top of page

ബൈബിളിലൂടെയുള്ള തീര്‍ത്ഥാടനത്തില്‍ ജോസഫ് എന്ന പേരില്‍ മൂന്നുവ്യക്തികളെ നാം കണ്ടുമുട്ടുന്നു. നന്മനിറഞ്ഞ മൂന്നു വ്യക്തിത്വങ്ങള്‍. ഈജിപ്തില്‍ ഫറവോന്‍റെ സ്വപ്ന വ്യാഖ്യാനത്തിലൂടെ അഭിനന്ദനവും അധികാരവും നേടി രാജ്യത്തെയും അയല്‍രാജ്യത്തെയും വറുതിയുടെ കാലത്ത് സംരക്ഷിച്ച ജോസഫ്, യാക്കോബിന്‍റെ മകന്‍ പൂര്‍വ്വപിതാവായ ജോസഫ്. തനിക്ക് ലഭിച്ച സ്വപ്നങ്ങളില്‍ ദൈവസ്വരം സ്വീകരിച്ച് മറിയത്തെ ഭാര്യയായി സ്വീകരിച്ച ദാവീദ് വംശജനായ ജോസഫ് (St. Joseph). കുരിശുമരണം വരിച്ച ക്രി സ്തുവിന്റെ തിരുമുറിപ്പാടുകള്‍ സുഗന്ധക്കൂട്ടുകളില്‍ കെട്ടിപൊതിഞ്ഞ് തന്‍റെ ഹൃദയത്തിലും, അതേപോലെ തനിക്കായി വാങ്ങിസൂക്ഷിച്ച കല്ലറയിലും അടക്കം ചെയ്ത അരിമത്യാക്കാരന്‍ ജോസഫ്.
ഇതില്‍ ഈശോയുടെ വളര്‍ത്തച്ഛനായ ദാവീദാത്മജന്‍ ജോസഫിനെയാണ് നമുക്ക് ഏറെ പരിചയം. മാതാപിതാക്കള്‍ കഥയായി പറഞ്ഞുകൊടുത്തതും, സ്വന്തം വീടിന്‍റെ രൂപക്കൂടുകളില്‍ സ്ഥാനം പിടിച്ചതുമായ ചിത്രങ്ങളെ നോക്കിയുമാണ് യൗസേപ്പിതാവ് നമ്മുടെയൊക്കെ ഹൃദയങ്ങളില്‍ ചേക്കേറിയത്. പൂക്കള്‍ നിറഞ്ഞ വടിയുമായി നില്‍ക്കുന്ന വിവാഹചിത്രം, കഴുതപ്പുറത്തിരിക്കുന്ന മേരിയെ കൈപിടിച്ച് കഴുതയെ നയിച്ച് യാത്രപോകുന്ന ചിത്രം, പുല്‍ക്കൂട്ടില്‍ ഉണ്ണിയെ സാകൂതം നോക്കിനില്‍ക്കുന്ന ചിത്രം, ഉണ്ണിയെ കൈകളിലെടുത്ത് നില്‍ക്കുന്ന ജോസഫ്, പഴങ്ങള്‍ നിറഞ്ഞ കുട്ടയും, മറ്റൊരു കുട്ടയില്‍ പണിയായുധങ്ങളുമായി വീട്ടിലേക്ക് നടക്കുന്ന ജോസഫ്, പണിശാലയിലെ തച്ചന്‍, ഉറങ്ങുന്ന യൗസേപ്പിതാവിന്‍റെ ചിത്രം, തിരുക്കുടുംബ ചിത്രം, അവസാനം യേശുവിന്‍റെ സാന്നിധ്യത്തില്‍ മറിയത്തിന്‍റെ മടിയില്‍ കിടന്ന് പ്രാണന്‍ വെടിയുന്ന ജോസഫിന്‍റെ ചിത്രം... ഇങ്ങനെ എത്രയെത്ര ചിത്രങ്ങളിലൂടെയാണ് ജോസഫിന്‍റെ ദൗത്യവും സമര്‍പ്പണവും നമുക്ക് ദൃശ്യമാകുന്നത്!
വിശുദ്ധ യൗസേപ്പിനെ തിരുസഭ ഔദ്യോഗികമായി രണ്ട് തവണ അനുസ്മരിക്കുന്നു. മാര്‍ച്ച് 19 അദ്ദേഹത്തിന്‍റെ മരണത്തിരുന്നാള്‍ ദിനത്തിലും, മെയ് 1-ന് തൊഴിലാളി ദിനത്തിലും, വിശുദ്ധ യൗസേപ്പിനോടുള്ള ലുത്തിനിയായില്‍ അദ്ദേഹത്തിന് നല്‍കുന്ന വിശേഷണമാണ് കുടുംബജീവിതത്തിന്‍റെ ആഭരണം എന്നത്. കുടുംബജീവിതം ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഈ സമയത്ത് കുടുംബജീവിതത്തിന്‍റെ ആഭരണമായ ജോസഫിനെ നമ്മുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും ഒരാഭരണമായി കൊണ്ടുനടന്നാല്‍ നാം കൂടുതല്‍ നന്മയുള്ളവരും അനുഗ്രഹീതരും ആയിത്തീരും. കുടുംബനാഥന്മാര്‍ നല്ല അപ്പന്മാരായി തീരും.
വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തിയില്‍ ഏറെ മുമ്പിലുള്ളയാളാണ് വിശുദ്ധ അമ്മത്രേസ്യ. അവരുടെ അഭിപ്രായത്തില്‍, മറ്റ് വിശുദ്ധരെ വിളിച്ചപേക്ഷിക്കുമ്പോള്‍ ചിലപ്പോള്‍ കാലതാമസം നേരിട്ടേക്കാം. എന്നാല്‍ യൗസേപ്പ് അങ്ങനെയല്ല, ഏതവസരത്തിലും എപ്പോഴും തന്‍റെ മകനായ ക്രിസ്തുവില്‍ നിന്ന് കൃപവാങ്ങി നല്‍കാന്‍ കഴിവുള്ളയാളാണ് അദ്ദേഹം. വിശുദ്ധരുടെയിടയില്‍ ആദ്യം വണങ്ങേണ്ടയാള്‍ എന്നാണ് അമ്മത്രേസ്യ യൗസേപ്പിതാവിനെ വിശേഷിപ്പിക്കുന്നത്.
ദൈവപിതാവിന്‍റെ അതിശ്രേഷ്ഠപദ്ധതിയായിരുന്നു ലോകരക്ഷക്കായി തന്‍റെ പുത്രനെ ലോകത്തിലേക്കയക്കുക എന്നത്. ഈ പുത്രന് ഭൂമിയില്‍ ഒരു വളര് ത്തച്ചനുണ്ടാകണം. ആ പുത്രന് അപ്പനായി നിയോഗം കിട്ടിയയാളാണ് ജോസഫ്. അദ്ദേഹത്തിന്‍റെ ജീവിതരേഖയെ വേദപുസ്തകത്തില്‍ നിന്ന് വായിച്ച് ധ്യാനിക്കുമ്പോള്‍ പഞ്ചാമൃതം പോലെ കൈവെള്ളയില്‍ വീണ്കിട്ടുന്ന കാര്യങ്ങള്‍ ഇഴയൊക്കെയാണ്:
ഒന്ന് വിശുദ്ധനായ പുത്രന്‍: സ്വര്‍ഗ്ഗീയ പിതാവുമായുള്ള ബന്ധത്തില്‍ അനുസരണയും കുലീനതയുമുള്ള മകനായിരുന്നു ജോസഫ്. നിരന്തരം ആലോചന ചോദിച്ചിരുന്നത് സ്വര്‍ഗ്ഗീയ പിതാവിനോടായിരുന്നു. സ്വപ്നത്തില്‍ സംസാരിച്ചിരുന്നത് പോലും സ്വര്‍ഗ്ഗസ്ഥനായ പിതാവിനോടായിരുന്നു. ഭൂമിയിലെ പിതാക്കന്മാര്‍ നല്ല അപ്പന്‍മാരാകാന്‍ ആദ്യം അവര്‍ നല്ല മക്കളാകട്ടെ.
രണ്ട് നീതിബോധമുള്ള ഭര്‍ത്താവ്: നല്ല മക്കളില്‍ മുളപൊട്ടുന്ന കരുതലിന്‍റെ പേരാണ് നീതിബോധം. ഭാര്യയായി നിശ്ചയിക്കപ്പെട്ട പെണ്ണിന്‍റെ അസാധാരണ ഗര്‍ഭധാരണത്തില്‍ അവളെ മരണത്തിന് വിട്ടുകൊടുക്കാനുള്ള സ്വാഭാവിക നിയമത്തിന് വിരുദ്ധമായി അവളെ രഹസ്യമായി ഉപേക്ഷിക്കുകയെന്ന മാനുഷിക നീതിബോധത്തില്‍ ജോസഫ് എത്തിച്ചേര്‍ന്നു. പിന്നെയങ്ങോട്ട് അദ്ദേഹം ദൈവനീതിയിലേക്ക് പിച്ചവെച്ച് നടന്നുനീങ്ങി.
മൂന്ന് ഈശോയ്ക്ക് ഗുരുനാഥന്‍: രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ജോസഫിനെ നോക്കി ധ്യാനിച്ച ശേഷം ഇങ്ങനെ കുറിച്ചു: "വിശ്വാസ കാര്യങ്ങളില്‍ മക്കളുടെ പ്രഥമ അധ്യാപകര്‍ മാതാ പിതാക്കളാണ്" ജോസഫ് ഈശോയെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചു. സങ്കീര്‍ത്തനങ്ങള്‍ ഉരുവിടാന്‍ പഠിപ്പിച്ചു. സിനഗോഗില്‍ കൊണ്ടുപോയി, പള്ളിപ്പെരുന്നാളിന് കൊണ്ടുപോയി.
നാല് സംലഭ്യന്‍: ജോസഫ് കുടുംബത്തിനുവേണ്ടി ജീവിച്ചു. കുടുംബത്തോടൊപ്പം പ്രാര്‍ത്ഥിച്ചു. കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചു. കുടുംബത്തോടൊപ്പം സഞ്ചരിച്ചു. കുടുംബത്തോടൊപ്പം ജറുസലേം ദേവാലയത്തില്‍ തിരുനാളിന് പോയി. ഭാര്യക്കും മകനും സദാ സംലഭ്യനായിരുന്നു.
അഞ്ച് സ്വയം ബലിയായവന്‍: യേശു കുരിശ് ചുമന്നതിനും മുമ്പേ കുടുംബത്തിനു വേണ്ടി സ്വയം കുരിശു ചുമന്നവനാണ് ജോസഫ്. യേശു ഒറ്റത്തവണയാണ് കുരിശ് ചുമന്നതെങ്കില്‍ ജോസഫ് നിരവധി തവണയാണ് കുരിശ് ചുമന്നത്. മരണത്തിന്‍റെ ഇരുള്‍ വീണതാഴ്വരയില്‍ യേശുവിന് സംരക്ഷണം നല്‍കിയവന്‍. മറിയത്തെ തന്‍റെ കരുണയുടെ ആവരണംകൊണ്ട് പൊതിഞ്ഞ് പിടിച്ചവന്‍. ദൈവിക സ്വരങ്ങള്‍ക്ക് കാത് നല്‍കിയ നിര്‍മ്മല മനസാക്ഷിയുള്ളവന്‍.
ഈ അഞ്ച് പടവുകള്‍ ചവിട്ടി നാം കയറിച്ചെല്ലുന്നത് തിരുക്കുടുംബത്തിന്‍റെ സ്വീകരണ മുറിയിലേക്കാണ്. ഒരു നല്ല കുടുംബത്തില്‍ ഉള്ളിടത്തോളം ആ കുടുംബം തിരുക്കുടുംബം ആയിരിക്കും. അതിനെ നോക്കി സ്വര്‍ഗ്ഗം ആനന്ദ കണ്ണീര്‍ പൊഴിക്കും. ഓരോ കുടുംബത്തിലും ഓരോ നല്ല അപ്പന്മാരുണ്ടാകട്ടെ. ഓരോ കുടുംബവും തിരുക്കുടുംബമായി മാറട്ടെ.
Featured Posts
bottom of page