top of page

നല്ല ബന്ധത്തിന് ചില പരിശീലനങ്ങള്‍

Feb 7, 2022

2 min read

ടോം മാത്യു

A brain of a man and stethoscope

വിഷാദരോഗ-(depression)ത്തിനും അതിന്‍റെ മൂര്‍ധന്യ നിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന (Bipolar disorder) ത്തിനും മരുന്നില്ലാ ചികിത്സയായി ഡോ. ലിസ് മില്ലര്‍ സ്വാനുഭവത്തില്‍നിന്ന് രൂപപ്പെടുത്തിയ പതിനാലുദിന മനോനിലചിത്രണം (Mood Mapping) തുടരുന്നു. നമ്മുടെ ചുറ്റുപാടുകള്‍ നമ്മുടെ മനോനില (Mood) യെ എപ്രകാരം സ്വാധീനിക്കുന്നുവെന്നു പരിശോധിക്കുന്ന ആറാം ദിവസം പ്രായോഗിക പരിശീലന നിര്‍ദ്ദേശങ്ങളോടെ അവസാനിക്കുന്നു.

നിങ്ങളുടെ ചുറ്റുപാടുമായി നല്ല ബന്ധം പുലര്‍ത്താനുതകുന്ന ചില നടപടികള്‍ നിങ്ങളുടെ നോട്ടുബുക്കിന്‍റെ പിന്നില്‍ കുറിക്കുക. അതില്‍ തീര്‍ച്ചയായും നിങ്ങളുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഏതെന്നും അതു നിങ്ങളെ എപ്രകാരം സാന്ത്വനിപ്പിക്കുന്നുവെന്നും മറക്കാതെ രേഖപ്പെടുത്തണം. പരിസരവുമായി മികച്ച ബന്ധം നേടിയെടുക്കുന്നതിനായി നിങ്ങള്‍ സ്വീകരിച്ച നടപടി, അതിന്‍റെ പരിണതഫലം എന്നിവയാണ് രേഖപ്പെടുത്തേണ്ടത്.

ഇനി ചില അധികകാര്യങ്ങള്‍. നിങ്ങള്‍ക്ക് അതിശയകരമാംവിധം ആശ്വാസമേകുന്ന, ആഹ്ലാദമേകുന്ന ചില കാര്യങ്ങളുണ്ടാകും. അവയെ എപ്രകാരം നിങ്ങളുടെ ചുറ്റുപാടില്‍ ഉള്‍പ്പെടുത്താം എന്നു ചിന്തിക്കുക.

ചില കലാരൂപങ്ങള്‍ നിങ്ങളുടെ മനസ്സിനെ സാന്ത്വനിപ്പിക്കുകയും ധ്യാനാത്മകമായ ഒരനുഭൂതി നിങ്ങളുടെ ഉള്ളില്‍ ഉണര്‍ത്തുകയും ചെയ്തുവെന്നു വരാം. നിങ്ങളുടേതായ ഒരു ചെറിയ ആര്‍ട്ട് ഗ്യാലറി തുടങ്ങുക. ഒരു ചിത്രം അല്ലെങ്കില്‍ ശില്പം വീതം അതില്‍ ചേര്‍ക്കുക. അതു നിങ്ങളുടെ ധ്യാനത്തിനുള്ള സ്ഥലമായി മാറും. നിങ്ങളുടെ പരിസരത്തെ സമ്പന്നമാക്കുന്ന സാധനങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക. അവ ശേഖരിക്കാനുള്ള ശ്രമം തുടങ്ങുക. ഓരോന്നും നിങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്തി എന്നും നിങ്ങളുടെ മനോനിലയില്‍ അത് എന്തു മാറ്റം വരുത്തി എന്നും പഠിക്കുകയും നോട്ട് ബുക്കില്‍ കുറിക്കുകയും ചെയ്യുക.

വീട്ടില്‍ നിങ്ങള്‍ക്കു വിരസതയോ വിഷാദമോ അനുഭവപ്പെടുമ്പോള്‍ അഭയം ആ സ്ഥലമാണ്. വീട് നിങ്ങള്‍ക്ക് എപ്പോഴും തടവായി അനുഭവപ്പെട്ടേക്കാം. കുട്ടിക്കാലത്ത് ശകാരങ്ങളുടെയും ഉപദേശങ്ങളുടെയും യൗവനത്തില്‍ വാഗ്വാദങ്ങളുടെയും കൂടായിരിക്കാം വീട്. ആ ഓര്‍മ്മകളൊക്കെ കൈയൊഴിയുക അത്ര എളുപ്പമല്ല. മനസ്സിനൊത്ത വീട് രൂപപ്പെടുത്തുക സമയമെടുക്കുന്ന കാര്യമാണ്. അതുവരെ പഴയ ഗൃഹാന്തരീക്ഷം നിങ്ങളെ പിന്തുടരും. അപ്പോള്‍ രക്ഷയ്ക്കാണ് ഈ വിശ്രമകേന്ദ്രം.സ്വന്തമെന്ന് അനുഭവപ്പെടുന്ന, അന്യതാബോധം തോന്നാത്ത. സാന്ത്വനം പകരുന്ന ഇടമാവണം ഒരാള്‍ക്ക് ഗൃഹം. നിങ്ങളുടെ അഭിരുചികളില്‍ നിങ്ങള്‍ക്ക് അത്ര ആത്മവിശ്വാസം കുറവാണെങ്കില്‍ കൂടി നിങ്ങളുടെ വീട് നിങ്ങളുടെ തിരഞ്ഞെടുപ്പായിരിക്കണം. മറിച്ചുവില്‍ക്കുമ്പോള്‍ വില കിട്ടണമല്ലോ എന്നോര്‍ത്ത് ബില്‍ഡര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങിക്കൂടാ. അതു നിങ്ങളുടെ വീടാണ്. അതിനാല്‍ അതു നിങ്ങളുടെ സല്‍ഫലങ്ങള്‍ക്കനുസരിച്ച് തന്നെ വേണം.

സുഹൃദ്വലയങ്ങളിലും സാമൂഹികജീവിതത്തിലും നിങ്ങള്‍ക്ക് വിരസത തോന്നുന്നുവെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തുക്കളെ, അയല്‍ക്കാരെ, സഹപ്രവര്‍ത്തകരെ, നിങ്ങളുടെ സ്വന്തം വീട്ടിലേയ്ക്കു ക്ഷണിക്കാം. സ്വന്തം വീടിന്‍റെ സ്വാരസ്യത്തില്‍ നിങ്ങള്‍ക്ക് അവരുമായി രസകരമായ ചങ്ങാത്തം, ഊഷ്മളമായ ബന്ധം പുലര്‍ത്താം. പുറത്തെവിടെയും നടക്കുന്ന സൗഹൃദസദസ്സുകളെക്കാള്‍ ഊഷ്മളത വീടുകളിലെ ഒത്തുചേരലുകള്‍ക്കാവും. അത് നിലനില്‍ക്കുന്ന ഒരു ബന്ധത്തിന്‍റെ നാന്ദിയാകും. നിങ്ങളുടെ വീട് അത്ര ആര്‍ഭാടമുള്ളതാവണമെന്നില്ല. വിശാലമാകണമെന്നുമില്ല. നിങ്ങള്‍ നിങ്ങളായിരുന്നാല്‍ മതി. നിങ്ങളാരെന്ന് നിങ്ങളുടെ കൂട്ടുകാര്‍, നാട്ടുകാര്‍ അറിഞ്ഞുകൊള്ളും.

നിങ്ങള്‍ക്ക് വിരസത അല്ലെങ്കില്‍ വിഷാദം അനുഭവപ്പെടുന്ന മേഖലകള്‍ ഏതൊക്കെയാണ്. ഇനിയും  ഒന്നുകൂടി പരിശോധിക്കുക. ചുറ്റുപാടുകള്‍ മെച്ചപ്പെടുത്തുന്നതിലൂടെ അതില്‍ ഏതൊക്കെ മേഖലകളില്‍ മാറ്റം വരുത്താമെന്ന് ആലോചിക്കുക. നിങ്ങളുടെ സാമ്പത്തിക പശ്ചാത്തലം പരിതാപകരമെന്നു കരുതുക. വീടിന്‍റെ അന്തരീക്ഷം വീട്ടിലിരുന്ന് ചെയ്യാവുന്ന എന്തെങ്കിലും ജോലിക്ക് ഉപകാരപ്പെടുത്താനാവുമോയെന്നു ചിന്തിക്കുക. അതുമല്ലെങ്കില്‍ വീട്ടിലെ സ്വച്ഛമായ അന്തരീക്ഷത്തില്‍ നിങ്ങളുടെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ചിന്തിക്കുക.

ഈ പട്ടിക ഒരു റഫന്‍സ് ലൈബ്രറിയായി സൂക്ഷിക്കുക. നിങ്ങള്‍ക്ക് മനോനിലയില്‍ മാറ്റം ആവശ്യമുള്ളപ്പോള്‍ 'റഫര്‍' ചെയ്യാനുള്ള ലൈബ്രറി. മനോനില കൈകാര്യം ചെയ്യുന്നതിലുള്ള വലിയൊരു പരാധീനത വേണ്ട സമയത്ത് വേണ്ട  തന്ത്രങ്ങള്‍ ഓര്‍മ്മയിലെത്തില്ല എന്നതാണ്. ആവശ്യത്തിനുള്ള തന്ത്രങ്ങളുടെ പട്ടിക നോട്ടുബുക്കില്‍ തയ്യാറാക്കി കൈയകലത്തില്‍ സൂക്ഷിച്ചാല്‍ ആവശ്യസമയത്ത് അതു നിങ്ങള്‍ക്ക് ഉപകാരപ്പെടും. അതു നിങ്ങളുടെ സ്വയം പഠനസഹായിയാകും.

ആറാം അധ്യായവും ആറാം ദിവസവും അവസാനിക്കുകയാണ്. അടുത്ത അധ്യായത്തില്‍ നമ്മുടെ ശാരീരികാരോഗ്യം നമ്മുടെ മനോനിലയെ എപ്രകാരം സ്വാധീനിക്കുന്നുവെന്നു പഠിക്കും.

(തുടരും)  


Featured Posts

bottom of page