top of page
'അവര്‍ പരസ്പരം പറഞ്ഞു. നമുക്ക് ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു ഗോപുരവും പണിത് പ്രശസ്തി നിലനിര്‍ത്താം... കര്‍ത്താവ് അവരെ ഭൂമുഖത്തെല്ലാം ചിതറിച്ചു."(ഉല്‍പ.11:1-9)
ചരിത്രാതീത ചരിത്രത്തിലെ (ഉല്‍പ.1:11) അവസാനത്തെ സംഭവമായി ബൈബിള്‍ വരച്ചുകാട്ടുന്ന ബാബേല്‍ ഗോപുരത്തിന്‍റെ ചിത്രത്തില്‍ സാമൂഹ്യനീതിയെ സംബന്ധിച്ച ശ്രദ്ധേയമായ ചില പാഠങ്ങള്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. നാഗരികതയുടെ ആരംഭത്തിലെന്നോ സംഭവിച്ച ഒന്നായിട്ടാണ് ഗോപുരനിര്‍മ്മാണത്തിനുള്ള വിഫലശ്രമം വിവരിച്ചിരിക്കുന്നത്. ബാബിലോണിലെ മര്‍ദുക് ദേവന്‍റെ ക്ഷേത്രത്തിന്‍റെ ഭാഗമായിരുന്ന സിഗുറാത്ത് എന്നറിയപ്പെടുന്ന ഗോപുരങ്ങളായിരിക്കണം യാഹ്വിസ്റ്റ് ഗ്രന്ഥകാരന്‍ രചനയുടെ പശ്ചാത്തലമായി സ്വീകരിച്ചത് എന്നു വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നു.
ക്ഷേത്രഗോപുരത്തിന്‍റെ മുകള്‍ത്തട്ടുവരെ നടകളുണ്ട്. ഏറ്റം മുകളിലത്തെ നിലയാണ് ആരാധനയ്ക്കുള്ള സ്ഥലം. കാഴ്ചവസ്തുക്കളുമായി പുരോഹിതന്‍ നട കയറി മുകള്‍ത്തട്ടിലെ ആരാധനമുറിയില്‍ എത്തും. അപ്പോള്‍ മര്‍ദുക് ദേവന്‍ ആകാശത്തില്‍ നിന്ന് ഇറങ്ങിവരും; കാഴ്ചകള്‍ സ്വീകരിക്കും; അനുഗ്രഹങ്ങള്‍ വര്‍ഷിക്കും എന്ന് വിശ്വസിച്ചിരുന്നു. അങ്ങനെ ദൈവ-മനുഷ്യസമാഗമത്തിന്‍റെ അടയാളവും വേദിയുമായിട്ടാണ് ഗോപുരങ്ങള്‍ കരുതപ്പെട്ടിരുന്നത്. യാക്കോബ് സ്വപ്നത്തില്‍ കണ്ട ആകാശം മുട്ടുന്ന ഗോവണി (ഉല്‍പ.28:11-13) യുടെ ചിത്രം ഈ പശ്ചാത്തലത്തില്‍ മനസ്സിലാക്കാന്‍ കഴിയും. ഈ പ്രതീകം ഉപയോഗിച്ചുകൊണ്ട് ദൈവ-മനുഷ്യ സമാഗമ വേദിയായി യേശു സ്വയം ചിത്രീകരിച്ചത് യോഹന്നാന്‍ രേഖപ്പെടുത്തിയിട്ടുണ്ട് (യോഹ.1:51). ഇപ്രകാരം വിശുദ്ധമായൊരു പ്രതീകമാണ് ഗോപുരം എങ്കില്‍ എന്താണ് പിന്നെ ബാബേല്‍ ഗോപുരത്തിനുകുഴപ്പം? എന്തുകൊണ്ടാണ് നഗരവും ഗോപുരവും നിര്‍മ്മിക്കുന്നത് ദൈവവിരുദ്ധ പ്രവൃത്തിയായിക്കണ്ട് നഗരനിര്‍മ്മാതാക്കളെ ചിതറിക്കുന്നത്? വി. ഗ്രന്ഥകാരന്‍റെ വിവരണം സശ്രദ്ധം അപഗ്രഥിക്കേണ്ടതുണ്ട്.
നഗരവും ഗോപുരവും നിര്‍മ്മിക്കുന്നതിന്‍റെ ലക്ഷ്യവും ഗോപുരത്തിന്‍റെ വിവരണവുമാണ് ഏറ്റം ശ്രദ്ധേയം. "നമുക്ക് ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു ഗോപുരവും പണിത് പ്രശസ്തി നിലനിര്‍ത്താം" (ഉല്‍പ.11:4) എന്ന വിചിന്തനത്തില്‍ നിര്‍മ്മാണ പ്രക്രിയയുടെ ലക്ഷ്യം വ്യക്തമാകുന്നു. നമുക്കുവേണ്ടി ഒരു നഗരം; നമ്മുടെ പ്രശസ്തിക്കുവേണ്ടി ഒരു ഗോപുരം -അതാണ് നിര്‍മ്മാതാക്കളുടെ ലക്ഷ്യം. ഗോപുരത്തിന് ഒരു പ്രത്യേകതയുണ്ട്. അത് ആകാശം മുട്ടുന്നതാകണം. ഈ വിശേഷണത്തിന്‍റെ പ്രത്യേകത മനസ്സിലാക്കാന്‍ അന്നു നിലവിലിരുന്ന പ്രപഞ്ചസങ്കല്പം കണക്കിലെടുക്കണം. പലക പോലെ പരന്ന ഭൂമി ജലത്തിനു മുകളില്‍, തൂണുകളില്‍ ഉറപ്പിച്ചിരിക്കുന്നു. ഈ ഭൂമിക്കു മുകളില്‍ കൂടാരം പോലെ വിരിച്ചു നിര്‍ത്തിയിരിക്കുന്ന ആകാശം ചക്രവാള സീമകളിലെ ഭീമാകാരമായ തൂണുകളില്‍, അഥവാ, പര്‍വ്വതങ്ങളില്‍ ഉറപ്പിച്ചിരിക്കുന്നു. ഈ ആകാശത്തിനു മുകളിലും ജലമുണ്ട്. ജലമധ്യേ ദൈവം ഉയര്‍ത്തിയ കമാനമാണ് ആകാശം. ആകാശത്തിനു മുകളിലെ ജലത്തിനും മുകളിലാണ് ദൈവത്തിന്‍റെ സിംഹാസനം (സങ്കീ.104:2-3).
ഈ പ്രപഞ്ച സങ്കല്പത്തിന്‍റെ പശ്ചാത്തലത്തില്‍ ആകാശം മുട്ടുന്ന ഗോപുരം എന്നതിന് പ്രത്യേകതയുണ്ട്. ഏറെ ഉയരമുള്ള ഒരു ഗോപുരം എന്നു മാത്രമല്ല അതിനര്‍ത്ഥം. മനുഷ്യന്‍ പണിയാന്‍ ലക്ഷ്യമിടുന്ന ഗോപുരം ദൈവത്തിന്‍റെ സിംഹാസനത്തോളം ഉയരണം. അങ്ങനെ ദൈവതുല്യനാകണം. ദൈവിക സിംഹാസനത്തോളം ഉയര്‍ന്നു നില്ക്കുമ്പോള്‍ മനുഷ്യന്‍ ദൈവത്തിനു സമനാകുന്നു, അഥവാ മറ്റൊരു ദൈവമാകുന്നു. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ ദൈവനിഷേധമാണ് ഈ ഗോപുര നിര്‍മ്മാണം ലക്ഷ്യം വയ്ക്കുന്നതും പ്രകടമാക്കുന്നതും. പറുദീസായിലെ ആദ്യപാപത്തിലേക്കു നയിച്ച പ്രലോഭനത്തിന്‍റെ മറ്റൊരു ചിത്രീകരണമായി ഇതിനെ കരുതാന്‍ കഴിയും. പഴം തിന്നാല്‍ കണ്ണു തുറക്കും, ദൈവത്തെപ്പോലെയാകും എന്നതായിരുന്നു ആദ്യപ്രലോഭനം. പ്രയോഗത്തില്‍ ദൈവനിഷേധവും സ്വയം ദൈവമാകാനുള്ള ശ്രമവുമാണ് ഈ പ്രതീകത്തിനു പിന്നിലുള്ളത്. അതുതന്നെയാണ് നഗര-ഗോപുര നിര്‍മ്മിതിയിലും പ്രതിഫലിക്കുന്നത്.
"പ്രശസ്തി നിലനിര്‍ത്താം" എന്നു വിവര്‍ത്തനം ചെയ്യുന്ന ഹീബ്രുവാക്കുകളുടെ വാച്യാര്‍ത്ഥം "നമുക്കായി ഒരു പേരുണ്ടാക്കാം" (let us make a name for ourselves) എന്നാണ്. ദൈവതുല്യനാകുക എന്നാല്‍ ലക്ഷ്യം പേരുണ്ടാക്കുക - കീര്‍ത്തി സമ്പാദിക്കുക, ഏറ്റം വലിയവനായി അറിയപ്പെടുക എന്നതത്രെ. ഭൂമിയിലെങ്ങും ചിതറിപ്പോകാതെ ഒറ്റക്കെട്ടായി നില്‍ക്കണം എന്ന ലക്ഷ്യവും ദൈവിക പദ്ധതിക്കു വിരുദ്ധമാണെന്ന് വി. ഗ്രന്ഥകാരന്‍ സൂചിപ്പക്കുന്നു. "സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍" (ഉല്‍പ. 1: 28) എന്ന ആദ്യകല്‍പ്പനയ്ക്കു വിരുദ്ധമാവും ഒരു സ്ഥലത്തു മാത്രം കഴിയാനുള്ള തീരുമാനം. എന്നാല്‍ അതിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് സ്വന്തമായി പേരുണ്ടാക്കാനുള്ള ശ്രമം. ദൈവനിയമങ്ങള്‍ക്കു വിധേയരായി, ദൈവത്തിന്‍റെ പ്രതിരൂപങ്ങളും പ്രതിനിധികളുമായി ഭൂമിയില്‍ നിറയുന്നതിനു പകരം സ്വയം ദൈവങ്ങളായി പ്രഖ്യാപിക്കാനുള്ള ശ്രമമായി ഗോപുരനിര്‍മ്മാണം ഇവിടെ വ്യാഖ്യാനിക്കപ്പെടുന്നു. എന്നാല്‍ മനുഷ്യന്‍റെ ഈ ശ്രമം എത്ര ബാലിശവും അര്‍ത്ഥശൂന്യവുമാണെന്നു വ്യക്തമാക്കുന്നതാണ് ദൈവത്തിന്‍റെ പ്രതികരണം. "മനുഷ്യര്‍ നിര്‍മ്മിച്ച നഗരവും ഗോപുരവും കാണാന്‍ കര്‍ത്താവ് ഇറങ്ങിവന്നു." (ഉല്‍പ. 11: 5). ദൈവസിംഹാസനത്തിനുപരി തല ഉയര്‍ത്തി നില്‍ക്കാമെന്നു വ്യാമോഹിച്ചു മനുഷ്യന്‍ നിര്‍മ്മിച്ച ഗോപുരം കാണണമെങ്കില്‍ ദൈവത്തിന് താഴേക്ക് ഇറങ്ങി വരണം; അത്ര വലിപ്പമുണ്ട് ആ ഗോപുരത്തിന്!
ശ്രമം വ്യര്‍ത്ഥമാണെങ്കിലും അത് ദൂരവ്യാപകവും ഭീകരവുമായ വിപത്തുകള്‍ വരുത്തിവയ്ക്കും. ദൈവത്തിന്‍റെ സ്വഗതം "... അവര്‍ ചെയ്യാനിരിക്കുന്നതിന്‍റെ തുടക്കമേ ആയിട്ടുള്ളൂ. ചെയ്യാന്‍ ഒരുമ്പെടുന്നതൊന്നും അവര്‍ക്കിനി അസാധ്യമായിരിക്കുകയില്ല"(ഉല്‍പ. 11: 6) അതാണ് സൂപിപ്പിക്കുന്നത്. അതു സംഭവിക്കാതിരിക്കാന്‍ വേണ്ടി ദൈവം അവരുടെ ഭാഷ ഭിന്നിപ്പിച്ചു, ഭൂമുഖത്തെല്ലാം ചിതറിച്ചു എന്നു കഥാരൂപത്തില്‍ പറയുമ്പോള്‍ ദൈവത്തിന്‍റെ അസൂയയും ഭയവുമാണ് ഇതിനു കാരണം എന്നു തോന്നാം. എന്നാല്‍ പറുദീസായിലെന്ന പോലെ ഇവിടെയും, ദൈവത്തിന്‍റെ അസൂയ എന്നതിനേക്കാള്‍, ദൈവത്തിന്‍റെ സ്ഥാനത്തു കയറിയിരിക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്‍ തനിക്കുതന്നെ വരുത്തിവയ്ക്കുന്ന ഭീകര ദുരന്തത്തിന്‍റെ ചിത്രമാണ് വി. ഗ്രന്ഥകാരന്‍ വരച്ചുകാട്ടുന്നത്.
മനുഷ്യന്‍ നിര്‍മ്മിച്ച നഗരവും ആകാശം മുട്ടുന്ന ഗോപുരവും അഹങ്കാരത്തിന്‍റെ പ്രത്യക്ഷ ചിത്രമായിട്ടാണ് വി. ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നത്. അഹങ്കാരികളെ ദൈവം ചിതറിക്കുന്നു എന്ന പ്രബോധനം ബൈബിളില്‍ പല തവണ പ്രത്യക്ഷപ്പെടുന്നുണ്ട്. (ഉദാ. 2 സാമു. 22: 28; ജറെ. 13: 9; ലൂക്കാ 1: 51). സംഭവിക്കുന്നതിന്‍റെയെല്ലാം അന്തിമകാരണം ദൈവമാണ് എന്ന അടിസ്ഥാന വിശ്വാസമാണ് ഈ ചിത്രീകരണത്തില്‍ പ്രതിഫലിക്കുന്നത്. എന്നാല്‍ ചിതറിക്കപ്പെടുക എന്നത് മനുഷ്യന്‍റെ തന്നെ പ്രവൃത്തിയുടെ ഫലമായി കാണാന്‍ കഴിയും. ചരിത്രം നല്‍കുന്ന പാഠങ്ങളും നാം ഇന്നും കണ്ടുകൊണ്ടിരിക്കുന്ന സംഭവങ്ങളും ഈ ശിഥിലീകരണത്തിനു സാക്ഷ്യം വഹിക്കുന്നു. ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും നമുക്കു ചുറ്റും ഉണ്ട്.
1989 ല്‍ ബര്‍ലിന്‍ മതിലുകള്‍ തകര്‍ന്നു വീഴുകയും സോവിയറ്റ് യൂണിയന്‍ പല രാജ്യങ്ങളായി ചിതറുകയും ചെയ്യുന്നതുവരെ ലോകം പൊതുവേ രണ്ടു സൂപ്പര്‍ പവര്‍ ചേരികളായി വിഭജിക്കപ്പെട്ടിരുന്നു. അതില്‍ ഒന്നു തകര്‍ന്നു വീണപ്പോള്‍ ലോകത്തില്‍ ശാശ്വതമായ ശാന്തിയും സമാധാനവും ഐക്യവും സംജാതമായി എന്ന് പലരും കരുതി. എന്നാല്‍ 1991 ലെ കുവൈറ്റ് യുദ്ധം കൂടു തുറന്നുവിട്ട ശിഥിലീകരണ ദുര്‍ഭൂതം ഇന്ന് അതിന്‍റെ ഭീകരമായ പല്ലും നഖവും കാട്ടി സംഹാരതാണ്ഡവമാടുന്നു. ലോകം മുഴുവന്‍ കീഴടക്കാനുള്ള ശ്രമം ഓരോരുത്തരും തങ്ങളാലാവും വിധം നടത്തുമ്പോള്‍ നഷ്ടപ്പെടുന്നത് ഐക്യവും സമാധാനവുമാണ്.
വലിയവനാകണം; ഏറ്റം വലിയവനാകണം. ഇതാണ് പ്രലോഭനം. ഏറ്റം വലിയവന്‍ ഒരുവന്‍ മാത്രമേയുള്ളു എന്നും അവനോടു ചേര്‍ന്നു നില്ക്കുന്നതും അവന്‍റെ ഹിതാനുസാരം ജീവിക്കുന്നതുമാണ് യഥാര്‍ത്ഥ മഹത്വം എന്നും മനസ്സിലാകുന്നിടത്തു മാത്രമേ വലുതാകലിന്‍റെ ഈ മിഥ്യാമോഹം അസ്തമിക്കുകയുള്ളൂ. എന്നാല്‍ ഈ സത്യം ഗ്രഹിക്കാതെ തങ്ങളുടെ വലുപ്പം കാട്ടി മറ്റുള്ളവരെ അമ്പരപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ എന്താണ് ലക്ഷ്യം വയ്ക്കുക? ഒരു ഗ്രാമത്തിലെ മാതൃസംഘം അവതരിപ്പിച്ച ഒരു ഹാസ്യ നൃത്തം ഓര്‍മ്മയില്‍ വരുന്നു. ഓരോരുത്തരും തങ്ങളുടെ വലിപ്പം പ്രകടിപ്പിക്കാനാണ് ശ്രമം. ഒരാള്‍ കൊണ്ടുവന്നത് ഒരു വലിയ ചൂല്. അവള്‍ പാടി: എന്‍റെ ചൂലു കണ്ടോ, എന്‍റെ ചൂലിന്‍റെ നീളം കണ്ടോ? ആര്‍ക്കുണ്ട് ഇത്ര നീളമുള്ള ചൂല്? അടുത്തയാള്‍ വന്നത് മൂട്ടില്‍ സ്വര്‍ണ്ണം കെട്ടിയ ഉലക്കയുമായിട്ടാണ്. അവള്‍ പാടി വെല്ലുവിളിച്ചു. എന്‍റെ ഉലക്ക കണ്ടോ? ഉലക്കേടെ മുട്ടു കണ്ടോ? ആര്‍ക്കുണ്ട് ഇത്തരമൊരു ഉലക്ക? എന്നാല്‍ സമ്മാനം കിട്ടിയത് മറ്റൊരാള്‍ക്കാണ്. അവള്‍ വന്നത് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത കോളാമ്പിയുമായിട്ടാണ്. എന്‍റെ കോളാമ്പി കണ്ടോ? ഇങ്ങനെ ഒന്ന് ആരെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ല എന്ന് എല്ലാവരും തലകുലുക്കി സമ്മതിച്ചു. മാതൃസംഘത്തിന്‍റെ ഓഫീസില്‍ ഒഴാഴ്ചത്തേക്ക് സ്വര്‍ണ്ണക്കോളാമ്പി പ്രതിഷ്ഠിക്കാനും ചെറിയ ഒരു ടിക്കറ്റ് വച്ച് അത് കാണാന്‍ അനുവദിക്കാനും തീരുമാനമായി. കഴിയുമെങ്കില്‍ ഇത് ഗിന്നസ് ബുക്കില്‍ പ്രസിദ്ധീകരിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ശ്രമിക്കണം എന്ന് സംഘം തീരുമാനിക്കുകയും അതിനായി സെക്രട്ടറിയെ ചുമതലപ്പെടത്തുകയും ചെയ്തു. സാക്ഷിപത്രം കിട്ടിയോ എന്നറിയില്ല; എന്നാലും സ്വര്‍ണ്ണക്കോളാമ്പി ഒരു ലോക മഹാത്ഭുതമാണെന്ന കാര്യത്തില്‍ ആ മാതൃസംഘാംഗങ്ങളില്‍ ആര്‍ക്കും ഇന്നും ഒരു സംശയവുമില്ല.
മറ്റുള്ളവരുടെ മുമ്പില്‍ വലുപ്പം കാട്ടാനുള്ള വ്യര്‍ത്ഥ ശ്രമത്തിന്‍റെ അപഹാസ്യത എടുത്തു കാട്ടുകയായിരുന്നു മാതൃസംഘാംഗങ്ങള്‍ ആ ഹാസ്യനൃത്തത്തിലൂടെ ലക്ഷ്യം വച്ചത്. എന്നാല്‍ ആരാണതിന്നു മനസ്സിലാക്കുക! എല്ലായിടത്തും മത്സരങ്ങളാണല്ലോ അരങ്ങേറുന്നത്. ലോകത്തിലെ ഏറ്റം ഉയരം കൂടിയ ഗോപുരം തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന അനേകര്‍; വീണ്ടും ഉയരം കൂടിയവ പണിത് പഴയ റിക്കോര്‍ഡ് തിരുത്താന്‍ ശ്രമിക്കുന്നവര്‍. ഏറ്റവും ഉയരം കൂടിയ പ്രതിമ, ഏറ്റവും ഉയരം കൂടിയ ദേവാലയഗോപുരം; എന്തിനേറെ ലോകത്തിലെ ഏറ്റവും വലിയ "പിയെത്ത" ഉണ്ടാക്കി റെക്കോര്‍ഡു നേടാന്‍ ശ്രമിക്കുന്നവരും വിരളമല്ല. അതിദാരുണമാം വിധം വധിക്കപ്പെട്ട മകന്‍റെ തകര്‍ന്ന ശരീരം മടിയില്‍ കിടത്തി വിലപിക്കുന്ന അമ്മയെപ്പോലും ഇന്നു റെക്കോര്‍ഡിന്‍റെ കണ്ണിലൂടെ അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ബാബേല്‍ ഗോപുരങ്ങള്‍ പുനര്‍ജ്ജനിക്കുന്നതു കാണാന്‍ വിഷമമില്ല.
ദൈവാരാധനയ്ക്കായി ദൈവജനത്തിന് ഒരുമിച്ചു കൂടാന്‍ ആവശ്യമായ സ്ഥലമാണ് ദേവാലയം. അതിന്‍റെ ബാഹ്യഭംഗി തീര്‍ച്ചയായും ദൈവാരാധനയ്ക്കു സഹായകമാകണം. എന്നാല്‍ ലോകത്തിലെ ഏറ്റം വലിയ ഗോപുരം ഞങ്ങളുടെ പള്ളിയുടേതാണ്; ഏഷ്യയിലെ ഏറ്റം ഉയരം കൂടിയ മുഖവാരം ഞങ്ങളുടേതാണ് എന്നൊക്കെ അവകാശവാദങ്ങളുമായി ഗിന്നസ് അധികൃതരെ സമീപിക്കുകയും പെരുവഴി നീളെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നവര്‍ ദൈവമഹത്വമാണ് ലക്ഷ്യം വയ്ക്കുന്നത് എന്നു വിശ്വസിക്കാന്‍ കാണികള്‍ക്കു കഴിയാതെ പോയാല്‍ അതാരുടെ കുറ്റമാണ്?
പേരും പ്രശസ്തിയും നിലനിര്‍ത്തുക മുഖ്യലക്ഷ്യമായി കരുതപ്പെടുമ്പോള്‍ ദിവ്യവും പരിശുദ്ധവുമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംവിധാനങ്ങളും പോലും മനുഷ്യനെ ദൈവത്തില്‍ നിന്നും പരസ്പരവും അകറ്റുന്ന ശിഥിലീകരണത്തിന്‍റെ ഗോപുരങ്ങളായിത്തീരുന്നു. ദൈവത്തിനായി കാഴ്ചവയ്ക്കുന്നത്, പണമോ, വസ്തുക്കളോ ആകട്ടെ, ദൈവജനത്തിന്, അതായത് സമൂഹത്തിലെ ഏറ്റം താഴെക്കിടയിലുള്ളവര്‍ക്ക് അവകാശപ്പെട്ടതാണ്. ദരിദ്രരേ, നിങ്ങള്‍ ഭാഗ്യവാന്മാര്‍, ദൈവരാജ്യം നിങ്ങളുടേതാണ് എന്നുദ്ഘോഷിച്ചപ്പോള്‍ ഗുരുനാഥന്‍ ഇതും അര്‍ത്ഥമാക്കിയിട്ടുണ്ടാവും. ദേവാലയത്തില്‍ സമര്‍പ്പിക്കുന്ന ദശാംശം, ദേവാലയ സംരക്ഷണത്തിനാവശ്യമായതു കഴിഞ്ഞ് മിച്ചമുള്ളത്, പാവപ്പെട്ടവര്‍ക്ക് അവകാശപ്പെട്ടതാണ്. എന്നാല്‍ പാവപ്പെട്ടവരെപ്പോലും പിഴിഞ്ഞ് ഗോപുരങ്ങള്‍ നിര്‍മ്മിക്കുകയും ധൂര്‍ത്തിന്‍റെ പെരുന്നാളാഘോഷിക്കുകയും ചെയ്യുമ്പോള്‍ ബാബേല്‍ ഗോപുരം എപ്രകാരം അനീതിയുടെ ഉറവിടങ്ങളായിത്തീരുന്നു എന്നു കാണാം. സത്രത്തില്‍ സ്ഥലം കിട്ടാന്‍ അര്‍ഹതയില്ലാതെ പുല്‍ക്കൂട്ടില്‍ ജനിച്ച്, വീടില്ലാത്തവനോടു താദാത്മ്യം പ്രാപിച്ചവന്‍റെ ഓര്‍മ്മയാചരിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി പുല്‍ക്കൂടു നിര്‍മ്മിക്കുകയും, പുല്‍ക്കൂടു തന്നെ മത്സരത്തിന്‍റെ ഇനമായി പ്രഖ്യാപിച്ച് വലിയ ധൂര്‍ത്തിന് വഴിയൊരുക്കുകയും ചെയ്യുന്നവരും ബാബേല്‍ ഗോപുരം നിര്‍മ്മാതാക്കളുടെ തലമുറയില്‍പ്പെടും.
ദൈവത്തെ മറന്ന്, അഥവാ ദൈവത്തെ വെല്ലുവിളിച്ച്, കെട്ടിപ്പൊക്കിയ ഗോപുരത്തിലൂടെ പേരു നിലനിര്‍ത്താന്‍ ശ്രമിച്ചവര്‍ കരുതിയില്ല, ദൈവം ഇറങ്ങിവന്ന് തങ്ങളുടെ ഗോപുരം ഇടിച്ചു നിരത്തുമെന്ന്, തങ്ങളുടെ പേര് ഭോഷത്വത്തിന്‍റെ പര്യായവും മാതൃകയുമായി നിലനില്ക്കുമെന്ന്. ഹേറോദേസ് മഹാരാജാവ് പുനര്‍ നിര്‍മ്മിച്ചു മോടിപിടിപ്പിച്ച ജറുസലെം ദേവാലയം മഹാത്ഭുതങ്ങളുടെ പട്ടികയില്‍ പെടാന്‍ മാത്രം ബൃഹത്തും മനോഹരവുമായിരുന്നു. ബി.സി. 20-ല്‍ ആരംഭിച്ച പുനര്‍നിര്‍മ്മാണം എ.ഡി. 64-ലാണ് പൂര്‍ത്തിയായത്. ഈ മനോഹര സൗധം ചൂണ്ടിക്കാണിച്ച് ശിഷ്യന്മാര്‍ പറഞ്ഞു. "നോക്കൂ എത്ര വലിയ കല്ലുകള്‍! എത്ര വിസ്മയകരമായ സൗധങ്ങള്‍!" യേശുവിന്‍റെ മറുപടി ഏറെ ശ്രദ്ധേയമാണ്: "ഈ മഹാ സൗധങ്ങള്‍ നിങ്ങള്‍ കാണുന്നില്ലേ? ഇവയെല്ലാം കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടും"(മര്‍ക്കോ. 13:1-2) എ.ഡി. 70-ല്‍ ഈ പ്രവചനം അക്ഷരശഃ പൂര്‍ത്തിയായി.
സമൂഹത്തില്‍ എല്ലാവര്‍ക്കും, പ്രത്യേകിച്ചും ഏറ്റം താഴെക്കിടയിലുള്ളവര്‍ക്ക്, ആഹാരം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ പ്രാഥമികാവശ്യങ്ങള്‍ ഉറപ്പുവരുത്താന്‍ ഉപയോഗിക്കേണ്ട പൊതുമുതല്‍ വ്യര്‍ത്ഥാഭിമാനത്തിന്‍റെയും ധൂര്‍ത്തിന്‍റെയും ഗോപുരങ്ങള്‍ നിര്‍മ്മിക്കാനായി വക മാറ്റി ചെലവഴിച്ചാല്‍ വരാന്‍ പോകുന്ന നാശത്തിന്‍റെ ഒരു മുന്നറിയിപ്പാണ് ബൈബിളിലെ ബാബേല്‍ ഗോപുരം. നേതാക്കന്മാരുടെയും എന്തിനേറെ, വിശുദ്ധരുടെയും പേരില്‍പ്പോലും നടക്കുന്ന ആഘോഷങ്ങളും ആര്‍ഭാടങ്ങളും വഴി എന്തു സന്ദേശമാണ് തങ്ങള്‍ നല്കുന്നതെന്ന് ഉത്തരവാദപ്പെട്ടവര്‍ ആത്മശോധന ചെയ്യണം.
ഉടമയുടെ അഭിമാനം, കാണികള്‍ക്ക് അസൂയ (owner’s pride, neighbour’s Jealousy) എന്നൊരു പരസ്യമുണ്ടായിരുന്നു. മറ്റുള്ളവരില്‍ അസൂയ ജനിപ്പിക്കുംവിധം നിര്‍മ്മിക്കുന്ന സൗധങ്ങളും നടത്തുന്ന ആഘോഷങ്ങളും സമൂഹത്തില്‍ വരുത്തി വയ്ക്കുന്ന വിനകള്‍ കുറച്ചൊന്നുമല്ല. അസൂയ പെരുകുന്ന അയല്‍ക്കാരന്‍ അനുകരിക്കാന്‍ ശ്രമിക്കും; പോരാ മറികടക്കാന്‍ നോക്കും. അതു സാധ്യമല്ലാതെ വരുമ്പോള്‍ അസൂയ വിദ്വേഷമാകും; വിദ്വേഷം അക്രമാസക്തമാകും. പിന്നെ ഉണ്ടാകുന്നത് പ്രവചനാതീതമാംവിധം ദൂരവ്യാപകങ്ങളായ ദുരന്തങ്ങളാവും, അനുദിനമെന്നോണം പെരുകുന്ന മതവര്‍ഗ്ഗീയതയും തീവ്രവാദവും മതപീഡനങ്ങളും ഒരു പരിധിവരെയെങ്കിലും ഇപ്രകാരമുള്ള ബാബേല്‍ ഗോപുരങ്ങള്‍ ഇളക്കിവിടുന്ന അസൂയയുടെയും വിദ്വേഷത്തിന്‍റെയും ഫലമല്ലെയെന്നും ചിന്തിക്കണം.
ആഡംബര മാളിക തീര്‍ത്ത മെത്രാനെ സ്ഥാനഭൃഷ്ടനാക്കിയതും ആഡംബരക്കാര്‍ വില്ക്കാന്‍ മറ്റൊരു മെത്രാനെ നിര്‍ബ്ബന്ധിച്ചതുമെല്ലാം ശിഥിലീകരണത്തിന്‍റെ ഗോപുരങ്ങളെക്കുറിച്ച് ആഗോള സഭയില്‍ സംജാതമായിക്കൊണ്ടിരിക്കുന്ന അവബോധത്തിന്‍റെ അടയാളങ്ങളായി കാണണം. സുവിശേഷ മൂല്യങ്ങള്‍ക്കു ചേരാത്ത ആഘോഷങ്ങളും ആര്‍ഭാടങ്ങളും, അതു ദൈവത്തിന്‍റെ പേരിലാണെങ്കില്‍ പ്പോലും പാപമാണെന്ന് എന്നാണ് നാം തിരിച്ചറിയുക? ഇനിയും എത്ര ഗോപുരങ്ങള്‍ തകര്‍ന്നു വീണാലാണു നമ്മുടെ കണ്ണു തുറക്കുക! "ഉദരമാണവരുടെ ദൈവം, ലജ്ജാകരമായതില്‍ അവര്‍ അഭിമാനം കൊള്ളുന്നു. ഭൗതികമായതുമാത്രം അവര്‍ ചിന്തിക്കുന്നു" (ഫിലി. 3:19) എന്ന അപ്പസ്തോലന്‍റെ വിലാപം നമ്മുടെ സമൂഹത്തെ നോക്കിയാവുമോ?
Featured Posts
bottom of page