top of page

രഹസ്യം

Sep 1, 2011

3 min read

ഫാ. ബോബി ജോസ് കട്ടിക്കാട്
Image saying 'Secrets are meant not to be revealed'

അഗാധപ്രണയത്തില്‍ രഹസ്യങ്ങള്‍ അപ്രസക്തമാകുന്നു. ഒരാള്‍ മറ്റൊരാള്‍ക്കു നിലക്കണ്ണാടിപോലെ. അതില്‍ അഴകും, അപകടവുമുണ്ട്. സാംസന്‍റെയും ദലീലയുടെയും കഥയാണത്. ചെറിയ ചെറിയ രഹസ്യങ്ങളിലാണ് ഒരാളുടെ ശക്തി മറഞ്ഞിരിക്കുന്നത്. മുടിയിഴകള്‍ അതിന്‍റെ സൂചനയാണ്. അതുവെളിപ്പെടുത്തുന്നതിലൂടെ ഒരാള്‍ വളരെ ദുര്‍ബലനാകും - ഒരു ചണനാരുകൊണ്ട് കെട്ടിയിട്ടു പോലും പൊട്ടിക്കാനാവാത്ത വിധത്തില്‍. മാജിക്കിലെ കൈയൊതുക്കം പോലെയാണത്. അരങ്ങിലിരിക്കുന്നവര്‍ക്കു നിങ്ങള്‍ ഒരു വിസ്മയമാകുമ്പോള്‍ അണിയറയില്‍ നില്‍ക്കുന്നവര്‍ക്കു നിങ്ങളൊരു കൗശലക്കാരന്‍ മാത്രമാണ്. ആട്ടെ, കുട്ടികളുടെ ചിത്രകഥാ പുസ്തകങ്ങളില്‍ മാത്രം ഇടം കണ്ടെത്തേണ്ട ഒരു മല്ലന്‍റെയും അയാളുടെ പ്രണയിനിയുടെയും കഥ വേദപുസ്തകത്തില്‍ ഉള്‍പ്പെട്ടതിന്‍റെ കാരണമെന്ത്? സാംസണില്‍ ക്രിസ്തുവിന്‍റെ പ്രകാശമുള്ള നിഴല്‍ വീണതുകൊണ്ടായിരിക്കണം.

ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിന്‍റെ കഥയാണിത്. ദൈവത്തിന്‍റെ രഹസ്യങ്ങള്‍ അതോടുകൂടി ഒരാളില്‍ മറനീക്കുകയായിരുന്നു. പിന്നെ ആ ദൈവത്തെ നിങ്ങള്‍ക്ക് അവഗണിക്കുകയോ പരിഹസിക്കുകയോ കുരിശിലേറ്റുകയോ ഒക്കെ ആകാം. മറ്റൊരു കൗതുകകരമായ താരതമ്യമിതാണ്. തന്നെ ചേര്‍ത്തുകെട്ടിയ ക്ഷേത്രത്തൂണ് ഉലച്ചുലച്ച് അയാള്‍ തന്‍റെ ശത്രുസംഹാരം നടത്തുന്നുണ്ട്. അയാളും അതില്‍പ്പെട്ടുപോയി. എന്നാലെന്ത്? ഒരു മരത്തൂണില്‍ ബന്ധിതനായിരിക്കുന്ന ക്രിസ്തുവും അത് ചെയ്യുന്നുണ്ട്, മറ്റൊരു ദിശയില്‍ നിന്ന്. ജീവിതകാലം മുഴുവന്‍ ഹിംസയില്‍ ഏര്‍പ്പെട്ടിരുന്ന ഒരാള്‍ തന്‍റെ മരണത്തില്‍ അതിന്‍റെ പരമാവധി സാദ്ധ്യത ഉപയോഗപ്പെടുത്തിയതുപോലെ ഒരു വാഴ്വു മുഴുവന്‍ ജീവനെ പ്രചോദിപ്പിക്കുകയെന്ന ധര്‍മ്മത്തില്‍ ഏര്‍പ്പെട്ടയാള്‍, തന്‍റെ മരണത്തോടെ എണ്ണിത്തീര്‍ക്കാനാവാത്ത മൃതരിലേക്ക് ഉയിരൂതി.

നിഗൂഢതകളില്ലാതെ ജീവിക്കുക ഗുരുക്കന്മാരെ സംബന്ധിച്ചിടത്തോളം അത്ര സരളമായ കാര്യമല്ല. ബോധപൂര്‍വ്വം ചില പുകമഞ്ഞുകള്‍ക്കിടയില്‍ ആയിരിക്കാനവര്‍ ശ്രമിച്ചിരുന്നു. അല്ലെങ്കില്‍ അത്തരമൊരു പരിവേഷം നിലനിര്‍ത്താനായി അവരുടെ ചുറ്റിനുമുള്ളവര്‍ ആഗ്രഹിച്ചിരുന്നു. ഒരുദാഹരണത്തിനായി ഒരാചാര്യന്‍റെ ശിഷ്യന്മാര്‍ പറഞ്ഞുപരത്തിയതു തങ്ങളുടെ ഗുരു പിറന്നത് അദ്ദേഹത്തിന്‍റെ എണ്‍പത്തിനാലാം വയസ്സിലാണെന്നാണ്. ശ്രദ്ധിക്കണം മരിച്ച വയസ്സല്ല, ജനിച്ച വയസ്സ്. എണ്‍പതുകളുടെ ആദ്യപാതിയില്‍ മരിച്ച ബുദ്ധയെക്കാള്‍ തങ്ങളുടെ ഗുരു കേമനാണെന്നു കാട്ടാനായിരുന്നു അങ്ങനെയൊരു കഥ മെനഞ്ഞത്. അതുകൊണ്ടാണ് ക്രിസ്തു തന്‍റെ സുതാര്യതകൊണ്ട് കാലത്തെ അത്ഭുതപ്പെടുത്തുന്നത്. സ്വകാര്യജീവിതമെന്ന പദം സാദ്ധ്യമാകാത്ത വിധത്തില്‍ അത്രയും മറകളില്ലാതെ ജീവിച്ചു. തന്‍റെ സ്വാര്‍ത്ഥവാഹക സംഘത്തോടൊപ്പം അലഞ്ഞും അന്നമുണ്ടും അന്തിയുറങ്ങിയും ജീവിതത്തെ ഋജുവാക്കി. തന്‍റെ ഉപാസകരെ സ്നേഹിതരെന്നു വിളിക്കുക വഴി ക്രിസ്തു സംവേദിക്കാന്‍ ശ്രമിച്ചത് അതായിരുന്നു. ആരോടാണോ നിങ്ങള്‍ നിങ്ങളുടെ ഹൃദയരഹസ്യങ്ങള്‍ കൈമാറുന്നത് അവരാണ് നിങ്ങളുടെ ചങ്ങാതിമാര്‍. അത്രത്തോളം നമ്മളെ ഉയര്‍ത്തിയിട്ടാണ് അവിടുന്ന് കടന്നുപോകുന്നത്. അവരെ ഓര്‍ത്ത് ദൈവത്തെ അവിടുന്ന് നിരന്തരം വാഴ്ത്തി. വിജ്ഞാനികളില്‍നിന്നും വിവേകമതികളില്‍ നിന്നും ഓരോരോ കാര്യങ്ങള്‍ മറച്ചുവച്ച് എന്‍റെ കുഞ്ഞുമക്കള്‍ക്കു വെളിപ്പെടുത്തികൊടുക്കുന്ന ദൈവം എന്നൊക്കെ പറഞ്ഞ് മിഴിനിറഞ്ഞു നിന്നു. ക്രിസ്തു മരിച്ചപ്പോള്‍ സംഭവിച്ച അടയാളമൊക്കെ ഈ ദിശയില്‍ തന്നെയാണ്. ദേവാലയത്തിലെ തിരശ്ശീല മുകളില്‍നിന്ന് താഴോട്ട് കീറി. ദൈവത്തിനും മനുഷ്യനും മദ്ധ്യേ ഇനി മറകള്‍ ആവശ്യമില്ല എന്നതായിരിക്കണം അതിന്‍റെ സൂചന.

മറഞ്ഞിരിക്കുന്നവയെല്ലാം വെളിപ്പെട്ടു കിട്ടും. രഹസ്യമായി നിങ്ങള്‍ മന്ത്രിച്ചവ പുരമുകളില്‍ പ്രഘോഷിക്കപ്പെടും എന്നൊരു ക്രിസ്തുമൊഴിയുണ്ട്. ഏറ്റവും പ്രാഥമികമായ സൂചന ശിഷ്യത്വവുമായി ബന്ധപ്പെട്ടതാണ്. കാരണം ഒരാള്‍ക്കു തന്‍റെ സ്നേഹമോ സമര്‍പ്പണമോ അധികകാലം ഒളിച്ചുവയ്ക്കുക സാദ്ധ്യമല്ല. ദീര്‍ഘകാലം അങ്ങനെ വയ്ക്കുകവഴി അയാളുടെ ശിഷ്യത്വാനുഭവം വല്ലാതെ ശ്വാസംമുട്ടി മരിച്ചുപോകും. എത്രകാലം പറയുടെ കീഴില്‍ വിളക്കു സൂക്ഷിക്കാനാകും? ഉള്ളിലെ ചില കാര്യങ്ങള്‍ എന്നെങ്കിലും പ്രകാശിപ്പിക്കാതെ തരമില്ല. സാധകന്‍ എന്നും മറഞ്ഞുനില്‍ക്കേണ്ട ആളല്ല. ശിഷ്യത്വം ഒരു രഹസ്യാഭിചാരമല്ല. ഇതിന്‍റെ അര്‍ത്ഥം തെരുവുവീഥിയില്‍ നിന്ന് ലഘുരേഖ വിതരണം ചെയ്യുക എന്നൊന്നുമല്ലല്ലോ! നിങ്ങളുടെ ജീവിതം വഴി നിങ്ങള്‍ പ്രണമിക്കുന്ന ഗുരുവിനെ വെളിപ്പെടുത്താനാവുന്നുണ്ടോ. ഓരോരുത്തരും അവനവനോടു മന്ത്രിച്ചിരുന്ന കാര്യങ്ങള്‍ എന്നെങ്കിലും ഒരിക്കല്‍ ഒന്നുറക്കെ പറയണ്ടേ? പുതിയ നിയമത്തിലെ ചിലരെ ഒന്നോര്‍മ്മിക്കാവുന്നതാണ്. ഒരാള്‍ നിക്കദേമൂസാണ്. രഹസ്യത്തില്‍ ക്രിസ്തുവിന്‍റെ ശിഷ്യനാകാന്‍ ആഗ്രഹിച്ചിരുന്ന ഒരാള്‍ എന്നാണ് യോഹന്നാന്‍ അയാളെ നമുക്കു പരിചയപ്പെടുത്തുന്നത്. രാത്രികാലങ്ങളില്‍ മാത്രം ക്രിസ്തുവിനെ കാണാന്‍ പോയ ഒരാള്‍ എന്ന വിശേഷണത്തിന്‍റെ സൂചനയും അതുതന്നെ. പുലരിവെളിച്ചത്തില്‍ അയാള്‍ മറഞ്ഞുനില്‍ക്കും. എന്നിട്ടും ക്രിസ്തു മരിച്ചപ്പോള്‍ അയാള്‍ സൂര്യവെളിച്ചത്തിലേക്ക് വരികയാണ്. ക്രിസ്തുവിന്‍റെ ഭൗതികശേഷിപ്പുകള്‍ ചോദിച്ചുവാങ്ങുവാന്‍ അരിമത്യക്കാരന്‍ ജോസഫിനൊടൊപ്പം അയാളും കൂടുന്നുണ്ട്. ശരീരം ലേപനം ചെയ്യാനൊക്കെ പങ്കുചേരുന്നു. സെന്‍ഹദ്രിന്‍ സംഘത്തിലുള്ള ഒരാളാണ് അയാള്‍. ആ ആലോചനസമിതിയില്‍ ക്രിസ്തുവിനെതിരായ ആരോപണങ്ങള്‍ ഉയരുമ്പോള്‍ അതിനെ എതിര്‍ക്കാനാവാതെ തലകുനിച്ചിരുന്നിട്ടുള്ള ഒരാള്‍. ക്രിസ്തുവിന്‍റെ മരണത്തിനുശേഷം ദേശത്തിന്‍റെ പുരപ്പുറത്തേക്ക് വരികയാണ്. അവന്‍ രഹസ്യത്തില്‍ തന്നോടുതന്നെ മന്ത്രിച്ച കാര്യങ്ങള്‍ വിളിച്ചുപറയാന്‍ തയ്യാറാവുകയാണ്.

മറ്റൊരാള്‍ ക്ളോഡിയയാണ്. ക്രിസ്തുവിനെ കഴുമരത്തിനു വിധിച്ച ന്യായാധിപന്‍റെ ഭാര്യ. ഒരു പക്ഷേ ഉടനീളം മനസ്സുകൊണ്ട് ക്രിസ്തുവിനെ അനുയാത്ര ചെയ്തൊരാള്‍. വളരെ ദൂരത്തുനിന്ന് വളരെയേറെ ആദരവോടെ ക്രിസ്തുവിനെ കണ്ടിരുന്ന ഒരു സ്ത്രീ. തന്‍റെ ശക്തമായ ആഭിമുഖ്യങ്ങള്‍ വെളിപ്പെടുത്താന്‍ പറ്റുന്ന ഒരു പ്രതലത്തിലൊന്നുമല്ല അവളുടെ അനുദിന ജീവിതം. കാരണം മിശിഹാ തുടങ്ങിയ പദങ്ങളോട് വിപ്രതിപത്തി പുലര്‍ത്തിയ ഒരു സമൂഹത്തിന്‍റെ പ്രതിനിധിയാണ് അവള്‍. എന്നിട്ടും ക്രിസ്തു കഴുമരത്തിലേക്ക് പോകുമ്പോള്‍ അവളുടെ സമര്‍പ്പണം ഒരു ചെറിയ കുറിപ്പായി മറനീക്കി വരുന്നുണ്ട്, ഈ നീതിമാന്‍റെ കാര്യത്തില്‍ ഇടപെടരുത്. നിദ്രയില്‍ ഞാനയാളെ പ്രതി ഒത്തിരി ക്ലേശിച്ചു. സ്വന്തം ശിഷ്യത്വം രഹസ്യമാക്കിവെക്കാന്‍ ശ്രമിച്ചതിന്‍റെ പേരില്‍ വല്ലാതെ തകര്‍ന്നുപോയൊരാള്‍ പത്രോസാണെന്നു തോന്നുന്നു. ഒരു തീകായലിന്‍റെ ഇടവേളയില്‍ അയാള്‍ തന്‍റെ ഗുരുവിനെ മറച്ചുപിടിക്കുന്നു. ദൂരെയെവിടെയോ ഒരു കോഴി കൂവുമ്പോള്‍ അയാള്‍ അതോര്‍ത്ത് വാവിട്ടു കരയുകയാണ്. കരഞ്ഞുകരഞ്ഞ് അയാളുടെ ഇരുകവിളുകളിലും ചാലുകള്‍ പോലും ഉണ്ടായി. ചില രഹസ്യങ്ങള്‍ ഇത്ര പൊള്ളുമോ?

ഒരാളെക്കൂടി ഒന്നോര്‍മ്മിച്ചോട്ടെ. അക്ഷരാര്‍ത്ഥത്തില്‍ പുരപ്പുറത്തുനിന്ന് വിളിച്ചുപറഞ്ഞയൊരാള്‍. അതു ക്രിസ്തുവിനെ കൊന്ന ആരാച്ചാരുടെ കഥയാണ്. എത്രയോ പേരുടെ കൊലമരങ്ങള്‍ക്ക് കാവല്‍നിന്ന മനുഷ്യന്‍. അയാള്‍ ആദ്യം തൊട്ടേ ക്രിസ്തുവിനെ ശ്രദ്ധിക്കുന്നുണ്ട്. ആറേഴുമണിക്കൂറായി അവിടുത്തെ വിചാരണതൊട്ട് എല്ലാ അര്‍ത്ഥത്തിലും പിന്തുടരുകയായിരുന്നു അയാള്‍. ക്രിസ്തുവിന്‍റെ ശരീരഭാഷ പുലര്‍ത്തുന്ന സഹിഷ്ണുത, സഹാനുഭൂതി ഇതിനൊക്കെ അയാള്‍ സാക്ഷിയാണ്. അപ്പോഴൊക്കെ അയാള്‍ അയാളോടുതന്നെ ഇങ്ങനെ മന്ത്രിച്ചിട്ടുണ്ടാവും, നിറയെ പ്രത്യേകതകള്‍ ഉള്ള ഒരാള്‍ - അഭൗമിക പ്രതലങ്ങളില്‍ കാലൂന്നി നില്‍ക്കുന്ന ഒരാള്‍ എന്നൊക്കെ. ക്രിസ്തു മരിച്ച രീതി അയാളെ അത്ഭുതപ്പെടുത്തി. ഒന്നിനെയും ശപിക്കാതെ എല്ലാത്തിനെയും ആശീര്‍വദിച്ച്, ദൈവമേ, നിന്‍റെ കരങ്ങളില്‍ ഞാന്‍ എന്നെത്തന്നെ അര്‍പ്പിക്കുന്നുവെന്നൊക്കെ പറഞ്ഞ് ഒരു കുഞ്ഞുറങ്ങുന്നത് കണക്ക് അവിടുന്ന് കടന്നുപോയപ്പോള്‍ ഇനിയത് അയാള്‍ക്ക് വിളിച്ചുപറയാതിരിക്കാനാവില്ല. അയാള്‍ നെഞ്ചത്തടിച്ചു ഉറക്കെ നിലവിളിച്ചു: സത്യമായിട്ടും ഇവന്‍ ദൈവപുത്രനാണ്. ഓര്‍മ്മിക്കണം ക്രിസ്തു ദൈവപുത്രനാണെന്ന് അവന്‍റെ മരണാനന്തരം ആദ്യം വിളിച്ചുപറയുന്നത് അവന്‍റെ ശിഷ്യന്മാരല്ല; മറിച്ച് അവനെ കൊന്നവനാണ്!

സ്നേഹംപോലും ഇങ്ങനെ മറച്ചുപിടിക്കേണ്ട ഒന്നാണെന്നാണല്ലോ നമ്മള്‍ വിശ്വസിക്കുന്നത്. എല്ലാക്കാലത്തിലുമുള്ള മനുഷ്യന്‍ ആ മഹാപരാധത്തില്‍ പങ്കുചേരുന്നുണ്ട്. ആ പഴയ ബുദ്ധകഥ കണക്ക്: നിറയെ ശിഷ്യന്മാരുള്ള ഒരാശ്രമത്തില്‍ ഒരു ചെറിയ പെണ്‍കുട്ടിയോട് ആരോ ഒരാള്‍ക്ക് അനുരാഗമുണ്ടാകുന്നു. ജാലകത്തിലൂടെ ഒരു പ്രണയക്കുറിപ്പ് എറിഞ്ഞിട്ട് അയാള്‍ മറഞ്ഞു. പിറ്റേന്ന് പഠനമാരംഭിച്ചപ്പോള്‍ അവള്‍ മുന്നോട്ടുവന്ന് ഇങ്ങനെ പറഞ്ഞു: "നിങ്ങളില്‍ ഒരാള്‍ക്ക് എന്നോട് കടുത്ത ഇഷ്ടമാണ്. അതാരുമാകട്ടെ, ഒന്നു മുമ്പോട്ടുവന്ന് എന്‍റെ കരങ്ങളില്‍ ചുംബിക്കുക." ഇല്ല ഒരാളും മുന്നോട്ടു വന്നിട്ടില്ല - പ്രണയവുമായി മാത്രം ബന്ധപ്പെട്ട കഥയല്ലിത്. ദൈവവുമായുള്ള ബന്ധത്തിലും ഗാര്‍ഹികസാഹചര്യങ്ങളിലും സാമൂഹിക പരിസരങ്ങളിലുമൊക്കെ മനുഷ്യര്‍ നടത്തേണ്ട ചില വെളിപ്പെടുത്തലുകളുടെ സൂചനയാണിത്.

മനുഷ്യര്‍ തങ്ങളുടെ സ്നേഹത്തെയൊക്കെ ഇങ്ങനെ മറച്ചുപിടിക്കുന്നതു കഷ്ടമല്ലേ. അവള്‍ പറഞ്ഞതുപോലെ മുതിര്‍ന്നതിനുശേഷം ഞാന്‍ ഒരിക്കല്‍ മാത്രമേ എന്‍റെ അച്ഛനെ ചുംബിക്കുകയുള്ളൂ - അദ്ദേഹത്തിനു മീതെ ഒരു വെള്ളത്തുണി വന്നു വീഴുമ്പോള്‍. എല്ലാവരും അവരുടെ സ്നേഹവും ആദരവുമൊക്കെ മരണാനന്തരപൂക്കളായി സൂക്ഷിച്ചുവയ്ക്കുകയാണ്. മറച്ചുപിടിച്ച സ്നേഹം എല്ലാവരുടെയും ചങ്കിലുണ്ടെന്നു വിളിച്ചു പറയാന്‍ നമ്മള്‍ സോക്രട്ടീസൊന്നുമല്ലല്ലോ. ദീപനാളത്തെ ഈ പറയുടെ കീഴില്‍നിന്ന് പുറത്തുകൊണ്ടുവരേണ്ട ബാദ്ധ്യത എല്ലാവര്‍ക്കുമില്ലേ.

ചില രഹസ്യങ്ങളില്‍ അപകടം പതിഞ്ഞിരുപ്പുണ്ട്. 'ഡെഡ്ലി ഗെയിം' എന്നൊരു ഹോളിവുഡ് ചിത്രമുണ്ട്. വളരെയേറെ സുരക്ഷിതത്വം ഉറപ്പുവരുത്തി നിലനില്‍ക്കുന്ന അമേരിക്കയിലെ ഒരു പരീക്ഷണശാല. അതു കാണാനെത്തിയ ശാസ്ത്രജ്ഞന്‍റെ മകന്‍ അപകടകരമായ ഒരു കളിയില്‍ ഏര്‍പ്പെട്ടു. ഒരു ടോയികാറിനെ ഉപയോഗിച്ച് ചെറിയൊരളവില്‍ യുറേനിയം സമ്പാദിച്ച് പുറത്തുകൊണ്ടുവന്നു അവന്‍. വിദ്യാര്‍ത്ഥികള്‍ ചെയ്തു പ്രദര്‍ശിപ്പിക്കേണ്ട ഒരു ശാസ്ത്രമേളയ്ക്ക് അതുപയോഗിച്ച് ഒരു ന്യൂക്ലിയര്‍ ബോംബുണ്ടാക്കുന്നു ആ വിദ്യാര്‍ത്ഥി. അപകടകരമായ ഈ കളിയില്‍നിന്നും ഭയചകിതരായ അവന്‍റെ സമൂഹം അവനെ പുറത്തുകൊണ്ടുവരുന്നുണ്ട്. ചിത്രം അവസാനിക്കുന്നത് കനത്ത നിഗൂഢതകള്‍ പേറുന്ന ആ ഇടത്തിലേക്കുള്ള കവാടങ്ങള്‍ മലര്‍ക്കെ തുറന്നിട്ടുകൊണ്ട് ശാസ്ത്രജ്ഞന്‍ പറയുന്നിടത്താണ്: ഇത്രയും രഹസ്യങ്ങള്‍ നമുക്കുവേണ്ട.

അതേ ഇതൊരു ഡെഡ്ലി ഗെയിമാണ്. ഇത്രയും രഹസ്യങ്ങള്‍ ജീവിതം അര്‍ഹിക്കുന്നില്ല. വിശേഷിച്ചും നമ്മുടെ കുഞ്ഞുങ്ങള്‍ക്കൊക്കെ മറച്ചുപിടിക്കാനായി ചില കാര്യങ്ങളൊക്കെയുണ്ടെന്ന് കേള്‍ക്കുമ്പോള്‍ ഭാരം വരുന്നു. വാതില്‍ കൊട്ടിയിട്ടു മാത്രം കുഞ്ഞിന്‍റെ മുറിയിലേക്ക് പ്രവേശിക്കുന്ന അപ്പനും അമ്മയുമൊക്കെ അത്ര നല്ല കാര്യമാണോ. അവനവനില്‍തന്നെ നുറുങ്ങി ജീവിക്കേണ്ടി വരികയെന്ന തലവരയും രഹസ്യങ്ങള്‍ പേറുന്നവര്‍ക്ക് അനുഭവിക്കേണ്ടതായി വരുന്നു. സ്വകാര്യത, ആത്മാഭിമാനം തുടങ്ങിയ പദങ്ങള്‍കൊണ്ട് വലിഞ്ഞുമുറുകി ഭാരപ്പെടുന്നവരുടെ എണ്ണം ഗ്രാമങ്ങളെക്കാള്‍ നഗരങ്ങളിലാണെന്ന് പറയേണ്ടതില്ലല്ലോ.

Featured Posts

Recent Posts

bottom of page