പുരോഹിതാ 10

"ഈ കുഞ്ഞിനുവേണ്ടിയാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്. കര്‍ത്താവ് എന്‍റെ പ്രാര്‍ത്ഥന കേട്ടു. ആകയാല്‍ ഞാന്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കുന്നു.ആജീവനാന്തം അവന്‍ കര്‍ത്താവിനുള്ളവനായിരിക്കും" (1 സാമു., 27-28)
ബൈബിള്‍ വരച്ചുകാട്ടുന്ന പുരോഹിത ചിത്രങ്ങള്‍ തേടിയുള്ള ഈ പ്രയാണത്തില്‍ നാം അടുത്തതായി കണ്ടുമുട്ടുന്നത് ഒരേ സമയം പുരോഹിതനും പ്രവാചകനും ന്യായാധിപനും സേനാധിപനും ആയ ഒരു മഹദ്വ്യക്തിത്വത്തെയാണ് - സാമുവേല്‍. ന്യായാധിപ ഭരണസംവിധാനം രാജഭരണത്തിനു വഴി മാറുന്ന നിര്‍ണ്ണായകമായ വഴിത്തിരിവിലാണ്. രാജാക്കന്മാരെ അഭിക്ഷേചിച്ചു വാഴിക്കുകയും സിംഹാസനത്തില്‍ നിന്നു പിടിച്ചിറക്കുകയും ചെയ്യുന്ന ഈ പുരോഹിതശ്രേഷ്ഠന്‍റെ സ്ഥാനം. ബൈബിളിലെ രണ്ടു പുസ്തകങ്ങള്‍ ആ പേരില്‍ അറിയപ്പെടുന്നു എന്നതു തന്നെ സാമുവേലിന്‍റെ പ്രാധാന്യത്തിനു തെളിവായി നില്ക്കുന്നു.
തങ്ങളുടെ പുരോഹിതദൗത്യത്തില്‍ ദയനീയമാം വിധം പരാജയപ്പെട്ട ഏലിയുടെയും പുത്രന്മാരുടെയും സ്ഥാനത്ത് ദൈവം ഉയര്‍ത്തിയ വിശ്വസ്തനും വിവേകിയും വിശുദ്ധനും ആയ പുരോഹിതനാണ് സാമുവേല്‍. ജനനത്തിനു മുമ്പു തന്നെ മാതാവിനാല്‍ കര്‍ത്താവിനു സമര്‍പ്പിതന്‍. ശൈശവം പിന്നിടുന്നതിനു മുമ്പേ കര്‍ത്തൃശുശ്രൂഷയില്‍ നിയുക്തന്‍. ദൈവത്തോടും അവിടുത്തെ പ്രമാണങ്ങളോടും പരിപൂര്‍ണ്ണ വിശ്വസ്തത പുലര്‍ത്തിയ കര്‍ത്തൃദാസന്‍. എല്ലാം തകര്‍ന്നടിയുന്നു എന്ന പ്രതീതി ജനിപ്പിച്ച സാഹചര്യത്തില്‍ ഒറ്റയ്ക്കു നിന്ന് ജനത്തിനു ധൈര്യം പകര്‍ന്നു നയിച്ച ധീരനായകന്‍. നേതൃത്വവും അധികാരവും, താന്‍തന്നെ അഭിക്ഷേകം ചെയ്ത രാജാവിനെ ഏല്പിച്ച് വഴിമാറുന്ന അവസാനത്തെ ന്യായാധിപന്‍. ഇപ്രകാരം ബഹുമുഖവ്യക്തിത്വത്തിന് ഉടമയായ സാമുവേലില്‍ പ്രകടമാകുന്ന പൗരോഹിത്യ ചിത്രമാണ് മുഖ്യമായും ഇവിടെ അപഗ്രഥിക്കാന്‍ ശ്രമിക്കുന്നത്.
ജനനം - സമര്‍പ്പണം
എഫ്രേം മലനാട്ടിലെ റാമാത്തായിം എന്ന നഗരത്തില്‍ വസിച്ചിരുന്ന സമ്പന്നനായ എല്‍ക്കാനയ്ക്ക് തന്‍റെ രണ്ടാമത്തെ ഭാര്യയായ ഹന്നായില്‍ ജനിച്ച ആദ്യപുത്രനാണ് സാമുവേല്‍. എഫ്രേം ഗോത്രപരിധിയില്‍ ഉള്ള സ്ഥലത്താണ് ജനിച്ചതെങ്കിലും എല്‍ക്കാനാ പുരോഹിതഗോത്രമായ ലേവി ഗോത്രത്തിലെ അംഗമായിരുന്നുവെന്ന് 1 ദിന 6, 28 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. മക്കളില്ലാത്തതിന്‍റെ പേരില്‍ സപത്നിയായ പെനീന്നായില്‍ നിന്ന് നിരന്തരം പരിഹാസവും അവഹേളനവും ഏറ്റുവാങ്ങേണ്ടിവന്ന ഹന്നാ ഷിലോയിലേക്കു നടത്തിയ ഒരു തീര്‍ത്ഥാടനത്തിന്‍റെ അവസരത്തില്‍ ഹൃദയം നൊന്തു പ ്രാര്ത്ഥിച്ചു; ദൈവതിരുമുമ്പില്‍ ഒരു നേര്‍ച്ചയും നേര്‍ന്നു.
"സൈന്യങ്ങളുടെ കര്‍ത്താവേ, ഈ ദാസിയുടെ സങ്കടം കണ്ട്, അങ്ങ് എന്നേ അനുസ്മരിക്കണമേ! എനിക്കൊരു പുത്രനെ നല്കിയാല്‍ അവന്‍റെ ജീവിതകാലം മുഴുവന്‍ അവനെ ഞാന്‍ അങ്ങേയ്ക്കു പ്രതിഷ്ഠിക്കും. അവന്‍റെ ശിരസ്സില്‍ ക്ഷൗരക്കത്തി സ്പര്‍ശിക്കുകയില്ല" (1 സാമു. 1, 11).
ഏറെ ശ്രദ്ധേയമാണ് ഹന്നായുടെ ഈ പ്രാര്‍ത്ഥനയും നേര്‍ച്ചയും. അവള്‍ ഒരു പുത്രനെ ചോദിക്കുന്നതു തനിക്കു വേണ്ടിയല്ല. പുത്രനിലൂടെ ലഭിക്കാവുന്ന എന്തെങ്കിലും സേവനമോ ലാഭമോ ഒന്നുമല്ല അവളുടെ ലക്ഷ്യം. ദൈവത്തിനു സമര്‍പ്പിക്കാന്‍ വേണ്ടിയാണ് അവള്‍ ഒരു പുത്രനെ ചോദിക്കുന്നത്. മക്കള്‍ ദൈവത്തിന്‍റെ ദാനമാണെന്നു ം അവരെ ദൈവത്തിനു വേണ്ടി, ദൈവഹിതാനുസാരംവളര്‍ത്തണം എന്നും വ്യംഗ്യമായി ഉദ്ബോധിപ്പിക്കുന്ന ഈ പ്രാര്‍ത്ഥന എന്നും പ്രസക്തമാണ്, പ്രത്യേകിച്ചും മക്കളെക്കുറിച്ചുള്ള ചിന്താഗതിയും അവരോടുള്ള മനോഭാവവും അപകടകരമാം വിധം മാറിക്കൊണ്ടിരിക്കുന്ന ഇന്ന്.
പുത്രനെക്കുറിച്ചു പറയുന്ന രണ്ടാമത്തെ കാര്യം അവന്‍റെ മുടി മുറിക്കില്ല എന്നതാണ്. "നാസീര്‍വ്രതം" എന്നറിയപ്പെടുന്ന ഒരു വ്രതത്തിന്‍റെ ഭാഗമാണിത്. സംഖ്യ 6, 1 -24 ല്‍ ഈ വ്രതത്തെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്നുണ്ട്. സാധാരണമായി വ്യക്തികള്‍ ഒരു നിശ്ചിത കാലയളവിലേക്ക്, തങ്ങള്‍ക്കു വേണ്ടിത്തന്നെ എടുക്കുന്ന ഒരു വ്രതമാണിത്. അപ്പ. 21, 23-26 ഉദാഹരണമായി കാണാന്‍ കഴിയും. മുടി മുറിക്കാതിരിക്കുക, ലഹരിവസ്തുക്കളും മറ്റു ചില ഭക്ഷണസാധനങ്ങളും വര്‍ജിക്കുക, അശുദ്ധമായ ഒന്നും സ്പര്‍ശിക്കാതിരിക്കുക എന്നിങ്ങനെ ചില നിയമങ്ങളും ഈ വ്രതത്തിന്‍റെ ഭാഗമാണ്. ഇവിടെ ജനിക്കാന്‍ പോകുന്ന ശിശുവിനെ അമ്മ ദൈവത്തിനു സമര്‍പ്പിക്കുന്ന ഒരു നേര്‍ച്ചയായി അവതരിപ്പിച്ചിരിക്കുന്നു. സാംസന്‍റെ ജനനത്തെ മുന്‍കൂട്ടി അറിയിക്കുമ്പോള്‍ മനോവായുടെ ഭാര്യയോടു ദൈവദൂതന്‍ പറഞ്ഞതിനു സമാനമാണിത്.
"നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍റെ തലയില്‍ ക്ഷൗരക്കത്തി തൊടരുത്. അവന്‍ ജനനം മുതല്‍ ദൈവത്തിനു നാസീര്‍ വ്രതക്കാരനായിരിക്കും" (ന്യായാ. 13, 15). ജനിക്കുന്നതിനു മുമ്പേ ദൈവശുശ്രൂയ്ക്കായി പ്രതിഷ്ഠിക്കപ്പെട്ടവനാണ് സാമുവേല്‍.
ദൈവം പ്രാര്‍ത്ഥന കേട്ടു. നിശ്ചിത സമയത്തു പുത്രന്‍ ജനിച്ചു. അവനു മാതാവു നല്കിയ പേര് പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. "ഞാന്‍ അവനെ കര്‍ത്താവിനോടു ചോദിച്ചു വാങ്ങിയതാണ് എന്നു പറഞ്ഞ് അവള്‍ അവനു സാമുവേല്‍ എന്നു പേരിട്ടു." (1 സാമു. 1, 20). ഇവിടെ സാമുവേല്‍ എന്ന പേരിന്‍റെ ഉല്‍പത്തി തന്നെ പ്രസക്തമാകുന്നു. പേര് എന്നര്‍ത്ഥമുള്ള "ഷേം", ദൈവം എന്നര്‍ത്ഥമുള്ള "ഏല്‍" എന്നീ രണ്ടു വാക്കുകള്‍ "ന്‍റ" എന്നര്‍ത്ഥമുള്ള സംബന്ധികാ വിഭക്തി പ്രത്യയമായ "ഉ" എന്ന സ്വരാക്ഷരം കൂട്ടിച്ചേര്‍ന്നതാണ് "ഷ്മു ഏല്‍" എന്ന ഹീബ്രുനാമം. അതിന്‍റെ ഗ്രീക്കു രൂപമാണ് "സാമുവേല്‍". ഇതില്‍ നിന്നാണ് മറ്റു ഭാഷകളിലേക്കും "സാമുവേല്‍" കടന്നുവന്നത്. "അവന്‍റെ പേര് ദൈവം" എന്നര്‍ത്ഥം. ദൈവത്തിനു പൂര്‍ണ്ണമായി സമര്‍പ്പിക്കപ്പെട്ട ഒരു വ്യക്തി എന്ന നിലയിലാവും ഹന്നാ തന്‍റെ കുഞ്ഞിന് ഈ പേരു നല്കിയത്.
പേരിന്‍റെ ഉത്ഭവത്തിനും അര്‍ത്ഥത്തിനും പൊതുവേ നല്കപ്പെടുന്നത് ഈ വ്യാഖ്യാനമാണെങ്കിലും മറ്റൊരു വ്യാഖ്യാന സാധ്യത കൂടി ഉണ്ടെന്നതു ശ്രദ്ധിക്കണം. "കര്‍ത്താവിനോടു ഞാന്‍ ചോദിച്ചു വാങ്ങി" എന്ന് അമ്മ പറയുമ്പോള്‍ ഈ ശിശു പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരമാണെന്നു വ്യക്തമാകുന്നു. ഈ അര്‍ത്ഥം സൂചിപ്പിക്കുന്നതാണ് രണ്ടാമത്തെ വ്യാഖ്യാനം. "കേള്‍ക്കുക" എന്നര്‍ത്ഥമുള്ള "ഷ്മാ" എന്ന വാക്കിനോട് "ഏല്‍" എന്ന വാക്കു കൂടി കൂട്ടിച്ചേര്‍ത്തതാവാം "ഷ്മുഏല്‍". "ദൈവം കേട്ട" എന്നര്‍ത്ഥം. പേരു നല്കുന്ന സാഹചര്യം പരിഗണിക്കുമ്പോള്‍ ഈ വ്യാഖ്യാനം കൂടുതല്‍ സ്വീകാര്യമായി തോന്നാം. വ്യാഖ്യാനം ഏതു സ്വീകരിച്ചാലും ജനിക്കുന്നതിനു മുമ്പേ ദൈവത്തിനു സമര്‍പ്പിതനും, ജീവിതകാലം മുഴുവന്‍ ദൈവത്തിന്‍റേതായി ജീവിച്ച നാസീര്‍ വ്രതസ്ഥനും ആയിരുന്നു സാമുവേല്‍.
ഹന്നാ വാഗ്ദാനം നിറവേറ്റി. കുഞ്ഞിന്‍റെ മുലകുടി മാറിയപ്പോള്‍ വളരെ ആഘോഷമായി അവനെ ദൈവത്തിനു സമര്‍പ്പിച്ചു. മൂന്നു വയസ്സുള്ള ഒരു കാളക്കുട്ടി, ഒരു ഏഫാ (45 ലിറ്റര്‍) മാവ്, ഒരു കുടം വീഞ്ഞ് എന്നിവയോടു കൂടെയാണ് അവള്‍ ബാലനെ ദേവാലയത്തില്‍ കൊണ്ടുവന്നു കാഴ്ച വച്ചത് (1സാമു. 1, 24). താന്‍ മദ്യപിച്ചു ലക്കുകെട്ട് പുലമ്പുകയാണെന്നു തെറ്റിദ്ധരിച്ചു ശകാരിച്ച പുരോഹിതന്‍റെ മുമ്പില്‍ത്തന്നെ അവള്‍ തന്‍റെ ആദ്യജാതനെ സമര്‍പ്പിച്ചു. "ഈ കുഞ്ഞിനുവേണ്ടിയാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്; എന്‍റെ പ്രാര്‍ത്ഥന കര്‍ത്താവു കേട്ടു. ആകയാല്‍ ഞാന്‍ അവനെ കര്‍ത്താവിനു സമര്‍പ്പിച്ചിരിക്കുന്നു. ആജീവനാന്തം അവന്‍ കര്‍ത്താവിനുള്ളതായിരിക്കും" (1സാമു. 1, 27-28). പുരോഹിതന്‍ ഏലി ബാലനെ സ്വീകരിച്ചു.
തന്‍റെ അവാച്യമായ സന്തോഷവും നന്ദിയും അതിമനോഹരമായ കീര്‍ത്തനത്തിലൂടെ (1സാമു. 2, 1-10) പ്രകടമാക്കിയതിനു ശേഷമാണ് അവള്‍ തിരിച്ചുപോയത്. സമൂഹം അവഗണിച്ചു വേലിക്കു പുറത്താക്കിയ ദരിദ്രരെയും അഗതികളെയും പ്രത്യേകം തിരഞ്ഞെടുത്തു സംരക്ഷിക്കുന്ന ദൈവത്തിന്‍റെ രക്ഷാകര സ്നേഹവും പ്രവര്‍ത്തനവും പ്രകീര്‍ത്തിക്കുന്ന ഹന്നായുടെ കീര്‍ത്തനം ഏറെ ശ്രദ്ധേയമാണ്. രക്ഷകസാന്നിധ്യം തിരിച്ചറിഞ്ഞു പുകഴ്ത്തിയ എലിസബത്തിന്‍റെ സന്തോഷ പ്രകടനത്തിനു പിന്നാലെ രക്ഷകന്‍റെ മാതാവായ മറിയം പാടിയ സ്തോത്രഗീതത്തില്‍ (ലൂക്കാ 1, 46-55) ഹന്നായുടെ കീര്‍ത്തനത്തിന്‍റെ പ്രതിധ്വനി കേള്‍ക്കാം.
വന്ധ്യയായിരുന്ന ഹന്നായ്ക്കു ദൈവകൃപയാല്‍ ലഭിച്ച പുത്രന്‍ കന ്യകയില് നിന്നു ജനിക്കാനിരുന്ന ദൈവപുത്രന്‍റെ മുന്നോടിയും പ്രതീകവും ആയിരുന്നു.
മാതൃകാമാതൃത്വത്തിന്‍റെ അതിമനോഹരമായ ഒരു ചിത്രം ഹന്നായില്‍ തെളിയുന്നു. ദൈവത്തോടു ചോദിച്ചു വാങ്ങിയ മകനെ ദൈവത്തിനു വേണ്ടി വളര്‍ത്തി; സമയമായപ്പോള്‍ ദൈവത്തിനു സമര്‍പ്പിച്ചു. മകനെ നഷ്ടപ്പെടുന്നതിലുള്ള ദുഃഖമല്ല, ദൈവത്തിന് അമൂല്യമായൊരു കാഴ്ച സമര്‍പ്പിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷമാണ് ഹന്നായുടെ കീര്‍ത്തനത്തില്‍ പ്രതിധ്വനിക്കുന്നത്. മക്കള്‍ ദൈവത്തിന്‍റേതാണ്, അവരെ പരിപാലിച്ചു വളര്‍ത്താനായി ദൈവം തന്നെ ഏല്പിച്ചരിക്കുന്നു എന്ന അവബോധം പ്രതിഫലിപ്പിക്കുന്ന ഹന്നായുടെ പ്രവൃത്തിയും കീര്‍ത്തനവും എന്നും അനുകരണാര്‍ഹമായ ഒരു മാതൃകയായി നിലകൊള്ളുന്നു.
പുരോഹിത ശുശ്രൂഷ
"ബാലനായ സാമുവേല്‍ പുരോഹിതനായ ഏലിയുടെ സാന്നിധ്യത്തില്‍ കര്‍ത്താവിനു ശുശ്രൂഷ ചെയ്തു പോന്നു" (1സാമു. 2, 11).
സാമുവേലിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിവരിക്കുമ്പോള്‍ ബൈബിള്‍ ആദ്യമേ എടുത്തുകാട്ടുന്നതാണ് കര്‍ത്താവിനു ചെയ്യുന്ന ശുശ്രൂഷ. എന്തായിരുന്നു ആ ശുശ്രൂഷ എന്നു വ്യക്തമാക്കുന്നില്ലെങ്കിലും രണ്ടു കാര്യങ്ങള്‍ എടുത്തു പറയുന്നുണ്ട്.
1. പുരോഹിതനായ ഏലിയുടെ സാന്നിധ്യത് തിലായിരുന്നു ആ ശുശ്രൂഷ.
2. കര്‍ത്താവിന്‍റെ സന്നിധിയിലായിരുന്നു ശുശ്രൂഷ ചെയ്തിരുന്നത്. ഇക്കാര്യം വീണ്ടും രണ്ടു തവണ ആവര്‍ത്തിച്ചു പറയുന്നതിലൂടെ (2സാമു. 2, 18-21) ബാല്യം മുതല്‍ സാമുവേല്‍ കര്‍ത്താവിനു പുരോഹിതശുശ്രൂഷ ചെയ്തുകൊണ്ടാണ് വളര്‍ന്നുവന്നത് എന്നതിന് ഊന്നല്‍ നല്‍കുന്നു.
സാമുവേല്‍ ബാല്യം മുതല്‍ ധരിച്ചിരുന്ന ചണനൂല്‍ കൊണ്ടുള്ള വിശിഷ്ടവസ്ത്രം (1സാമു. 2, 18) പുരോഹിതവസ്ത്രത്തെ അനുസ്മരിപ്പിക്കുന്നു (പുറ. 39, 27). മകനെ കര്‍ത്തൃശുശ്രൂഷയ്ക്കായി സമര്‍പ്പിച്ച അമ്മ തന്നെയാണ് അവന് ആണ്ടുതോറും ഈ പുരോഹിതവസ്ത്രം നെയ്തു കൊടുത്തിരുന്നത് (1സാമു. 2, 19). പുരോഹിതനായ ഏലിയുടെ ഭവനത്തില്‍, അവന്‍റെ ഒരു മകനെപ്പോലെ സാമുവേല്‍ വളര്ന് നു; ഏലിയുടെ മരണത്തിനു ശേഷം ഇസ്രായേലിലെ ഏക പുരോഹിതനായി തുടര്‍ന്നു.
പുരോഹിതന്‍റെ മുഖ്യ ധര്‍മ്മമായിരുന്നു ബലിയര്‍പ്പണം. എന്നാല്‍ അതിനോടൊപ്പം, ഒരു പക്ഷേ അതിനേക്കാള്‍ കൂടുതല്‍, പ്രാധാന്യമുള്ളതായിരുന്നു ജനത്തെ ദൈവഹിതം അറിയിക്കുന്നതും തിരുഹിതം അനുസരിച്ച് ജീവിക്കാന്‍ പഠിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നതും. ഇതുരണ്ടും സാമുവേല്‍ പൂര്‍ണ്ണ വിശ്വസ്തതയോടെ ചെയ്തിരുന്നു.
കെടാവിളക്കിനു കാവല്ക്കാരന്‍
"ദൈവത്തിന്‍റെ മുമ്പിലെ ദീപം അണഞ്ഞിരുന്നില്ല. സാമുവേല്‍ ദേവാലയത്തില്‍, പേടകം സ്ഥിതി ചെയ്യുന്നതിന് അരികേ, കിടക്കുകയായിരുന്നു" (1സാമു. 3, 3).
സീനായ് മലയില്‍ വച്ച് ദൈവം ഇസ്രായേല്‍ ജനത്തെ സ്വന്തം ജനമായി തിരഞ്ഞെടുത്ത്, അവരുമായി ഉടമ്പടി ചെയ്തതിന്‍റെ സ്മാരകമായിരുന്നു പേടകം. ഉടമ്പടിയുടെ പ്രമാണങ്ങള്‍ എഴുതിയ കല്പലകകള്‍ ഉള്ളടക്കം ചെയ്തിരുന്നതിനാല്‍ ഇതിനെ "ഉടമ്പടിയുടെ പേടകം" എന്നു വിളിക്കുന്നു. ദൈവികസാന്നിധ്യത്തിന്‍റെ അടയാളമായി ജനം കരുതിയിരുന്ന ഈ പേടകം അവരുടെ ജീവിതത്തിന്‍റെ കേന്ദ്രമായിരുന്നു. പേടകമാണ് അവരെ മരുഭൂമിയിലൂടെ വഴി നയിച്ചത്. യുദ്ധത്തില്‍ വിജയിപ്പിച്ചതും വാഗ്ദത്തഭൂമി സ്വന്തമായി നല്കിയതും പേടകത്തില്‍ വസിക്കുന്ന ദൈവമായിരുന്നു എന്ന് അവര്‍ വിശ്വസിച്ചു. സാമുവേലിന്‍റെ കാലത്ത് ഷീലോയിലായിരുന്നു പേടകം സൂക്ഷിച്ചിരുന്നത്. അതിനാല്‍ത്തന്നെ ഏറ്റം പ്രധാനപ്പെട്ട തീര്‍ത് ഥാടന കേന്ദ്രമായി ഷീലോ പരിഗണിക്കപ്പെട്ടു.
പേടകത്തെ ദൈവികസാന്നിധ്യത്തിന്‍റെ അടയാളവും ദൈവത്തിന്‍റെ വാസസ്ഥലവുമായാണ് തുടക്കത്തില്‍ കരുതിയിരുന്നതെങ്കിലും ക്രമേണ പേടകത്തിന്‍റെ അര്‍ത്ഥസങ്കല്പങ്ങളില്‍ കാതലായ മാറ്റം വന്നു. പേടകമോ അതിലുള്ള കല്പലകകളോ അല്ല, കല്പലകകളില്‍ ആലേഖനം ചെയ്തിരിക്കുന്ന ദൈവവചനമായ പ്രമാണങ്ങളാണ് പ്രധാനം എന്നതു മറന്നു; പ്രമാണങ്ങളിലൂടെ സന്നിഹിതമാകുന്ന ദൈവികസാന്നിധ്യം അനുഭവിക്കാന്‍ വചനം ശ്രവിക്കണം, പ്രമാണം അനുസരിക്കണം എന്ന കാര്യം അവഗണിക്കപ്പെട്ടു. ദൈവിക സംരക്ഷണം ഉറപ്പു വരുത്തുന്ന ഒരു ഉപകരണം മാത്രമായിത്തീര്‍ന്നു പേടകം ജനമനസുകളില്‍ - ഒരു വിഗ്രഹം!
പേടകത്തിലെ ദൈവികസാന്നിധ്യം അനുസ്മരിപ്പിക്കുന്നതായിരുന്നു അതിനു മുമ്പില്‍ നിരന്തരം ജ്വലിച്ചു നിന്ന വിളക്ക്. ആ വിളക്കു കെടാതെ സൂക്ഷിക്കുക പുരോഹിതന്‍റെ ഒരു മുഖ്യദൗത്യമായിരുന്നു. മിക്കവാറും എല്ലാ പുരാതന മതങ്ങളിലും കെടാവിളക്കിനു വലിയ പ്രാധാന്യം നല്കിയിരുന്നു, കത്തോലിക്കാ ദേവാലയങ്ങളില്‍ സക്രാരിക്കു മുമ്പില്‍ കത്തി നില്ക്കുന്ന കെടാവിളക്കു പോലെ. കെടാവിളക്കും പൗരോഹിത്യവും തമ്മിലുള്ള അഭേദ്യ ബന്ധത്തിന്‍റെ ഉത്തമോദാഹരണമാണ് റോമിലെ വെസ്താ ദേവതയുടെ പുരോഹിതമാര്‍ (Vestal virgins).
അഗ്നിയുടെയും അടുപ്പിന്‍റെയും അടുക്കളയുടെയും ഭക്ഷണത്തിന്‍റെയും മധ്യസ്ഥ ആയിരുന്നു റോമാക്കാര്‍ക്ക് വെസ്താ ദേവത. ആ ദേവതയുടെ ക്ഷേത്രത്തിലെ അഗ്നി കെടാതെ സൂക്ഷിക്കുക എന്ന ഏക ദൗത്യം ഏല്പിക്കപ്പട്ടവരാണ് വെസ്തായുടെ കന്യകമാര്‍. റോമാ സാമ്രാജ്യത്തിലെ ഏറ്റവും ഉന്ന തമായ ഒരു സ്ഥാനമാണ് അവര്‍ക്കു കല്പിച്ചിരുന്നത്. ക്ഷേത്രത്തിലെ തീ കെടാതെ കാക്കണം, തങ്ങളെത്തന്നെ കറ കൂടാതെ കന്യകമാരായി സൂക്ഷിക്കണം - ഇതായിരുന്നു, ഇതു മാത്രമായിരുന്നു അവരുടെ ദൗത്യം. ഇതില്‍ എന്തെങ്കിലും വീഴ്ച വരുത്തിയാല്‍ അവരെ ജീവനോടെ കുഴിച്ചുമൂടും. അത്ര പ്രധാനവും പവിത്രവുമായിരുന്നു റോമാക്കാര്‍ പുരോഹിതമാര്‍ക്കു നല്കിയിരുന്ന സ്ഥാനം. സമാനമായൊരു ചിത്രം കെടാവിളക്കിനു കാവല്‍ കിടക്കുന്ന സാമുവേലിലും കാണാന്‍ കഴിയും.
"ദൈവത്തിന്‍റെ മുമ്പിലെ ദീപം അണഞ്ഞിരുന്നില്ല" എന്നു പറയുന്ന സാഹചര്യം പ്രത്യേകശ്രദ്ധയര്‍ഹിക്കുന്നു. "ഏലിയുടെ സാന്നിധ്യത്തില്‍ ബാലനായ സാമുവേല്‍ കര്‍ത്താവിനു ശുശ്രൂഷ ചെയ്തു പോന്നു. അക്കാലത്ത് കര്‍ത്താവിന്‍റെ അരുളപ്പാട് ചുരുക്കമായേ ലഭിച്ചിരുന്നുള്ളു. ദര്‍ശനങ്ങള്‍ വിരളമായിരുന്നു. ഏലി ഒരു ദിവസം തന്‍റെ മുറിയില്‍ കിടക്കുകയായിരുന്നു. അവന് ഒന്നും കാണാന്‍ കഴിയാത്തവിധം കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു" (1സാമു. 3, 1-2). വിരളമാകുന്ന അരുളപ്പാട്, കാഴ്ച മങ്ങിയ പുരോഹിതന്‍. ദൈവസ്വരത്തിനു കാതോര്‍ക്കാനും ദൈവഹിതം അനുസരിച്ചു ജനത്തെ പഠിപ്പിക്കാനും നിയുക്തനായിരിക്കുന്ന പുരോഹിതന്‍ ചെന്നെത്തിയിരിക്കുന്ന ദുരവസ്ഥയുടെ ഒരു നേര്‍ചിത്രം ഇവിടെ കാണാം. ഇവിടെയാണ് പുരോഹിതബാലനായ സാമുവേലിന്‍റെ സവിശേഷത പ്രകടമാകുന്നത്.
ഉടമ്പടിയുടെ പേടകത്തിനടുത്താണ് അവന്‍റെ വാസം. അവന്‍റെ കണ്ണിനു കാഴ്ചയും കാതിനു കേള്‍വിയും ഉണ്ട്. തിരുസന്നിധിയിലെ വിളക്കു കെടാതെ അവന്‍ കാത്തുസൂക്ഷിക്കുന്നു. തുടര്‍ന്ന് ഏല്പിക്കപ്പെടാന്‍ പോകുന്ന വലിയൊരു ദൗത്യത്തിന്‍റെ പ്രതീകവും സൂചനയുമാണ് ഈ വിളക്കിനു കാവല്‍ - പേടകത്തില്‍ സൂക്ഷിച്ചിരിക്കുന്ന ദൈവവചനത്തിനു കാതോര്‍ക്കുന്ന പുരോഹിതബാലന്‍.
(തുടരും)