top of page

പാപവും പുണ്യവും കുറ്റവും ശിക്ഷയും

Jan 1, 2018

2 min read

ടോം മാത്യു
francis assisi and pope francis

"സഹോദരന്‍ ഫ്രാന്‍സിസ് നീ കൊടുംപാപിയാണ്. നിന്‍റെ പാപങ്ങള്‍ നിന്നെ നരകത്തിന് അര്‍ഹനാക്കിയിരിക്കുന്നു."(ഫ്രാന്‍സിസിന്‍റെ ആജ്ഞപ്രകാരം ലിയോ ഫ്രാന്‍സിസിനോടു പറഞ്ഞത്). 

പാപത്തെയും പുണ്യത്തെയും കുറിച്ച് എല്ലാക്കാലത്തും ഏകപക്ഷീയമായ കാഴ്ചപ്പാടാണുള്ളത്. ചിലര്‍ പാപികള്‍. ചിലര്‍ പുണ്യവാന്മാര്‍. ചിലര്‍ നല്ലവര്‍. ചിലര്‍ കെട്ടവര്‍. അങ്ങനെ കറുപ്പും വെളുപ്പുമായി നാം മനുഷ്യരെ വിഭജിക്കുന്നു. അവനെ/അവളെ കല്ലെറിയൂ എന്ന മുറവിളി ഉയരുന്നു. രണ്ടു വ്യത്യസ്ത തലങ്ങളില്‍, വ്യത്യസ്ത രീതികളില്‍ പാപിയും പുണ്യവാനും ജീവിക്കുന്നു. അവര്‍ക്ക് സമാനതകളില്ല. സഹവാസവുമില്ല.

ഈ ലോകവീക്ഷണം അട്ടിമറിച്ചത് യേശുവാണ്. പാപികളെ വിളിക്കാന്‍ വന്നവന്‍ പാപികള്‍ക്കൊപ്പം ജീവിച്ചു. പാപം ശാപമല്ല രോഗമാണെന്ന് അവിടുന്ന് ഭംഗ്യന്തരേണ സൂചിപ്പിച്ചു. ആരും പാപിയായി ജനിക്കുന്നില്ലെന്നും ഒരു 'വൈദ്യന്' ഭേദപ്പെടുത്താവുന്ന അസുഖമേ പാപിക്കുള്ളൂവെന്നും വിധിച്ച് യേശു പാപത്തെ അതിന്‍റെ ശാപാത്മകതയില്‍ നിന്നും മോചിപ്പിച്ചു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് തെല്ലൊരു പരിഹാസരൂപേണ വിധിച്ച് പാപം എല്ലാവരിലും ഒളിഞ്ഞുകിടക്കുന്നുവെന്നും പ്രാമാണ്യവും പണവും പല പാപികളെയും സംരക്ഷിക്കുന്നുവെന്നും അവിടുന്ന് പറഞ്ഞുവെച്ചു. സാമൂഹികവും രാഷ്ട്രീയവും മതപരവുമായ കാരണങ്ങളാല്‍ പാപികളും രോഗികളുമായ ഒരു വലിയ വിഭാഗം പുറന്തള്ളപ്പെട്ടവര്‍ക്ക് അവന്‍റെ വാക്കും നോക്കും നിലപാടും അക്കാലത്തുതന്നെ ആശ്വാസമേകി. അവരില്‍ കുഷ്ഠരോഗികളും വേശ്യകളും മുതല്‍ ഗോല്‍ഗോഥകളില്‍ അവനോടൊപ്പം കുരിശിലേറ്റിയ കുറ്റവാളിവരെ ഉള്‍പ്പെടും. 

പാപികള്‍ അതിനാല്‍ ശപിക്കപ്പെട്ടവരും രോഗികളും ദരിദ്രരുമാകുന്നു എന്ന അക്കാലത്തെ മത-സാമൂഹിക മേലാളരുടെ 'രാഷ്ട്രീയ' യുക്തിയെയാണ് യേശു അട്ടിമറിച്ചത്. അതൊരു വന്‍ വിപ്ളവമായിരുന്നു. ആ വിപ്ളവത്തിന്‍റെ അലയൊലികളടങ്ങും മുന്‍പ് അവന്‍റെ അനുയായികളെന്നവകാശപ്പെടുന്നവര്‍ തന്നെ പ്രതിവിപ്ലവത്തിലൂടെ 'ഈ ലോകത്തിനു' യോജിച്ച ശാപവീക്ഷണം പുനഃപ്രതിഷ്ഠിച്ചു. രാഷ്ട്രീയ മത സാമ്രാജ്യങ്ങള്‍ അതിന്മേല്‍ വാണു. അപ്പോഴാണ് ഫ്രാന്‍സിസ് സംഭവിക്കുന്നത്. ലോകം പുണ്യവാനായി കണ്ടപ്പോള്‍ അവന്‍ സ്വയം പാപിയായി പ്രഖ്യാപിച്ചു. ജീവിതവഴിയില്‍ 'സഹോദരന്‍ നന്മ' യ്ക്കൊപ്പം 'സഹോദരന്‍ തിന്മ' യെയും പങ്കുവച്ചു. നന്മയും തിന്മയും ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങള്‍ മാത്രമാണെന്ന് അവന്‍ സ്വയം ഉദാഹരിച്ചു. 

എല്ലാ ഹൃദയങ്ങളിലും മാലാഖമാരും പിശാചുക്കളും വസിക്കുന്നു. എന്നാല്‍ അഹംബോധം ഒരിക്കലും സ്വന്തം പ്രതിലോമഗുണത്തെ, തിന്മയെ അംഗീകരിക്കില്ല. പകരം അതിനെ ഒളിപ്പിക്കുന്നു. നിഷേധിക്കുക പോലും ചെയ്യുന്നു. തിന്മയും സ്വത്വത്തിന്‍റെ അവിഭാജ്യഘടകമാണെന്ന തിരിച്ചറിവില്‍ ആ പൂര്‍ണയാഥാര്‍ത്ഥ്യത്തിലേക്ക് ഫ്രാന്‍സിസ് സ്വയം വിമോചിപ്പിച്ചു.

തിന്മ വ്യക്തിത്വത്തിലെ അവിഭാജ്യഘടകമാണെന്ന് അംഗീകരിക്കുക അല്പവും എളുപ്പമല്ല. എന്നാല്‍ അഹംബോധം മരിക്കുമ്പോള്‍ ആ തിരിച്ചറിവ് ജനിക്കുന്നു. ആ തിരിച്ചറിവ് സമഗ്രമായിരിക്കും. അത് സ്വന്തം സ്വത്വത്തിലെ സത്യം തിരിച്ചറിയും.  ദൈവത്തിനു മുന്നില്‍ താന്‍ പാപിയാണെന്ന് തിരിച്ചറിയും. തന്നിലെ തിന്മയെ അംഗീകരിക്കുക വഴി തനിക്കുമേല്‍ വിജയം നേടി ഫ്രാന്‍സിസ് പരിത്യാഗത്തിന്‍റെ വഴിയിലെ പരമോന്നതലക്ഷ്യം കണ്ടു. ദരിദ്രരില്‍ ദരിദ്രനെ സേവിക്കാനും കുഷ്ഠരോഗി കഴിക്കുന്ന അതേ ഭക്ഷണം കഴിക്കാനും ദുരിതമനുഭവിക്കുന്നവരുടെ സേവകനാകാനും അവന് കഴിഞ്ഞതത് അതുകൊണ്ടാണ്. 

പാപികളും കുറ്റവാളികളും എക്കാലത്തും സമൂഹത്തിലെ കീഴാളവര്‍ഗമാണ്. ആ വ്യവസ്ഥ അങ്ങനെ തന്നെ നിലനിര്‍ത്തേണ്ടത് വ്യവസ്ഥിതിയുടെ ആവശ്യവുമാണ്. പാപവും കുറ്റവുമൊന്നും തികച്ചും വ്യക്തിഗതങ്ങളല്ല. ചരിത്രവും ഭൗതികശക്തികളും ചേര്‍ന്നാണ് ഒരു മനുഷ്യന്‍റെ ഭാഗധേയം നിര്‍ണയിക്കുന്നത്, ഒരുവനെ നല്ലവനോ, കെട്ടവനോ, കുറ്റവാളിയോ, മാന്യനോ ഒക്കെ ആക്കിത്തീര്‍ക്കുന്നത്. അതിനാല്‍ അവയൊക്കെ കേവലം ആത്മീയതലത്തില്‍ മാത്രം പരിഹരിക്കാന്‍ കഴിയില്ല. 

ഭൗതികസാഹചര്യങ്ങള്‍ മനുഷ്യരാശിക്കാകെ മാന്യമായ ജീവസന്ധാരണത്തിന് ഉതകുന്നതാകുമ്പോള്‍ മാത്രമേ ആത്മീയതയ്ക്ക് രംഗപ്രവേശം ചെയ്യാന്‍ കഴിയൂ. അതുകൊണ്ടാവാം യേശു ഇവിടുത്തെ സ്വര്‍ഗരാജ്യത്തെക്കുറിച്ച് വാചാലനായത്. 

ചരിത്രത്തില്‍ ഇന്നോളം നടന്നതും ഇപ്പോള്‍ നടക്കുന്നതുമായ എല്ലാ പാതകങ്ങള്‍ക്കും മനുഷ്യരാശി  ഒന്നാകെ ഉത്തരവാദികളാണ്. ഒരാളെ കഴുവേറ്റിയോ തുറുങ്കിലടച്ചോ ഒരു പാതകത്തിന്‍റെ കറ കഴുകിക്കളയാമെന്നു വിചാരിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിനു തുല്യമാണ്. ജനശ്രദ്ധ പിടിച്ചുപറ്റിയ പാതകങ്ങളില്‍ കുറ്റവാളികളെ കഴുവേറ്റണമെന്ന മുറവിളി ഇപ്പോള്‍ പൊതുവേയുണ്ട്. അതില്‍ ചിലപ്പോള്‍ നീതിപീഠങ്ങളും വീണുപോകുന്നില്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നീതി നിറവേറി എന്ന ഉദ്ഘോഷങ്ങളോടെ കോടതിവിധികള്‍ വരുന്നു. ഒരു ജീവനു പകരം മറ്റൊരു ജീവനില്‍ നീതി നടപ്പാകുന്നു - കാട്ടുനീതി. അപ്പോഴും യഥാര്‍ത്ഥ കുറ്റവാളി മറഞ്ഞിരുന്നു ചിരിക്കുന്നു - വ്യവസ്ഥിതി.        

Featured Posts

Recent Posts

bottom of page