top of page

പുറമ്പോക്കു പാടുന്നവരുടെ ആത്മഗതങ്ങള്‍

Dec 10, 2018

4 min read

ഡോ. റോയി തോമസ്
story books

വീണ്ടും ആനന്ദ്

ആനന്ദിന്‍റെ കൃതികള്‍ നമ്മെ എപ്പോഴും പുതിയ ചോദ്യങ്ങളിലേക്കും അന്വേഷണങ്ങളിലേക്കും നയിക്കും. സാഹിത്യരൂപമെന്തെന്ന ചോദ്യം ആനന്ദിന്‍റെ കാര്യത്തില്‍ പ്രസക്തമല്ല. മനുഷ്യജീവിതത്തിന്‍റെ ചില പ്രത്യേക മുഖങ്ങളാണ് അദ്ദേഹം പ്രത്യക്ഷമാക്കുന്നത്. ആനന്ദിന്‍റെ 'ഇരിപ്പ് നില്‍പ് എഴുന്നേല്പ്' എന്ന കഥാപുസ്തകം ഇരിപ്പിന്‍റെയും നില്‍പ്പിന്‍റെയും എഴുന്നേല്പിന്‍റെയും അനന്തസാധ്യതകള്‍ അന്വേഷിക്കുകയാണ്. ജീവിതമെന്ന കാത്തിരിപ്പും പ്രതീക്ഷയും ഇടകലരുമ്പോള്‍ അഭയാര്‍ത്ഥികളായി മാറുന്ന ജനസമൂഹത്തിന്‍റെ തീക്ഷ്ണതയാര്‍ന്ന സഹനങ്ങള്‍ കടന്നുവരുന്നു. "കൃത്യമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുന്നവരുടെ സംഖ്യ, തുടര്‍ച്ചയായി പുതുക്കപ്പെടുന്നതുകൊണ്ട്, വര്‍ദ്ധിക്കുമായിരിക്കില്ല. ഇവരുടെയാകട്ടെ, അങ്ങനെയൊരവസരമില്ലാത്തതുകൊണ്ടു പെരുകുവാനാണ് സാധ്യത" എന്ന് 'കാത്തിരിപ്പ്' എന്ന കഥയില്‍ ആനന്ദ് എഴുതുന്നു.

സാധാരണ മനുഷ്യന്‍റെ കാത്തിരിപ്പിന് ഒരിക്കലും അന്ത്യമില്ല. മതവും രാഷ്ട്രീയവും സംസ്കാരവുമൊന്നും ഒടുങ്ങാത്ത കാത്തിരിപ്പിന്‍റെ യാതനകള്‍ തിരിച്ചറിയുന്നില്ല. 'മതം മനുഷ്യന്‍റെ യാതനയെ ഇല്ലാതാക്കുന്നില്ല, അതിനെ സഹിക്കുവാന്‍ ശീലിപ്പിക്കുന്നതേയുള്ളൂ' എന്നതാണ് സത്യമെന്ന് ആനന്ദ് തിരിച്ചറിയുന്നു. കാത്തിരിപ്പിന്‍റെ വേഗം എല്ലാവര്‍ക്കും ഒരുപോലെയാണ്. 'കാത്തിരിപ്പ് ഓരോരുത്തര്‍ക്കും ഓരോ വിധത്തിലാണ്' എന്നറിയുമ്പോള്‍ ഒരു ഉമ്മറപ്പടി അസ്തിത്വമാണെന്ന് നാം തിരിച്ചറിയുന്നു.

എല്ലാം മാറിക്കൊണ്ടിരിക്കുമ്പോള്‍ നാം നില്‍ക്കുന്നത് ഇളകുന്ന തറയിലാണ്. "പരിവര്‍ത്തനത്തിന്‍റെ ഇളകുന്ന തറയില്‍ ചവിട്ടിനിന്നുകൊണ്ട് സത്യത്തെ അന്വേഷിക്കുന്നത് വ്യര്‍ത്ഥമാണ് മനുഷ്യാ" എന്നു പറയുമ്പോള്‍ വളര്‍ച്ചയും പരിവര്‍ത്തനവുമാണ് ജീവിതമെന്ന് നാമറിയുന്നു. 

"ലക്ഷ്യം അനിശ്ചിതമാകുമ്പോള്‍ ദൂരവും വേഗവും അപ്രസക്തമാകുന്നു. കാത്തിരിപ്പുമാത്രം അവശേഷിക്കുന്നു." ഇതാണ് വലിയ ഒരു സമൂഹ ത്തിന്‍റെ വിധിയും ജീവിതവും. കാത്തിരിപ്പിന്‍റെ രാഷ്ട്രീയമാണ് ഈ കഥ ആവിഷ്കരിക്കുന്നത്. അരികുവത്കരിക്കപ്പെട്ടവരുടെ കാത്തിരിപ്പിന് ചരിത്രപരമായ വലിയ അര്‍ത്ഥമുണ്ട്. ഗോവര്‍ധനന്മാരുടെ കാത്തിരിപ്പ് അവരുടെ ജീവിതം തന്നെയായി മാറുന്നു. അധികാരത്തിന്‍റെ തേര്‍വാഴ്ചയില്‍ ഞെരിഞ്ഞമരുമ്പോള്‍ 'ഇരിപ്പ്' തുടരുകയാണ്.

എല്ലാവരും യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നില്ല. നിലനില്‍ക്കുന്നതേയുള്ളൂ. ജീവിതമെന്നത് സവിശേഷഗുണങ്ങളുള്ള, സ്വാതന്ത്ര്യമുള്ള ഒന്നാണ്. ഒരാള്‍ ്നിലനില്‍ക്കുന്നുവെന്നതുകൊണ്ട് ജീവിക്കുന്നു എന്നര്‍ത്ഥമില്ല. ഓരോരുത്തരുടെയും ജീവിതത്തില്‍ ഓരോ തരത്തിലുള്ള വിടവുകളാണ് എന്നതാണ് വസ്തുത. 'നമ്മളെല്ലാം ഓരോവിധത്തില്‍ നഷ്ടപ്പെട്ട സമയത്തിന്‍റെ കാവല്‍ക്കാരാണ്' എന്ന് ആനന്ദ് കുറിക്കുന്നു. സമയത്തിന് പിന്നിലേക്ക് ചലിക്കാന്‍ കഴിയില്ല. "വെറും ഒരു ഇഴജന്തുവായി പിറന്നു വീഴുന്ന മനുഷ്യശിശുവിന്‍റെ, എഴുന്നേറ്റുനില്പ് യഥാര്‍ത്ഥവും ശാസ്ത്രീയവുമായ ഒരു പ്രതിഭാസമാണ്" എന്ന നിരീക്ഷണം ശ്രദ്ധേയമാണ്. "ശാരീരികമായ എഴുന്നേറ്റുനില്പു പോലെ ഒന്നുണ്ട്, മാനസികമായ എഴുന്നേറ്റുനില്പ് അഥവാ നിലപാടുകള്‍ എടുക്കല്‍" എന്ന ദര്‍ശനം ഏറെ പ്രധാനമാണ്. മാനസികമായി ഉയര്‍ന്നുനില്ക്കാനും നിലപാടുകള്‍ എടുക്കാനും സാധിക്കുമ്പോഴാണ് ജീവിതം സാര്‍ത്ഥകമാകുന്നത്.  അനീതിക്കെതിരെ എഴുന്നേറ്റുനില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ ജീവിതത്തിനര്‍ത്ഥമെന്ത് എന്ന് ആനന്ദ് ചോദിക്കുന്നു. ജൈവശാസ്ത്രപരമായും മാനസികമായും എഴുന്നേറ്റുനില്‍ക്കുന്ന മനുഷ്യരെയാണ് ഈ എഴുത്തുകാരന്‍ അന്വേഷിക്കുന്നത്. മതത്തിന്‍റെ, രാഷ്ട്രീയത്തിന്‍റെ അടിമകളായവര്‍ക്ക് മാനസികമായി എഴുന്നേറ്റുനില്‍ക്കാനാവില്ല. ഇത്തരം അടിമകളെയാണ് നാം ചുറ്റും കാണുന്നത്. 

എഴുന്നേറ്റ് നില്‍ക്കാനാഗ്രഹിക്കുന്ന അനേകായിരങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. എന്നാല്‍ അതിന് സാധിക്കുന്നില്ല. മുഖ്യധാരയില്‍നിന്ന് ആട്ടിയകറ്റപ്പെട്ടവര്‍ എവിടെയൊക്കെയോ അടിഞ്ഞുകൂടുന്നു. അവര്‍ കൂനുപിടിച്ചവരാണ്.'മനുഷ്യരെന്തിനാണ് ഒരു കാരണവുമില്ലാതെ ഇത്രയും ക്രൂരത കാണിക്കുന്നത്?'  എന്ന ചോദ്യം അത്യന്തം പ്രസക്തമാകുന്നു. 'മുളച്ചുപൊങ്ങി വലുതായി കരിഞ്ഞും ചീഞ്ഞും പോകുന്ന സസ്യങ്ങള്‍ക്ക് ഓരോയിടത്ത് ഓരോ പേരാണ്. കഥ ഒന്നുതന്നെ' എന്ന് നാമറിയുന്നു. കുതന്ത്രങ്ങള്‍ ചരിത്രത്തെയും സമകാലീനസമൂഹത്തെത്തന്നെയും ഒന്നുപോലെ ആവേശിക്കുകയും വലയ്ക്കുകയും ചെയ്യുന്നത് ആനന്ദ് കാണുന്നു. 

ആനന്ദിന്‍റെ എഴുത്തില്‍ എപ്പോഴും ചരിത്രവും രാഷ്ട്രീയവും സംസ്കാരവും മതവുമെല്ലാം വിശകലനവിധേയമാകുന്നു. അസാധാരണമായ ഉള്‍ക്കാഴ്ചകള്‍ നിറഞ്ഞ കഥകളാണ് 'ഇരിപ്പ് നില്‍പ്പ് എഴുന്നേല്പ്' എന്ന പുസ്തകത്തില്‍ നാം വായിക്കുന്നത്. വര്‍ത്തമാനകാലവും ഭൂതകാലവും ഭാവിയും അന്വേഷണത്തില്‍ കടന്നുവരുന്നു. സമകാലികഭാരതത്തില്‍ ഈ കഥകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ചിന്തയും അന്വേഷണങ്ങളും മാറ്റവും പ്രധാനമെന്ന് ആനന്ദ് വിശ്വസിക്കുന്നു. (ഇരിപ്പ് നില്‍പ്പ് എഴുന്നേല്‍പ് - ആനന്ദ് - ഡി. സി. ബുക്സ്)

 

പുറമ്പോക്ക് പാടല്‍

വളരെ വ്യത്യസ്തനായ സംഗീതജ്ഞനാണ് ടി. എം. കൃഷ്ണ. അടുത്തകാലത്ത് ദില്ലിയില്‍ അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയത് നാം കണ്ടു. സംഘശക്തികള്‍ ആരെയെങ്കിലും എതിര്‍ക്കുന്നുവെങ്കില്‍ അതിനര്‍ഥം അവര്‍ സത്യം പറയുന്നുവെന്നാണ്. ടി. എം. കൃഷ്ണ സത്യം ഉച്ചത്തില്‍ വിളിച്ചു പറയുന്നു. തമോഗര്‍ത്തത്തിലേക്ക് നമ്മുടെ നാടിനെ  വലിച്ചുതാഴ്ത്താന്‍ ശ്രമിക്കുന്നു. ദുഷ്ടശക്തികള്‍ക്കെതിരെ കൃഷ്ണ നിശിതമായി പ്രതികരിക്കുന്നു. 'പുറമ്പോക്ക് പാടല്‍' എന്ന ഗ്രന്ഥം ടി. എം. കൃഷ്ണയുടെ നിലപാടുകളുടെ പുസ്തകമാണ്. സമകാലികഭാരതത്തില്‍ ഇത്തരം ധീഷണാശാലികള്‍ക്ക് വലിയ പ്രസക്തിയാണുള്ളത്. സംഗീതം, ചരിത്രം, രാഷ്ട്രീയം, മതം എന്നിങ്ങനെ കൃഷ്ണ സ്പര്‍ശിക്കാത്ത ഒരു വിഷയവുമില്ല. നിഷ്പക്ഷത കുറ്റകരമാണ് എന്ന് ഈ പ്രതിഭാശാലി വിശ്വസിക്കുന്നു.

വരേണ്യവര്‍ഗത്തിന്‍റെ കൂടെയല്ല ടി. എം. കൃഷ്ണ നില്‍ക്കുന്നത്. തന്‍റെ തന്നെ അനുശീലനങ്ങളില്‍നിന്നും വ്യവസ്ഥപ്പെടലില്‍ നിന്നുമാണ് ഈ പ്രതികരണം ഉരുത്തിരിയുന്നത് എന്നാണ് കൃഷ്ണ പറയുന്നത്. "വസ്തുവിനോട്, അതിന്‍റെ പരിസ്ഥിതിയോട്, ഉദ്ദേശ്യത്തോട് ഏറ്റവും നിര്‍ണായകമായി ആ ഇടത്തില്‍ പാര്‍ക്കുന്ന മനുഷ്യരോട് പ്രതിബദ്ധതയുണ്ടായിരിക്കണം സംവേദനക്ഷമതയുള്ള നിരീക്ഷകന്" എന്ന് ഗ്രന്ഥകാരന്‍ ഉറച്ചുവിശ്വസിക്കുന്നു. വിധിപ്രസ്താവങ്ങള്‍ കുറയ്ക്കാനും കൂടുതല്‍ ആത്മവിചാരം നടത്താനുമാണ് കൃഷ്ണ ശ്രമിക്കുന്നത്. 

'പുറമ്പോക്ക് പാടല്‍' സംഗീതത്തെ സാധാരണക്കാര്‍ക്കിടയിലേക്ക് ഇറക്കിക്കൊണ്ടുവരുന്ന പ്രവര്‍ത്തനമാണ്. കലയ്ക്ക് സാംസ്കാരികമായും സാമൂഹികമായും എന്തെങ്കിലും സാധിക്കണമെങ്കില്‍ അതിനെ തുല്യവും അന്യോന്യം പ്രചോദിപ്പിക്കുന്നതുമായ കലാപരമായ സംഭാഷണമായി പുനര്‍രൂപകല്പന നടത്തണം. കലാകാരന്മാരും അവരുടെ വിശാലമായ സര്‍ഗാത്മകതയുടെ ആന്തരികദേശങ്ങളുമാണ് ഇതു ചെയ്യേണ്ടത്" എന്നതാണ് ടി. എം. കൃഷ്ണയുടെ ദര്‍ശനം. 'മാനുഷിക ഇടപെടലിന് പുതിയൊരു പദകോശം രൂപപ്പെടുത്തുന്ന വ്യത്യസ്തമായ പഥങ്ങള്‍ അടയാളപ്പെടുത്തുന്ന ശ്രമങ്ങള്‍' നടത്തേണ്ടതുണ്ട് എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഒരു വ്യക്തിയായിരിക്കുകയും കൂട്ടായ്മയുടെ ഭാഗമാകുകയും ചെയ്യുന്നതിന്‍റെ വൈകാരികതയെ എല്ലാ മനുഷ്യരും നേരിടേണ്ടതുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. 

നമ്മുടെ നാട് പുതിയൊരു വരേണ്യവത്ക്കരണത്തിന്‍റെ പാതയില്‍ സഞ്ചരിക്കുന്നതായി ടി. എം. കൃഷ്ണ വിലയിരുത്തുന്നു. 'ഭക്ഷ്യശ്യംഖലയുടെ മുകള്‍ത്തട്ടിലുള്ളവര്‍' ആധിപത്യത്തിന് ശ്രമിക്കുന്നു. അപ്പോള്‍ പഴയ അനാചാരങ്ങള്‍, തീണ്ടലും തൊടീലും തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. "നിയന്ത്രണം, അധികാരം, ശ്രേണീബദ്ധത, വിദ്യാഭ്യാസം, അറിവ്, വിശുദ്ധി, പാവനത്വം ഇവയെ സംബന്ധിക്കുന്നതാണ് ബ്രാഹ്മണ്യം. പരികല്പനാപരമായി ഈ ആശയം നമ്മുടെ സാമൂഹിക വാസ്തുഘടനയില്‍ വ്യാപിച്ചിരിക്കുന്നു' എന്ന് ടി. എം. കൃഷ്ണ നിരീക്ഷിക്കുന്നു. 'ഘര്‍വാപസി' പോലുള്ള തിരിച്ചുപോക്കുകളെ അദ്ദേഹം കര്‍ശനമായി വിമര്‍ശിക്കുന്നു; വരേണ്യതയുടെ പ്രത്യയശസ്ത്രത്തെ തുറന്നുകാണിക്കുകയും ചെയ്യുന്നു. "നമ്മുടെ 'ഘര്‍' മതവിശ്വാസങ്ങളുടെ അടിസ്ഥാനത്തിലുള്ളതല്ല. നാനാവിധത്തില്‍പ്പെട്ട ചിന്തകളുടെയും തത്ത്വചിന്തകളുടെയും  വീടാണത്" എന്ന് കൃഷ്ണ തിരിച്ചറിയുന്നു. കാതലായ തത്ത്വങ്ങളായ തുല്യതയും ന്യാ...... സ്വാതന്ത്ര്യമെന്ന ആശയത്തെ നയിക്കേണ്ടത് എന്ന് അദ്ദേഹം വിശ്വസിക്കുന്നു.

"തെറ്റുകള്‍ തെററുകളാണ്. സംവേദനക്ഷമതയുള്ള മനുഷ്യരായി വേണം അവരോട് പ്രതികരിക്കാന്‍" എന്നാണ് കൃഷ്ണ പറയുന്നത്. വിശ്വാസത്തിനകത്തെ ബഹുസ്വരതകള്‍ക്കു കാതുകൊടുക്കുകയും മാനിക്കുകയും വേണം. 'വര്‍ണത്തിന്‍റെയും ജാതിയുടെയും മതത്തിന്‍റെയും ലിംഗത്തിന്‍റെയും അടിസ്ഥാനത്തില്‍ നാം എല്ലാ ദിവസവും വിവേചനം കാട്ടുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നു' എന്ന് കൃഷ്ണ വിലയിരുത്തുന്നു. ദേശീയതയെന്നത് പരിചിതമായ ഉദ്ദേശ്യങ്ങളുള്ള, ഏറെ വലിയ അടച്ചുകെട്ടിയ മറ്റൊരു സംഘം മാത്രമാണെന്ന് എന്ന് അദ്ദേഹം എടുത്തുപറയുന്നു. മതപരവും രാഷ്ട്രീയവുമായ വരട്ടുവാദങ്ങള്‍ക്കപ്പുറത്ത് നമുക്ക് പുതുമയാര്‍ന്നൊരു തത്ത്വചിന്ത വേണം. ബഹുമാനത്തിന്‍റെ പാവും ആത്മപരിശോധനയുടെ ഊടുമുപയോഗിച്ച് നമ്മുടെ മഹത്തായ  തറികളില്‍ സുന്ദരമായ പുതിയ നെയ്ത്തുനടക്കാനുള്ള കൊതിയാണിത്" എന്ന് ടി. എം. കൃഷ്ണ തന്‍റെ ആഗ്രഹം പ്രകടിപ്പിക്കുന്നു. ഇതാണ് നമ്മുടെ നാടിനു വേണ്ടതെന്ന് നാം മനസ്സിലാക്കുന്നു. മതേരതത്വത്തിന്‍റെയും ബഹുസ്വരതയുടെയും സമത്വത്തിന്‍റെയും പക്ഷത്താണ് അദ്ദേഹം നിലയുറപ്പിച്ചിരിക്കുന്നത്. 

കീഴാളപക്ഷത്താണ് ടി. എം. കൃഷ്ണ നിലകൊള്ളുന്നത്. "ദലിതരും മറ്റ് കീഴാളജാതികളില്‍പ്പെട്ടവരും ഏറ്റവും മലിനവും അപകടകരവുമായ മാലിന്യത്തിനു നടുവിലാണ് കഴിയുന്നതെന്നും അത് അവരല്ല മറ്റുള്ളവരാണ് ഉണ്ടാക്കിയതെന്നും നമ്മള്‍ തിരിച്ചറിയുന്നില്ലെങ്കില്‍ നമ്മള്‍ ശരിക്കും മനുഷ്യത്വമില്ലാത്തവരാണ്" എന്ന് അദ്ദേഹം വിളിച്ചുപറയുന്നു. ടി. എം. കൃഷ്ണയുടെ രാഷ്ട്രീയ നിലപാട് കൃത്യമാണ്. ഇന്നത്തെ ഭാരതത്തില്‍ അദ്ദേഹത്തെപ്പോലുള്ളവരുടെ അന്വേഷണങ്ങള്‍ സുപ്രധാനമാണ്. (പുറമ്പോക്ക് പാടല്‍, ടി. എം. കൃഷ്ണ, ഡി. സി. ബുക്സ്)

 

ആത്മഗതങ്ങള്‍

സച്ചിദാനന്ദന്‍റെ പ്രഭാഷണങ്ങളുടെ സമാഹാരമാണ് 'ആത്മഗതങ്ങള്‍.' സാഹിത്യം, സംസ്കാരം, രാഷ്ട്രീയം എന്നിങ്ങനെ എല്ലാ വിഷയങ്ങളെക്കുറിച്ചും സച്ചിദാനന്ദന്‍ സംസാരിക്കുന്നു. സമകാലിക  ഭാരതം നേരിടുന്ന കാതലായ പ്രശ്നങ്ങളെക്കുറിച്ച് ശക്തമായി പറയാനും അദ്ദേഹം ശ്രമിക്കുന്നു. പ്രതിരോധത്തിന്‍റെ വാക്കുകളാണ് സച്ചിദാനന്ദന്‍ ഉച്ചരിക്കുന്നത്. മൗനത്തിന്‍റെ, വഴങ്ങിക്കൊടുക്കലിന്‍റെ സംസ്കാരത്തിനെതിരെയാണ് അദ്ദേഹം ശബ്ദിക്കുന്നത്. 

നവോത്ഥാനത്തിന് പ്രതിരോധമൂല്യമുണ്ട്. 'പ്രതിപാരമ്പര്യം എന്നാല്‍ പാരമ്പര്യത്തെ എതിര്‍ക്കല്‍ അല്ല, എതിര്‍ക്കലിന്‍റെ പാരമ്പര്യമാണ് എന്ന് സച്ചിദാനന്ദന്‍ പ്രസ്താവിക്കുന്നു. നമ്മുടെ ദാര്‍ശനിക-സാഹിത്യ പാരമ്പര്യം ഏകശിലാസംസ്കാരമല്ലെന്നും അതില്‍ തിരുമൂലര്‍ മുതല്‍ ഗാന്ധിവരെ വരുന്ന കലാപത്തിന്‍റെയും ചോദ്യംചെയ്യലിന്‍റെയും സമത്വത്തിന്‍റെയും വൈവിധ്യത്തിന്‍റെയും അംഗീകാരത്തിന്‍റെയും മതങ്ങളുടെ സാഹോദര്യത്തിന്‍റേതുമായ ഒരു വലിയ എതിര്‍ധാരയുണ്ടെന്നും നമ്മുടെ നവോത്ഥാനത്തിനു പിറകില്‍ ശൈവനായിരുന്ന നാരായണഗുരുവും ബുദ്ധവിശ്വാസിയായിരുന്ന സി. കൃഷ്ണനും യുക്തിവാദിയായിരുന്ന സഹോദരന്‍ അയപ്പനും ദളിത്നവോത്ഥാനം സ്വപ്നം കണ്ട അയ്യങ്കാളിയും ഉള്‍പ്പെട്ട ഒരു ധാരയുടെ പ്രചോദനം ഉണ്ടായിരുന്നു എന്ന നിരീക്ഷണം അത്യന്തം പ്രസക്തമാണ്. പ്രതിരോധത്തിന്‍റേതായ നൈതികതയാണ് നാം ഉയര്‍ത്തിപിടിക്കേണ്ടതെന്ന് സച്ചിദാനന്ദന്‍ കരുതുന്നു. 'വര്‍ഗീയത എന്നാല്‍ ആത്മീയത നഷ്ടപ്പെട്ട മതബോധം ആണ്' എന്ന് അദ്ദേഹം മനസ്സിലാക്കുന്നു.

മനുഷ്യര്‍ക്ക് നീതിബോധം ഉള്ളിടത്തോളം കാലം നീതിയുടെതായ ഒരു സൗന്ദര്യശാസ്ത്രവും ഉണ്ടാകുമെന്ന് സച്ചിദാനന്ദന്‍ വിശ്വസിക്കുന്നു. ഈ നീതിബോധമാണ് സമൂഹത്തെയും സാഹിത്യകാരന്മാരെയും പ്രചോദിപ്പിക്കേണ്ടത്. "മനസ്സിനെ സ്വതന്ത്രവും നിര്‍ഭയവുമാക്കുന്ന മനുഷ്യാവസ്ഥയുടെ മാറ്റങ്ങളെ കണ്ണുതുറന്നു കാണുന്ന, ഒരു വിഭാഗത്തെയും പ്രീണിപ്പിക്കാന്‍ ശ്രമിക്കാത്ത, സത്യത്തെ പിന്‍ചെല്ലുന്ന അഭിമാനിയും സ്വതന്ത്രനു(യു)മായ മനുഷ്യനെ സ്വപ്നം കാണുന്ന, സംസ്കാരവും വിജ്ഞാനവും ഉള്‍പ്പെട്ട എല്ലാ സമ്പത്തും ഒരു വിഭാഗത്തിന്‍റേതാകുന്നതിനുപകരം മനുഷ്യരുടേതു മുഴുവനുമാകുന്ന ഒരു വ്യവസ്ഥിതിയുടെ ഭാഗത്തുനിന്ന് ലോകനീതികളെ നിഷ്കരുണം വിമര്‍ശിക്കുന്ന, പ്രകൃതിസ്നേഹവും പ്രണയവും ഭാവനയും കുറ്റകരമായി കാണാത്ത, മനുഷ്യബന്ധങ്ങളെ ബന്ധനവിമുക്തമാക്കുന്ന സാഹിത്യമാണ് ഇന്ന് നമുക്കുണ്ടാകേണ്ടത്" എന്ന് സച്ചിദാനന്ദന്‍ എടുത്തുപറയുന്നു. 

"ഇന്നത്തെ ഇന്ത്യയില്‍ മതഫാസിസമാണ് ഏറ്റവും ശക്തമായി നമ്മുടെ ജീവിതങ്ങളെ സംഘര്‍ഷപൂര്‍ണമാക്കുന്നത്' എന്ന് സച്ചിദാനന്ദന്‍ കരുതുന്നു. ഉംബെര്‍ട്ടോ എക്കോ ഫാസിസത്തിന്‍റെ ലക്ഷണങ്ങള്‍ അക്കമിട്ടുനിരത്തുന്നത് സച്ചിദാനന്ദന്‍ ചൂണ്ടിക്കാണിക്കുന്നു. ആധുനികചിന്തയുടെ തിരസ്കാരം, അന്ധമായ പാരമ്പര്യാരാധന, പ്രവര്‍ത്തനത്തിനായുള്ള പ്രവര്‍ത്തനം, കപടപ്രചാരണം, ബുദ്ധിജീവിവിരോധം, അഭിപ്രായവ്യത്യാസങ്ങളോടുള്ള അസഹിഷ്ണുത, മേല്‍ക്കോയ്മ നഷ്ടപ്പെട്ട സാമൂഹ്യവിഭാഗങ്ങളെ, വിശേഷിച്ചും മധ്യവര്‍ഗങ്ങളെ, പ്രീണിപ്പിക്കുന്ന നയസമീപനം, അപരരെ സൃഷ്ടിച്ച് അവരെ എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരവാദികളായി കാണല്‍, വംശവിദ്വേഷം, ദുര്‍ബലരോടുള്ള പുച്ഛഭാവം, ഒപ്പം ആണത്തത്തെക്കുറിച്ചുള്ള വീമ്പുപറച്ചില്‍, ജനത ശക്തനുമുമ്പില്‍ കീഴടങ്ങുന്ന സ്ത്രീയെപ്പോലെയാണന്ന വിശ്വാസം, വിമതലൈംഗികതയോടുള്ള വിരോധവും പൊതുവായ സദാചാരനാട്യവും വീരസ്വര്‍ഗത്തിലുള്ള വിശ്വാസം, ജനങ്ങള്‍ തങ്ങളാണെന്ന മട്ടിലുള്ള സംസാരം, വാഗാടോപം, ചിന്തയുടെ സങ്കീര്‍ണതയോടുള്ള ഭയം, എല്ലാറ്റിനെയും കറുപ്പും വെളുപ്പും മാത്രമായി കാണുന്ന പ്രവണത, വിമര്‍ശകരെ നിശ്ശബ്ദരാക്കാനുള്ള ശ്രമം, അതിന്‍റെ ഫലമായ മാധ്യമനിയന്ത്രണം, ശത്രുവിന്‍റെ കരുത്ത് അധികമായി കാണല്‍ എന്നിവയാണ് ഇവയില്‍ പ്രധാനം. ഇന്ത്യനവസ്ഥയില്‍ ഈ ആശയങ്ങള്‍ക്ക് ഏറെ സാംഗത്യമുണ്ടെന്ന് സച്ചിദാനന്ദന്‍ പറയുന്നു.

സ്നേഹവും സമത്വവും ഭരിക്കുന്ന മാനവികലോകത്തെക്കുറിച്ചാണ് സച്ചിദാനന്ദന്‍ സ്വപ്നം കാണുന്നത്. "ലോകത്തിന്‍റെ മുഴുവന്‍ സൗഖ്യം സ്വപ്നം കാണുന്നതിനേക്കാള്‍ അതിനുവേണ്ടി ചിന്തിക്കുകയും എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനേക്കാള്‍ വലിയ ആത്മീയപ്രവര്‍ത്തനം ഇല്ലെന്നാണ് എന്‍റെ പക്ഷം. അവനവന്‍റെ സുഖത്തിനാചരിക്കുന്നത് അപരന്‍റെ ഗുണത്തിനാകണമെന്ന ഗുരുവചനം ഈ ആത്മീയതയുടെ കാതല്‍ ആവഹിക്കുന്നുണ്ട്" എന്നതാണ് സച്ചിദാനന്ദന്‍റെ ദര്‍ശനം. ഈ പ്രഭാഷണങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് നൈതികോര്‍ജമാണ്. 'അവനവനോടും പ്രകൃതിയോടും പ്രപഞ്ചത്തോടുമുള്ള ഒരു നിരന്തരസംഭാഷണമാണ് കവി നടത്തുന്നത്. അപ്രകാരമുള്ള സംഭാഷണങ്ങളാണ് 'ആത്മഗത'ങ്ങളില്‍ നിറയുന്നത്. ഇവിടെ നമ്മുടെ കാലത്തെ ജാഗ്രതയോടെ നിരീക്ഷിക്കുന്ന എഴുത്തുകാരനെയാണ് നാം കണ്ടുമുട്ടുന്നത്.

(ആത്മഗതങ്ങള്‍, സച്ചിദാനന്ദന്‍, ലിപി പബ്ലിക്കേഷന്‍സ്).


ഡോ. റോയി തോമസ്

0

0

Featured Posts

bottom of page