
ഏറെ നാളുകൾക്കുശേഷം കണ്ടു മുട്ടിയ ഒരു പഴയ സുഹൃത്താണ്. കുശലന്വേഷണങ്ങൾക്കു ശേഷം കുടുംബത്തെപ്പറ്റി ചോദിച്ചു. പെട്ടെന്ന് ഒരു മ്ലാനത അയാളുടെ മുഖത്തു നിഴലിക്കുന്നതാണു കണ്ടത്. ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബം. ആഡംബരമോ സുഭിക്ഷതയോ ഇല്ലെങ്കിലും ഞെരുക്കമില്ലാതെ കഴിഞ്ഞു പോന്നിരുന്നു. അധ്വാനിച്ചു ജോലിചെയ്‌തു, കുടുംബത്തെ പോറ്റുവാൻ മൂത്ത മകൻ പ്ലസ്ടു വരെ പഠിച്ച്, ഒരു ചെറിയ ജോലി സമ്പാദിച്ചു. ഇളയ രണ്ടുപേർ പെൺകുട്ടികളാണ്. ഒരുവൾ പ്ലസ് വണ്ണിലും മറ്റവൾ 9-ാം ക്ലാസ്സിലും പഠിക്കുന്നു. അങ്ങനെ സന്തുഷ്‌ടമായ കുടുംബ ജീവിതമായിരുന്നെങ്കിലും, അപ്രതീക്ഷിതമായിട്ടാണ് ഒരു വലിയ തകർച്ച അനുഭവപ്പെട്ടിരിക്കുന്നത്. മകൻ കുറച്ചു ദുരെയുള്ള ഒരു ധ്യാന കേന്ദ്രത്തിൽ പോയി പരിപാടിയിൽ പങ്കെടുത്തു തിരിച്ചു വന്നത് മാനസിക നിലതെറ്റിയാണ്. ജോലിക്കു പോകാൻ താല്‌പര്യമില്ല. ഉച്ചത്തിലുള്ള പ്രാർത്ഥനകളും പാട്ടുകളും ഹല്ലേലുയ്യാ വിളികളുമായി മുറിയിൽ തന്നെ ഇരിപ്പാണ്. അടുത്തുള്ള ഒരു കൗൺസിലറുടെ അടുത്തുകൊണ്ടുപോയി. പ്രാർത്ഥനയിലൂടെ പ്രവചനവരവും ദൈവികജ്ഞാനവും കിട്ടിയിട്ടുള്ള ആളെന്നു പരക്കെ അറിയപ്പെടുന്ന, ആധ്യാത്മിക പരിവേഷമുള്ള വ്യക്തിയാണ്. അദ്ദേഹം കുറെനേരം മൗനമായി പ്രാർത്ഥിച്ചു പറഞ്ഞു, പൂർവ്വികരുടെ പാപങ്ങൾക്കു ദൈവം നല്‌കിയിരിക്കുന്ന ശിക്ഷയാണ് മകനെ ബാധിച്ചിരിക്കുന്ന രോഗം. അതിൽ നിന്നു മോചനം ലഭിക്കണമെങ്കിൽ. 21 ദിവസം അടുപ്പിച്ചു പ്രാർത്ഥനകളും തപക്രിയകളും അനുഷ്ഠിക്കുന്നതോടൊപ്പം, 11 ദിവസത്തെ ആരാധന നടത്തിക്കയും 99 കുർബാനകൾ ചൊല്ലിക്കയും വേണം. ഇതു ചെയ്‌തില്ലെങ്കിൽ മകൻ്റെ രോഗം ഒരിക്കലും മാറുകയില്ലത്രേ. മോചനം കിട്ടാതെ അലയുന്ന പൂർവ്വികരുടെ ആത്മാക്കൾ മകനെ തുടർന്നു പീഡിപ്പിച്ചുകൊണ്ടേയിരിക്കും. മകനെ എങ്ങനെയെങ്കിലും രക്ഷിക്കാൻവേണ്ടി കുർബാനകൾ ചൊല്ലിക്കാനും ആരാധന നടത്തിക്കാനും ആവശ്യമായ പണം സ്വരൂപിക്കാൻ പണിപ്പെട്ടു നടക്കുകയാണ് സുഹൃത്ത് !
ദൈവത്തെപ്പറ്റിയും പൂർവികരുടെ പാപങ്ങളെപ്പറ്റിയും വിശുദ്ധ കുർബാനയെപ്പറ്റിയുമുള്ള ഒരു പാട് തെറ്റിദ്ധാരണകളാണ് ഇവിടെ കടന്നുകൂടിയിരിക്കുന്നത്. ഇന്നു വളരെയേറെ വിശ്വാസികൾ ഇങ്ങനെയുള്ള തെറ്റിദ്ധാരണകളിൽപെട്ട് കഷ്ടപ്പെടുന്നുണ്ട്. അങ്ങനെ തെറ്റിദ്ധാരണകളിൽ പെടുത്തുന്ന വൈദികരും അവൈദികരുമായ കൗൺസിലർമാരും ധാരാളമുണ്ട്. അതിനാൽ ഇവയെക്കുറിച്ചുള്ള ഒരു പരിചിന്തനം ഉപകാരപ്രദമായിരിക്കുമല്ലോ?
ദൈവത്തെപ്പറ്റി വളരെ ഗൗരവമേറിയ തെറ്റിദ്ധാരണയും അപവാദവുമാണ് ഈ കൗൺസിലർമാർ പ്രചരിപ്പിക്കുന്നതെന്നു പറയാതെ വയ്യ. പൂർവ്വികരുടെ പാപങ്ങൾക്കു പിൻതലമുറയിലുള്ളവരെ ദൈവം ശിക് ഷിക്കുന്നുവെന്നു പറയുന്നതിന് ആധാരമായി അവർ ചൂണ്ടിക്കാണിക്കുന്നത് മോശയ്ക്കു പത്തു പ്രമാണങ്ങൾ നല്‌കിയപ്പോൾ, പ്രതിമകളെ നിർമ്മിക്കയും അവയെ ആരാധിക്കയും ചെയ്യുന്നതിനെ വിലക്കിക്കൊണ്ട് ദൈവം അരുളിച്ചെയ്ത വാക്കുകളാണ്:
"മുകളിൽ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിൻ്റെയും പ്രതിമയോ സ്വരൂപമോ നീ നിർമ്മിക്കരുത്: അവയ്ക്കു മുമ്പിൽ പ്രണമിക്കയോ അവയെ ആരാധിക്കയോ ചെയ്യരുത്. എന്തെന്നാൽ, ഞാൻ, നിൻ്റെ ദൈവമായ കർത്താവ്, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങൾക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാൻ ശിക്ഷിക്കും. എന്നാൽ, എന്നെ സ്നേഹിക്കുകയും എൻ്റെ കല്പ്‌പനകൾ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകൾ വരെ ഞാൻ കരുണ കാണിക്കും" ( പുറ. 20:4-6).
ശിക്ഷയെപ്പറ്റി ഇവിടെ പറഞ്ഞിരിക്കുന്ന വാക്കുകളുടെ ആവർത്തനം തന്നെയാണ് ഏറെക്കുറെ പുറ. 34:7; നിയ 5:9, സംഖ്യ 14:38 എന്നീ വാക്യങ്ങളിലും നാം കാണുന്നത്. ദൈവത്തിൻ്റെ അപാരമായ കാരുണ്യത്തെയും ക്ഷമാശീലത്തെയുംപറ്റി ഈ വാക്യങ്ങളിലെല്ലാം വി. ഗ്രന്ഥകാരൻ എടുത്തു പറയുന്നുമുണ്ട്. ദൈവം കാരുണ്യവാനും ക്ഷമാശീലനുമാകയാൽ ദൈവത്തെ നിന്ദിക്കുകയും ചെയ്യുന്നത് നിസ്സാരകാര്യമായി തള്ളിക്കളയാനുള്ള പ്രലോഭനമുണ്ടാകുമെന്നതിനാൽ, അതിനെതിരേയുള്ള ശക്തമായ ഒരു മുന്നറിയിപ്പാണ് വി. ഗ്രന്ഥകാരൻ നല്കുന്നത്. പൂർവ്വികരുടെ പാപങ്ങൾക്ക് അവരുടെ മക്കളെയും, മക്കളുടെ മക്കളെയുമൊക്കെ ദൈവം ശിക്ഷിക്കുമെന്ന അർത്ഥമല്ല ഈ വാക്യത്തിനുള്ളത്.
മാതാപിതാക്കളുടെ തെറ്റുകൾ പലപ്പോഴും മക്കൾ കണ്ടുപഠിക്കുന്നു. മാതാപിതാക്കളെ അനുകരിച്ച് അവരും തെറ്റുചെയ്യുന്നു. അങ്ങനെ ചെയ്യുമ്പോൾ അവരും ശിക്ഷിക്കപ്പെടുന്നു എന്ന സത്യമാണ് വി. ഗ്രന്ഥകാരൻ ഇവിടെ ഉദ്ദേശിക്കുന്നത്. തിന്മയുടെ സ്വാധീനം ദുർമാതൃകയിലൂടെയും, ചിലപ്പോൾ പൈതൃകമായ വാസനയിലൂടെയും പിൻതലമുറകൾക്കും അനുഭവപ്പെടാമെന്നത് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു സത്യമാണ്. അതുപോലെ തന്നെ മാതാപിതാക്കൾ ചെയ്യുന്ന ചില തെറ്റുകളുടെ ഫലം മക്കൾ അനുഭവിക്കേണ്ടി വന്നേക്കും. ഉദാഹരണമായി, മദ്യപാനത്തിലൂടെ കുടുംബസ്വത്തെല്ലാം നശിപ്പിച്ച അപ്പൻ്റെ മക്കൾ പട്ടിണി കിടക്കേണ്ടിവന്നേക്കാം. മദ്യപാനിയുടെ മക്കൾ എന്ന ദുഷ്പേര് അനുഭവിക്കേണ്ടിവന്നേക്കാം. അനീതി പ്രവർത്തിച്ച് അപ്പൻ ആർജ്ജിച്ച സ്വത്ത് അനുഭവിക്കുന്ന മക്കൾക്ക് അതു ശരിയായ ഉടമസ്ഥനോ അനന്തരാവകാശികൾക്കോ തിരിച്ചുകൊടുക്കാനും നഷ്ടപരിഹാരം ചെയ്യാനും കടമയുണ്ട്. അതു ചെയ്യുന്നില്ലെങ്കിൽ അത് അവരുടെ വ്യക്തിപരമായ തെറ്റും പാപവുമാണ്. അതിനുള്ള ശിക്ഷ അവർ അനുഭവിക്കേണ്ടിവരും,
പാപമെന്നത് ഓരോരുത്തരും സ്വതന്ത്രമായ മനസ്സോടും സമ്മതത്തോടുംകൂടി ചെയ്യുന്ന തെറ്റാണ്. മക്കളുടെ അറിവോ സമ്മതമോ കൂടാതെ അവരിലേക്കു മാതാ പിതാക്കളുടെ പാപം ഒരിക്കലും കടന്നുചെല്ലുകയില്ല. അതുപോലെ തന്നെ, ഒരാൾ ചെയ്യുന്ന പാപത്തിൻ്റെ ശിക്ഷ ഒരിക്കലും മറ്റൊരാൾ അനുഭവിക്കേണ്ടിവരികയില്ല. മാതാപിതാക്കൾ ചെയ്യുന്ന തെറ്റിന് ദൈവം മക്കളെയും അവരുടെ മക്കളെയുമൊക്കെ ശിക്ഷിക്കുമെന്നു പറയുന്നത് ദൈവത്തെ ഭയങ്കരമായി തെറ്റിദ്ധരിക്കയാണ്, അവിടുത്തെപ്പറ്റി പറയുന്ന അപവാദമാണ്. മനുഷ്യരുടെ ഇടയിൽതന്നെ ഒരാളുടെ തെറ്റിനു മറ്റൊരാളെ ശിക്ഷിക്കുന്നത് ഗൗരവമായ അനീതിയാണെന്ന് എല്ലാവരും സമ്മതിക്കും. അപ്പോൾ സർവ്വനന്മസ്വരൂപനും അനന്തനീതിമാനുമായ ദൈവം അങ്ങനെ ചെയ്യുമെന്നു നമുക്കൊരിക്കലും പറയാനാവില്ലല്ലോ
പുറപ്പാട് 20:5-6 ഉം സമാന്തരവാക്യങ്ങളും ഇസ്രായേൽക്കാർക്കിടയിൽ ചിലരും തെറ്റിദ്ധരിക്കയുണ്ടായി. ഈ തെറ്റിദ്ധാരണയിൽ നിന്നുളവായ ഒരു പഴഞ്ചൊല്ലായിരുന്നു. “പിതാക്കന്മാർ പുളിക്കുന്ന മുന്തിരിങ്ങ തിന്നു, മക്കളുടെ പല്ല് പുളിച്ചു" എന്നത്. എസെക്കിയേൽ പ്രവാചകനിലൂടെ ദൈവം തന്നെ ഈ തെറ്റിധാരണ തിരുത്തുന്നുണ്ട്:
"കർത്താവ് എന്നോട് അരുളിച്ചെയ്തു. പിതാക്കന്മാർ പുളിക്കുന്ന മുന്തിരിങ്ങ തിന്നു, മക്കളുടെ പല്ലു പുളിച്ചു എന്ന് ഇസ്രായേൽ ദേശത്തെക്കുറിച്ചുള്ള ഈ പഴമൊഴി നിങ്ങൾ ഇപ്പോഴും ആവർത്തിക്കുന്നതെന്തിന്? ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു. ഞാനാണേ, ഈ പഴമൊഴി ഇനിയൊരിക്കലും ഇസ്രായേലിൽ നിങ്ങൾ ആവർത്തിക്കയില്ല. എല്ലാവരുടെയും ജീവൻ എൻ്റേതാണ്. പിതാവിൻ്റെ ജീവനെന്ന പോലെ പുത്രൻ്റെ ജീവനും എനിക്കുള്ളതാണ്. പാപം ചെയ്യുന്നവൻറെ ജീവൻ നശിക്കും ... പിതാവിൻ്റെ ദുഷ്‌ടതകൾക്കുള്ള ശിക്ഷ പുത്രൻ അനുഭവിക്കാത്തതെന്ത് എന്നു നിങ്ങൾ ചോദിച്ചേക്കാം. പുത്രൻ നിയമാനുസ്യതവും ന്യായപ്രകാരവും വർത്തിക്കുകയും എൻ്റെ കല്പനകൾ അനുസരിക്കുന്നതിൽ ശ്രദ്ധവെയ്ക്കുകയും ചെയ്‌താൽ അവൻ തീർച്ചയായും ജീവിക്കും. പാപം ചെയ്യുന്നവൻ മാത്രമായിരിക്കും മരിക്കുക. പുത്രൻ പിതാവിൻ്റെ തിന്മകൾക്കുവേണ്ടിയോ, പിതാവ പുത്രൻ്റെ തിന്മകൾക്കുവേണ്ടിയോ ശിക്ഷിക്കപ്പെടുകയില്ല" (എസെ. 18:1-4, 19-20).
അങ്ങനെ വ്യക്തമായും ശക്തമായും വി. ഗ്രന്ഥം തന്നെ ഈ തെറ്റിദ്ധാരണയെ തിരുത്തിയെങ്കിലും, ഇന്നും ചിലർ രോഗങ്ങളെയും ദൗർഭാഗ്യങ്ങളെയും പൂർവ്വികരുടെ പാപങ്ങൾക്കു ദൈവം നല്കുന്ന ശിക്ഷയായി ചിത്രീകരിക്കുന്നു! ദൈവം നീതിരഹിതനാണെന്നു കാണിച്ചുകൊണ്ട്. അവിടുത്തെപ്പറ്റി പറഞ്ഞുപരത്തുന്ന ഗൗരവമേറിയ അപവാദപ്രചരണമാണിത്. അതുപോലെതന്നെ, വേദനിക്കുന്ന മനുഷ്യരുടെ നേർക്കുള്ള ഉത്തരവാദിത്വരഹിതമായ പെരുമാറ്റമാണിത്,
പൂർവ്വികരുടെ പാപങ്ങൾക്കു പിൻതലമുറക്കാരെ ദൈവം ശിക്ഷിക്കുന്നുവെന്നു പറയുന്നതുമാത്രമല്ല തെറ്റിദ്ധാരണ. ദൈവം മനുഷ്യരെ ശിക്ഷിക്കുന്ന വെന്നു പറയുന്നതുതന്നെ ഒരു തെറ്റിദ്ധാരണയാണ്. ഇതേപ്പറ്റി മുൻപ് അസ്സീസിയിൽ തന്നെ എഴുതിയിരുന്നല്ലോ (ദൈവം ശിക്ഷിക്കുമോ ). പാപത്തിനു ശിക്ഷയുണ്ട് എന്നതു ശരിയാണ്. എന്നാൽ, പാപത്തിനുള്ള ശിക്ഷ പാപത്തിൽത്തന്നെയാണ് അടങ്ങിയിരിക്കുന്നത്. അതു വെളിയിൽ നിന്ന് ആരും ഏല്പിക്കുന്ന ശിക്ഷയല്ല. ദൈവത്തിൽ നിന്നും സ്വസഹോദരങ്ങളിൽ നിന്നുമുള്ള അകൽച്ചയാണ് പാപം. ആ അകൽച്ച തിരുത്തി ദൈവത്തോടും സഹോദരങ്ങളോടും അടുക്കുന്നില്ലെങ്കിൽ, അനുരഞ്ജനപ്പെടുന്നില്ലെങ്കിൽ, ആ അകൽച്ചയിൽ തന്നെ പാപി നിലനില്ക്കുന്നു. അനുതപിച്ചു മാനസാന്തരപ്പെടാതെ അന്ത്യംവരെ ആ അകൽച്ചയിൽ നിലനില്ക്കുകയും അങ്ങനെ മരിക്കയും ചെയ്താൽ, ആ അകൽച്ച നിത്യമായിത്തീരുന്നു. ദൈവത്തിൽ നിന്നും സ്വസഹോദരങ്ങളിൽ നിന്നുമുള്ള നിത്യമായ ഈ അകൽച്ചയാണ് നിത്യശിക്ഷ, നിത്യനരകം. അതു മനുഷ്യൻ സ്വയം ഏല്പിക്കുന്ന ശിക്ഷയാണ്, ദൈവം നല്‌കുന്ന ശിക്ഷയല്ല. ദൈവം ആരേയും ശിക്ഷിക്കുന്നില്ല എന്നതത്രേ വാസ്തവം. അവിടുന്നു ശിക്ഷിക്കുന്ന
ദൈവമല്ല, രക്ഷിക്കുന്ന ദൈവമാണ്.
പൂർവ്വികരുടെ ആത്മാക്കൾ ശാന്തി കിട്ടാതെ അലഞ്ഞുതിരിയുകയും പിൻതലമുറക്കാരെ രോഗങ്ങളും ദൗർഭാഗ്യങ്ങളും വഴി ദ്രോഹിക്കുകയും ചെയ്യുന്നുവെന്നത് മറ്റു ചില മതവിശ്വാസികളിൽ നിന്നു കടംകൊണ്ട് ഒരന്ധവിശ്വാസവും തെറ്റിദ്ധാരണയുമാണ്. ക്രൈസ്തവവിശ്വാസത്തിന് ഒട്ടും നിരക്കുന്നതല്ല ഈ ചിന്താഗതി. ബൈബിൾ പണ്ഡിതനും ദൈവശാസ്ത്രജ്ഞനുമായ ഡോ. മൈക്കിൾ കാരിമറ്റം എഴുതിയ "ആത്മാക്കളുടെ ലോകം ബൈബിളിൻ്റെ വെളിച്ചത്തിൽ" (Divine Retreat Centre, Muringoor 2005) ഈ വിഷയത്തിൽ നമ്മെ പ്രബുദ്ധരാക്കാൻ പോരുന്ന ഒരുത്തമഗ്രന്ഥമാണ്. കൗൺസിലർമാരെങ്കിലും ഈ പുസ്‌ത കം, വിശിഷ്യ 23 മുതൽ 14 വരെയുള്ള പേജുകൾ, അവശ്യം വായിച്ചിരിക്കേണ്ടതാണ്.
അസുഖങ്ങളെയും ആപത്തുകളെയുമൊക്കെ പൂർവ്വികരുടെ പാപങ്ങൾക്കുള്ള ശിക്ഷയായി കാണുന്നത് ഒരു കുടുംബത്തിലെ പൂർവ്വികരോടും ജീവിച്ചിരിക്കുന്ന അവരുടെ പിൻതലമുറക്കാരോടുമുള്ള അവഹേളനമാണെന്നു പറയേണ്ടിയിരിക്കുന്നു. മരിച്ചുപോയ പൂർവ്വികരെക്കുറിച്ചുള്ള അപവാദം ഗൗരവമേറിയ തെറ്റുതന്നെയാണ്. കുടുംബത്തിൻ്റെ സൽപ്പേരിനു കളങ്കം വരുത്തുന്നതും ജീവിച്ചിരിക്കുന്ന പിൻതലമുറക്കാരുടെ പോക്കറ്റുകൾ പിഴിയുന്നതും അനീതീയാണല്ലോ,
വി. കുർബാനയെപ്പറ്റിയും ഗൗരവമേറിയ തെറ്റിദ്ധാരണകളാണ് ഈ കൗൺസിലർമാർ പരത്തുന്നത്. യേശുവിൻ്റെ ജീവിതബലിയുടെ ആചരണമാണ് വി. കുർബാന. വി. കുർബാനയാചരണത്തിൽ പങ്കുകൊണ്ട് യേശുവിനെപ്പോലെ നമ്മുടെ ജീവിതവും ബലിയായി പിതാവിന് അർപ്പിക്കുകയും, നമ്മുടെ സഹോദരങ്ങൾക്കു വേണ്ടി ജീവിക്കാനും സ്വയം ചെലവഴിക്കാനും പ്രതിബദ്ധരാകുകയും ചെയ്യുന്നതിനാണ് യേശു വി. കുർബാന സ്ഥാപിച്ചതും നമ്മൾ അത് ആചരിക്കുന്നതും. അല്ലാതെ, ചില പരിഹാരക്രിയകൾക്കുള്ള മാന്ത്രിക കർമ്മങ്ങളല്ല വി.കുർബാനയും വി. കുർബാനയുടെ ആരാധനയും. പൂർവ്വികരുടെ പാപങ്ങൾക്കുവേണ്ടി പണം കൊടുത്ത ചെയ്യിക്കാവുന്ന പരിഹാരക്രിയകളായി കുർബാന ചൊല്ലിക്കലും കുർബാനയാരാധന നടത്തിക്കലും അധഃപതിപ്പിക്കുകയാണ് ഈ കൗൺസിലർമാർ. വി. കുർബാനയാചരണത്തിൽ പങ്കെടുക്കാനാണു പറഞ്ഞിരുന്നതെങ്കിൽ, അത് ഏറെക്കുറെ മനസ്സിലാക്കാമായിരുന്നു. എന്നാൽ, ഇന്നു നിർദ്ദേശം ലഭിക്കുന്നത് ഗ്രിഗോരിയൻ കുർബാനകൾ (30 ദിവസം അടുപ്പിച്ച് ആഘോഷിക്കേണ്ട കുർബാനകൾ) ചൊല്ലിക്കാനും, എൻ്റെ സുഹൃത്തിൻ്റെ കൗൺസിലർ പറഞ്ഞതുപോലെ, "99 കുർബാനകൾ" ചൊല്ലിക്കാനുമൊക്കെയാണ്. അതുപോലെ പണം കൊടൂത്ത് ആരാധന നടത്തിക്കാനും.
വി കുർബാനയുടെ ആരാധനയിൽ പങ്കെടുക്കുന്നത് അർത്ഥവത്തായ ഒരു ഭക്താഭ്യാസം തന്നെ. അതിനുപകരം, പണം കൊടുത്ത് ആരാധന നടത്തിക്കുക, ഇന്നു പൂർവ്വികരുടെ പാപങ്ങൾക്കു പരിഹാരമായും ഉദ്ദേശ്യകാര്യസിദ്ധിക്കായും പല കൗൺസിലർമാരും നിർദ്ദേശിക്കുന്ന ഒരു കാര്യമാണ്. അങ്ങനെ വി. കുർബാനയും ആരാധനയും സമ്പദ് വൽക്കരിക്കുന്ന ഒരു അനാശാസ്യ പ്രവണത ചില കൗൺസിലർമാരും ആരാധനാകേന്ദ്രങ്ങളും ഇന്നു വളർത്തിക്കൊണ്ടിരിക്കയാണ്. ഇതു വിശുദ്ധ കാർബാനയെപ്പറ്റിയുള്ള ഗൗരവമേറിയ തെറ്റിദ്ധാരണയാണെന്നതിനു പുറമേ, രോഗങ്ങളാലും കഷ്‌ടപ്പാടുകളാലും വലയുന്ന സാധാരണക്കാരായ വിശ്വാസികളുടെ നേർക്കുള്ള അനീതിയും ചൂഷണവുമത്രേ. ഒരുപക്ഷേ ബോധപൂർവമായിരിക്കയില്ല ചിലർ ഈ അനീതിക്കും ചൂഷണത്തിനും കാരണമാകുന്നത്. തങ്ങൾ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല എന്നതായിരിക്കാം വാസ്തവം. അങ്ങനെയെങ്കിൽ അറിവും അധികാരവുമുള്ളവർ അവരെ നേർവഴിക്കു നയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു