
1- ലോക മഹായുദ്ധം കൊച്ചിയില്‍
കൊച്ചുതോമയും പാപ്പിയും കൊപ്ര വെയിലത്തിട്ട ശേഷമാണ് പ്രവര്‍ത്തിയാര്‍ ആപ്പീസില്‍ (Village Office) പോയത്. കരം തീര്‍ക്കണം, കൂട്ടത്തില്‍ സര്‍ക്കാരിന് കൊടുക്കുവാനുള്ള നെല്ല് ലെവി അല്പം കുറപ്പിയ്ക്കണം. പാട്ടഭൂമിയില്‍ നിന്ന് പാട്ടക്കാരനെ ഇറക്കി വിടാന്‍ പറ്റത്തില്ലെന്ന് മഹാരാജാവ് തിരുമനസ്സ് ആണ് കല്‍പന പുറപ്പെടുവിച്ചത്. പക്ഷേ, മേക്കാട്ട് തിരുമേനിക്ക് കൊടുക്കേണ് ടതു കൊടുത്തേ പറ്റു. അല്ലെങ്കില്‍ കൃഷിയിറക്കാന്‍ പറ്റത്തില്ല. അതുകൊണ്ടിപ്പോള്‍ രണ്ടു പാട്ടമാണ്: മേക്കാട്ട് തിരുമേനിക്കും മഹാരാജാവ് തിരുമനസ്സിനും.
പാപ്പിയെ പ്രവര്‍ത്തിയാര്‍ ആപ്പീസില്‍ കൂട്ടിനു കൊണ്ടുപോയതാണ്. കാരണം ആ ആപ്പീസിലെ ശിപായി സോമശേഖരന്‍ പാപ്പിയുടെ പരിചയക്കാരനാണ്. പേരു ഭയങ്കരമാണെങ്കിലും ആള് പാവമായിരുന്നു. യഥാര്‍ത്ഥത്തില്‍ അയാള്‍ പാപ്പിയുടെ വെറും പരിചയക്കാരനല്ലായിരുന്നു. സോമശേഖരന് പാപ്പിയോട് കടപ്പാടും വിധേയത്വവുമാണ് ഉണ്ടായിരുന്നത്. കള്ളുഷാപ്പില്‍ വച്ചുള്ള പരിചയം വെറും ലോഹ്യം അല്ലല്ലോ? അതിലുപരി കരുണാകരന്‍റെ പിടിയില്‍നിന്ന് സോമശേഖരനെ പാപ്പിയാണ് രക്ഷപ്പെടുത്തിയത്. കരുണാകരന്‍ ഒരു കരുണാരഹിതന്‍ ആയിരുന്നു. കുത്തിനുപിടിച്ചാല്‍ അടി തീര്‍ച്ച, അടിച്ചാല്‍ അടി കൊള്ളുന്നവന്‍ വീഴുന്നതുവരെ അടിക്കും. മേക്കാട്ട് തമ്പുരാന്‍റെ ചോറ്റുപട്ടാളത്തലവനാണ് കരുണാകരന്‍. മേക്കാട്ട് തമ്പുരാന്‍റെ ചോറ്റുപട്ടാളത്തലവന്‍ പ്രവര്‍ത്തിയാര്‍ ആപ്പീസിലെ ശിപായിയെക്കാള്‍ സമൂഹത്തില്‍ വലിയവനാണ്. സര്‍ക്കാര്‍ അംഗീകാരം ഇല്ലെന്നു മാത്രം. പാപ്പി ആരോഗ്യ ദൃഢഗാത്രന്‍ ആയിരുന്നെങ്കിലും വഴക്കാളി അല്ലായിരുന്നു. എത്ര മാത്രം പൂസായാലും സൗമ്യമായി മാത്രമേ സംസാരിക്കൂ. നയത്തില്‍ പറഞ്ഞിട്ട് കരുണാകരന്‍ അടങ്ങിയില്ല, അവസാനം കാലു പിടിച്ചാണ് സോമശേഖരനെ രക്ഷപെടുത്തിയത്. പാപ്പിയെ കൂട്ടിയതുകൊണ്ട് പ്രവര്‍ത്തിയാരാപ്പീസില്‍ ഗുണമുണ്ടായി. കൈമടക്ക് ഒന്നും കൊടുക്കാതെ പ്രവര്‍ത്തിയാര്‍ 25 കിലോ ലെവിയില്‍ നിന്ന് കുറച്ചു കൊടുത്തു. കൊച്ചുതോമായ്ക്ക് അത് വലിയൊരു നേട്ടമായിരുന്നു. കൊച്ചുതോമ പ്രവര്‍ത്തിയാരെ ഒന്ന് കണ്ടു, അത്രതന്നെ. പിന്നെ ബാക്കിയെല്ലാം സോമശേഖരന്‍ തന്നെയാണ് ശരിയാക്കി കൊടുത്തത്.
കൊപ്രാക്കളത്തില്‍ തിരിച്ചുവന്നപ്പോള്‍ കൊച്ചുതോമായുടെ മട്ടും ഭാവവും മാറി. ഉണങ്ങുന്നതിന് അനുസരിച്ച് പെറുക്കണം എന്ന് നാരായണന്‍ കുട്ടിയോട് പറഞ്ഞ് ഏല്‍പ്പിച്ചിട്ടാണ് പ്രവര്‍ത്തിയാരാപ്പീസില്‍ പോയത്. എന്നാല്‍ ഉണങ്ങിയ തേങ്ങ കൂടുതല്‍ ഉണങ്ങിയിരിക്കുന്നു. പ്രവര്‍ത്തിയാരാപ്പീസില്‍ കിട്ടിയ ലാഭം മുഴുവന്‍ നഷ്ടപ്പെട്ട പ്രതീതിയായിരുന്നു കൊച്ചുതോമയ്ക്ക്. അല്പം വെയില് കൂടുതല്‍ ആയിരുന്നതുകൊണ്ട് തരം അല്‍പ്പമൊന്ന് മാറി, അത്രതന്നെ. എന്നാല്‍ കുറ്റപ്പെടുത്തുവാന്‍ തുടങ്ങിയാല്‍ കൊച്ചുതോമ നിര്‍ത്തത്തില്ല.
"