top of page

ഏകാന്തത

Jan 1, 2014

4 min read

ഫാ. ബോബി ജോസ് കട്ടിക്കാട്
Alone

ഏകാന്തതയായിരുന്നു, നരജന്മത്തിന്‍റെ ആ പുരാതനദുഃഖം. മനുഷ്യന്‍ ഏകനാണെന്നു ദൈവം കണ്ടു. ഋജുവായ പരിഹാരം മറ്റൊരു മനുഷ്യനാണ്. അങ്ങനെയാണ് അയാള്‍ക്ക് വേണ്ടി ഒരു കൂട്ടുകാരിയെ മെനഞ്ഞത്. ശാശ്വത ശമനമൊന്നുമല്ലത്. ഒരുമിച്ചായിരിക്കുമ്പോഴും പിന്നെയും ഒറ്റയാവും എന്ന തലവരയെക്കുറിച്ച് വൈകാതെ അവര്‍ കുറെക്കൂടി ബോധവാന്മാരാകും.


ദൈവവും ഏകാന്തതയുടെ കൈയ്പ്പ് അറിഞ്ഞിട്ടുണ്ടാവും. അല്ലെങ്കില്‍ ദൈവത്തിനെന്തിന്‍റെ കുറവാണുള്ളത്. ഉല്‍പ്പത്തിയുടെ പുസ്തകത്തിലെ അഞ്ചാംദിവസം അന്തിയില്‍ മനുഷ്യനെന്ന ആ അശുജന്മമൊഴികെ എല്ലാം ഈ പ്രപഞ്ചത്തിലുണ്ടായിരുന്നു. എന്നിട്ടും ദൈവത്തിന്‍റെ ശൂന്യതയുടെ പാനപാത്രം നിറയ്ക്കാന്‍ മനുഷ്യനെന്ന സദാ നുരയുന്ന വീഞ്ഞു വേണ്ടിയിരുന്നു. അതായിരുന്നു ആറാം ദിനത്തിലെ കണ്ടെത്താല്‍. ദൈവത്തിന്‍റെ ഏകാന്തതയെക്കുറിച്ച് ആര്‍. രാമചന്ദ്രന്‍റെ തീക്ഷ്ണമായ ഒരു കവിതയോര്‍ക്കുന്നു. 'ദിവ്യദുഃഖത്തിന്‍റെ നിഴലെ'ന്ന ശീര്‍ഷകത്തില്‍.


ദൈവത്തിന്‍റെ ഏകാന്തതയുടെ നിറമെന്തായിരിക്കും. കാര്‍മേഘച്ചുരുളുകള്‍ നിറയെ ഘനീഭവിച്ചു കിടക്കുന്ന അരൂപിയായ ഏകാന്തതയെക്കുറിച്ചാണ് രാമചന്ദ്രനെഴുതുന്നത്. മനുഷ്യരെ സൃഷ്ടിച്ചിട്ടും ആ തീരാദുഃഖത്തിനെന്തെങ്കിലും അറുതി ഉണ്ടായിരിക്കുമോ? ഭൗമികമായ ദുഃഖങ്ങളെല്ലാം കാമനകളും വേര്‍പാടുകളും അറിയാതെ നില്‍ക്കുന്നയൊരാളാണ് ദൈവമെങ്കില്‍ എത്ര അഗാധമായിരിക്കും ആ ഏകഹൃദയത്തിന്‍റെ വേരുകള്‍. 'നിന്നില്‍ നിന്നകലുവാനാവാതെ നിന്നില്‍ത്തന്നെ നീറിനീറിക്കൊണ്ടല്ലോ നിത്യതയുടെ ഏകാന്തതയിലിരിപ്പു നീ' യെന്ന് കവിയതിനെ സംഗ്രഹിക്കും.


പ്രപഞ്ചം മുഴുവന്‍ ഏകാന്തതയുടെ ഒരു കാറ്റ് സദാ വീശുന്നതായി ബാഷോ കരുതിയിരുന്നു. അനാഥശിശുവിനോടൊപ്പം ഉറങ്ങാന്‍ കിടക്കുന്ന തണുത്ത കാറ്റ് എന്ന് അയാളുടെ ഹൈക്കു ഉണ്ട്. ഫ്യൂജിപ്പുഴയുടെ തീരത്ത് കണ്ട കഷ്ടിച്ച് മൂന്നുവയസ്സുള്ള ഒരാനാഥക്കുട്ടിയുടെ ഓര്‍മ്മ ബാഷയുടെ മാറാപ്പിലുണ്ട്. ഒരല്പം അന്നമവന്‍റെ വിശപ്പിലേക്കെറിഞ്ഞ് യാത്ര തുടരുമ്പോള്‍ തീരെ ദയയില്ലാത്ത ഒരാളായി അയാള്‍ക്ക് സ്വയം തോന്നി. അവനോട് മുകളിലേക്ക് നോക്കി നിലവിളിക്കെന്ന് പറഞ്ഞ് പുഴ കടക്കാന്‍ തുടങ്ങുകയാണയാള്‍. മനുഷ്യന്‍റെ ഏകാന്തതയ്ക്ക് ചിരകാലപരിഹാരങ്ങളൊന്നുമില്ലായെന്നു കരുതിയ ഒരാളുടെ പ്രായോഗിക ബുദ്ധി കൂടിയാണത്. അപരിഹാര്യമായ the solitary reaper എന്ന കവിതയെങ്ങനെ മറക്കാന്‍. തോമസ് വിക്കിന്‍സിന്‍റെ 'ടൂര്‍ ടു ബ്രിട്ടീഷ് മൗണ്ടയിന്‍' എന്ന എഴുത്തില്‍ പരാമര്‍ശിക്കപ്പെടുന്ന അനുഭവകഥയാണ് 'സോളിറ്ററി റീപ്പറി' ന് പ്രേരണയായത്. സ്ക്കോട്ട്ലണ്ടിലൂടെയുള്ള ഒരു യാത്രയില്‍ ആളൊഴിഞ്ഞ പാടങ്ങളില്‍ നിന്ന് ഏകാകിയായ ഒരു കൊയ്ത്തുകാരി പാടുന്ന അനന്യമധുരമായ പാട്ടില്‍ നിന്നാണ് അതിന്‍റെ ആരംഭം. അപരിചിതമായ ഭാഷയിലുള്ള ആ ഗാനത്തിന്‍റെ പൊരുളോ, വികാരമോ മനസ്സിലായില്ലെങ്കിലും ദുഃഖഭരിതവും സാന്ദ്രവുമായ ഈണം നിറയെ ഏകാന്തതയാണെന്ന് ആ സഞ്ചാരി തിരിച്ചറിയുന്നുണ്ട്.


കഥകളും കവിതകളും മിത്തുകളും ഒക്കെ പറയാതെ പറയുന്നത് ഒരൊറ്റ യാഥാര്‍ത്ഥ്യം മാത്രമാണ്. മനുഷ്യാവസ്ഥയുടെ തലവരയാണ് ഏകാന്തതയെന്ന്. ആരാണതില്‍ നിന്ന് രക്ഷപെട്ടിട്ടുള്ളത്. ചെറിയ കുഞ്ഞുങ്ങള്‍ തൊട്ട് വയോധികര്‍ വരെ അതിന്‍റെ ഇരകള്‍ തന്നെ. ജോലിക്ക് പോകുന്ന നിങ്ങളെ തടയുന്ന ചെറിയ കുഞ്ഞിന്‍റെ ശാഠ്യം തൊട്ട്, എപ്പോള്‍ വരുമെന്ന് നിര്‍മ്മമതയുടെ മൂടുപടമിട്ട് അന്വേഷിക്കുന്ന വയോധികനായ അച്ഛന്‍ വരെ അതിന്‍റെ അദൃശ്യചരടില്‍ കുരുങ്ങുന്നുണ്ട്. താനൊരു പക്ഷേ, തീരെ അപ്രസക്തനായേക്കുമെന്ന ഭയത്തിന്‍റെ പേരാണ് ഏകാന്തത.


എങ്ങനെയാണ് ഏകാന്തത രൂപപ്പെട്ടത്. പെട്ടെന്നൊരു ദിവസം സംഭവിക്കുന്നതല്ല. ഉള്ളിന്‍റെ ഉള്ളില്‍ അതിന്‍റെ സാദ്ധ്യത സദാമയക്കത്തിലുണ്ട്. ഭൂചലനത്തിന് ശേഷം കടലില്‍ നിന്ന് തുരുത്തുകള്‍ രൂപപ്പെട്ടതുപോലെ പൊടുന്നനെ പ്രത്യക്ഷപ്പെടുന്നുവെന്നു മാത്രമേ ഉള്ളൂ. അപ്രതീക്ഷിതമായ ചില തിരിച്ചടികള്‍, ദുരന്തങ്ങള്‍, വിരഹങ്ങള്‍ ഒക്കെ ഏതൊക്കെയോ പേരറിയാ തുരുത്തുകളിലേക്ക് നിങ്ങളുടെ പ്രാണനെ നാടുകടത്തുന്നുണ്ട്. സംവാദത്തിന്‍റെ പാലങ്ങളും സൗഹൃദത്തിന്‍റെ കടത്തുവഞ്ചികളും പാടെ തകര്‍ക്കപ്പെട്ട് ചിലരിങ്ങനെ. ഡാനിയേല്‍ ഡിഫോയുടെ റോബിന്‍സണ്‍ ക്രൂസോ നല്ലൊരു പ്രതീകമാണ്. ഒരാള്‍ കണ്ടെത്തിയ തുരുത്തുകളും അയാള്‍ക്ക് നമ്മള്‍ പതിച്ചുകൊടുത്ത തുരുത്തുകളും ഉണ്ടാകാം. ജീവിച്ചിരിക്കുന്നതിനുവേണ്ടി ഒരാള്‍ കൊടുക്കുന്ന കപ്പമാണീ ഒറ്റപ്പെടല്‍.


കല നിലനില്ക്കുന്നതുപോലും ഏകാന്തതയെ കേന്ദ്രബിന്ദുവാക്കിയാണ്. പ്രശസ്തമായ ശീര്‍ഷകം പോലെ, ഏകാന്തതയുടെ സംവത്സരങ്ങളാണ് സര്‍ഗക്രിയയുടെ മൂലധനം. മനുഷ്യന്‍റെ ചരിത്രം അവന്‍റെ ഏകാന്തതയുടെ ചരിത്രമാണ്. മറ്റൊരു മനുഷ്യനായി ബന്ധപ്പെട്ടു ജീവിക്കാതെ ഒരാള്‍ക്കെങ്ങനെയാണ് നിലനില്‍ക്കാനാവുക., 1976 ല്‍ ഇറങ്ങിയ ഒരമേരിക്കന്‍ ചലച്ചിത്രം, 'ടാക്സി ഡ്രൈവറി' ല്‍ കൊടിയ ഹിംസാത്മകതയിലേക്ക് വഴുതിപ്പോയ കേന്ദ്രകഥാപാത്രം അതിനു പറയുന്ന കാരണം കഠിനമാണ്. എനിക്ക് ആരെങ്കിലുമൊക്കെയായി ബന്ധപ്പെട്ടേ ജീവിക്കാനാവൂ. സെവന്‍ത് സീന്‍ തുടങ്ങിയ ക്ലാസിക്ക് ചിത്രങ്ങളുടെയും അന്തര്‍ധാര ഏകാന്തത തന്നെയാണെന്ന് ഓര്‍മ്മിക്കുമല്ലോ. മാര്‍ട്ടിന്‍ ബൂബറെന്ന ചിന്തകന്‍റെ തത്വശാസ്ത്ര വിചിന്തനങ്ങള്‍ ഏകാന്തതയെ കുറുകെ കടക്കാനുള്ള ആരോഗ്യകരമായ നിലപാടുകളുടെ ശ്രമമായിരുന്നു. I exist because I respect എന്ന സമവാക്യം പോലും അയാള്‍ രൂപപ്പെടുത്തുന്നുണ്ട്. അപരനെ ഗൗരവമായി എടുക്കാത്ത മനുഷ്യര്‍ക്ക് ഏകാന്തതയെ അഭിമുഖീകരിക്കാനാവില്ല.


തീപിടിപ്പിക്കുന്ന ഏകാന്തതയെ കേന്ദ്രീകരിച്ച് മലയാളത്തില്‍ എഴുതപ്പെട്ട ഏറ്റവും നല്ല കഥ മുണ്ടൂരിന്‍റെ 'മൂന്നാമതൊരാള്‍' ആണെന്നു തോന്നുന്നു. ഭൂതകാലത്തിന്‍റെ വഴികള്‍ നിറയെ ഇരുള്‍ പൊന്തകളാണ്. ഇനി ഒരിക്കലും പിന്‍വാങ്ങില്ലെന്ന് കരുതുന്ന ഇറങ്ങിപ്പോയവരുടെ വഴികള്‍. അവിടെ പകല്‍വെളിച്ചത്തിനായാലും ഭീകരതയുണ്ട്. പരിചിതമായ നഗരവും ഗ്രാമത്തിലേക്കുള്ള ഇടവഴികളും അവിടേക്കുള്ള അവസാനത്തെ ബസ്സും, ഭൂമിയുടെ ഏകാന്തത മുഴുവന്‍ വിവര്‍ത്തനം ചെയ്തതുപോലെ തോന്നും. അമ്മയില്ലാത്ത കുട്ടി, അകാലത്തില്‍ ഭാര്യ നഷ്ടപ്പെട്ട ഭര്‍ത്താവ്, അവര്‍ അച്ഛനും മകനുമാണ് അവര്‍ക്കിടയില്‍ നടക്കുന്ന സംഭാഷണങ്ങളൊക്കെ അസഹ്യമായ ഓര്‍മ്മകളുടെയും അതിജീവിക്കാനാവാത്ത ഏകാന്തതയുടെയും താളത്തിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. അവര്‍ക്കിടയിലെ ആ മൂന്നാമതൊരാള്‍ ആരാണ്. ഏകാന്തതയെന്നതിനെ പേരിടുക. എല്ലാ രസങ്ങളും ശാന്തത്തില്‍ സാന്ദ്രീഭവിക്കുന്നതുപോലെ ഏകാന്തതയിലാണ് എല്ലാം ഒടുവില്‍ വിലയം കൊള്ളുന്നത്.


സര്‍ഗ്ഗജീവിതം മാത്രമല്ല മിക്കവാറും മനുഷ്യര്‍ ഏര്‍പ്പെടുന്ന കര്‍മ്മങ്ങളുടെയൊക്കെ ചാലകമായി ഏകാന്തതയെ അഭിമുഖീകരിക്കുകയെന്നൊരു ഡ്രൈവ് ഉണ്ട്. ഷോപ്പിംഗ് മാളുകളിലൂടെ മനുഷ്യര്‍ എന്തിനാണിങ്ങനെ അലയുന്നത്. ആ പെണ്‍കുട്ടി എന്തിനാണിത്ര അണിഞ്ഞൊരുങ്ങുന്നത്. ഒത്തിരി ചമയങ്ങള്‍ക്കു പിന്നില്‍ ശരീരത്തിന്‍റെ ഏകാന്തതയുണ്ടോ. നക്ഷത്രങ്ങളുടെ വീഴ്ചയാണ് ശരിയായ പതനമെന്ന് ആര്‍ക്കാണറിയാത്തത്. ഉയരം കൂടുന്തോറും വീഴ്ചയുടെ ആഘാതം കഠിനമായിരിക്കും. ഒരു രാത്രിയുടെ മഹോത്സവത്തിനുശേഷം താലിച്ചരടും വളകളും പൊട്ടിച്ച് പുലരിയില്‍ വിധവകളാകുന്ന ഹിജഡകളുടെ ക്ഷേത്രം പോലെ. അങ്ങനെയൊരു പരിണയം തമിഴ്നാട്ടിലെ വില്ലുപുരം, കൂവകം എന്ന സ്ഥലത്ത് കൂത്തവര്‍ ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും അരങ്ങേറുന്നുണ്ട്. മോഹിനിവേഷം കെട്ടിയ ഭഗവാന്‍റെ ഓര്‍മയ്ക്ക് വേണ്ടിയാണവരത് ചെയ്യുന്നത്. പരാജിതരെക്കാള്‍ ജയിച്ചവരുടെ ഏകാന്തത എത്രമടങ്ങ് കഠിനമായിരിക്കും.


ഏകാന്തതയെന്നൊരു വാക്ക് അത്രയും നേരെ പുതിയ നിയമത്തില്‍ ഉപയോഗിക്കപ്പെടുന്നില്ലെന്നിരിക്കിലും യേശുവിനെപ്പോലെ ഏകാന്തതയെ ഇത്ര കൃത്യമായി തിരിച്ചറിഞ്ഞയെത്ര പേരുണ്ടാകും. അവര്‍ കണ്ണുയര്‍ത്തി നോക്കിയപ്പോള്‍ യേശുവിനെയല്ലാതെ മറ്റാരെയും കണ്ടില്ല എന്നു മത്തായി 17:8 ലെ തിരുവചനത്തിന് യേശു ജീവിതത്തിന്‍റെ പ്രതീകഭംഗിയുണ്ട്. ലൂക്കാ 9.36, മാര്‍ക്ക് 6.47, ജോണ്‍ 6.15 തുടങ്ങിയ വചനങ്ങളിലെല്ലാം അവന്‍റെ ഏകാന്തതയോടുള്ള മമതയാണ് വെളിപ്പെട്ടു കിട്ടുന്നതെങ്കില്‍ അതെത്ര കഠിനമായി മാറിയെന്നറിയണമെങ്കില്‍ ഗത്സമേനിലെ പ്രാര്‍ത്ഥനയും (ലൂക്കാ 22.41) കുരിശിലെ നിലവിളിയും (മത്തായി 27.46) ധ്യാനവിഷയമാക്കണം. ചങ്ങാതിമാരുടെ സാന്നിദ്ധ്യത്തിലും അവിടുന്ന് അനുഭവിച്ച ഏകാന്തതയാണ് ആദ്യത്തേത്. ദൈവം പൊതിഞ്ഞു നില്‍ക്കുമ്പോഴുമറിഞ്ഞ ഏകാന്തതയാണ് രണ്ടാമത്തേത്. ഒരുമിച്ചായിരിക്കുമ്പോള്‍ ഞങ്ങളെ ഒറ്റയാകാന്‍ അനുവദിക്കരുതേയെന്നും ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഞങ്ങളെ ഒരുമിച്ചായിരിക്കാന്‍ പഠിപ്പിക്കണമെയെന്നുമുള്ള പ്രശസ്തമായ ഒരു പ്രാര്‍ത്ഥനയുണ്ട്. ഒത്തിരി കീര്‍ത്തിക്കപ്പെട്ട ആ പ്രണയകവിത പോലെ:

'പരസ്പരം അകറ്റി നിര്‍ത്താന്‍ വേണ്ടി

നമ്മള്‍ അകറ്റി നട്ട മരങ്ങള്‍

ആഴങ്ങളില്‍ വേരുകള്‍ കൊണ്ട്

അഗാധമായി പുണരുന്നുണ്ട്.'


സ്വയം ചവിട്ടി കാലുവെന്ത ഒരു കനലായതുകൊണ്ടാവണം സദാ മനുഷ്യന്‍റെ ഏകാന്തതയിലേക്ക് തുറന്നിട്ട നിറമിഴികളുണ്ടായിരുന്നു യേശുവിന്. വിധവകളോടുള്ള അവന്‍റെ പ്രത്യേക കരുതല്‍ പുതിയ നിയമത്തിന്‍റെ ഒരന്തര്‍ധാരയാണ്. മുപ്പത്തിയെട്ടു വര്‍ഷമായി സൗഖ്യതീര്‍ത്ഥത്തിന്‍റെ പടവുകളില്‍ ഒറ്റയ്ക്ക് കിടന്ന ഒരാളെ തേടിയുള്ള യേശുവിന്‍റെ വരവ് വ്യക്തമായ ചിത്രമാണ്. മനുഷ്യനെ വിധിക്കാനായി ദൈവം കരുതിവച്ചിരിക്കുന്ന ആറുചോദ്യങ്ങളില്‍ നാലും മനുഷ്യന്‍റെ ഏകാന്തതയില്‍ നിങ്ങളെന്തു ചെയ്തുവെന്ന അന്വേഷണമാണ്. പരദേശിക്ക് തണലും നഗ്നന് ഉടുപ്പും രോഗിക്ക് സാന്ത്വനവും കാരാഗൃഹവാസിക്ക് സൗഹൃദവും കൈമാറാതെ പോയ നിമിഷങ്ങളാണ്. ഇങ്ങനെയാണ് തടവറ കൊടിയ ശിക്ഷയാണെന്ന് ഒരു പരിഷ്കൃതസമൂഹം നിശ്ചയിച്ചെടുത്തത്. ഒരുമിച്ചായിരിക്കുന്നവരെ ഒറ്റയായി നിലനിര്‍ത്തുക എന്നതിനെക്കാള്‍ ഹൃദയത്തെ വലിച്ചുകീറുന്ന മറ്റെന്തുണ്ട്.


കാര്യങ്ങള്‍ ഒന്നു ചുരുക്കേണ്ടിയിരിക്കുന്നു. ആദ്യത്തേത് ഏകാന്തതയെന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുക എന്നതു തന്നെയാണ്. ജീവിതത്തെ സര്‍ഗ്ഗാത്മകമാക്കാനുള്ള നിയതിയുടെ ക്ഷണമാണത്. ഇംഗ്ലീഷില്‍ ഉപയോഗിക്കുന്ന ലോണ്‍ലിനെസ്സില്‍ നിന്ന് സോളിറ്റ്യൂഡിലേക്കുള്ള പരിണാമമാണ് മലയാളത്തില്‍ കൃത്യമായ വ്യത്യാസം ഈ പദങ്ങള്‍ക്കിടയില്‍ രൂപപ്പെടുത്തുവാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. പ്രസാദമുള്ള ഈശ്വരസാന്നിദ്ധ്യമുള്ള, ഈര്‍പ്പമുള്ള, വേരുകളെ അഗാധമാക്കുവാന്‍ സഹായിക്കുന്ന ബോധപൂര്‍വ്വമുള്ള ഏകാന്തതയാണ് സോളിറ്റ്യൂഡെന്ന് തോന്നുന്നു. അത് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മനുഷ്യര്‍ വല്ലാതെ പൊള്ളയായിപ്പോവും. ഒരുതരം alone with the alone.. അവനവന്‍റെ ഉണ്മയെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ അകന്നു നില്ക്കുമ്പോഴും നമ്മളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അദൃശ്യകണ്ണികളെ ഓര്‍മ്മിപ്പിക്കുന്നു.


ജീവവായുപോലെ തന്നെ പൊതിഞ്ഞു നില്‍ക്കുന്ന ആ പരമചൈതന്യത്തില്‍ ഉള്ള ഉറപ്പുകൊണ്ടാണ് ഏകാന്തതയെ യേശു അഭിമുഖീകരിച്ചത്. (മരുഭൂമിയിലെ നാല്പതു ദിവസത്തെ ഏകാന്തജീവിതത്തിനൊടുവില്‍ പോലും മാലാഖമാര്‍ അവനെ വന്ന് ശുശ്രൂഷിച്ചുവെന്നാണ് നാം വായിക്കുന്നത്.) യോഹന്നാന്‍ 16/32 എന്തൊരു ശക്തമായ ഉദീരണമാണ്. നിങ്ങളെന്നെ ഒറ്റയ്ക്കാക്കും എന്നാലും ഞാന്‍ തനിയെ അല്ല. എന്‍റെ പിതാവ് എന്നോടൊപ്പമുണ്ട്. ഏകാന്തതയുടെ കൊടിയ കയങ്ങളില്‍ ചിലപ്പോഴെങ്കിലും പെട്ടുപോയ ഒരാളെന്ന നിലയില്‍ നമുക്കും ഒരു സാന്ത്വന വചനമുണ്ട്. നിങ്ങളെ ഞാന്‍ ഒരിക്കലും തനിച്ചാക്കുകയില്ല. അഗാധധ്യാനത്തില്‍ മിഴിപൂട്ടിയിരിക്കാന്‍ ആവുമെങ്കില്‍ ഏത് ഏകാന്തയിടങ്ങളിലും അവന്‍റെ വസ്ത്രവിളുമ്പ് ഉലയുന്നത് കേള്‍ക്കാന്‍ ആത്മാവിന്‍റെ കര്‍ണ്ണപുടങ്ങള്‍ക്ക് പാകത കിട്ടും.


ഓര്‍ക്കണം, മനുഷ്യാത്മാവിന്‍റെ ഏകാന്തതകള്‍ സ്വയം കണ്ടെത്തലിന്‍റെയും ആന്തരികമായ നിശ്ശബ്ദതയുടെയും സര്‍ഗ്ഗാത്മകതയുടെയും പ്രലോഭിപ്പിക്കുന്ന ദ്വീപുകളാണ്. അത്തരം ഏകാന്തതകള്‍ രോഗാതുരതകളെ അതിജീവിച്ചുകൊള്ളും. അതിന്‍റെ അരികുകളില്‍ മുങ്ങിപ്പോയ കടത്തുവഞ്ചികളില്‍പ്പോലും തീര്‍ത്ഥയാത്രകളുടെ സ്മരണകളുണ്ടാകും. നിശ്ശബ്ദതയുടെ ഉര്‍വരമായ ആത്മീയതയാണ്. പള്ളിമണികളുടെ താഴെ ഇരുന്നല്ല റോബിന്‍സണ്‍ ക്രൂസോ തന്‍റെ ദൈവത്തെ ദര്‍ശിച്ചത്. മറിച്ച് വന്യവും കാതരവും നിശ്ശബ്ദവുമായ പ്രകൃതിയുടെ ഏകാന്ത ഇടങ്ങളില്‍ ഇരുന്നുള്ള ബൈബിള്‍ വായനയാണ് അതിനയാളെ സഹായിച്ചത്. മനുഷ്യന് പൂരിപ്പിക്കാന്‍ കഴിയാത്ത ചില കാര്യങ്ങള്‍ ഇനിയുമുണ്ടെന്ന് സ്വയം വരിച്ച ഏകാന്തതകള്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കും.


രണ്ടാമത്തേത് അപരന്‍റെ ഏകാന്തതയോട് നിങ്ങളെങ്ങനെയാണ് ഇടപെഴകാന്‍ പോകുന്നുവെന്നുള്ളതാണ്. നമ്മുടെ ചെറിയ വൃത്തത്തിലെങ്കിലും ഒറ്റയാകാതിരിക്കാന്‍ ആരെയും അനുവദിക്കില്ല എന്നൊരു ശാഠ്യം പുലര്‍ത്തേണ്ടിയിരിക്കുന്നു. കൂടുതല്‍ വിമലീകരിക്കപ്പെട്ട അടയാളങ്ങള്‍കൊണ്ട് നിങ്ങളൊറ്റയല്ലെന്ന് നമ്മുടെ പരിസരത്തോട് നിശ്ശബ്ദമായി നമുക്ക് മന്ത്രിക്കേണ്ടിയിരിക്കുന്നു. ഒരെഴുത്തുകാരനെക്കുറിച്ച് വായിച്ചതുപോലെ മലമുകളിലുള്ള തന്‍റെ അവധിക്കാലവസതിയില്‍ കുറച്ചുകാലം ചെലവഴിച്ച് മടങ്ങിപ്പോകുമ്പോള്‍ താഴ്വാരങ്ങളിലുള്ള ഒരു വൃദ്ധയോട് ഒന്നു നന്ദി പറയാന്‍ ചെന്നതായിരുന്നു അയാള്‍. പെട്ടെന്ന് ആ വയോധികയുടെ മുഖം മങ്ങി. പിന്നെ പറഞ്ഞു. വലിയൊരാശ്വാസമായിരുന്നു ഒരോ രാത്രിയിലും നിങ്ങള്‍ ഉമ്മറത്ത് തൂക്കിയ ആ വിളക്ക്. ഇവിടെ നിന്ന് കാണുമ്പോള്‍ ഒറ്റയല്ല ഞാനെന്നൊരു തോന്നല്‍. അയാളുടെ കണ്ണുനിറഞ്ഞു. ഓരോ രാവിലും തന്‍റെ ഉമ്മറത്ത് ആ റാന്തല്‍ തെളിച്ച് തൂക്കാന്‍ ഒരാളെ ഏല്‍പ്പിച്ചിട്ടാണ് ആ ഒഴിവുകാലത്തിനു ശേഷം അവിടം വിട്ട് അയാള്‍ പോയത്.

Featured Posts

Recent Posts

bottom of page