top of page

പ്യൂപ്പകളുടെ വസന്തം

Nov 1, 2011

2 min read

ധമ

നമ്മുടെ മക്കളെ എന്താക്കണം എന്ന് ആരെങ്കിലും നമ്മളോടു ചോദിച്ചാല്‍ നമ്മുടെ ഹൃദയം നമ്മുടെ നാക്കോളം ഉരുട്ടിക്കൊണ്ടുവന്നു പുറത്തേക്കു തള്ളുന്ന ആദ്യത്തെ ഉത്തരം ഇതായിരിക്കും, മക്കളില്‍ ഒന്നിനെയെങ്കിലും ഡോക്ടറാക്കണം. നമ്മുടെ കുഞ്ഞുങ്ങളോട് ചോദിച്ചാല്‍ ഉത്തരത്തില്‍ വ്യത്യാസമുണ്ടാവാന്‍ ഇടയില്ല. ഈ രണ്ട് ഉത്തരങ്ങളും അവരില്‍ സ്വമേധയാ അങ്കുരിക്കാനുള്ള കാരണമെന്താവണം? ആതുരസേവനം എന്നൊരു കേവലയുക്തിക്ക് പിറകില്‍ നമുക്കീ ഉത്തരങ്ങളെ തളച്ചിടാനാവില്ല. ഒരു എല്‍. പി. സ്കൂള്‍ അധ്യാപകനും സാമൂഹികസേവനം ചെയ്യാനുള്ള ഇടം കേരളത്തില്‍ ഒഴിഞ്ഞുകിടപ്പുണ്ട്. പ്രത്യേകിച്ചും സേവന തല്പരതയില്‍നിന്നും നമ്മുടെ ദിശാബോധത്തെ ആരൊക്കെയോ വല്ലാതെ മാറ്റിപ്പണിഞ്ഞിരിക്കുന്ന ഈ കാലത്ത്.

അപ്പോള്‍ ഈ ഒരു ഉത്തരത്തിനു പിറകില്‍ ഒന്നേ ലക്ഷ്യമുള്ളൂ. സമ്പത്ത് ആര്‍ജ്ജിക്കാനുള്ള ത്വര എന്നത്. റിയാലിറ്റി ഷോകള്‍ക്കു വേണ്ടി നാം നമ്മുടെ മക്കളെ പാകപ്പെടുത്തിയെടുക്കുന്നതുപോലെ നാം ഇവരെ നമ്മുടെ ഇംഗിതങ്ങളിലേക്ക് വഴി നടത്തുന്നു. ശരിക്കും നടന്നുതുടങ്ങുന്ന ഒരു കുഞ്ഞിന് കൈകള്‍ നീട്ടിക്കൊടുത്ത് നാം അവനെ അവന്‍റെ വഴികളില്‍നിന്നും അടര്‍ത്തിമാറ്റുകയാണ്. തത്വത്തില്‍ നമുക്കു വേണ്ടതു മക്കളെയല്ല, നാം കാണിച്ചു കൊടുക്കുന്ന ഉന്നങ്ങളിലേക്ക് തുളച്ചുകയറുന്ന വെടിയുണ്ടകളെയാണ്. നമ്മുടെ ലക്ഷ്യങ്ങളെ അവര്‍ മറികടക്കാന്‍ കൊതിക്കുമ്പോള്‍ നമുക്കവര്‍ ലക്ഷ്യബോധമില്ലാത്തവരാണ്, ഒരു പരിധിവരെ ശത്രുക്കളും.

ഈ ഒരു പൂര്‍വനിയുക്ത ലക്ഷ്യങ്ങളിലേക്ക് വെടിയുണ്ട പായിക്കുമ്പോളാണ് സമൂഹത്തില്‍ പലപ്പോഴും ക്രിമിനലുകള്‍ ഉണ്ടാവുന്നത്. ഞാന്‍ എന്തിന് ഒരു ഡോക്ടറാവണം എന്നതിനുത്തരം അപ്പോള്‍ എനിക്ക് കിട്ടിയേക്കാവുന്ന സൗകര്യങ്ങള്‍ എന്നതിലേക്കു ക്ലിപ്തപ്പെടുത്താതെ ഇന്നത്തെ തലമുറയ്ക്ക് ഉത്തരം പറയാനാവില്ല. അങ്ങിനെയാണ് നമുക്ക് ഒരു ഡോക്ടര്‍ ചിത്രയെയും, ഡോക്ടര്‍ ഷേര്‍ളി വാസുവിനെയും, ഡോക്ടര്‍ ഉന്മേഷിനെയും കിട്ടുന്നത്. നമുക്ക് ഗോവിന്ദചാമിമാരെ കിട്ടുന്നത്. ആ കിട്ടലില്‍ നമുക്ക് ഞെട്ടിപ്പിക്കുന്ന നിരവധി നഷ്ടങ്ങളുണ്ട്. പരിശീലനത്തിന്‍റെ ഒരു ഘട്ടത്തില്‍പ്പോലും സഹജീവികളോടുള്ള ഇവരുടെ സഹാനുഭൂതി എന്തെന്ന് തിട്ടപ്പെടുന്നില്ലെന്നതു നാം ഉച്ചത്തില്‍ അത്ഭുതപ്പെടേണ്ടതാണ്. അതുകൊണ്ടാണ് മനുഷ്യജീവിതംകൊണ്ട് അവര്‍ക്കിങ്ങനെ ഡ്രാക്കുളവിനോദമാടാന്‍ കഴിയുന്നത്.

വിവാഹസ്വപ്നങ്ങളുമായി തീവണ്ടിയില്‍ യാത്രതിരിച്ച സൗമ്യ എന്ന പെണ്‍കുട്ടി അതിഭീകരമായി പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ടതിന്‍റെ നടുക്കം ഇനിയും മാറാത്തവരാണ് നാം. അന്നേരം നമുക്കൊന്നേ ആശ്വാസമുണ്ടായിരുന്നുള്ളൂ. പ്രതി, മലയാളത്തിനു പുറത്തുള്ള ഒരു ഒറ്റ കൈയന്‍ ഗോവിന്ദചാമിയായിരുന്നു എന്നത്. എന്നാല്‍ അവനുവേണ്ടി മുംബൈയില്‍നിന്നും അതിപ്രശസ്തരായ വക്കീലന്മാര്‍ പറന്നിറങ്ങിയപ്പോളാണ് നാം നമ്മുടെ കണ്ണുകളിലെ കണ്ണീര് തുടച്ചുമാറ്റി അതില്‍ അത്ഭുതം നിറച്ചുവെച്ചത്. അതിനുശേഷം ഇതാ പുതിയ അറിവുകള്‍ സൗമ്യയുടെ പോസ്റ്റ്മോര്‍ട്ടത്തെപ്പറ്റി. ഞാന്‍ ചെയ്തുവെന്നും നീ ചെയ്തില്ലെന്നുമാണ് ഡോക്ടര്‍ ഷേര്‍ലിയും, ഡോക്ടര്‍ ഉന്മേഷും പരസ്പരം അവകാശപ്പെടുന്നത്. ഒരു ശവം കീറിമുറിച്ചതിന്‍റെ പേരിലാണ് ഈ കടിപിടി. ഇതു പുറത്തുവന്നതാകട്ടെ ഡോക്ടര്‍മാര്‍ തമ്മിലുള്ള ഏതോ ഒരു ശീതസമരത്തിന്‍റെ പേരിലും. അത്തരം ഒരു ഭിന്നത ഇവര്‍ക്കിടയില്‍ ഇല്ലായിരുന്നെങ്കില്‍ നാം ഈ വിവരം അറിയാതെ പോകുമായിരുന്നു. ആ ഒരു പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മാത്രം സൗമ്യ എന്ന ഇരയ്ക്കുമേലുള്ള അന്തിമവിധി കോടതി നടപ്പാക്കുമായിരുന്നു. ഈ അര്‍ത്ഥത്തില്‍ ഈ കഥയിലെ വേട്ടക്കാരന്‍ ഒറ്റകൈയന്‍ ഗോവിന്ദചാമിയല്ല, അങ്ങേയറ്റത്തെ അറിവും അംഗീകാരവുമുള്ള ഡോക്ടര്‍മാരാണ്. അവര്‍ക്ക് ഈ ചങ്കൂറ്റത്തിനു ചങ്ക് കടംകൊടുക്കുന്നത് അവരവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ സംഘടനകളാണ്. ഈയൊരു വെളിപ്പെടുത്തലിന്‍റെ വെളിച്ചത്തില്‍ നമുക്ക് ന്യായമായും സ്വയം ചോദിക്കാവുന്ന നിരവധി ചോദ്യങ്ങളുണ്ട്.

ഓരോ ദുരന്തത്തിനുശേഷവും നാം ശവമുറികളിലേക്ക് നിലവിളികളോടെ കൊണ്ടുചെന്ന് വയ്ക്കുന്ന മൃതശരീരങ്ങളൊക്കെയും ശരിക്കും പോസ്റ്റുമോര്‍ട്ടം ചെയ്യപ്പെടുന്നുണ്ടോ, അതോ തലയിലൊരു വെറും കെട്ടും കെട്ടി, ഒരു കുറിപ്പും എഴുതി നമുക്ക് തിരിച്ചുതരികയാണോ? ആ കുറിപ്പിന്‍റെ അടിസ്ഥാനത്തില്‍ ഒരു നിയമ യുദ്ധത്തിനൊരുങ്ങുമ്പോള്‍ അതിന്‍റെ യുക്തി എന്താണ്? പ്രിയപ്പെട്ടവരുടെ ശരീരം പോസ്റ്റ്മോര്‍ട്ടം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് നാം ഒരിക്കലും ആ കെട്ടുകള്‍ അഴിച്ചു നോക്കാറില്ല. കാരണം നമുക്ക് അത് വെറും മൃതശരീരങ്ങളല്ല. അതേവരെ നമ്മുടെ ഓരോ നിശ്വാസങ്ങള്‍ക്കൊപ്പവും കൂടെയുണ്ടായിരുന്ന ഒരു പിന്തുണയാണല്ലോ. ഈ സ്നേഹത്തിനാണ് ഡോക്ടര്‍ എന്ന കഴുകന്‍ വിലയിടുന്നത്. നാലുനാളത്തെ അവധിക്കുവേണ്ടി കൂട്ട സിസേറിയന്‍ നടത്തിയ ഒരു സമീപകാല ചരിത്രം കേരളത്തിലെ ഡോക്ടര്‍മാര്‍ക്കിടയിലുണ്ട്. കേവലം ഒരു സ്ഥലംമാറ്റം കൊണ്ടാണ് സര്‍ക്കാര്‍ ഈ വലിയ തെറ്റിനെ അതിജീവിച്ചത്!

കാലാവധി കഴിഞ്ഞ ഹൃദയവാല്‍വ് ഘടിപ്പിച്ചുകൊടുത്തുകൊണ്ട് ലക്ഷങ്ങള്‍ തട്ടിയെടുത്ത മറ്റൊരു കഴുകന്‍റെ കഥ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും തത്സമയം മുളച്ചുപൊങ്ങുന്നു. ഓരോ അവശതകളിലും ആ വാതില്‍ക്കല്‍ ഓടിപ്പോയി ടോക്കനെടുത്ത് നാം വാങ്ങിക്കഴിക്കുന്ന മരുന്നുകള്‍, ആരില്‍ നിന്നെങ്കിലും അച്ചാരം വാങ്ങി നമ്മേ ഘട്ടംഘട്ടമായി കൊല്ലാനുള്ള വിഷബീജങ്ങളല്ലെന്നു മേല്‍ക്കുറിച്ച അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ നാമെങ്ങിനെയാണ് ഉറപ്പിക്കുക.

നമ്മുടെ എല്ലാ ജനജാഗ്രതകളിലും രാഷ്ട്രീയത്തിന്‍റെ കൊടും വിഷം വന്നുവീഴുന്നതിന്‍റെ ഇരകളാണ് നാമെന്ന കാനേഷുമാരിയിലെ ഓരോ ഒറ്റസംഖ്യയും. പ്രതിരോധം അന്യമാകുംവിധം രോഗം നമ്മുടെ ഹൃദയത്തെയടക്കം ബാധിച്ചുകഴിഞ്ഞു. ഉടനെ മരിക്കില്ലെന്ന ഒരു അന്ധധാരണയോടെ വെറും പകല്‍ക്കിനാവുകളിലേക്ക് പലായനം ചെയ്യാനേ ഇനി നാം മലയാളികള്‍ക്ക് പഴുതുകള്‍ ശേഷിക്കുന്നുള്ളൂ... ആ പഴുതിലും ഒരു പഴുതാര വന്ന് ഉടനെ കൂടുവെച്ചേക്കാം... നമ്മളിന്നും സ്വയം തോട് പൊട്ടിക്കാനാവാത്ത ഒരു പ്യൂപ്പ മാത്രമാണ്. ചിത്രശലഭങ്ങളെ സ്വപ്നം കാണാന്‍ നമുക്ക് അവകാശമില്ല.

ധമ

0

0

Featured Posts

bottom of page