top of page

വിശുദ്ധ ഫ്രാൻസിസ് എൻറെ ജീവിതത്തിൽ

Oct 3, 1991

1 min read

സാധു ഇട്ടിയവിരാ

St. Francis of Assisi
St. Francis of Assisi

സ്സീസിയിലെ സ്നേഹഗായകനോട് ചെറുപ്പം മുതലേ എനിക്ക് വളരെ ആദരവും ഭക്തിയും ഉണ്ടായിരുന്നു. ഫ്രാൻസിസ്കൻ മൂന്നാം സഭാംഗങ്ങളായിരുന്നു എൻറെ അപ്പനും ചേട്ടനും. മറ്റുള്ള വിശുദ്ധന്മാരെപ്പറ്റി അറിയാനും കേൾക്കാനും വായിക്കാനും സാധിക്കുന്നതിനുമുമ്പ്, വിശുദ്ധ ഫ്രാൻസിസിനെപ്പറ്റി ഞാൻ അറിയാനിടയായി. ഞങ്ങളുടെ വീട്ടിൽ ഈശോയുടെ തിരുഹൃദയരൂപത്തിൻറെ ഒരുവശത്ത് തിരുക്കുടുംബത്തിൻറെ രൂപവും വച്ചിരുന്നത് ഞാൻ ഓർക്കുന്നു.

ധനം, അറിവ്, അധികാരം പ്രശസ്തി, പുണ്യം... എന്നിങ്ങനെയുള്ള നേട്ടങ്ങളിൽ നമ്മൾ വ്യത്യസ്തരാണെങ്കിൽ കൂടി, ദൈവത്തിൻറെ മക്കൾ എന്ന നിലയ്ക്ക് നമ്മൾ അടിസ്ഥാനപരമായി സമന്മാരാണ്, എന്ന ബോദ്ധ്യമാണ് എനിക്കുള്ളത്; എങ്കിൽകൂടി വി. ഫ്രാൻസിസിൻറെ മുമ്പിൽ സാദരം, സസ്നേഹം തലകുനിക്കുന്നു.

എട്ടുകൊല്ലക്കാലം ഞാൻ ഈശോസഭയിൽ ജീവിക്കുകയുണ്ടായി. അന്നും ഈശോസഭാ സ്ഥാപകനായ വി. ഇഗ്നേഷ്യസിനോടുണ്ടായിരുന്നതിലേറെ ആദരവ് എനിക്ക് വി. ഫ്രാൻസിസിനോടായിരുന്നു. "നാഥാ സ്വീകരിച്ചാലും" എന്ന വി. ഇഗ്നേഷ്യസിൻറെ പ്രാർത്ഥനയിലേറെ എനിക്കിഷ്ടം വി. ഫ്രാൻസിസിൻറെ സമാധാന പ്രാർത്ഥനയായിരുന്നു. പരദേശിയെപ്പോലെ നടന്നിരുന്ന കാലത്ത് ഈശോസഭാമന്ദിരങ്ങളിൽ അന്തിയുറങ്ങുന്നതിനേക്കാൾ കപ്പൂച്ചിൻ ആശ്രമങ്ങളിൽ അന്തിയുറങ്ങാനായിരുന്നു എനിക്കു താല്പര്യം.

വിശുദ്ധനോടുള്ള ആദരവോടുകൂടിത്തന്നെ പറയട്ടെ, ദാരിദ്ര്യത്തെ പ്രേയസിയായിക്കണ്ടിരുന്ന അദ്ദേഹത്തിൻറെ ദാരിദ്ര്യപ്രേമം കുറച്ച് അധികവും അനാവശ്യവുമായിരുന്നു എന്നെനിക്കു തോന്നിയിട്ടുണ്ട്. സന്യാസികൾ ദരിദ്രവാസികളാകരുത്, എന്നാണ് എൻറെ പക്ഷം. കപ്പൂച്ചിൻ അച്ചന്മാരും കർമ്മലീത്താ അച്ചന്മാരും, പണ്ട് തലമുടി വട്ടത്തിൽ വെട്ടി, നല്ലൊരു മുഖം വികൃതമാക്കി നടന്നിരുന്നതു കാണുന്നതുതന്നെ എനിക്ക് അലർജിയായിരുന്നു. (ഏതായാലും ഇക്കാലത്ത് അതൊക്കെ മാറിയല്ലൊ. ദൈവത്തിനു സ്തുതി). അതൊക്കെ ദൈവം ആഗ്രഹിക്കാത്തതാണെന്നു മാത്രമല്ല, ദൈവത്തിനു അനിഷ്ടകരവും ആണ്, എന്ന വിചാരമാണെനിക്കുള്ളത്. "അച്ഛൻറെ സ്നേഹത്തിനാണ്" എന്നും പറഞ്ഞ് ഒരു മകൾ തല മൊട്ടയടിച്ചാൽ, അച്ഛന് അത് ഇഷ്ടപ്പെടുമോ?" എൻറെ മോളെ നിനക്കെന്തുപറ്റി? നിനക്കു വല്ല വിവരക്കേടും ഉണ്ടോ? എന്നായിരിക്കുകയില്ലേ അച്ഛൻ ചോദിക്കുക? ആർഭാടം പാടില്ല. എന്നാലും മകൾ നന്നായി നടന്നു കാണാനല്ലേ അച്ഛൻറെ ആഗ്രഹം? നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവ് ആഗ്രഹിക്കുന്നതും ഇതുപോലെയാണ്. നമ്മുടെ താഴ്ചയിലല്ല, അവിടുത്തെ ഉയർച്ച.

കാലിക പ്രസക്തിയേ ചില വിശുദ്ധന്മാർക്കുള്ളൂ. എന്നാൽ വി. ഫ്രാൻസിസാകട്ടെ എന്നും പ്രസക്തിയുള്ളവനാണ്, എല്ലാവർക്കും ഇഷ്ടമുള്ളവനാണ്. വിശുദ്ധനെ ആദരിക്കുന്നവനായി അക്രൈസ്തവരിൽ തന്നെയും അനേകരെ കാണാം. ലോകത്തിൻറെ പുനർനിർമ്മിതിക്ക് ഫ്രാൻസിസിനെപ്പോലുള്ള പന്ത്രണ്ടു പേരാണ് വേണ്ടത് എന്ന് ലെനിൻ തന്നെയും പറഞ്ഞതായി കേട്ടിട്ടുണ്ട്.

ഒരു പുനർനിർമ്മിതിയുടെ വേദനയിലൂടെ ലോകം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, സ്വർഗത്തിൽ നിന്നു ധാരാളം അനുഗ്രഹങ്ങൾ, വിശുദ്ധൻ നമുക്കു ലഭ്യമാക്കട്ടെ.

Featured Posts

bottom of page