top of page
സംശയിക്കുന്ന തോമ്മാ....

20 നൂറ്റാണ്ടുകളായി ലോകജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകളെ അടിച്ചമർത്തി, കഴിവുകൾ വളരാനനുവദിക്കാതെ, ഒരിക്കലും നിവർത്താനാകാത്തപോലെ മുതുകു കൂനിപ്പിച്ച് രണ്ടാംകിട പൗരന്മാരാക്കിത്തീർത്ത പുരുഷന്മാർക്കു പൗലോസ് ശ്ലീഹാ ഉപദേശം കൊടുത്തു. ആ പൗലോസിന്റെ ലേഖനങ്ങൾ ദൈവവചനമെന്നു പറഞ്ഞ് പള്ളികളിൽ വായിക്കുന്നു. കുട്ടബലാത്സംഗത്തിനു കുപ്രസിദ്ധി നേടിയിരിക്കുന്ന കേരളവും Child sex trade നു കുപ്രസിദ്ധി നേടിയ ഗോവയും നിർഭാഗ്യവശാൽ ഇൻഡ്യയിലെ രണ്ടു പ്രധാന ക്രിസ്തീയ കേന്ദ്രങ്ങളാണ്. സ്ത്രീകളെ അപമാനിക്കുന്ന ഈ അവസ്‌ഥയ്ക്ക് പൗലോസ് ശ്ലീഹായും കൂടി ഉത്തരവാദിയല്ലേ? സ്ത്രീ സൃഷ്ടിക്കപ്പെട്ടത് പുരുഷനുവേണ്ടിയാണ് (1 കൊറി 11, 9), അതുകൊണ്ട് സ്ത്രീ പുരുഷന്റെ ഭോഗവസ്‌തുവാണ് എന്നു പറയുന്ന ധാരാളം പുരുഷന്മാരെ എനിക്കറിയാം. അതാണവരെ ബലാൽസംഗം പോലെയുള്ള നീച പ്രവൃത്തികൾക്കു പ്രേരിപ്പിക്കുന്നത്. ഹിന്ദു തീവ്രവാദികളുടെ നാടെന്ന് നമ്മൾ പറയുന്ന ഗുജറാത്തിൽ രാത്രി 12 മണിക്കും ഒരു സ്ത്രിക്കു തനിയെ റിക്ഷാ പിടിച്ചു യാത്ര ചെയ്യാം. ആരും ബലാൽസംഗത്തിനു അതിനു തുനിഞ്ഞതായി ഇതുവരെ കേട്ടിട്ടില്ല. 20 വർഷം ഞാൻ ഗുജറാത്തിൽ താമസിച്ചിട്ട് ഇതേവരെ ഒരൊറ്റ പ്രാവശ്യം പോലും ഒരു പുരുഷൻ കമൻറടിച്ചു കേട്ടിട്ടില്ല കേരളത്തിൽ (ക്രിസ്‌ത്യാനികളുടെ കേ ന്ദ്രത്തിൽ) വന്നിറങ്ങിയാലുടനെ അതു കേൾക്കാം.
ഏഴെഴുപതു തവണ ക്ഷമിക്കണമെന്നു പറഞ്ഞ ക്രിസ്തുവിൻ്റെ സഭയിൽ, ഹൗവ്വ ലോകാരംഭത്തിൽ ചെയ്തു എന്നു പറയപ്പെടുന്ന ഒരു തെറ്റിന് സ്ത്രീക്കു മാപ്പു നല്കിയിട്ടില്ല. പുരുഷനു പൗലോസ് ശ്ലീഹാ സൗകര്യപൂർവം മാപ്പു നൽകിയിട്ടുണ്ട്. ആദം വഞ്ചിക്കപ്പെട്ടില്ല. എന്നാൽ സ്ത്രീ വഞ്ചിക്കപ്പെടുകയും നിയമം ലംഘിക്കയും ചെയ്തു" (1 തിമോ 2, 14). നിയമം സ്ത്രീക്കല്ല പുരുഷനാണു കൊടുത്തിരുന്നത്. ലംഘിച്ചതു രണ്ടുപേരും കൂടിയാണ് വസ്‌തുതകൾ വളച്ചൊടിച്ചു പുരുഷനെ കുറ്റവിമുക്തനാക്കുകയും സ്ത്രീയെ മനഃപൂർവം താറടിക്കുകയും ചെയ്തിരിക്കുന്ന ഈ വചനങ്ങൾ ദൈവത്തിൽ നിന്നുള്ളതാണെന്ന് എങ്ങനെ പറയും?
Mrs. Mercy B.J.,
Bellevue,
Stone House Hill P.O.,
Ootty
പ്രിയ സഹോദരി,
"പുതിയ നിയമവും സ്ത്രീകളും" എന്ന ശീർഷകത്തിൽ ഒരു ലേഖനം ഈ പംക്തിയിൽ നേരത്തെ എഴുതിയിരുന്നു (ജോർജ്ജ് വലിയപാടത്ത് എഡിറ്റു ചെയ്‌തു പ്രസിദ്ധീകരിച്ചിരിക്കുന്ന 'സഭയും സ്ത്രീയും' ജീവൻ ബുക്സ്, ഭരണങ്ങാനം 1994, പേജുകൾ 44-53 കാണുക). സഹോദരിയുടെ ചോദ്യത്തിനു സാരാംശത്തിൽ അവിടെ ഉത്തരം പറഞ്ഞിരുന്നു. എങ്കിലും ചോദ്യം സമൂഹത്തിലു ം സഭയിലും ഇന്നും നീറിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തെ കുറിച്ചാകയാൽ, വീണ്ടുമൊരു വിചിന്തനം ഉപകാരപ്രദമായിരിക്കുമെന്നു കരുതുന്നു.
വിവേചനം സമൂഹത്തിൽ
സഹസ്രാബ്ദങ്ങളായി സമൂഹത്തിലും സഭയിലും പുരുഷവർഗ്ഗത്തിൻ്റെ വിവേചനത്തിനും ചൂഷണത്തിനും അടിച്ചമർത്തലിനും വിധേയമായ സ്ത്രീകൂലത്തിലെ വേദനിക്കുന്ന ഒരു സഹോദരിയുടെ ഹൃദയ വിലാപത്തിന്റെ മാറ്റൊലിയാണ് സഹോദരിയുടെ കത്തിൽ കേൾക്കാൻ കഴിഞ്ഞത്. പുരുഷമേധാവിത്വ സമൂഹത്തിൽ തലമുറതലമുറകളായി സ്ത്രീകൾ അനുഭവിച്ചുപോരുന്ന അസമത്വവും അനീതിയും ആർക്കും നിഷേധിക്കാനാവില്ല. സ്ത്രികൾക്കെതിരായ വിവേചനം വ്യക്തിപരവും കുടുംബപരവും സാമൂഹികവും വിദ്യാഭ്യാസപരവും സാംസ്ക്‌കാരികവും സാമ്പത്തികവും രാഷ്ട്രീയവുമെന്നു വേണ്ടാ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും എത്തിനില്ക്കുന്ന തിന്മയുടെ ഒരു മായിക വലയമാണെന്നു പറയാം. സംസ്കാരശൂന്യവും പ്രാകൃതവുമായി കരുതപ്പെടുന്ന പ്രാചീനയുഗത്തിൽ മാത്രമല്ല, വിജ്ഞാനത്തിലും സാംസ്കാരത്തിലും വളർച്ച പ്രാപിച്ചെന്നഭിമാനിക്കുന്ന ആധുനികയുഗത്തിലും പ്രായോഗികമായി പല മണ്ഡലങ്ങളിലും സ്ത്രീകൾക്കെതിരേയുള്ള വിവേചനവും അനീതിയും തുടർന്നു കൊണ്ടിരിക്കുന്നുവെന്നതാണ് അത്ഭുതം.
വിവേചനം സഭയിൽ
എന്നാൽ പുരുഷനോടൊപ്പം തുല്യപദവിയും സ്വാതന്ത്ര്യവും ലഭിക്കണമെന്ന സ്ത്രീകളുടെ നീതിയുക്‌തമായ അവകാശവാദം കാലിക സമൂഹം താത്വികമായിട്ടെങ്കിലും അംഗീകരിച്ചു കഴിഞ്ഞിട്ടും മനുഷ്യരെല്ലാവരും ദൈവപിതാവിന്റെ തുല്യ വത്‌സലമക്കളാണെന്നു പഠിപ്പിക്കുന്ന സഭയിലും ഈ വിവേചനം പല രംഗങ്ങളിലും നിലനില്ക്കുന്നുവെന്നതാണ് അതിലും വലിയ അത്ഭുതം, അല്ല "ട്രാജഡി." സ്ത്രീകൾ ഇന്നും സഭയിലെ രണ്ടാം തരം പൗരന്മാരാണ്. യഥാർത്ഥത്തിൽ സഭയുടെ ഏറ്റവും വിശ്വസ്തരായ മക്കൾ സ്ത്രീകളാണ്. അവരാണ് ഏറ്റവും കൂടുതലായി വിശ്വാസം ജീവിക്കയും പരിപോഷിപ്പിക്കയും ചെയ്യുന്നത്. അവരിലുടെയാണ് ഏറ്റവും കൂടുതലായി വിശ്വംസം വരും തലമുറകളിലേക്കു കൈമാറപ്പെടുന്നത്. അവരാണ് ഏറ്റവും ആത്മാർത്ഥമായി സഭാത്‌മകമായ ജീവിതം നയിക്കുന്നത്. എങ്കിലും സഭാജീവിതത്തിലെ സുപ്രധാനമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതും തീരുമാനിക്കുന്നതും പുരുഷന്മാരാണ്. സ്ത്രീകളെ സംബന്‌ധിക്കുന്ന കാര്യങ്ങളിൽപോലും തീരുമാനം പുരുഷന്മാരുടേതാണ്. കാര്യാലോചനായോഗങ്ങളിലേക്കും മറ്റും അങ്ങിങ്ങ് നാമമാത്രമായി ചില സ്ത്രീകളെ നിയമിക്കയോ തെരഞ്ഞെടുക്കുകയോ ചെയ്യാറിണ്ടെങ്കിലും യഥാസ്ഥമായ പങ്കാളിത്തമോ കൂട്ടുത്തരവാദിത്വത്തോ സ്ത്രീകൾക്കിനിയും ലഭിച്ചിട്ടില്ല. അജപാലനപരവും ഭരണപരവുമായ രംഗങ്ങളിലൊന്നും അവർക്കു സ്ഥാനമില്ല എന്നാൽ, ഏറ്റവും നിർഭാഗ്യകരമായ വസ്തുത ഈ വിവേചനവും അനീതിയും നടക്കുന്നതു ബൈബിളിന്റെ പേരിലാണെന്നതാണ്. തിരുവെഴുത്തുകളെപ്പറ്റിയുള്ള കലശലായ തെറ്റിദ്ധാരണയാണ് ഇവിടെ നാം കാണുക.
ബൈബിൾ- ദൈവവചനവും മനുഷ്യവചനവും
ബൈബിൾ ഒരേസമയം ദൈവവചനവും മനുഷ്യവചനവുമാണ്. പരിമിതികളുള്ളവും ബലഹീനരുമായ മനുഷ്യരെ ഉപകരണങ്ങളായി തെരഞ്ഞെടുത്ത് അവരിലൂടെയാണ് ദൈവം തൻ്റെ വചനം നമുക്കു നല്കിയത്. ബൗദ്ധികവും സാംസ്‌കാരികവുമായി മനുഷ്യകുലം വളർന്നുകൊണ്ടാണിരിക്കുന്നത്. ഇന്നത്തെ മനുഷ്യൻ്റെ ബൗദ്ധികമോ സാംസ്‌കാരികമോ ആയ വളർച്ച രണ്ടായിരം കൊല്ലം മുമ്പു ജീവിച്ചിരുന്ന മനുഷ്യർക്കു ഉണ്ടായിരിക്കാൻ ഇടയില്ലല്ലോ തങ്ങളുടെ കാലത്തിന്റെയും ദേശത്തിന്റെയും സന്തതികളായിരുന്നു. അവർ അതിന്റേതായ പരിമിതിക ഈ കുറവുകളും അവർക്കുണ്ടായിരുന്നു. ഇങ്ങനെ അപൂർണ്ണതകളും ബലഹീനതകളുമുള്ള മനുഷ്യരെയാണ് തൻ്റെ രക്ഷാകരസന്ദേശത്തിന്റെ ഉപകരണങ്ങളായി ദൈവം തെരഞ്ഞെടുത്തത്. പരിമിതികളോ ന്യൂനതകളോ ഇല്ലാത്തവരെ മാത്രമേ തെരഞ്ഞെടുത്തിരുന്നുള്ളു എങ്കിൽ നമുക്ക് ഒരിക്കലും ബൈബിൾ ലഭിക്കുമായിരുന്നില്ല. കാരണം അങ്ങനെയുള്ള മനുഷ്യരാരും ഇല്ലെന്നതു തന്നെ.
ദൈവത്തിന്റെ രക്ഷാകരസന്ദേശമാണ് വി. ഗ്രന്ഥ കർത്താക്കൾ നല്‌കുന്നതെങ്കിലും അവരുടെ ഭാഷയിലും ശൈലിയിലുമാണ് അതു നല്കുന്നത്. അതിൽ പലപ്പോഴും അവരുടെ പരിമിതികളും പ്രതിഫലിക്കാറുണ്ട്. അവർ ജീവിച്ചിരുന്ന സമൂഹത്തിൻ്റെ പ്രപഞ്ചവീക്ഷണങ്ങളുടെയും ചിന്താരീതികളുടെയും മുൻവിധികളുടെയും നിറക്കണ്ണാടിയിലൂടെയാണ് ദൈവേഷ്ടം അവർ കാണുന്നതും പ്രഘോഷിക്കുന്നതും. ഈ വസ്‌തുത മനസ്സിലാക്കിക്കൊണ്ടു വേണം ബൈബിൾ വായിക്കാനും മനസ്സിലാക്കാനും ദൈവത്തിന്റെ രക്ഷാകര സന്ദേശം നല്കാനുപയോഗിക്കുന്ന ഭാഷയുടെയും ശൈലിയുടെയും മാനുഷികമായ പോരായ്മകളെ നാം വിവേചിച്ചറിയണം. വി. ഗ്രന്ഥ കർത്താക്കളുടെ പ്രപഞ്ചവീക്ഷണത്തിൽനിന്നും സാംസ്കാരികവും സാമൂഹികവുമായ പശചാത്തലത്തിൽനിന്നും ദൈവികസന്ദേശത്തോട് ആനുഷംഗികമായി കൂടിക്കലർന്നിട്ടുള്ള ചിന്താധാരകളെയും മുൻവിധികളെയും നാം മനസ്സിലാക്കണം. സന്ദേശം സ്വീകരിക്കയും സ്ഥലകാലബദ്ധവും കാലഹരണപ്പെട്ടതുമായ ബാഹ്യാവരണങ്ങളെ പുറംതള്ളുകയും വേണം. വ്യത്യസ്‌തമായ പശ്ചാത്തലത്തിലും സാഹചര്യത്തിലും ദൈവവചനത്തിൻ്റെ ഇന്നത്തെ അർത്ഥവും പ്രസക്തിയും ഗ്രഹിക്കണം. ഇതു ബൈബിൾ വ്യാഖ്യാനത്തിന്റെ ഒരു മൗലികപ്രമാണമാണ്.
പരിമിതികൾ പൗലോസ് ശ്ലീഹായ്ക്കും
പൗലോസ് ശ്ലീഹായ്ക്കുമുണ്ടായിരുന്നു മാനുഷികമായ പരിമിതികൾ. അദ്ദേഹം ജീവിച്ചിരുന്ന കാലത്തിൻ്റെയും ദേശത്തിൻ്റെയും പ്രപഞ്ചവീക്ഷണവും മുൻവിധികളും മിഥ്യാധാരണകളുമെല്ലാം പൗലോസിനെയും സ്വാധീനിച്ചിരുന്നു. ശരിയാണ്, ഉയിർത്തെഴുന്നേറ്റ യേശുനാഥനുമായുള്ള കണ്ടുമുട്ടലിലൂടെ ദൈവശാസ്ത്രത്തിലും ക്രിസ്തുവിജ്ഞാനീയത്തിലുമൊക്കെ ആഴമേറിയ ഉൾക്കാഴ്ച്ചകൾ പൗലോസിനു ലഭിച്ചിരുന്നു. യഹൂദമതത്തിൽ നിന്നും പൈതൃകമായി ലഭിച്ച പല വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും യേശുവിന്റെ സുവി ശേഷത്തിൻ്റെ വെളിച്ചവതിൽ പൗലോസ് ചോദ്യം ചെയ്യുകയും തിരുത്തിക്കുറിക്കുകയും ചെയ്‌തു. മതത്തിൻ്റെയും വിശ്വാസത്തിന്റെയും മണ്ഡലങ്ങളിലാണ് മുഖ്യമായും ഈ തിരുത്തലുകൾ നടന്നത്. നിയമാനുവർത്തനത്തിലൂടെയുള്ള നീതികരണത്തെയും ഛേദനാചാരത്തെയും അദ്ദേഹം തിരസ്ക്‌കരിച്ചത് ചില ഉദാഹരണങ്ങൾ മാത്രമാണ്. എന്നാൽ, സാമൂഹികജിവിതത്തിൽ യഹൂദ-വിജാതീയ ഭേദമില്ലാതെ സമകാലിക വെച്ചു പുലർത്തിയിരുന്ന നീതിരഹിതമായ പാരമ്പര്യങ്ങളെയും സമ്പ്രദായങ്ങളെയും സുവിശേഷത്തിന്റെ മാനദണ്ഡം വെച്ചളക്കാനും വികലമായതിനെ വിമർശിച്ച് ഉപേക്ഷിക്കാനും പൗലോസിനു കഴിഞ്ഞില്ല.അതിനുദാഹരണങ്ങളാണ് അടിമ സമ്പ്രദായവും സ്ത്രീ പുരുഷ വിവേചനവും.
യഥാർത്ഥ തെറ്റുകൾ
അതേസമയം താത്വികമായി ഇത്തരം തിന്മകൾക്കെതിരേയുള്ള ശക്‌തമായ ഉദ്ബോധനമാണ് ഗലാത്തിയാക്കാർക്കുള്ള ലേഖനത്തിൽ പൗലോസ് നല്കുന്നത്. യേശുക്രിസ്തുവിലുള്ള വിശാസം വഴി നിങ്ങളെല്ലാവരും ദൈവപുത്രന്മാരാണ്. ക്രിസ്തുവിനോട് ഐക്യപ്പെടാൻ വേണ്ടി സ്നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രിയെന്നോ വ്യത്യാസമില്ല. നിങ്ങളെല്ലാവരും യേശുക്രിസ്തുവിൽ ഒന്നാണ് (ഗലാ 3, 25-28). എന്നാൽ, താത്വികമായ ഈ ചിന്തയിൽ നിന്നു പ്രായോഗികമായ അനുമാനങ്ങളിലേക്കും തീരുമാനങ്ങളിലേക്കും വരാൻ ഇക്കാര്യത്തിൽ പൗലോസിനു സാധിച്ചില്ല. ആചാരങ്ങളുടെയും സാമൂഹ്യ മുൻവിധികളുടെയും സ്വാധീനം പൗലോസിൽ പോലും അത്ര ശക്തമായിരുന്നു. അക്കാലത്ത് യഹൂദരുടെയും ഗ്രീക്കുകാരുടെയും റോമാക്കാരുടെയുമെല്ലാം ഇടയിൽ നിലനിന്നിരുന്നത്, സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി പരിഗണിക്കുന്ന പ്രേട്രിയാർക്കൽ സമ്പ്രദായവും പുരുഷമേധാവിത്വ വ്യവസ്ഥിതിയുമായിരുന്നുവെന്നു നമുക്കറിയാം. ദൈവവചനം ശ്രവിക്കയും അതു പങ്കുവെക്കുകയും ചെയ്യുമ്പോഴും പൗലോസ് നില്ക്കുന്നത് ഈ സാമൂഹിക സാംസ്കാരിക പശ്ചാത്തലത്തിലാണ്. അത് അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് -അദ്ദേഹത്തി ലൂടെ ദൈവം സംസാരിക്കുന്ന വാക്കുകൾക്ക് - ഈ പശ്ചാത്തലത്തിന്റെ നിറഭേദങ്ങൾ നല്കിയെങ്കിൽ, അതു സ്വാഭാവികമാണ്. എന്നാൽ, അവയെ വിവേചിച്ചറിയുക നമ്മുടെ കടമയാണ്. സന്ദേശത്തെ പശ്ചാത്തലവുമായി കൂട്ടി കുഴയ്ക്കരുത്. പശ്ചാത്തലത്തിന് സന്ദേശത്തിന്റെ പവിത്രതയോ അചഞ്ചലതയോ കല്പിക്കരുത്. പശ്‌ചാത്തലത്തെ സന്ദേശം പോലെ തെറ്റാവരമുള്ള പരമസത്യമായി പരിഗണിച്ചു വ്യാഖ്യാനങ്ങൾ നടത്തുകയും സ്ത്രീകൾക്കെതിരേ വിവേചനം കാട്ടാനും അനീതി പ്രവർത്തിക്കാനുമുള്ള ഉപകരണമായി ബൈബിളിനെ ദുരുപയോഗിക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥത്തിൽ തെറ്റു ചെയ്യുന്നത്, പൗലോസല്ല.
ഡോ. സിപ്രിയൻ ഇല്ലിക്കമുറി
അസ്സീസി മാസിക ആഗസ്റ്റ് 1997
Featured Posts
Recent Posts
bottom of page