top of page
നമ്മുടെ കൈയില്‍ ഒതുങ്ങിയിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ മുതല്‍ മുറികളുടെ മുക്കും മൂലയും തൂത്തുവൃത്തിയാക്കുന്ന കുഞ്ഞന്‍ വാക്ക്വം ക്ലീനര്‍വരെ നിങ്ങളെ ഒളിഞ്ഞും തെളിഞ്ഞും സദാ പഠിച്ചുകൊണ്ടിരിക്കുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം പ്രയാസം തോന്നുന്നുണ്ടോ? ഇത്തരം ഉപകരണങ്ങളുടെ ഉള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകളും മൈക്രോഫോണുകളും ഉപയോഗിച്ച് ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെയാണ് ഇവ സാദ്ധ്യമാക്കുന്നത്. നിങ്ങള്‍ക്ക് ഏറ്റം പ്രിയപ്പെട്ട ഗൂഗിളും അലക്സയും ഫേസ്ബുക്കും വാട്ട്സ് ആപ്പും വീഡിയോ ഗെയ്മുകളും എന്തിനേറെ ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനുകള്‍വരെ ഈ ശ്രേണിയുടെ പേരുവിവരപ്പട്ടികയില്‍പ്പെടുന്ന വരാണ്.
ഇന്‍സ്റ്റഗ്രാം, പിന്‍ടെറസ്സ്, ട്വിറ്റര്‍, ഫെയ്സ് ബുക്ക് മുതലായ അനുദിന ജീവിതത്തിന്‍റെ ഭാഗമായി മാറിയ എല്ലാ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളും നമ്മുടെ സന്തോഷസങ്കട നിമിഷങ്ങളുടെ ഫോട്ടോകളും വീഡിയോകളും കമന്‍റുകളും കോടിക്കണക്കിനു ജനങ്ങളിലേക്ക് എത്തിക്കുമ്പോള്‍, ടെക്നോളജിയുടെ വളര്‍ച്ചയിലും വേഗതയിലും കൃത്യതയിലും നമ്മള്‍ സന്തോഷിക്കുമ്പോള്‍, വരികള്‍ക്കിടയില്‍ നമ്മുടെ കാഴ്ച മങ്ങിയത് അറിയാതെ പോകുന്നു. സെക്യൂരിറ്റി റിസേര്‍ച്ചേഴ്സ് ആന്‍റ് യൂസേഴ്സ് (Security researchers and users) ന്‍റെ റിപ്പോര്‍ട്ടുപ്രകാരം, മൊബൈല്‍ ഫോണിലും കംപ്യൂട്ടറിലുമായി ഇത്തരം സോഷ്യല്‍ മീഡിയാകളില്‍ വിരലോടിച്ചു കളിക്കുമ്പോള്‍ നിങ്ങള്‍ ചിന്തിച്ചിട്ടുപോലും ഇല്ലാത്തത്ര അളവില്‍ നിങ്ങളുടെ വിശദാംശങ്ങളാണ് ശേഖരിക്കപ്പെടുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നത്. ഏതെങ്കിലും ഒരു സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍ നിങ്ങള്‍ നിങ്ങളുടെ ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ വായിച്ചാലും വായിച്ചാലും തീരാത്ത ഒരു സമ്മതപത്രം (agreement document) നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവും. സമയമില്ലായ്മകൊണ്ടും മടികൊണ്ടും മുഴുവന്‍ വായിക്കാതെ തന്നെ എല്ലാവരും accept / agree / permissionതുടങ്ങിയ ബട്ടണുകളില്‍ വിരലമര്‍ത്തുകയും ചെയ്യും. ഈ ആപ്ലിക്കേഷന്‍റെ സേവനം യഥാവിധി ലഭിക്കാന്‍ നിങ്ങളുടെ ക്യാമറ, മൈക്രോഫോണ്‍, ഗ്യാലറി എന്നിവയില്‍ ആക്സബിലിറ്റി വേണം എന്നുകൂടി പറയും. ഇതിനെല്ലാം കണ്ണുമടച്ച് അനുമതി കൊടുത്ത നമ്മള്‍ പിന്നീട് പ്രൈവസിയെക്കുറിച്ച് ഉത്കണ്ഠപ്പെട്ടിട്ട് എന്ത് പ്രയോജനം.
സോഷ്യല്‍മീഡിയാകള്‍ മാത്രമല്ല, നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം, ഹോട്ട്സ്റ്റാര്‍ മുതലായ സ്ട്രീമിംങ്ങ് സൈറ്റുകളും ഉപഭോക്താക്കളുടെ വായയുടെ ചലനം (Lip movement), സംസാരം, നീക്കങ്ങള്‍ (Body Movement) ഇവ എല്ലായ്പ്പോഴും റെക്കോര്‍ഡ് ചെയ്തുകൊണ്ടിരിക്കുന്നു. ഇവയെല്ലാം ഏതൊക്കെ വ്യക്തികളിലേക്ക്, ഏജന്‍സികളിലേക്ക് എന്തെല്ലാം ആവശ്യങ്ങള്‍ക്ക് എത്തിപ്പെടുന്നു എന്ന് ഊഹിക്കാന്‍ മാത്രമേ നമുക്ക് നിവൃത്തിയുള്ളൂ. അപ്പോള്‍ പിന്നെ സദാ വോയ്സ് കമാന്‍ഡ് സ്വീകരിക്കുന്ന ഗൂഗിള്‍, യൂറ്റ്യൂബ് ഇവയുടെ കാര്യം എടുത്തു പറയേണ്ടതില്ലല്ലോ.
ആന്‍ഡ്രോയിഡ്, ഐഫോണ്‍ മുതലായ പല ആപ്ലിക്കേഷനുകളും മറ്റനേകം ചെറുകിട, വന്‍കിട ആപ്ലിക്കേഷനുകളുമായും തങ്ങളുടെ ഉപഭോക്താക്കളുടെ ഡേറ്റാ / വിവരങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാവുന്ന തരത്തില്‍ (accessible to every data) ഉള്ള കരാറില്‍ ഏര്‍പ്പെട്ടവയാണെന്ന തിരിച്ചറിവ് അല്പം ഭയപ്പെടുത്തുന്നത് തന്നെയാണെന്ന് കാര്‍ണെഗിമെലണ്‍ (Carnegie Mellon University)) യൂണിവേഴ്സിറ്റി നടത്തിയ പ്രൈവസിഗ്രേഡ് (Privacy grade)പഠനത്തില്‍ അടുത്തയിടയില്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു. കുഞ്ഞുങ്ങള്‍ കളിക്കുന്ന വളരെ നിരുപദ്രവകാരികളെന്ന് നമ്മള്‍ കരുതുന്ന വേര്‍ഡ് ഗെയിം (Word game) പോലും ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുമായി വിവരകൈമാറ്റ (data exchange) വ്യവസ്ഥയില്‍ ഉള്‍പ്പെട്ടതാണ്.
പല രാജ്യങ്ങളിലെയും ഗവണ്‍മെന്‍റുകളുടേയും ലോ എന്‍ഫോഴ്സ്മെന്‍റ് ആന്‍റ് ഇന്‍റലിജന്‍സ് ഏജന്‍സികളുടെ വിവര സ്രോതസ്സുകള്‍തന്നെ ജനങ്ങളുടെ ഇടയില്‍ പ്രചുരപ്രചാരമായിരിക്കുന്ന സോഷ്യല്‍ മീഡിയകളാണ്. സോഷ്യോപാ ത്ത്കളുടെയും(sociopaths) സൈക്കോപ്പാത്തുകളുടെയും (psychopaths) നീക്കങ്ങള്‍ അറിയാനും, വിദേശികളുടെയും സ്വദേശികളുടെയും യാത്രകളെക്കുറിച്ച് മനസ്സിലാക്കുവാനും അഭയാര്‍ത്ഥികളുടെയും തീവ്രവാദികളുടെയും മുന്നേറ്റങ്ങള്‍ ശ്രദ്ധിക്കാനും രാഷ്ട്രീയത്തെക്കുറിച്ചും കലാപങ്ങളെക്കുറിച്ചും ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് വ്യക്തത വരുത്താനും അങ്ങനെ എന്തിനും ഏതിനും സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്‍റും, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റും മറ്റനവധി ഫെഡറല്‍ ഇന്‍റലിജന്‍സ് ഏജന്‍സികളും (തങ്ങളുടെ പൗര ന്മാരുടെ) സോഷ്യല്‍ മീഡിയാകളെ വലിയ പരിധിയില്‍ ആശ്രയിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഒരാള്‍ എവിടെ പോകുന്നുവെന്നും ആരെയൊക്കെ കണ്ടുമുട്ടുന്നു എന്നും എന്തെല്ലാം സംസാരിക്കുന്നു എന്നും ഒരു ഹാക്കറിനും സുരക്ഷാ ഏജന്‍സികള്‍ക്കും, ആപ്ലിക്കേഷന്‍ ഉടമകള്‍ക്കും പകല്‍പോലെ വ്യക്തം എന്നു സാരം. അല്പംകൂടി വ്യക്തമായി പറഞ്ഞാല്‍ നിങ്ങളും നിങ്ങളുടെ ഫോട്ടോകളും, വീഡിയോകളും, ഫയലുകളും, ഡോക്യുമെന്‍റുകളും, വ്യക്തി-പണ-ആശയ ഇടപെടലുകളും ഇനി നിങ്ങളുടെ മാത്രം സ്വന്തമല്ല.
ഫോണ്‍, കംപ്യൂട്ടര്‍, ടെലിവിഷന്‍, അടുക്കള ഉപകരണങ്ങള്‍, വെബ് ക്യാമറകള്‍, ഹോം സെക്യൂരിട്ടി ക്യാമറകള്‍, സ്മാര്‍ട്ട് ബള്‍ബുകള്‍, സ്മാര്‍ട്ട് സ്പീക്കര്‍, എ.സി., കൂളര്‍, തെര്‍മോസ്റ്റാറ്റുകള്‍, ലോണ്‍ട്രി ഉപകരണങ്ങള്‍, മോഡം, ഇന്‍റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡറുകള്‍, വാഹനങ്ങള്‍, ഓഫീസ് മുറി കള്‍, ലിഫ്റ്റുകള്‍, എന്‍റര്‍റ്റൈന്‍മെന്‍റ് സിസ്റ്റം, അലാം സിസ്റ്റം, മെഡിക്കല്‍ ഡിവൈസസ്, ഐപോഡ് ഇങ്ങനെ എണ്ണിയാല്‍ തീരാത്ത ഉപകര ണങ്ങള്‍ നിങ്ങളുടെ പ്രൈവസിയെ നിങ്ങളില്‍ നിന്നും എടുത്തു മാറ്റിയിരിക്കുന്നു. കംപ്യൂട്ടറിലോ ഇന്‍റര്‍നെറ്റിലോ ബന്ധപ്പെടുത്താത്ത ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍വരെ സംഭവിക്കുന്ന തിരിമറികള്‍ നിര്‍മ്മാണ സമയത്തുതന്നെ ഹാക്ക് ചെയ്യപ്പെടാം എന്ന സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
അല്‍ഗോറിഥം, സോഫ്റ്റ്വെയര്‍, സ്മാര്‍ട്ട് ടെക്നോളജി എല്ലാം നമുക്കുചുറ്റും അതിവേഗം പടര്‍ന്ന് പന്തലിച്ചുകൊണ്ടിരിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും, ഏജന്‍റ് ബെയ്സ്ഡ് മോഡലിംങ്ങും, ഉപകരണങ്ങളിലെ ഇന്‍റര്‍നെറ്റും, മെഷിന്‍ ലേണിംങും എല്ലാം വഴിവിളക്കില്‍ മുതല്‍ ഗാര്‍ബേജ് ബില്‍-ല്‍ വരെ അക്ഷരാര്‍ത്ഥത്തില്‍ ഇടംപിടിച്ചു കഴിഞ്ഞിരിക്കുന്നു.
ഒരുpitch-blank situation അഥവാ നോ ഇന്‍ ഫോര്‍മേഷന്‍ (no information) എന്ന അവസ്ഥ യില്‍നിന്നാണ് ഇത്തരം അല്‍ഗോറിഥം എല്ലാം ആരംഭിക്കുന്നത്. ക്രമേണ പരസ്പരം ബന്ധി പ്പിച്ചിരിക്കുന്ന ഉപകരണങ്ങള്‍ (Interconnected devices) - സ്മാര്‍ട്ട് ഫോണ്‍, മൈക്രോഫോണ്‍, സി. സി. റ്റി.വി. ഇതുപോലുള്ള മറ്റ് ഉപകരണങ്ങള്‍ - വഴി വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങുന്നു. പിന്നീട്, ഇവ ശേഖരിച്ച വിവരങ്ങളെ ഓര്‍ഗനൈസ് ചെയ്യുകയും ഉറപ്പിക്കുകയും ചെയ്യുന്നു. അതിനായി നിങ്ങള്‍ ആയിരിക്കുന്ന മുറിയുടെ വലിപ്പം, വിന്യാസം, മുറിയിലെ ആളുകളുടെ എണ്ണം, ഭാഷ, ആക്സന്‍റ്, ആണ്‍പെണ്‍ വ്യത്യാസങ്ങള്‍, സംഭാഷ ണരീതി ഇവയെ വിശകലനം ചെയ്യുന്നു. ശേഷം ഇതില്‍ ഓരോ വ്യക്തിയുടേയും ഓണ്‍ലൈന്‍, പോസ്റ്റുകള്‍, ഡാറ്റാ, പേഴ്സണല്‍ പേജുകള്‍, സോഷ്യല്‍ മീഡിയ മുതലായവയുമായി താരതമ്യ പഠനം ചെയ്യുന്നു. അവസാനമായി ശേഖരിച്ച വിവരങ്ങള്‍ എല്ലാം ഒന്നിച്ചുചേര്‍ത്ത് ഉദ്ദേശിച്ച വ്യക്തിയുടെ (targeted person) പൂര്‍ണ്ണവിവരങ്ങള്‍ (accurate profile) - അതായത്: വ്യക്തിപരം, ബന്ധ ങ്ങള്‍, കുടുംബം, സമ്പത്ത്, ജീവിതനിലവാരം, കഴിവുകള്‍, Social worth - ഒന്നിച്ചു ചേര്‍ക്കുന്നു.
മേല്‍പറഞ്ഞത് ഒരു ഫിക്ഷന്‍ സിനിമയുടെ തിരക്കഥയാണെന്ന് കരുതുന്നവര്‍ 2022 ല്‍ ജീവിക്കാന്‍ അബദ്ധത്തില്‍ എത്തിച്ചേര്‍ന്നവരാണ്. സര്‍വൈലന്‍സ് ചിപ്പുകള്‍ ഘടിപ്പിച്ച ഇരവികുളത്തെ വരയാടുകളില്‍നിന്നും ഗീര്‍വനങ്ങളിലെ സിംഹങ്ങളില്‍നിന്നും വലിയ വ്യത്യാസങ്ങളൊന്നും ഇല്ലാത്ത മനുഷ്യജീവിത കാലഘട്ടങ്ങളിലേക്ക് വളരെ പെട്ടെന്നുതന്നെ നമ്മള്‍ എത്തിപ്പെടുന്നു എന്നത് കുറച്ചെങ്കിലും മനസ്സിലാക്കാന്‍ കാഴ്ചക്കും കേള്‍വിക്കും അല്പംകൂടി ശ്രദ്ധ കൊടുക്കുന്നത് നന്നായിരിക്കും.
Featured Posts
bottom of page