top of page

സിക്കാരിയൂസ് എന്ന കലാപകാരികള്‍

Aug 10, 2024

1 min read

മാത്യൂസ് ആര്‍പ്പൂക്കര

ബൈബിള്‍: വായിച്ചതും വായിക്കാത്തതും

An opened book

കഠാരധാരികള്‍, കൊലപാതകികള്‍ എന്നൊക്കെയാണ് സിക്കാരിയൂസ് എന്ന വാക്ക് അര്‍ത്ഥമാക്കുന്നത്. സിക്കാരിയൂസ് എന്നാല്‍ കലാപകാരികള്‍ (Assassins). മക്കേബിയന്‍ പാരമ്പര്യം നിലനിര്‍ത്തിയിരുന്ന ഒരു വിഭാഗം മതഭ്രാന്തന്മാരായിരുന്നു സിക്കാരിയൂസ്. ഇവര്‍ മേല്‍വസ്ത്രത്തിനടിയിലായി ഒരു കഠാര സൂക്ഷിച്ചിരുന്നു. ഇക്കൂട്ടരാകട്ടെ ധൈര്യശാലികളും അതിയായ ആത്മവിശ്വാസമുള്ളവരും മനസ്സാക്ഷിക്കുത്ത് ഇല്ലാത്തവരുമായിരുന്നു. റോമന്‍ പ്രഭുക്കന്മാരാണ് ഇവരുടെ ക്രൂരതയ്ക്ക് അധികവും ഇരയായി മാറിയത്.

വിശേഷാല്‍ ദിവസങ്ങളില്‍, പ്രത്യേകിച്ചു തിരുനാള്‍ ദിനങ്ങളില്‍ തിങ്ങിനിറഞ്ഞു നീങ്ങുന്ന ജനക്കൂട്ടവുമായി ഇഴുകിച്ചേര്‍ന്നു നടക്കുകയും തക്കംനോക്കി ആയുധപ്രയോഗം നടത്തുകയും ചെയ്യുകയായിരുന്നു ഇവരുടെ പതിവ്. പലസ്തീനായിലെ റോമന്‍ അധികാരികള്‍ സിക്കാരിയൂസുകളെ ഭയത്തോടെയായിരുന്നു കണ്ടിരുന്നത്. സിക്കാരിയൂസുകളുടെ ആക്രമണത്തിനെതിരെ റോമന്‍ അധികാരികളുടെ സേവകര്‍ എപ്പോഴും ജാഗരൂകരായിരുന്നുവെന്നു കാണാം. സിക്കാരിയൂസുകളുടെ ഉത്ഭവത്തെക്കുറിച്ചു ചരിത്രപരമായി വ്യക്തമായ തെളിവുകളില്ല. ക്വിരിനയോസിന്‍റെ ജനസംഖ്യ കണക്കെടുപ്പാണ് ഇവരുടെ ഉത്ഭവത്തിനിടയാക്കിയതെന്നു ചില പരാമര്‍ശങ്ങള്‍ ചരിത്രം വായിക്കുന്നുണ്ട്.

ശത്രുക്കളെ സഹായിച്ചതിന്‍റെ പേരില്‍ പ്രധാന പുരോഹിതനായ അന്നാസിന്‍റെ മകന്‍ ജോനാഥന്‍ ഇതേ സിക്കാരികളുടെ ക്രൂരതയ്ക്കിരയായി വധിക്കപ്പെട്ടെന്നു ചരിത്രം സാക്ഷിക്കുന്നു. ഗലീലിക്കാരനായ യൂമാസ് എ.ഡി. 7-ല്‍ ഒരു സംഘം കലാപകാരികളുടെ നേതൃത്വത്തില്‍ സിപ്ലോറിസില്‍ നടത്തിയ കലാപത്തിന്‍റെ അനന്തരഫലമായിരുന്നു അത്. ഫെലിക്സ്, റോമന്‍ ഗവര്‍ണറായിരുന്ന കാലത്ത് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വളരെയേറെ വ്യാപിച്ചിരുന്നു. അതിനാല്‍ ഫെലിക്സ് ഇവര്‍ക്കു നേരേ കഠിനവും ശക്തവുമായ ചില നീക്കങ്ങള്‍ നടത്തി.

ഇക്കൂട്ടര്‍ നിയമം കൈയിലെടുക്കുകയും യഹൂദയുദ്ധങ്ങളില്‍ പ്രമുഖസ്ഥാനം വഹിക്കയും ചെയ്തു. പില്‍ക്കാലത്ത് ഇവര്‍ ഈജിപ്തിലേയ്ക്കും കിറേനേയിലേക്കും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്ന നേര്‍ക്കാഴ്ചയുണ്ട്. യഹുദമതക്കാരായ ഇക്കൂട്ടരാണ് പൗലോസിനെ വധിക്കാന്‍ രണ്ടുപ്രാവശ്യം ഗൂഢാലോചന നടത്തിയതെന്ന് സംശയിക്കുന്നു.

മാത്യൂസ് ആര്‍പ്പൂക്കര

0

0

Featured Posts

Recent Posts

bottom of page