top of page

മല്‍പ്പിടുത്തം

Mar 17, 2021

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
lent days

പഴയനിയമത്തില്‍ നിയമാവര്‍ത്തന പുസ്തകത്തിലെ ഇരുപത്തിയെട്ടാം അധ്യായത്തില്‍ നന്മതിന്മകളെക്കുറിച്ചും ജീവന്‍റെയും മരണത്തിന്‍റെയും വഴികളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. മനുഷ്യന്  സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടത്താം. നന്മയെയും തിന്മയെയും തമ്മില്‍ വിവേചിച്ചറിഞ്ഞ് തിരഞ്ഞെടുക്കാം. സ്വന്തം താല്പര്യപ്രകാരം ജീവനെയും മരണത്തെയും തിരഞ്ഞെടുക്കാം. നമ്മള്‍ നടത്തുന്ന തിരഞ്ഞെടുപ്പുകളാണ് നമ്മുടെ വില നിശ്ചയിക്കുന്നത്. നല്ല തിരഞ്ഞെടുപ്പുകള്‍ നടത്തണമെങ്കില്‍ ആന്തരികമായ ഒരു മല്‍പ്പിടുത്തത്തിലൂടെ നാം കടന്നുപോകണം. എന്‍റെ സ്വാര്‍ത്ഥതയുടെ മേല്‍ വിജയം നേടണമെങ്കില്‍ എന്നോടുതന്നെ ഞാന്‍ പൊരുത്തപ്പെടണം.

ഉല്‍പ്പത്തി പുസ്തകത്തിന്‍റെ 28 മുതലുള്ള അദ്ധ്യായങ്ങളില്‍ നാം കാണുന്ന ഒരു വ്യക്തിയാണ് യാക്കോബ്. സ്വന്തം താല്പര്യങ്ങളുടെ വഴിയിലൂടെ  അലഞ്ഞുനടന്ന ആ പൂര്‍വ്വപിതാവ് അവസാനം ഒരജ്ഞാതനുമായി മല്‍പ്പിടുത്തം നടത്തി. മല്‍പ്പിടുത്തം നടന്നത് ഒരു രാത്രിയിലായിരുന്നു. അതവസാനിച്ചപ്പോള്‍ പുലരിയായി. അനുദിനജീവിതം അന്ധകാരം വ്യാപിച്ച നിമിഷങ്ങളില്‍ ഹൃദയത്തിനുള്ളില്‍ ഒരു ദ്വന്ദ്വയുദ്ധം നടക്കും. അതിന്‍റെയവസാനം ഒരു പ്രകാശം തെളിയും. അവിടെ ഞാന്‍ പുതുതായി രൂപാന്തരപ്പെടും. 

അമ്പതുനോമ്പിന്‍റെ കാലഘട്ടം എന്നുപറയുന്നത് ഈ മല്‍പ്പിടുത്തത്തിന്‍റെ കാലമാണ്. യേശുവിന്‍റെ മരുഭൂമിയിലെ പ്രലോഭനത്തില്‍ ഈ മല്‍പ്പിടുത്തം കാണാം. മനുഷ്യന്‍റെ മൂന്ന് തലങ്ങളിലുള്ള മല്‍പ്പിടുത്തങ്ങളെയാണ് നാം കാണുന്നത്. ഒന്നാമതായി ശരീരത്തിന്‍റെ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള മല്‍പ്പിടുത്തമാണ്. കല്ലിനെ അപ്പമാക്കി ഭക്ഷിക്കാനുള്ള പ്രലോഭനവുമായി പ്രലോഭകന്‍ കടന്നുവരുന്നു. ദേഹത്തിന്‍റെ സുഖത്തിനുവേണ്ടിയുള്ള ഒരു പ്രലോഭനമാണ് ഇത്. ഭക്ഷിക്കാനും ഉപവസിക്കാനും മനുഷ്യനു കഴിയും. ശരീരത്തിന്‍റെ ആഗ്രഹം പൂര്‍ത്തീകരിക്കാനായി വിലപിടിപ്പുള്ള വസ്ത്രങ്ങളും ചെരിപ്പുകളും സ്വര്‍ണ്ണാഭരണങ്ങളും ഭക്ഷണസാധനങ്ങളും നമുക്കു സ്വന്തമാക്കാം. നിയന്ത്രണമില്ലാതെ കുതിക്കുന്ന  ശരീരത്തിന്‍റെ വാസനകളെ ഒതുക്കുവാന്‍ ഉപവാസവും മറ്റു സ്വയം പരിത്യജിക്കലുകളും നടത്തുവാനും കഴിയും. തടിക്കഷണം തലയിണയാക്കിയവരും മുള്ളരഞ്ഞാണം ധരിച്ചവരും തറയില്‍ കിടന്നുറങ്ങിയവരുമൊക്കെ ആ ഗണത്തില്‍പ്പെട്ടവരാണ്. സുഖത്തിന്‍റെയും പരിത്യാഗത്തിന്‍റെയും ഇടയിലുള്ള ഒരു മല്‍പ്പിടുത്തം നമ്മളും നടത്തണം.

  ദേവാലയഗോപുരത്തില്‍ നിന്നും താഴേക്കുചാടി പരിക്കുപറ്റാതെ നില്‍ക്കുന്ന അത്ഭുതമനുഷ്യനാകാനായിരുന്നു അടുത്ത പ്രലോഭനം. ആ പ്രലോഭനത്തിനും യേശു വഴങ്ങിയില്ല. ലോകത്തിന്‍റെ കയ്യടിയും പ്രശംസയും മാത്രം പ്രതീക്ഷിച്ച് മുന്നേറുന്നവരുണ്ട്. ആരെങ്കിലും പുകഴ്ത്തി പറഞ്ഞാല്‍ എന്തും ചെയ്യാന്‍ തയ്യാറാണ്. കയ്യടിക്കാന്‍ ആള്‍ക്കാരുണ്ടാകണം. ആരും കാണാത്ത, ആരുമറിയാത്ത നന്മകള്‍ ചെയ്യുവാന്‍ ബുദ്ധിമുട്ട്. ഇന്നു രാഷ്ട്രീയത്തിലും സമൂഹത്തിലും സഭയിലുമൊക്കെ ഈ പ്രലോഭനമുണ്ട്. മറ്റുള്ളവരെ പ്രീതിപ്പെടുത്താന്‍ വേണ്ടി ഓരോ കാര്യങ്ങളും ചെയ്തു നടക്കുമ്പോള്‍ നമ്മിലുള്ള പ്രവാചകദൗത്യം മറന്നുപോകുന്നു. രഹസ്യത്തില്‍ കാണുന്ന പിതാവ് നല്‍കുന്ന സമ്മാനങ്ങളെ നാം സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നില്ലേ?

ആത്മാവിന്‍റെ തലത്തിലുള്ള ഒരു മല്‍പ്പിടുത്തവും നാം ധ്യാനിക്കുന്നു. ഒരു നിമിഷത്തിന്‍റെ ആരാധന സാത്താനു നല്‍കിയാല്‍  ഈ കാണുന്നതെല്ലാം സമ്മാനമായി ലഭിക്കും. ഈശോ ആ നിമിഷത്തില്‍ പ്രലോഭകനെ ആട്ടിയകറ്റുകയാണ് ചെയ്തത്. ലോകത്തിലെ എല്ലാ പാപങ്ങളും ഒരു നിമിഷത്തിന്‍റേതാണ്. കായേന്‍ ആബേലിനെ കൊന്നതും ഫൊത്തീഫറിന്‍റെ ഭാര്യ പൂര്‍വ്വയൗസേപ്പിന്‍റെ അങ്കിയില്‍ പൊത്തിപ്പിടിച്ചതുമെല്ലാം ഒരു നിമിഷത്തിന്‍റെ വികാരത്തിലായിരുന്നു. താല്‍ക്കാലികമായ നേട്ടത്തിനുവേണ്ടി ഒരു ചെറിയ കള്ളം പറയുമ്പോഴും കൈക്കൂലി കൊടുക്കുമ്പോഴുമെല്ലാം ഒരു നിമിഷത്തിന്‍റെ ബലഹീനതയ്ക്ക് നാം അടിമയായിത്തീരുന്നു. ചില കാര്യങ്ങള്‍ നേടുന്നതിനുള്ള ഓട്ടത്തിനിടയില്‍ ഇപ്രകാരമൊരു പ്രലോഭനം ഉയരുന്നില്ലേ? ഇന്നിന്‍റെ ഉള്ളറകളില്‍ ഒരു മല്‍പ്പിടുത്തം നടക്കുന്നു. 

പീഡാനുഭവയാത്രയുടെ ആരംഭത്തില്‍ ഗത്സെമന്‍ തോട്ടത്തില്‍ ഒരു മല്‍പ്പിടുത്തം നടക്കുന്നതായി നാം കാണുന്നു. ക്രിസ്തുവിന്‍റെയുള്ളിലുണ്ടായ മല്‍പ്പിടുത്തം. 'കാസ അകറ്റേണമേ' എന്നു മനുഷ്യസ്വഭാവം പറഞ്ഞു. 'എന്‍റെ ഹിതമല്ല, നിന്‍റെ ഹിതം നിറവേറട്ടെ' എന്ന് ദൈവസ്വഭാവം പറഞ്ഞു. അവസാനം യേശുവിലെ ദൈവസ്വഭാവം മനുഷ്യസ്വഭാവത്തെ കീഴടക്കി. അമ്പതുനോമ്പിലൂടെ കടന്നുപോകുമ്പോള്‍ നമ്മുടെയുള്ളിലും ഈ മല്‍പ്പിടുത്തങ്ങള്‍ നടക്കണം. ജനത്തിന്‍റെ അഭിലാഷങ്ങളെ അതിജീവിക്കാനുള്ള മല്‍പ്പിടുത്തം. മനസ്സിന്‍റെ ദുഷിച്ച ആഗ്രഹങ്ങളെ തോല്‍പ്പിക്കുന്ന മല്‍പ്പിടുത്തം ആത്മാവിന്‍റെ ശക്തിയില്‍ ജ്വലിക്കുവാനുള്ള മല്‍പ്പിടുത്തം. ഈ യുദ്ധത്തില്‍ വിജയിക്കുവാനായി അമ്പതുനോമ്പില്‍ പ്രാര്‍ത്ഥിക്കാം.

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

0

0

Featured Posts

bottom of page