top of page

സന്ദേഹികളുടെ അന്വേഷണവഴികള്‍

Jul 1, 2011

4 min read

ഡോ. സണ്ണി കുര്യാക്കോസ്
A biblical representation

മതപഠനക്ലാസ്സിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥി ക്ലാസദ്ധ്യാപകനായ വികാരിയച്ചനോട് ഒരു സംശയം ചോദിച്ചതോര്‍ക്കുന്നു. രക്ഷാകരപദ്ധതിയുടെ അനിവാര്യമായൊരു രംഗത്ത് വിദഗ്ദ്ധമായി ഉപയോഗപ്പെടുത്തിയശേഷം അനേകമനേകം തലമുറകള്‍ക്ക് ശാപവാക്കുകള്‍ പറയാന്‍ മാത്രം ശാപഗ്രസ്തമായൊരു ജന്മമായി യൂദാസിനെ ഉപേക്ഷിച്ചുകളഞ്ഞത് ക്രൂരതയായിപ്പോയില്ലേ എന്നായിരുന്നു ചോദ്യം. ഒറ്റിക്കൊടുക്കുക എന്ന കര്‍മ്മം അയാളുടെ വിധിയോടൊപ്പം ചേര്‍ത്തുവയ്ക്കപ്പെട്ടതാണ്. തെറ്റ് തിരിച്ചറിഞ്ഞപ്പോള്‍ കണ്ണീരുകൊണ്ടല്ല, സ്വന്തം ജീവന്‍കൊണ്ടാണ് അയാള്‍ പ്രായശ്ചിത്തം ചെയ്തത്. ദൈവശാസ്ത്രപരമായി പാപം എന്ന് വ്യാഖ്യാനിക്കാമെങ്കിലും ജീവനെടുക്കുക എന്നതിനേക്കാള്‍ വലിയ ഒരു ശിക്ഷയും ഏതൊരു വലിയ തെറ്റിനും ലോകമിന്നുവരെ ഒരു പാപിക്കും നല്‍കിയിട്ടില്ലല്ലോ. ഒരു കുറ്റവിചാരണക്കും ഇടംനല്‍കാതെ ഏറ്റവും വലിയ ശിക്ഷതന്നെ സ്വയം സ്വീകരിച്ചവനാണയാള്‍. എന്നിട്ടുമെന്തേ സുവിശേഷകന്മാരും വേദപണ്ഡിതന്മാരും ജീവിതംതന്നെ ഒറ്റിക്കൊടുക്കലുകളുടെ തുടര്‍ച്ചയാക്കി മാറ്റിയ നമ്മള്‍ വിശ്വാസിസമൂഹവും അയാളോടുമാത്രം ക്ഷമിച്ചില്ല? സുവിശേഷങ്ങളില്‍ നിന്നിറങ്ങിവന്ന് യൂദാസ് അലോസരപ്പെടുത്തുന്നത് പതിവാക്കിയപ്പോഴാണ് കുട്ടി പുരോഹിതനോട് ചോദ്യം ചോദിക്കാന്‍ ധൈര്യം കാട്ടിയത്. മറുപടിയൊന്നും പറയാതെ ശാന്തമായൊരു പുഞ്ചിരിയോടെ രണ്ടാംക്ലാസ്സിലെ ഹാജര്‍പുസ്തകം കൊടുത്തിട്ട് ടീച്ചറില്ലാത്ത ആ ക്ലാസ്സില്‍പോയി ക്ലാസ്സെടുക്കാനായിരുന്നു അദ്ദേഹം അവനോടു പറഞ്ഞത്. ഹാജര്‍ പുസ്തകവും വാങ്ങി നിശ്ശബ്ദനായി പുറത്തേക്കിറങ്ങുമ്പോള്‍ താന്‍ പിതൃതുല്യം സ്നേഹിക്കുന്ന ആ പുരോഹിതനെ അലോസരപ്പെടുത്തിയോ എന്ന കുറ്റബോധവും അതേസമയം ആ കണ്ണുകളില്‍ കണ്ട ശാന്തതയും ആ മുഖത്തെ പുഞ്ചിരിയും ഒരുപോലെ അവനെ 'ഹോണ്ട്' ചെയ്യുന്നുണ്ടായിരുന്നു.

മൂന്നു പതിറ്റാണ്ടുമുമ്പത്തെ കാര്യമാണ്. വടക്കന്‍ ജില്ലകളിലൊന്നിലെ അവികസിതമായൊരു ഗ്രാമം. സാമ്പത്തികമായ അരക്ഷിതത്വം ഏറെ അലട്ടുന്നുണ്ടെങ്കിലും നിഷ്കളങ്കതയും ശാന്തതയുംകൊണ്ട് അടയാളപ്പെടുത്തപ്പെട്ട ഒരു ഇടവക സമൂഹം. വിവിധ മതവിശ്വാസികള്‍ ഇടകലര്‍ന്ന് താമസിക്കുന്നു. ക്രിസ്മസും വിഷുവും ഓണവും ഒരുപോലെ ഒരുമിച്ചാഘോഷിക്കുന്ന ഗ്രാമവാസികള്‍. ഹൈന്ദവ വീടുകളില്‍ വിഷുവിന് പ്രത്യേകമായി തയ്യാറാക്കുന്ന നെയ്യപ്പം പള്ളിമേടയില്‍വച്ച് പങ്കിട്ടു കഴിച്ചിരുന്നവര്‍. ജാതിമതവ്യത്യാസമില്ലാതെ എല്ലാവരുടെയും വികാരിയച്ചന്‍. ഒരു സെക്യുലര്‍ ഇടവകസമൂഹം. ഇതരമതസ്ഥരായ സഹപാഠികളുടെ സംശയങ്ങള്‍ സ്വന്തം സന്ദേഹങ്ങളോടൊപ്പം വല്ലാതെ നോവിക്കുമ്പോള്‍ സംശയങ്ങള്‍ ചോദിക്കുന്ന അന്നത്തെ ആ കുട്ടിയോട് അവന്‍റെ ആത്മീയ ഗുരുസ്ഥാനത്തുള്ള ആ വിശുദ്ധ വൈദികന്‍ -ആനശ്ശേരിയച്ചന്‍- കലഹിച്ചില്ല. നഷ്ടപ്പെട്ടു പോകുമായിരുന്ന അവനെ കണ്ടെത്തിയെടുത്ത ഒരു നോട്ടം ആ കണ്ണുകളില്‍, തിളച്ചുതൂവുമായിരുന്ന അവനിലേക്ക് സ്വാസ്ഥ്യത്തിന്‍റെ തണുപ്പായി ഒഴുകിയെത്തിയ ഒരു പുഞ്ചിരി ആ മുഖത്ത്. പതിനഞ്ചുവയസ്സുതികയാത്ത സന്ദേഹിയായ ഒരു കൊച്ചുവിശ്വാസിയെ ഒരു ശകാരംകൊണ്ട് കെടുത്തിക്കളയാമായിരുന്നു ആ വൈദികന്. അദ്ദേഹമതു ചെയ്തില്ല. പകരം, 'കാലം നിന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരു'മെന്ന വാഗ്ദാനം പോലെ ഒരു പുഞ്ചിരിനൂലുകൊണ്ട് അവനെ ആ നസ്രായന്‍റെ സ്നേഹക്കൂടിനുള്ളില്‍ കെട്ടിയിട്ടു അദ്ദേഹം.

മൂന്നു പതിറ്റാണ്ടുകള്‍ക്കിപ്പുറം 'വിശ്വാസത്തില്‍ സന്ദേഹത്തിന് സ്ഥാനമുണ്ടോ?' എന്നൊരു ചോദ്യം ഒരു ഭാരമായി ആത്മാവിലേക്കെറിഞ്ഞുതന്നിട്ട് ബാംഗ്ളൂര്‍ക്ക് വണ്ടികയറിപ്പോയി നന്മയുടെ ഇത്തിരിവെട്ടങ്ങള്‍ തേടിനടക്കുന്ന ഒരു യുവവൈദികന്‍. വര്‍ത്തുളമായി ചലിക്കുന്ന കാലം ഒരു സന്ദേഹിയോടു കണക്കുതീര്‍ക്കുന്നു. ഇത് കുറിക്കുമ്പോള്‍ മനസ്സ് വല്ലാതെ ഭാരപ്പെടുന്നുണ്ട്. ചില പതിറ്റാണ്ടുകള്‍ നമ്മെ വല്ലാതെ മാറ്റിത്തീര്‍ക്കുന്നു. ഇന്ത്യയുടെയും കേരളത്തിന്‍റെയും മതസമൂഹങ്ങളില്‍നിന്ന് സെക്യുലര്‍ സഹിഷ്ണുതയുടെ നന്മകളെല്ലാം വാര്‍ന്നുപോയിരിക്കുന്നു. വിശ്വാസപരമായ സന്ദേഹങ്ങളുടെയും സംശയങ്ങളുടെയും സംവാദങ്ങളുടെയും സാധ്യതകള്‍ക്കുമേല്‍ കാര്‍മേഘം വീഴ്ത്തുന്ന ഒരു ഇരുണ്ട കാലഘട്ടമാണിത്. വിശ്വാസപരമായ സന്ദേഹങ്ങളല്ല, വിശ്വാസപരമായ ഏകപക്ഷീയ തീര്‍പ്പുകളാണ് ഇന്നിന്‍റെ അടയാളം. ആത്മീയത മതപരതയ്ക്കും യഥാര്‍ത്ഥ മൂല്യാധിഷ്ഠിത മതവിശ്വാസം സംഘടിക്കലിനും അനുഷ്ഠാനപരമായ ശാഠ്യങ്ങള്‍ക്കും വഴിമാറുമ്പോള്‍ ഏതൊരു മതസമൂഹവും ഒരു സ്ഫോടനത്തിനടുത്താണ്. ഇന്ത്യയെപ്പോലൊരു രാജ്യത്ത് പ്രത്യേകിച്ചും. അനുഷ്ഠാനപരമായ ശാഠ്യങ്ങളും അധികാരത്തിന്‍റെ ലാക്കുകളും സാമ്പത്തികമായ ലക്ഷ്യങ്ങളും കൂടിച്ചേരുമ്പോള്‍ അത് മൗലികവാദത്തിന്‍റെയും ഭീകരവാദത്തിന്‍റെയും സന്തതികളെ ജനിപ്പിക്കും.

-സംവാദങ്ങള്‍ ഔഷധങ്ങളാണ്.

-സത്യസന്ധമായി നടത്തപ്പെടുന്ന സംവാദങ്ങളും ഉന്നയിക്കപ്പെടുന്ന സംശയങ്ങളും മുറിവുകള്‍ ഉണക്കിയിട്ടേയുള്ളൂ ചരിത്രത്തിലെന്നും. സന്ദേഹികളല്ലാത്തവരും സംശയങ്ങളുന്നയിക്കാത്തവരും അന്വേഷകരാവുന്നില്ല, അന്വേഷിക്കാത്തവര്‍ അതിരുകള്‍ ഭേദിക്കുന്നില്ല, അറിവിലേക്കെത്തുന്നുമില്ല.

എല്ലാ വിശ്വാസങ്ങളും വിശകലനക്ഷമമാണെന്നോ യുക്തിയുടെ ഭൂതക്കണ്ണാടിയിലൂടെ തലനാരിഴകീറി പരിശോധിക്കപ്പെടേണ്ടവയാണെന്നോ ഒന്നുമല്ല പറഞ്ഞുവരുന്നത്. വിശകലനത്തിന് പിടിതരാത്ത എന്തോ ഒന്ന് 'വിശ്വാസം' എന്ന വാക്കില്‍ത്തന്നെയുണ്ട്. അല്ലെങ്കില്‍ത്തന്നെ, എല്ലാറ്റിനെയും വിശകലനം ചെയ്യാന്‍ മാത്രം നമ്മുടെ യുക്തി അത്രമാത്രം കുറ്റമറ്റതാണോ? അല്ലെന്ന് ശാസ്ത്രം പറയുന്നു. നമുക്ക് കാണാനാവുന്ന ദൃശ്യപ്രകാശത്തിന്‍റെ (Visible light) അനേകമടങ്ങുണ്ട് റേഡിയോ തരംഗങ്ങളും ഇന്‍ഫ്രാറെഡ് തരംഗങ്ങളും അള്‍ട്രാ വയലറ്റ്, എക്സ് റേ, ഗാമാറേ, പിന്നെ, കോസ്മിക് തരംഗങ്ങളുമടങ്ങുന്ന പ്രകാശകൂട്ടങ്ങള്‍. നാം കേള്‍ക്കുന്ന ശബ്ദവീചികളേക്കാള്‍ എത്രയോ ഇരട്ടിയാണ് നമുക്ക് കേള്‍ക്കാനാവാത്ത ശബ്ദതരംഗങ്ങള്‍. അപൂര്‍ണ്ണമായ കാഴ്ചയും അപൂര്‍ണ്ണമായ കേള്‍വിയും അപക്വമായ ഇന്ദ്രിയാനുഭവങ്ങളുമടങ്ങുന്ന അപൂര്‍ണ്ണമായൊരു യുക്തിയാണു നമ്മുടേത്. ഈ കോസ്മിക് പ്രപഞ്ചത്തിന്‍റെ അനന്തസ്ഥലികളില്‍ ഓരോ നിമിഷാര്‍ദ്ധത്തിലും പിറവികൊള്ളുന്ന അത്ഭുതങ്ങളൊന്നും നാം കാണുന്നില്ല, അറിയുന്നില്ല. അതുകൊണ്ടുതന്നെ, അന്യന്‍റെ യുക്തിയിലേക്കും വിശ്വാസത്തിലേക്കും അധിനിവേശം നടത്തുംമുമ്പ് വിനയാന്വിതരായി ആയിരംവട്ടം ഈ പ്രപഞ്ചാത്മാവിനോട് അനുവാദം തേടേണ്ടതുണ്ട് നാം. വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും വേണം ഈ വിനയം.

സത്യം സ്വതന്ത്രരാക്കുമെന്നത് സന്ദേഹങ്ങളില്‍നിന്നു കൂടിയാണ് - അവര്‍ സത്യാന്വേഷികളാണെങ്കില്‍. പുലര്‍കാലംവരെ ദൈവവുമായി മല്പിടുത്തം നടത്തിയ ഒരു പിതാമഹന്‍ നമുക്കുണ്ട്. മല്‍പിടുത്തത്തില്‍ ദൈവത്തെ തോല്‍പ്പിച്ചുകളഞ്ഞു അദ്ദേഹം! അനുഗ്രഹിക്കാനായി തോറ്റുകൊടുക്കുന്ന ദൈവം നമ്മെ അമ്പരപ്പിക്കുന്നു. ജനതകളുടെ വിമോചകനാകാന്‍ വിളിക്കപ്പെട്ടവന്‍ എന്തൊക്കെ ചോദ്യങ്ങളാണ് ദൈവത്തോടു ചോദിക്കുന്നത്, എന്തൊക്കെ നിബന്ധനകളാണ് ദൈവത്തിനുമുമ്പില്‍ വയ്ക്കുന്നത്! "നിന്‍റെ പേരെന്താണ്?" എന്ന അസുഖകരമായ ചോദ്യംപോലും അവന്‍ ചോദിക്കുന്നുണ്ട്. ക്ഷോഭലേശമില്ലാതെ എല്ലാറ്റിനും ഉത്തരം നല്‍കി സത്യം വെളിപ്പെടുത്തിക്കൊടുത്ത് അവനെ ധൈര്യപ്പെടുത്തുന്നു ദൈവം. "ഞാനൊരു ബാലനല്ലേ, സംസാരിക്കാന്‍പോലും പാടവമില്ലാത്തവനായ ഞാനെങ്ങനെ പ്രവാചകദൗത്യം കൈയ്യേല്‍ക്കും" എന്ന് ഒഴിഞ്ഞുമാറിയവനെ ജാഗ്രതാവൃക്ഷത്തിന്‍റെ ഒരു ശാഖ ദൃഷ്ടാന്തം കാട്ടി യാത്രാ സന്നദ്ധനാക്കുന്നു മാറ്റൊരിടത്ത്. 'ഞാന്‍ വിക്കുള്ളവനല്ലേ', 'ഞാന്‍ വൃദ്ധനല്ലേ' എന്നൊക്കെ ഒഴിഞ്ഞുമാറുന്നവരും ഓടിയൊളിക്കുന്നവരും സംശയങ്ങളുന്നയിക്കുന്നവരും തര്‍ക്കിക്കുന്നവരും കലഹിക്കുന്നവരുമൊക്കെയുണ്ട് പ്രവാചകജന്മങ്ങളില്‍. പക്ഷേ ഒഴിഞ്ഞുമാറുന്നില്ല ദൈവം, അസഹിഷ്ണുത കാട്ടുന്നില്ല, ചോദ്യങ്ങളെ ഭയക്കുന്നുമില്ല. ആശയപരമായി ദുര്‍ബലരായവരാണ് സംശയങ്ങളെയും സംവാദങ്ങളെയും ഭയക്കുന്നത്.

തന്‍റെ പഠനങ്ങളിലുടനീളം സംവാദങ്ങളിലിടപെട്ടവനാണ് യേശു. കേവലം പന്ത്രണ്ടുവയസ്സുമാത്രമുള്ളപ്പോള്‍ വേദപണ്ഡിതരെ വേദത്തിന്‍റെ വ്യാഖ്യാനം പറഞ്ഞ് അമ്പരപ്പിച്ചവന്‍. പഴയവയെ പിഴുതുമാറ്റാനും പുതിയവയ്ക്ക് സാധുത നല്‍കാനും അവന്‍ സംവാദങ്ങളെ ഉപയോഗപ്പെടുത്തി. സിനഗോഗുകളും വിരുന്നുശാലകളും കടല്‍ത്തീരങ്ങളും റോമാസാമ്രാജ്യത്തിന്‍റെ വിചാരണക്കോടതിപോലും അവന്‍റെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ പതറിനിന്നിട്ടുണ്ട്. അവനോട് ചോദിച്ച ഒരു ചോദ്യത്തില്‍നിന്നും അവന്‍ ഒഴിഞ്ഞുമാറിയിട്ടില്ല. അനുഷ്ഠാനപരമായ ശാഠ്യങ്ങളെ പ്രകോപനപരമായ വാക്കുകള്‍കൊണ്ട് നേരിട്ടിട്ടുണ്ടവന്‍. നിശ്ചലതയില്‍ അഴുക്കുകളടിഞ്ഞു കൂടുമെന്നും ഒഴുക്ക് ശുദ്ധീകരണം കൂടിയാണെന്നും അവനെപ്പോലെ മറ്റാരാണ് മനസ്സിലാക്കിയിട്ടുള്ളത്.

വിശ്വാസം അനുഷ്ഠാന കേന്ദ്രീകൃതമാവുമ്പോള്‍ ആദ്യമതു നിശ്ചലാവസ്ഥയിലേക്കും പിന്നീട് ജീര്‍ണ്ണതയിലേക്കും വഴിമാറും. ജര്‍മ്മനിയിലെ പ്രസിദ്ധമായ നഗരങ്ങളിലൊന്നാണ് മൈന്‍സ് (Mainz). രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേനയുടെ പടയോട്ടത്തില്‍ എണ്‍പതു ശതമാനത്തോളം തകര്‍ക്കപ്പെട്ട ഈ നഗരത്തില്‍ പ്രാചീനമായ ശേഷിപ്പുകള്‍ അധികമൊന്നും ഇന്ന് ബാക്കിയില്ല. യുദ്ധത്തിനുശേഷം പുനര്‍നിര്‍മ്മിക്കപ്പെട്ടതാണ് ഇന്നു കാണുന്ന നഗരഹൃദയം. എങ്കിലും നഗരാതിര്‍ത്തിയായ Hoefschen-ല്‍ പുരാതനമായ ഒരു കത്തീഡ്രലുണ്ട്. ഈ കത്തീഡ്രലില്‍ നടക്കുന്ന ഞായറാഴ്ച കുര്‍ബാനകള്‍ മനസ്സിലൊരു വിങ്ങലുണര്‍ത്തുന്നുണ്ട് - വര്‍ഷങ്ങള്‍ക്കുശേഷവും. പതിനഞ്ചോ ഇരുപതോ പേര്‍, ഏറിയാല്‍ ഇരുപത്തഞ്ച്. അതിലേറെപ്പേരും ജോഹന്നാസ് ഗുട്ടന്‍ബര്‍ഗ്ഗ് യൂണിവേഴ്സിറ്റിയിലും മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലും പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളും ഗവേഷണ വിദ്യാര്‍ത്ഥികളും. അതുതന്നെ എല്ലാ ഞായറാഴ്ചകളിലും ഉണ്ടാവണമെന്നില്ല. ഞായറാഴ്ച രാവിലെ 8 മണിക്ക്, അല്ലെങ്കില്‍ വൈകുന്നേരം 4 മണിക്ക് ഒരു ഫോണ്‍ കോള്‍ എത്തുന്നു. കേരളീയ സുഹൃത്തുക്കളായ ജേക്കബ് അല്ലെങ്കില്‍ അനില്‍, അതുമല്ലെങ്കില്‍ പോളണ്ടുകാരി ബാര്‍ബരയോ ചിലിയില്‍ നിന്നുള്ള ലോറന്‍സോയോ കൊളംബിയക്കാരി ക്രിസ്റ്റീനയോ. ഇന്ന് മാസ് ഉണ്ടോ എന്നൊരു ചോദ്യം, അല്ലെങ്കില്‍ ഇന്ന് മാസ് ഉണ്ടെന്നൊരു അറിയിപ്പ്. പെട്ടെന്ന് പള്ളിയിലൊരു ഒത്തുകൂടല്‍. അരമണിക്കൂറുകൊണ്ട് തീരുന്നൊരു കുര്‍ബ്ബാന. കുമ്പസാരമില്ലെങ്കിലും എല്ലാവരും അള്‍ത്താരയിലെത്തി ദിവ്യകുര്‍ബ്ബാന സ്വയം എടുത്തു സ്വീകരിച്ച് 'പീസ് ബി വിത്ത് യൂ ഫാദര്‍' എന്ന് ഇംഗ്ലീഷിലോ ജര്‍മ്മനിലോ ആശംസിച്ച് വൈദികന് ഹസ്തദാനം ചെയ്ത് പിരിഞ്ഞുപോകുന്നു.

കത്തീഡ്രലിനോട് ചേര്‍ന്ന് പ്രസിദ്ധമായ റൈന്‍ നദി ഒഴുകുന്നു. സ്വിറ്റ്സര്‍ലണ്ടിലെ ആല്‍പ്സ് പര്‍വ്വതത്തില്‍ നിന്നാരംഭിച്ച് യൂറോപ്പിന് കുളിരും കുടിനീരും നല്‍കി ദീര്‍ഘദൂരം മൈന്‍സിനെ ചുറ്റിയൊഴുകുന്ന റൈന്‍. തെളിഞ്ഞ സായാഹ്നങ്ങളില്‍ ആഴങ്ങളിലെ വെള്ളാരംകല്ലുകള്‍പോലും പ്രതിഫലിപ്പിക്കുന്ന സുന്ദരിയായ റൈന്‍. റൈനിന്‍റെ തീരത്ത് ആയിരങ്ങള്‍ തടിച്ചുകൂടാറുണ്ട് ഞായറാഴ്ചകളില്‍. കഫേകള്‍, പമ്പുകള്‍, വൈന്‍ഷോപ്പുകള്‍, കച്ചവടസ്ഥലങ്ങള്‍ എവിടെയും ആള്‍കൂട്ടങ്ങള്‍. കത്തീഡ്രലില്‍നിന്നും ഒരു വിളിപ്പാട് മാത്രമകലത്തില്‍ റൈനിന്‍റെ തീരം ആഘോഷങ്ങളില്‍ തിമിര്‍ക്കുകയാണ്. ലഹരിയില്‍ പതയുകയാണ്. കത്തീഡ്രലിനുമേല്‍ പകലിന്‍റെ തിരിതാഴുമ്പോള്‍ റൈനിന്‍റെ തീരം കച്ചവടവും ലഹരിയും ആഘോഷവും പ്രണയവും കൂടിക്കുഴഞ്ഞ ഒരു ആഘോഷരാത്രിയുടെ അരണ്ടവെളിച്ചത്തിലേക്ക് പാതിമിഴി തുറക്കുന്നു.

ജോഹന്നാസ് ഗുട്ടന്‍ബര്‍ഗ്ഗ് യൂണിവേഴ്സിറ്റിയുടെ കെമിസ്ട്രി ഗവേഷണലാബില്‍വച്ച് ഒരു ഒഴിവുസമയ സംഭാഷണത്തിനിടയില്‍, പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം നടത്തുന്ന, ആറടിപൊക്കവും ഒരു ഫൈറ്ററുടെ ഭാവങ്ങളുമുള്ള ജര്‍മ്മന്‍കാരന്‍ ഇംഗോ നോയ്നര്‍ ഇന്ത്യയില്‍ ക്രിസ്ത്യാനികളുണ്ടോ എന്നത്ഭുതപ്പെട്ടതോര്‍ക്കുന്നു, 'ഐ ആം നോട്ട് എ പ്രാക്ടീസിംഗ് ക്രിസ്റ്റ്യന്‍" എന്ന് ഒട്ട് ഗര്‍വ്വോടെ പറഞ്ഞതുമോര്‍ക്കുന്നു. ഒരു ഏപ്രില്‍മാസ സായാഹ്നത്തിലെ ചായവേളയില്‍ കത്തോലിക്ക കുടുംബത്തില്‍ ജനിച്ച ഫ്രഞ്ചുകാരി എമിലി ബാരിയോ "നമ്മള്‍ കാത്തലിക്സ് ഏപ്രില്‍ മാസത്തിലാഘോഷിക്കുന്ന ഒരു ഫീസ്റ്റ് ഉണ്ടല്ലോ. എന്താണതിന്‍റെ പേര്...?" എന്നു ചോദിച്ച് ഈസ്റ്റര്‍ എന്ന പേരോര്‍ക്കാതെ വിമ്മിട്ടപ്പെട്ടത് ഞെട്ടലോടെ ഓര്‍ക്കുന്നു.

-ജര്‍മ്മനിക്കെന്തു സംഭവിച്ചു? ഫ്രാന്‍സിനെന്തു സംഭവിച്ചു?

- യൂറോപ്പിനെന്തു സംഭവിച്ചു? പടിഞ്ഞാറിനെന്തു സംഭവിച്ചു?

- അവരുടെ മതജീവിതത്തിനും ആത്മീയതയ്ക്കുമൊക്കെ എന്തുപറ്റി?

നമുക്ക് ഈ ചോദ്യങ്ങള്‍ ചോദിച്ച് നിസ്സംഗതയോടെ മാറി നില്‍ക്കാം. അല്ലെങ്കില്‍ ഈ ചോദ്യം നമുക്ക് പരസ്പരവും നമ്മോടുതന്നെയും ചോദിച്ച് ഉത്തരങ്ങളന്വേഷിക്കാം, സംശയങ്ങളുയര്‍ത്താം, സന്ദേഹികളാകാം. പക്ഷേ, ചോദ്യങ്ങളിങ്ങനെ കൂടിയാവണം-

- നമുക്കെന്താണ് സംഭവിക്കുന്നത്?

- നമ്മുടെ വരുംതലമുറക്കെന്തായിരിക്കാം സംഭവിക്കുക?

വിശ്വാസിസമൂഹം ഭൗതികതയിലഭിരമിച്ച് സുഖഭോഗങ്ങളിലേക്ക് ഒരു കാതം നടന്നപ്പോള്‍, ആത്മീയതയുടെ പ്രകാശഗോപുരങ്ങളാകേണ്ട മതനേതൃത്വം അവര്‍ക്കു മുമ്പേ രണ്ടുകാതം നടന്നു യൂറോപ്പില്‍. ആത്മീയത പ്രതിസന്ധിയിലാവുന്ന ഇരുണ്ട കാലഘട്ടങ്ങളില്‍ ഉയിര്‍ക്കൊള്ളേണ്ട ആചാര്യന്മാരും പ്രവാചകരുമുണ്ടായില്ല. മാതൃകകള്‍ നഷ്ടപ്പെട്ട പടിഞ്ഞാറ് എല്ലാം പണംകൊണ്ട് അളക്കപ്പെട്ടു. ചോദ്യങ്ങള്‍ നഷ്ടപ്പെട്ടു, സന്ദേഹികളില്ലാതായി. ഗുരു പരമ്പരയില്‍ തീക്ഷ്ണ സാന്നിധ്യങ്ങളുമില്ലാതായി.

ജ്ഞാനികള്‍ക്ക് ഉത്തരം നല്‍കാനും വഴികാട്ടാനുമായി ഇന്ന് കിഴക്ക് നക്ഷത്രങ്ങളില്ല. സന്ദേഹികള്‍ക്ക് പിന്‍ചെല്ലാന്‍ ഇനി കാലത്തിന്‍റെ അടയാളങ്ങള്‍ മാത്രം. ആത്മീയതയുടെ ലേബലൊട്ടിച്ച് ഭൗതികതയുടെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ വച്ചതൊക്കെയും നമ്മുടെ അടുത്ത തലമുറ ആവേശത്തോടെ സ്വീകരിക്കും.

- ആരാണവരോട് ചോദ്യങ്ങള്‍ ചോദിക്കുക?

- ആരാണവരെ ആത്മീയതയുടെ ശാന്തിനിലങ്ങളിലേക്ക് കൈപിടിക്കുക?

-യൂറോപ്പ് ഒരു സൂചകമാണ്. ഒരു സൂചനയും, കിഴക്കിനുള്ള ഒരു മുന്നറിയിപ്പുമാണ്.

ഉത്തരമര്‍ഹിക്കുന്ന എല്ലാ ചോദ്യങ്ങളുടെയും ഉത്തരം പ്രപഞ്ചാത്മാവ് നമ്മുടെതന്നെ ഓര്‍മ്മച്ചിമിഴുകളിലടച്ചു വച്ചിട്ടുണ്ട്. കാലം അവ കണ്ടെടുത്ത് നമുക്ക് പറഞ്ഞുതരികതന്നെ ചെയ്യും. തെറ്റിനു പരിഹാരം ആത്മനാശമെന്ന സ്വയം വിധിക്കുന്ന ശിക്ഷയല്ല. തെറ്റിനെ വൈകാരികമായ പക്ഷപാതിത്വമില്ലാതെ, സ്വയം ന്യായീകരിക്കാനുള്ള മനുഷ്യസഹജമായ വാസനയടക്കി നിസ്സംഗമായി നോക്കിക്കാണേണ്ടതുണ്ട്. തെറ്റിനെ അറിയേണ്ടതുണ്ട്. പശ്ചാത്തപിക്കേണ്ടതുണ്ട്. ആവര്‍ത്തിക്കില്ലെന്ന് പ്രതിജ്ഞയെടുക്കേണ്ടതുണ്ട്, ആര്‍ദ്രതയോടെ സ്വയം ക്ഷമിക്കേണ്ടതുണ്ട്. പ്രപഞ്ചാത്മാവിന്- ഈശ്വരന് - സമര്‍പ്പിച്ച് സ്വാസ്ഥ്യപ്പെടേണ്ടതുമുണ്ട്. തനിക്കു ശിക്ഷ വിധിക്കുന്ന തന്‍റെ ന്യായാധിപനും താന്‍ തന്നെയെന്ന ഗര്‍വ്വമാണ് യൂദാസിനെ ആത്മനാശനത്തിലൂടെ കൊലപാതകി കൂടിയാക്കിയത്. ആ പാപമാവണം ക്ഷമിക്കപ്പെടാതെപോയത്.

- സന്ദേഹിയായ ആ കുട്ടി ശാന്തനായി ആ വൈദികനെ മനസ്സാ നമസ്കരിക്കട്ടെ.

സംശയങ്ങളോടും സന്ദേഹങ്ങളോടും അസഹിഷ്ണുത കാട്ടുന്നത് അറിവിന്‍റെ ആഴമില്ലായ്മകൊണ്ടാണ.് സംശയങ്ങള്‍ ചിന്തയെ ജ്വലിപ്പിക്കും, സന്ദേഹങ്ങള്‍ സ്വയം വഴികളന്വേഷിക്കും, കണ്ടെത്തുകയും ചെയ്യും. കാരണം, നന്മയുടെ ഇത്തിരിവെട്ടങ്ങളന്വേഷിക്കുന്നവരുടെ അന്വേഷണവഴികളില്‍ പ്രപഞ്ചാത്മാവ് അവര്‍ക്ക് കാവലായുണ്ട്.

Featured Posts

Recent Posts

bottom of page