top of page
കത്തോലിക്കാസഭയുടെ പ്രബോധനങ്ങളുടെ അടിസ്ഥാനത്തില്‍ സ്ത്രീയും പുരുഷനും ലൈംഗികബന്ധത്തിലൂടെ സ്നേഹത്തില്‍ ഒന്നായിത്തീരുകയും സ്വയം ദാനത്തിലൂടെ പ്രത്യുത്പാദനം എന്ന പാവനധര്‍മ്മം നിറവേറ്റുകയും ചെയ്യുന്നു. ലൈംഗികതയിലൂടെ പ്രകാശിതമാകുന്ന സ്നേഹം ആഴമേറിയതാണ്. കേവലം മാംസനിബദ്ധമായ 'ഒന്നാകലിലൂടെ' സംഭവിക്കുന്ന വികാരവിസ്ഫോടനം എന്നതിനപ്പുറം ഇണകളായി വര്‍ത്തിക്കുന്ന സ്ത്രീയും പുരുഷനും ഒരാത്മാവും ഒരു ഹൃദയവുമായി മാറുന്ന അനഘമുഹൂര്‍ത്തമാണ് ലൈംഗികബന്ധത്തിലെ പരമകാഷ്ഠ. കാരണം വിവാഹബന്ധമെന്നത് ദൈവവും മനുഷ്യനുമായി നിലവിലുള്ള ഉടമ്പടിയുടെ ഭാവാവിഷ്കാരമാണ്. അതു കൗദാശികവുമാണ്. (CCC 2nd edn. Editrice Vaticana 2019; Para. 2369, 1643,1617) സ്ത്രീപുരുഷബന്ധത്തിന്‍റെ കൗദാശികപവിത്രതയ്ക്കു നിരക്കാത്ത ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്, വ്യഭിചാരം, വിവാഹമോചനം, ബഹുഭാര്യാത്വം, സ്വവര്‍ഗ്ഗരതി, സ്വയംഭോഗം തുടങ്ങിയ പ്രവൃത്തികളെല്ലാം വ്യക്തിപരമായി മ്ലേച്ഛവും വിവാഹജീവിതത്തിന്‍റെ ശ്രേഷ്ഠതയ്ക്കും അന്തസ്സിനും ചേരാത്തതുമാണ്.(Para 2396, 2400).
ലൈംഗിക ധാര്‍മ്മികത വിശുദ്ധ ലിഖിതങ്ങളില്‍
വിശുദ്ധ ഗ്രന്ഥങ്ങളില്‍ പലതവണ വിശദീകരിക്കപ്പെടുന്ന പ്രമേയമാണ് ദൈവശാസ്ത്രനിബദ്ധമായ 'ലൈംഗികത.' കത്തോലിക്കാ ലൈംഗിക ധാര്‍മ്മികതയില്‍ ഏറെ പ്രസക്തമായ ചില വിശുദ്ധഗ്രന്ഥഭാഗങ്ങള്‍ താഴെ ഉദ്ധരിക്കുന്നു:
"അങ്ങനെ ദൈവം തന്‍റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്‍റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു. സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു" (ഉല്‍പ. 1:27).
"മനുഷ്യനില്‍ നിന്നെടുത്ത വാരിയെല്ലുകൊണ്ട് അവിടുന്ന് ഒരു സ്ത്രീക്കു രൂപംകൊടുത്തു. അവിടുന്ന് അവളെ അവന്‍റെ മുന്‍പില്‍ കൊണ്ടുവന്നു. അപ്പോള്‍ അവന്‍ പറഞ്ഞു: ഒടുവില്‍ ഇതാ എന്‍റെ അസ്ഥിയില്‍ നിന്നുള്ള അസ്ഥിയും മാംസത്തില്‍ നിന്നുള്ള മാംസവും. നരനില്‍ നിന്നെടുക്കപ്പെട്ടതുകൊണ്ട് നാരിയെന്ന് ഇവള്‍ വിളിക്കപ്പെടും. അതിനാല്‍ പുരുഷന്‍ മാതാപിതാക്കളെ വിട്ടു ഭാര്യയോടുചേരും. പുരുഷനും അവന്‍റെ ഭാര്യയും നഗ്നരായിരുന്നു. എങ്കിലും അവര്‍ക്ക് ലജ്ജ തോന്നിയിരുന്നില്ല." (ഉല്‍പ. 2:22-25).
"അവിടുന്ന് സ്ത്രീയോടു പറഞ്ഞു: നിന്‍റെ ഗര്‍ഭാരിഷ്ടതകള്‍ ഞാന്‍ വര്‍ദ്ധിപ്പിക്കും. നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും. എങ്കിലും നിനക്ക് ഭര്‍ത്താവില്‍ അഭിലാഷമുണ്ടായിരിക്കും അവന്‍ നിന്നെ ഭരിക്കുകയും ചെയ്യും." (ഉല്‍പ. 3:16).
പുതിയനിയമ വിചിന്തന ങ്ങളില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട് യേശുവിന്‍റെ പ്രബോധനങ്ങളില്‍ "വ്യഭിചാരം ചെയ്യരുത് എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ, എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു. ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞിരിക്കുന്നു"ڔ(മത്താ. 5:27).
സഭാപിതാക്കന്മാരില്‍ പ്രമുഖനായ ആഗസ്തിനോസിന്‍റെ പൂര്‍വ്വാശ്രമം ആസക്തിപൂരണങ്ങളുടെ തേരോട്ടമായിരുന്നു. കാലത്തിന്‍റെ തികവില്‍ സ്വന്തം മാതാവിന്‍റെ കണ്ണീരോടെയുള്ള പ്രാര്‍ത്ഥനകള്‍ ഫലംകണ്ടു. ആഗസ്തിനോസ് മാനസാന്തരപ്പെട്ട് കത്തോലിക്കാ മതവിശ്വാസങ്ങളുടെ സംരക്ഷകനും വ്യാഖ്യാതാവുമായി. തര്‍ക്കശാസ്ത്രവിശകലനങ്ങളില്‍(Apologetics) മുന്നണിപ്പോരാളിയായി. റോമാ ലേഖനത്തിലെ 13:13-ല്‍ കണ്ണും കരളുമുടക്കി; സുഖലോലു പതയും മദ്യലഹരിയും വിഷയാസക്തിയുമല്ല പ്രത്യുത കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ മാതൃക പിന്‍പറ്റിയുള്ള ജീവിതത്തിലാണ് ധന്യത എന്ന ബോധ്യത്തില്‍ ശിഷ്ടകാലം ക്രിസ്തുവിനെ ധരിച്ച് ജീവിച്ച പുണ്യവാനാണ് ഹിപ്പോയിലെ മെത്രാനായിരുന്ന വിശുദ്ധ ആഗസ്തിനോസ്.
മധ്യദശകങ്ങളില്‍ ജീവിച്ചിരുന്ന തോമസ് അക്വിനാസും ആത്മീയമായ കന്യാത്വം എന്ന വിഷയം വിശദീകരിക്കുന്നുണ്ട്. ചില അശാസ്ത്രീയമായ ധാരണകള്‍ അടിസ്ഥാനമാക്കി ലൈംഗികതയെ വിലയിരുത്താന്‍ ഇടയായിട്ടുമുണ്ട്.
19-ാം നൂറ്റാണ്ടിന്‍റെ മധ്യദശകങ്ങളില്‍ അതിവേഗത്തിലുണ്ടായ ശാസ്ത്രപുരോഗതിയും ജൈവശാസ്ത്രത്തിലെ പുത്തനറിവുകളും ലൈംഗികതയെക്കുറിച്ച് യുക്തിസഹവും ശാസ്ത്രീയാധിഷ്ഠിതവുമായ വ്യാഖ്യാനങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും സഹായിക്കുന്ന ഒട്ടനവധി ആധികാരികതയുള്ള ഗ്രന്ഥരചനകള്‍ക്കും പ്രബോധനങ്ങള്‍ക്കും വഴിയൊരുക്കി.
Humae Vitae - പോള്‍ ആറാമാന്‍
Casti Connubii - പീയുസ് 12
Persona Humanae - 1975 തിരുസംഘം
Theology of The Body ജോണ്‍ പോള്‍ II
Evangelium Vitae (1995) ജോണ്‍ പോള്‍ II
Donum Vitae തിരുസംഘം
Veritatis Splandor (1993) ജോണ്‍ പോള്‍ II
Catechism of the Catholic Church 1992
Deus Caritas Est. (2005) ബനഡിക്റ്റ് XVI
Amoris Laetitia (2016) ഫ്രാന്‍സീസ് പാപ്പ
19-ാം നൂറ്റാണ്ടിന്‍റെ മധ്യദശകങ്ങള്‍ മുതല്‍ 21-ാം നൂറ്റാണ്ടിന്‍റെ ആദ്യപാദംവരെയുള്ള കാലഘട്ടം ലൈംഗികധാര്‍മ്മികതയിലെ മൂല്യച്യൂതിയുടെ കാലഘട്ടമായിരുന്നു. ലൈംഗികതയുടെ പാവനമായ ഉദ്ദേശ്യങ്ങളും പരിശുദ്ധമായ ലക്ഷ്യങ്ങളും ഉയര്‍ത്തിക്കാണിച്ച് സാമാന്യജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമായിരുന്നു. അജപാലനശുശ്രൂഷയുടെ ഭാഗമായി കാലാനുസൃതമായ ആത്മീയ രചനകളാണ് സഭാനേതൃത്വം പഠനത്തിനായി നല്‍കുന്നത്. കത്തോലിക്കാസഭയില്‍ എല്ലാം ഭദ്രം എന്നു ധരിക്കരുത്.Roma locuta, causa finita എന്ന കാലമൊക്കെ മാറി. അറിവു കൂടുന്തോറും അഭിപ്രായങ്ങളും അഭിപ്രായഭിന്നതകളും സ്വാഭാവികമാണ്. സഭാനേതൃത്വത്തിന്‍റെ പല നിലപാടുകളിലും അല്മായ സമൂഹത്തിലും പുരോഹിതരുടെ ഇടയില്‍പോലും എതിരഭിപ്രായങ്ങളുണ്ട്. ചാരിത്ര്യവും വൈവാഹിക വിശ്വസ്തതയും ലൈംഗികധാര്‍മ്മികതയിലെ അടിസ്ഥാന പെരുമാറ്റചട്ടങ്ങളാണ്, സംശയമില്ല.
എന്നാല്‍ 'ലൈംഗികസുഖം' എന്നതിനുവേണ്ടി മാത്രം പ്രത്യുല്‍പാദനധര്‍മ്മത്തെ അടര്‍ത്തിനീക്കി ലൈംഗിക ബന്ധങ്ങളെ ഉപയോഗപ്പെടുത്തുമ്പോള്‍ ലൈംഗികബന്ധം കേവലം സ്വാര്‍ത്ഥമായ അധാര്‍മ്മിക ചേഷ്ടയായി അധപ്പതിക്കുന്നു എന്നതാണ് തിരുസഭയുടെ അത്തരം ചെയ്തികളെക്കുറിച്ചുള്ള വിലയിരുത്തലുകളുടെ രത്നചുരുക്കം.
ലൈംഗികതയിലെ മാര്‍ഗ്ഗഭ്രംശങ്ങള്‍
മനുഷ്യജീവിതം തുടക്കം മുതല്‍ ഒടുക്കം വരെ ലൈംഗികതയിലൂന്നിയാണ് അതിന്‍റെ വികാസപരിണാമം പൂര്‍ത്തിയാക്കുന്നത്. വിവിധ ദശാസന്ധികളില്‍ ആവിര്‍ഭവിക്കുന്ന ലൈംഗികതയുടെ ഭാവാവിഷ്കാരങ്ങള്‍ക്ക് രൂപഭേദമുണ്ട്. പഠനനിരീക്ഷണങ്ങളിലൂടെ ലൈംഗികതയെ വിലയിരുത്തി നിഗമനങ്ങള്‍ ക്രോഡീകരിച്ച പ്രതിഭാധനനാണ് സിഗ്മണ്ട് ഫ്രോയിഡ്. ആസ്ട്രിയക്കാരനായ ഈ ശാസ്ത്രജ്ഞന്‍ നരവംശലൈംഗികശാസ്ത്രശാഖയുടെ പിതാവ് എന്നറിയപ്പെടുന്നു.
ജനനം മുതല്‍ ക്രമാനുഗതമായി പുരോഗമിക്കുന്ന ഒരു ശ്രേണിയിലൂടെയാണ് (Algorithm) മനുഷ്യന്‍റെ ലൈംഗികത വികസിക്കുന്നത്. ഈ ശ്രേണിക്ക് ഭ്രംശം സംഭവിക്കുമ്പോള്‍ ലൈംഗികജീവിതത്തിലെ മാര്‍ഗ്ഗഭ്രംശങ്ങള്‍ക്ക് ഇടയാക്കുന്നു (Sexual Aberrations) ഫ്രോയിഡിന്‍റെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ലൈംഗികതയുടെ നാള്‍വഴി 5 ഘട്ടങ്ങളായാണ് കടന്നുപോകുന്നത്. വദനഘട്ടം, ഗുദഘട്ടം, ലിംഗഘട്ടം, ഗുപ്തമായ ഘട്ടം ഇവയിലൂടെ കടന്ന് ഉല്‍പാദനേന്ദ്രിയ സംബന്ധിയായ ഘട്ടത്തിലെത്തുമ്പോള്‍ സ്ത്രീപുരുഷ ബന്ധത്തിന്‍റെ ആത്യന്തിക ലക്ഷ്യമായ പ്രത്യുല്‍പാദനവും ദമ്പതികളുടെ പൂര്‍ണ്ണമായ സ്വയംദാനത്തിലൂടെ ലഭ്യമാകുന്ന ആനന്ദവും ആസ്വദിക്കാനാകുന്നു. ശ്രേണിയിലെവിടെയും സംഭവിക്കാവുന്ന ഭംഗങ്ങള്‍ അനാരോഗ്യകരമയ പ്രവണതയിലേക്ക് വഴിമാറുന്നു. വദനഘട്ടങ്ങളിലോ ഗുദഘട്ടത്തിലോ മാനസികമായി കുടുങ്ങിപോകുമ്പോള്‍ വദനസുരതത്തിലോ ഗുദഭോഗത്തിലോ മാത്രം സുഖം കണ്ടെത്തുന്ന രതി വൈകൃതങ്ങള്‍ക്ക് ഇടയാകുന്നു. സ്വവര്‍ഗ്ഗരതി, ബാലരതി, സ്വയംഭോഗം, മുഷ്ടിമൈഥുനം തുടങ്ങിയ മ്ലേഛമായ ലൈംഗികപ്രവണതകളും ലൈംഗികചോദനകളിലെ പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങളാണ്. Homosapiens എന്ന വംശത്തിലെ നിലവിലുള്ള ഏകജീവിയാണ് മനുഷ്യന്‍. പ്രകൃതിദത്തമായ ലൈംഗികതയെ കേവലം സഹജമായ പ്രേരണകള്‍ക്കനുസൃതമായി ചെയ്യുന്ന പ്രവൃത്തിയിലുള്‍ചേര്‍ ന്നിരിക്കുന്ന 'സുഖം' എന്ന അനുഭൂതിക്കുവേണ്ടി മാത്രം ലൈംഗിക ബന്ധങ്ങളിലേര്‍പ്പെടുന്നത് മനുഷ്യന്‍ മൃഗീയതയിലേക്ക് തരംതാഴുന്നതിനിടയാക്കും. ദൈവത്തിന്‍റെ അസ്തിത്വത്തിലോ, സൃഷ്ടിയില്‍ ദൈവത്തിന്‍റെ നിരന്തരമായ പങ്കിലോ വിശ്വാസമില്ലാത്തവര്‍ക്ക് പരിണാമത്തില്‍ പരമോന്നതസ്ഥാനം കയ്യാളുന്ന മനുഷ്യന്‍, തിര്യക്കുകള്‍പോലും ആനുകൂല്യം കാട്ടാത്ത ആസക്തികള്‍ക്ക് വശംവദരാകുന്നത് പ്രകൃതിവിരുദ്ധമായ മ്ലേഛതകളാണ് എന്നത് തീര്‍ച്ച. തിരുത്തപ്പെടേണ്ട Oral Stage, Anal Stage, Latent Stage and Genitial Stage എന്നിങ്ങനെ അഞ്ചുഘട്ടങ്ങളിലൂടെ കടന്നുപോരേണ്ട ലൈംഗികത, ഏതെങ്കിലും ഘട്ടത്തില്‍ നിശ്ചേഷ്ടമായിപ്പോയാല്‍ അനാരോഗ്യപ്രവണതകള്‍ ഉടലെടുക്കും. ലൈംഗിക മാരവിപ്പ്/ നിരുത്സാഹം (Sexual Frigidity) എന്ന അവസ്ഥ സ്ത്രീകളില്‍ പ്രത്യേകമായി അനുഭവപ്പെടുന്ന ഒന്നാണ്. പുരുഷന്മാരില്‍ ലൈംഗികദൗര്‍ബല്യം, തളര്‍ച്ച, ഉദ്ധാരണശേഷിക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ ശാരീരികമായ അനാരോഗ്യസ്ഥിതിവിശേഷങ്ങള്‍ക്ക് കാരണമാകുന്നു.
Featured Posts
bottom of page