
മനുഷ്യരൊഴികെയുള്ള മൃഗങ്ങൾക്ക് യുക്തിയുണ്ടോ എന്നൊരു ചർച്ച എക്കാലത്തും ഉള്ളതാണ്. നമ്മൾ നമ്മളെത്തന്നെ 'യുക്തിചിന്തയുള്ള മൃഗങ്ങൾ' എന്ന നിലയിലാണ് നിർവചിച്ചിട്ടുള്ളത്. അതിനാൽ മനുഷ്യരല്ലാത്ത മൃഗങ്ങൾക്ക് ഈ യുക്തി നാം അനുവദിച്ചുകൊടുക്കുന്നില്ല. അവയ്ക്ക് ബുദ്ധിയുണ്ടെന്ന് എല്ലാവരും സമ്മതിക്കും. പക്ഷേ, അവയ്ക്ക് യുക്തിയുണ്ടോ? അവയ്ക്ക് യുക്തിയുണ്ടെന്ന് ചിലരെങ്കിലും പറയുന്നുണ്ട്. അതിനർത്ഥം അവ യുക്തിചിന്തയുള്ള ജീവികളാണെന്നാണ്. ചിലർ പറയും അവയ്ക്ക് സഹജവാസനകളും പഠിച്ചെടുത ്ത പെരുമാറ്റരീതികളും മാത്രമേയുള്ളൂ എന്ന്.
ഞാൻ കരുതുന്നത് അവയ്ക്കും യുക്തിയുണ്ടെന്നാണ്. നമ്മൾ മനുഷ്യർക്കുള്ള അതേ നിലവാരത്തിലും അളവിലും ആയിരിക്കണമെന്നില്ല.
മൃഗങ്ങൾ (പക്ഷികൾ ഉൾപ്പെടെ) വസ്തുക്കളെ ഉപകരണങ്ങളായി ഉപയോഗിക്കുന്നുണ്ടല്ലോ. വൈദ്യുതീകരിച്ച കമ്പിവേലികളിലേക്ക് മരങ്ങൾ തള്ളിയിട്ടശേഷം വീണ മരത്തിന് മുകളിലൂടെ ആനകൾ വേലി പ്രദേശം കടക്കുന്നതും നാം കണ്ടിട്ടുണ്ട്. അടച്ചിട്ട നായിൻ്റെ കൂട്ടിൽ നിന്ന് ഭക്ഷണം പുറത്തെടുക്കാൻ കാക്കകൾ വടികളും വളഞ്ഞ കമ്പിയും ഉപയോഗിക്കുന്നത് നാം കണ്ടിട്ടുണ്ട്. പകുതി നിറഞ്ഞ കുടത്തിൽ ചെറിയ കല്ലുകൾ പെറുക്കിയിട്ട് കാക്കകൾ തങ്ങൾക്ക് കുടിക്കാനായി വെള്ളത്തിൻ്റെ വിതാനം ഉയർത്തിക്കൊണ്ടുവരുന്നതും നമ്മൾ കണ്ടിട്ടുണ്ട്. വലിയ മത്സ്യങ്ങളെ പിടിക്കാൻ ചത്ത ചെറിയ മത്സ്യങ്ങളെ കൊറ്റികൾ ഉപയോഗിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇരുദിശയിലേക്കും നല്ലവണ്ണം ഗതാഗതമുള്ള തെരുവുകൾ വിദഗ്ധമായി മുറിച്ചുകിടക്കുന്ന തെരുവുനായ്ക്കളെയും നാം കണ്ടിട്ടുണ്ട്.
നമ്മുടെ നായ്ക്കളെയും പൂച്ചകളെയും പരിശീലിപ്പിക്കാൻ നമുക്ക് കഴിയുന്നുമുണ്ടല്ലോ, അല്ലേ? അതായത് നമുക്ക് അവയെ കണ്ടീഷൻ ചെയ്യാൻ കഴിയും. കണ്ടീഷനിംഗ് പോലും ഒരു യാന്ത്രിക പ്രതികരണമല്ല. 'ഞാൻ ഇങ്ങനെ പെരുമാറിയാൽ - അയാൾ ആഗ്രഹിക്കുന്നത് അതാണ് - എനിക്ക് പ്രതിഫലം തരും' എന്ന് മൃഗം കണക്കുകൂട്ടുകയാണ്. കാട്ടിലെ മൃഗങ്ങൾക്ക് പോലും നമ്മുടെ അടുക്കളയിൽ നിന്ന് എപ്പോഴാണ് എന്തെങ്കിലും മോഷ്ടിക്കേണ്ട സമയമെന്ന് കൃത്യമായി അറിയാം. മൃഗങ്ങൾ അവയുടെ അനുഭവത്തിലൂടെയും നിരീക്ഷണത്തിലൂടെയും ഇതെല്ലാം മനസ്സിലാക്കുന്നു. നമ്മുടെ അടുക്കളമുറ്റത്ത് വന്നിറങ്ങുന്ന ഒരു കാക്ക യഥാർത്ഥത്തിൽ നമ്മളിൽ പരീക്ഷണം നടത്തുകയാണ് - നമ്മുടെ പ്രതികരണം എന്തായിരിക്കുമെന്ന് പരീക്ഷിക്കുകയാണ്. അണ്ണാൻമാരും അതുതന്നെ ചെയ ്യുന്നുണ്ട്.
നമ്മൾ എന്താ ചെയ്യുന്നത്? നമ്മുടെ യുക്തിയും അനുഭവത്തെയും നിരീക്ഷണത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്, അല്ലേ? ശാസ്ത്രത്തിന്റെ അടിസ്ഥാനം എന്താണ്? അനുഭവം, പരീക്ഷണം, നിരീക്ഷണം, അനുമാനം! മൃഗങ്ങൾ ഇതെല്ലാം അവരുടേതായ രീതിയിൽ ചെയ്യുന്നുണ്ട് സർ.
ഞാൻ ഇപ്പോൾ ഈ രീതിയിൽ ചിന്തിക്കുന്നത് എന്തുകൊണ്ടാണെന്നല്ലേ? ഒരു സുഹൃത്ത് എനിക്ക് ജാക്വസ് കൂസ്റ്റോയുടെ (ഷാക്ക് കുസ്തു) ഒരു ഉദ്ധരണി അയച്ചുതന്നിരിക്കുന്നു.
"നാം യുക്തിപരമായി മാത്രം ചിന്തിക്കുകയാണെങ്കിൽ, ഭാവി തീർച്ചയായും ഇരുണ്ടതും വിരസവുമായേ മനസ്സിലാക്കാനാവു. പക്ഷേ, നാം യുക്തി പരതക്കും ഉപരിയാണ്. നാം മനുഷ്യരാണ് - നമുക്ക് വിശ്വാസമുണ്ട്, നമുക്ക് പ്രത്യാശയുണ്ട്, നമുക്ക് പ്രവർത്തിക്കാനും കഴിയും"
സമുദ്രശാസ്ത്രജ്ഞനും ചലച്ചിത്രകാരനും കണ്ടുപിടുത്തക്കാരനും എഴുത്തുകാരനുമായ ഈ ഫ്രഞ്ചുകാരൻ്റെ വരിയിൽ വലിയൊരു വിവേകമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.
വിശ്വാസം തീർച്ചയായും യുക്തിക്കും താർക്കികതക്കും മേലെയാണ്. (നമ്മുടെ യുക്തിക്ക് അപ്പുറമുള്ള പലതും ഉണ്ടെന്നും നമ്മുടെ യുക്തി പരിമിതമാണെന്നും ഉള്ള ബോധ്യമാണ് വിശ്വാസം). പ്രത്യാശയും യുക്തിക്ക് മേലെയാണ്. മനുഷ്യരെന്ന നിലയിൽ നമുക്ക് ഒരു ലക്ഷ്യപ്രാപ്തിക്കായി പ്രവർത്തിക്കാനും, അങ്ങനെ മാറ്റം കൊണ്ടുവരാനും കഴിയും. അതിനാൽ, യുക്തിയും യുക്ത് യടിസ്ഥിതമായ താർക്കികതയും മാത്രമേ നിങ്ങൾക്കുള്ളൂവെങ്കിൽ, അതനുസരിച്ച് മാത്രമുള്ള ഒരു ജീവിതമാണ് നിങ്ങളുടേതെങ്കിൽ, ജീവിതം നിങ്ങൾക്ക് വളരെ ഇരുണ്ടതും വിരസവുമായിരിക്കും.