top of page

സഹോദരി ദാരിദ്ര്യത്തിന്‍റെ യോദ്ധാവ്

Aug 2, 2009

2 min read

മുറൈബോഡോ
St Francis of Assisi

അസ്സീസിയില്‍ ഏപ്രില്‍മാസം മഴയുടെ മാസമാണ്. മഴതുടങ്ങിയാല്‍ പിന്നെ എല്ലാവരും വീട്ടിനകത്ത് ഒതുങ്ങിക്കൂടും. മുറിക്കുള്ളില്‍ ഒരുക്കുന്ന തീക്കുണ്ഡത്തിനടുത്ത് ഒരുമിച്ചിരുന്ന് കഥകള്‍ പറയുകയും ചൂടുപിടിപ്പിക്കുന്ന വീഞ്ഞു മോന്തുകയും ചെയ്യും. വളരെ രസകരവും സുഖകരവുമാണത്. പക്ഷേ, ഇതെല്ലാവരുടെയും കാര്യമല്ല കേട്ടോ. തീര്‍ത്തും പാവപ്പെട്ടവര്‍ക്കും നിസ്സാരസഹോദരന്മാര്‍ക്കും മഴക്കാലം മറ്റു പലതുമാണ്. അവര്‍ക്ക് ഈര്‍പ്പവും ഭിത്തിയിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളവും ചെളിവെള്ളംനിറഞ്ഞ തറയും ഒക്കെയാണു മഴക്കാലം കൊണ്ടുവരിക. ആ സമയത്താണ് ഫ്രാന്‍സിസിന് തന്‍റെ സഹോദരന്മാരോട് വൈകാരികമായ ഒരു വലിയ അടുപ്പം തോന്നുക. തന്‍റെ സഹോദരന്മാര്‍ ദാരിദ്ര്യത്തിന്‍റെ ഈ ആനന്ദം അനുഭവിക്കണമെന്നു ഫ്രാന്‍സിസ് ആഗ്രഹിച്ചു. ഈജിപ്തിലെ സുഖസുഷുപ്തിയില്‍ നിന്നും മരുഭൂമിയിലേക്ക് ഇസ്രായേല്യരെ നയിച്ചുകൊണ്ടുപോയ മോശയെപ്പോലെയാണു താനെന്നു ഫ്രാന്‍സിസ് തന്നെക്കുറിച്ചു സങ്കല്പിച്ചു. ഒരു പുഞ്ചിരി അപ്പോള്‍ അയാളുടെ ചുണ്ടില്‍ വിരിഞ്ഞു.

തുടക്കത്തിലൊക്കെ സഹോദരന്മാര്‍ മഴതോരാത്ത ദിനങ്ങളും ഈര്‍പ്പമുള്ള രാവുകളും സഹര്‍ഷം സ്വാഗതം ചെയ്തു. പക്ഷേ സഹോദരന്മാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് മുറുമുറുക്കലുകളും കൂടിക്കൂടി വന്നു. അതു ഫ്രാന്‍സിസില്‍ വലിയ കുറ്റബോധം ഉളവാക്കി. സഹോദരന്മാരുടെ വൈഷമ്യം കണ്ടല്ല, സഹോദരി ദാരിദ്ര്യം അപമാനിതയാകുന്നതു കണ്ട്. തന്‍റെ സ്വപ്നം ലവലേശം മനസ്സിലാക്കാനാവാത്ത സഹോദരന്മാര്‍ അയാള്‍ക്കൊരു വേദനയായിത്തീര്‍ന്നു. പക്ഷേ ഒരിക്കലും താന്‍ തന്‍റെ സ്വപ്നം എളുപ്പമുള്ളതാണെന്നോ സുഖകരമാണെന്നോ ആരോടും പറഞ്ഞിട്ടില്ലല്ലോ. സത്യത്തില്‍, ഭൂമിയില്‍ തലചായ്ക്കാനിടമില്ലാതിരുന്നവന്‍റെ സുവിശേഷം വിട്ടുവീഴ്ചയില്ലാതെ പിഞ്ചെല്ലുക എന്നതായിരിക്കണം നമ്മുടെ ജീവിതശൈലി എന്ന് താന്‍ സഹോദരന്മാരോട് നിസ്സംശയം വ്യക്തമാക്കിയതാണ്. എന്നിട്ടും എന്തേ...?

ഫ്രാന്‍സിസിന് സഹോദരന്മാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കാനാവുന്നുണ്ടായിരുന്നു. പക്ഷേ ഇത്രയും ഉറക്കെ ഈ ബുദ്ധിമുട്ടുകളൊക്കെ വിളിച്ചു പറഞ്ഞ് പരാതിപ്പെടുകയെന്നത് അയാള്‍ക്ക് അംഗീകരിക്കാനായില്ല. വ്യക്തമായ ദര്‍ശനമുള്ളവരെപ്പോലും പിടിച്ചുകുലുക്കുന്ന വിധത്തില്‍ നിഷേധാത്മകവും വിമര്‍ശനാത്മകവും ആയിത്തീര്‍ന്നു പലരുടെയും പരാതികള്‍. അതൊരു അര്‍ബുദം പോലെ പടര്‍ന്നു പിടിക്കാന്‍ തുടങ്ങി. ജൈല്‍സിനെപ്പോലുള്ള സഹോദരന്മാര്‍ മാത്രമായിരുന്നു ഫ്രാന്‍സിസിന്‍റെ ആശ്വാസം. സഹോദരന്മാരെ ആശ്വസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ജൈല്‍സിന്‍റെ സ്നേഹമസൃണവും ജ്ഞാനസമ്പന്നവുമായ വാക്കുകള്‍ക്കാകുമായിരുന്നു. ഫ്രാന്‍സിസ് അദ്ദേഹത്തെ "ക്രിസ്തുവിന്‍റെ ധീരയോദ്ധാവ്" എന്നു വിളിച്ചു. സഹോദരീ ദാരിദ്ര്യത്തോടു നൂറുശതമാനം വിശ്വസ്തത പുലര്‍ത്തിയ, ഹൃദയം ഒരു ചഞ്ചലിപ്പും കൂടാതെ കാത്തു സൂക്ഷിച്ച ജൈല്‍സ് ആ പേരിന് തികച്ചും അനുയോജ്യനായിരുന്നു.

അഹം തീര്‍ത്തും ഇല്ലാതാകാതെ ഒരുവന് പ്രസാദാത്മകമായി ജീവിക്കാനാവില്ല. ദാരിദ്ര്യത്തോടുള്ള വിശ്വസ്തമായ ജീവിതവഴിയില്‍ കടമ്പകള്‍ ഏറെയാണ്. ഒട്ടും രസകരമായ അനുഭവങ്ങളൊന്നുംതന്നെയില്ലാത്തതിനാല്‍ അറിയാതെ മനസ്സു കടുത്തുപോകും. പക്ഷേ ഫ്രാന്‍സിസിന്‍റെ സ്വപ്നം സ്വന്തമാക്കിയവര്‍ പങ്കുപറ്റിയവര്‍ അപമാനങ്ങളും തെറ്റിദ്ധാരണകളും സന്തോഷത്തോടെ സ്വാഗതം ചെയ്തു. വിഡ്ഢികളായി കാണപ്പെടുന്നതില്‍ അവര്‍ ഒരു പ്രത്യേക ആനന്ദമനുഭവിച്ചു. അവരെ ഇതിനു പ്രേരിപ്പിച്ചതെന്തായിരുന്നു?

അത് അറിയണമെങ്കില്‍ ഫ്രാന്‍സിസിന്‍റെ എളിയ സഹോദരനായിരുന്ന ജൈല്‍സിന്‍റെ വാക്കുകള്‍ ധ്യാനപൂര്‍വ്വം വായിച്ചാല്‍ മതി:

സ്നേഹിക്കപ്പെടണമെന്ന് ആഗ്രഹിക്കാതെ സ്നേഹിക്കുന്നവര്‍ എത്രയോ അനുഗൃഹീതര്‍!

ബഹുമാനിക്കപ്പെടണമെന്ന് ആഗ്രഹിക്കാതെ ബഹുമാനിക്കുന്നവര്‍ അനുഗൃഹീതര്‍!

ശുശ്രൂഷിക്കപ്പെടണമെന്ന് ആഗ്രഹിക്കാതെ ശുശ്രൂഷിക്കുന്നവര്‍ അനുഗൃഹീതര്‍!

ആഴമേറിയ ഈ സത്യങ്ങളുടെ സത്യം ഗ്രഹിക്കാന്‍ സാധാരണ മനസ്സുകള്‍ക്കാവില്ല. ദൈവത്തെപ്രതി ജീവിതത്തിലുണ്ടാകുന്ന സഹനങ്ങളെ ശാന്തതയോടെ സമീപിക്കാനും പ്രവൃത്തികളില്‍ എളിമയോടെ വ്യാപരിക്കാനും കണ്ണുകൊണ്ടു കാണാത്തവയെ വിശ്വാസപൂര്‍വ്വം സ്നേഹിക്കാനുമായാല്‍ നിങ്ങള്‍ക്കു തിന്മ ചെയ്യാനേ ആവില്ല. മിക്കവരുടെയും പ്രശ്നമെന്താണെന്നു വച്ചാല്‍ അവര്‍ സ്നേഹിക്കേണ്ടതിനെ വെറുക്കുകയും വെറുക്കേണ്ടതിനെ സ്നേഹിക്കുകയും ചെയ്യുന്നു. വിശുദ്ധമായ അനുതാപവും വിശുദ്ധമായ വിനയവും വിശുദ്ധമായ സ്നേഹവും വിശുദ്ധമായ ഭക്തിയും വിശുദ്ധമായ ആനന്ദവും നിങ്ങളെ വിശുദ്ധനാക്കിത്തീര്‍ക്കുന്നു.

നിസ്സാര സഹോദരനായ ജൈല്‍സ് എത്രയോ വ്യക്തമായി ഫ്രാന്‍സിസിന്‍റെ സ്വപ്നം ഗ്രഹിച്ചിരുന്നു!

Featured Posts

Recent Posts

bottom of page