സംശയിക്കുന്ന തൊമ്മാ..

20 നൂറ്റാണ്ടുകളായി ലോകജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകളെ അടിച്ചമർത്തി, കഴിവുകൾ വളരാനനുവദിക്കാതെ, ഒരിക്കലും നിവർത്താനാകാത്തപോലെ മുതുകു കൂനിപ്പിച്ച് രണ്ടാംകിട പൗരന്മാരാക്കിത്തീർത്ത പുരുഷന്മാർക്കു പൗലോസ് ശ്ലീഹാ ഉപദേശം കൊടുത്തു. ആ പൗലോസിൻ്റെ ലേഖനങ്ങൾ ദൈവവചനമെന്നു പറഞ്ഞ് പള്ളികളിൽ വായിക്കുന്നു. കുട്ടബലാത്സംഗത്തിനു കുപ്രസിദ്ധി നേടിയിരിക്കുന്ന കേരളവും, Child sex trade നു കുപ്രസിദ്ധി നേടിയ ഗോവയും നിർഭാഗ്യവശാൽ ഇൻഡ്യയിലെ രണ്ടു പ്രധാന ക്രിസ്തീയ കേന്ദ്രങ്ങളാണ്. സ്ത്രീകളെ അപമാനിക്കുന്ന ഈ അവസ്‌ഥയ്ക്ക് പൗലോസ് ശ്ലീഹായും കൂടി ഉത്തരവാദിയല്ലേ? സ്ത്രീ സൃഷ്ടിക്കപ്പെട്ടത് പുരുഷനുവേണ്ടിയാണ് (1 കൊറി 11, 9), അതുകൊണ്ട് സ്ത്രീ പുരുഷൻ്റെ ഭോഗവസ്‌തുവാണ് എന്നു പറയുന്ന ധാരാളം പുരുഷന്മാരെ എനിക്കറിയാം. അതാണവരെ ബലാൽസംഗം പോലെയുള്ള നീച പ്രവൃത്തികൾക്കു പ്രേരിപ്പിക്കുന്നത്. ഹിന്ദു തീവ്രവാദികളുടെ നാടെന്ന് നമ്മൾ പറയുന്ന ഗുജറാത്തിൽ രാത്രി 12 മണിക്കും ഒരു സ്ത്രിക്കു തനിയെ റിക്ഷാ പിടിച്ചു യാത്ര ചെയ്യാം. ആരും ബലാൽസംഗത്തിനു തുനിഞ്ഞതായി ഇതുവരെ കേട്ടിട്ടില്ല. 20 വർഷം ഞാൻ ഗുജറാത്തിൽ താമസിച്ചിട്ട് ഇതേവരെ ഒരൊറ്റ പ്രാവശ്യം പോലും ഒരു പുരുഷൻ കമൻറടിച്ചു കേട്ടിട്ടില്ല കേരളത്തിൽ (ക്രിസ്‌ത്യാനികളുടെ കേന്ദ്രത്തിൽ) വന്നിറങ്ങിയാലുടനെ അതു കേൾക്കാം.
ഏഴെഴുപതു തവണ ക്ഷമിക്കണമെന്നു പറഞ്ഞ ക്രിസ്തുവിൻ്റെ സഭയിൽ ഹൗവ്വാ ലോകാരംഭത്തിൽ ചെയ്തു എന്നു പറയപ്പെടുന്ന ഒരു തെറ്റിന് സ്ത്രീക്കു മാപ്പു നല്കിയിട്ടില്ല. പുരുഷനു പൗലോസ് ശ്ലീഹാ സൗകര്യ പൂർവം മാപ്പു നൽകിയിട്ടുണ്ട്: "ആദം വഞ്ചിക്കപ്പെട്ടില്ല. എന്നാൽ സ്ത്രീ വഞ്ചിക്കപ്പെടുകയും നിയമം ലംഘിക്കയും ചെയ്തു" (1 തിമോ 2. 14). നിയമം സ്ത്രീക്കല്ല പുരുഷനാണു കൊടുത്തിരുന്നത്. ലംഘിച്ചതു രണ്ടുപേരും കൂടിയാണ്. വസ്തുതകൾ വളച്ചൊടിച്ചു പുരുഷനെ കുറ്റവിമുക്തനാക്കുകയും സ്ത്രീയെ മനഃപൂർവം താറടിക്കുകയും ചെയ്തിരിക്കുന്ന ഈ വചനങ്ങൾ ദൈവത്തിൽ നിന്നുള്ളതാണെന്ന് എങ്ങനെ പറയും?
Mrs. Mercy B.J.,
Bellevue,
Stone House Hill P.O.,
Ooty
കഴിഞ്ഞ ലക്കം തുടർച്ച..
ശിരോവസ്ത്രമണിയൽ
പൗലോസിൻ്റെ ലേഖനങ്ങളിൽ, സ്ത്രീകൾക്കെതിരേ വിവേചനാപരമായി കാണപ്പെടുന്ന രണ്ടുഭാഗങ്ങളാണ് മുഖ്യമായുള്ളത്. ഒന്നാമത്തേത് ശിരോവസ്ത്രത്തെപ്പറ്റി പറയുന്ന ഭാഗമാണ് (1 കോറി 11, 2-16). ശിരോവസ്ത്ര നിർദ്ദേശത്തിന് അന്നത്തെ സാമൂഹ്യ സാഹചര്യങ്ങളിൽ മാത്രമേ സാധുതയുള്ളു, മാറി വരുന്ന സാമൂഹ്യ പരിതസ്‌ഥിതികളിൽ യാതൊരു പ്രസക്തിയുമില്ലെന്നതു വ്യക്തമാണല്ലോ. മതമൗലിക വാദികൾ മാത്രമേ അതിനെ മാറ്റമില്ലാത്ത വേദവാക്യമായി ഉയർത്തിപ്പിടിക്കയുള്ളു. പല പൗരാണിക ജനതകളുടെയുമിടയിൽ, വിശിഷ്യ മധ്യപൗരസ്ത്യദേശങ്ങളിൽ സ്ത്രീകൾ വെളിയിൽ പോകുകയോ പരസ്യവേദികളിൽ പ്രത്യക്ഷപ്പെടുകയോ ചെയ്യുമ്പോൾ ശിരോവസ്ത്രമണിയുക ഒരു പതിവായിരുന്നു. പുരുഷമേധാവിത്വചിന്തയിൽ നിന്നായിരിക്കാം ഈ പതിവ് ഉത്‌ഭവിച്ചത്. എന്നാൽ, മാന്യതയുടെ ഒരു ലക്ഷണമായി പരിഗണിച്ച് സഭയിലും ഈ പതിവു നിലനിർത്തുവാൻ നിർദേശിക്കയാണ് പൗലോസ് ചെയ്യുന്നത്. സ്ത്രികൾ വെളിയിൽ പ്രത്യക്ഷപ്പെടുമ്പോൾ ശിരോവസ്ത്രമണിയാതിരുന്നാൽ അതു സ്വഭാവദൂഷ്യത്തിൻ്റെ ലക്ഷണമായിട്ടാണ് അന്ന് ആളുകൾ പൊതുവേ കരുതിയിരുന്നത്. ക്രൈസ്‌തവ സ്ത്രികൾ ശിരോവസ്ത്രമണിയാതിരുന്നാൽ, അവരെക്കുറിച്ച് ആളുകൾ മോശമായി സംസാരിച്ചേക്കുമെന്ന പൗലോസിൻ്റെഭയമാണ് ഈ നിർദ്ദേശത്തിനു പിന്നിൽ എന്നുവേണം കരുതുവാൻ.
ദൈവവാക്യമല്ല, മനുഷ്യവാക്യം
എന്നാൽ വെറും കാലികപ്രസക്‌തി മാത്രമുള്ള ഒരാചാരത്തെ നിത്യസാധുതയുള്ള ഒരു നിയമം പോലെ ഊട്ടിയുറപ്പിക്കുവാൻ പൗലോസ് ഇവിടെ പരിശ്രമിക്കുന്നുണ്ടെന്നതു നിഷേധിക്കാനാവില്ല. അതിന് അദ്ദേഹം കൊണ്ടുവരുന്ന ന്യായങ്ങൾ ദുർബലവും ദൈവശാസ്ത്രപരമായി നിലനില്പില്ലാത്തതും സ്ത്രീകളെ തരം താഴ്ത്തുന്നതുമാണ്. യഹൂദ റബ്ബിയായി ശിക്ഷണം ലഭിച്ച പൗലോസ് റബ്ബിമാരുടെ ന്യായവാദങ്ങളാണ് ഇവിടെ കൊണ്ടുവരുന്നത്. പുരുഷൻ്റെ ശിരസ്സു ക്രിസ്‌തുവും ക്രിസ്തുവിൻ്റെ ശിരസ്സു ദൈവവുമായിരിക്കുന്നതു പോലെ, സ്ത്രീയുടെ ശിരസ്സു ഭർത്താവാണെന്ന ആശയവും (1 കോറി കോറി 11,3), പുരുഷൻ ദൈവത്തിൻ്റെ പ്രതിച്ഛായയും മഹിമയുമായിരിക്കുന്നതു പോലെ സ്ത്രീ പുരുഷൻ്റെ മഹിമയാണെന്ന ആശയവും (1 കോറി 11, 7) ദൈവശാസ്ത്രപരമായും ബൈബിൾ ശാസ്ത്രപരമായും പ്രശ്നങ്ങൾ നിറഞ്ഞവയാണ്.
ഉൽപത്തിയുടെ പുസ്തകം പറയുന്നത് സ്ത്രീയും പുരുഷനും ഒരുപോലെ ദൈവത്തിൻ്റെ പ്രതിച്ഛായയാണെന്നത്രേ (ഉൽപ 1, 26). പുരുഷൻ സ്ത്രീയിൽ നിന്നല്ല, സ്ത്രീ പുരുഷനിൽനിന്നാണ് ഉണ്ടായതെന്നും (1 കോ റി 11, 8) പുരുഷൻ സ്ത്രിക്കുവേണ്ടിയല്ല, സ്ത്രീ പുരുഷനുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടതെന്നും (1 കോറി 11, 9) പറയുമ്പോൾ, ഉൽപത്തി പുസ്തകത്തിൻ്റെ അക്ഷരാർത്ഥത്തിലുള്ള വ്യാഖ്യാനമാണ് പൗലോസ് സ്വീകരിക്കുന്നത്. ഈ അക്ഷരാർത്ഥ വ്യാഖ്യാനം മനുഷ്യോൽപത്തിയുടെ ദൈവശാസ്ത്രത്തിനു മുമ്പിൽ നിലനില്ക്കുന്നതല്ലല്ലോ. അതു മനസ്സിലാക്കിയതുകൊണ്ടാകാം, പിന്നിടു വരുന്ന രണ്ടു വാക്യങ്ങളിൽ സ്വയം തിരുത്താൻ പൗലോസ് ശ്രമിക്കുന്നത്: "കർത്താവിൽ പുരുഷനും സ്ത്രീയും പരസ്‌പരം ആശ്രയിച്ചാണു നിലകൊള്ളുന്നത്. എന്തെന്നാൽ, സ്ത്രീ പുരുഷനിൽനിന്ന് ഉണ്ടായതുപോലെ ഇന്നു പുരുഷൻ സ്ത്രീയിൽനിന്നു പിറക്കുന്നു. എല്ലാം ദൈവ ത്തിൽനിന്നു തന്നെ" (1 കോറി 11, 11-12).
"ദ ൂതന്മാരെ ആദരിച്ച്" വിധേയത്വത്തിൻ്റെ പ്രതീകമായ ശിരോവസ്ത്രം സ്ത്രീകൾ ധരിക്കണമെന്നു പറയുമ്പോൾ (1 കോറി 11, 10) ഐതിഹ്യങ്ങളുടെ ലോകത്തിൽ നിന്നുള്ള (Mythical) ഒരു ന്യായമാണ് പൗലോസ് മുന്നോട്ടുവെക്കുന്നത്. നീണ്ടമുടി പുരുഷന് അവമാനമാണെന്നും സ്ത്രീക്ക് അതു ഭൂഷണമാണെന്നും പ്രകൃതിയിൽനിന്ന് ഒരു ന്യായവും പൗലോസ് ആനയിക്കുന്നുണ്ട്. സാധാരണ മനുഷ്യർക്കു വേണ്ടിയുള്ള ഒരു 'മാനുഷിക' ന്യായം മാത്രമാണിത്. അങ്ങനെ നിലവിലുള്ള ഒരാചാരത്തെ താങ്ങിനിർത്തുവാൻ പൗലോസ് കൊണ്ടുവരുന്ന ന്യായങ്ങളെല്ലാം മുടന്തൻ ന്യായങ്ങളത്രേ. അവയോ, അവ താങ്ങിനിർത്തുന്ന ശിരോവസ്ത്രമണിയലെന്ന നിർദ്ദേശമോ തെറ്റാവരമുള്ള ദൈവവാക്യമല്ല, പ്രത്യുത സ്ഥലകാല സാഹചര്യങ്ങളനുസരിച്ച് മാറ്റം വരുത്താവുന്ന ബൈബിളിലെ മനുഷ്യവാക്യം മാത്രമാണ്.
സഭയിൽ സംസാരിക്കാൻ പാടില്ല
സ്ത്രീവിവേചനപരമായി കരുതപ്പെടുന്ന രണ്ടാമത്തെ ലേഖനഭാഗം 1 കോറി 14, 34-36 ആണ്. ഇവിടെ സ്ത്രിക്കു സഭയിൽ സംസാരിക്കാൻ പാടില്ലെന്നു പൗലോസ് നിർദ്ദേശിക്കുന്നു. 11-ാമധ്യായത്തിൽ പറഞ്ഞത്; പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുമ്പോൾ സ്ത്രീകൾ ശിരോവസ്ത്രം ധരിക്കണമെന്നു മാത്രമായിരുന്നു. എന്തുകൊണ്ട് ഈ പരസ്പരവൈരുധ്യം? പല വ്യാഖ്യാനങ്ങളാണ് ഇതിനു ബൈബിൾ പണ്ഡിതന്മാർ നല്കുന്നത്. ഈ രണ്ടാം ഭാഗം പൗലോസിൻ്റേതല്ല, മറ്റാരോ കൂട്ടിച്ചേർത്തതാണെന്നാണ് ചിലരുടെ അഭിപ്രായം. പരസ്യമായി പ്രാർത്ഥിക്കാനും പ്രവചിക്കാനും സ്ത്രീകൾക്കനുവാദമുണ്ടായിരുന്നത് വീട്ടുകാരു ം ബന്ധുക്കളും മാത്രമുകൊള്ളുന്ന "ഗൃഹസഭ "യിൽ ആയിരുന്നേനും പൊതുസമ്മേളനങ്ങളിൽ അതു പാടില്ലായിരുന്നുവെന്നും മറ്റുചിലർ.
ലേഖനം പൂർത്തിയാക്കിയശേഷം, കോറിന്തോസിൽ നടക്കുന്ന ചില അനാചാരങ്ങളെയും ക്രമക്കേടുകളെയും പറ്റി കിട്ടിയ റിപ്പോർട്ടിൻ്റെ വെളിച്ചത്തിൽ പൗലോസ് ശ്ലീഹാതന്നെ മാർജിനിൽ എഴുതിച്ചേർത്ത ഒരു കുറിപ്പാണിതെന്നു വേറെ ചിലർ. അതങ്ങനെയായാലും സ്ത്രി പുരുഷനു വിധേയയായിരിക്കുകയെന്നതും സമൂഹത്തിലും സഭയിലും രണ്ടാം സ്ഥാനം സ്വീകരിക്കുകയെന്നതും ദൈവികാംഗികാരമുള്ള ഒരു പ്രപഞ്ച നിയമമായിട്ടാണ് പൗലോസ് ശ്ലീഹാ കരുതിയത്. ഈ ധാരണയുടെ അടിസ്ഥാനം ദൈവചിത്തമോ ദൈവവാക്യമോ അല്ല, പ്രത്യുത അന്നത്തെ സമൂഹത്തിൻ്റെ സ്ത്രി വിരുദ്ധവും നിതിരഹിതവുമായ പാരമ്പര്യവും മുൻവിധികളുമാണ്. അവയിൽനിന്നു വിമുക്തനാകാൻ പൗലോസിനു കഴിഞ്ഞില്ലെന്നത് അദ്ദേഹത്തിൻ്റെ മാനുഷികമായ പരിമിതിയാണ്.
പൗലോസിൻ്റെ ശിഷ്യന്മാരും
പൗലോസിൻ്റെ ചിന്താഗതികളുടെ ചുവടുപിടിച്ചെഴുതിയ അദ്ദേഹത്തിൻ്റെ ചില ശിഷ്യന്മാരും സ്ത്രീകൾക്കെതിരേയുള്ള വിവേചനാപരമായ ആശയങ്ങൾ ആവർത്തിക്കുന്നതാണ് എഫേ 5, 22-33; കൊളോ 3. 18; 1തിമോ 2, 9 15 എന്നീ ലേഖനഭാഗങ്ങളിൽ നാം കാണുന്നത്. (ഈ ലേഖനങ്ങൾ പൗലോസിൻ്റെതായി നേരത്തെ കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ, പ്രാമാണികരായ ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, പൗലോസിൻ്റെ ചില ശിഷ്യന്മാർ എഴുതിയവയാണ് ഈ ലേഖനങ്ങൾ Deutero-Pauline Letters എന്നാണ് അവ അറിയപ്പെടുക). ഈ ലേഖനങ്ങളിലെ ആശയങ്ങളും തീർച്ചയായും സ്ത്രീകൾക്കെതിരേ വിവേചനാപരമാണ്, ബൈബിളനുസരിച്ചു തന്നെ തെറ്റുമാണ്. പൗലോസിനെപ്പറ്റി പറഞ്ഞതു തന്നെയാണ് ഈ ലേഖനകർത്താക്കളെപ്പറ്റിയും പറയുവാനുള്ളത്. അവർ തങ്ങളുടെ കാലത്തിൻ്റെയും ദേശത്തിൻ്റെയും സന്തതികളായിരുന്നു. പരിമിതികളുള്ള മനുഷ്യരായിരുന്നു. പരിമിതികളുള്ള ഈ മനുഷ്യരെ ദൈവം തെരഞ്ഞെടുക്കുകയും അവരിലൂടെ അവിടത്തെ രക്ഷാകരസന്ദേശം നമുക്കു നല്കുകയും ചെയ്തു. എന്നാൽ, അവരുടെ പരിമിതികളിൽ നിന്നുണ്ടാകുന്ന മനുഷ്യാംശത്തെ തിരുവചനങ്ങളുടെ സന്ദേശത്തിൽനിന്നു നാം തിരിച്ചറിയേണ്ടിയിരിക്കൂന്നു. സ്ത്രീകൾക്കെതിരേയുള്ള വിവേചനം ഇങ്ങനെയുള്ള മനുഷ്യാംശമാണ്, ദൈവവാക്യമല്ല
സ്ത്രീകളോടുള്ള പൗലോസിൻ്റെ സ്നേഹാദരവുകൾ
അവസാനമായി, ഒരു കാര്യം വിശിഷ്യ എടുത്തു പറയേണ്ടതുണ്ട്. പൗലോസ് ശ്ലീഹാ ഒരിക്കലും ഒരു സ്ത്രീ വിരോധിയായിരുന്നില്ല. സഭയിൽ സ്ത്രീകളുടെ സ്വാർത്ഥരഹിതമായ സേവനത്തെയും സ്വയംദാനത്തെയും വളരെയേറെ അദ്ദേഹം പ്രശംസിക്കയും വിലമതിക്കയും ചെയ്യുന്നുണ്ട്. തൻ്റെ സഹപ്രവർത്തകരായ പ്രിസ്കായും അക്വിലായും (റോമാ 16, 3-5), റോമാക്കാർക്കിടയിൽ കഠിനാധ്വാനം ചെയ്ത മറിയം (റോമാ 16, 6), കർത്താവിൽ അധ്വാനിക്കുന്നവരായ ത്രിഫേനായും ത്രിഫോസായും (റോമാ 16, 12), കർത്താവിൽ കഠിനാധ്വാനം ചെയ്ത തൻ്റെ പ്രിയപ്പെട്ട പേർസീസ് (റോമാ 16,12), സുവിശേഷത്തിനുവേണ്ടി പ്രാർത്ഥിച്ച എവോദിയായും സിന്തിക്കെയും (ഫിലി 4,2-3), ഭർത്താവ് അക്വീലയോട് കൂടി അപ്പോളോ എന്ന സുവിശേഷപ്രവർത്തകനെ കൂട്ടികൊണ്ടുപോയി ദൈവത്തിൻ്റെ മാർഗം കൂടുതൽ വ്യക്തമായി പറഞ്ഞു കൊടുത്ത പ്രിഷില്ല (അപ്പ 18,26), പീലിപ്പോസ് എന്ന ഡീക്കന്റെ കന്യകകളും പ്രവചനവരം ലഭിച്ചവരുമായ നാലു പുത്രിമാർ, (അപ്പോ 21,9), എന്നിങ്ങനെ അനവതി സ്ത്രീരത്നങ്ങളുടെ സുവിശേഷ പ്രവർത്തനങ്ങളെ സ്നേഹാദരവുകളോടെ പൗലോസ് എടുത്തുപറയുന്നു. അപ്പോസ്തൊലൻ്റെ ഈ അരൂപി ഉൾകൊള്ളുകയാണെങ്കിൽ സഭയിൽ സ്ത്രീകളുടെ നേർക്കുള്ള വിവേചനവും അവഗണനയും അവസാനിപ്പിക്കുന്നതിനും നീതിയുക്തമായി അവർക്കു ലഭിക്കേണ്ട അവകാശങ്ങളും സ്ഥാനവും അടിയന്തിരമായി ഉറപ്പാക്കുന്നതിനുമുള്ള സത്വര നടപടികൾ കൈകൊള്ളുവൻ സഭാധികാരികൾക്ക് അതു തീർച്ചയായും സഹായകമായിരിക്കും.