top of page

ആത്മാവിനെ പ്രചോദിപ്പിക്കുന്ന തീവ്രാനുഭവം

Sep 1, 2012

5 min read

ഡോ. റോയി തോമസ്
A person reading a book.


വായനയുടെ ചരിത്രം ആരംഭിക്കുന്നത് എന്നാണെന്ന് നമുക്കറിയില്ല. പ്രകൃതിയെ വായിച്ചുതുടങ്ങിയ മനുഷ്യന്‍ തുടര്‍ന്ന് ചിത്രങ്ങള്‍, ചിഹ്നങ്ങള്‍ വായിച്ചിരിക്കാം. അതിനുശേഷം അക്ഷരത്തിന്‍റെ പിറവിയായി. അക്ഷരത്തിലൂടെ മാനുഷ്യകം സമ്പാദിച്ചുവച്ച ദര്‍ശനങ്ങള്‍ കാലത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഗുട്ടന്‍ബര്‍ഗ് അച്ചടി കണ്ടുപിടിച്ചതോടുകൂടി ഒരു 'പാരഡൈംഷിഫ്റ്റ്' സംഭവിച്ചു. അറിവിന്‍റെ സ്വതന്ത്രസഞ്ചാരം സാധ്യമായത് അങ്ങനെയാണ്. ഇപ്പോള്‍ ലോകം ഒരു വലയായി (network) മാറിയിരിക്കുന്നു. ഇത് നിര്‍ണായകമായ മറ്റൊരു വഴിത്തിരിവ് സൃഷ്ടിച്ചിരിക്കുന്നു. നാമിപ്പോള്‍ കടലാസില്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കുകയാണ്. പുസ്തകങ്ങളുടെ രൂപഭാവങ്ങള്‍ മാറുമ്പോഴും വായനയുടെ സാങ്കേതികവിദ്യകള്‍ക്ക് വ്യതിയാനമുണ്ടാകുമ്പോഴും അതിന്‍റെ പ്രാധാന്യം തെല്ലും കുറയുന്നില്ല എന്നതാണ് വാസ്തവം.


വായനയെക്കുറിച്ച് വലിയ വായനക്കാര്‍, എഴുത്തുകാര്‍ ചിന്തിക്കുന്നതെങ്ങനെയെന്ന് അന്വേഷിക്കുന്നത് കൗതുകകരമായിരിക്കും. 'പുസ്തകങ്ങളുടെ ചാമ്പ്യന്‍' എന്നറിയപ്പെടുന്ന ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍ ആല്‍ബര്‍ട്ടോ മാന്‍ഗ്വല്‍ വായനയുമായി, പുസ്തകങ്ങളുമായി ബന്ധപ്പെട്ട പത്തിലധികം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. 'വായനയുടെ ചരിത്രം' എഴുതിയ അദ്ദേഹം വായനയെ ജീവിതമായിത്തന്നെ കണ്ടു. "ഭൂമിയില്‍ വായിച്ചുതീരാത്ത ഗ്രന്ഥങ്ങള്‍ വായിക്കാനുള്ള സ്ഥലമാണ് സ്വര്‍ഗ്ഗം" എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. 'വായനയുടെ സ്വര്‍ഗ്ഗത്തില്‍' എന്നെഴുതുമ്പോള്‍ സുകുമാര്‍ അഴീക്കോട് സ്പര്‍ശിക്കുന്നത് ഈ ദര്‍ശനത്തെത്തന്നെയാണ്.


മാതൃകാ വായനക്കാരനെക്കുറിച്ച് മാര്‍ഗ്വലിന് വലിയ ദര്‍ശനങ്ങളാണുള്ളത്. നല്ല വായനക്കാരന്‍ പുനഃസൃഷ്ടി നടത്തുന്നവനാണ്. അയാള്‍ക്ക് ശ്രദ്ധയെന്തെന്നറിയാം. നല്ല വായനക്കാരന്‍ വിവര്‍ത്തകന്‍ കൂടിയായി വളരുന്നു. 'പുതിയതെന്തോ കണ്ടെത്തുന്നവനാണ് യഥാര്‍ത്ഥ വായനക്കാരന്‍' എന്ന് എമേഴ്സണ്‍ പറഞ്ഞത് മാന്‍ഗ്വല്‍ കടമെടുക്കുന്നുണ്ട്. നല്ല വായനക്കാരനാണ് എഴുത്തുകാരന്‍റെ മനസ്സ് തിരിച്ചറിയുന്നത്. എഴുത്തുകാരന്‍റെ ആഖ്യാനത്തോട് യഥാര്‍ത്ഥ വായനക്കാരന്‍ ഒരു പാളി കൂട്ടിച്ചേര്‍ക്കുന്നു. ഈ വായനക്കാരനാണ് എഴുത്തുകാരനെ പൂരിപ്പിക്കുന്നത്. അങ്ങനെ വായനക്കാരന്‍ അനശ്വരതയോടു ചേര്‍ന്നു നില്‍ക്കുന്നു.


ഉത്തരങ്ങള്‍ക്കുവേണ്ടിയല്ല. പുതിയ ചോദ്യങ്ങള്‍ക്കുവേണ്ടിയാണ് നല്ല വായനക്കാരന്‍ വായിക്കുന്നത്. ആത്യന്തികമായ ഉത്തരങ്ങള്‍ നമ്മുടെ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നു. "ചോദ്യങ്ങളില്‍നിന്ന് ചോദ്യങ്ങളിലേക്കുള്ള പ്രയാണമാണ് ചിന്ത" എന്ന മാര്‍ട്ടിന്‍ ഹൈഡഗറുടെ വാക്കുകള്‍ നല്ല വായനക്കാരന് പ്രധാനമാണ്. എല്ലാ ഗ്രന്ഥങ്ങളും മാതൃകാവായനക്കാരന് പ്രധാനമാണ്. എല്ലാ ഗ്രന്ഥങ്ങള്‍ക്കും മാതൃകാവായനക്കാരുണ്ട്. ചില എഴുത്തുകാര്‍ (പുസ്തകങ്ങള്‍) പല നൂറ്റാണ്ടുകള്‍ യഥാര്‍ത്ഥ വായനക്കാരനുവേണ്ടി കാത്തിരിക്കുന്നു. (നോര്‍ത്രോപ് ഫ്രൈക്കുവേണ്ടി വില്യം ബ്ലേക്ക് 150 വര്‍ഷങ്ങള്‍ കാത്തിരുന്നതായി മാന്‍ഗ്വല്‍ സൂചിപ്പിക്കുന്നു). വായനക്കാരെ മാന്‍ഗ്വല്‍ മൂന്നു വിഭാഗമായി തിരിക്കുന്നു. 1. വിധി കല്പിക്കാതെ ആസ്വദിക്കുന്നവര്‍ 2. ആസ്വദിക്കാതെ വിധി കല്പിക്കുന്നവര്‍ 3. ആസ്വദിക്കുകയും വിധി കല്പിക്കുകയും ചെയ്യുന്നവര്‍. ആസ്വദിക്കുകയും വിധി കല്പിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ വായനക്കാര്‍ എന്ന് മാന്‍ഗ്വല്‍ കരുതുന്നു. എഴുത്തുകാരന്‍ അണിനിരത്തിയിരിക്കുന്ന ചിഹ്നങ്ങളുടെ കുരുക്കഴിക്കുന്നവനാണ് നല്ല വായനക്കാരന്‍. ശ്വസനം പോലെയുള്ള അടിസ്ഥാനചര്യയാണ് മാന്‍ഗ്വലിന് വായന. യഥാര്‍ത്ഥ വായനക്കാരന്‍ ഓരോ പാഠത്തിനും സമൂഹത്തില്‍ സവിശേഷസ്ഥാനം നല്‍കുന്നവനാണ്.


അച്ചടിയന്ത്രം കണ്ടുപിടിച്ച ഗുട്ടന്‍ബര്‍ഗ് വലിയൊരു വിപ്ലവത്തിന് തുടക്കം കുറിച്ചതായി പൗലോ കൊയ്ലോ വിചാരിക്കുന്നു. നവോത്ഥാനത്തിന്‍റെ പുതിയൊരു യുഗമാണ് ഗുട്ടന്‍ബര്‍ഗ് തുറന്നിട്ടത്. ആശയങ്ങളുടെ, ദര്‍ശനങ്ങളുടെ സ്വതന്ത്രസഞ്ചാരമാണ് അദ്ദേഹം സാദ്ധ്യമാക്കിയത്. ഗ്രന്ഥങ്ങള്‍ അങ്ങനെ ആശയങ്ങള്‍ സൂക്ഷിക്കുന്ന പാത്രങ്ങളായി മാറി. കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റും തുറന്നിട്ട ലോകം ഗുട്ടന്‍ബര്‍ഗിനുശേഷമുള്ള വലിയ കുതിച്ചുചാട്ടമായി കൊയ്ലോ വിലയിരുത്തുന്നു. ആശയങ്ങളുടെ ജനാധിപത്യവത്കരണമാണ് ഇതിലൂടെ സംഭവിക്കുന്നത്. നിസ്സംഗനായ സ്വീകര്‍ത്താവു മാത്രമല്ല വായനക്കാരന്‍ എന്നാണ് പൗലോ കൊയ്ലോയുടെ പക്ഷം. വളരെ പ്രധാനപ്പെട്ട, ക്രിയാത്മകമായ ദൗത്യമാണ് വായനക്കാരനുള്ളതെന്ന് അദ്ദേഹം വിശ്വസിക്കുന്നു.


സാഹിത്യത്തെയും വായനയെയുംകുറിച്ച് മരിയോ വര്‍ഗാസ്യോസ ആഴത്തില്‍ ചിന്തിച്ചിട്ടുണ്ട്. 'വായിക്കാത്തവര്‍ അവര്‍ക്കു നഷ്ടപ്പെടുന്ന വലിയ സന്തോഷത്തെക്കുറിച്ചറിയുന്നില്ല" എന്നാണ് അദ്ദേഹം പറയുന്നത്. ഒട്ടും വായിക്കാത്തവന്‍ ആത്മീയമായി കാട്ടാളസമാനനാണെന്ന് യോസ പ്രസ്താവിക്കുന്നു. വായന നമുക്കു സ്വാതന്ത്ര്യത്തിന്‍റെ മഹത്തായലോകം തുറന്നുതരുന്നതായി അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. നമ്മുടെ സ്വത്വം എല്ലാ ബന്ധനങ്ങളില്‍നിന്നും മുക്തിനേടുന്നു. നാം സ്വയം തിരിച്ചറിയുകയും സ്വത്വം കണ്ടെത്തിയതിന്‍റെ നിര്‍വൃതിയില്‍ എത്തിച്ചേരുകയും ചെയ്യുന്നു. വായിക്കാത്തവര്‍ വളരെയധികം സംസാരിക്കുമെങ്കിലും അവര്‍ വളരെക്കുറച്ചേ അര്‍ത്ഥപൂര്‍ണ്ണമായി സംവദിക്കുന്നുള്ളൂ എന്നാണ് യോസയുടെ അഭിപ്രായം. സ്വന്തം സ്വത്വത്തെ ആവിഷ്കരിക്കാനുള്ള പാദസമ്പത്ത് അവര്‍ക്ക് സ്വായത്തമല്ല എന്നതാണ് കാരണം.


ഭാവനയും ചിന്തയും അന്വേഷണവും പോഷിപ്പിക്കുന്ന കര്‍മ്മമാണ് വായന എന്നാണ് യോസയുടെ കാഴ്ചപ്പാട്. വായനയിലൂടെ നമ്മിലേക്ക് ആശയങ്ങള്‍ ഒഴുകിനിറയുകയാണ്. കൃത്യമായും അഗാധമായും സൂക്ഷ്മമായും സംസാരിക്കാന്‍ വായന നമ്മെ സഹായിക്കുന്നു. അങ്ങനെ മനുഷ്യസ്വത്വത്തിന്‍റെ പരിധികള്‍, സാദ്ധ്യതകള്‍ വികസിക്കുന്നു.


വിമര്‍ശനാത്മക മനസ്സ് വായനയുടെ ഉപോത്പന്നമാണെന്ന് യോസ കരുതുന്നു. ചരിത്രത്തിന്‍റെ പുരോയാനത്തിനുള്ള ചാലക ശക്തിയാണ് വിമര്‍ശനാത്മക മനസ്സ്. സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നത് ഇത്തരം മനസ്സുള്ളവരാണ്. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ച്, ജീവിതത്തെക്കുറിച്ച് അടിസ്ഥാനപരവും മൗലികവുമായ ചോദ്യങ്ങള്‍ ഉദിക്കുന്നത് വിമര്‍ശ ബുദ്ധികളിലാണ്. റിബലുകളുടെ ആത്മാവിനുള്ള ഭക്ഷണമാണ് വായനയെന്നും യോസ കണ്ടെത്തുന്നു. ചോദ്യം ചെയ്യലും വിമര്‍ശനവുമില്ലെങ്കില്‍ നാം പ്രാകൃതാവസ്ഥയിലേക്കു മടങ്ങുമെന്നാണ് അദ്ദേഹം പ്രസ്താവിക്കുന്നത്. അപ്പോള്‍ ചരിത്രം നിശ്ചലമാകും. ചരിത്രത്തെ ചലനാത്മകമാക്കുന്ന സമാന്തര ജീവിതങ്ങള്‍ രൂപപ്പെടുന്നത് വായനയിലൂടെയാണ്. സ്വന്തം ജീവിത പരിമിതികള്‍ക്കെതിരെയുള്ള യുദ്ധമായി വായന മാറുന്നു. വായനയിലൂടെ മോക്ഷം കൈവരിക്കാമെന്നാണ് യോസ വിശ്വസിക്കുന്നത്.


ഓര്‍ഹന്‍പാമുക് 'ഇസ്താംബുള്‍' എന്ന ആത്മകഥയില്‍ തന്‍റെ വായനാലോകത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അദര്‍ കളേഴ്സ് എന്ന ലേഖന സമാഹാരത്തില്‍ വായനയുടെ സാധ്യതകള്‍ അദ്ദേഹം വെളിപ്പെടുത്തുന്നു. "ദുഃഖനിമിഷങ്ങളില്‍, ഗ്രന്ഥങ്ങള്‍ സന്തോഷത്തിന്‍റെ വാതായനങ്ങള്‍ തുറന്നു തരുന്നു"വെന്നാണ് അദ്ദേഹം പറയുന്നത്. തന്‍റെ ആത്മാവിന് രൂപം നല്‍കിയത് വായനയാണെന്ന് അദ്ദേഹം എടുത്തുപറയുന്നു. ജീവിതത്തിന്‍റെ യഥാര്‍ത്ഥ പൊരുളിനോട് തന്നെ അടുപ്പിച്ചത് നല്ല ഗ്രന്ഥങ്ങളാണെന്ന് അദ്ദേഹം തുടര്‍ന്നു പറയുന്നു. നോവലുകളെ ആധുനിക കാലത്തെ ഇതിഹാസങ്ങളായി കാണുന്ന ഓര്‍ഹന്‍ പാമുക് അവയുടെ പ്രാധാന്യം എടുത്തുപറഞ്ഞിട്ടുണ്ട്. നോവലുകള്‍ ചരിത്രഗ്രന്ഥങ്ങളില്‍ കാണാത്ത മനുഷ്യസമൂഹത്തിന്‍റെ ചരിത്രമാണ് ആവിഷ്കരിക്കുന്നതെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. We read sometimes logically, sometimes with our eyes, sometimes with our imagination, sometimes with a small part of our mind, sometimes the way we want to, sometimes the way the book wants us to, and sometimes with every fiber of our being '' എന്ന് പാമുക് തിരിച്ചറിയുന്നു. (The Naive And The Sentimental Novelist)


'പുസ്തകങ്ങളെ അതിരുവിട്ടു സ്നേഹിച്ചവന്‍' (The man who Loved Books Too much) എന്ന ആലിസന്‍ ഹ്യൂവര്‍ ഓര്‍ട്ലെറ്റിന്‍റെ നോവല്‍ യഥാര്‍ത്ഥ സംഭവത്തില്‍നിന്നു രൂപം കൊണ്ടതാണ്. ബിബ്ലിയോ ഫൈന്‍ (ബിബ്ലിയോമാനിയാക്) ആയ ജോണ്‍ ചാള്‍സ് ഗില്‍ക്കിയുടെ കഥയാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. പുസ്തകമോഷ്ടാവായ ഗില്‍ക്കി അനവധിതവണ ജയില്‍വാസം അനുഭവിക്കുന്നു. അപൂര്‍വഗ്രന്ഥങ്ങളോടുള്ള ആസക്തിയാണ് അയാളെ വഴിതെറ്റിക്കുന്നത്. ഈ നോവലില്‍ പുസ്തക സ്നേഹം ഉന്മാദമായി മാറുന്നത് നാം കാണുന്നു. നോവലിസ്റ്റ് ജോണ്‍മില്‍ട്ടണ്‍ പുസ്തകങ്ങളെക്കുറിച്ച് പറയുന്നത് ഉദ്ധരിക്കുന്നുണ്ട്: "പുസ്തകം നിശ്ചയമായും ജഡമായി മാറിയ വസ്തുവല്ല, മറിച്ച് അതിന് ജന്മം നല്‍കിയ ആത്മാവ് എത്രമാത്രം സചേതനമാണോ അതേ അളവില്‍ സചേതനമായ ശക്തിയുള്ളതാണ്. പോരാ, ഗ്രന്ഥം അതിനു ജന്മം നല്‍കിയ ധിഷണയുടെ ശുദ്ധവും സംസ്കൃതവുമായ ദ്രവ്യം സൂക്ഷിക്കുന്ന ചെറുകുപ്പിയാണ്" (മില്‍ട്ടണ്‍). മഹത്തായ ഗ്രന്ഥം കൈയിലെടുക്കുമ്പോള്‍ സ്പന്ദിക്കുന്ന ഒരാത്മാവിനോടാണ് നാം ബന്ധം സ്ഥാപിക്കുന്നത്. 'പുസ്തകങ്ങള്‍ നമ്മെ നമ്മിലും വലുതായ ഒന്നില്‍, സ്വാഭാവികമായ ഒന്നില്‍ വേരിറക്കി ഉറപ്പിക്കുന്നു' എന്ന് ആലിഡന്‍ ഹ്യൂവര്‍ തിരിച്ചറിയുന്നു. ചാള്‍സ് ഗില്‍ക്കി പുസ്തകഭ്രാന്തനാണ്. ഈ ഉന്മാദത്തെ നിക്കൊളാസ് ബാസ്ബേണ്‍സ് 'മാന്യമായ ഭ്രാന്ത്' എന്നാണ് വിളിക്കുന്നത്. പുസ്തകപ്രേമികള്‍ ഒരുതരത്തില്‍ ദിവ്യമായ, മാന്യമായ ഉന്മാദത്തിനുടമകളാണ്. 'എ ജെന്‍റില്‍ മാസ്ഡെസ്സ്' എന്ന ഗ്രന്ഥത്തില്‍ പുസ്തകഭ്രാന്തിന്‍റെ ഭിന്നതലങ്ങള്‍ ബാസ് ബേണ്‍സ് അന്വേഷിക്കുന്നുണ്ട്. "പുസ്തകങ്ങള്‍ ശേഖരിക്കുന്നവര്‍ അവ മാത്രമല്ല സ്വന്തമാക്കുന്നത്. 2500 വര്‍ഷങ്ങള്‍ക്കപ്പുറമുള്ള അറിവുകള്‍ അവര്‍ കാത്തുസൂക്ഷിക്കുകയാണ്" എന്നാണ് അദ്ദേഹം പറയുന്നത്. 'ദിവ്യമായ ഉന്മാദം' അങ്ങനെ സക്രിയമായ ഇടപെടലായി ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നു.


ബാസ്ബേണ്‍സ് കരുതുന്നതുപോലെ, നാം കാത്തുസൂക്ഷിച്ച അറിവുകളാണ് ഗ്രന്ഥങ്ങള്‍. "പുസ്തകങ്ങളില്‍ കയറി യാത്ര ചെയ്താലാകട്ടെ, ആനന്ദത്തിന്‍റെയും ആതങ്കത്തിന്‍റെയും ആവേശത്തിന്‍റെയും സംഘര്‍ഷത്തിന്‍റെയും ആശ്വാസത്തിന്‍റെയും ഭീതിയുടെയും ആരാധനയുടെയും തീയിന്‍റെയും ഒരുപാട് കാഴ്ചകള്‍ അവ കാണിച്ചുതരുന്നു" എന്നാണ് ആനന്ദ് കുറിക്കുന്നത്. (എഴുത്ത് പുസ്തകം മുതല്‍ യുദ്ധം വരെ) മനുഷ്യവര്‍ഗം നടന്നുവന്ന വഴികളിലെ സമഗ്രാനുഭവങ്ങള്‍ സംക്ഷേപിച്ചിരിക്കുന്നത് ഗ്രന്ഥങ്ങളിലാണെന്ന കാഴ്ചപ്പാടാണ് നാമിവിടെ കാണുന്നത്.


ഹരോള്‍ഡ് ബ്ലൂം 'എങ്ങനെ, എന്തുകൊണ്ട് വായിക്കണം?' എന്ന പ്രബന്ധത്തില്‍ വായനയുടെ പ്രാധാന്യം ഊന്നിപ്പറയുന്നുണ്ട്. സ്വന്തമായ അഭിപ്രായവും വിധിയെഴുതാനുള്ള കരുത്തും കാത്തുസൂക്ഷിക്കണമെങ്കില്‍ നിരന്തരമായി വായനയില്‍ മുഴുകണമെന്നാണദ്ദേഹത്തിന്‍റെ അഭിപ്രായം. നാം നമ്മുടെ സ്വത്വത്തെ ബലപ്പെടുത്തനാണ് വായിക്കുന്നത്. നമ്മുടെ ആധികാരികമായ താത്പര്യങ്ങളെ അടയാളപ്പെടുത്തുകയും സ്ഥാപിക്കുകയും ചെയ്യുന്ന കര്‍മ്മമാണത്. സ്വയം പൂരിപ്പിക്കാനും വളരാനുമുള്ള പാതയാണ് വായന വെട്ടിത്തുറക്കുന്നത്. മാനുഷിക വികാരങ്ങള്‍ മനുഷ്യഭാഷയില്‍ വായിക്കുമ്പോള്‍ നാം സമഗ്രസത്തയില്‍, മനുഷ്യത്വത്തോടെ വായിക്കാന്‍ പഠിക്കുന്നു. നാം ഓരോ വലിയ എഴുത്തുകാരനെയും വായിക്കുമ്പോള്‍ അവര്‍ വിപുലമാക്കിയ ജീവിതവുമായി അഭിസന്ധിക്കുകയാണ്. ജീവിതത്തെയും സ്വത്വത്തെയും തിരിച്ചറിയുന്നതിനുള്ള യാത്രയായി വായന മാറുന്നു.


'അസാധാരണ കാഴ്ചശക്തിയോടുകൂടിയ അന്ധനായ ലൈബ്രേറിയനായിരുന്നു' ജോര്‍ജ് ലൂയി ബോര്‍ഹസ്. മഹത്തായ സത്യങ്ങളോട് അദ്ദേഹം കൂട്ടിമുട്ടിയത് ഗ്രന്ഥങ്ങളിലൂടെയാണ്. "ബോര്‍ഹസിന് പറുദീസ എന്നത് പൂന്തോട്ടമല്ല, ഒരു വലിയ ലൈബ്രറിയാണ്" എന്നു പോള്‍. എസ്. പിപ്പര്‍ പറയുമ്പോള്‍ ബോര്‍ഹസും പുസ്തകങ്ങളും തമ്മിലുള്ള അഗാധവും ദൃഢവുമായ ബന്ധമാണ് വ്യക്തമാകുന്നത്.


"Who with such splendid irony

Granted me books and blindness at one touch''

എന്ന് എഴുതുമ്പോള്‍ പുസ്തക സ്നേഹത്തിന്‍റെ തീവ്രതയാണ് ബോര്‍ഹസ് വെളിപ്പെടുത്തുന്നത്. ലൈബ്രറി ഓഫ് ബബേല്‍, ബുക് ഓഫ് സാന്‍ഡ് എന്നിവ എഴുതിയ ബോര്‍ഹസ് അന്ധനായപ്പോഴും വാക്കുകളുടെ മര്‍മ്മരങ്ങള്‍ ഗ്രന്ഥങ്ങളില്‍നിന്ന് കേട്ടിരുന്നതായി പ്രസ്താവിച്ചിട്ടുണ്ട്. പേജുകള്‍ മാറിമറിഞ്ഞ അനന്തമായ പുസ്തകമായി ലോകത്തെ നോക്കിക്കാണുകയാണ് 'മണലിന്‍റെ പുസ്തക'ത്തിലൂടെ ബോര്‍ഹസ്. പ്രഹേളികാസമാനമായ കഥകളും ലേഖനങ്ങളും എഴുതാന്‍ ബോര്‍ഹസിന് കരുത്തുപകര്‍ന്നത് അദ്ദേഹം തന്‍റെ യൗവനത്തില്‍ കാര്‍ന്നു തിന്ന ഗ്രന്ഥ സമുച്ചയമാണ്.


ഓരോ മഹത്തായ ഗ്രന്ഥത്തിനും ഓരോ വിധിയാണെന്ന് വാള്‍ട്ടര്‍ ബന്‍യാമിന്‍ കരുതുന്നു. പുസ്തകവുമായി നാം സംവാദത്തില്‍ ഏര്‍പ്പെടുകയാണ്. ഓരോ വായനക്കാരനിലൂടെയും ഗ്രന്ഥം പുനര്‍ജന്മം നേടുന്നു. അത് സ്വന്തമായുള്ള പഴയലോകത്തെ പുതുക്കുന്നു. അശാമ്യമായ തൃഷ്ണയുള്ളവനാണ് പുസ്തകസ്നേഹി. അത്തരം വായനക്കാരോടുമാത്രമായി ഗ്രന്ഥങ്ങള്‍ ചിലതെല്ലാം സംസാരിക്കുന്നുണ്ട്. അതുകൊണ്ടാണ് വായനക്കാരന്‍ സന്തോഷത്തിന്‍റെ അധിത്യകയില്‍ എത്തുന്നത്. പുസ്തകം അയാളില്‍ ജീവിക്കുകയല്ല, അയാള്‍ പുസ്തകത്തില്‍ ജീവിക്കുകയാണ്. അങ്ങനെ പുസ്തകങ്ങള്‍ ജീവിത നിര്‍മ്മിതിക്കുള്ള ആധാരശിലയായി മാറുന്നു.


'പുസ്തകത്തിന്‍റെ ഭാവി'യെക്കുറിച്ച് ചിന്തിച്ച എഴുത്തുകാരനാണ് ഉംബര്‍ട്ടോ എക്കോ. ഓര്‍മ്മ ശക്തമായി നിലനില്‍ക്കണമെങ്കില്‍ വായന അനിവാര്യമെന്ന് അദ്ദേഹം കരുതുന്നു. മനുഷ്യനു ശക്തിയും അതിന്‍റെ പുനരുജ്ജീവനവും കൈവരിക്കാന്‍ വായന ചാലകശക്തിയായി വര്‍ത്തിക്കുന്നു. നമ്മെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന, തട്ടിയുണര്‍ത്തുന്ന യന്ത്രങ്ങളാണ് പുസ്തകങ്ങള്‍. അത് ഓര്‍മ്മയെ നിരന്തരം വെല്ലുവിളിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ ധൈഷണികമായ എല്ലാ ആവശ്യങ്ങളെയും ഗ്രന്ഥങ്ങള്‍ തൃപ്തിപ്പെടുത്തുന്നുവെന്ന് എക്കോ സാക്ഷ്യപ്പെടുത്തുന്നു. "ഗന്ധങ്ങളുടെ, രൂപങ്ങളുടെ, ചിന്തകളുടെ ഒരു പ്രപഞ്ചം ഉണര്‍ത്തുകയാണ് പുസ്തകങ്ങള്‍" എന്ന സ്റ്റീഫന്‍ മല്ലാമേയുടെ പ്രസ്താവന ഉംബര്‍ട്ടോ എക്കോ പ്രാധാന്യത്തോടെ എടുത്തു കാണിക്കുന്നു. 'വികാരവിചാരങ്ങളുടെ ഹെര്‍ബേറിയം' എന്നാണ് എക്കോ പുസ്തകങ്ങളെ വിളിക്കുന്നത്. പുസ്തകങ്ങള്‍ രോമക്കുപ്പായമാണെന്ന് അദ്ദേഹം കരുതുന്നു. "തെറ്റുകള്‍ക്കും അനിശ്ചിതത്വത്തിനും ശൈത്യകാലത്തിനുമെതിരെ അത് പ്രതിരോധം സൃഷ്ടിക്കുന്നു. ലോകത്തെ എല്ലാ ആശയങ്ങളും വികാരങ്ങളും അറിവുകളും നമ്മെ പൊതിഞ്ഞുനില്‍ക്കുന്നത് സാന്ത്വനപ്രദമാണ്. നിങ്ങള്‍ക്കു ചുറ്റും പുസ്തകങ്ങള്‍ ഉണ്ടാവുമ്പോള്‍ തണുപ്പനുഭവപ്പെടില്ല. അജ്ഞതയുടെ തണുത്ത ഭീഷണികള്‍ക്കെതിരെ, പുസ്തകങ്ങള്‍ നിങ്ങള്‍ക്ക് പ്രതിരോധകമാകുന്നു. ഓര്‍മ്മയുടെ വലിയ ഖണ്ഡങ്ങള്‍ പുസ്തകങ്ങളില്‍ സൂക്ഷിക്കാന്‍ കഴിയുന്നു." ഈ വാക്കുകള്‍ വായനയുടെയും ഗ്രന്ഥങ്ങളുടെയും ലോകത്തില്‍ ആണ്ടുമുങ്ങിയ ഒരാളുടെതാണെന്ന ബോധ്യം നമുക്കു പകര്‍ന്നുതരുന്നു.


'എന്തുകൊണ്ട് ക്ലാസ്സിക്കുകള്‍ വായിക്കണം' എന്നതിന് ഇറ്റാലോ കാല്‍വിനോ അക്കമിട്ട് ഉത്തരം പറയുന്നുണ്ട്. ഓരോ വായനയും പുതിയ അന്വേഷണവും സഞ്ചാരവുമായി അനുഭവപ്പെടുന്നത് ക്ലാസ്സിക്കുകള്‍ വായിക്കുമ്പോഴാണ്. അത്തരം പുസ്തകങ്ങള്‍ ഒരിക്കലും അതിലെ ആശയങ്ങള്‍ പറഞ്ഞുതീരുന്നില്ല. വരാന്‍ പോകുന്ന തലമുറകള്‍ക്കും അവയില്‍നിന്ന് വെളിച്ചം സ്വീകരിക്കാം. നിത്യനൂതനത്വമാണ് അവയുടെ പ്രത്യേകത. ക്ലാസ്സിക്കുകള്‍ നമ്മെ എപ്പോഴും നൂതനമായ ദര്‍ശനങ്ങളിലേക്ക് ആനയിച്ചുകൊണ്ടിരിക്കും. ""Reading is like thinking, like praying, like talking to a friend, like expressing your ideas, like listening to other people’s ideas'' എന്ന റോബര്‍ട്ടോ ബൊലാനോയുടെ ദര്‍ശനം കാല്‍വിനോയുടെ ആശയത്തിന്‍റെ തുടര്‍ച്ചയാണ്. വായന സമഗ്രാനുഭവമായി മാറുന്നതിന്‍റെ ചിത്രമാണിവിടെ വെളിപ്പെടുന്നുത്.


'മഹത്തായ പുസ്തകങ്ങള്‍ വായിക്കുന്നതിനുള്ള 10 വഴികള്‍' എന്ന ലേഖനത്തില്‍ ജാമി, ജീവിതത്തെ മെച്ചപ്പെടുത്താനുള്ള ഉത്തമമാര്‍ഗ്ഗമായി വായനയെ കാണുന്നു. നമ്മുടെ വിശ്വാസത്തിന്‍റെയും ചിന്തകളുടെയും രൂപം മനസ്സിലാക്കാന്‍ വായന സഹായിക്കുന്നു. നമ്മെ നമ്മുടെ പരിമിതികളില്‍നിന്ന് അത് രക്ഷപ്പെടുത്തുന്നു. പഴയകാല തെറ്റുകളില്‍നിന്ന് പലതും പഠിക്കാന്‍ സഹായിക്കുന്നു. എല്ലാറ്റിനെയും കൂട്ടിയിണക്കാനുള്ള നിങ്ങളുടെ കഴിവ് വര്‍ധിപ്പിക്കുന്നു. യഥാര്‍ത്ഥ മനുഷ്യനാകാന്‍ കരുത്തു പകരുന്നു. ജീവിതത്തിന്‍റെ ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരം കണ്ടെത്താന്‍ കഴിയുന്നു. അന്വേഷണാത്മകമായ ചൈതന്യം വളരുന്നു. മഹത്തായ ഒരു സംഭാഷണത്തില്‍ പങ്കാളിയാകുന്നു. ഇതെല്ലാമാണ് അദ്ദേഹത്തിന്‍റെ പ്രധാനചിന്തകള്‍. "The great books in history. By reading them, your own mind can expand and your thoughts reach a higher plane'' എന്ന അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട് ശ്രദ്ധേയമാണ്.


"ഞാന്‍ പുസ്തകങ്ങള്‍ ഉപയോഗിച്ച് ലോകം ചുറ്റിക്കണ്ടു" എന്നാണ് അന്നാ ക്വിന്‍ഡ്ലിന്‍ പറയുന്നത്. മൊണ്ടെയ്ന്‍ എന്ന ചിന്തകന്‍റെ ഈ വാക്കുകള്‍ അവരെ ഏറെ പ്രചോദിപ്പിച്ചിട്ടുണ്ട്: "When I am reading a book, whether wise or silly, if seems to me to be aline and talking to me.'' ജൈവമായ ഒരു ചൈതന്യമാണ് അവര്‍ ഗ്രന്ഥങ്ങളില്‍ കാണുന്നത്. എല്ലാ നിരാശകളില്‍നിന്നും തന്നെ രക്ഷിച്ചത് വായനയാണെന്ന് അന്നാ ക്വിന്‍ഡ്ലിന്‍ പ്രസ്താവിക്കുന്നു. തന്നെ മാറ്റി മറിച്ച ഏറ്റവും വലിയ ശക്തിയും വായനതന്നെയെന്ന് അവര്‍ കരുതുന്നു,


ത്സ്യൂറായുറി എന്ന ജാപ്പനീസ് വിമര്‍ശകന്‍ കവിതയെക്കുറിച്ച് പറയുന്ന ഈ വാക്കുകള്‍ സാഹിത്യത്തെക്കുറിച്ചും വായനയെക്കുറിച്ചും ചില ഉള്‍ക്കാഴ്ചകള്‍ നമുക്കു നല്‍കുന്നു: "മനുഷ്യഹൃദയത്തില്‍ വിത്തുകള്‍ പാകാന്‍ കവിതയ്ക്കു കഴിയും. മനുഷ്യന്‍റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാണ്. അവന്‍ (അവര്‍) കാണുന്നതും കേള്‍ക്കുന്നതുമെല്ലാം ഹൃദയസ്പൃക്കായതിനാല്‍ അവയെല്ലാം ആവിഷ്കരിക്കപ്പെടുന്നത് കവിതയിലാണ്. പൂക്കള്‍ക്കിടയിലിരുന്നു പാടുന്ന രാക്കുയിലിന്‍റെയും വെള്ളത്തില്‍ തുടിച്ചു കരയുന്ന തവളയുടെയും ജീവിതം സൂചിപ്പിക്കുന്നത് ചേതനയുള്ള ഓരോ ജീവിക്കും സ്വത്വപരമായ ഈണം ആവശ്യമുണ്ടെന്നാണ്. വലിയ യത്നമൊന്നുമില്ലാതെ, ഭൂമിയെയും സ്വര്‍ഗ്ഗത്തെയും ചലനാത്മകമാക്കാനും ദൈവത്തെ സ്പര്‍ശിക്കാനും കവിതയ്ക്കു കഴിയും. അത് പൗരുഷത്തെയും സ്ത്രൈണതയെയും ധനാത്മകാര്‍ത്ഥത്തില്‍ പരിണമിപ്പിക്കുന്നു. ചകിതനായ ഒരു ഭടന്‍റെ ആത്മാവിന് ഈണം സമ്മാനിക്കുന്നു, ഭൂമിയെയും സ്വര്‍ഗ്ഗത്തെയും ചലനാത്മകമാക്കുന്ന, ദൈവത്തെ സ്പര്‍ശിക്കുന്ന, പൗരുഷത്തെയും സ്ത്രൈണതയെയും പരിണമിപ്പിക്കുന്ന, ആത്മാവിനെ പ്രചോദനത്താല്‍ തീവ്രമാക്കുന്ന അനുഭവമാണ് വായന എന്ന് നാം തിരിച്ചറിയുന്നു.

Featured Posts

bottom of page