top of page

ആത്മാവ് നഷ്ടപ്പെട്ട ആത്മീയത

Sep 3, 2009

6 min read

A man kneeling before a crucifix

ഭാഗം ഒന്ന്

ആത്മീയത അടിമത്തമല്ല. എല്ലാ അടിമത്തങ്ങളില്‍നിന്നും മുക്തമായ അവസ്ഥയാണത്. ജീവിതത്തെ അതിന്‍റെ എല്ലാ നിറവോടുംകൂടി അനുഭവിക്കലാണത്. മനസ്സും ബുദ്ധിയും അതിന്‍റെ എല്ലാ അഹന്തകളില്‍ നിന്നും മുക്തമായി പരമ്പൊരുളിനു മുന്നില്‍ സ്വയം സമര്‍പ്പിക്കുമ്പോള്‍ വിടര്‍ന്നുവരുന്ന ഉണരലാണത്. അന്വേഷിച്ചന്വേഷിച്ചലയാതെ ജീവിച്ചു ജീവിച്ച് വീണു കിട്ടേണ്ട അനുഗൃഹീതമായ മഹനീയതയാണത്. എന്നാല്‍ ഇന്നത് മറ്റെന്തൊക്കെയോ ആയിത്തീര്‍ന്നിരിക്കുന്നു. ആത്മീയത അതിന്‍റെ സ്വത്വത്തില്‍ നിന്നും ഒത്തിരി ദൂരേക്ക് ഒഴുകിപ്പോയിരിക്കുന്നു. ജൈവികതയെല്ലാം ഒലിച്ചുപോയി ഉപയോഗശൂന്യമായ നിലം പോലെ അതു തരിശായി കിടക്കുകയാണ്. സൗമ്യവും ശാന്തവുമായി ഒഴുകിയെത്തി ഹൃദയത്തെ ധന്യമാക്കിയിരുന്ന ആ നദി വറ്റിവരളാന്‍ തുടങ്ങിയിരിക്കുന്നു. കണ്‍കോണിലെ നനവും സ്പര്‍ശത്തിലെ മൃദുത്വവും നഷ്ടമായിക്കൊണ്ടിരിക്കുന്നു. ആര്‍ദ്രമായ സാന്നിദ്ധ്യങ്ങള്‍ അപൂര്‍വ്വമായി വരുന്നു. നമുക്കിതെന്തുപറ്റി? എവിടേക്കാണ് നാം ഒഴുകുന്നത്?

മനുഷ്യന്‍റെ നടപ്പുശീലങ്ങളില്‍ നിന്നും ഒഴിഞ്ഞിരുന്ന് അറിയുകയും അനുഭവിക്കുകയും ചെയ്യേണ്ട ആത്മീയതയെ കച്ചവടച്ചരക്കാക്കി മാറ്റിയ ഒരു കാലത്തിലൂടെയാണ് നാം കടന്നുപോയത്. ഹൃദയസംവാദങ്ങളിലൂടെ രൂപപ്പെട്ടുവരേണ്ട ഉള്‍വെളിച്ചത്തിനു പകരം വിധേയത്വത്തിന്‍റെ ഇരുളറകളാണ് അതു നമ്മില്‍ രൂപപ്പെടുത്തിയത്. വിഭാഗീയതയുടെയും വൈരാഗ്യത്തിന്‍റെയും മാത്സര്യത്തിന്‍റെയും ഒരു ലോകമാണ് അതു നമുക്കു സംഭാവന ചെയ്തത്.

ഞങ്ങള്‍ ശരി, ബാക്കിയെല്ലാം തെറ്റ് എന്നുള്ള വികലമായ ചിന്തയുടെ പ്രസരണങ്ങളാണ് ഇന്നുള്ള എല്ലാ ആത്മീയ ദര്‍ശനങ്ങളുടെയും അടിസ്ഥാനം. അതൊരിക്കലും ഞങ്ങള്‍, നിങ്ങള്‍ എന്നതില്‍ നിന്നും ഉയര്‍ന്ന് നമ്മള്‍ എന്നു പറയാന്‍ തയ്യാറാവുന്നില്ല. ഇതു നമുക്ക് ഒരിക്കലും സമാധാനം നല്കില്ല.

വിശ്വാസാവിശ്വാസങ്ങളുടെ ഇരുട്ടറകളില്‍ ഉറച്ചുപോയ പഴയ മനസ്സുകള്‍ക്ക് ഇനിയും അതില്‍ നിന്നും പുറത്തുവരിക പ്രയാസമായിരിക്കും. എന്നാല്‍ പുതിയ കാലത്തിന്‍റെ പ്രതീക്ഷകളായ യൗവനങ്ങള്‍ ഏതു ദര്‍ശനങ്ങളും കാലദേശാനുസൃതമായി പുനര്‍നവീകരിക്കപ്പെടേണ്ടതാണെന്നറിഞ്ഞ് സ്വയം ഉണര്‍ന്നു ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. ആരെയും തോല്പിക്കാനോ ആരുടെയുംമേലെ വിജയം വരിക്കാനോ അല്ല. സ്വജീവിതത്തെ പഴയകാല മുന്‍വിധികളില്‍ നിന്നും സ്വതന്ത്രമാക്കിയെടുക്കേണ്ടത് അനിവാര്യമായ ഉത്തരവാദിത്തമാണ്.

എന്താണു നമുക്കു വേണ്ടത്? എല്ലാ തരത്തിലുമുള്ള നിറം പിടിപ്പിച്ച ഉത്തരങ്ങളില്‍ നിന്നും നിവര്‍ത്തിച്ച് സ്വയം ചോദിച്ചു നോക്കുക. സമാധാനം വേണം എന്നായിരിക്കും നമ്മുടെയെല്ലാം ഹൃദയം നല്കുന്ന മറുപടി. ആ സമാധാനത്തിനു വേണ്ടിയുള്ള വഴികളാണ് മനുഷ്യനുണ്ടായ കാലം മുതല്‍ അന്വേഷിച്ചുകൊണ്ടിരുന്നത്. ഓരോ കാലത്തും ഓരോ ദേശത്തും വന്നു പിറന്ന മഹാത്മാക്കള്‍ ആ കാലത്തിനും ദേശത്തിനും അനുയോജ്യമായ രീതിയില്‍ ജീവിതത്തെ രൂപപ്പെടുത്തേണ്ടതെങ്ങനെയെന്നു മൊഴിയുകയുണ്ടായി. അന്നവര്‍ക്കു നല്കാന്‍ കഴിഞ്ഞ ഏറ്റവും നവീനമായ ദര്‍ശനങ്ങളായിരുന്നു അതെല്ലാം. ബോധത്തെ അതിന്‍റെ എല്ലാ കാലുഷ്യങ്ങളില്‍ നിന്നും ശുദ്ധീകരിച്ചെടുക്കുന്നതിന് ചിന്തയും വാക്കും കര്‍മ്മവും ലോകഹിതത്തിനുതകുന്നതാവണം എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. എന്നാല്‍ എല്ലാ ദര്‍ശനങ്ങളും അതിന്‍റെ പിന്‍തുടര്‍ച്ചക്കാരാല്‍ മൂല്യച്യുതി സംഭവിച്ച് ഇരുളടഞ്ഞതായി മാറുകയാണുണ്ടായത്.

ഋഷിമാരുടെയും പ്രവാചകന്മാരുടെയും ശുദ്ധവും ലളിതവുമായ ജീവിതത്തിലൂടെ സംഭവിച്ച തെളിമയുള്ള ദര്‍ശനങ്ങള്‍ രാജാക്കന്മാരിലൂടെ പ്രചരിക്കാന്‍ തുടങ്ങിയതോടെ ആ ദര്‍ശനങ്ങള്‍ക്കെല്ലാം രാജകീയ സ്വഭാവം വന്നുചേര്‍ന്നു. ആത്മീയത രാജകീയതയായി. അതു സാധാരണ മനുഷ്യര്‍ക്ക് അന്യമായ ഇടങ്ങളായി. അവിടെ ചെന്നു നില്ക്കുമ്പോഴെല്ലാം സ്വയം അന്യവല്‍ക്കരിക്കപ്പെട്ടു പോകുന്നതായാണ് തോന്നുക. സ്വാതന്ത്ര്യത്തിന്‍റെ ശുദ്ധവായു അവിടെ ശ്വസിക്കാനാവില്ല. ഭീതിയും ഭയവും അതിശയോക്തിയും നിറഞ്ഞ കൃത്രിമമായ ഒരന്തരീക്ഷമാണ് പ്രാര്‍ത്ഥനാലയങ്ങള്‍ നമ്മില്‍ ജനിപ്പിക്കുന്നത്. സ്നേഹിക്കുക, സ്നേഹിക്കുക! എന്നുറക്കെ വിളിച്ചു പറയുന്നുണ്ടെങ്കിലും ഒരു സ്നേഹവും അവിടെ നമുക്കനുഭവപ്പെടുന്നില്ല. എല്ലാ വിഭാഗീയതകളില്‍ നിന്നും മുക്തരാവുകയെന്നു പ്രസംഗിക്കുന്നുണ്ടെങ്കിലും ഇല്ലാത്തവനെ അകറ്റി നിറുത്തി ഉള്ളവനെ മാറോടു ചേര്‍ക്കുന്ന അള്‍ത്താരകളേ കാണാനാവുന്നുള്ളൂ.

ഇന്നുള്ള ആത്മീയസ്ഥാപനങ്ങളെയും അതു ഭരിക്കുന്ന പുരോഹിതവര്‍ഗ്ഗങ്ങളെയും നോക്കുക. കൊട്ടാരങ്ങളെയും രാജാക്കന്മാരെയുമാണ് അതോര്‍മ്മിപ്പിക്കുന്നത്. അല്ലാതെ ദൈവസാന്നിദ്ധ്യത്തെയല്ല. അവിടെ ആത്മീയതയുടെ ബാലപാഠങ്ങള്‍ പോലും നമുക്കു കാണാനാവില്ല. അംബരചുംബികളായ കെട്ടിടങ്ങളും സ്വര്‍ണ്ണംപൂശിയ സിംഹാസനങ്ങളും ആഡംബര ജീവിതം നയിക്കുന്ന പുരോഹിതന്മാരും വെള്ളിപ്പാത്രങ്ങളും മാത്രമെ അവിടെയുള്ളൂ. ജീവിതത്തിന്‍റെ തെളിമയെ തൊട്ടുകാണിച്ചുതരുന്ന ആര്‍ദ്രഹൃദയങ്ങളെ അവിടെ കണ്ടെത്താന്‍ പ്രയാസമാണ്. ബുദ്ധനും മുഹമ്മദും ക്രിസ്തുവും മഹാവീരനും അക്കമഹാദേയും റാബിയയും എല്ലാം തൊട്ടുകാണിച്ചുതന്ന ദൈവത്തെയും ജീവിതത്തെയുമാണ് അന്വേഷിക്കുന്നതെങ്കില്‍ നാം ഇനി തിരിച്ചു നടക്കേണ്ടിയിരിക്കുന്നു. ആ മഹാത്മാക്കളുടെ കാല്‍ക്കല്‍ ചെന്നിരുന്ന് അറിയേണ്ടതെല്ലാം ചോദിച്ചു പഠിക്കേണ്ടിയിരിക്കുന്നു. അവിടെ നാം ആരെയും ഭയക്കേണ്ടതില്ല. ആര്‍ക്കും വിധേയരാവേണ്ടതില്ല. തലകുനിച്ചു നില്ക്കേണ്ട. അറിയുവാനുള്ള ദാഹവും അല്പം ക്ഷമയുംമാത്രം മതി. മറ്റാരേക്കാള്‍ സ്വാതന്ത്ര്യത്തോടെ നമുക്ക് ഇവരുമായി സംവദിക്കാം. കൊച്ചുവര്‍ത്തമാനം പറയാം. അകന്നുമാറി നില്ക്കേണ്ടതില്ല. അതുകൊണ്ടാണു പറഞ്ഞത് നമ്മുടെ പതിവ് ആത്മീയശീലങ്ങളില്‍ നിന്നും മനസ്സിനെ വിടര്‍ത്തിവേണം ഇവരുടെ അടുത്തേക്കു പോകാനെന്ന്.


ഭാഗം രണ്ട്

ക്രിസ്തുവിന്‍റെ അടുത്തേയ്ക്കു തന്നെയാവട്ടെ ആദ്യയാത്ര. തുറന്ന മനസ്സോടെ വിശ്വാസമോ അവിശ്വാസമോ ഒന്നുമില്ലാതെയാവട്ടെ നമ്മുടെ യാത്ര. അല്ലെങ്കില്‍ ഇവര്‍ പറയുന്നതൊന്നും ഉള്‍ക്കൊള്ളാനുള്ള ഇടമില്ലാതെ നമ്മുടെ അകം വിഷമിച്ചു പോകും. അതുകൊണ്ട് തല്ക്കാലം നമുക്ക് വെറും മനുഷ്യരാകാം. കാരണം മനുഷ്യര്‍ക്കേ ഇവര്‍ പറയുന്നതു മനസ്സിലാകൂ.

അതാ, അങ്ങകലെ ആ മലമുകളില്‍ ഒരാളിരിക്കുന്നു. സാധാരണക്കാരനെപ്പോലെ ഒരാള്‍. നമ്മെ ആകര്‍ഷിക്കുന്ന തരത്തിലുള്ള മിന്നുന്ന വേഷഭൂഷാദികളൊന്നുമില്ല. അദ്ദേഹം നമ്മെ കണ്ടെന്നു തോന്നുന്നു. ദൈവത്തെ അന്വേഷിച്ച് നാം ഇത്രനാള്‍ മലമുകളിലും കാടുകളിലും മരുഭൂമികളിലും പള്ളികളിലും അമ്പലങ്ങളിലും ഗുരുദ്വാരകളിലും ഗ്രന്ഥങ്ങളിലും എല്ലാം അലഞ്ഞു നടക്കുകയായിരുന്നല്ലോ. ആ ക്ഷീണം നമ്മുടെ ആത്മാവിനെ ബാധിച്ചിട്ടുള്ളത് അദ്ദേഹം അറിഞ്ഞിട്ടുണ്ടാവണം. ആ മുഖം കാരുണ്യം കൊണ്ട് നിറഞ്ഞു. ഹൃദയമലിയിക്കുന്ന വാത്സല്യം അദ്ദേഹത്തിനു ചുറ്റും പ്രസരിക്കുന്നുണ്ട്. അടുത്തേക്കു ചെല്ലുംതോറും ആ കാരുണ്യവലയത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നതുപോലെ.

ദാ, അദ്ദേഹം നമ്മെ അടുത്തേക്കു വിളിക്കുന്നു. ദൈവമേ, ഇതു പതിവില്ലാത്തതാണല്ലോ. സിംഹാസനങ്ങളിലും പ്രസംഗപീഠങ്ങളിലും ഉപദേശകരെ കണ്ടുമാത്രമെ പരിചയമുള്ളൂ. അവര്‍ ഒരിക്കലും നമ്മുടെ ഹൃദയത്തോടു ചേര്‍ന്നുനിന്ന് സംസാരിക്കാറില്ല. വേദശകലങ്ങള്‍ ഉരുവിട്ട് പ്രസംഗപാഠങ്ങള്‍ അത്യുച്ചത്തില്‍ വിളിച്ചു പറയാറേയുള്ളൂ. എന്നാല്‍ ഇവിടെയിതാ സൗമ്യമായ ഒരു സാന്നിദ്ധ്യം കരുണയോടെ നമ്മെ നോക്കുന്നു. അമ്മ കുഞ്ഞിനെയെന്നപോലെ അടുത്തേക്കു വിളിക്കുന്നു. നാം മടിച്ചുമടിച്ച് അകന്നു തന്നെ നിന്നു. ക്രിസ്തുവിന് ഒന്നും മനസ്സിലായില്ല. എന്തുപറ്റി? അദ്ദേഹം ചോദിച്ചു. ഇല്ല, ഞങ്ങള്‍ ഇവിടെ നിന്നോളാം. അതാണ് ഞങ്ങളുടെ ശീലം. ക്രിസ്തു ചിരിച്ചു. അറിയാം. കാലം എങ്ങനെയൊക്കെയാണ് എന്നെ രൂപാന്തരപ്പെടുത്തിയതെന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമാകുന്നു. ഹൃദയങ്ങളില്‍ നിന്നും ബുദ്ധിയിലേക്കും അവിടെനിന്ന് കച്ചവടത്തിലേക്കും എന്നെ വലിച്ചിഴച്ചു അല്ലേ? ആരാധനയേക്കാള്‍ ആരാധനാലയങ്ങളോടും കച്ചവടലാഭമുള്ള അനുബന്ധ സ്ഥാപനങ്ങളോടും താല്പര്യമേറി. സാരമില്ല. അറിയാനാഗ്രഹിക്കുന്നവര്‍ക്ക് എന്നും ഞാന്‍ സമീപസ്ഥനാണ്. പതിവുശീലങ്ങള്‍ വിട്ട് ഉണര്‍ന്നെഴുന്നേല്‍ക്കുകയേ വേണ്ടൂ. പറയൂ. എന്താണ് നിങ്ങള്‍ക്കു വേണ്ടത്?

ഞങ്ങള്‍ക്കതു വിശ്വസിക്കാനായില്ല. ആജ്ഞകളേ ഞങ്ങള്‍ കേട്ടിട്ടുള്ളൂ. അനുസരിക്കുകയെന്ന ആക്രോശങ്ങളേ ഞങ്ങളെ സ്വാഗതം ചെയ്തിട്ടുള്ളൂ. അല്ലാതെ ഞങ്ങളുടെ ഹൃദയസ്പന്ദനങ്ങളെ അടുത്തറിയാനും അതിനാശ്വാസം നല്കാനും ആരും തയ്യാറായിട്ടില്ല. എന്നാല്‍ ഇവിടെ ഇതാ ഒരു മനുഷ്യന്‍ അവനെപ്പോലെ തന്നെ ഞങ്ങളെയും മാനിക്കുന്നു. തുല്യതയോടെ സംസാരിക്കുന്നു.

എന്താണ് എല്ലാവരും മിണ്ടാതെ നില്ക്കുന്നത്? എന്താണ് ഞാന്‍ നിങ്ങള്‍ക്കു പകര്‍ന്നു തരേണ്ടത്? എന്നിലുള്ളതെന്തും ഞാന്‍ തരാന്‍ തയ്യാറാണ്.

ഞങ്ങളുടെ കണ്ണു നിറഞ്ഞുപോയി. ക്രിസ്തുവേ, അങ്ങയെ തേടിയാണ് ഞങ്ങള്‍ പള്ളിയിലേക്കു പോയത്. അവിടെനിന്ന് പലതും ഞങ്ങള്‍ക്കു കിട്ടി. അവിടെ 'പാപികള്‍, പാപികള്‍!' എന്നു ഞങ്ങള്‍ സ്വയം വിളിച്ചു വിലപിച്ചു. എങ്കിലും അതു ഞങ്ങളുടെ ഹൃദയഭാരത്തെ അല്പംപോലും കുറച്ചില്ല. അതുകൊണ്ടാണ് ഞങ്ങള്‍ അങ്ങയെ കാണാന്‍ നേരിട്ടുവന്നത്. പറയുക, എവിടെയാണ് ഞങ്ങള്‍ ദൈവത്തെ അന്വേഷിക്കേണ്ടത്?

കാരുണ്യപൂര്‍വ്വം യേശുക്രിസ്തു പറഞ്ഞു; "അവന്‍ ആ മലയിലുമല്ല. ഈ മലയിലുമല്ല. അവന്‍ വസിക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളിലാണ്" അത്രയും പറഞ്ഞ് അവന്‍ മൗനമായിരുന്നു. ഹൃദയത്തിലേക്ക് കാരുണ്യം നിറഞ്ഞ നനവ് കിനിഞ്ഞിറങ്ങുന്നത് ഞങ്ങള്‍ അറിഞ്ഞു. അവന്‍ ഞങ്ങളെ ഓരോരുത്തരെയും വാത്സല്യത്തോടെ മാറി മാറി നോക്കി. പിന്നെ എഴുന്നേറ്റ് നടന്നുപോയി. ഞങ്ങള്‍ കുറച്ചുനേരം കൂടി അവിടെ ചെലവഴിച്ച് വീടുകളിലേക്കു മടങ്ങി. ക്രിസ്തുവിന്‍റെ തിരുമൊഴി വിശ്വസിച്ച് ഞങ്ങള്‍ ഉള്ളിലേയ്ക്ക്, ഹൃദയത്തിലേക്ക് തിരിഞ്ഞു. അവിടെ കാമവും ക്രോധവും മോഹവും ലോഭവും നിറഞ്ഞ അഹന്തയുടെ അന്ധകാരമല്ലാതെ മറ്റൊന്നും അനുഭവിക്കാനായില്ല. അസ്വസ്ഥതയില്‍ നിന്നും അസ്വസ്ഥതയിലേക്കു ആണ്ടുപോകുന്നപോലെ. പിറ്റേന്നു രാവിലെ ഞങ്ങളില്‍ പലരും ആ മലമുകളിലെത്തി. അദ്ദേഹം അവിടെത്തന്നെ ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ അവനോടു ചോദിച്ചു: "അല്ലയോ ഗുരോ, ഞങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളിലേയ്ക്കു തിരിഞ്ഞപ്പോള്‍ അങ്ങു പറഞ്ഞതായ ദൈവത്തെ അവിടെയെങ്ങും കണ്ടില്ലല്ലോ? അവന്‍റെ സ്വരൂപമെന്തെന്നു ഞങ്ങളോടു പറയുക."

തന്‍റെ മുമ്പില്‍ വന്നു നില്ക്കുന്ന വിരഹാര്‍ത്തരായ ശിഷ്യരെ ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം നോക്കിയിരുന്നു. പിന്നെ സൗമ്യമായി അദ്ദേഹം മൊഴിഞ്ഞു.... "മക്കളേ, ദൈവം സ്നേഹമാകുന്നു." തുടര്‍ന്ന് അദ്ദേഹം പലതും പറഞ്ഞു. ഞങ്ങള്‍ വീടുകളിലേക്കു മടങ്ങി.

ദൈവത്തെ, സ്നേഹത്തെ, സാക്ഷാത്ക്കരിക്കാനായി ഞങ്ങള്‍ വീണ്ടും ഗ്രന്ഥങ്ങളിലേയ്ക്കു തിരിഞ്ഞു, ഗീത പഠിച്ചു. ബൈബിള്‍ മനഃപാഠമാക്കി. ഖുര്‍ആന്‍ നിത്യവും പാരായണം ചെയ്തുതുടങ്ങി. ഉപനിഷത്തുകള്‍ക്കു അനേകം വ്യാഖ്യാനങ്ങള്‍ എഴുതി. എന്നിട്ടും ദൈവസാന്നിദ്ധ്യം അനുഭവപ്പെട്ടില്ല. ഞങ്ങള്‍ വീണ്ടും ക്രിസ്തുവിന്‍റെ അടുത്തേക്കു ചെന്നു. അദ്ദേഹത്തിന്‍റെ കാല്‍ക്കല്‍ വിനയാന്വിതരായി മുട്ടുകുത്തി നിന്നുകൊണ്ട് ചോദിച്ചു: "കാരുണ്യവാനായ ഗുരുശ്രേഷ്ഠാ, ഞങ്ങളോടു പറയുക, ഞങ്ങളെങ്ങനെ ദൈവത്തെ സാക്ഷാത്ക്കരിക്കും?"

നിങ്ങള്‍ വീണ്ടും വന്നുവല്ലോ, നന്നായി. എന്‍റെ വാക്കുകള്‍ കേട്ട് പലരും അതു ലോകരോടു ഘോരഘോരം പ്രസംഗിക്കുവാന്‍ പോയി. സ്വജീവിതത്തില്‍ അതു സാക്ഷാത്ക്കരിക്കാന്‍ ആരും ശ്രമിച്ചില്ല. കേട്ടവരെല്ലാം അതു മറ്റുള്ളവരോടു പറഞ്ഞു. ആരും അതു സ്വയം പറഞ്ഞില്ല. അവനവനെ അറിയുക എന്നതിനേക്കാള്‍ മറ്റുള്ളവരെ അറിയിക്കുക എന്നതിലായിരുന്നു ഏവര്‍ക്കും താല്പര്യം. വിധേയപ്പെടുകയോ വിധേയപ്പെടുത്തുകയോ ചെയ്യുക എന്നതായിരുന്നു ജീവിതലക്ഷ്യം. ഒരുതരം സുഖാലസ്യം അതു നമുക്കു നല്കിയേക്കും. എന്നാല്‍ ദൈവഹൃദയത്തിലേക്ക് അതു ഒരിക്കലും നമ്മെ നയിക്കില്ല. അടുത്തു നിന്നിരുന്ന കുഞ്ഞുമക്കളെ മാറോടു ചേര്‍ത്തു പിടിച്ച് അദ്ദേഹം തുടര്‍ന്നു: 'സത്യമായിട്ടും ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനഃപരിവര്‍ത്തനം ചെയ്ത് ഈ ശിശുക്കളെപ്പോലെ നിഷ്കളങ്കരാകുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നതല്ല. ആ വിശുദ്ധിയിലായിരിക്കുമ്പോള്‍ മാത്രമെ നിങ്ങള്‍ക്ക് നിങ്ങളെപ്പോലെ നിങ്ങളുടെ അയല്‍ക്കാരനെ സ്നേഹിക്കാനാവൂ. അതുകൊണ്ട് ഗ്രന്ഥപാരായണത്തില്‍ മാത്രം ഉടക്കിക്കെടക്കാതെ ഇനിയെങ്കിലും ഹൃദയപാരായണം ആരംഭിക്കുക. അതു നിങ്ങളെ സമാധാനത്തിന്‍റെ വഴിയിലൂടെ കൊണ്ടുപോകാതിരിക്കില്ല.

വിപ്ലവകരമായ ജീവിതംകൊണ്ട് അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഉന്മൂലനം ചെയ്ത മഹാത്മാക്കളുടെ മാതൃകകള്‍ ഇതുപോലെ നമുക്കു മുമ്പില്‍ ഒരുപാടുണ്ട്. അവരെയാണ് നാം മാതൃകയാക്കേണ്ടത്. കുരിശില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവാണ് നമുക്ക് പ്രചോദനമാകേണ്ടത്. ബുദ്ധനെ കാണുക. എങ്ങനെയാണ് അദ്ദേഹം അന്ധവിശ്വാസജടിലമായ അടിമത്തങ്ങളില്‍ നിന്ന് നമ്മെ രക്ഷിച്ചതെന്ന് അറിയുക.

ആയിരം കോലാടുകളെയും ആയിരം ചെമ്മരിയാടുകളെയും യജ്ഞത്തിനായി ഒരുക്കിനിറുത്തിയിരുന്ന ബിംബസാരന്‍റെ കൊട്ടാരത്തില്‍ കാലു തളര്‍ന്നുപോയ ഒരു കുഞ്ഞാടിനെ ചുമലില്‍വച്ചു കൊണ്ടു ചെന്ന ഗൗതമന്‍ യജ്ഞത്തിനുവേണ്ടി ഒരു നല്ല മൃഗത്തെ കൊടുക്കാമെന്നു പറഞ്ഞു. അതിനെ സ്വീകരിച്ചു കൊണ്ട് നിരപരാധികളായ രണ്ടായിരം ആടുകളെ തിരികെ അയയ്ക്കണം.

"ആ മൃഗമേത്?"

പുരോഹിതന്‍റെ മുമ്പില്‍ തഥാഗതന്‍ തന്‍റെ കഴുത്തുനീട്ടി നിന്നുകൊടുത്തു. "ഒരാളുടെ പാപം വേറൊരാളുടെ മേലില്‍ ചുമത്താന്‍ കഴിയുമെങ്കില്‍ അത് അല്പമെങ്കിലും ഏറ്റു വാങ്ങാന്‍ കഴിയുക ബുദ്ധിയുള്ള ഒരു മനുഷ്യനാണ്. അല്ലാതെ പരിസരബോധമില്ലാത്ത മൃഗങ്ങള്‍ക്കല്ല." ബിംബസാര മഹാരാജാവ് ഞെട്ടിപ്പോയി. രാജാവിന്‍റെ പ്രതിജ്ഞയുണ്ടായി, "തന്‍റെ രാജ്യത്ത് ആരും മൃഗബലി ചെയ്യരുത്."

ഇവിടെ ചൂഷിതരായ മനുഷ്യനുവേണ്ടി മാത്രമല്ല നീതിനിഷ്ഠനായ സിദ്ധാര്‍ത്ഥന്‍ തന്‍റെ ജീവനെ ദാനം ചെയ്യാന്‍ ഒരുങ്ങിയത്. അന്ന് രാജാവിന്‍റെ യാഗശാലയില്‍ രക്ഷപ്പെട്ടത് ആയിരം കോലാടുകളും ആയിരം ചെമ്മരിയാടുകളും മാത്രമല്ല, രാജാവും രാജസദസ്സും പുരവാസികളുമെല്ലാം ആയിരമായിരം വര്‍ഷങ്ങളായി വിശ്വസിച്ചു പോന്നിരുന്ന തിന്മയില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നുമാണ്. അതിനുശേഷമാണ് തപസ്വിയായ സിദ്ധാര്‍ത്ഥന്‍ ഉരുവേലത്തേക്കു പോയത്. ഗംഗാതടത്തില്‍ നിന്നും സമാന്തരമായി രണ്ടു ചെറിയ ആറുകള്‍ തൊട്ടുതൊട്ടില്ല എന്ന രീതിയില്‍ പോകുന്നു. ഒന്നു നിലാജന്‍. മറ്റേതു മോഹന. ഫല്‍ഗുവില്‍ വച്ച് അവ സന്ധിക്കുന്നു. അവിടമാണ് ഉരുവേലം. അവിടെ ഒരു ചെറിയ ഗ്രാമമുണ്ട്. പുല്ലുമേഞ്ഞ കൊച്ചു കൊച്ചു കുടിലുകളുള്ള ഒരു ഗ്രാമം. ഗൗതമസിദ്ധാര്‍ത്ഥന്‍റെ അന്വേഷണം അവിടെ എത്തുമ്പോഴേക്കും വാക്കിനും ചിന്തയ്ക്കും അപ്പുറമായി. മദ്ധ്യാഹ്നസൂര്യന്‍റെ അസഹനീയമായ ഉഷ്ണവാതമേറ്റ് സിദ്ധാര്‍ത്ഥന്‍ നടുവഴിയില്‍ വീണുപോയി. അവിടെ നിശ്ചലമായി കിടന്നു.

പ്രാണന്‍ പോയിരിക്കുമോ? അതുവഴി വന്ന കുമാരനായ ഒരു ആട്ടിടയന്‍ ഇതു കണ്ടു. അവന്‍ ഒരു കാട്ടുമരത്തിന്‍റെ ചില്ലയൊടിച്ച് ആ സ്നേഹവാന്‍റെ മുഖകമലം മൂടിവച്ചു. ആ അവസ്ഥയിലും ആ മുഖത്തില്‍ കണ്ടിരുന്ന ദിവ്യമായ തേജസ്സ് അവനെക്കൊണ്ടു ചിന്തിപ്പിച്ചത് അവന്‍റെ ഹീനമായ ജാതിയെക്കുറിച്ചായിരുന്നു. "എന്‍റെ കൈകൊണ്ട് ഈ മഹാന്‍റെ ചുണ്ടില്‍ തൊടാന്‍ പാടുണ്ടോ? അതുവേണ്ട. ആടിന്‍റെ അകിടില്‍ നിന്നും ഞാന്‍ ഈ ദേവന് പാലിറ്റിച്ചു കൊടുക്കും."

അവന്‍ തന്‍റെ ആടിനെ സിദ്ധാര്‍ത്ഥന്‍ കിടന്നിടത്തു കൊണ്ടു വന്നു. അതിനെ പാകത്തില്‍ നിറുത്തി വായിലേക്കു പാലിറ്റിച്ചു. അപ്പോള്‍ കണ്ണുതുറന്നു നോക്കിയ ഗൗതമനോട് വിനയവാനായ ആ കുട്ടി പറഞ്ഞു: "മാപ്പാക്കണേ, ഞാന്‍ ശൂദ്രനാണ്."

സ്നേഹവാനായ ആ ബാലന്‍ കൊടുത്ത പാല്‍ സിദ്ധാര്‍ത്ഥനു മൃതസഞ്ജീവനിപോലെയായി. അദ്ദേഹം ഒരുവിധത്തില്‍ എഴുന്നേറ്റിരുന്നു. നിറഞ്ഞ പ്രേമത്തോടെ പറഞ്ഞു: "എന്‍റെ കുട്ടീ, അനുകമ്പ ഉണരുന്ന ഹൃദയത്തിനു ജാതിയില്ല. ഒരേ നിറത്തോടുകൂടി എല്ലാവരിലും ഒഴുകുന്ന ശോണിതമായ രക്തത്തിനു ജാതിയില്ല. സ്വച്ഛമായി സ്ഫടിക ബിന്ദുക്കള്‍പോലെ കവിളിലേക്ക് ഒഴുകിവരുന്ന കണ്ണുനീരിനു ജാതിയില്ല. ആരും ജനിച്ചു വരുമ്പോള്‍ നാമമിട്ടു വരുന്നില്ല. ഞാനിനി ഈ അമൃതം കുറച്ചുകൂടി കുടിച്ചു കൊള്ളട്ടെ." സ്നേഹം കൊണ്ടും കാരുണ്യം കൊണ്ടും മനുഷ്യഹൃദയങ്ങളെ ആര്‍ദ്രമാക്കിയ എത്രയെത്ര മഹത്തുക്കള്‍. ഇരുളടഞ്ഞ ബോധങ്ങളില്‍ വിവേകത്തിന്‍റെ ദീപം തെളിയിച്ച അനേകായിരങ്ങള്‍ നമുക്ക് മാതൃകകളായി മുമ്പിലുണ്ട്. അവരിലേക്കു തിരിഞ്ഞ് ആ ജീവിതങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ജീവിച്ചുതുടങ്ങുകമാത്രമാണ് ഇനി നാം ചെയ്യേണ്ടത്.

ഒരു കൈയില്‍ തീപ്പന്തവും മറുകൈയില്‍ വെള്ളം നിറച്ച പാത്രവുമായി നടന്നുപോകുന്ന സൂഫിവനിത റാബിയയെ നാം കണ്ടതാണ്. എങ്ങോട്ടാണ് റാബിയാ നീ ഇതുമായി പോകുന്നത് എന്ന ചോദ്യത്തിന് അവര്‍ പറഞ്ഞ മറുപടി നാം ഇവിടെ പറയുന്ന മൂല്യനവീകരണത്തിന് ഉത്തമോദാഹരണമാണ്. "ഈ വെള്ളം നരകത്തിലെ തീയണക്കാനും തീ സ്വര്‍ഗ്ഗത്തെ കത്തിച്ചു കളയാനുമാണ്." ഭയപ്പെടുത്തിയും പ്രലോഭിപ്പിച്ചും മനുഷ്യനെ നന്മയിലേക്കു നയിക്കാന്‍ ശ്രമിച്ച സര്‍വ്വ മതങ്ങള്‍ക്കുമുള്ള മറുപടിയായിരുന്നു അത്. തികച്ചും അനിവാര്യമായ ഒരു മൂല്യനവീകരണം.

സ്ത്രീകള്‍ക്കു പ്രവേശനമില്ലെന്നു പറഞ്ഞ് ക്ഷേത്ര കവാടത്തില്‍ തന്നെ തടഞ്ഞു നിറുത്തിയ കാവല്‍ക്കാരനോട് പൊട്ടിച്ചിരിച്ചുകൊണ്ട് "അപ്പോള്‍ താന്‍ ക്ഷേത്രത്തില്‍ കടക്കുന്നതോ?" എന്നു ചോദിച്ച മീരയും നമ്മുടെ മുമ്പിലുണ്ട്. ഒന്നും മനസ്സിലാവാതെ അന്തംവിട്ടു നില്ക്കുന്ന കാവല്‍ക്കാരനോട് മീര തുടര്‍ന്നു പറഞ്ഞു: "ഹേ മനുഷ്യാ, ഒരു പുരുഷനെയുള്ളൂ. അതു കൃഷ്ണനാണ്. ബാക്കിയെല്ലാവരും സ്ത്രീകള്‍ മാത്രം."

വിപ്ലവകരമായ ദര്‍ശനങ്ങളുമായി നമുക്കിടയിലൂടെ കടന്നുപോയ ക്രിസ്തുവും ഇതുതന്നെ ചെയ്തു. പള്ളിയെ കച്ചവടച്ചരക്കാക്കിയ പരീശന്മാരെ ചാട്ടവാറടിച്ചോടിക്കുന്ന ക്രിസ്തുവിനെയും ഹൃദയത്തില്‍ സൗമ്യമായി വിരാജിക്കുന്ന ദൈവമഹിമയെ ജീവിതംകൊണ്ട് വെളിപ്പെടുത്തിത്തന്ന ക്രിസ്തുവിനെയും എങ്ങനെ നമുക്ക് വിസ്മരിക്കാന്‍ കഴിയും.

കാലദേശാനുസൃതമായി മൂല്യനവീകരണം ചെയ്യപ്പെടേണ്ടതാണ് ദര്‍ശനങ്ങളെന്ന് ക്രിസ്തുവിന്‍റെ ജീവിതത്തിലേക്കു കണ്ണോടിച്ചാല്‍ നമുക്കു കാണാനാവും. അക്കമഹാദേവി, കബീര്‍, സെന്‍റ് ഫ്രാന്‍സിസ്, നാരായണഗുരു, കൃഷ്ണമൂര്‍ത്തി തുടങ്ങി എത്രയോ ആളുകളെ മൂല്യ നവീകരണത്തിന്‍റെ വക്താക്കളായി നമുക്കു കണ്ടെത്താനാവും. ഇവരെയൊന്നും പൂവിട്ടു പൂജിക്കേണ്ടതില്ല. ബൊമ്മകളുണ്ടാക്കി വഴിയോരങ്ങളില്‍ സ്ഥാപിക്കേണ്ടതുമില്ല. നമ്മെപ്പോലെ തിന്നും ഉറങ്ങിയും ജീവിച്ചിരുന്ന മനുഷ്യര്‍ തന്നെയായിരുന്നു ഇവരും. ഇവര്‍ അക്കാലത്തു നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെ ജീവിതം കൊണ്ട് മറികടന്നവരാണ്. ആള്‍ദൈവങ്ങളുടെയും അഭിനയപ്രതിഭകളായ ഗുരുജീമാരുടെയും ദൈവത്തിന്‍റെ ബ്രോക്കര്‍മാരായി വിലസുന്ന സൂഫിമാരുടെയും മണിമേടകളില്‍ വാഴുന്ന പൗരോഹിത്യത്തിന്‍റെയും ഒക്കെ ചങ്ങലകളില്‍ നിന്നാണ് ഇന്നു മനുഷ്യന്‍ ആദ്യം മോചിതനാകേണ്ടത്. രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാന്‍ നാം ഇനിയും കാത്തിരിക്കേണ്ടതുണ്ടോ?...

Featured Posts

bottom of page