
തന്നെത്തന്നെ തകർക്കുന്ന, തൻ്റെ തന്നെ നിത്യജീവിതത്തെ അപായപ്പെടുത്താൻ കഴിയുന്ന ഘടകങ്ങൾ ജീവിതത്തിൽ ഉണ്ടെങ്കിൽ -അവ എത്രതന്നെ പ്രിയതരമാണെങ്കിലും - നിർദ്ദാക്ഷിണ്യം ദൂരെക്കളയാനാണ് യേശു നിർദ്ദേശിക്കുന്നത്. കാരണം, ഒന്നും ദൈവത്തെക്കാൾ പ്രിയതരം ആയിരുന്നുകൂടാ.
എന്നാൽ, ഞാനോ നീയോ മറ്റൊരു ദുർബലാത്മാവിൻ്റെ നാശത്തിന് കാരണമാകുന്ന പക്ഷം പിന്നെ, ജീവിച്ചിരുന്നിട്ടുതന്നെ ഫലമില്ല എന്ന വിധത്തിലാണ് യേശ ു നിരീക്ഷിക്കുന്നത്. ഓരോ ചെറിയവനും ചെറിയവളും ദൈവത്തിന് അത്രമേൽ പ്രിയപ്പെട്ടവരാണ് എന്നാണ് എന്നതാണ് അവൻ്റെ യുക്തിവിചാരം. യേശുവിൽ എപ്പോഴും അത്തരമൊരു താല്പര്യം മുന്നിട്ടുനിൽക്കുന്നത് കാണാം. 'സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ സ്നാപകയോഹന്നാനെക്കാൾ വലിയവർ ഇല്ല' എന്ന് പറയുന്ന അതേശ്വാസത്തിൽ അവൻ പറയും, 'എങ്കിലും സ്വർഗ്ഗരാജ്യത്തിലെ ഏറ്റവും ചെറിയവൻ അവനെക്കാൾ വലിയവനാണ്' എന്ന്.
"ഈ ചെറിയവരിൽ ഒരുവനെ പോലും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ. സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ എൻ്റെ പിതാവിന്റെ മുഖം എപ്പോഴും ദർശിച്ചുകൊണ്ടിരിക്കുകയാണെന്ന് സത്യമായി ഞാൻ നിങ്ങളോട് പറയുന്നു". ഇങ്ങനെ, ചെറിയവരെ കുറിച്ചുള്ള താല്പര്യമെന്നത് യേശുവിലെ നിരന്തരമായ ഒരു അവബോധമായിരുന്നു എന്നുകാണാം. അവർക്കായി നിങ്ങൾ ചെയ്യുന്ന ഏതൊരു ചെറിയ നന്മയുംപരിഗണിക്കപ്പെടും എന്നതുപോലെ തന്നെ, അവർക്കെതിരേ നിങ്ങൾ ചെയ്യുന്ന ഏതൊരു ചെറിയ ദ്രോഹവും അതീവ ഗൗരവത്തോടെ പരിഗണിക്കപ്പെടുകയും ചെയ്യും.