top of page

ലജ്ജ

Feb 26

1 min read

ജോര്‍ജ് വലിയപാടത്ത്
Shame

ഇക്കാര്യം നാം മുമ്പ് ചർച്ചചെയ്ത് കാണണം. എങ്കിലും ഇക്കാര്യങ്ങളിലേക്ക് വീണ്ടും വീണ്ടും തിരിച്ചു പോകുന്നത് നല്ലതാണ്. എത്ര പറഞ്ഞാലും മതിയാവില്ലാത്തത്ര സംഗതികൾ ഉല്പത്തി പുസ്തകത്തിന്റെ ആദ്യ അധ്യായങ്ങളിൽ കഥാരൂപത്തിൽ അടക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ആദവും ഹവ്വയും ആദ്യമായി പാപം ചെയ്തപ്പോൾ അവർ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു എന്നാണ് നാം കാണുന്നത്. അവർ ദൈവത്തിൽ നിന്നാണ് ഒളിച്ചത്, തങ്ങളിൽ നിന്നല്ല. അവർ ലജ്ജിതരായിരുന്നു. തങ്ങളുടെ "നഗ്നത" വെളിപ്പെട്ടു എന്നാണ് അവർക്ക് തോന്നുന്നത്. ബാഹ്യമായ നഗ്നത അല്ല അതെന്ന് നമുക്കറിയാം. ലജ്ജ എന്നത് ഒരു സാമൂഹിക വികാരമാണ്. അവർ ലൈംഗികമായ പാപമാണ് ചെയ്തത് എന്ന് നമ്മളൊക്കെ തെറ്റിദ്ധരിക്കാൻ ഇടയാകുന്നത് അവർക്ക് ലജ്ജ അനുഭവപ്പെട്ടു എന്ന വളരെ ദാർശനികവും ദൈവശാസ്ത്രപരവുമായ യുക്തിയുടെ സാഹചര്യത്തിലാണ്. അത്തിയിലകൾ കുട്ടിത്തുന്നി അവർ നേരത്തേതന്നെ അരക്കച്ചയുണ്ടാക്കിയിരുന്നല്ലോ. അപ്പോൾ ബാഹ്യമായ നഗ്നതയോ അതിൽനിന്ന് ഉൽഭവിക്കുന്ന നാണമോ അല്ല അവർക്ക് അനുഭവപ്പെട്ടത് എന്നത് വ്യക്തമാണ്.


കുറ്റബോധവുമായി ബന്ധപ്പെട്ടതാണ് ലജ്ജ. ഒരാളുടെതന്നെ മൂല്യങ്ങൾക്കും നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവൃത്തി ഒരാൾചെയ്തു കഴിയുമ്പോൾ അയാളിൽ ഉണ്ടായിവരുന്ന വികാരങ്ങളാണ് കുറ്റബോധവും അതോടനുബന്ധിച്ചുള്ള ലജ്ജയും. ലജ്ജ ഒരു പരിധി വിട്ടാൽ കൂടുതൽ അപകടകരമാണ് എന്ന് മനശാസ്ത്രജ്ഞർ പറയും.


എന്തൊക്കെ പറഞ്ഞാലും ലഘുവായ അളവിൽ ലജ്ജ നല്ലതു തന്നെയാണ് എന്നെനിക്ക് തോന്നുന്നു. മറ്റുള്ളവരെ കബളിപ്പിച്ച് അവരുടെ സ്വത്ത് തട്ടിയെടുക്കുന്നതിലോ, സമൂഹം കൂടുതൽ മൂല്യം നൽകുന്ന തരത്തിൽ ജീവിക്കാനായി ദുഷ്ടവും ക്രൂരവുമായ വഴികളിലൂടെ പോലും സ്വത്തും ധനവും ആർജ്ജിക്കുന്നതിലോ, സ്വന്തം മാതാപിതാക്കളുടെ പണം പോലും കബളിപ്പിച്ചോ ബലപ്രയോഗത്തിലൂടെയോ നേടുന്നതിലോ എത്രയും സ്വാർത്ഥമായ രീതികളിൽ മറ്റുള്ളവരെ ഉപയോഗിക്കുന്നതിലോ ഇന്ന് പലർക്കും ലജ്ജ തോന്നുന്നില്ല എന്നുതോന്നുന്നു. ഒരു പാരമ്യത്തിൽനിന്ന് മറ്റേ പാരമ്യത്തിലേക്കാണോ നാമുൾപ്പെടുന്ന സമൂഹം ചലിച്ചുകൊണ്ടിരിക്കുന്നത്? അതിദ്രുതം മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യത്തിൽ ഏതേത് ഘടകങ്ങളാണ് നമ്മെ നാം ഉൾപ്പെടുന്ന പ്രശ്നജഡിലതയിൽ എത്തിച്ചിരിക്കുന്നത് എന്ന് ഇഴകീറി പറയാൻ കഴിയാത്തവിധം സങ്കീർണമായിരിക്കുന്നു കാര്യങ്ങൾ. ചലച്ചിത്രങ്ങളെയോ സോഷ്യൽ മീഡിയയെയോ ഇതര മാധ്യമങ്ങളെയോ, മയക്കുമരുന്ന് ലഭ്യതയെയോ ഒക്കെ നമുക്ക് പ്രതിസ്ഥാനത്ത് നിർത്താം എന്നതിൽ സംശയമില്ല. മൊത്തം ലോകത്തിന്റെ ചിന്താഗതികൾ മാറുന്നതും ആത്മീയ മൂല്യങ്ങൾക്ക് സംഭവിച്ച വിലയിടിവും തീർച്ചയായും കാരണങ്ങളാവാം. ഏതായാലും മൂല്യബോധനത്തിന്റെയും പേരൻ്റിങ്ങിൻ്റെയും കൂടുതൽ ഫലപ്രദവും പ്രായോഗികവുമായ മാർഗ്ഗങ്ങളെയും രീതികളെയും കുറിച്ച് ആഴമുള്ള ചർച്ചകളിൽ നമ്മുടെ സമൂഹം ഏർപ്പെടേണ്ടതുണ്ട്. അടിസ്ഥാനപരമായ മാനവിക മൂല്യങ്ങളും ജീവിത മൂല്യങ്ങളും നിർവചിക്കാനും ഒരു സമൂഹം എന്ന നിലയിൽ നാം മുന്നോട്ട് വരേണ്ടതുണ്ട് എന്ന് എനിക്ക് തോന്നുന്നു.

ജോര്‍ജ് വലിയപാടത്ത�്

0

78

Featured Posts

Recent Posts

bottom of page