top of page

അടിമത്തം: ആന്തരികവല്ക്കരിക്കപ്പെട്ട വ്യവഹാരം

Mar 1, 2012

3 min read

കസ
Broken chains

അടിമത്തം ചരിത്രാതീത കാലംമുതല്‍ നിലനിന്ന ഒരു വ്യവസ്ഥയും വ്യവഹാരവുമാണ്. ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യന്‍റെ യജമാനത്വം സ്വീകരിക്കുകയും ആശ്രിതത്വം അംഗീകരിക്കുകയും ചെയ്യപ്പെടുന്ന അവസ്ഥ. മനുഷ്യന്‍ ഇവിടെ ഒരു വസ്തുവും വില്പനച്ചരക്കുമാണ്. ഈ വ്യവസ്ഥ നിലനിന്ന ചരിത്രകാലഘട്ടങ്ങളില്‍ സ്വതന്ത്രവ്യക്തികള്‍ക്കുള്ള അവകാശങ്ങളോ സ്വാതന്ത്ര്യമോ അടിമത്തം അനുഭവിച്ചിരുന്ന ജനങ്ങള്‍ക്കില്ലായിരുന്നു. എന്നാല്‍ ഇന്ന് സ്വാതന്ത്ര്യവും അവകാശങ്ങളും അനുഭവിക്കുന്ന പാശ്ചാത്യേതര ജനവിഭാഗങ്ങള്‍ അടിമത്തത്തിന്‍റെ പുതിയ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു.

ഗ്രീക്കുകാരും റോമാക്കാരും അടിമത്തം ഒരു സ്ഥാപിത വ്യവസ്ഥയായി അംഗീകരിച്ചിരുന്നു. ധൈഷണിക-ദാര്‍ശനിക വ്യവഹാരങ്ങളില്‍ അടിമത്തത്തെ ന്യായീകരിക്കുന്ന പല സന്ദര്‍ഭങ്ങളും കാണാം. ലോകത്തെല്ലായിടത്തും അടിമകളെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന സമ്പ്രദായം നിലനിന്നിരുന്നു. സ്ലാവുകള്‍, ആഫ്രിക്കന്‍ വംശജര്‍, ജര്‍മ്മന്‍, കെല്‍ട്ടിക്, റൊമാന്‍ഡ് തുടങ്ങി നിരവധി ജനവിഭാഗങ്ങള്‍ ഇതിന്‍റെ കാരണങ്ങള്‍ പേറിവന്നു. പതിനാറാം നൂറ്റാണ്ടുമുതല്‍ യൂറോപ്യന്മാര്‍ ആഫ്രിക്കയില്‍നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്ത അടിമകളുടെ എണ്ണം നാല്പതു ലക്ഷം കവിഞ്ഞിരുന്നു. അവരില്‍ ഭൂരിഭാഗവും ദക്ഷിണ സംസ്ഥാനങ്ങളിലെ തോട്ടങ്ങളില്‍ പണിയെടുക്കുന്നവരായിരുന്നു. കാലാന്തരത്തില്‍ അടിമനിയമങ്ങള്‍ പാടേ മാറ്റേണ്ടിവന്നു. ബ്രിട്ടനും ഫ്രാന്‍സും അമേരിക്കയുമെല്ലാം അടിമത്തം ഔദ്യോഗികമായി നിരോധിച്ചു. ഇന്ന് മൂന്നാം ലോകമെന്നു വ്യവഹരിക്കപ്പെടുന്ന കിഴക്കന്‍രാജ്യങ്ങളില്‍ ജാതി-വംശീയ-ജന്മി വ്യവസ്ഥകള്‍ക്കുള്ളിലെ അധികാരബന്ധങ്ങളില്‍ അടിമത്തം പല രൂപത്തിലും നിലനിന്നിരുന്നു. എന്നാല്‍ ഇരുപതാംനൂറ്റാണ്ടില്‍ ജനാധിപത്യ മുന്നേറ്റങ്ങളും സാമൂഹിക നവോത്ഥാനപ്രസ്ഥാനങ്ങളും മനുഷ്യാവകാശങ്ങളെ സംബന്ധിച്ച് ഉയര്‍ത്തിയ ചോദ്യങ്ങള്‍ അടിമത്തത്തെ സംബന്ധിച്ച് നിലനിന്ന പല നിലപാടുകളെയും മാറ്റിമറിച്ചു. ചുരുക്കത്തില്‍ അടിമത്തം രാഷ്ട്രീയമായി ചോദ്യം ചെയ്യപ്പെടുകയും അത്തരം വ്യവസ്ഥയുടെ നിലനില്പുകള്‍ പൊതുവേ തിരസ്കരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ അടിമത്തം 'അടിമ-ഉടമ' ബന്ധങ്ങള്‍ക്കപ്പുറമുള്ള ഒരു വ്യവഹാരമായും അധിനിവേശ സംസ്കാരത്തിന്‍റെ തുടര്‍ച്ചയായും ഇന്നും നിലനില്‍ക്കുന്നുണ്ട്. ജ്ഞാനോദയത്തിന്‍റെ കാലഘട്ടം മുതല്‍ രൂപപ്പെടുന്ന യൂറോ-കേന്ദ്രീകൃതമായ ആശയങ്ങളും വ്യവഹാരതന്ത്രങ്ങളും ശാസ്ത്ര-സാങ്കേതിക വിദ്യയും ഇതര സമൂഹങ്ങളില്‍ വ്യാപിക്കുകയും സ്വീകരിക്കപ്പെടുകയുംകൂടി ചെയ്തപ്പോള്‍ അടിമത്തത്തിന്‍റെ രണ്ടാം അദ്ധ്യായം തുടങ്ങുകയായി. ആധുനികത എന്ന സങ്കല്പത്തിനുള്ളില്‍ ഇതു വ്യവഹരിക്കപ്പെട്ടപ്പോള്‍ ലോകത്തുള്ള വിവിധ ജനവിഭാഗങ്ങള്‍ യൂറോ-കേന്ദ്രീകൃതമായ ജ്ഞാനസങ്കല്പങ്ങളും, വികസന തന്ത്രങ്ങളും, അഭിരുചികളും, ജീവിതരീതികളും അംഗീകരിക്കുകയും ആന്തരവല്‍ക്കരിക്കുകയുമുണ്ടായി. ആധുനികതയുടെ കുതിച്ചുകയറ്റം വിവിധ രൂപങ്ങളില്‍ ലോകമാസകലം പടര്‍ന്നുകയറുന്നതു മുതലാളിത്തം വികസനത്തിന്‍റെ അനിവാര്യതയായി കൊണ്ടാടാന്‍ തുടങ്ങുന്നതോടെയാണ്. അധിനിവേശം ഇതിന്‍റെ ആദ്യകാല 'കൃത്യ'നിര്‍വ്വഹണത്തിനു നേതൃത്വം നല്‍കി.

അസംസ്കൃത വസ്തുക്കളും വിപണിയും തേടിയുള്ള യൂറോപ്യന്മാരുടെ യാത്രകള്‍ ഒടുവില്‍ കോളനികളുടെ സ്ഥാപനത്തിനും അതിലൂടെ യൂറോപ്പിന്‍റെ മേല്‍ക്കോയ്മയുടെ, ആധിപത്യത്തിന്‍റെ 'നേര്‍വഴി'കള്‍ തെളിക്കുന്ന പടയോട്ടങ്ങളായും മാറി. പിന്നീട് യൂറോപ്യന്മാരല്ലാത്തവരെല്ലാം 'അപരിഷ്കൃത'രും 'അവികസിത'രും 'പാരമ്പര്യവാദി'കളും അന്ധവിശ്വാസികളുമായി. അവരെ ഉദ്ധരിക്കേണ്ട 'ബാദ്ധ്യത' വെള്ളക്കാര്‍ക്കു വന്നുചേര്‍ന്നതു പല ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെയും ചരിത്രകാരന്മാരുടെയും രചനകളില്‍ കാണാം. പൂനെയിലെ ബ്രിട്ടീഷ് റസിഡന്‍റിന്‍റെ അസിസ്റ്റന്‍റായിരുന്ന ഹണ്ടറുടെ നിരീക്ഷണങ്ങള്‍ നോക്കുക:

"തന്ത്രങ്ങളിലും ആയുധങ്ങളിലുമുള്ള മേധാവിത്വം കിഴക്കന്‍ രാജ്യങ്ങളെ ബോദ്ധ്യപ്പെടുത്തിയശേഷം നമ്മുടെ ദേശീയപ്രഭാവം കൂടുതല്‍ വ്യാപിപ്പിക്കണം. അതിന് അവരില്‍ യൂറോപ്യന്‍ശാസ്ത്രത്തോടുള്ള ആഭിമുഖ്യം വളര്‍ത്തേണ്ടിയിരിക്കുന്നു. യൂറോപ്യന്‍ ശാസ്ത്രങ്ങളുടെ പ്രചാരവും കിഴക്കന്‍ ശാസ്ത്രങ്ങളുടെ വിലയിടിക്കലും മുന്നോട്ടുകൊണ്ടുവരേണ്ടതുണ്ട്. കിഴക്കന്‍ ശാസ്ത്രങ്ങളുടെ പഴക്കത്തെയും ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു..." ജോണ്‍ ബെന്‍റലി, മെക്കാളെ തുടങ്ങിയവരുടെ കൃതികളും യൂറോപ്യന്‍ വാര്‍പ്പുമാതൃകകളെ പുകഴ്ത്തുകയും കിഴക്കിനെ ഇകഴ്ത്തുകയും ചെയ്തുകൊണ്ടിരുന്നു. ഇത്തരം നിരീക്ഷണങ്ങള്‍ കേവലം ഗ്രന്ഥങ്ങളില്‍ മാത്രം ഒതുങ്ങിനിന്നില്ല. ബ്രിട്ടീഷ് നയപരിപാടികളിലൂടെ ഇതിന് പ്രായോഗികമായ മാനങ്ങള്‍ നല്‍കാന്‍ ഭരണകര്‍ത്താക്കള്‍ കര്‍മ്മോത്സുകരായിരുന്നു.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ആധുനികതയുടെ വരവ് ഇത്തരം അധിനിവേശ-കേന്ദ്രീകൃതമായ വഴികളിലൂടെയാണ് സംഭവിച്ചത്. അതുകൊണ്ടാണ് ഇതിനെ അധിനിവേശ-ആധുനികതയായി വ്യവഹരിക്കപ്പെടുന്നത്. പാശ്ചാത്യ കേന്ദ്രീകൃതമായ -വ്യക്തമായി പറഞ്ഞാല്‍ യൂറോ-കേന്ദ്രീകൃതമായ വാര്‍പ്പുരൂപങ്ങള്‍ ക്രമേണ നമ്മുടെ ബോധമണ്ഡലത്തിലും ജീവിതത്തിന്‍റെ സമസ്തമേഖലകളിലും സംക്രമിക്കാന്‍ തുടങ്ങി. പുറമേ അധിനിവേശ വിരുദ്ധ രാഷ്ട്രീയപോരാട്ടങ്ങള്‍ നടത്തുമ്പോഴും ആന്തരികവല്‍ക്കരിക്കപ്പെട്ട പാശ്ചാത്യ-യൂറോപ്യന്‍ വികസന- ജീവിത മാതൃകകളാണ് പിന്നീട് നമ്മുടെ ഭാവി നിര്‍ണ്ണയിച്ചത്.

അധിനിവേശകാലത്തെ വിദ്യാഭ്യാസത്തിലൂടെ, ബ്രിട്ടീഷ് നിയമവ്യവസ്ഥയിലൂടെ, പാശ്ചാത്യ ശാസ്ത്ര-സാങ്കേതിക മേഖലകളിലെ ആശ്രിതത്വത്തിലൂടെ ഈ അടിമത്തം പുതിയ മാനങ്ങള്‍ കൈവരിക്കുകയായിരുന്നു. ഇതു നമ്മുടെ ബോധമണ്ഡലത്തില്‍ സൃഷ്ടിച്ച കെണികള്‍ തിരിച്ചറിയാന്‍ വയ്യാത്തവിധം വളര്‍ന്നുകൊണ്ടിരുന്നു. വ്യവസായവല്‍ക്കരണം ആധുനികതയുടെ അനിവാര്യതയായതോടെ അതിനു വേണ്ടുന്ന ഭൗതിക ബൗദ്ധിക സാഹചര്യങ്ങള്‍ ഒരുക്കുക ഭരണകൂടത്തിന്‍റെ മാത്രമല്ല, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ഉത്തരവാദിത്വമായി മാറി. സാധാരണക്കാരന്‍റെവരെ ജീവിതവീക്ഷണങ്ങളില്‍ ഇത്തരം (ആന്തരികവല്‍ക്കരിക്കപ്പെട്ട) പാശ്ചാത്യ-ആധുനിക മനുഷ്യന്‍റെ ബിംബം പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. തൊഴില്‍, ഭക്ഷണം, പാര്‍പ്പിടം, അഭിരുചികള്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ ജീവിതവ്യാപാരമേഖലകളിലും അടിമത്തത്തിന്‍റെ പുതിയ പാഠങ്ങള്‍ നാം അഭ്യസിക്കാന്‍ തുടങ്ങി. നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഇതിനെ അടിമത്തമായി തിരിച്ചറിയാനുള്ള ബൗദ്ധികശേഷിപോലും പാശ്ചാത്യകേന്ദ്രീകൃതമായ അന്വേഷണ രീതിശാസ്ത്ര സങ്കല്പങ്ങളാല്‍ നഷ്ടപ്പെട്ടുപോയി.

ആഗോളീകരണമെന്ന മുതലാളിത്തത്തിന്‍റെ വ്യാപനസങ്കേതം നവഅടിമത്തത്തെ കൂടുതല്‍ സജീവമാക്കുകയും ജീവിതസാഹചര്യങ്ങളെ കലുഷമാക്കുകയും ചെയ്തു. മക്ഡൊണാള്‍ഡും, കെന്‍റക്കി ഫ്രൈഡ് ചിക്കനും വാള്‍മാള്‍ട്ടും ഇന്ന് സാര്‍വ്വദേശീക അഭിരുചികളുടെ പ്രതീകങ്ങളാണ്. പ്രാദേശിക തലങ്ങളില്‍പോലും ഇതിന്‍റെ വകഭേദങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു.

'ഫാസ്റ്റ് ഫുഡ്' എന്നാല്‍ തത്ക്ഷണം ലഭിക്കുന്ന ഭക്ഷണം എന്നാണ് നമ്മള്‍ മൊഴിമാറ്റം ചെയ്യുന്നത്. ഭാരതീയ പാരമ്പര്യത്തില്‍ ഉപവാസം ആരോഗ്യത്തിന്‍റെ അനിവാര്യഘടകമായിരുന്നു. ആ അര്‍ത്ഥത്തില്‍ "fast, no food" എന്നുപറയേണ്ട നാം പ്രാതലിനു(break fast)പോലും 'fast food' കഴിക്കുന്ന സംസ്കാരം തെരഞ്ഞെടുത്തിരിക്കുന്നു. കാത്തിരുന്നു ക്ഷമയോടെ കഴിക്കേണ്ട ഭക്ഷണം ഇന്ന് രാസവസ്തുക്കള്‍ കലര്‍ത്തിയ മയക്കുമരുന്നു രൂപത്തില്‍ അകത്താക്കുന്നു. അതു വരുത്തിവെയ്ക്കുന്ന ദോഷങ്ങള്‍ക്ക് പിന്നീട് അതിന്‍റെ എത്രയോ ഇരട്ടി പണം ചികിത്സക്കായി ചെലവാക്കുന്നു. മഹാത്മാഗാന്ധിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ഗ്രന്ഥംപോലും കണ്ടവര്‍ വിരളമാണ്. ഗാന്ധിജി പറയുന്നത് ഭക്ഷണം മരുന്നുപോലെ കഴിക്കേണ്ട ഒന്നാണെന്നാണ്. പക്ഷേ അഭിരുചികള്‍ക്ക് അടിമയായി കഴിഞ്ഞ ശരാശരി മനുഷ്യര്‍ ഭക്ഷണത്തെ ആരാധിക്കുന്നു, ആഘോഷിക്കുന്നു. മധ്യവര്‍ഗ്ഗ-ഉപരിവര്‍ഗ്ഗ സംസ്കാരത്തിന്‍റെ പ്രതീകങ്ങളാണ് ആഡംബര ഭക്ഷണവും മറ്റ് ജീവിതരീതികളും. വസ്ത്രധാരണത്തിലും പാര്‍പ്പിടരീതികളിലും വന്നുകൊണ്ടിരിക്കുന്ന അഭൂതപൂര്‍വ്വമായ മാറ്റങ്ങള്‍ തനതു സംസ്കാരങ്ങളുടെ ഗുണപരമായ വളര്‍ച്ചയേയല്ല സൂചിപ്പിക്കുന്നത്. മറിച്ച് പാശ്ചാത്യ ആഗോളീകരണ വാര്‍പ്പുമാതൃകകള്‍ പകര്‍ന്നുതന്ന വിപണി-ബന്ധിതമായ അടിമത്തത്തെയാണ്. ഈ അടിമത്തമാകട്ടെ അധിനിവേശ കാലഘട്ടത്തിലൂടെ, ആധുനികതയെന്ന പാശ്ചാത്യ-കേന്ദ്രീകൃതമായ വ്യവഹാരങ്ങളിലൂടെ ആന്തരികവല്‍ക്കരിക്കപ്പെട്ടതും. അതുകൊണ്ടുതന്നെയാണ് അധിനിവേശാനന്തര കാലഘട്ടത്തിലും ഇതിന്‍റെ സാന്നിദ്ധ്യം നിലനില്‍ക്കുന്നതും സര്‍വ്വവ്യാപിയായിരിക്കുന്നതും. ഇതിനെ മറികടക്കാന്‍ ബോധമണ്ഡലത്തിലെ വേരുറച്ചുപോയ അടിമത്തത്തിന്‍റെ അപകോളനീകരണത്തിലൂടെ മാത്രമേ സാധിക്കൂ. അതാവട്ടെ ആധുനികതയെയും അതിനെ പിന്‍പറ്റി വളര്‍ന്ന ജ്ഞാനമണ്ഡലത്തെയും പ്രശ്നവല്‍ക്കരിച്ചുകൊണ്ടുമായിരിക്കണം. ആഗോളീകരണത്തിന്‍റെ ഈ കാലഘട്ടത്തില്‍ കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ് ഇതു രണ്ടും.

Featured Posts

bottom of page