top of page

നിശ്ശബ്ദം

Dec 1, 2011

1 min read

വി. ജി. തമ്പി
A man sitting alone.

ഞാനാരുടെ ശബ്ദമെന്നറിയാതെ

ശബ്ദങ്ങളുടെ അറവുശാലയിലേയ്ക്ക്

ശബ്ദങ്ങളെ ചവച്ചു തിന്നുന്ന

ശബ്ദമൃഗമായി തെരുവിലിറങ്ങി.

നാവില്‍നിന്നും കാതില്‍നിന്നും

ഛേദിച്ചൊരവയവം കണക്ക്.

സ്നേഹിതനും ഒറ്റുകാരനും

വിശ്വാസിയും അവിശ്വാസിയും

ശബ്ദത്തിന്‍റെ പകര്‍ന്നാട്ടം.

ശബ്ദങ്ങളുടെ രാക്ഷസതിരകളില്‍

ചുഴറ്റിയെറിയപ്പെട്ട കവലകള്‍ കടന്ന്

ശബ്ദച്ചുഴിയില്‍ പലവട്ടം വീണ്

ശബ്ദദംശനമേറ്റ് നീലിച്ച്

ഇതാ എനിക്കു മുമ്പിലൊരു കാലം

ശബ്ദങ്ങളുടെ വെടിയേറ്റു മരിച്ച

കവികളുടെ അനാഥശവങ്ങള്‍ കണക്ക്.

ശബ്ദങ്ങള്‍ക്കിപ്പോള്‍ പല പണികള്‍

കൂട്ടികൊടുപ്പുകളിലാണ് രസം.

ശബ്ദങ്ങള്‍ക്കിപ്പോള്‍ സംഗീതമാകേണ്ട

മിനുങ്ങുന്ന തൊലി മതി ഇരുണ്ട ചുവടുകള്‍

പൊള്ളച്ച തൊണ്ട മാത്രം.

ഉച്ചഭാഷിണികളുടെ വന്യമായ വിശപ്പിന്

തീറ്റ കൊടുക്കുന്ന ശബ്ദക്കശാപ്പുകള്‍.

ശബ്ദിച്ചില്ലെങ്കില്‍, ഈശ്വരാ,

എന്നെയവര്‍ പലവട്ടം കൊല്ലും.

നിശ്ശബ്ദനായിരിക്കാന്‍

നിനക്കെന്തവകാശം?

ചോദിക്കുന്നു, തെരുവുതോറും പത്രം തോറും

പ്ലാറ്റ്ഫോമുകളില്‍.

ന്യൂസ് അവര്‍ തീരുംമുമ്പ്

പറയണം, ചേരണം

എതിര്‍ക്കണം, ഏതെങ്കിലും ചേരിയില്‍

പന്തംകൊളുത്തി കോലം കത്തിച്ച്

തൊണ്ടകളുടെ കത്തിയേറുകള്‍

ഭരണപക്ഷം എതിര്‍പക്ഷം

പെണ്‍പക്ഷം ദലിത് ബ്രാഹ്മണപക്ഷങ്ങള്‍...

ഞാന്‍ ശരി നീ തെറ്റ്

അമ്മ ശരി മകള്‍ തെറ്റ്

അതിനിടയിലൊന്നുമില്ല.

എഴുത്തുകാരാ, ഒപ്പ് വെയ്ക്ക്

ഇവിടെ ഈ പ്രസ്താവനയ്ക്ക് കീഴെ

മലയാളം അഭിമാനം

പാറശ്ശാലയില്‍നിന്നും ശബ്ദജാഥ വരുന്നു

അണിചേര്‍ന്നിരിക്കണം.

ഒച്ചകളുടെ ഇരമ്പല്‍.

ബധിരനായ ദൈവത്തെ കേള്‍പ്പിക്കാന്‍

അലറുന്ന ധ്യാനങ്ങള്‍.

ബുദ്ധാ, എന്തിനാണ്

നിന്‍റെ കാത് നീണ്ട് നീണ്ട് വളരുന്നത്?

രണ്ട് കരണത്തും അടിയേറ്റിട്ടും

കരയാത്തവനോട് മിണ്ടാത്തവനോട്

അണ്ണാക്കിലമര്‍ത്തി പറയിക്കുന്നത്?

കേള്‍ക്ക്, കേള്‍ക്ക് -

തെരുവിന്‍റെ നിലവിളികള്‍ ആര്‍പ്പുകളായി

വിരുന്നുമേശയിലേയ്ക്ക്

വാക്കുകള്‍ കത്തികളായി

ചോരയില്‍ കളിക്കുന്നത് കേള്‍ക്ക്, കേള്‍ക്ക്.

ഒച്ചയുടെ ബാബേല്‍

ഇങ്ങനെയാണ് ഇടിഞ്ഞു വീണത്.

ഈശ്വരാ,

ശബ്ദങ്ങളെ ഉരിഞ്ഞുമാറ്റി

ബധിരനാവുക എത്ര പ്രയാസം

വാക്കിനെ കീറിയാല്‍ കിട്ടും

എല്ലാ പിളര്‍പ്പുകളുടെയും വിസര്‍ജ്യം.

വെട്ടിനുറുക്കിയ തരുണനാദങ്ങള്‍

ശബ്ദാസുരന്മാരുടെ കൊഴുത്ത ചോരയില്‍.

പൂച്ചയ്ക്ക് എലിയുടെ ശബ്ദം

ആടിന് പുലിയുടേയും

കിടപ്പുമുറിയില്‍ ജാരമര്‍മ്മരങ്ങള്‍

കൊതുകകളുടെ മൂളലുകള്‍ക്കൊപ്പം.

തെരുവില്‍

പ്രസംഗങ്ങളുടെ ദീര്‍ഘസുരതം

വഴുക്കുന്ന വാക്കുകളില്‍

അളിയുന്നു ജീവിതങ്ങള്‍.

കവലകള്‍ തോറും

ശബ്ദങ്ങളുടെ രക്തദാഹത്തില്‍ വിളര്‍ത്ത്

സന്ധ്യയ്ക്ക്

ഉടലൊരു ചെവി മാത്രമായി

ഞാന്‍ തിരിച്ചെത്തി.

തുറക്കില്ല, ഞാനെന്‍റെ വാതില്‍.

നിശബ്ദതയുടെ എന്‍റെ ഇളംനാവ്

വെട്ടിനുറുക്കിയിട്ട ശബ്ദകൂമ്പാരത്തില്‍

ഇരുണ്ട തുളകളുള്ള ഏകാന്തതയില്‍

രക്തത്തിന്‍റെ ഒരു ചുവന്ന കണ്ണുനീര്‍തുള്ളി.

നിശ്ശബ്ദതയേക്കാള്‍

വലിയ ശബ്ദമെന്ത്?

ശബ്ദം വാര്‍ന്നുപോയ പുഴയുടെ

മണല്‍ത്തരിയാണ് ഞാന്‍

നിശ്ശബ്ദനായിരിക്കാന്‍

എനിക്കവകാശമുണ്ട്.

നിദ്രയ്ക്ക് സ്വപ്നം തിരിച്ചുകിട്ടട്ടെ,

ഭാഷയ്ക്ക് ധ്യാനവും.

Featured Posts

bottom of page