top of page

വി. ബൊനവെഞ്ചര്‍ :'സെറാഫിക് ഡോക്ടര്‍'

Jul 18, 2024

2 min read

ഡോ. ജെറി ജോസഫ് OFS


ഇറ്റലിയിലെ Civita di Bagnoregio എന്ന പേപ്പല്‍ പ്രവേശികയില്‍ 1217ലോ 1221ലോ ആണ് ജനനം. മാതാപിതാക്കള്‍ Giovanni di Fidanza and Maria di Ritella. ചെറുപ്പകാലഘട്ടത്തെക്കുറിച്ച് അധികമൊന്നും വ്യക്തമല്ല. എന്നാല്‍ നാലാം വയസ്സില്‍ മാരകമായ അസുഖം ബാധിച്ച് മരണാവസ്ഥയിലായപ്പോള്‍, വിശുദ്ധന്‍റെ മാതാവ് ഫ്രാന്‍സിസ് അസ്സീസിയോട് പ്രാര്‍ത്ഥിച്ചതിന്‍റെ ഫലമായി പൂര്‍ണസൗഖ്യം പ്രാപിച്ചു എന്ന് ചിലര്‍ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബൊനവെഞ്ചര എന്ന ലത്തീന്‍ പദത്തിനര്‍ത്ഥം 'വരാനിരിക്കുന്ന നല്ലവ/നല്ലത്' (Good things to come)എന്നാണ്.  പാരീസ് യൂണിവേഴ്സിറ്റിയില്‍ സെന്‍റ് തോമസ് അക്വീനാസിനോടൊപ്പം പഠനം. ഡോ. അലക്സാണ്ടര്‍ ഹെയ്ല്‍സ്, ഡോ. ജോണ്‍ ഓഫ് റോച്ചാലി എന്നിവരുടെ കീഴില്‍ പഠിച്ചു, ഡോക്ടറേറ്റ് നേടി.

1243ല്‍ തന്‍റെ 22-ാം വയസ്സില്‍ ഫ്രാന്‍സിസ്കന്‍ സഭയില്‍ ചേര്‍ന്നു. 1257ല്‍ ഫ്രാന്‍സിസ്കന്‍ എളിയ സഹോദരരുടെ സഭയുടെ ഏഴാമത് മിനിസ്റ്റര്‍ ജനറലായി തിരഞ്ഞെടുക്കപ്പെട്ടു. ഈ കാലഘട്ടത്തിലാണ് ഫ്രാന്‍സിസ് അസ്സീസിയെക്കുറിച്ചുള്ള Legenda Major, Legenda Minor എന്നീ പുസ്തകങ്ങള്‍ രചിക്കപ്പെടുന്നത്. (ഫ്രാന്‍സിസ്കന്‍ ജനറല്‍ അസംബ്ലിയില്‍ ഫ്രാന്‍സിസിനെക്കുറിച്ചുള്ള പുസ്തകങ്ങളെല്ലാം നശിപ്പിച്ചുകളയണം എന്ന തീരുമാനം വന്നു. എന്നാല്‍ ആ തീരുമാനം എല്ലാവരും അനുസരണയോടെ സ്വീകരിച്ചില്ല എന്ന കാരണത്താല്‍ ഫ്രാന്‍സിസ് അസ്സീസിയെക്കുറിച്ചുള്ള മറ്റുള്ളവരുടെ രചനകളും നമുക്കു ലഭ്യമാണ്.) കുറച്ചു കാലത്തേയ്ക്ക് ആല്‍ബനോയിലെ  ബിഷപ്പായിരുന്നു. 1265ല്‍ യോര്‍ക്കിലെ ആര്‍ച്ച് ബിഷപ്പായി നിയമിതനായെങ്കിലും ആ സ്ഥാനം നിരസിക്കുകയാണ് ചെയ്തത്. 1274ല്‍ ലെയോണിലെ രണ്ടാം കൗണ്‍സില്‍ നടക്കവേ തന്‍റെ 53-ാം വയസ്സില്‍ അദ്ദേഹം ആകസ്മികമായി മരണമടഞ്ഞു. (വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് പറയുന്നവര്‍ ഇപ്പോഴും ഉണ്ട്.) 1482 ഏപ്രില്‍ 14ന് പോപ്പ് സിക്സ്റ്റസ് നാലാമന്‍ ബൊനവെഞ്ചരായെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1588ല്‍ സിക്സ്റ്റസ് അഞ്ചാമന്‍ മാര്‍പാപ്പ വേദപാരംഗതനായി തിരഞ്ഞെടുത്തു. (ഈ രണ്ടു മാര്‍പാപ്പമാരും ഫ്രാന്‍സിസ്കന്‍ സഭാംഗങ്ങളായിരുന്നു.)

1434ല്‍ വിശുദ്ധന്‍റെ മരണത്തിന് 160 വര്‍ഷങ്ങള്‍ക്കുശേഷം പുതുതായി നിര്‍മ്മിച്ച ലെയോണിലെ ദൈവാലയത്തിലേക്കു വിശുദ്ധന്‍റെ ശരീരം പുനഃപ്രതിഷ്ഠിക്കപ്പെട്ടു. വിശുദ്ധന്‍റെ ശിരസ്സ് അല്പം പോലും അഴുകിയിട്ടില്ലായിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ 1562ല്‍ ലെയോണ്‍ മുഴുവനായും Huguenots നാല്‍ കീഴടക്കപ്പെട്ടു. അവര്‍ ശാരീരികാവശിഷ്ടങ്ങള്‍ കത്തിച്ചുകളഞ്ഞു. ഇപ്പോള്‍ വിശുദ്ധന്‍റെ വലത്തുകൈ വി. നിക്കോളാസിന്‍റെ പേരിലുള്ള ബാഗ്നോര്‍ജിയോയിലെ ദൈവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.


വിശുദ്ധന്‍റെ പ്രധാന രചനകള്‍ ചുവടെ ചേര്‍ക്കുന്നു:

Commentary on the sentences of Lombard

Commentary on the Gospel of St Luke

Itianerarium mentis in Deum

Legenda Major

Legenda Minor

Concerning the perfection of life

Lectures on the six days creation


ജൂലൈ 15 ന് ആണ് വിശുദ്ധന്‍റെ തിരുനാള്‍. (ചില ആംഗ്ലിക്കന്‍ സഭകളില്‍ ജൂലൈ 14 നാണ് ആഘോഷിക്കുന്നത്). ദിവംഗതനായ പോപ്പ് ബനഡിക്ട് പതിനാറാമന്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ളത് ബൊനവെഞ്ചരയുടെ രചനകളെ ആസ്പദമാക്കിയാണ്.

പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ ചാക്രികലേഖനമായ 'അങ്ങേയ്ക്കു സ്തുതി' (ലൗദാത്തോ സി) യില്‍ ബൊനവെഞ്ചരയുടെ വാക്കുകള്‍ ഇപ്രകാരം കുറിച്ചിരിക്കുന്നു. "ക്രൈസ്തവരെ സംബന്ധിച്ച് ത്രിത്വൈക കൂട്ടായ്മയായ ഏകദൈവത്തിലുള്ള വിശ്വാസം പരിശുദ്ധ ത്രിത്വത്തിന്‍റെ മുദ്ര എല്ലാ സൃഷ്ടികളുടെയും മേല്‍ ഉണ്ടെന്നുള്ളതിന്‍റെ തെളിവാണ്. വിശുദ്ധ ബൊനവെഞ്ചറിന്‍റെ അഭിപ്രായത്തില്‍, ആദിപാപത്തിനു മുമ്പുള്ള മനുഷ്യന്‍, "ദൈവം ത്രിത്വമാണെന്നുള്ളതിന് ഓരോ സൃഷ്ടിയും എങ്ങനെ സാക്ഷ്യം വഹിക്കുന്നു" എന്നു കണ്ടിരുന്നു. "പ്രകൃതിയാകുന്ന പുസ്തകം മനുഷ്യനു മുമ്പില്‍ തുറന്നിരിക്കുകയും നമ്മുടെ കണ്ണുകള്‍ അന്ധകാരാവൃതമാകാതിരിക്കുകയും ചെയ്തിരുന്നപ്പോള്‍", പരിശുദ്ധ ത്രിത്വത്തിന്‍റെ പ്രതിഫലനം പ്രകൃതിയിലുടനീളം തിരിച്ചറിയപ്പെട്ടിരുന്നു.

ഫ്രാന്‍സിസ്കന്‍ സമൂഹത്തില്‍പ്പെട്ട ഈ വിശുദ്ധന്‍ നമ്മെ പഠിപ്പിക്കുന്നത്, "ഓരോ സൃഷ്ടിയും അതിനുള്ളില്‍ത്തന്നെ പരിശുദ്ധ ത്രിത്വത്തിന്‍റെ ഘടന സംവഹിക്കുന്നു" എന്നാണ്. മനുഷ്യവീക്ഷണം ഇത്രയധികം ഭാഗികവും ഇരുണ്ടതും ദുര്‍ബലവുമല്ലായിരുന്നെങ്കില്‍ ഒറ്റനോട്ടത്തില്‍ത്തന്നെ ദൃഷ്ടിഗോചരമാകത്തക്കവിധം ഈ മുദ്ര അത്രമാത്രം യഥാര്‍ത്ഥമാണ്. ഇപ്രകാരം, ത്രിത്വാത്മക താക്കോല്‍ ഉപയോഗിച്ചു യാഥാര്‍ത്ഥ്യത്തെ വായിക്കാന്‍ ശ്രമിക്കാനുള്ള വെല്ലുവിളി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു." 

Featured Posts

Recent Posts

bottom of page