top of page

പണത്തിന്‍റെ മന്ദഗതി

Feb 1, 2013

3 min read

ഡോ. റോയി തോമസ്
A drawing of a person running.

ലോകത്തില്‍ ഇന്ന് നിലനില്‍ക്കുന്ന സാമ്പത്തികക്രമം വിപണിയെ ആധാരമാക്കിയുള്ളതാണ്. വിപണി ഓരോ മനുഷ്യനെയും ഉപഭോക്താവായി മാത്രമാണ് കാണുന്നത്. ലാഭചിന്തമാത്രം ഉള്‍ക്കൊള്ളുന്ന വിപണി നമ്മുടെ ദര്‍ശനത്തെത്തന്നെ അട്ടിമറിച്ചിരിക്കുന്നു. മൂലധനത്തിന്‍റെ സ്വതന്ത്രവും വേഗമേറിയതുമായ ഒഴുക്ക് വിപണി ഉറപ്പുവരുത്തുന്നു. ഈ വേഗത്തില്‍ നമുക്ക് സ്വത്വനഷ്ടം സംഭവിക്കുന്നു. ഉപഭോഗഭ്രാന്ത് സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങളും നിര്‍ണായക പങ്കുവഹിക്കുന്നു. വേഗത്തില്‍ പണം സമ്പാദിച്ച് പുതിയ ഉത്പന്നങ്ങള്‍ അതിവേഗം കൈക്കലാക്കുകയാണ് ജീവിതവിജയമെന്ന സന്ദേശമാണ് നാമെവിടെയും കേള്‍ക്കുന്നത്.


എവിടെയും വേഗത്തിന്‍റെ സുവിശേഷമാണ് മുഴങ്ങുന്നത്. വികസനത്തിനും യാത്രയ്ക്കും വാഹനങ്ങള്‍ക്കും നടപ്പിനുമൊന്നും വേഗം പോരെന്ന് നാം കരുതുന്നു. കുറച്ചുകൂടി വേഗത്തില്‍ ഓടിയില്ലെങ്കില്‍ പിന്നിലാകുമോ എന്ന് ഏവരും ഭയക്കുന്നു. നമ്മുടെ ഓട്ടത്തിനു വേഗം കൂട്ടാന്‍ വിപണി മുന്നിലും പിന്നിലും നിന്ന് കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നു. ആരുടെ കൈകളിലാണ് നമ്മുടെ 'റിമോട്ട് കണ്‍ട്രോള്‍' എന്നറിയാതെ ഓടുകയാണ് വിധിയെന്ന് നാം കരുതുന്നു. ഇത്രവേഗത്തില്‍ ഏങ്ങോട്ടാണ് യാത്ര എന്ന് തിരിഞ്ഞുനിന്നു ചോദിക്കാന്‍ ആരും ശ്രമിക്കുന്നില്ല. എല്ലാവരും ഓടുമ്പോള്‍ നടുവേ ഓടുകയാണല്ലോ വേണ്ടത്!


ഈ ആസുരവേഗത്തിനിടയില്‍ ചിലര്‍ അല്പനേരം നിന്ന് ചിന്തിക്കാന്‍ ഒരുങ്ങുന്നു. ഈ വേഗത്തില്‍ അധികകാലം മുന്നേറാനാവില്ല എന്ന സത്യം തിരിച്ചറിഞ്ഞവരാണവര്‍. 'വേഗം ഹിംസയാണ്' (Speed is Violence) എന്നു കരുതുന്നവര്‍ മന്ദഗതിയില്‍ ചരിക്കാന്‍ നമ്മോടു പറയുന്നു. വളര്‍ച്ചാനന്തര ചിന്തകള്‍ സുസ്ഥിരവികസനത്തിന് വേഗം കുറയ്ക്കേണ്ടതുണ്ടെന്ന് ലോകത്തോടു വിളിച്ചുപറയുന്നു. ഇന്നത്തെ വേഗം നമ്മെ വലിയ ദുരന്തത്തിലേക്കാണ് വലിച്ചടുപ്പിക്കുന്നത്. വിപണികേന്ദ്ര സമ്പദ്വ്യവസ്ഥ വേഗം പോരെന്നാണ് എപ്പോഴും വിളിച്ചുപറയുന്നത്. പ്രകൃതിവിഭവങ്ങളും മനുഷ്യവിഭവങ്ങളും അളവില്ലാതെ തിന്നുതീര്‍ക്കുന്ന നിലവിലുള്ള സമ്പദ്വ്യവസ്ഥയുടെ ഹിംസാത്മകമുഖം പലരും തിരിച്ചറിഞ്ഞിരിക്കുന്നു. 'മന്ദഗതിയിലുള്ള പണം' (slow money) എന്ന സങ്കല്പം പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്. വൂഡിറ്റാഷിന്‍റെ ചിന്തകള്‍ ഇന്ന് വളര്‍ച്ചാനന്തര വിശകലനങ്ങളില്‍ സജീവമാണ്.


മണ്ണിലേക്കുമടങ്ങുകയും ഭൂമിയുമായുണ്ടായിരുന്ന നാഭീനാളബന്ധം തിരിച്ചുപിടിക്കുകയും ഇന്നിന്‍റെ അനിവാര്യതയാണെന്ന് ഈ ചിന്ത വെളിപ്പെടുത്തുന്നു. ആഹാരപദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഏവരും ശ്രദ്ധിക്കണം. പരിസ്ഥിതിയെ ഗൗരവമായി പരിഗണിക്കാത്ത സമ്പദ്വ്യവസ്ഥയ്ക്ക് അധികകാലം നിലനില്‍ക്കാന്‍ സാദ്ധ്യമല്ല. മണ്ണുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിലൂടെ പുതിയൊരു സമ്പദ്ഘടന സൃഷ്ടിക്കാന്‍ സാധിക്കും. സുസ്ഥിരമായ കൃഷിയും ഉര്‍വരമായ മണ്ണും നവമായ സംസ്കാരത്തിന്‍റെ അടിസ്ഥാനഘടകങ്ങളായി മാറും. വലുതിനെക്കുറിച്ചുള്ള ആര്‍ത്തിപൂണ്ട വിചാരങ്ങള്‍ക്കു പകരം ചെറുതും വികേന്ദ്രീകൃതവുമായ വികസനദര്‍ശനങ്ങള്‍ ഹിംസാത്മകവേഗത്തെ പ്രതിരോധിക്കും.


വൂഡിറ്റാഷ് സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്ന നിക്ഷേപരീതികളെക്കുറിച്ചാണ് എടുത്തുപറയുന്നത്. അസഹിഷ്ണുത പ്രകടിപ്പിക്കുന്ന മൂലധനത്തിനു പകരം 'ക്ഷമയും ശാന്തതയും പ്രകടിപ്പിക്കുന്ന മൂലധനത്തെക്കുറിച്ച്' അദ്ദേഹം ഉപദര്‍ശിക്കുന്നു. അശാമ്യമായ തൃഷ്ണകളിലിട്ട് കറക്കുന്ന വേഗമേറിയ മത്സരത്തില്‍ ഉള്‍പ്പെടുത്തി അന്യവത്കരണത്തിലേക്കു നയിക്കുന്ന ഇന്നിന്‍റെ സമ്പദ്വ്യവസ്ഥ പ്രതിസന്ധി നേരിടുന്നു. ഈ സാഹചര്യത്തില്‍ 'ഓട്ടത്തിന്‍റെ വേഗം കുറയ്ക്കേണ്ടിയിരിക്കുന്നു'. നിക്ഷേപത്തെക്കുറിച്ചും ലാഭത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും സമഗ്രമായ, വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയാണ് 'സ്ലോ മണി' എന്ന ദര്‍ശനം. പൊയ്ക്കാലുകളില്‍ നില്‍ക്കുന്ന ഇന്നത്തെ സമ്പദ്വ്യവസ്ഥ ചൂതുകളിപോലെയാണ്. മഹാഭൂരിപക്ഷത്തെ പരിഗണിക്കാത്ത, നിരങ്കുശമായ ലാഭചിന്തയിലധിഷ്ഠിതമായ ഘടനയാണത്. വിപണി മൂല്യരഹിതമായ ആകാശമാണ് നീര്‍ത്തിയിടുന്നത്.


നിലനില്‍ക്കുന്ന സംസ്കൃതി, നാഗരികത സുസ്ഥിരമല്ല. ആസന്നഭാവിയില്‍ അത് നിലംപൊത്തും. ഈ ചിന്ത ലോകം മുഴുവന്‍ വളര്‍ന്നുവരുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ സുസ്ഥിരമായ നാഗരികത വളര്‍ന്നുവരണമെങ്കില്‍ കൃഷി, ഭക്ഷണം, ആരോഗ്യം എന്നിങ്ങനെയുള്ള അടിസ്ഥാനമേഖലകളുമായി അതിന് അഗാധമായ ബന്ധമുണ്ടാകണം. നിലനില്‍ക്കുന്ന സമ്പദ്വ്യവസ്ഥയുടെ ബലഹീനതയെക്കുറിച്ച് പുനരാലോചന അനിവാര്യമാകുന്നത് ഈ സന്ദര്‍ഭത്തിലാണ്. ലാഭം മാത്രമാണ് നിലവിലുള്ള സമ്പദ്വ്യവസ്ഥയുടെ മാനദണ്ഡമനുസരിച്ച് വിജയത്തിനാസ്പദം. മറ്റു പരിഗണനകള്‍ ഇവിടെ അസംഗതമാകുന്നു. അതിവേഗമാര്‍ന്ന മാത്സര്യത്തില്‍ വഴിയില്‍ വീണു പോകുന്നവരെ കൂടി പരിഗണിച്ചില്ലെങ്കില്‍ സമാധാനം അകലെയാകും. അനീതി നിറഞ്ഞ, അസന്തുലിതമായ സമ്പദ്ഘടനയാണ് പല അശാന്തികളും ഭൂമിയില്‍ വിതയ്ക്കുന്നത്. മഹാഭൂരിപക്ഷത്തെ അശാന്തിയിലേക്ക് തള്ളിവിട്ടുകൊണ്ട് വരേണ്യവര്‍ഗത്തിനു പുതുലോകം പണിതുകൊടുക്കുന്ന വേഗതയ്ക്കുപകരം 'മന്ദഗതി' ഏവരേയും പരിഗണിക്കുന്ന പ്രതിസംസ്കൃതി മുന്നോട്ടുവയ്ക്കുന്നു.


മന്ദഗതിയില്‍ സഞ്ചരിക്കുമ്പോള്‍ നാം പുതിയ തിരിച്ചറിവുകളിലെത്തുന്നു. ജീവിതത്തിന്‍റെ സര്‍ഗാത്മകസാദ്ധ്യതകള്‍ നാം കണ്ടെത്തുന്നു. സുസ്ഥിര ജീവിതത്തെക്കുറിച്ചുള്ള ആഴമേറിയ അവബോധത്തിലേക്ക് ഉണരുന്നു. പെട്ടെന്നു തീര്‍ന്നുപോകുന്ന വിഭവങ്ങളാണ് ഭൂമിയിലുള്ളത്. 'പണം' എന്നു പറയുമ്പോള്‍ അത് നോട്ടുകെട്ടുകള്‍ മാത്രമല്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കണം. വായുവും വെള്ളവും മണ്ണുമെല്ലാം ഭാവിയിലേക്കുള്ള മൂലധനമാണ്. അത് ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപമാണ്. ഈ 'പണം' വേഗത്തില്‍ ചെലവഴിച്ചാല്‍ നമ്മുടെ നിലനില്‍പ്പ് അസ്ഥിരമാകും. അതുകൊണ്ടാണ് 'വേഗം കുറയ്ക്കുക' എന്ന് വിവേകശാലികള്‍ വിളിച്ചു പറയുന്നത്. നിലവിലുള്ള നമ്മുടെ വികസന കാഴ്ചപ്പാടുകളും ആഗ്രഹങ്ങളും ജീവിതവിജയത്തെക്കുറിച്ചുള്ള ചിന്തകളും മന്ദഗതി അനുവദിക്കുന്നതല്ല. അത് പരാജയത്തിന്‍റെ ചിഹ്നമായി കരുതാനും സാദ്ധ്യതയുണ്ട്. നാം തുടര്‍ന്നുപോന്ന വഴി തെറ്റിയിരിക്കുന്നു എന്ന തിരിച്ചറിവ് നിര്‍ണായകമാണ്. തൃഷ്ണയുടെ ഗോപുരത്തില്‍ നിന്നിറങ്ങി മണ്ണില്‍ നടക്കാന്‍ കഴിയുക ക്ഷിപ്രസാദ്ധ്യമല്ല. നാം ഇറങ്ങിയില്ലെങ്കില്‍ ആസുരവേഗത്തില്‍ കൊടുങ്കാറ്റ് നമ്മെ ചുഴറ്റിയെറിയുമെന്നറിയുക. ഗത്യന്തരമില്ലാത്ത ഒരു തുരങ്കത്തിലാണ് നാം അകപ്പെട്ടിരിക്കുന്നത്.


വേഗത്തിന്‍റെ സംസ്കൃതി നമുക്കെന്താണ് അത്യന്തികമായി നല്‍കുന്നത്? സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ശാന്തതയുടേയും തീരത്തുനിന്ന് അശാന്തി പര്‍വത്തിലേക്കാണ് ഈ ശീഘ്രഗതി നമ്മെ എത്തിച്ചിരിക്കുന്നത്. ഈ സമ്പദ്വ്യവസ്ഥ സന്തോഷത്തിന്‍റേതല്ല. നിരന്തരമായ സംഘര്‍ഷത്തിന്‍റെ യുദ്ധഭൂമിയാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. 'സന്തോഷത്തിന്‍റെ സമ്പദ്ശാസ്ത്രം' എന്ന ദര്‍ശനം 'സ്ലോ മണി' എന്ന കാഴ്ചപ്പാടുമായി കൂട്ടിവായിക്കാവുന്നതാണ്. സന്തോഷവും സമാധാനവും നല്‍കുന്നില്ലെങ്കില്‍ ഭൗതികമായ സമ്പദ്സമൃദ്ധി നിരര്‍ത്ഥകമാകും. നിദ്രാരഹിതമായ രാത്രികളും അതിസങ്കീര്‍ണ്ണമായ രോഗാവസ്ഥകളും സൃഷ്ടിക്കുന്ന നാഗരികത അസ്ഥിരതയുടേതാണ്. വേഗം കുറഞ്ഞ, ശാന്തതയുള്ള സമ്പദ്ഘടന സമഗ്രമായ ആരോഗ്യത്തിലേക്കാണ് കൈപിടിച്ചുയര്‍ത്തുന്നത്. ഉപഭോക്താവായി മാത്രം മനുഷ്യനെ കാണുന്ന വിപണി 'ഏകമാന മനുഷ്യ' രുടെ പിറവിയാണ് ആഘോഷിക്കുന്നത്. നിരന്തരമായ ഉപഭോഗം വിജയമാണെന്നു ഘോഷിക്കുന്ന അതിവേഗ സംസ്കാരം പുതിയ രോഗങ്ങള്‍ സൃഷ്ടിക്കുന്നു. ഉന്മാദത്തിന്‍റെ സംസ്കാരമാണ് നിലനില്‍ക്കുന്നത്. ഇതിനു പകരമാണ് മന്ദഗതിയുടെ സംസ്കാരം ഉയര്‍ന്നുവരുന്നത്. അത് ബന്ധങ്ങളുടെ വല (Net) നെയ്യുന്നു. ഓരോ വ്യക്തിയും ചുറ്റുപാടുകളും മണ്ണും എല്ലാം ഒന്നുചേരുന്ന ഒരു 'നെറ്റ് വര്‍ക്ക്' സുസ്ഥിരമായ നിലനില്പിന് ഹേതുവാകുന്നു.


'വേഗം കുറഞ്ഞ പണം' എന്ന ദര്‍ശനം സമ്പത്തിനെക്കുറിച്ച് പുതിയൊരു കാഴ്ചപ്പാടാണ് നല്‍കുന്നത്. തകര്‍ന്നുപോയ ആഹാരരീതികള്‍ ക്രമീകരിക്കുകയും ആരോഗ്യകരമായ സമ്പദ്വ്യവസ്ഥയ്ക്കു വിത്തു പാകുകയും ചെയ്യുന്നു. വേഗത്തിനു നേരെ മന്ദഗതിയുടെ സൗമ്യമായ പ്രതിരോധമാണിത്. റ്റോം സ്റ്റേണ്‍സ് പറയുന്നതിപ്രകാരമാണ്: "ഇതാ ഒരു വലിയ കപ്പല്‍ വെള്ളത്തിലൂടെ കടന്നുപോകുന്നു. അതിലേക്ക് ചെറിയ കല്ലുകള്‍ എറിയുന്നു. എന്നാല്‍ കപ്പല്‍ അതിന്‍റെ ഗതി വേണ്ടത്ര വേഗത്തില്‍ തിരിച്ചുവിടുന്നില്ല. തന്ത്രപരമായ വഴികള്‍ ഏകീകരിച്ച് പ്രയോഗിച്ചാല്‍ നമുക്ക് കപ്പലിന്‍റെ ദിശ തിരിച്ചുവിടാന്‍ കഴിയും." വികസനത്തിന്‍റെ വേഗമേറിയ കപ്പലാണിത്. അതിനുനേരെ തന്ത്രപരമായ നീക്കം നടത്തിയാല്‍ മാത്രമേ ഇന്നത്തെ വേഗം കുറയ്ക്കാന്‍ സാധിക്കൂ. ലോകത്തിന് മുന്നോട്ടു പോകണമെങ്കില്‍ ഇതനിവാര്യമാണ്. നഗരകേന്ദ്രിതമായ സമ്പത്തിന്‍റെ ഒഴുക്കിനു പകരം ഗ്രാമത്തിന്‍റെ പുരോഗതിയും ഈ പ്രസ്ഥാനം ലക്ഷ്യമാക്കുന്നു. അടിസ്ഥാനതലത്തിലുള്ള വികസന സങ്കല്പം കൂടിയാണിവിടെ ആവിഷ്കരിക്കപ്പെടുന്നത്. പുരോഗതി യെയും വികസനത്തെയും പുതിയൊരു കണ്ണിലൂടെ കാണാനാണ് 'സ്ലോ മണി'യുടെ ദര്‍ശനം നമ്മെ ഉദ്ബോധിപ്പിക്കുന്നത്. ഇത് പുതിയൊരു ജീവിതദര്‍ശനം കൂടിയായി വികസിക്കുന്നു.


'സ്ലോ മണി'യുടെ തത്ത്വങ്ങള്‍ ഇപ്രകാരം സംഗ്രഹിക്കാം


1). സമ്പത്തിനെ ഭൂമിയിലേക്കു തിരിച്ചുകൊണ്ടുവരണം.


2). പണം വേഗമേറിയതാകുമ്പോള്‍, കമ്പനികള്‍ വലുതാകുന്നു, സമ്പദ് വ്യവസ്ഥ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. അതുകെണ്ട് പണത്തിന്‍റെ വേഗം കുറക്കേണ്ടിയിരിക്കുന്നു.


3). ഇരുപതാം നൂറ്റാണ്ടിലെ സമ്പദ്ഘടന കുറച്ചുവാങ്ങുന്നത് /കൂടുതല്‍ വില്‍ക്കുന്നത്, പണം ഇപ്പോള്‍/ മനുഷ്യസ്നേഹം പിന്നീട് എന്നതാണെങ്കില്‍ 21-ാം നൂറ്റാണ്ടിലെ സമ്പദ്രംഗം ഉള്‍ക്കൊള്ളുന്നതിന്‍റെ ശക്തിയുള്ളതും സാധാരണക്കാരെ കരുതുന്നതും അഹിംസാത്മകവുമായിരിക്കണം. അതിന്‍റെ ഊന്നല്‍ മൂല്യാധിഷ്ഠിതമായിരിക്കണം.


4). നാം കൃഷിയിലും ഭക്ഷണത്തിലും നിക്ഷേപം ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം. സമ്പദ്ശാസ്ത്രം കൃഷിഭൂമിയുടെ ഉര്‍വരതയുമായി ബന്ധപ്പെട്ടതായിരിക്കണം. മൂലധനത്തിന്‍റെ മുഖ്യഭാഗവും ചെറുകിട ഭക്ഷണനിര്‍മ്മാണശാലകളിലേക്കു തിരിച്ചുവിടണം.


5). പുതുതലമുറ സംരംഭകരെ, ഉപഭോക്താക്കളെ, നിക്ഷേപകരെ നമുക്കാഘോഷിക്കാം. മരണത്തെ നിര്‍മ്മിക്കുന്നതിനു പകരം ജീവിതത്തെ രൂപപ്പെടുത്തുന്ന അവര്‍ നമുക്കു പുതിയ ദിശ കാണിച്ചുതരുന്നു.


6). പോള്‍ ന്യൂമാന്‍ പറയുന്നതുപോലെ "ജീവിതത്തിന് നമുക്ക് വളരെക്കുറച്ചേ ആവശ്യമുള്ളൂ. ഒരു കൃഷിക്കാരന്‍ ഭൂമിയില്‍ നിന്നെടുക്കുന്നത് അതിനുതന്നെ തിരിച്ചു നല്‍കുന്നതുപോലെയാണിത്." ഈ വാക്കുകളിലെ വിവേകം തിരിച്ചറിഞ്ഞ് നമുക്ക് സമ്പദ്വ്യവസ്ഥ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങാം.

Featured Posts

bottom of page