
ലോകത്തിൻ്റെ പലയിടങ്ങളിലും വൈദിക-സന്ന്യാസ ജീവിതപന്ഥാവുകളിലേക്ക് മുമ്പത്തെക്കാൾ അല്പമെങ്കിലും അധികം ദൈവവിളികൾ ഇന്ന് കാണാനുണ്ട്. അതിന് നാം തീർച്ചയായും ദൈവത്തോട് നന്ദി പറയണം. അതേസമയം, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തലപൊക്കുന്ന അത്ര പ്രോത്സാഹനജനകമല്ലാത്ത പ്രവണതകളെ തിരിച്ചറിഞ്ഞിട്ടുള്ള ഫ്രാൻസിസ് പാപ്പാ പലപ്പോഴായി സെമിനാരി പരിശീലനത്തെക്കുറിച്ചും സെമിനാരിക്കാരെക്കുറിച്ചും പറഞ്ഞിട്ടുണ്ട്.
സെമിനാരി രൂപീകരണം എന്നത് കേവലം അറിവ് പകർന്നു നല്കുക എന്നതിനെക്കാൾ വ്യക്തിപരമായി യേശുവുമായി നേരിട്ടുള്ള ബന്ധത്തിനായി അവരെ ഒരുക്കൽ ആയിരിക്കണം എന്നദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. സെമിനാരിക്കാർക്ക് അടിസ്ഥാനപരമായി ഒരു ശുശ്രൂഷകൻ്റെ സേവകമനോഭാവതമാണ് ഉണ്ടായിരിക്കേണ്ടത് എന്നദ്ദേഹം നിർദ്ദേശിക്കുന്നുണ്ട്. അവർ പരിശുദ്ധാത്മാവിനോട് തുറവുള്ളവരും ആത്മാവിൻ്റെ കൈകളിലെ എളിമയുള്ള ഉപകരണങ്ങളുമായിരിക്കണം. വൈദിക-സന്ന്യാസാർത്ഥികൾ വൈകാരികവും മാനുഷികവുമായ പക്വതയാർജ്ജിക്കുവാൻ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കണം. ഉദാരതയും ഉത്സാഹവും പ്രാർത്ഥനാ ചൈതന്യവും സ്വന്തം പരിമിതികളെക്കുറിച്ച് അവബോധവും ഉള്ളവരായിരിക്കണം അവർ എന്നെല്ലാം പാപ്പാ പറയുന്നുണ്ട്. ഇപ്പറഞ്ഞതെല്ലാം വെറുതേ എന്തെങ്കിലും ആദർശം പറയാൻ വേണ്ടി പറഞ്ഞിട്ടുള്ളവയാണ് എന്നെനിക്ക് തോന്നുന്നില്ല. വളരെ കൃത്യമായ നിരീക്ഷണങ്ങളിലും ബോധ്യങ്ങളിലും നിന്നാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറയുന്നത്. അതുകൊണ്ടുതന്നെ, കൂടുതൽ ഗൗരവതരമായ ചർച്ചകളും പരിചിന്തനവും അവയെക്കുറിച്ച് ആവശ്യമുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.
സെമിനാരികളിൽ ഈയ്യിടെയായി സഭാപ്രബോധനങ്ങൾ, സഭാചരിത്രം, ലിറ്റർജി എന്നിവക്ക് പ്രാധാന്യം ഏറിയിട്ടുണ്ടെന്നാണ് മനസ്സിലാവുന്നത്. അവയെല്ലാം "പാരമ്പര്യം" എന്ന ഘടകത്തിൻ്റെ വിപുലീകരണങ്ങളേ ആവുന്നുള്ളൂ. ദൈവവചന -ദൈവശാസ്ത്ര പഠനങ്ങൾക്ക് മേല്പറഞ്ഞവയെക്കാളധികം ശ്രദ്ധ നല്കപ്പെടേണ്ടതുണ്ട്. അങ്ങനെ ചെയ്യുമ്പോഴും പാപ്പായുടെ നിരീക്ഷണത്തെ നാം അഡ്രസ്സ് ചെയ്യുന്നില്ല എന്നറിയണം. ദൈവസ്നേഹവും അതിൻ്റെ ക്രൈസ്തവ ആഭിമുഖ്യങ്ങളായ സഹോദര സ്നേഹം, ശത്രുസ്നേഹം, ദരിദ്രരോടും ദുർബലരോടുമുള്ള സ്നേഹം, നഷ്ടപ്പെട്ടവരോടുള്ള സ്നേഹം എന്നിവയിൽ വ്യക്തികളെ എങ്ങനെ വളർത്താം എന്നും സത്യസന്ധത, വിനയം, ഉദാരത എന്നിവയിൽ എങ്ങനെ അനുശീലിപ്പിക്കാം എന്നും കാര്യമായ പരിചിന്തനങ്ങൾ ആവശ്യമുണ്ട്.
ഇങ്ങനെയൊക്കെ പറയുമ്പോഴും നമ്മളാരും എല്ലാം തികഞ്ഞവരോ എന്തെങ്കിലും തികഞ്ഞവർ പോലുമോ അല്ല എന്ന് വിനയപൂർവ്വം ഏറ്റുപറയണം.
കാലം അതിദ്രുതം മുന്നോട്ടായുകയാണ്. വൈദ്യശാസ്ത്ര രംഗത്തോ, ഡിജിറ്റൽ സയൻസ്-നാനോ സയൻസ് മേഖലകളിലോ, കൃത്രിമ ബുദ്ധി ഉത്പാദന മേഖലയിലോ ലോകം എത്രകണ്ട് മുന്നേറുന്നുവോ, അത്രയുമധികം ആത്മീയമായ ആഴപ്പെടൽ മതാത്മക മേഖലയിൽ സംഭവിച്ചില്ല എന്നുവരികിൽ കാലഹരണപ്പെടൽ സ്വാഭാവികമായിരിക്കും.
ഒരു പ്രത്യയശാസ്ത്രവും ലോകത്തെ രക്ഷിക്കാൻ ത്രാണിയുള്ളതല്ല. പാശ്ചാത്യസഭയിലും ചില പൗരസ്ത്യ സഭകളിലും പാരമ്പര്യത്തിൻ്റെ പ്രത്യയശാസ്ത്രം ഇന്ന് ക്രിസ്തുവിന് ഉപരിയായി പിൻവാതില ിലൂടെ സ്ഥാനം നേടുന്നുണ്ടോ എന്ന് ഞാൻ ഭയപ്പെടുന്നു. ഭംഗിയുള്ള ചട്ടക്കൂടുകൾ ഉണ്ടാക്കാൻ അതിന് കഴിയും എന്ന കാര്യത്തിൽ സംശയമില്ല. വെറും പുറന്തോടുകളായി മാറിപ്പോവുകയാണോ നാം? പുതിയ കാലത്തെ മനുഷ്യരിൽ പുറന്തോടുകൾ ഓക്കാനമേ ഉണ്ടാക്കുന്നുള്ളൂ!