top of page
പുരോഹിതാ 11

"കര്‍ത്താവേ അരുളിച്ചെയ്താലും, അങ്ങയുടെ ദാസന്‍ ഇതാ ശ്രവിക്കുന്നു" (1സാമു. 3, 9).
ഉടമ്പടിയുടെ പേടകത്തിനടുത്ത് ഉറങ്ങിക്കിടന്ന സാമുവേല്‍ വിളി കേട്ടു ഞെട്ടിയുണര്‍ന്നു, പുരോഹിതന്‍ ഏലിയാണ് വിളിച്ചതെന്നു കരുതി ഓടിച്ചെന്നു. എന്നാല്‍ 'ഞാന്‍ വിളിച്ചില്ല, പോയിക്കിടന്നുറങ്ങുക' എന്നായിരുന്നു ഏലിയുടെ മറുപടി. ബാലനായ സാമുവേല്‍ ആദ്യമായാണ് ദൈവസ്വരം ശ്രവിക്കുന്നത്, അതും ഉറക്കത്തില്‍. അതു തിരിച്ചറിയാന്‍ കഴിയാത്തതു സ്വാഭാവികം. മൂന്നാം തവണ വിളി ആവര്‍ത്തിച്ചപ്പോള്‍ പുരോഹിതന്‍ ഏലി കരുതി, ഒരുപക്ഷേ വിളിക്കുന്നതു ദൈവമായിരിക്കും എന്ന്. കാഴ്ചയും കേള്‍വിയും മങ്ങിയെങ്കിലും പൂര്‍ണ്ണമായി നഷ്ടപ്പെട്ടിട്ടില്ല. ഏലിയുടെ പരാജയപ്പെട്ട പൗരോഹിത്യത്തിന്‍റെ തന്നെ ഒരു സൂചനയായി ഇതിനെ കാണാനാവും. ബാലനു നല്കുന്ന ഉപദേശമാണ് ഏറെ ശ്രദ്ധേയം. ദൈവസ്വരത്തിനു കാതോര്‍ക്കേണ്ടതും പ്രതികരിക്കേണ്ടതും എങ്ങനെയെന്നു വ്യക്തമായി പറഞ്ഞു കൊടുക്കുന്നു. സ്വന്തം മക്കളെ പുരോഹിതശുശ്രൂഷയില്‍ പരിശീലിപ്പിക്കാന്‍ പരാജയപ്പെട്ട ഏലി ഇപ്പോള്‍ ബാലനായ സാമുവേലിനു ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്നു.
ഏലിയുടെ നിര്‍ദ്ദേശം സാമുവേല്‍ അനുസരിച്ചു. ദൈവം വീണ്ടും വിളിച്ചപ്പോള്‍ മറുപടി പറഞ്ഞു: "അരുളിച്ചെയ്താലും. അങ്ങയുടെ ദാസന്‍ ഇതാ ശ്രവിക്കുന്നു" (1സാമു. 3, 10). സാമുവേലിന്‍റെ വ്യക്തിത്വവും ദൗത്യവും പൂര്‍ണ്ണമായും നിര്‍വ്വചിക്കുന്നതാണ് ഈ മറുപടി. ദൈവത്തിന്‍റെ ദാസനാണു താന്‍. സ്വന്തമായി ഒരു ജീവിതമോ പദ്ധതിയോ ഇല്ല. എല്ലാം ദൈവത്തിന്‍റേത്. ദൈവസ്വരത്തിനു നിരന്തരം കാതോര്‍ക്കുക, തിരുഹിതം അനുസരിക്കുക, അതു മാത്രമാണ് തന്‍റെ ജീവിതവും ലക്ഷ്യവും.
ജനിക്കുന്നതിനു മുമ്പേ ദൈവത്തിനു സമര്‍പ്പിക്കപ്പെട്ട സാമുവേല്‍ ഇപ്പോള്‍ പൂര്‍ണ്ണഹൃദയത്തോടെ ദൈവഹിതത്തിനു സ്വയം വിട്ടുകൊടുക്കുന്നു. ഞാന്‍ അങ്ങയുടെ ദാസനാണ്. തിരുഹിതമാണ് എന്‍റെ ലക്ഷ്യവും മാര്‍ഗ്ഗവും. കേള്‍ക്കുക, അനുസരിക്കുക, സാമുവേലിന്‍റെ ജീവിതത്തെ മുഴുവന്‍ നയിച്ച മനോഭാവമാണിത്. വിട്ടുവീഴ്ച ഇല്ലാത്ത അനുസരണം, എന്നും ഏവര്‍ക്കും അനുകരണീയമായ മാതൃക.
പ്രവാചകന്‍
"സാമുവേല്‍ വളര്‍ന്നുവന്നു. കര്‍ത്താവ് അവനോടുകൂടെ ഉണ്ടായിരുന്നു. അവന്‍റെ വാക്കുകളില്‍ ഒന്നും വ്യര്‍ത്ഥമാകാന്‍ അവിടുന്ന് ഇടവരുത്തിയില്ല. സാമുവേല്‍ കര്‍ത്താവിന്‍റെ പ്രവാചകനായിത്തീര്‍ന്നിരിക്കുന്നു എന്ന് ദാന്‍ മുതല്‍ ബേര്‍ഷെബാ വരെയുള്ള ഇസ്രായേല്‍ ജനം മുഴുവനും അറിഞ്ഞു" (1സാമു. 3, 19-20).
സാമുവേലിനു ബൈബിള്‍ നല്കുന്ന സുപ്രധാനമായ ഒരു വിശേഷണമാണ് ''പ്രവാചകന്‍". ദൈവത്തിന്‍റെ നാമത്തില്‍ സംസാരിക്കുക, ദൈവഹിതം ജനത്തെ അറിയിക്കുക - ഇതാണ് പ്രവാചകന്‍റെ മുഖ്യദൗത്യം. പ്രവാചകദൗത്യം ആരും സ്വന്തമായി ഏറ്റെടുക്കുന്നതല്ല, ദൈവം തനിക്ക് ഇഷ്ടമുള്ളവരെ വിളിക്കുന്നു, ദൗത്യം ഏല്പിക്കുന്നു. ഇപ്രകാരം ദൈവം വിളിച്ച്, തന്‍റെ വചനം നല്കി, ഇസ്രായേല്‍ ജനത്തിന്‍റെ അടുക്കലേക്ക് അയച്ച പ്രവാചകന്മാരില്‍ അഗ്രഗണ്യനാണ് സാമുവേല്‍.
പേടകത്തിനടുത്ത് കെടാവിളക്കിനു കാവല്‍ കിടന്നപ്പോള്‍ സാമുവേലിനെ വിളിച്ച ദൈവം വലിയൊരു വെളിപ്പെടുത്തല്‍ നല്കിയിരുന്നു. പൗരോഹിത്യ ശുശ്രൂഷയില്‍ വലിയ വീഴ്ച വരുത്തിയ ഏലിയുടെയും കുടുംബത്തിന്‍റെയും മേല്‍ പതിക്കാന്‍ പോകുന്ന ശിക്ഷയെക്കുറിച്ചുള്ള ആ മുന്നറിയിപ്പ് സാമുവേല്‍ ഏലിയെ വിശ്വസ്തതയോടെ അറിയിച്ചു. ഏലി അതു ദൈവവചനമായി തിരിച്ചറിഞ്ഞു, സ്വീകരിച്ചു (1സാമു. 3, 10-18). ഇവിടെ തുടങ്ങുന്നു സാമുവേലിന്‍റെ പ്രവാചകദൗത്യം.
"സാമുവേലിന്‍റെ വാക്ക് ഇസ്രായേല്‍ മുഴുവന്‍ ആദരിച്ചു" (1സാമു. 4, 1). ജനത്തിനു മുഴുവന്‍ ആദരണീയനായ ഒരു പ്രവാചകനായി സാമുവേല്‍ വളര്‍ന്നു. ജനം അവന്‍റെ സ്വരത്തിനു കാതോര്‍ത്തു. എന്നാല്‍ ഏലിയും മക്കളും സാമുവേലിനെ ശ്രദ്ധിച്ചതായി കാണുന്നില്ല. ദൈവഹിതം എന്തെന്ന്വേഷിക്കാതെ, ജനത്തിന്‍റെ അഭിപ്രായവും മക്കളുടെ തീരുമാനവും അനുസരിച്ച്, കര്‍ത്താവിന്‍റെ പേടകം പടക്കളത്തിലേക്കു കൊണ്ടുപോകാന്‍ വിട്ടുകൊടുത്ത വൃദ്ധപുരോഹിതന്‍ ഏലി പരാജയത്തിന്‍റെ പടുകുഴിയില്‍ തലകുത്തി വീണ്, കഴുത്തൊടിഞ്ഞു മരിച്ചു (1സാമു. 4, 6-18). പേടകം നഷ്ടപ്പെട്ടു. പുരോഹിതര്‍ പടക്കളത്തില്‍ മരിച്ചുവീണു. നയിക്കാന്‍ ആരുമില്ലാതെ അനാഥമായ ജനത്തെ തുടര്‍ന്നു ദൈവഹിതം അറിയിച്ചതും നയിച്ചതും സാമുവേല്‍ ആയിരുന്നു.
ഇസ്രായേലിലെ പ്രധാന നഗരങ്ങളെല്ലാം വീണ്ടും വീണ്ടും സന്ദര്‍ശിച്ച് സാമുവേല്‍ ജനത്തിനു മാര്‍ഗ്ഗനിര്‍ദ്ദേശം നല്കിയിരുന്നു (1സാമു. 7, 15-17). ദൈവഹിതം അറിയാന്‍ വേണ്ടി ജനം അവനെ സമീപിച്ചിരുന്നു. നഷ്ടപ്പെട്ട കഴുതകളെ തേടിയിറങ്ങിയ സാവൂള്‍ അവസാനം സാമുവേലിനെ സമീപിക്കുന്നത് ഒരുദാഹരണമാണ്. "പണ്ട് ഇസ്രായേലില്‍ ഒരുവന്‍ ദൈവഹിതം ആരായാന്‍ പോകുമ്പോള്‍ നമുക്കു ദീര്‍ഘദര്‍ശിയുടെ അടുത്തു പോകാം എന്നു പറഞ്ഞിരുന്നു. പ്രവാചകന്‍ അക്കാലത്ത് ദീര്‍ഘദര്‍ശി എന്നാണ് വിളിക്കപ്പെട്ടിരുന്നത്" (1സാമു. 9, 9). 'റോയേ' എന്നാണ് ഹീബ്രു മൂലം; 'കാണുന്നവന്‍' എന്നര്‍ത്ഥം. സാധാരണക്കാര്‍ക്കു കാണാന്‍ കഴിയാത്തതു കാണാന്‍ കഴിവുള്ള വ്യക്തിയാണ് ദീര്‍ഘദര്‍ശി, അഥവാ ക്രാന്തദര്‍ശി.
പ്രവാചകത്വത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാടിന് ഇസ്രായേലില്‍ സാവകാശം മാറ്റം വന്നു. എന്തെങ്കിലും ഭൗതിക കാര്യസാധ്യത്തിനു സഹായിക്കുന്ന, അജ്ഞാതരഹസ്യങ്ങള്‍ വെളിപ്പെടുത്തുകയും ഭാവി പറയുകയും ചെയ്യുന്ന, അസാധാരണ സിദ്ധിയുള്ളവര്‍ എന്നതില്‍ നിന്ന് തന്‍റെ തിരുഹിതം ജനത്തെ അറിയിക്കാന്‍ ദൈവം പ്രത്യേകം തിരഞ്ഞെടുത്ത് അയയ്ക്കുന്ന വ്യക്തികള്‍ എന്ന നിലയിലേക്ക് പ്രവാചകദര്‍ശനം രൂപാന്തരപ്പെട്ടു. ഈ പരിവര്‍ത്തനത്തിന്‍റെ തുടക്കത്തിലാണ് സാമുവേലിന്‍റെ സ്ഥാനം. കാണാതായ കഴുതകളെ തേടി വന്ന സാവൂളിനു സാമുവേല്‍ നല്കുന്ന മറുപടിയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും പ്രവാചകത്വത്തിന്‍റെ ഈ രണ്ടു മാനങ്ങള്‍ക്കും ഉദാഹരണമായി നില്ക്കുന്നു.
"കഴുതയെ കണ്ടെത്തിക്കഴിഞ്ഞു" (1സാമു. 9, 20). എന്നാല്‍ അതല്ല പ്രധാനം. വഴി തെറ്റിയ കഴുതയെപ്പോലെ നാഥനില്ലാതെ അലയുന്ന ഇസ്രായേല്‍ ജനത്തെ മുഴുവന്‍ നയിക്കാന്‍ രാജാവായി ദൈവം സാവൂളിനെ തിരഞ്ഞെടുത്തിരിക്കുന്നു. അക്കാര്യം സാവൂളിനെയും ജനത്തെയും സാമുവേല്‍ അറിയിച്ചു. മാത്രമല്ല, ദൈവനാമത്തില്‍ സാവൂളിനെ രാജാവായി അഭിഷേചിക്കുകയും ദൈവഹിതം വ്യക്തമായി എല്ലവരെയും അറിയിക്കുകയും ചെയ്തു. എന്നാല്‍ സാവകാശം രാജാവും പ്രവാചകനും തമ്മില്‍ അകന്നു. താന്‍ അറിയിച്ച ദൈവഹിതം പൂര്‍ണ്ണമായി അനുസരിക്കാത്തതിന്‍റെ പേരില്‍ രാജാവിനെ തള്ളിപ്പറയാനും മറ്റൊരാളെ രാജാവായി അഭിഷേകം ചെയ്യാനും സാമുവേല്‍ നിയുക്തനാകുന്നു. അതോടെ പ്രവാചകജീവിതം സംഘര്‍ഷഭരിതവും സംഘട്ടനാത്മകവുമായിത്തീരുന്നു. അങ്ങനെ ഏലിയായും ആമോസും, ഹോസായായും മിക്കായും ഏശയ്യായും ജറെമിയായും പോലുള്ള പ്രവാചകന്മാരുടെ നിരയില്‍ ആദ്യത്തെ ആളായി സാമുവേല്‍ നില ഉറപ്പിക്കുന്നു.
ദൈവസ്വരത്തിനു നിരന്തരം കാതോര്‍ക്കുക, മായം ചേര്‍ക്കാതെ ദൈവവചനം പ്രഘോഷിക്കുക, മുഖം നോക്കാതെ മാനസാന്തരത്തിന് ആഹ്വാനം ചെയ്യുക, വഴി മാറിയില്ലെങ്കില്‍ വരാന്‍ പോകുന്ന നാശത്തെക്കുറിച്ചു വ്യക്തമായ മുന്നറിയിപ്പു നല്കുക - ഇതെല്ലാം യഥാത്ഥ പ്രവാചകത്വത്തിന്‍റെ സവിശേഷതകളാണ്. രാജകോപത്തെ ഭയന്നു നിശ്ശബ്ദരാകാതെ, സ്വാര്‍ത്ഥലാഭത്തിനു വേണ്ടി കേള്‍വിക്കാര്‍ക്ക് ഇഷ്ടമുള്ളതു മാത്രം പറയാതെ, ദൈവത്തിന്‍റെ വചനം പ്രഘോഷിക്കുന്നവനാണ് പ്രവാചകന്‍. എന്നും പ്രസക്തമാണ് ഈ പ്രവാചകചിത്രം. അതിന്‍റെ ഉത്തമോദാഹരണമാണ് സാമുവേല്‍.
ന്യായാധിപന്‍
രക്ഷാചരിത്രത്തിലെ നിര്‍ണ്ണായകമായൊരു വഴിത്തിരിവിലാണ് സാമുവേല്‍ നില്‍ക്കുന്നത്. ജോഷ്വായുടെ നേതൃത്വത്തില്‍ വാഗ്ദത്തഭൂമിയില്‍ വാസമുറപ്പിച്ച ഇസ്രായേല്‍ ജനത്തെ ഏകദേശം രണ്ടു നൂറ്റാണ്ടു കാലം (ബി.സി. 1200-1020) നയിച്ച നേതാക്കന്മാര്‍ "ന്യായാധിപന്മാര്‍" എന്ന പേരില്‍ അറിയപ്പെടുന്നു. ഇപ്രകാരമുള്ള പന്ത്രണ്ടു ന്യായാധിപന്മാരുടെ ചരിത്രം വിവരിക്കുന്ന ഒരു പുസ്തകം തന്നെ ബൈബിളിലുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ശത്രക്കുളില്‍ നിന്നു സംരക്ഷണം നല്കാനായി ദൈവം അയക്കുന്ന നായകന്മാരായിരുന്നു ഈ 'ന്യായാധിപന്മാര്‍'. വാദപ്രതിവാദങ്ങള്‍ കേട്ട്, നീതിന്യായ കോടതിയില്‍ വിധി പ്രസ്താവിക്കുകയായിരുന്നില്ല, മറിച്ച്, ജനത്തിനു സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പു വരുത്തുകയായിരുന്നു അവരുടെ മുഖ്യദൗത്യം.
കാലക്രമത്തില്‍ ഈ സംവിധാനം അപര്യാപ്തമായി. നാള്‍ക്കുനാള്‍ ശക്തിയാര്‍ജ്ജിച്ചുവന്ന ശത്രുക്കളില്‍ നിന്നു സംരക്ഷണം ലഭിക്കാന്‍ വല്ലപ്പോഴും ഒരിക്കല്‍ ദൈവം അയക്കുന്ന ന്യായാധിപ നേതാക്കള്‍ പോരാ, ചുറ്റുപാടുമുള്ള ഇതര ജനതകള്‍ക്കെന്നതു പോലെ തങ്ങള്‍ക്കും ഒരു രാജാവുണ്ടാകണം എന്ന് ഇസ്രായേല്‍ ജനം ആഗ്രഹിച്ചു. അതിനായി സാമുവേലിനെ നിര്‍ബ്ബന്ധിച്ചു. ജനത്തിന്‍റെ നിര്‍ബ്ബന്ധത്തിനു വഴങ്ങിയും ദൈവഹിതം അനുസരിച്ചും സാമുവേല്‍ സാവൂളിനെ രാജാവായി അഭിഷേകം ചെയ്തു (1സാമു. 8-11). അതോടെ രാജഭരണം എന്ന ഒരു പുതിയ കാലഘട്ടം ഇസ്രായേല്‍ ചരിത്രത്തില്‍ ആരംഭിച്ചു. ഈ രണ്ടു കാലഘട്ടങ്ങള്‍ക്കും ഇടയിലാണ് സാമുവേല്‍ നില്ക്കുന്നത്, വെറും മൂകസാക്ഷി ആയല്ല, പഴയതിന്‍റെ അവസാനവും പുതിയതിന്‍റെ തുടക്കവും പ്രഖ്യാപിക്കുന്ന, ക്രിയാത്മകമായി യാഥാര്‍ത്ഥ്യമാക്കുന്ന നേതാവായി.
പുരോഹിതനായ ഏലിയുടെയും മക്കളുടെയും മരണത്തിനു ശേഷം ദീര്‍ഘനാള്‍ സാമുവേല്‍ ജനത്തിനു നേതൃത്വം നല്കി. "സാമുവേല്‍ തന്‍റെ ജീവിതകാലമത്രയും ഇസ്രായേലില്‍ നീതിപാലനം നടത്തി. ബഥേല്‍, ഗില്‍ഗാല്‍, മിസ്പാ എന്നീ സ്ഥലങ്ങള്‍ വര്‍ഷം തോറും സന്ദര്‍ശിച്ച് അവിടെയും അവന്‍ നീതിപാലനം നടത്തി" (1സാമു. 7, 15-16). ജനത്തിനു നീതി നടത്തിക്കൊടുക്കുന്ന ന്യായാധിപനായിരുന്നു സാമുവേല്‍. 'ന്യായാധിപന്‍' എന്ന വിശേഷണം ഇവിടെ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ സാമുവേലിനു നല്കപ്പെടുന്നു. റാമായില്‍ സ്ഥിരവാസമാക്കിയിരുന്നെങ്കിലും ദേശം മുഴുവന്‍ ചുറ്റിസഞ്ചരിച്ച് ജനത്തിനു ദിശാബോധം നല്കുകയും നീതി നിര്‍വ്വഹിക്കുകയും ചെയ്തിരുന്നു, ഒരേ സമയം പ്രവാചകനും പുരോഹിതനും ന്യായാധിപനുമായിരുന്ന സാമുവേല്‍.
മിസ്പായിലെ സമ്മേളനം
"സാമുവേല്‍ പറഞ്ഞു: ഇസ്രായേല്‍ മുഴുവന്‍ മിസ്പായില്‍ ഒരുമിച്ചുകൂടട്ടെ. ഞാന്‍ നിങ്ങള്‍ക്കുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാം" (1സാമു. 7, 5).
പുരോഹിതന്‍, പ്രവാചകന്‍, ന്യായാധിപന്‍ എന്നീ വിവിധ മേഖലകളിലുള്ള സാമുവേലിന്‍റെ പ്രവര്‍ത്തനങ്ങളുടെയെല്ലാം ഏറ്റവും വ്യക്തമായൊരു ഉദാഹരണം മിസ്പായിലെ സമ്മേളനത്തില്‍ കാണാം. നേതൃത്വമില്ലാതെ ചിതറിക്കഴിയുന്ന ഇസ്രായേല്‍ ജനം. ഒന്നിനൊന്നു കൂടുതലായി ശക്തിയാര്‍ജ്ജിച്ചു വരുന്ന ശത്രുക്കള്‍, പ്രത്യേകിച്ചും ഫിലിസ്ത്യര്‍. ഭയചകിതരും നിരാശരുമായ ഇസ്രായേല്‍ ജനത്തിന് ദൈവം സാമുവേലിലൂടെ ധീരമായ നേതൃത്വം നല്‍കി.
നിലവിളിക്കുന്ന ജനത്തിന് സാമുവേല്‍ ആദ്യം നല്കുന്ന നിര്‍ദേശം വിഗ്രഹങ്ങള്‍ ഉപേക്ഷിച്ച്, കര്‍ത്താവിലേക്കു മടങ്ങണം എന്നതാണ്. "നിങ്ങളെ പൂര്‍ണ്ണമായി കര്‍ത്താവിനു സമര്‍പ്പിക്കുവിന്‍. അവിടുത്തെ മാത്രം ആരാധിക്കുവിന്‍. അവിടുന്ന് നിങ്ങളെ രക്ഷിക്കും" (1സാമു. 7, 3). തങ്ങള്‍ നേരിടുന്ന സകല ദുരിതങ്ങളുടെയും കാരണം കര്‍ത്താവിനെ ഉപേക്ഷിച്ച് അന്യദൈവങ്ങളുടെ പിന്നാലെ പോയതാണെന്നു സാമുവേല്‍ അവരെ ബോധ്യപ്പെടുത്തി. ഇതുതന്നെയാണല്ലോ പ്രവാചകന്‍റെയും പുരോഹിതന്‍റെയും മുഖ്യദൗത്യം.
ഇസ്രായേല്‍ ജനം മിസ്പായില്‍ ഒരുമിച്ചു കൂടിയിരിക്കുന്നു എന്നറിഞ്ഞ ഫിലിസ്ത്യര്‍ അവരെ ആക്രമിക്കാന്‍ വന്നു. ജനം ഭയന്നു നിലവിളിച്ചു. ഇവിടെ സാമുവേലിന്‍റെ ബഹുമുഖ വ്യക്തിത്വം വീണ്ടും പ്രകടമാകുന്നു, പ്രത്യേകിച്ചും പുരോഹിതദൗത്യം. ജനത്തിന്‍റെ പ്രാര്‍ത്ഥനകള്‍ സാമുവേല്‍ ദൈവതിരുമുമ്പില്‍ അര്‍പ്പിച്ചു. "സാമുവേല്‍ മുലകുടി മാറാത്ത ഒരാട്ടിന്‍ കുട്ടിയെ സമ്പൂര്‍ണ്ണ ദഹനബലിയായി കര്‍ത്താവിന് അര്‍പ്പിച്ചു. അവന്‍ ഇസ്രായേലിനു വേണ്ടി കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു" (1സാമു. 7, 9). കര്‍ത്താവു പ്രാര്‍ത്ഥന കേട്ടു; അത്ഭുതകരമായി ഇടപെട്ടു, ശത്രുസൈന്യത്തെ ചിതറിച്ചു. പിന്നീട് സാമുവേലിന്‍റെ ജീവിതകാലത്ത് ഒരിക്കല്‍പ്പോലും ഫിലിസ്ത്യര്‍ ഇസ്രായേല്‍ക്കാരെ ആക്രമിക്കാന്‍ വന്നില്ല (1സാമു. 7, 9-14).
മിസ്പായിലെ വിജയത്തിന്‍റെ സ്മാരകമായി ഒരു കല്ലു സ്ഥാപിച്ച്, ആ സ്ഥലത്തിന 'എബെനേസര്‍' എന്ന പേരു നല്കി. "കര്‍ത്താവ് ഇത്രത്തോളം നമ്മെ സഹായിച്ചു" എന്നു വിളിച്ചു പറയുന്ന ഒരടയാളമായിരുന്നു ഈ പേര് (1സാമു. 7, 12). മിസ്പായിലെ ഈ സംഭവപരമ്പര ഉപസംഹരിക്കുന്നതു പ്രത്യേകം ശ്രദ്ധിക്കണം.
"സാമുവേല്‍ തന്‍റെ ജീവിതകാലമത്രയും ഇസ്രായേലില്‍ നീതിപാലനം നടത്തി" (1സാമു. 7, 15). ഇസ്രായേലില്‍ ചുറ്റിനടന്ന് ജനത്തെ നയിച്ചു. സ്ഥിരവാസം റാമായിലായിരുന്നു. സാമുവേലിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഈ സംക്ഷിപ്ത വിവരണത്തിനു ശേഷം സുപ്രധാനമായ മറ്റൊരു സംഭവത്തിലേക്ക് ബൈബിള്‍ ശ്രദ്ധ തിരിക്കുന്നു.
Featured Posts
Recent Posts
bottom of page