top of page

വി. ലോറൻസ് ഓഫ് ബ്രിണ്ടീസി കപ്പൂച്ചിൻ

Jul 21

1 min read

Assisi Magazine
St. Lawrence Of Brindisi OFM Cap
St. Lawrence Of Brindisi OFM Cap

1559-ൽ നേപ്പിൾസിലെ ബ്രിണ്ടിസിയിലായിരുന്നു വിശുദ്ധ ലോറൻസ്‌ ജനിച്ചത്‌. ജൂലിയസ് സീസർ എന്നായിരുന്നു വിശുദ്ധന്റെ ആദ്യത്തെ പേര്. വെനീസിലെ സെന്റ്‌ മാർക്ക്‌ കോളേജിലെ വിദ്യാഭ്യാസത്തിനു ശേഷം ലോറൻസ്‌ കപ്പൂച്ചിൻ ആശ്രമത്തിൽ ചേർന്നു. അവിടെ വെച്ചാണ് ജൂലിയസ് സീസറിന് എന്ന പഴയ പേര് മാറി ലോറൻസ്‌ എന്ന പേര് ലഭിക്കുന്നത്. പാദുവായിലെ സർവ്വകലാശാലയിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ലോറൻസ് നിരവധി ഭാഷകളിൽ പ്രാവീണ്യം നേടി. ഹീബ്രു, ജർമ്മൻ, ഗ്രീക്ക്, ബോഹേമിയൻ, സ്പാനിഷ്, ഫ്രഞ്ച് എന്നീ ഭാഷകളിലും, ബൈബിൾ ലിഖിതങ്ങളിലും അഗാധമായ അറിവ്‌ നേടുകയും ചെയ്തു.

നല്ല വാ​ഗ്മിയായിരുന്ന വിശുദ്ധ ലോറൻസ്‌ ബ്രിണ്ടീസി, ഒരു പുരോഹിതാർത്ഥിയായിരിക്കുമ്പോൾ തന്നെ 'നല്ല സുവിശേഷകൻ' എന്ന പ്രസിദ്ധി നേടിയിരുന്നു. പൗരോഹിത്യ സ്വീകരണത്തിനു ശേഷം വടക്കൻ ഇറ്റലി മുഴുവനും അദ്ദേഹം തന്റെ സുവിശേഷ പ്രഘോഷണങ്ങളാൽ അമ്പരപ്പിച്ചു. ഒരു കപ്പൂച്ചിൻ ആശ്രമം സ്ഥാപിക്കുവാനുള്ള ദൗത്യവുമായി പാപ്പാ വിശുദ്ധനെ ജർമ്മനിയിലേക്കയച്ചു. ജർമ്മനിയിലെത്തിയ വിശുദ്ധൻ അധികം താമസിയാതെ റുഡോൾഫ്‌ രണ്ടാമൻ ചക്രവർത്തിയുടെ ചാപ്ലയിൻ ആയി നിയമിതനാവുകയും, 1601-ൽ ഹംഗറിയെ ഭീഷണിപ്പെടുത്തികൊണ്ടിരുന്ന മുസ്ലീമുകൾക്കെതിരെ പോരാടികൊണ്ടിരുന്ന ക്രിസ്തീയ പടയാളികൾക്കിടയിൽ നിർണ്ണായക സ്വാധീനം നേടുകയും ചെയ്തു.

വിശുദ്ധന്റെ പ്രവർത്തനങ്ങളുടെ ഫലമായി യൂറോപ്പിലെ കത്തോലിക്കരുടെ സഹായത്തിനായി ഒരു കത്തോലിക്കാ സഖ്യം രൂപം കൊണ്ടു. ഫിലിപ്പ് മൂന്നാമനെ കത്തോലിക്കാ സഖ്യത്തിൽ ചേരുവാൻ പ്രേരിപ്പിക്കുക എന്ന ദൗത്യവുമായി ചക്രവർത്തി വിശുദ്ധനെ സ്പെയിനിലേക്കയച്ചു. അവിടെയെത്തിയ വിശുദ്ധൻ മാഡ്രിഡിൽ ഒരു ആശ്രമം സ്ഥാപിക്കുകയുണ്ടായി. സ്പെയിനിനും സാവോയി രാജ്യത്തിനും ഇടയിലുണ്ടായിരുന്ന കുഴപ്പങ്ങൾ പരിഹരിച്ചുകൊണ്ട് അവർക്കിടയിൽ സമാധാനം കൈവരുത്തുവാൻ വിശുദ്ധന് സാധിച്ചു. ദരിദ്രരോടും, രോഗികളോടും, സഹായമാവശ്യമുള്ളവരോടും വിശുദ്ധൻ കാണിച്ചിരുന്ന അനുകമ്പ അപാരമായിരുന്നു.

1602-ൽ തന്റെ കപ്പൂച്ചിൻ മിനിസ്റ്റർ ജെനറൽ ആയി നിയമിതനായ വിശുദ്ധൻ, തന്റെ സഭയിലെ എല്ലാ ആശ്രമങ്ങളിലും സന്ദർശനം നടത്തി. ഏതാണ്ട് ഒമ്പതിനായിരത്തോളം വരുന്ന കപ്പൂച്ചിൻ സന്യാസിമാരെ വളരെയേറെ കാര്യക്ഷമതയോട് കൂടി നയിക്കുക വഴി വിശുദ്ധ ലോറൻസ് കപ്പൂച്ചിൻ സന്യാസ സമൂഹത്തെ കത്തോലിക്കാ സഭാ പുനരുദ്ധാരണത്തിലെ ഒരു നിർണ്ണായക ശക്തിയാക്കി മാറ്റി. ട്രെന്റ് സുനഹദോസിന്റെ പ്രവർത്തനങ്ങളിൽ വിശുദ്ധനും ഒരു സജീവ പങ്കാളിയായിരുന്നു.

“സഭയുടെ കഷ്ടകാലങ്ങളിൽ സഭയെ സഹായിക്കുവാൻ ദൈവകടാക്ഷത്താൽ അയക്കപ്പെടുന്ന സവിശേഷ വ്യക്തിത്വങ്ങളിൽ ഒരു ഉന്നതമായ സ്ഥാനം വിശുദ്ധനുണ്ട്” എന്നായിരുന്നു ബെനഡിക്ട് പതിനഞ്ചാമൻ പാപ്പാ വിശുദ്ധ ലോറൻസിനെക്കുറിച്ച് പറഞ്ഞത്. 1619-ൽ മർദ്ദകനായ ഗവർണറിൽ നിന്നും നേപ്പിൾസിലെ ജനങ്ങളെ രക്ഷിക്കുവാൻ ഫിലിപ്പ് മൂന്നാമന്റെ സഹായം ആവശ്യപ്പെടുന്നതിനായി വിശുദ്ധൻ സ്പെയിനിലേക്കൊരു യാത്ര നടത്തി. രാജാവ് താമസിച്ചിരുന്ന ലിസ്ബൺ പട്ടണത്തിൽ ലോറൻസ് എത്തിയപ്പോഴേക്കും അദ്ദേഹം രോഗബാധിതനായി മരണപ്പെട്ടു. വിശുദ്ധന്റെ മൃതദേഹം സ്പെയിനിലേക്ക് കൊണ്ട് വരികയും അവിടുത്തെ വില്ലാഫ്രാങ്കാ ഡെൽ ബീർസോയിലെ ‘പുവർ ക്ലെയേഴ്സ്’ദേവാലയത്തിൽ അടക്കം ചെയ്യുകയും ചെയ്തു. ജൂലൈ 21 നാണ് അദ്ദേഹത്തി​ന്റെ തിരുനാൾ സഭ ആഘോഷിക്കുന്നത്.

Featured Posts

bottom of page