top of page

ഉന്മേഷം വീണ്ടെടുക്കാന്‍ ചില നുറുങ്ങുവിദ്യകള്‍

Sep 8, 2022

2 min read

ടോം മാത്യു
Stethoscope made a human head

വിഷാദരോഗ(depression)-ത്തിനും അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന (Bipolor disorder))ത്തിനും ഡോ. ലിസ് മില്ലര്‍ സ്വാനുഭവത്തില്‍നിന്ന് രൂപപ്പെടുത്തിയ പതിനാലുദിവസത്തെ മരുന്നില്ലാ ചികിത്സ മനോനില ചിത്രണം(Mood Mapping)തുടരുന്നു. ഏഴാം ദിവസം മനോനില(Mood)യും ശാരീരികാരോഗ്യവും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുന്നു. ശരീരത്തിന് ഉന്മേഷം പെട്ടെന്നു വീണ്ടെടുക്കാനുള്ള ഹൃസ്വകാലമാര്‍ഗങ്ങളാണ് ഈ ലക്കത്തില്‍ ചര്‍ച്ചചെയ്യുന്നത്.

`പെട്ടെന്ന് ഉന്മേഷം വീണ്ടെടുക്കാനും ശരിയായ മനോനില(Mood)-യിലേക്ക് നയിക്കാനും ഉതകുന്ന ചില ഹ്രസ്വകാലമാര്‍ഗങ്ങളാണ് ഇവിടെ നാം ചര്‍ച്ചചെയ്യുന്നത്.


1. ശ്വാസോച്ഛ്വാസം മന്ദഗതിയിലാക്കുക:

`പെട്ടെന്നു മനോനില(Mood)- നിയന്ത്രണത്തിലാക്കുന്നതിനുള്ള ഏറ്റവും എളുപ്പമാര്‍ഗമാണ് ശ്വസനക്രമീകരണം. ഉത്കണ്ഠ നിങ്ങളെ കീഴ്പ്പെടുത്തുമ്പോള്‍ ശ്വാസഗതിയുടെ വേഗത വര്‍ദ്ധിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നു. ശ്വാസോച്ഛ്വാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ശ്വാസഗതി സാവധാനത്തിലാക്കുകയും ചെയ്യുന്നതോടെ ഉത്കണ്ഠ നിയന്ത്രണവിധേയമാകുകയും കുറയുകയും പ്രസാദാത്മകമായ മനോനിലയിലേക്ക് മനസ്സ് മുന്നേറുകയും ചെയ്യും.

ആപത്ശങ്കയില്‍ ശരീരത്തിന്‍റെ ആദ്യപ്രതികരണം ഹൃദയമിടിപ്പിന്‍റെയും ശ്വാസോച്ഛ്വാസത്തിന്‍റെയും ഗതിയിലുള്ള വര്‍ധനയാണ്. ശ്വസനത്തെ മാനസികമായി നിയന്ത്രിക്കുന്നതുവഴി ശരീരത്തെ നിങ്ങള്‍ ശാരീരികമായി ശാന്തമാക്കുന്നു. അതുവഴി നിങ്ങളുടെ മനസ്സും ശാന്തമാകുന്നു. അതിയായ ഉത്കണ്ഠയും ഭയവും (Panic Attack) മൂലം അമിതമായി ശ്വാസം എടുക്കുന്നത് നിങ്ങളുടെ രക്തത്തിലെ കാര്‍ബണ്‍ഡൈയോക്സൈഡിന്‍റെ അളവു കുറയ്ക്കുന്നു. അതു തലച്ചോറിലേക്കും മറ്റ് അവയവങ്ങളിലേക്കുമുള്ള രക്തയോട്ടം കുറയ്ക്കുന്നു. ബോധം മങ്ങുന്നതായി അനുഭവപ്പെടുകയും ബോധം നിലനിര്‍ത്തുന്നതിന് പ്രാഥമികമായി ആവശ്യമായ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിനായി മറ്റെല്ലാ ശാരീരികപ്രവര്‍ത്തനങ്ങളും ശരീരം നിര്‍ത്തിവയ്ക്കുകയും ചെയ്യുന്നു. ഉത്കണ്ഠയും ഭയവും വര്‍ദ്ധിക്കുന്നതനുസരിച്ച് യുക്തിസഹമായ തീരുമാനമെടുക്കുക അസാധ്യമാകുകയും അതു ശ്വാസഗതിയുടെ ആക്കം പിന്നെയും കൂട്ടുകയും ചെയ്യും. തുടക്കത്തില്‍ത്തന്നെ ബോധപൂര്‍വ്വം ശ്വാസഗതി ശാന്തമാക്കുന്നതിലൂടെ കാര്‍ബണ്‍ഡയോക്സൈഡിന്‍റെ നില സന്തുലിതമാക്കുന്നതിനും മനോനില ക്രമേണ നിയന്ത്രണത്തിലാക്കുന്നതിനും കഴിയും.


2. തണുപ്പിക്കുക

വെള്ളം കുടിക്കുക, മുഖത്തു വെള്ളം തളിക്കുക, കുളിക്കുക അല്ലെങ്കില്‍ വെള്ളത്തില്‍ കളിക്കുക.  വെള്ളത്തിന് ഔഷധഗുണമുണ്ട്. ശാന്തതയിലേക്കും ഉന്മേഷത്തിലേക്കും അതു നമ്മെ നയിക്കും. ഉത്കണ്ഠയോ ക്ഷോഭമോ അനുഭവപ്പെടുമ്പോള്‍ മുഖത്ത് വെള്ളം തളിക്കുന്നതുപോലും അവിശ്വസനീയമാം വിധം ഗുണകരമാകുകയും ശാന്തിയിലേക്കു നയിക്കുകയും ചെയ്യും.


3. ഗാഢമായ ഒരു കുഞ്ഞ് ഉറക്കം

എല്ലാം മറന്നുള്ള ഒരു പത്തുമിനിറ്റ് ഉറക്കം നിങ്ങളെ ഊര്‍ജ്ജസ്വലരാക്കും. കണ്ണുകള്‍ അടയ്ക്കുക, ശ്വാസോച്ഛ്വാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, ശരീരം അയയ്ക്കുകയും തളര്‍ത്തിയിടുകയും ചെയ്യുക. ഉച്ഛ്വാസത്തിനൊപ്പം നിങ്ങളുടെ പേശികള്‍ അയച്ചുവിടുക. ആദ്യമൊക്കെ സമയത്ത് ഉണരാന്‍ നിങ്ങള്‍ക്ക് അലാറത്തിന്‍റെ സഹായം വേണ്ടിവരും. പോകെപോകെ പത്തുമിനിറ്റിനു ശേഷം നിങ്ങള്‍ സ്വയം ഉണരാന്‍ പഠിക്കും. പത്തുമിനിറ്റ് ഉറക്കം നിങ്ങളെ ഊര്‍ജ്ജസ്വലരാക്കും. പക്ഷേ ഉറക്കം നീണ്ടാല്‍ നിങ്ങള്‍ക്ക് ഉണര്‍വ്വ് നഷ്ടപ്പെടുകയും ചെയ്യും.


4. മൂരി നിവര്‍ക്കുക

ഇരുന്നുകൊണ്ടുള്ള പണിയാണ് നിങ്ങളുടേതെങ്കില്‍ തോളുകള്‍ക്ക് ഇടയ്ക്കിടെ വ്യായാമം നല്‍കുക. തോളുകള്‍ പത്തു തവണ മുന്നോട്ടും പത്തു  തവണ പിന്നോട്ടും ചലിപ്പിക്കുക. പിന്നെ കൈകള്‍ ആകാവുന്നത്ര നീട്ടുക. ദീര്‍ഘനേരമുള്ള ഇരുത്തം കഴുത്തിലെയും തോളുകളിലെയും പേശികള്‍ക്ക് സമ്മര്‍ദ്ദം നല്കും. അതു ശരീരം മനസ്സിനെ അറിയിക്കുന്നതോടെ മനസ്സ് ഉത്കണ്ഠാകുലമാകും.


5. നഗ്നപാദരായി നടക്കുക

ഷൂവും സോക്സും ഊരി നഗ്നപാദരായി ഒരു വട്ടം നടക്കുക. വിവിധതരം തറകളെ 'അനുഭവിക്കാന്‍' നിങ്ങളുടെ പാദത്തെ അനുവദിക്കുക. കാലാവസ്ഥ അനുകൂലമെങ്കില്‍ പുല്ലിലോ കടപ്പുറത്തെ പൂഴിമണലിലോ നടക്കുക. കൈകള്‍പോലെ തന്നെ നിങ്ങളുടെ പാദങ്ങളിലും നിരവധി ഞരമ്പുകള്‍ തുറന്നിരിക്കുന്നു. സ്വാഭാവികമായ സംവേദനങ്ങളില്‍നിന്ന് ചെരുപ്പ് നിങ്ങളുടെ പാദത്തെ തടയുന്നു. ഷൂ കാല്‍വിരലുകളുടെ ചലനം തടസ്സപ്പെടുത്തുന്നു. കൈകളില്‍ ഇറുക്കമുള്ള കൈയുറ ധരിച്ചാല്‍ കൈവിരലുകളുടെ അവസ്ഥ ഒന്നാലോചിച്ചുനോക്കുക. കാലുകളുടെ തളര്‍ച്ച നിങ്ങളെയും ക്ഷീണിപ്പിക്കുന്നു. കാലുകള്‍ക്ക് പുതിയൊരു സ്പര്‍ശനസുഖവും വിരലുകള്‍ക്ക് സ്വാതന്ത്ര്യവും നല്‍കുക വഴി നിങ്ങളുടെ ശരീരത്തിന്‍റെ ഒരു ഭാഗം ഉന്മേഷം വീണ്ടെടുക്കുന്നു.


6. ശക്തിയായ ചലനം

വായുവില്‍ ശക്തിയായി ഇടിക്കുക തുടങ്ങിയ ധൃതഗതിയിലുള്ള ശക്തിയായ ചലനങ്ങള്‍ ഊര്‍ജസ്വലത വീണ്ടെടുക്കാന്‍ ഉപകരിക്കുന്നു. (ഇതു സംബന്ധിച്ച് നാം മുന്നേ സൂചിപ്പിച്ചിട്ടുണ്ട്.)


7. ലഘുഭക്ഷണം

ഒരു കഷണം പഴം, വേവിക്കാത്ത കാരറ്റുപോലെ എന്തെങ്കിലും പച്ചക്കറി, ഇത്തരത്തില്‍ ആരോഗ്യകരമായ ലഘുഭക്ഷണം ശരീരത്തിനും മനസ്സിനും ഉന്മേഷം പകരുന്നു. നന്നായി ചവച്ച് ആസ്വദിച്ച് കഴിക്കുക. മനസ്സുകൊണ്ട് കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് ഉത്തമ ഉന്മേഷവര്‍ധിനിയാണ് ഇത്തരം ലഘുഭക്ഷണം. നിങ്ങള്‍ക്കു ലഭിക്കുന്ന ഊര്‍ജത്തിന്‍റെ 20% തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിനായിട്ടാണ് ചെലവഴിക്കുക. ഇടയ്ക്കുള്ള ലഘുഭക്ഷണം നിങ്ങളുടെ 'ഷുഗര്‍ലെവല്‍' (രക്തത്തിലെ പഞ്ചസാരയുടെ അളവ്) ക്രമാതീതമായി കുറയുന്നതു തടയുന്നു. നന്നായി ചവയ്ക്കുന്നതു വഴി ഭക്ഷണത്തിന്‍റെ രുചി ആസ്വാദ്യമാകുന്നു. അതു നിങ്ങള്‍ക്ക് ഉണര്‍വ് നല്‍കും. ആരോഗ്യകരമായ ഭക്ഷണം അധികഉന്മേഷം നല്‍കുന്നു.(തുടരും) 

Featured Posts

bottom of page