top of page

പാട്ടുകളുടെ പാട്ട്

Mar 1, 2010

4 min read

ഫാ. ബോബി ജോസ് കട്ടിക്കാട്
Portrait of musical notes

വാനിലെ ഒറ്റ നക്ഷത്രമേ ഈ രാവില്‍ നിര്‍നിമേഷം

നിന്നെ നോക്കി നടക്കുന്നു,

തട്ടിയും തടഞ്ഞും കൈകളും മുട്ടുകളും മുറിഞ്ഞ്

എങ്കിലും നിന്നില്‍ നിന്നും കണ്ണുകള്‍ മാറ്റിയില്ല.

ഏക നക്ഷത്രമേ മറയരുതേ

(സെബാസ്റ്റ്യന്‍)


ആരോ പാടിയ ഒരു പ്രണയഗീതം ഒരു ചെറിയ ഗണം സന്യാസിനികളിലുണ്ടാക്കിയ ഗുണപരമായ അനുരണനങ്ങളെക്കുറിച്ച് വിക്ടര്‍ ഹ്യൂഗോ എഴുതിയിട്ടുണ്ട്. ഏകതാനതകൊണ്ട് വിരസവും, കഠിനനിഷ്ഠകൊണ്ട് ഊഷരവും ആയ ഒരാവൃതിയില്‍ സംഭവിച്ചതാണ്. അവരുടെ അന്തിപ്രാര്‍ത്ഥനയുടെ നിശ്ശബ്ദതയ്ക്കിടയിലായിരുന്നു അത്. കുന്നിന്‍റെ ചരുവില്‍ നിന്ന് ഗാനം അവരെ തേടിയെത്തുകയായിരുന്നു:

'എന്‍റെ സെതുല്‍പേ വരൂ -എന്‍റെ മനസ്സില്‍ വാഴൂ'പറഞ്ഞ് പതിഞ്ഞ ഒരു നാടോടിക്കഥയിലെ പ്രണയിനിയാണ് സെതുല്‍പ്. അത്ഭുതകരമായിരുന്നു അതിന്‍റെ പ്രതിധ്വനികള്‍. ജീവന്‍റെ നിലവറയിലെന്നോ ഒളിപ്പിച്ച് വെക്കുകയും പിന്നെ കാലാന്തരെ മറന്നുതുടങ്ങുകയും ചെയ്ത പ്രണയഭാവത്തെ വീണ്ടെടുക്കാന്‍ പര്യാപ്തമായിരുന്നു അത്. അതവരുടെ ചലനങ്ങള്‍ക്ക് ഉന്‍മേഷവും മിഴികള്‍ക്ക് നനവും തിരികെ കൊടുത്തു. തൂവാലയില്‍ പൂക്കള്‍ നെയ്യുന്നതുപോലെ ഏകാഗ്രതയിലും പുഞ്ചിരിയിലും അവര്‍ തങ്ങളുടെ അനുദിനകര്‍മ്മങ്ങളിലേര്‍പ്പെട്ടു. ഇരുള്‍വീണ ഇടനാഴികളില്‍ മൂളിപ്പാട്ടും പൊട്ടിച്ചിരിയും പിന്നെ വാക്കിനെക്കാള്‍ പ്രഭയുള്ള മൗനവും ഉണ്ടായി. അവര്‍ യഥാര്‍ത്ഥ മണവാളന്‍റെ പ്രസാദമുള്ള സ്നേഹിതകളായി... ഏതാനും സന്ധ്യകളില്‍ മാത്രമേ അവരതുകേട്ടിട്ടുള്ളൂ. ഗ്രാമത്തിന്‍റെ പ്രശാന്ത നശിപ്പിക്കുന്നുവെന്ന് പറഞ്ഞ് ആരൊക്കെയോ കൂടി അയാളെ അവിടെ നിന്ന് ഓടിച്ചു കളഞ്ഞു! എന്നാല്‍ അവരുടെ ശിഷ്ട ജീവിതത്തെ ദീപ്തമാക്കാന്‍ ആ പാട്ടിന്‍റെ ഓര്‍മ്മ മതിയായിരുന്നു... ആ പ്രണയഗീതത്തെയും ഗായകനെയും ഭൂമിയുടെ സമസ്തമേഖലകളിലേക്കും തിരികെ വിളിക്കുകയാണ് വര്‍ത്തമാനകാലം അഭിമുഖീകരിക്കുന്ന നിരുന്മേഷതയ്ക്ക് പ്രതിക്രിയ എന്ന് 'സെതുല്‍പ്പിനെ' ആധാരമാക്കിയുള്ള പി. എന്‍ ദാസിന്‍റെ ഒരു കുറിപ്പും ഓര്‍മ്മിപ്പിക്കുന്നു.

എല്ലാ പദങ്ങളുടെയും ആത്മാവ് നഷ്ടമാകുന്ന ഒരു കെട്ടകാലമാണിത്. ശരീരത്തില്‍ ആരംഭിച്ച് ശരീരത്തില്‍ അവസാനിക്കുന്ന പ്രിയങ്ങളെയും മമതകളെയും വിശേഷിപ്പിക്കാനാണ് പ്രണയം എന്ന പദം ഇന്നുപയോഗിക്കപ്പെടുന്നത്. ഈ വര്‍ഷത്തെ വാലന്‍റൈന്‍ ദിനത്തില്‍ സംഭവിക്കുന്നവ ശ്രദ്ധിച്ചാല്‍ കൃത്യമായി മനസ്സിലാക്കാവുന്ന കാര്യമാണത്. ഒരു കാരണത്തോടൊ, വ്യക്തിയോടോ, ഇടത്തോടൊ ഒക്കെ ഒരാള്‍ രൂപപ്പെടുത്തേണ്ട പാഷണേറ്റ് - അഗാധവും തീവ്രവും അളവില്ലാത്തതുമായ - സ്നേഹത്തെ വിളിക്കേണ്ട വാക്കാണ് പ്രണയം. ദാ, അനപത്യ ദുഃഖത്തില്‍ എരിയുന്ന ആ സാധുസ്ത്രീയെ അയാളുടെ ഭര്‍ത്താവ് ആശ്വസിപ്പിക്കുന്ന രീതി നോക്കുക. ഹന്നാ, എന്തിനാണ് നീ കരയുകയും ഭക്ഷിക്കാതിരിക്കുകയും ചെയ്യുന്നത്. എന്തിന് ദുഃഖിക്കുന്നു? ഞാന്‍ നിനക്ക് പത്തുപുത്രന്‍മാരിലും ഉപരിയല്ലേ? (1. സാമുവല്‍ 1.8)

ആരോടെങ്കിലും, എന്തിനോടെങ്കിലും പ്രണയത്തിലാവുകയാണ് പ്രധാനം - അത് സഖിയോ, കുഞ്ഞുമക്കളോ, തൊഴിലോ, ദൈവമോ എന്തുമാകട്ടെ. ഒരാള്‍ക്ക് അയാളോട് തോന്നുന്ന മതിപ്പുപോലും പ്രണയം തന്നെ. അല്ലെങ്കില്‍ വെളിപാടിന്‍റെ പുസ്തകത്തില്‍ ക്രോധത്തിന്‍റെ ദൂതന്‍ എഫേസൂസ് ദേശത്തിനു മീതെ ആരോപിച്ച കാര്യങ്ങള്‍ നമ്മളില്‍ പലര്‍ക്കും ബാധകമാകും. നിന്നില്‍ ചൂടോ തണുപ്പോ ഇല്ല. അതുകൊണ്ട് ഞാന്‍ നിന്നെ  പുറന്തള്ളും! പാസഞ്ചര്‍ തീവണ്ടിയുടേതുപോലെ ഒരേ താളത്തിലുള്ള നമ്മുടെ പതിഞ്ഞ ജീവിതം ദൈവസന്നിധിയില്‍ വിധിക്കപ്പെടുമെന്ന് സാരം. വിരസത, മടുപ്പ് തുടങ്ങിയ പദങ്ങള്‍ ഇപ്പോള്‍ മിക്കവാറുംപേര്‍ ഉപയോഗിച്ചു കാണുന്നുണ്ട്. ആരോഗ്യമാസികകളില്‍ പറയുന്നതുപോലെ അതൊരു രോഗമാണോ സാര്‍. അല്ല... രോഗലക്ഷണമാണ്. പ്രണയം പടിയിറങ്ങിപ്പോയതിന്‍റെ....

  ഒരാള്‍ പ്രണയത്തിലായിരിക്കുമ്പോഴാണ് അയാളുടെ ഏറ്റവും നല്ല സാദ്ധ്യതകള്‍ പ്രകാശിതമാകുന്നതെന്ന് തോന്നുന്നു.  എന്തുമാത്രം ഗീതങ്ങളുടെ സമാഹാരമാണ് നമ്മുടെ വേദം. എന്നിട്ടും പാട്ടുകളുടെ പാട്ട് (Song of songs)  എന്നറിയപ്പെടുന്നത് അതുമാത്രമാണ് - ശലമോന്‍റെ പ്രണയഗീതങ്ങള്‍. ഒരാളുടെ ഏറ്റവും നല്ലത് അയാളുടെ പ്രണയകാലത്തിനുവേണ്ടി മാറ്റി വയ്ക്കുന്നുണ്ടാവണം. സോളമനാണോ അതോ അദ്ദേഹത്തിന്‍റെ നാമത്തില്‍ ഏതോ അജ്ഞാതകവി കുറിച്ചതാണോ ആ പ്രണയഗീതം തുടങ്ങിയ തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോള്‍തന്നെ അത് സോളമന്‍ തന്നെയെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം.

  സോളമനുവേണ്ടി ഏറെ അപദാനങ്ങള്‍ കരുതിവെക്കുന്ന വേദത്തില്‍ നിന്ന് ഒരുവരി ആരെയും കൊതിപ്പിക്കും. ദൈവം കടലല്‍ത്തീരം കണക്കൊരു മനസ്സയാള്‍ക്ക് കൊടുത്തു. അതായിരുന്നു അയാളുടെ ശരിക്കുമുള്ള മൂലധനം. അങ്ങനെ അയാളുടെ മനസ്സില്‍ എല്ലാത്തിനും ഇടമുണ്ടായി. ആഴക്കടലില്‍ നിന്ന് തിരയെടുത്തുകൊണ്ടുവന്ന് സമ്മാനിച്ച പ്രണയത്തിന്‍റെ ഒരുവലംപിരി ശംഖുള്‍പ്പെടെ.

പ്രാവിന്‍കൂടിലേതുപോലെ ഹൃദയത്തില്‍ ചെറിയ ചെറിയ അറകള്‍ മാത്രമുള്ളവര്‍ക്ക് പോരാടാനും പ്രാപിക്കാനും മാത്രമേ കഴിയൂ; പ്രണയിക്കാനാവില്ല. ഹൃദയവിശാലതയുടെ സുഗന്ധമാണ് പ്രണയം. അയാള്‍ വേണം  പാട്ടുകളുടെ പാട്ട് ആലപിക്കാന്‍. പ്രേമം വീഞ്ഞിനെക്കാള്‍ മാധുര്യമുള്ളതാണെന്നും (ഉത്തമ.1.2) മരണത്തെക്കാള്‍ ശക്തമാണെന്നും (ഉത്തമ. 8.56) അയാള്‍ക്കേ പാടാനാകൂ... ജലസഞ്ചയങ്ങള്‍ക്ക് അതിന്‍റെ തീയെ കെടുത്താനാവില്ല. മുഴുവന്‍ ധനംകൊണ്ടും വാങ്ങാനാവില്ല. ഒരേ കുളം പരസ്പരം കലഹിച്ച ദേശക്കാര്‍ക്ക് വേണ്ടി പെരുന്തച്ചന്‍ വൃത്തത്തിലും ചതുരത്തിലും തീര്‍ത്തതുപോലെ, കാല്‍പനിക ഗീതമെന്നോ യോഗാത്മകമന്ത്രമെന്നോ അതിനെ വായിച്ചെടുക്കാനാവുന്നതാണ്. ജയദേവരുടെ ഗീതാഗോവിന്ദത്തിലും റൂമിയുടെ കവിതകളിലും വിശുദ്ധ കുരിശിന്‍റെ യോഹന്നാനിലുമൊക്കെ സംഭവിക്കുന്നതുപോലെ ഉത്തമഗീതത്തിന്‍റെ ഉള്ളടരുകളില്‍ നിറയെ പ്രണയമാണ്.

കൈ മുഷ്ടിയോളം വലുപ്പമുള്ള ഹൃദയത്തില്‍ കടല്‍ത്തീരമല്ല മുഴുവന്‍ പ്രപഞ്ചവുമുണ്ടായതുകൊണ്ടാവണം പ്രണയം ക്രിസ്തുവിന്‍റെ സ്ഥായിയായ 'ഭാവമായിരുന്നുവെന്നു തോന്നുന്നു. ഒരാള്‍ക്ക് ലഭിക്കുന്ന ആന്തരിക പ്രഭയുടെ തോതനുസരിച്ച് അയാളുടെ പ്രണയവൃത്തത്തിന്‍റെ വ്യാസം വര്‍ദ്ധിക്കുന്നു. പ്രണയം പതഞ്ഞൊഴുകുന്ന ഭാഷയായിരുന്നു ക്രിസ്തുവിന്‍റേത്. എന്‍റെ പിതാവിന്‍റെ ഹിതം പൂര്‍ത്തിയാക്കുകയാണെന്‍റെ ഭക്ഷണം; വീണ്ടും കാണുവോളം ഞാന്‍ മുന്തിരിയുടെ ഫലത്തില്‍ നിന്നു കുടിക്കില്ല; ശിമയോനെ നീയെനിക്ക് ചുംബനം നല്‍കിയില്ല; ഒത്തിരി സ്നേഹിച്ചതുകൊണ്ട് അവളുടെ ഒത്തിരി പാപങ്ങള്‍ പൊറുക്കപ്പെട്ടിരിക്കുന്നു തുടങ്ങിയ വാക്കുകള്‍ ശ്രദ്ധിക്കുക. പാഷണേറ്റ് എന്ന് വിശേഷിപ്പിക്കേണ്ട അടുപ്പമാണ് ക്രിസ്തു എല്ലാത്തിനോടും പുലര്‍ത്തിയത്. അത് വയലിലെ ഇത്തിരിപ്പൂക്കളോടായാലും, ആകാശങ്ങളിലിരിക്കുന്ന തമ്പുരാനോടായാലും... തന്‍റെ ഏകജാതനെ നല്‍കുമാറ് ദൈവം ഭൂമിയെ അത്രമാത്രം സ്നേഹിച്ചു എന്ന വചനം പതുക്കെ പതുക്കെ മനസ്സില്‍ മന്ത്രിച്ചാല്‍ സുവിശേഷം മറ്റൊരു ഉത്തമഗീതമായി രൂപപ്പെടുന്നത് കാണാം.

ടെംപിള്‍ ഗ്രാന്‍ഡിന്‍ എന്നൊരു ശാസ്ത്രജ്ഞയുണ്ട്. മൃഗങ്ങളുടെ സ്വഭാവരീതിയിലാണ് അവരുടെ ഗവേഷണം. കഠിനമായ ഓട്ടിസം ഉണ്ടവര്‍ക്ക്. അവരോട് പ്രണയത്തെക്കുറിച്ച് ആരോ ചോദിച്ചു. അവര്‍ പറഞ്ഞു. എനിക്കിത്തരം അനുഭവങ്ങളൊന്നുമില്ല. എന്നാലും എന്താണ് പ്രണയമെന്നെനിക്കറിയാം -taking care of others! ദൈവമേ, ആ ഏകകം വെച്ചു നോക്കുമ്പോള്‍ സുവിശേഷം പ്രണയത്തിന്‍റെ നാള്‍വഴിയേട് ആവുന്നു.

ദ്വന്ദ്വങ്ങളെന്ന് നാം വിചാരിക്കുന്നതൊക്കെ ഏകമാകുന്നത് ഒരാളിലാണ് - ആ പരമ ചൈതന്യത്തില്‍. എന്നുമുണ്ടാകും അവനിലേക്ക് തപസ്സിന്‍റെയും പ്രണയത്തിന്‍റെയും വഴികള്‍. നിരാസത്തിന്‍റെയും, മമതയുടെയും, ഉപവാസത്തിന്‍റെയും വിരുന്നിന്‍റെയും, ദാമ്പത്യത്തിന്‍റെയും ബ്രഹ്മചര്യത്തിന്‍റെയും വഴികള്‍. ചുട്ടുപൊള്ളുന്ന മണലിലുയര്‍ത്തിയ സ്തൂപത്തിനുമീതെ ഒറ്റക്കാലില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്ന ആ താപസനോ പനിനീര്‍പ്പൂക്കളുടെ മദ്ധ്യേയിരുന്ന് സ്നേഹിക്കുകയെന്നതാണ് എന്‍റെ ദൈവവിളിയെന്ന് മന്ത്രിക്കുന്ന തെരേസയെന്ന ആ ചെറിയ പെണ്‍കുട്ടിയോ ആരാണ് ദൈവത്തോട് പറ്റി നില്‍ക്കുന്നത് ? അല്ലെങ്കില്‍ തന്നെ ജീവിതത്തിന്‍റെ ഓരോ വഴികളെ താരതമ്യപ്പെടുത്തുവാന്‍ നമ്മളെ ആരാണ് ചുമതലപ്പെടുത്തിയത്. പ്രണയിക്കുമ്പോള്‍ നിങ്ങള്‍ ദൈവത്തിന്‍റെ ഉള്ളിലാണെന്നല്ല പറയേണ്ടത് മറിച്ച് നിങ്ങളുടെ ഉള്ളിലാണ് ദൈവം അപ്പോഴെന്ന ജിബ്രാന്‍റെ വരികള്‍ ഓര്‍മ്മിക്കുക.

തിരിഞ്ഞുനോക്കുമ്പോള്‍ സാമാന്യം ഭാരപ്പെടുത്തുന്ന ഭൂതകാലമുള്ളൊരാള്‍ ഇനി എന്തു ചെയ്യും, ഞാന്‍ കബളിപ്പിച്ച ചങ്ങാതി, പാതിവഴിയില്‍ ഉപേക്ഷിച്ച പെണ്‍കുട്ടി, സംരക്ഷിക്കാതെ പോയ വൃക്ഷങ്ങള്‍, കേള്‍ക്കാതെ പോയ നിലവിളികള്‍... തിരുത്താനാവാത്ത ഇന്നലെകള്‍. മുമ്പിലൊരു വഴിയെ ഉള്ളൂ. തന്നെ തൈലാഭിഷേകം ചെയ്ത സ്ത്രീയോട് ക്രിസ്തു പറഞ്ഞതുതന്നെ, കൂടുതല്‍ സ്നേഹിച്ചതുകൊണ്ട് ഇവളുടെ വലിയ അപരാധങ്ങള്‍ പൊറുക്കപ്പെട്ടിരിക്കുന്നു. പ്രണയമാണ് വരുംകാലത്തിന്‍റെ അനുതാപശൂശ്രൂഷയെന്നു തോന്നുന്നു. ശിമയോനെ നീ ഇവരെക്കാളധികം സ്നേഹിക്കുന്നുണ്ടോയെന്നവന്‍ ചോദിക്കും. പ്രണയത്തിന്‍റെ പ്രണാമം. പ്രണയഗീതങ്ങളാണ് ഏറ്റവും നല്ല പ്രാര്‍ത്ഥനകളെന്നും തോന്നുന്നുണ്ട്. അത് റൂമിയുടേതായാലും സെബാസ്റ്റ്യന്‍റേതായാലും...

പ്രണയം നിനക്കെന്തുനല്കി എന്നാരംഭിക്കുന്ന ഒരു കവിതയുണ്ട്. പ്രണയം എന്താണ് എനിക്ക് സമ്മാനിക്കാത്തത്? അതെന്‍റെ ദിനങ്ങളെ സുഗന്ധപൂരിതമാക്കി. വേദഗ്രന്ഥത്തില്‍ ഏറ്റവും കൂടുതല്‍ പരിമളം പടരുന്നത് ഉത്തമഗീതത്തിന്‍റെ താളുകള്‍ മറിയുമ്പോളാണ്. എന്‍റെ പ്രിയനേ സുഗന്ധദ്രവ്യങ്ങളുടെ മലമുകളിലേക്കും ദൂദായി പഴങ്ങള്‍ പരിമളം പരത്തുന്ന തോട്ടങ്ങളിലേക്കും ചെറുമാന്‍പേടയെപ്പോലെ വേഗം വരുക. ആ പരിമളം പിന്നെ നാമറിയുന്നത് സുവിശേഷത്തിലാണ്. മുന്നൂറു ദനാറയെങ്കിലും വിലവരുന്ന പരിമളതൈലഭരണി ഉടച്ചഭിഷേകം ചെയ്യുന്ന ആ സ്ത്രീയിലൂടെ, വര്‍ഷങ്ങള്‍ക്ക് ശേഷവും വാമൊഴിയായോ വരമൊഴിയായോ ആ സന്ധ്യയെ രേഖപ്പെടുത്തുമ്പോള്‍ പൊതുവേ വിശദാംശങ്ങള്‍ പറയാത്ത യോഹന്നാന്‍ څവനം മുഴുവന്‍ നിറഞ്ഞു നിന്ന പരിമളത്തെ ഓര്‍മ്മിച്ചെടുക്കുന്നുണ്ട്. തനിക്കുവേണ്ടിയൊന്നും മാറ്റിവെക്കാതെ മനുഷ്യര്‍ തങ്ങളുടെ ജീവിതകുംഭങ്ങളെ മറ്റൊരാളുടെ പാദങ്ങളില്‍ ഉടച്ചുകളയുന്ന പ്രക്രിയയാണ് പ്രണയമെന്നു തോന്നുന്നു. എവിടെയൊക്കെ മനുഷ്യര്‍ തങ്ങളെ പൂര്‍ണ്ണമായി നല്‍കുന്നുണ്ടോ അവിടെയൊക്കെ ആ പരിമളം പടരുന്നുണ്ട്. അരയോളം ചേറില്‍നിന്ന് പുഴയോരത്ത് കണ്ടല്‍ചെടികള്‍ നട്ടുകൊണ്ടിരിക്കുന്ന പൊക്കുടനെന്ന ആ വൃദ്ധകര്‍ഷകതൊഴിലാളിക്ക് ഇപ്പോഴെന്തു സുഗന്ധം... അസാധാരണമായ വിശ്വസ്തതയും ഏകാഗ്രതയും സമര്‍പ്പണവുമാണ് പ്രണയത്തിന്‍റെ ഫലശ്രുതി. പിന്നെയെങ്ങനെ സുഗന്ധമുണ്ടാകാതിരിക്കും.

പ്രണയം കഠിനവില അര്‍ഹിക്കുന്നു. പ്രണയത്തിന് വേണ്ടി മനുഷ്യര്‍ നല്കുന്ന വിലയാണ് യഥാര്‍ത്ഥ ഭ്രാന്ത്. ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്ക്വേണ്ടി കീരിടം വേണ്ടെന്നുവച്ച എഡ്വേര്‍ഡ് രാജാവിന്‍റെ കൂടി ഭൂമിയാണിത്. ചതിയനെന്നും സ്വാര്‍ത്ഥനെന്നും ഒക്കെ പഴയനിയമത്തിലെ യാക്കോബിനെ പരിഹസിക്കുമ്പോള്‍ റബേക്കയെന്ന ഒരു പെണ്‍കുട്ടിക്ക് വേണ്ടി അയാള്‍ നല്കിയ വിയര്‍പ്പിന്‍റെയും കാത്തിരിപ്പിന്‍റെയും നീണ്ട പതിനാലുവര്‍ഷങ്ങള്‍ കാണാതെപോകരുത്. പ്രണയകൂടാരത്തിലേക്കുള്ള ഇടുങ്ങിയ വഴികളില്‍ ആരോ എന്നും കനല്‍പാകിയിട്ടുണ്ട്. എന്തിനോട് പ്രണയത്തിലായാലും നിങ്ങള്‍ക്ക് പരുക്കേല്‍ക്കാതെ തരമില്ല. സ്വാതന്ത്ര്യത്തിന്‍റെ കാനാന്‍ദേശത്തേക്ക് മനുഷ്യരെകൂട്ടികൊണ്ടുപോയ ഏതൊരു മനുഷ്യന്‍റെയും ശരീരഭാഷ വായിക്കൂ. അയാള്‍ ഒരേ സമയത്ത് കഠിനതാപസനും കൊടിയ പ്രണയിയുമാണ്. ഞാന്‍ അവനെ അന്വേഷിച്ചു. കണ്ടെത്തിയില്ല. ഞാന്‍ അവനെ വിളിച്ചു, കേട്ടില്ല. കാവല്‍ക്കാര്‍ നഗരത്തിലൂടെ ചുറ്റിക്കറങ്ങുമ്പോള്‍ എന്നെ കണ്ടു. അവരെന്നെ തല്ലി മുറിവേല്‍പ്പിച്ചു. അവര്‍ എന്‍റെ അങ്കി കവര്‍ന്നെടുത്തു. (ഉത്തമഗീതം 5.7-8)

ജീവിതം യാന്ത്രികമായിപ്പോകുന്നുവെന്നതാണ് നമ്മുടെ കാലം അനുഭവിക്കുന്ന ഏറ്റവും വലിയ ആന്തരിക പ്രതിസന്ധിയെന്ന് തോന്നുന്നു. കുഞ്ഞിനെ ചുംബിക്കുമ്പോള്‍ വാല്‍സല്യമുണരുന്നില്ല. സഹശയനത്തില്‍ ശരീരം ശരീരത്തെ തൊടുന്നുണ്ട്. ആത്മാവ് ആത്മാവിനെ അറിയുന്നില്ല. ധ്യാനിക്കുമ്പോള്‍ ഹൃദയം പ്രഭാപൂരിതമാവുന്നില്ല. ക്രിസ്തുവിന്‍റെ ഭാഷയില്‍ 'ഭക്ഷിക്കുമ്പോള്‍ ഭക്ഷിക്കുകയോ പാനം ചെയ്യുമ്പോള്‍ പാനം ചെയ്യുകയോ ചെയ്യാത്ത നമ്മള്‍. യാന്ത്രികതയുടെ ഈ മരുഭൂമി എങ്ങനെ നാം കുറുകെ കടക്കും. പ്രണയത്തിന്‍റെ പാദരക്ഷകളില്ലാതെ. ഹൃദയപൂര്‍വ്വമായിരിക്കുക എന്നതാണ് പ്രണയത്തിന്‍റെ നാനാര്‍ത്ഥങ്ങളിലൊന്ന്.

ശേബായിലെ രാജ്ഞിയെക്കുറിച്ചുളള കഥ കേട്ടിട്ടുണ്ടോ. ചോദ്യങ്ങള്‍ ചോദിക്കാനെത്തിയതായിരുന്നു അവള്‍. ഇത്തവണയും രണ്ടു പൂക്കള്‍ കരുതിയിരുന്നു. ഇതിലേതാണ് കൃത്രിമപൂവ് എന്ന പഴയ ചോദ്യവുമായി. രാജാവ് പുഞ്ചിരിച്ചു. പണ്ടത്തേതുപോലെ തോട്ടത്തിനഭിമുഖമായ ജാലകം തുറക്കാനാവശ്യപ്പെട്ടു. വണ്ടുകള്‍ മൂളിയകത്തേക്ക് വന്നു. എന്നാല്‍ രാജാവിനെ അമ്പരപ്പിച്ചുകൊണ്ട് അവ രണ്ടുപൂക്കളുടെയും മീതെയിരുന്നു തേന്‍ തിരഞ്ഞു. അവള്‍ പുഞ്ചിരിയോടെ രാജാവിനോട് പറഞ്ഞു. ജ്ഞാനികള്‍ അറിയാത്ത ഒരു രഹസ്യമുണ്ട്. ഏതു കൃത്രിമപ്പൂവും ഹൃദയത്തോട് ചേര്‍ത്തുവെച്ചാല്‍ അതിന് സുഗന്ധവും സ്നിഗ്ധതയും ഉണ്ടാവും! ജ്ഞാനികളില്‍ നിന്ന് മറച്ചുവെച്ച ജീവിത നിഗൂഢതകള്‍ ദൈവം ഇപ്പോള്‍ പ്രണയികള്‍ക്ക് വെളിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു...

Featured Posts

Recent Posts

bottom of page