top of page
ഫേണ്‍ഹില്ലിലെ പ്രഭാതങ്ങളാണ് ഓര്‍മ്മ വരുന്നത്. നേരം പുലരുന്നതിനുമുമ്പേ എഴുന്നേറ്റ് വെളിയിലിറങ്ങി ഷട്ടര്‍തുറന്ന് താഴ്വരയെ അകത്തേയ്ക്കു ക്ഷണിക്കണം. ഗുരുവിന്‍റെ മുറിയുടെ പുറത്തേക്കുള്ള ഭാഗം ഗ്ലാസ്സിട്ടിരിക്കുകയാണ്. പ്രഭാതത്തിന്‍റെ തിരിനാളം തെളിഞ്ഞുതെളിഞ്ഞു വരുന്നതനുഭവിച്ചുകൊണ്ടു വേണം ഗുരുവിന് ദിനചര്യ ആരംഭിക്കാന്‍. അത് ബെയ്ഥോവന്‍റെയോ മൊസാര്‍ട്ടിന്‍റെയോ മുത്തുസ്വാമിദീക്ഷിതരുടെയോ സംഗീതത്തില്‍നിന്നാവാം. ഗുരുവിന്‍റെ മറുപടി കാത്തിരിക്കുന്ന വേഴാമ്പലിനുള്ള മഴയില്‍നിന്നാവാം. റൂമിയില്‍നിന്നോ ജ്ഞാനേശ്വരനില്‍നിന്നോ സങ്കീര്‍ത്തനങ്ങളില്‍നിന്നോ ആവാം. വിഷയം അല്ല വിഷയം. അതു ഹൃദയത്തില്‍ നിറയ്ക്കുന്ന ധന്യതയാണ്. സ്നേഹമസൃണതയാണ്. കണ്ണുനിറയുന്ന, നിറയ്ക്കുന്ന കാര്യങ്ങളില്‍നിന്നേ ഗുരു പ്രഭാതം തുടങ്ങാറുള്ളൂ. ഹൃദയത്തില്‍ നനവു പടര്‍ത്തുന്നതെന്തോ അതുമാത്രമാണ് തന്‍റെ മതമെന്നു പറയാതെ പറയുന്ന ആ സ്നേഹസാന്നിദ്ധ്യത്തിലിരുന്നാണ് മൗനത്തിന്‍റെ വാചാലതയും വാചാലതയിലെ മൗനവും അനുഭവിച്ചിട്ടുള്ളത്. ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതും.
ഗുരു നിത്യയെക്കുറിച്ചാണ് പറയുന്നത്. നിശ്ശബ്ദത, മൗനം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഗുരുവിനോടൊപ്പം ചെലവഴിച്ച ആ പ്രഭാതങ്ങളാണ് നിറയുക. താഴ്വരയില്‍ കോടമഞ്ഞിന്‍റെ മൗനസഞ്ചാരം. അകത്ത് ഗുരുവിന്‍റെ മൗനവാണികള്‍. മൗനത്തില്‍ മൗനം നിറച്ചുനല്കിയ നിയതിയോട് നന്ദിപറഞ്ഞു ഗുരുവിന്‍റെ വാക്കുകള്‍ എഴുതിയെടുക്കും. ഇടയ്ക്ക് ഗുരു നിശ്ശബ്ദനാകും. അടുത്ത വരിക്കായി കാത്തിരിക്കും. ഗുരുവിന്‍റെ ശരീരത്തില്‍ തിങ്ങിവിങ്ങി നിറഞ്ഞ മൗനാനുഭൂതി പുറത്തേക്കു പ്രസരിക്കും. ചിന്താപടലങ്ങളാല്‍ കലുഷമായ എന്‍റെ ബോധത്തെ അതു തഴുകിയൊഴുകും. പ്രാണന്‍ നിശ്ചലമാകും. ശരീരത്തില്‍ കുളിരു പടരും. കണ്ണുനിറയും. ചിന്തകള്‍ ഒഴിയും. ഹൃദയം വിതുമ്പും. ആ നിമിഷങ്ങള്‍ എനിക്കേറ്റവും വിലപ്പെട്ടതാണ്. ഗുരുവിനെക്കുറിച്ചുള്ള സ്മരണകളില്‍ ഗുരുവോ ഞാനോ ഇല്ലാത്ത ആ നിമിഷങ്ങളാണ് നിറഞ്ഞുവരിക. ജീവിതത്തിന്‍റെ തനിമ നിശ്ശബ്ദതയിലാണ് പൂര്‍ണ്ണമായി അനുഭവിക്കാനാകുക എന്നു കേള്‍ക്കുമ്പോഴൊക്കെ അതെ! അതെ! എന്നു പറയിപ്പിക്കുന്നത് ഒരനുഗ്രഹംപോലെ ലഭിച്ച ആ ദിനങ്ങളാണ്.
പലരും സൂഫി എന്നു വിളിക്കുന്ന ബീരാന്‍ ഔലിയ ഉപ്പാപ്പ എന്ന വയോവൃദ്ധന്‍റെകൂടെ കുറച്ചുനാള്‍ കഴിയാനുള്ള ഭാഗ്യമുണ്ടായി. പട്ടാമ്പിക്കടുത്തുള്ള കരിവാന്‍പടി എന്ന സ്ഥലത്ത്. പാതവക്കില്‍ മൂന്നു പലകകളെ മെത്തയാക്കിയാണ് അദ്ദേഹത്തിന്‍റെ ഇരിപ്പ്. കിടന്നുറങ്ങുന്നതായി ഒരിക്കലും കണ്ടിട്ടില്ല. സിംഹം ഇരിക്കുന്നതുപോലുള്ള ഒരിരുപ്പാണ്. എന്തിലോ ആണ് ശ്രദ്ധ. വര്‍ഷങ്ങളായി തുടരുന്ന ശ്രദ്ധ. രാത്രികളില്‍ അദ്ദേഹത്തിനടുത്ത് ചാക്കുവിരിച്ച് ഞാനുമിരിക്കും. പാതിരാത്രിയായാല്‍ ആരുമുണ്ടാകില്ല. എല്ലാവരും ഉറങ്ങാന്‍ പോകും. അപ്പോള്‍ എന്നോടായി എന്തെങ്കിലും പറയും എന്നു കരുതി. എന്നാല്‍ ഒന്നും പറഞ്ഞില്ല. ഇടയ്ക്കിടെ എന്നെ നോക്കി മന്ദഹസിക്കും. ഒരു കള്ളനെപ്പോലെ ഞാന്‍ തളരും. പിന്നീട് വാക്കിനായുള്ള ആഗ്രഹം എന്നില്‍നിന്നും കൊഴിഞ്ഞുപോയി. അപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ അനുഭവിച്ചു തുടങ്ങിയത്. കരുണാര്‍ദ്രമായ സാന്നിദ്ധ്യമാണ് ആ വയോവൃദ്ധനെന്ന് അനുഭവിച്ചു. മൗനത്തിന്‍റെ മഹാശക്തിയില്‍ അകമലിയുന്നതറിഞ്ഞു. വാക്കുകളില്‍ കുരുങ്ങിക്കിടക്കുന്ന ആത്മാവിനെ മൗനത്തിലൂടെ തെളിച്ചെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹവും കാണിച്ചുതന്നു.
അങ്ങനെ എത്രയോ പേര്‍. ബുദ്ധന്‍റെയും യേശുവിന്‍റെയും റൂമിയുടെയും രമണമഹര്‍ഷിയുടെയുമെല്ലാം കഥകളും വാക്കുകളും വായിക്കുമ്പോള്‍ അതിലെല്ലാം ഒളിഞ്ഞിരുന്ന് അടക്കംപറയുന്ന മൗനത്തെ വായിച്ചെടുക്കാനും അനുഭവിക്കാനും കഴിയാത്തിടത്തോളം നമ്മുടെ ജീവിതം ചിന്താകലുഷമായ മതബോധത്തിന്‍റെ ഇടുങ്ങിയ ലോകങ്ങളില്‍ ആഴ്ന്നാഴ്ന്നു പോകുകയേയുള്ളൂ എന്ന് അറിയാനാകുന്നു. പ്രഭാഷണങ്ങളും പ്രഘോഷണങ്ങളുംകൊണ്ട് കാലുഷ്യം ബാധിച്ചുകൊണ്ടിരിക്കുന്ന ആത്മീയലോകത്ത് നിശ്ശബ്ദതയുടെ വിപ്ലവം എന്നാണാവോ സംഭവിക്കുക?
ടാഗോറിനെപ്പോലുള്ളവരുടെ ഹൃദയസ്പന്ദനം വാക്കുകളായി വിരിയുമ്പോള്‍ മൗനം മിണ്ടാതിരിക്കലല്ലെന്നു നാം അനുഭവിക്കാറുണ്ട്. അദ്ദേഹം പാടുന്നു;
അല്ലയോ ഗാനപ്രിയാ,
ഈ പ്രപഞ്ചം ആകെക്കൂടി നിന്‍റെ
ഗാനപിയൂഷമാണ്.
അടക്കപ്പിടിച്ച മൗനമൂകതയില്‍
ഞാന്‍ അത്ഭുതത്തോടെ തരിച്ചുനിന്നു.
ഞാന്‍ നിന്നില്‍ ശ്രദ്ധാന്വിതനായിരിക്കുന്നു.
എന്‍റെ കാതില്‍ വന്നുവീഴുന്ന നിന്‍റെ ശ്രുതിമാധുര്യം
കണ്ണുകള്‍ക്കുകൂടി ആശ്ചര്യജ്യോതിസ്സായി
ഭവിക്കുന്നു.
നിന്‍റെ മധുരസംഗീതത്തിന്‍റെ കല്ലോലങ്ങള്‍
ഒരിക്കലും ഒടുങ്ങാത്ത ആകാശങ്ങളില്‍
ആനന്ദത്തിന്‍റെ രോമാഞ്ചം പകര്‍ന്നുവീശുന്നു.
ആ പ്രവാഹധോരണിയെ തടഞ്ഞു നിറുത്തുവാന്‍
ഒരു കര്‍ക്കര ദുര്‍ഗ്ഗവും എവിടെയുമില്ല.
നിന്‍റെ സംഗീതോത്സവത്തില്‍ ഭാഗഭാക്കാവാന്‍
എന്‍റെ ഇടനെഞ്ചു കൊതിക്കുന്നു.
അതിന്നായി ഞാന്‍ നൊമ്പരപ്പെടുന്നെങ്കിലും
എന്‍റെ നാവു ചലിക്കുന്നില്ല.
വൃഥാവാക്ക് ഉരിയാടാന്‍ കഴിയുന്നെങ്കിലും
അതില്‍നിന്നും ഒരു കവിതാകല്ലോലം പോലും ഉതിര്‍ന്നു വരികയില്ല.
ആഹാ! നിന്‍റെ കാവ്യസൗഭാഗ്യത്തില്‍
എന്‍റെ ഹൃദയം ഒരു ബന്ദിയായിപ്പോയിരിക്കുന്നു.
നോക്കൂ! ഇങ്ങനെ ഹൃദയം ബന്ദിയായിപ്പോകുന്ന, വാക്കുകള്‍ നിശ്ചലമായിപ്പോകുന്ന, അറിവുകള്‍ മുറിവുകളായി മാറുന്ന, സൗന്ദര്യാത്മകമായ ആത്മദര്‍ശനങ്ങള്‍ക്കായി കൊതിക്കുന്ന എത്ര ആത്മാക്കളുണ്ട് നമുക്കിടയില്‍. വളരെ വിരളം. കാരണം മനുഷ്യനിലെ ആ നിശ്ശബ്ദസാന്നിദ്ധ്യങ്ങളെ കെടുത്തിക്കളയുന്ന അല്ലെങ്കില്‍ ഒരിക്കലും ഉണരാനും ഉണര്‍ത്താനുമനുവദിക്കാത്ത ആരുടെയൊക്കെയോ ഇടപെടലുകളാല്‍ മത-ആത്മീയ ലോകങ്ങള്‍ ഇരുളിലാണ്ടിരിക്കുന്നു. അവിടെയാണ് പുതിയ യൗവനങ്ങള്‍ ഉണര്‍ന്നെഴുന്നേല്ക്കേണ്ടത്. വിധേയപ്പെടുത്തുകയും വിധേയപ്പെടുകയും ചെയ്യുന്ന മതങ്ങളില്‍നിന്നും അറിയാനും അറിയിക്കാനും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയുന്ന സ്വാതന്ത്ര്യത്തിന്‍റെ വിഹായസ്സിലേക്ക് നാം പുനര്‍ജനിക്കേണ്ടിയിരിക്കുന്നു.
പഴയതെല്ലാം നല്ലതെന്ന പതിവു പല്ലവികളില്‍ ഇനിയും നാം മയങ്ങിക്കിടക്കേണ്ടതില്ല. ഭയപ്പെടുത്തിയും പ്രലോഭിപ്പിച്ചും നരകങ്ങളും സ്വര്‍ഗ്ഗങ്ങളും അടക്കിവാണിരുന്ന ബോധമണ്ഡലങ്ങള്‍ ഇനി സര്‍ഗ്ഗാത്മകമായ മൗനങ്ങളില്‍ വിലയം പ്രാപിക്കാനുള്ള വഴികള്‍ തേടിത്തുടങ്ങേണ്ടിയിരിക്കുന്നു. മീരയും അക്കയും സെന്‍റ് തെരേസയും സെന്‍റ് ഫ്രാന്‍സിസും കബീറും മന്‍സൂര്‍ ഹല്ലാജ്ജൂമൊക്കെയാണ് നമ്മുടെ വഴിത്താരയില്‍ വെളിച്ചമായി നിറയേണ്ടത്. അതിനുള്ള ആന്തരികോര്‍ജ്ജം നിശ്ശബ്ദനിമിഷങ്ങളില്‍നിന്നാണ് നാം ആര്‍ജ്ജിക്കേണ്ടത്.
ശബ്ദമുഖരിതമായ ബോധത്തെ അല്പസമയം ശാന്തമാകാനനുവദിക്കണം. ജീവിതത്തെക്കുറിച്ചും ജീവനെക്കുറിച്ചും മരണത്തെക്കുറിച്ചും മരണാനന്തരജീവിതത്തെക്കുറിച്ചുമൊക്കെ കാലങ്ങളായി പേറിക്കൊണ്ടു നടക്കുന്ന ധാരണകളെ തല്ക്കാലം നമുക്ക് ഒരിടത്തഴിച്ചുവയ്ക്കാം. ശ്മശാനമൂകമായ കോണ്‍ക്രീറ്റ് പ്രാര്‍ത്ഥനാലയങ്ങളില്‍ നിന്നും ശുദ്ധനീലിമയാര്‍ന്ന ആകാശത്തിലേക്കും അതിരുകളില്ലാത്ത സാഗരത്തിലേക്കും നമുക്കിറങ്ങി നടക്കാം. വഴിവക്കിലെ മരങ്ങളോടും കിളികളോടും മിണ്ടിപ്പറയാം. കൈവീശി നടക്കാം. ശുദ്ധമായ വെളിച്ചവും വായുവും ആവോളം ശ്വസിക്കാം. അവിടെ ആചാരാനുഷ്ഠാനങ്ങളുടെ കാര്‍ക്കശ്യങ്ങള്‍ വേണ്ട. ആരുടെയും മുന്നില്‍ തലകുനിക്കേണ്ട. ഹൃദയം തുറന്നിരുന്നാല്‍ മതി. വിനയം സ്വാഭാവികമായി സംഭവിച്ചുകൊള്ളും. പ്രാര്‍ത്ഥന അര്‍ത്ഥനയല്ലെന്നറിയാന്‍ ആ യാത്ര നമ്മെ സഹായിക്കും. ജീവിതത്തിന് നവോന്മേഷമുണ്ടാകുന്നിടത്താണ് ആത്മീയതയുടെ വാതിലുകള്‍ തുറക്കപ്പെടുകയെന്നു നാമനുഭവിക്കും. മായയും പാപവും നരകവും നിറഞ്ഞ നിഷേധാത്മക സങ്കല്പങ്ങളുടെ ലോകങ്ങള്‍ അവിടേക്കു കടന്നുവരികയില്ല. സന്തോഷവും സമാധാനവും നിറഞ്ഞ മൗനഭൂമികയില്‍ നാം ശാന്തമായി വിഹരിക്കും. നന്ദിയോടെ നാം സ്മരിക്കും. ധന്യതയാര്‍ന്ന ജീവിതത്തിലേക്ക് നനവാര്‍ന്ന ഹൃദയത്തോടെ മാത്രമേ സഞ്ചരിച്ചെത്താനാകുവെന്ന് ആകാശവും സാഗരവും നമുക്കു പറഞ്ഞുതരും.
കാരമടയില്‍ ഈ പൗര്‍ണ്ണമിയ്ക്ക് കുറച്ചു സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. പല ജീവിതസാഹചര്യങ്ങളില്‍ നിന്നും വന്നവര്‍. മിണ്ടിയും പറഞ്ഞും ചായകുടിച്ച് ഞങ്ങളിരുന്നു. ജീവിതത്തിരക്കുകളില്‍നിന്നും ഒന്നുരണ്ടു ദിവസം മാറിയിരിക്കാന്‍ വന്നതാണവര്‍. സംവാദം മുറുകിയപ്പോള്‍ ആരോ പറഞ്ഞു; 'നമുക്കിനി ധ്യാനപ്പാറയില്‍ പോയിരിക്കാം.'
ധ്യാനപ്പാറ ഞങ്ങളുടെയെല്ലാം ആശ്വാസമാണ്. ഇവിടെവരുന്ന പലരും അവരുടെ വിഷമതകളും ചിന്തകളും അഴിച്ചുവിടുക ഈ പാറയില്‍ ചെന്നിരുന്നാണ്. കരിങ്കല്‍പാറയല്ല. വെളുത്ത് മാര്‍ദ്ദവമുള്ള ഒരു സൗമ്യപ്പാറ. ആയിരത്തോളം ഏക്കറുകള്‍ പരന്നുകിടക്കുന്ന വിജനമായ ഒരിടമാണിത്. തമിഴ്നാട്ടില്‍, കോയമ്പത്തൂരിനടുത്താണ് കാരമട. ഈ ഗ്രാമത്തിനടുത്താണ് നമ്മുടെ താവളം. അങ്ങിങ്ങായി കാണാവുന്ന ആര്യവേപ്പിന്‍റെ മരങ്ങളും കുറെ മുള്‍ച്ചെടികളുമാണ് ആകെയുള്ള അന്തേവാസികള്‍. ആകാശം ഒരു കുടപോലെ. അതിനു നടുവില്‍ നമ്മുടെ മാളം മാത്രം. അങ്ങകലെ സത്യമംഗലം മലനിരകള്‍. പിന്നെ നീലഗിരികള്‍. ഒരു ഭാഗത്ത് അട്ടപ്പാടി മലകള്‍. അങ്ങനെ ഒരിടം. എപ്പോഴും കാറ്റുണ്ടാകും. അതു പലഭാവത്തില്‍ വരും. പേടിപ്പെടുത്തിയും ആശ്വസിപ്പിച്ചും എല്ലാം...
ഞങ്ങള്‍ ധ്യാനപ്പാറയിലേക്കു നടന്നു. ചെറിയ പാറയാണ്. പത്തുപതിനഞ്ചുപേര്‍ക്ക് ഇരിക്കാവുന്നത്ര വലിപ്പമുള്ള പാറ. പാല്‍നിലാവില്‍ ധ്യാനപ്പാറ വെളുക്കനെ ചിരിച്ചുകിടക്കും. ഞങ്ങള്‍ അങ്ങിങ്ങായി ഇരുന്നു. പാതിവഴിക്കു നിറുത്തിയ ചര്‍ച്ച ആരെങ്കിലും തുടരുമെന്ന് എല്ലാവരും വിചാരിച്ചു. എന്നാല്‍ ആരും ഒന്നും പറഞ്ഞില്ല. ചന്ദ്രികയുടെ കുളിര്‍മ്മയില്‍ എല്ലാവരും വീണുപോയിരുന്നു. എത്രസമയം അങ്ങനെ ഇരുന്നുകാണും എന്നറിയില്ല. പാതിരാത്രിയായിക്കാണും. പലരും ആകാശംനോക്കി മലര്‍ന്നുകിടക്കുന്നു. പലതരത്തിലുള്ള വിശ്വാസങ്ങള്‍ പുലര്‍ത്തുന്നവര്‍. അവനവന്‍റെ ആശയങ്ങള്‍ തര്‍ക്കിച്ചുറപ്പിക്കാനുള്ള ബുദ്ധിയും ചങ്കൂറ്റവുമുള്ളവര്‍. എല്ലാവരും ആ നിലാവിന്‍റെ വാത്സല്യത്തിനുമുന്നില്‍ തളര്‍ന്നുപോയിരിക്കുന്നു. വാക്കുകള്‍ക്കുമപ്പുറം നമ്മെ അനുഭവിപ്പിക്കാനാകുന്ന ലോകങ്ങളുണ്ടെന്നു വീണ്ടും വീണ്ടും എല്ലാവരും അറിഞ്ഞു.
ഉറക്കം വന്നു പുല്കിത്തുടങ്ങിയപ്പോള്‍ ഞങ്ങള്‍ വീട്ടിലേക്കു നടന്നു. അടുക്കളയില്‍ കട്ടന്‍ചായ കുടിച്ചിരിക്കേ മൗനം ഭജിച്ച് ഒരാള്‍ പറഞ്ഞുതുടങ്ങി; വിഡ്ഢികള്‍ നമ്മള്‍! അറിവിന്‍റെയും അഹങ്കാരത്തിന്‍റെയും കാര്‍ക്കശ്യങ്ങളില്‍നിന്നും എന്നാണാവോ നമുക്കൊക്കെ മോചനം. തോല്‍പ്പിച്ചു തോല്‍പ്പിച്ചു മുന്നേറുന്ന നമ്മെ തോല്‍പ്പിക്കാന്‍ ഈ നിലാവും ആകാശവും ഉള്ളതു മഹാഭാഗ്യം! ആകാശം നോക്കിക്കിടക്കാന്‍ മറന്നുപോയതാണ് നമുക്കു പറ്റിയ അബദ്ധം. മനുഷ്യന്‍റെ ലോകങ്ങളില്‍ മാത്രം ഉടക്കിപ്പോയതാണ് നമ്മുടെ അജ്ഞത. പ്രകൃതിയുടെ ഇത്തരം കരുണനിറഞ്ഞ നിമിഷങ്ങളില്ലെങ്കില്‍ ജീവിതത്തിന്‍റെ വിനയമറിയാതെ നാമൊക്കെ ചത്തുപോയേനെ...
എല്ലാവരും അതുകേട്ടു മിണ്ടാതിരുന്നു. മൗനം എത്ര ആഴമേറിയ സംവാദമാണെന്ന് ഞങ്ങളറിഞ്ഞു. എല്ലാവരുടെയും ചുണ്ടില്‍ ഒരു നറുപുഞ്ചിരി വിടര്‍ന്നു. കുറച്ചുമുമ്പ് വാദിച്ചും തര്‍ക്കിച്ചും ഉറപ്പിക്കാന്‍ ശ്രമിച്ച ദര്‍ശനങ്ങള്‍ നിരര്‍ത്ഥകവും നിഷ്പ്രഭവുമായിപ്പോയത് എല്ലാവരുമറിഞ്ഞു. അകമേയുണരുന്ന വെളിവുകളില്‍ മാത്രം ഹൃദയമര്‍പ്പിച്ചാല്‍ മതിയെന്ന ഗുരുവാക്യം ഏവരും അനുഭവിച്ചു. വെറുമൊരു നിലാവിന് ഇത്രയും പകര്‍ന്നുതരാനാവുമെങ്കില്‍ വിശ്വവിശാലമായ മഹാപ്രപഞ്ചത്തിന് എന്തൊക്കെയാണ് നമ്മോടു പറയാനുണ്ടാവുക.
അതു കേള്‍ക്കാന്‍ ബധിരമായിപ്പോയ കാതുകളെ ഉണര്‍ത്തിയെടുക്കണം. അന്ധമായിപ്പോയ കണ്ണുകളെ തെളിയിച്ചെടുക്കണം. അധികാരത്തിന്‍റെയും പണത്തിന്‍റെയും സിംഹാസനമുറപ്പിക്കാന്‍ പണിപ്പെടുന്ന മതപുരോഹിതന്മാരുടെ അടിമത്തത്തില്‍നിന്നും എഴുന്നേറ്റ് അവനവനിലേക്കു നടന്നുതുടങ്ങണം. ഹൃദയത്തില്‍ ഇനിയും വെളിച്ചമേല്‍ക്കാതെ കിടക്കുന്ന നനവിന്‍റെ ലോകങ്ങളെ ഉണര്‍ത്തിക്കൊണ്ടു വരണം. അകമേനിന്ന് ഉണര്‍ന്നുവരേണ്ട ഉണര്‍വ്വുകളില്‍ വിശ്വാസമര്‍പ്പിച്ച് യാത്ര തുടരണം. അങ്ങനെയങ്ങനെ പാടിപ്പതിഞ്ഞുപോയ ശീലുകളില്‍നിന്നും മുക്തമായ ഒരാന്തരികത ഉരുവം കൊള്ളണം. അവിടെയാണ് മൗനത്തിന്‍റെ വിപ്ലവാത്മകവും നവീനവുമായ ജീവിതം സംഭവിക്കുക.
ഭാവിതലമുറയ്ക്ക് സമാധാനത്തോടെ ജീവിക്കാനുള്ള ആന്തരിക സ്വാതന്ത്ര്യം ഇന്നു ജീവിക്കുന്നവരുടെ വിശാലജീവിതത്തിലാണ് ബീജാവാപം ചെയ്യേണ്ടത്. ശീലവിധേയമായ വിശ്വാസങ്ങളെ അതിന്‍റെ സങ്കുചിതത്വത്തില്‍നിന്നും മോചിപ്പിച്ച് വിശ്വവിശാലതയില്‍ പ്രതിഷ്ഠിക്കണം. അതിന് ഒരഴിച്ചുപണി അത്യാവശ്യമാണ്. വേദനയില്‍നിന്നേ വേദമുണ്ടാകൂ എന്ന അറിവിനെ ഹൃദയപൂര്‍വ്വം സ്വീകരിച്ച് നമുക്കു മാറ്റത്തിനായി ശ്രമിക്കാം. നമ്മിലൂടെ വന്ന തലമുറയ്ക്ക് ഇന്നും നാളെയും ശാന്തമായി ജീവിക്കാന്‍ ഇന്നലത്തെ ശരികളില്‍ തിരുത്തലുകള്‍ വരുത്തിയേ മതിയാവൂ. ഇന്നുകളെ നവീകരിച്ചേ പറ്റൂ. ആ മാറ്റങ്ങളെ അനുവദിക്കാന്‍ തക്ക ഹൃദയവിശാലത നമുക്കേവര്‍ക്കും ഉണ്ടായെങ്കില്‍ എന്ന പ്രാര്‍ത്ഥനയോടെ ഈ നിശ്ശബ്ദചിന്തകള്‍ തുടരട്ടെ...
Featured Posts
bottom of page