന്നവരെ കാണുമ്പോള്‍ മുഖം തിരിക്കുന്നതും മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്നതും. എന്‍റെയും നിന്‍റെയും ലോകത്തിനുള്ളില്‍ നമ്മളെല്ലാം ചുരുങ്ങിപ്പോയപ്പോള്‍ ഞാനും നീയും ഉള്‍പ്പെടുന്ന നമ്മുടെ ലോകത്തെക്കുറിച്ച് നമ്മള്‍ മറന്നുപോയി. അപരനെ ശുശ്രൂഷിക്കുമ്പോള്‍ ലഭിക്കുന്ന പരമാനന്ദത്തെക്കുറിച്ച്, അതൃപ്തിയെക്കുറിച്ച്, സന്തോഷത്തെക്കുറിച്ച്, പറഞ്ഞുകൊടുക്കാന്‍, കാണിച്ചുകൊടുക്കാന്‍ നമുക്കൊരുപാട് കാവല്‍ മാലാഖമാരെ ആവശ്യമുണ്ട്. ദൈവത്തിന്‍റെ ഓപ്പറേഷന്‍ ലൗ ഹണ്ടി (Operation Love hunt) ലേക്ക് കൊച്ചുറാണിയെയും ജേഴ്സിയെയും ഡോ. നായകനേയും അംബികാമ്മയെയും പോലെ സ്നേഹത്തിന്‍റെ ആനന്ദത്തിന്‍റെ കരുതലിന്‍റെ 'ഒരേ മുഖമുള്ള' ഒരു പാട് മാലാഖമാര്‍ നമുക്ക് ചുറ്റും ഉണ്ടാവട്ടെ.         

Featured Posts

Recent Posts

bottom of page