top of page
അസ്തിത്വമാണ് ആക്ടിവിറ്റിയെക്കാള്‍ പ്രധാനപ്പെട്ടത്. (Being is more important than doing). ഇത് ക്രൈസ്തവദര്‍ശനത്തിലെ ഒരടിസ്ഥാന തത്ത്വമാണ്. കര്‍മ്മശേഷികളോ ആസ്തികളോ അധികാരചിഹ്നങ്ങളോ അല്ല വ്യക്തിയുടെ വിലയുടെ അടിസ്ഥാനം. ജീവനെക്കാള്‍ മറ്റെന്തിനും വിലയിടുന്നത് തികച്ചും അക്രൈസ്തവം തന്നെ. മനുഷ്യജന്മത്തെ പരീക്ഷണങ്ങള്‍ക്കു വിട്ടുകൊടുക്കാനാവാത്തതും ഭ്രൂണഹത്യയെയും, ദയാവധത്തെയും അനുവദിക്കാത്തതും, എത്ര വലിയ കുറ്റവാളിക്കുപോലുമുള്ള വധശിക്ഷ വിവാദമായി വളരുന്നതും ഈ കാരണത്താലാണ്. ഭൂമിയില്‍ അനുവദിച്ചു കിട്ടിയ ജന്മം അര്‍ത്ഥവത്തായി ജീവിക്കുക എന്നത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്. അവകാശമാണ്. യേശുവിന്‍റെ ജീവിതവും, അവന്‍ ആവിഷ്ക്കരിച്ച ദൈവരാജ്യസങ്കല്‍പങ്ങളുമെല്ലാമാണ് ക്രൈസ്തവദര്‍ശനങ്ങളുടെ എല്ലാം അടിസ്ഥാനം.
സ്വന്തം ജീവിതംകൊണ്ടും മരണംകൊണ്ടും യേശു സ്നേഹത്തെ കൃത്യമായി നിര്‍ണ്ണയിച്ചു. നിര്‍വ്വചിച്ചു. അവതരിപ്പിച്ചു. അങ്ങനെ എന്നും എപ്പോഴും അകലെ ആയിരുന്നവന്‍ (wholely other) എന്ന് അറിയപ്പെട്ടിരുന്ന ഒരു ദൈവത്തെ, ഏറ്റവും അടുത്തവനും, കാണാനും, അറിയാനും, സ്വന്തമാക്കാനും കഴിയുന്നവനാക്കി യേശു അവതരിപ്പിച്ചു. സ്നേഹിക്കാനുള്ള കഴിവിന് ദൈവികജീവന്‍ എന്നാണ് അവന്‍ പേരിട്ടത്. സ്നേഹിക്കുന്നവന്‍ ദൈവത്തില്‍ വസിക്കുന്നു. ദൈവം അവനിലും. സ്നേഹിക്കാനുള്ള കഴിവില്‍ വളരുക എന്നത് എല്ലാ വ്യക്തികളുടെയും മുമ്പിലുള്ള ജീവിതലക്ഷ്യമാണ്. അതല്ലാതെ മറ്റൊന്നും ഈ ജന്മംകൊണ്ടു നേടാനില്ലതാനും. സ്നേഹിക്കാനുള്ള കഴിവ് ഒരു വ്യക്തിയില്‍ എന്തുമാത്രം എങ്ങനെ വളരുന്നു, വളര്‍ത്തപ്പെടുന്നു എന്നു മനസ്സിലാക്കുന്നത് പാരസ്പര്യത്തിലാണ്. ബന്ധങ്ങളിലാണ്.
ചരിത്രത്തിന്‍റെ മുമ്പോട്ടുള്ള ഗതിയില്‍ മനുഷ്യന്‍റെ വ്യക്തിത്വം ബഹുമുഖമാനങ്ങളില്‍ വികസിക്കുന്നുണ്ട്. വ്യക്തിത്വവികാസം, വ്യക്തിയുടെ ആവശ്യങ്ങളെയും അവകാശബോധത്തെയും, അത്ഭുതകരമായി വികസിപ്പിക്കുന്നു. അതു പാരസ്പര്യത്തെയും ബന്ധങ്ങളെയും അതീവ സങ്കീര്‍ണ്ണങ്ങളും അനന്തവിശാലവുമാക്കുന്നു. അത് മനുഷ്യന്‍റെ സ്നേഹാവിഷ്ക്കാരത്തിന്‍റെ ഭൂമികയെയാണ് വിരിച്ചു വിശാലമാക്കുന്നത്. അനന്തമജ്ഞാതമവര്‍ണ്ണനീയം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ വലിയ പ്രപഞ്ചത്തില്‍ ഏറ്റവും ചെറിയ അണുവിനോടും ആറ്റത്തോടും കൃമിയോടുപോലും മനുഷ്യന്‍ എത്രമാത്രം ബന്ധപ്പെട്ടു നില്‍ക്കുന്നു എന്ന് ആധുനിക മനുഷ്യന്‍ ബോധവാനാണ്. സ്നേഹിക്കാന്‍ അവസരമില്ല - വേദിയില്ല എന്ന് ഭൂമിയില്‍ എത്ര ചെറിയവനും വലിയവനും ജീവിതത്തില്‍ ഒരു നിമിഷം പോലും പറയാന്‍ അവസരം കൊടുക്കാത്ത പാരസ്പര്യസമൃദ്ധിയില്‍ മനുഷ്യജന്മം സംവിധാനം ചെയ്തിരിക്കുന്നു എന്നതാണ് സൃഷ്ടിയില്‍ ദൈവം ഇന്നും സൂക്ഷിക്കുന്ന വൈഭവം. പാരസ്പര്യം - ബന്ധങ്ങള്‍ - അത് സ്നേഹത്തില്‍ വളരാന്‍ ദൈവം സ്ഥാപിച്ച അവസ്ഥയാണ്. ബന്ധങ്ങളുടെ വ്യാപ്തിയിലല്ല, അതിന്‍റെ ആഴത്തിലും സാന്ദ്രതയിലുമാണ്, സ്നേഹത്തിലുള്ള വ്യക്തിയുടെ വളര്‍ച്ചയും തളര്‍ച്ചയും വായിച്ചറിയാവുന്നതും, അറിയേണ്ടതും. അടുത്തു നില്‍ക്കുന്ന അയല്‍ക്കാരനിലേയ്ക്കുള്ള അകലം താണ്ടി തുടങ്ങിയാലും, തന്നിലേയ്ക്കു തന്നെയുള്ള അകലം താണ്ടി തീരുമ്പോഴെ ഒരുവന്‍ ദൈവരാജ്യത്തില്‍ എത്തുന്നുള്ളു എന്ന് യേശു വ്യക്തമാക്കിയിട്ടുണ്ടല്ലൊ.
സ്നേഹത്തില്‍ ഒരു വ്യക്തിക്കു നേടാനാവുന്ന വളര്‍ച്ചയുടെ തികവ് കാണിച്ചുതരാന്‍ യേശുവിനു കുരിശില്‍ മരിക്കേണ്ടി വന്നു. ശരീരത്തില്‍ നിന്നും ജീവന്‍റെ അവസാനത്തെ അംശവും ചോര്‍ത്തിയെടുക്കുന്ന ഒരു കൊലയാളിയെക്കാള്‍ സ്നേഹയോഗ്യനല്ലാത്ത ഒന്നിനെ ആര്‍ക്കും ഒരിക്കലും ജീവിതത്തിന്‍റെ വഴിത്താരയില്‍ കണ്ടെത്താനാവില്ലല്ലൊ. അവനെയാണ് ഭൂമിയില്‍ ഏറ്റവും ചെറിയവന്‍ എന്നു യേശു വിളിച്ചപ്പോള്‍ അര്‍ത്ഥമാക്കിയത്. അവനെയും ആശ്ലേഷിച്ചനുഗ്രഹിക്കാനായി ആഞ്ഞപ്പോള്‍ അവന്‍റെ വ്യക്തിത്വം വിരിച്ച സ്നേഹവലയത്തിന്‍റെ സാര്‍വ്വത്രികത അതിരുകളില്ലാത്തതായി. അതില്‍ നിന്നും ഈ പ്രപഞ്ചത്തില്‍ ഒന്നും ആരും ഒഴിവാക്കപ്പെടാത്ത അവസ്ഥ. പ്രപഞ്ചത്തിലെവിടെയും, എന്തിനും, അര്‍ഹമായതും അവകാശപ്പെട്ടതുമായ ജീവന്‍റെ ഉണര്‍വും ഊര്‍ജ്ജവും അനുസ്യൂതമായി വിക്ഷേപിച്ചു പ്രസരിപ്പിക്കുന്ന സൂര്യതേജസ്സായി യേശു വളര്‍ന്ന നിമിഷം. എന്‍റെ സമയം എന്ന് യേശു വിശേഷിപ്പിച്ചിരുന്ന നിമിഷം. അതായിരുന്നു അവന്‍റെ മഹത്ത്വീകരണ നിമിഷം. ഒരു ജീവിതം, ദൗത്യം പൂര്‍ത്തീകരിച്ചുകൊണ്ടവന്‍ പറഞ്ഞു - എല്ലാം പൂര്‍ത്തിയായി. ശരീരത്തിന്‍റെ ചലനശേഷികള്‍ എല്ലാം നിഷേധിക്കപ്പെട്ട കുരിശിലാണ്, അതിരുകളില്ലാത്ത സ്നേഹജ്വലനവും സ്വാതന്ത്ര്യപ്രകാശനവും യേശു ആവിഷ്ക്കരിച്ചത്. കുരിശില്‍ കിടന്നുകൊണ്ടുള്ള അവന്‍റെ അനുഗ്രഹതരംഗങ്ങളുടെ വിക്ഷേപണത്തില്‍ പങ്കുചേരാത്തതും തടയപ്പെടാവുന്നതുമായ ഒരംശംപോലും അവനില്‍ അവശേഷിക്കുന്നില്ല എന്ന് അവനെ കണ്ടവരും കാണുന്നവരുമെല്ലാം എന്നും പറയുന്നു. ഒരു മനുഷ്യന്‍റെ ശരീരത്തിലും വ്യക്തിത്വത്തിലും അനുഗ്രഹത്തിന്‍റെ അവതാരമായ ഒരു ദൈവത്തെ ഇത്രയും വ്യക്തതയില്‍ ചരിത്രത്തില്‍ ആരും ഒരിക്കലും അവതരിപ്പിച്ചിട്ടില്ലല്ലൊ. അവനും, അവനെ കാണുന്നവര്‍ക്കും അവന്‍ ആ പൂര്‍ണ്ണതയില്‍ എത്തി എന്നുറപ്പുവരുത്താന്‍ ഒരു ചെറിയവന്‍റെ സാന്നിദ്ധ്യവും, ആ കുരിശും, ആ മരണവും യേശുവിനും ഒഴിവാക്കാനാകുമായിരുന്നില്ല. അങ്ങനെ അവന്‍ ലോകത്തെ പഠിപ്പിച്ചു, ഭൂമിയില്‍ ഏറ്റവും ചെറിയവനെ ശരിക്കു സ്നേഹിച്ചാല്‍ ഒരുവന്‍ എല്ലാവരേയും സ്നേഹിക്കുവാനായി വളര്‍ന്നു കഴിഞ്ഞു, ഒരുവന്‍ ആരെ എങ്കിലും സ്നേഹിക്കുന്നില്ല എന്നു കണ്ടെത്തിയാല്‍ അതു തെളിവാണ് അവന്‍ ആരെയും ഒരിക്കലും സ്നേഹിച്ചിട്ടില്ല. സ്നേഹിക്കുന്നില്ല എന്ന്.
സ്നേഹിക്കല്‍ ഒരു കൊടുക്കലായും ഒരു ശൂന്യവല്‍ക്കരണമായും ചരിത്രത്തിലൂടെ ഇന്നും വിശേഷിപ്പിക്കപ്പെടാറുണ്ട്. സ്നേഹം കൊടുക്കലായി വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍ എന്തു കൊടുത്താലും, എന്തിനു കൊടുത്താലും എങ്ങനെകൊടുത്താലും, അതെല്ലാം സ്നേഹമാകും, സ്നേഹമാക്കാം എന്ന ഒരു ധാരണയും വളര്‍ത്തപ്പെട്ടു. യേശു ആവിഷ്ക്കരിച്ച സ്നേഹത്തിന്‍റെ ഉള്ളടക്കം അവന്‍റെ വ്യക്തിത്വത്തിന്‍റെ ഏതെങ്കിലും ഒരംശമായിരുന്നില്ല - അതു മുഴുവനുമായിരുന്നു. അവന്‍ മുഴുവനുമായിരുന്നു. യേശു കയ്യിലെടുത്തു വാഴ്ത്തി വിതരണം ചെയ്ത ഓരോ അപ്പക്കഷണത്തിലും പകര്‍ന്ന വീഞ്ഞിലും ആളുകള്‍ സ്വീകരിച്ചത് അവന്‍റെ ഒരംശം മാത്രമല്ല അവനെ മുഴുവനായുമായിരുന്നു. പരസ്യജീവിതകാലത്തെ അവന്‍റെ നോക്കിലും, വാക്കിലും സ്പര്‍ശനത്തിലും കരുതലിലും സാന്നിദ്ധ്യത്തിലുമെല്ലാം അവന്‍ മുഴുവനായി നിറഞ്ഞു നിന്നിരുന്നു. അതവനെ മറ്റാരില്‍ നിന്നും തികച്ചും വ്യത്യസ്തനുമാക്കിയിരുന്നു. ആരംഭം മുതല്‍ തന്നെ അവന്‍റെ കൊടുക്കലുകളെല്ലാം അവന്‍റെ സംപൂര്‍ണ്ണതയാല്‍ സമൃദ്ധമാക്കപ്പെട്ട വിരുന്നു തന്നെയായിരുന്നു.
കൊടുക്കല്‍ സ്നേഹമാകുന്നത് ദാനത്തോടൊപ്പം ദാതാവും മുഴുവനുണ്ടാകുമ്പോള്‍ മാത്രമാണ് എന്ന് കുരിശില്‍ മരിക്കുന്നിടംവരെ അധികമാര്‍ക്കും വ്യക്തമാകുമായിരുന്നില്ല. അതുകൊണ്ട് യേശുവിനു കുരിശോളം യാത്ര ചെയ്യേണ്ടിവന്നു. കുരിശില്‍ നിന്നും യേശുവിനെ കണ്ടു പഠിച്ചു വളര്‍ന്ന ചരിത്രത്തിനും ജനതയ്ക്കും മാത്രം മനസ്സിലാകുന്നു, കൊടുക്കല്‍ സ്നേഹമാകുന്നതും അല്ലാതാകുന്നതും എവിടെയാണെന്നും എങ്ങനെയാണെന്നും ഒക്കെ. കുരിശിലെ വെളിപാടിന്‍റെ വെളിച്ചത്തില്‍ നിന്നും വേര്‍പെടുത്തി യേശുവിന്‍റെ പരസ്യജീവിതത്തെയും ജീവകാരുണ്യത്തെയും നോക്കിക്കണ്ടപ്പോള്‍ ഏതു കൊടുക്കലിനെയും എളുപ്പത്തില്‍ പുണ്യമാക്കാനായി. യേശുവിനെക്കൊണ്ട് കരിയറും കൈക്കാശും സംഘടിപ്പിക്കുന്ന യൂദാസുകള്‍ ചരിത്രത്തിലേറെയുണ്ടായി. സ്വന്തം വ്യക്തിത്വത്തിന്‍റെ തൊണ്ണൂറ്റി ഒമ്പതു ശതമാനവും ഒരു കൊടുക്കലില്‍ പങ്കുചേരാത്തതായി മാറ്റി നിര്‍ത്തപ്പെട്ടാലും അതു മറച്ചു പിടിക്കാന്‍, ഒരു ശതമാനത്തിന്‍റെ പോലും ഭാഗഭാഗിത്വമില്ലാത്ത ഒരു പ്രവൃത്തിക്കു കഴിയും, അതിനെ ജീവകാരുണ്യം എന്ന ലേബലൊട്ടിച്ചാല്‍ മതി. ചെറിയ ഒരു പുണ്യംകൊണ്ടോ, അതിന്‍റെ വെറും ലേബലുകൊണ്ടോ വലിയ സ്വാര്‍ത്ഥതകളെയും തിന്മകളെയും മറച്ചു പിടിക്കാന്‍ കഴിയും. മതത്തിന്‍റെയും പുണ്യത്തിന്‍റെയും മറ പിടിച്ചാണല്ലോ തിന്മയും നിരീശ്വരത്വവും ചരിത്രത്തില്‍ കൂടുതല്‍ പിടിച്ചു നിന്നതും വളര്‍ന്നതും വളരുന്നതുമൊക്കെ. ഏതു കൊടുക്കലിനെയും, എത്ര കൊള്ളലാഭം കൊയ്യുന്ന കച്ചവടത്തെയും പുണ്യത്തിന്‍റേയും, ജീവകാരുണ്യത്തിന്‍റേയും ലേബലൊട്ടിച്ചവതരിപ്പിക്കാം എന്നത് കാലഘട്ടത്തിന്‍റെ ദുരന്തങ്ങളിലൊന്നാണ്. ആത്മാംശം കലരാത്ത ഔദാര്യങ്ങള്‍കൊണ്ടും, ഉപയോഗം തീര്‍ന്ന ഉച്ഛിഷ്ടങ്ങള്‍കൊണ്ടും ജീവകാരുണ്യമാമാങ്കങ്ങള്‍ നടത്തി കോളനികളും സാമ്രാജ്യങ്ങളും സ്ഥാപിക്കാനും, തലയില്‍ പുണ്യത്തിന്‍റെ കിരീടം ചൂടാനും ഒരു ഉപഭോഗസംസ്ക്കാരത്തെ ഇന്നത്തെ നിലയില്‍ കൊഴുപ്പിച്ചെടുക്കുന്നതില്‍ പാശ്ചാത്യക്രിസ്തുമതവും ദൈവശാസ്ത്രങ്ങളും വഹിച്ച പങ്ക് ഒട്ടും ചെറുതല്ല. അതിക്രമങ്ങള്‍ക്കും അഹംപൂജയ്ക്കും അനീതിക്കും മറ പിടിക്കാന്‍ ഭക്തിക്കും പുണ്യത്തിനും മതത്തിനും എന്തുമാത്രം കഴിവുണ്ടെന്നു ചരിത്രത്തിലെന്നെങ്കിലും ഇത്രമാത്രം തെളിയിക്കപ്പെട്ടിട്ടുണ്ടോ. കൊടുക്കലിന്‍റെ കൊണ്ടാടല്‍ നടത്തി സമ്പന്നവും സംഘടിതവുമായി ചരിത്രത്തില്‍ വളര്‍ന്ന ക്രിസ്ത്യാനിറ്റി, കച്ചവടത്തിലല്ലാതെ കച്ചവടം വിട്ട് വളര്‍ന്നിട്ടുണ്ടോ എന്നാണോ ആനുകാലിക കേരളത്തിന്‍റെ ചോദ്യം. സ്നേഹം വെറും കൊടുക്കലായപ്പോള്‍ ക്രിസ്ത്യാനിറ്റി കച്ചവടമായതില്‍ അത്ഭുതപ്പെടാനില്ല.
വ്യക്തിത്വത്തെ ആകമാനം കത്തിച്ചു ജ്വലിപ്പിക്കുന്ന കാരുണ്യമാണ് സ്നേഹം. ശരീരത്തിന്‍റെയും വ്യക്തിത്വത്തിന്‍റേയും സൂക്ഷ്മാംശങ്ങളില്‍പോലും കാരുണ്യം ജ്വലിക്കുന്നതായി ഉറപ്പു വരുത്തണം. ചുറ്റുമുള്ളവര്‍ അതു മനസ്സിലാക്കിയാലും ഇല്ലെങ്കിലും സ്വന്തം വ്യക്തിത്വത്തില്‍ നിന്നും അനുഗ്രഹത്തിന്‍റെ കിരണങ്ങള്‍ വിക്ഷേപിക്കാത്ത ഒരംശവും തന്നില്‍ അവശേഷിക്കുന്നില്ല എന്നുറപ്പുവരുത്തണം. അതാണ് ഉത്തരവാദിത്വം. അവസാനവിശകലനത്തില്‍ അതു തന്നോടു തന്നെയാണ്. അതിനായി ഭൂമിയിലെ ഏറ്റവും ചെറിയവനെ തേടിയുള്ള യാത്ര തുടരണം. സ്നേഹത്തിന്‍റെ വളര്‍ച്ചയെ കാണേണ്ടത് വ്യക്തിത്വത്തിന്‍റെ എല്ലാ സൂക്ഷ്മാംശങ്ങളിലേയ്ക്കുമുള്ള കാരുണ്യത്തിന്‍റെ വ്യാപനത്തിലാണ്. അല്ലാതെ ശരീരത്തിനു പുറത്തേയ്ക്കുള്ള കൊടുക്കല്‍ വാങ്ങലുകളുടെയും, വ്യവസായ-വ്യവഹാരശൃംഖലകളുടെയും വ്യാപ്തിയിലോ കെട്ടുറപ്പിലോ, അവയിലൂടെ നേടുന്ന ലാഭത്തിലോ ഭദ്രതയിലോ ഒന്നുമല്ല. സ്വയം കണ്ടെത്തലിലൂടെയുള്ള ഒരു വ്യക്തിത്വരൂപീകരണം ലഭിക്കാത്ത വ്യക്തികള്‍ക്ക് സ്നേഹത്തില്‍ വളരാനാവില്ല. ജീവകാരുണ്യ-സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ എണ്ണത്തിലും സ്ഥാപനങ്ങളുടെ ഭദ്രതയിലും നോക്കി സഭയുടെ വളര്‍ച്ചയും ദൈവരാജ്യത്തിന്‍റെ വികാസവും നിര്‍ണ്ണയിക്കുന്ന ശൈലികള്‍ സഭയെ പ്രത്യക്ഷമില്ലാത്ത പൂജാപീഠങ്ങളാക്കുന്നു. പ്രേക്ഷിതന്‍റെ വ്യക്തിത്വത്തില്‍ ആകമാനം ജ്വലിക്കുന്ന കാരുണ്യത്തിന്‍റെ പ്രഭയല്ലാതെ മറ്റൊന്നുമല്ല ക്രിസ്ത്യാനിറ്റി. മറ്റൊന്നുമാകരുത് പ്രേഷിതപ്രവൃത്തി. ക്രിസ്ത്യാനി എന്തു ചെയ്താലും അതു പ്രേഷിതപ്രവൃത്തി തന്നെയാകേണ്ടതാണല്ലൊ. ഇതിവിടെ ഇപ്പോഴും മനസ്സിലാകാത്തത് ആര്‍ക്കാണാവോ. വിശ്വാസിക്കോ അതോ അവിശ്വാസിക്കോ.
സമൂഹഘടനയിലെ ഏറ്റവും താഴെത്തട്ടിലുള്ള അവസാനത്തെ പൗരന്‍റെയും ക്ഷേമമാണല്ലോ ജനാധിപത്യവ്യവസ്ഥിതിയിലും എല്ലാ നിയമനിര്‍മ്മാണങ്ങളുടെയും അടിസ്ഥാന മാനദണ്ഡം. ഒരു ജന്മത്തിന്‍റെ മുഴുവന്‍ മൂല്യവും, വിലയും വിലയില്ലായ്മയും നിര്‍ണ്ണയിക്കാനായി നിയോഗിക്കപ്പെട്ടിരിക്കുന്ന വിധിയാളന്‍റെ മുമ്പില്‍ എന്നതുപോലെ, ഭൂമിയിലെ ഏറ്റവും ചെറിയവന്‍റെ മുമ്പില്‍ നില്‍ക്കാനാണ് ക്രൈസ്തവദര്‍ശനം പഠിപ്പിക്കുന്നത്. രണ്ടാംക്രിസ്തു എന്നു ചരിത്രം വാഴ്ത്തിയ അസ്സീസിയിലെ ഫ്രാന്‍സീസിന്‍റെ വിശുദ്ധിയും വിലയും മൂല്യവും നിര്‍ണ്ണയിച്ചതും, ചരിത്രത്തെ പാടി അറിയിച്ചതും കുറെ കുഷ്ഠരോഗികളും, കുരുവികളും ജീവജാലങ്ങളും, വൃക്ഷലതാദികളുമൊക്കെയായിരുന്നല്ലൊ. ഒരു വ്യക്തിയെ വിലയുള്ളവനാക്കാന്‍വേണ്ടി മതങ്ങളും സംസ്ക്കാരങ്ങളും ഒന്നിച്ചുനിന്ന് പൊതിഞ്ഞണിയിച്ചുകൊണ്ടിരുന്ന, ആസ്തികളും, ആയുധങ്ങളും, ആടയാഭരണങ്ങളുമെല്ലാമായിരുന്നല്ലൊ, പാരതന്ത്ര്യത്തിന്‍റെ പ്രതീകമായ പൈതൃകത്തിന്‍റെ പുറങ്കുപ്പായത്തോടൊപ്പം മെത്രാന്‍റെ മുമ്പില്‍ വച്ച് ഫ്രാന്‍സീസ് ഉരിഞ്ഞെറിഞ്ഞത്. മതത്തിന്‍റെയും സംസ്ക്കാരത്തിന്‍റെയും വഴിതെറ്റിയ പ്രയോഗങ്ങളെ പിടിച്ചുനിര്‍ത്തി ശാസിക്കുന്ന പ്രവാചകസാന്നിദ്ധ്യവും സ്വരവുമായിരുന്നത്. നിര്‍ഭയത്വത്തിന്‍റെയും, സ്വാതന്ത്ര്യത്തിന്‍റേയും സ്നേഹത്തിന്‍റേയും ദിശ ഒന്നുകൂടി തെളിച്ചിട്ട ചരിത്രനിയോഗം.
പണമില്ലാത്തവന്‍റെ വിലയില്ലായ്മയാണല്ലൊ ഇന്നു ലോകത്തിലേറ്റവും വലിയ ചര്‍ച്ചാവിഷയം. എടുക്കാവുന്നതിലേറെ ഭാരവും മുതുകിലേറ്റി എല്‍.കെ.ജി. ക്ലാസിലേയ്ക്ക് കുനിഞ്ഞു കയറുന്ന കേരളത്തിന്‍റെ ബാല്യം, അല്ലെങ്കില്‍ ജീവിതത്തില്‍ എന്തെങ്കിലും നേടാന്‍ ആരെങ്കിലുമൊന്നാകാന്‍ ഏതെങ്കിലുമൊരു ഡിഗ്രിക്കുവേണ്ടി കിടപ്പാടം വിറ്റ കാണിക്കകളുമായി കലാലയങ്ങളുടെ പടികള്‍ കയറി ഇറങ്ങുന്ന സ്വയം അറിയാത്ത കേരളത്തിന്‍റെ യുവത്വം; അല്ലെങ്കില്‍ മരണത്തോടുള്ള മല്‍പ്പിടുത്തത്തില്‍ മസില്‍പവ്വറിനുവേണ്ടി എന്തു വിലയും നല്‍കാന്‍ തയ്യാറായി, അത്യന്താധുനിക ആരോഗ്യദായനികള്‍ക്കു ചുറ്റും ഓടിക്കൂടുന്ന കേരളത്തിന്‍റെ രോഗാതുരസമൂഹം; ഇതില്‍ ഏതില്‍ നിന്നെങ്കിലും ഒന്നിനെ എടുത്തു സൂക്ഷിച്ചുനോക്കിയാല്‍ കാണാം; അസ്തിത്വദുഃഖത്തിന്‍റെയും, പാരതന്ത്ര്യത്തിന്‍റെയും, സ്വത്വത്തില്‍ നിന്നുള്ള അന്യവല്‍ക്കരണത്തിന്‍റെയും സാന്ദ്രത മറ്റേതൊരു ജനതയിലുമെന്നതിനെക്കാള്‍ മലയാളിയില്‍ അതിവേഗം ആധിപത്യമുറപ്പിച്ചുകൊണ്ടിരിക്കുന്നു എന്ന്.
മതങ്ങള്‍ക്ക് മാര്‍ക്സിസത്തോടും ഭൗതികവാദത്തോടും സംവാദങ്ങളും സഹകരണവുമാകാം. പക്ഷേ വ്യക്തിയേക്കാള്‍ വിലപ്പെട്ടത് സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും അവയുടെ ഭദ്രതകളുമാണെന്നു ചിന്തിച്ചു തുടങ്ങിയാല്‍ മതവും മാര്‍ക്സിസവും രണ്ടല്ലാതാകും. ഈ ഒന്നാകല്‍ മഹാദുരന്തങ്ങള്‍ക്കെ വഴി തുറക്കൂ. ആസ്തികളും, ആയുധങ്ങളും, ആഭരണങ്ങളുമൊക്കെയാണ് വ്യക്തിയെ വിലയുള്ളവനാക്കുന്നത് എന്നു ചിന്തിക്കുന്ന സംസ്ക്കാരത്തോടു മതം വിടപറയണം. വ്യക്തിയുടെ സ്വത്വബോധത്തിനും സ്വാതന്ത്ര്യത്തിനും ആത്മാവിഷ്ക്കാരത്തിനും കാവല്‍നില്‍ക്കാനും തണല്‍ വിരിക്കാനും മാത്രമെ വ്യവസ്ഥിതികളെയും സ്ഥാപനങ്ങളെയും സംസ്ക്കാരത്തെയും മതത്തിന് അനുവദിക്കാനാകൂ.
മാര്‍ക്സിന്‍റെ സോഷ്യലിസമല്ല യേശുവിന്‍റെ ദൈവരാജ്യം. സാമൂഹ്യവ്യവസ്ഥിതികളും പ്രസ്ഥാനങ്ങളും, സ്ഥാപനങ്ങളും വ്യക്തിയെക്കാള്‍ പ്രധാനപ്പെട്ടതായി കരുതപ്പെടുന്ന സംസ്ക്കാരത്തില്‍ വിദ്യാഭ്യാസം അടിസ്ഥാനമോ, ഉന്നതമോ ഏതായാലും എല്ലാം തൊഴില്‍ കേന്ദ്രീകൃതമായിരിക്കും. ആയാസരഹിതവും, സംഘര്‍ഷരഹിതവുമായി കൂടുതല്‍ ലാഭവും ഭദ്രതയും ഉറപ്പുവരുത്തുന്ന തൊഴിലാളിയും മുതലാളിയും ആകാനുള്ള പരിശീലനം എന്നേ സ്വഭാവരൂപവല്‍ക്കരണം എന്ന വാക്കിലൂടെയും ഇവിടെ അര്‍ത്ഥമാകുന്നുള്ളു. കച്ചവടബന്ധങ്ങളെ കൂടുതല്‍ ലാഭകരമാക്കാന്‍ സ്വഭാവത്തില്‍ വച്ചുപിടിപ്പിക്കുന്ന മതവിശ്വാസവും മുഖപ്രസാദവുമൊക്കെ ഉപഭോഗസംസ്ക്കാരത്തിലെ കോസ്മറ്റിക് ഉല്‍പന്നങ്ങളാണ്. നയചാതുര്യങ്ങള്‍ ആഴത്തില്‍ ആര്‍ജ്ജിച്ചെടുത്ത മാസ്റ്റര്‍ മാനിപ്പുലേറ്റര്‍മാരുടെ സൃഷ്ടിയില്‍ ആണ് കുടുംബം മുതല്‍ മുകളിലേയ്ക്കുള്ള എല്ലാ പരിശീലനകേന്ദ്രങ്ങളുടെയും മത്സരങ്ങള്‍. ഒരു വ്യക്തിയുടെ ഉപയോഗസാദ്ധ്യതകളെയും കാര്യക്ഷമതയെയും വികസിപ്പിക്കുന്നതല്ല ദൈവരാജ്യഭൂമികയിലെ വിദ്യാഭ്യാസ സങ്കല്‍പ്പം. ആരോ ആയിത്തീരാനായി വ്യക്തിയുടെ ഉള്ളില്‍ നിക്ഷേപിക്കപ്പെട്ട ഉറങ്ങുന്ന ഊര്‍ജ്ജസ്രോതസ്സുകളെ കണ്ടെത്തി - ഉണര്‍ത്തി ജ്വലിപ്പിക്കലാണത്.
സ്വയം കണ്ടെത്തലില്‍ അധിഷ്ഠിതമായിരിക്കണം വ്യക്തിത്വവികാസം. സ്വഭാവരൂപവല്‍ക്കരണത്തിന്‍റെ (Character formation) മാര്‍ഗ്ഗരേഖകള്‍, ഇന്നു മതങ്ങള്‍ക്കും സംസ്ക്കാരത്തിനും അന്യമാകുകയാണ്. പരിണിതഫലമോ, ഉയര്‍ന്നതും താഴ്ന്നതുമായ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പരിശീലനകളരികളും, സെമിനാരികള്‍പോലും ഇന്നു കാര്യക്ഷമതമാത്രം കൈമുതലാക്കുന്ന മുതലാളിയെയും തൊഴിലാളിയെയും പൂജാരിയെയും ശിപായിയെയും മാത്രം സൃഷ്ടിക്കുന്നു. എല്ലാ വ്യവസായ സമുച്ചയങ്ങള്‍ക്കും അനുബന്ധമായി സ്വന്തം പരിശീലനകേന്ദ്രങ്ങളുണ്ട്. സ്വന്തം സ്ഥാപനങ്ങളിലൂടെ കര്‍മ്മശേഷിയും കാര്യക്ഷമതയും നേടിയ, ഗുണമേന്മയും മെച്ചപ്പെട്ട സംഭാവനാശേഷിയുമുള്ള, വ്യക്തിത്വവികാസം എന്തെന്നു തിരിച്ചറിയാത്ത ഒരു സവര്‍ണ്ണ-സംഘടിത-തൊഴിലാളി-വര്‍ഗ്ഗത്തെ സൃഷ്ടിച്ചെടുത്തുകൊണ്ടുള്ള, ഭൗതികവാദത്തോടുള്ള മതത്തിന്‍റെ മത്സരങ്ങള്‍ അനുദിനം തോല്‍ക്കുന്ന യുദ്ധങ്ങള്‍ മാത്രമാണെന്ന് ചരിത്രം തെളിയിച്ചുകൊണ്ടിരിക്കുന്നു.
പ്രകൃതിയിലേയ്ക്കുള്ള സ്രഷ്ടാവിന്‍റെ തുടര്‍ച്ചയാണ് മനുഷ്യന്‍. ഇത് എല്ലാ മതങ്ങളുടെയും ഏടുകളില്‍ ഉണ്ട്. പക്ഷേ മനുഷ്യനെപ്പറ്റിയുള്ള മതങ്ങളുടെ പ്രസംഗങ്ങളും പ്രയോഗങ്ങളും വിരുദ്ധധ്രുവങ്ങളിലായി പോകുന്നു. വ്യക്തിയുടെ വിലയെപ്പറ്റി പ്രസംഗിക്കുന്നു. പക്ഷേ പ്രയോഗങ്ങളില്‍, വ്യക്തിയെ വിലയില്ലാത്തവനായും, വിലയുള്ളവനാക്കേണ്ടവനായും കാണുന്ന ഒരു ഭൗതികസംസ്ക്കാരത്തോടു ചേര്‍ന്നും, അവരുടെ ശൈലികള്‍ കടമെടുത്തും മാത്രം. ഭൂമിയില്‍ ഏറ്റവും നിസാരനെ ദൈവത്തിനു പകരക്കാരനാക്കിയാണ് യേശു പ്രതിഷ്ഠിച്ചത്. എല്ലാം തികഞ്ഞവനും എല്ലാം ഉള്ളവനുമായി തന്നെയാണ് ഓരോ വ്യക്തിയുടെയും വരവ്. പക്ഷേ ഒരു വികലസംസ്ക്കാരത്തോടു ചേര്‍ന്നു മതങ്ങളും അവനെ ഒന്നുമില്ലാത്തവനും - ആരുമല്ലാത്തവനുമായി മുദ്ര കുത്തുന്നു. എന്നിട്ട് അവന് എന്തെങ്കിലും കൊടുത്ത് എവിടെയെങ്കിലും പിടിച്ചിരുത്തി എന്തൊക്കെയോ ആവരണങ്ങള്‍കൊണ്ട് പൊതിഞ്ഞ് എന്തെങ്കിലുമാക്കാന്‍, ആരെങ്കിലുമാക്കാന്‍ ഉള്ള വ്യഗ്രതകളല്ലെ ആധുനിക സമൂഹം നേരിടുന്ന എല്ലാ സങ്കല്‍പ്പങ്ങളുടെയും, സമ്മര്‍ദ്ദങ്ങളുടെയും, അസ്തിത്വദുഃഖങ്ങളുടെയും അടിസ്ഥാന കാരണം. ഈ വ്യഗ്രതയും വ്യര്‍ത്ഥതയും കൈവിട്ടാല്‍ ഭൗതികസംസ്ക്കാരത്തോടുള്ള, നിരന്തരം തോല്‍ക്കുന്ന നിതാന്തയുദ്ധക്കളത്തില്‍ നിന്നും, മതങ്ങളും അതിന്‍റെ ഊര്‍ജ്ജ-ഉപകരണങ്ങളും അതിന്‍റെ ശരിയായ ദൗത്യത്തിനായി സ്വതന്ത്രമാകില്ലെ. ആസ്തികളെയും, ആയുധങ്ങളെയും, ആടയാഭരണങ്ങളെയും ഉരിഞ്ഞെറിഞ്ഞ് നിര്‍ഭയത്വത്തിന്‍റേയും സ്വാതന്ത്ര്യത്തിന്‍റേയും നാട്ടിലേയ്ക്കു നടന്നു കയറിയ, പ്രപഞ്ചത്തില്‍ എല്ലാറ്റിന്‍റേയും സഹോദരനും, പ്രകൃതിയുടെ മുഴുവന്‍ സൂക്ഷിപ്പുകാരനുമായ അസ്സീസിയിലെ കൊച്ചുമനുഷ്യന്‍റെ ഇച്ഛാശക്തി ആധുനികലോകത്തില്‍ പ്രവാചകസ്വരമാണ്. സാന്നിദ്ധ്യമാണ്.
Featured Posts
bottom of page