top of page
അവളുടെ നാലുവയസ്സുകാരി മകള്‍ ഒരിക്കല്‍ അവളോടു ചോദിച്ചു.
"അമ്മേ... അമ്മയ്ക്ക് എന്നെ കല്യാണം കഴിച്ചുകൂടേ?"
"എന്താ മോളേ... ഇപ്പ ഇങ്ങനേ?"
"എല്ലാവരും കല്യാണം കഴിക്കുന്നവരുടെ കൂടെയല്ലേ താമസിക്കുന്നത്? അങ്ങനെയാകുമ്പോള്‍ എനിക്ക് എപ്പോഴും അമ്മയുടെ കൂടെ താമസിക്കാമല്ലോ?"
കുഞ്ഞുകൈകള്‍ ചേര്‍ത്തുവച്ച് അവളുടെ നെറുകയില്‍ ചുംബിച്ചുകൊണ്ട് അവള്‍ പറഞ്ഞു:"അമ്മ എപ്പോഴും നിന്‍റെ കൂടെയുണ്ടാകും". അവളുടെ സാമീപ്യം ഏവര്‍ക്കും ആനന്ദം നല്‍കുന്നു. ആ വീട്ടില്‍ എല്ലാവര്‍ക്കും ഇതൊക്കെത്തന്നെയാണ് അവളെക്കുറിച്ച് പറയാന്‍. അവള്‍ ആയിരിക്കുന്നിടത്ത് അവളുടെ ഇടം കണ്ടെത്തിയവളാണ്.
***
"അമ്മ ഇത് എന്ത് അത്ഭുതമായിരിക്കുന്നു"
"എന്താ മോളേ?"
"ഞാന്‍ ഇങ്ങനെയൊരു ഡ്രസ്സ് വാങ്ങിത്തരണമെന്ന് അമ്മയോട് പറയാനിരിക്കുകയായിരുന്നു".
"അമ്മയ്ക്ക് എങ്ങനെ മനസ്സിലായി എനിക്ക് ഈ ഡ്രസ്സ് ഇഷ്ടമാണെന്ന്?"
അവളുടെ മൂത്തമകള്‍"അതൊക്കെ എനിക്ക് മനസ്സിലാകും"."അമ്മ ഒരു സൈക്കോളജിസ്റ്റു തന്നെ".എല്ലാവരുടെയും മനസ്സ് അറിഞ്ഞ് പ്രവര്‍ത്തിക്കുവാന്‍ അവള്‍ക്ക് കഴിയും. മനസ്സ് വായിക്കാന്‍ കഴിയുന്ന അവളൊരു മനശ്ശാസ്ത്രജ്ഞ തന്നെ.
***
അവള്‍ ഒരു പുഴയാണ്... നിശ്ചലമാകാതെ എന്നും ഒഴുകുന്ന പുഴ. ചുറ്റും സമൃദ്ധി ചൊരിയുന്ന പുഴ. മാലിന്യങ്ങള്‍ കഴുകിക്കളയുന്ന പുഴ... ചുറ്റും പച്ചപ്പ് നല്‍കുന്ന പുഴ... ദാഹം ശമിക്കുന്ന പുഴ.
അവള്‍ക്ക് നന്മയുടെ സുഗന്ധമാണ്. ചുറ്റും പരിമളം പരത്തുന്ന അവള്‍ക്ക് പരിമള എന്നു പേരിട്ടാലോ?
അവള്‍ ഒരു തണല്‍വൃക്ഷമായി ശോഭിക്കുകയാണ്. തന്‍റെ വേരുകള്‍ ഈശ്വരനിലേക്ക് താഴ്ന്നിറങ്ങി ജലവും ലവണവും വലിച്ചെടുത്ത് അവള്‍ വളരുകയാണ്. അനേകം ജീവജാലങ്ങള്‍ക്ക് കൂടൊരുക്കി, ചുറ്റുമുള്ളവര്‍ക്ക് ശ്വാസമായി... തണലായി... ഒരു കാറ്റിനും തകര്‍ക്കാന്‍ കഴിയാത്ത വടവൃക്ഷമായി അവള്‍ വളരുകയാണ്.
വീടെന്ന സ്നേഹസാമ്രാജ്യത്തിലെ രാജ്ഞിയാണവള്‍... എങ്കിലും എവിടെയൊക്കെയോ അവള്‍ ദരിദ്രയാണ്... മറ്റുള്ളവര്‍ക്ക് വേണ്ടി വിളമ്പിയും, പരാതികളില്ലാതെ പരിഭവം ഇല്ലാതെ അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് പാചകം ചെയ്തും അവര്‍ക്കു വേണ്ടി ജീവിച്ച് അവളുടെ ഇഷ്ടങ്ങള്‍ അവള്‍ ഇന്ന് മറന്നിരിക്കുന്നു.
അവളുടെ ഹൃദയമിടിപ്പുകള്‍ ആ വീട്ടില്‍ എവിടെനിന്നാലും കേള്‍ക്കാം. വീടിനു ചുറ്റുമുള്ള ചെടികളില്‍ നിന്നു വരുന്ന സുഗന്ധം അവളുടെ വിയര്‍പ്പിന്‍റെ ഗന്ധമായിരുന്നു. അവള്‍ക്ക് അലങ്കരിക്കാന്‍ ഉണ്ടായിരുന്നത് ഒരു വേഷമായിരുന്നില്ല. ഓഫീസിലെത്തിയാല്‍ അവള്‍ ഓഫീസറായി. സൗഹൃദവലയത്തിലെത്തിയാല്‍ അവള്‍ സുഹൃത്തായി, വീട്ടില്‍ എത്തിയാല്‍ അമ്മയായി, മകളായി, സഖിയായി പല പല വേഷങ്ങളണിഞ്ഞ്, പല പല ഭാഷകള്‍ സംസാരിച്ചും. ""Women speeks two languges - one of which is verbal'' എന്ന് വില്യംഷേക്സ്പിയര്‍.അവള്‍ മുന്നേറുകയാണ്.
'ശിരസ്സിനു മുകളില്‍ ഹൃദയത്തെ പ്രതിഷ്ഠിച്ച് ഏവര്‍ക്കും ഒപ്പമുണ്ട്. മനസ്സിനെ ആര്‍ദ്രമാക്കുന്ന ഒരു സംഗീതമായ്... മുല്ലപ്പൂവിന്‍റെ സുഗന്ധമായ്... കുളിര്‍മ നല്‍കുന്ന കാറ്റായ്... ഒഴുകിയെത്തുന്ന പൂഞ്ചോലയായ്... തണല്‍ തരുന്ന വൃക്ഷമായൊക്കെ നിങ്ങള്‍ക്കും അവളെ കണ്ടെത്താം. ഒരു പക്ഷേ രൂപമില്ലാതെയും. മനുഷ്യനോടും പ്രകൃതിയോടും ഈശ്വരനോടും ബന്ധപ്പെട്ടുള്ള ഈ ജീവിതയാത്രയില്‍ തന്‍റെ ലക്ഷ്യം മറക്കാന്‍ അവള്‍ക്ക് കഴിയുന്നില്ല. "സൂക്ഷിച്ചു നോക്കിയാല്‍ നിങ്ങളുടെ കൈവെള്ളയില്‍ ആ താക്കോലുണ്ട്. ക്രിസ്തു പത്രോസിനു നല്കിയ താക്കോല്‍. സ്വര്‍ഗ്ഗനരകങ്ങളുടെ താക്കോല്‍ അങ്ങോട്ടു തിരിച്ചാല്‍ നരകം ഇങ്ങോട്ടു തിരിച്ചാല്‍ സ്വര്‍ഗ്ഗം" (ഓര്‍ഡിനറി - ബോബി ജോസ്).
തന്‍റെ കൈവശമുള്ള താക്കോല്‍ കണ്ടെത്തി ഇങ്ങോട്ടു തിരിച്ച് സ്വര്‍ഗ്ഗം ലക്ഷ്യമാക്കി അവള്‍ തന്‍റെ ജൈത്രയാത്ര തുടരുകയാണ്.
Featured Posts
bottom of page