top of page

ഫ്രാന്‍സിസും നാരായണ ഗുരുവും

Oct 4, 1988

2 min read

സസ

St. Francis of Assisi and Sree Narayanaguru
St. Francis of Assisi and Sree Narayanaguru

ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതാകുന്നു എന്ന് ക്രിസ്തു ഉപദേശിച്ചു. അസ്സീസിയിലെ ഫ്രാന്‍സീസ് പാവങ്ങളില്‍ സമ്പന്നനും പിച്ചക്കാരിലെ രാജകുമാരനുമായിരുന്നു. ആത്മാവിന്‍റെ നിസംഗമായ, നിശ്ചലമായ, ഭാവപ്രകാശം അദ്ദേഹം ദര്‍ശിച്ചു. അദ്ദേഹത്തിന്‍റെ മനസ്സില്‍ അസൂയയില്ലായിരുന്നു, ഭൗതികഭ്രമമില്ലായിരുന്നു. ഏറ്റവും വലിയ ചിന്തയായ 'നിശ്ചിന്ത' എന്ന ജീവിതവിശുദ്ധിയുടെ തണല്‍ അദ്ദേഹത്തിന് ലഭിച്ചു.

മനുഷ്യനെന്തെന്നും, ആരെന്നും അദ്ദേഹം അറിഞ്ഞു. അവരുടെ ദുഃഖത്തിന് കാരണം എന്താണെന്നും അദ്ദേഹം അറിഞ്ഞു.

"ഒരു പീഡ എറുമ്പിനും വരുത്തരുത്" എന്നുള്ള മഹനീയ ചിന്ത അദ്ദേഹത്തിന് ഉണ്ടായിരുന്നു. ജന്തുക്കളും, മറ്റുജീവികളും മനുഷ്യന്‍റെ സഹജീവികളാണ് എന്ന് കണ്ടറിഞ്ഞിട്ടുള്ളവര്‍ വളരെ കുറച്ചുപേര്‍ മാത്രമേയുള്ളൂ. ശ്രീനാരായണ ഗുരുവിന്‍റെ അനുകമ്പാദശകത്തില്‍ ഗുരു സൂചിപ്പിച്ച വരിയാണിത്.

ദൈവപിതാവിന്‍റെ സൃഷ്ടികളായി ഫ്രാന്‍സീസ് ഇവയെ കരുതുകയും, ആശയങ്ങളുടെ ആഴത്തിലും, നിഷ്കാമകര്‍മത്തിലും, ശ്രീബുദ്ധന്‍റെ അരികില്‍ വരെ എത്തുവാനും, ക്രിസ്തുവിന്‍റെ അനുചരനായ ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയായി തീരുവാനും ഫ്രാന്‍സീസിനു കഴിഞ്ഞു.

നൂതനമായ സമൂഹസൃഷ്ടിയില്‍ അവഗണിക്കാനാവാത്ത വ്യക്തിത്വം വിശുദ്ധ ഫ്രാന്‍സീസിന് ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ഫ്രാന്‍സീസ്ക്കന്‍ സഭ, ആരും വളം നല്കാതെ, വെള്ളം ഒഴിക്കാതെ, ഫ്രാന്‍സീസിന്‍റെ പ്രഭയില്‍ വളര്‍ന്നു. ലോകമൊട്ടുക്കു സുവിശേഷവേലകള്‍ ആരംഭിച്ചു.

മനുഷ്യന് ആന്തരിക പ്രചോദനമനുസരിച്ച് ജീവിക്കുവാനും, പ്രവര്‍ത്തിക്കുവാനും, മൗലികാവകാശങ്ങള്‍ നിഷിദ്ധമല്ലായിരുന്നു. ഫ്രാന്‍സിസ്കന്‍ സഭയില്‍ മൂല്യാധിഷ്ഠിതമായ ഒരു ജീവിതചര്യ വളര്‍ത്തിയെടുക്കുവാന്‍ വിശുദ്ധ ഫ്രാന്‍സീസിന് കഴിഞ്ഞു.

"നീ പൂര്‍ണ മനസോടും പൂര്‍ണ ആത്മാവോടും കൂടി- നിന്‍റെ പിതാവിനെ സ്നേഹിക്കുക"

ക്രിസ്തുവിന് ശേഷം, പൂര്‍ണ മനസ്സോടും, പൂര്‍ണ ആത്മാവോടുംകൂടി പിതാവിനെ സ്നേഹിച്ച ആ  സന്ന്യാസിക്ക്, വളരുന്നതിനോ, പടരുന്നതിനോ ആശ്രയം ആവശ്യമില്ലായിരുന്നു. ആത്മചൈതന്യത്തിന്‍റെ പ്രഭാപൂരം, ആ വാക്കുകളിലൂടെ ധാരധാരയായി ഒഴുകിയപ്പോള്‍ ആഴമേറിയ ആ കടലില്‍, ശിഥിലചിന്തകള്‍ കെട്ടടങ്ങി, തുടര്‍ന്ന് ഒഴുക്ക് ആ കടലിലേക്ക് മാത്രമായി. അങ്ങനെ ആധുനിക സംസ്കാരത്തിന്‍റെ മങ്ങലേക്കാത്ത പ്രതിഭാസമായി വിശുദ്ധ ഫ്രാന്‍സീസ് നിലനില്ക്കുന്നു.

സ്ഥാനമോഹങ്ങളിലോ, അവകാശങ്ങളിലോ, ബന്ധിതനാകാതെ തീര്‍ത്തും സ്വതന്ത്രനായിരുന്ന അദ്ദേഹം, സ്ഥാനവും സ്വത്തുമില്ലാത്ത ഒരു മനുഷ്യന്‍ എങ്ങനെയാണ് ലോകത്തെ മുഴുവനും തന്നിലേക്ക് അകര്‍ഷിക്കുന്നതെന്ന് മസ്സേയോ അദ്ദേഹത്തോട് ചോദിച്ചു.

അദ്ദേഹം പറഞ്ഞു: അതെന്‍റെ അയോഗ്യതയുടെ കൂടുതല്‍ കൊണ്ടാണ്; ഏറ്റവും ദുര്‍ബലവും നിസ്സാരവുമായ ഉപകരണങ്ങളെക്കൊണ്ട് മഹല്‍ക്കാര്യങ്ങള്‍ നടത്തുന്നത് ദൈവത്തിന്‍റെ അതുല്യപ്രഭാവത്തിന്‍റെ തെളിവാണെന്നും, അദ്ദേഹം പറഞ്ഞു.

അമൂല്യമായ മുത്തുകളെ പന്നികള്‍ക്കും വിശിഷ്ടമായത് നായ്ക്കള്‍ക്കും കൊടുക്കരുതെന്നുള്ള ബൈബിള്‍ വചനം വളരെ ശ്രദ്ധേയമാണ്.

വിശുദ്ധ ഫ്രാന്‍സീസിന്‍റെ ജീവിതം അപദാനസമൃദ്ധമായിരുന്നു. അതിനെ ഉള്‍ക്കൊള്ളുവാന്‍ കഴിയാത്തവരുണ്ടെങ്കില്‍ ഈ വാചകം എത്ര അനുചിതമായിരിക്കുന്നു.വിശുദ്ധ ബൈബിളിന്‍റെ പ്രഖ്യാപിതമായ വചനങ്ങളില്‍ ശാശ്വതീകരിക്കപ്പെട്ടിട്ടുള്ള രണ്ടെണ്ണമാണ്.

"തന്നെപ്പോലെ തന്‍റെ അയല്‍ക്കാരനെയും, സ്നേഹിക്കുക.""നീ പൂര്‍ണ മനസ്സോടും ആത്മാവോടും കൂടി നിന്‍റെ പിതാവിനെ സ്നേഹിക്കുക."നാം പിതാവിനെ സ്നേഹിക്കുന്നു. എന്തിന്?പിതാവായതിനാല്‍.ഒരു പിതാവേ ഉള്ളുവെങ്കില്‍ നാമെല്ലാംപിതാവിന്‍റെ മക്കളാണ് നാമെല്ലാം സഹോദരങ്ങളാണ്."നീ നിന്‍റെ സഹോദരനെ 'ഛീ' എന്ന് വിളിച്ചിട്ടുണ്ടെങ്കില്‍ അവനോട് മാപ്പ് പറയുക. എന്നിട്ട് മതി ദേവാലയത്തില്‍ പോകുവാന്‍, ദൈവത്തെ ആരാധിക്കുവാന്‍. സഹോദരനെ സ്നേഹിക്കുവാന്‍ കഴിയാത്തവന് ദൈവത്തെ സ്നേഹിക്കുവാന്‍ കഴിയുകയില്ല.

ബൃഹദാരണ്യകോപനിഷത്തില്‍ യാജ്ഞ്യവല്ക്യന്‍ എന്ന രാജാവ് തന്‍റെ രണ്ടു പത്നിമാരെയും, അരികില്‍ വിളിച്ചു. മൈത്രേയിയും കാര്‍ത്ത്യായനിയും എന്നായിരുന്നു അവരുടെ പേര്‍.

"മൈത്രേയി, നീയും കാര്‍ത്ത്യാനിയും തമ്മിലുള്ള ബന്ധം ഞാന്‍ ഇന്നുകൊണ്ട് അവസാനിപ്പിക്കുകയാണ്. സ്വത്തുക്കള്‍ മുഴുവന്‍ നിങ്ങള്‍ക്ക് തുല്യമായി വീതിച്ചു തന്നിട്ട് ഞാന്‍ സന്ന്യസിക്കുവാന്‍ പോകുന്നു."കാര്‍ത്ത്യാനി ഒന്നും പറഞ്ഞില്ല.മൈത്രേയി ചോദിച്ചു."സ്വാമിന്‍, ഈ ലോകം മുഴുവന്‍ എന്‍റെ സമ്പത്തായാല്‍ എനിക്ക് നിത്യത ലഭിക്കുമോ?"മറുപടിയായി യാജ്ഞ്യവല്ക്യന്‍ പറഞ്ഞു: "നിന്‍റെ ജീവിതവും ധനവാന്മാരുടേതുപോലെയാകും. എന്നാല്‍ ധനം കൊണ്ട് ഒരിക്കലും നിത്യത ലഭിക്കില്ല."എങ്കില്‍ ഏതുകൊണ്ടാണ് എനിക്ക് നിത്യത ലഭിക്കുന്നത്? അതിനെ കുറിച്ച് എനിക്ക് പറഞ്ഞുതരിക.

"മൈത്രേയീ.... നീ എനിക്ക് എന്നും പ്രിയപ്പെട്ടവളായിരിക്കുന്നു. ഇപ്പോള്‍ വളരെ പ്രിയപ്പെട്ടവളായിരിക്കുന്നു. വരൂ നീ എന്നോട് ചേര്‍ന്നിരിക്കൂ. ഞാനത് പറഞ്ഞുതരാം. പറയുന്നത് ശ്രദ്ധയോടു കൂടി കേള്‍ക്കുക. ലോകത്തില്‍ പ്രിയങ്ങളായിക്കാണുന്നതെല്ലാം ആത്മാവിന്‍റെ ഹിതം കൊണ്ടു മാത്രമേ പ്രിയങ്ങളായിത്തീരൂ.

ഭാര്യ ഭര്‍ത്താവിനെ സ്നേഹിക്കുന്നത് ഭാര്യയുടെ ആത്മസുഖത്തിന് വേണ്ടിയാണ്അമ്മ മകനെ സ്നേഹിക്കുന്നത് അമ്മയുടെ ആത്മസുഖത്തിന് വേണ്ടിയാണ്. മകന്‍ അമ്മയെ സ്നേഹിക്കുന്നത്, മകന്‍റെ ആത്മസുഖത്തിന് വേണ്ടിയാണ്. അയല്ക്കാരനെ സ്നേഹിക്കുന്നത് തന്‍റെ ആത്മസുഖത്തിന് വേണ്ടിയാണ്.

"അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താല്‍അവനിയിലാദിമമായൊരാത്മരൂപംഅവനവനാത്മ സുഖത്തിനാചരിക്കുന്നവഅപരന്നു സുഖത്തിനായി വരേണം"ശ്രീനാരായണ ഗുരുവിന്‍റെ ആത്മോപദേശ ശതകത്തിലെ നാലുവരിയാണിത്. മെഡിറ്ററേനിയന്‍ കടലിന്‍റെ കിഴക്കേ തീരുത്തനിന്ന് തന്നെപ്പോലെ തന്നെ തന്‍റെ അയല്ക്കാരനെ സ്നേഹിക്കുവാന്‍ പറഞ്ഞ ക്രിസ്തു, അറബിക്കടലിന്‍റെ കിഴക്കേ തീരത്തുനിന്ന് "ആത്മസുഖത്തിനായ് സ്നേഹിക്കുവാന്‍ പറയുന്ന  ശ്രീ നാരായണ ഗുരു."ഇവര്‍ സ്നേഹിക്കാന്‍ കഴിഞ്ഞവരായിരുന്നു. പഠിച്ചവരായിരുന്നു. ആത്മസാക്ഷാത്കാരത്തിന് വേണ്ടി സ്നേഹിച്ചവരായിരുന്നു. വിശുദ്ധ ഫ്രാന്‍സിസും അത് മനസ്സിലാക്കി ജീവിതത്തിലേക്ക് പകര്‍ത്തി.

യാജ്ഞ്യവല്ക്യന്‍ പറഞ്ഞു:- "ആത്മാവിനെ സാക്ഷാത്കരിക്കുവാന്‍ കേള്‍ക്കുക, പഠിക്കുക, ജീവിതത്തിലേക്ക് പകര്‍ത്തുക.  എങ്കില്‍ മാത്രമേ ആത്മജ്ഞാനം നേടാന്‍ സാധിക്കൂ."

തന്നെത്തന്നെ സ്നേഹിക്കുവാന്‍ കഴിയുന്ന ആളുകള്‍ ഇന്നത്തെ സമൂഹത്തില്‍ ആരാണ് ഉള്ളത്? അതാണ് ഇന്നത്തെ തലമുറയുടെ ശിഥിലീകരണ പ്രവണതയ്ക്ക് കാരണം. തന്നെ സ്നേഹിക്കുവാന്‍ കഴിയാത്ത ഒരു തലമുറയ്ക്ക് എങ്ങനെ അയല്‍ക്കാരനെ സ്നേഹിക്കുവാന്‍ കഴിയും?

~ഒരു തുണിവ്യാപാരിയുടെ മകനായി തുടങ്ങിവച്ച ജീവിതം ആത്മവ്യാപാരങ്ങളുടെ ഒരു സങ്കേതമായി, മാനവഹൃദയങ്ങളില്‍ ഉജ്ജ്വല മാതൃകയായി നിലകൊള്ളുന്നു. പുരാതന കാലഘട്ടത്തില്‍ ഇന്നും ബഹുദൂരം സഞ്ചരിച്ച് നാം എത്തിച്ചേര്‍ന്നിരിക്കുന്ന ഈ ആധുനിക യുഗത്തില്‍, ക്രിസ്തുവിന്‍റെ സമാധാന ദൂതനായ വിശുദ്ധ ഫ്രാന്‍സിസിനെയും, ശ്രീ നാരായണ ഗുരുവിനേയും പോലുള്ള മഹാത്മാക്കളുടെ ആശയങ്ങള്‍ ഇന്നത്തെ ജനത അംഗീകരിച്ചിരുന്നുവെങ്കില്‍...?

Featured Posts

bottom of page