top of page

ദൈവത്തോട് ചേര്‍ന്നു നില്‍ക്കുക

Jul 1, 2011

1 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Image of lending helping hand to the needy.

രാജാക്കന്മാരുടെ ഒന്നാം പുസ്തകം 18-ാമദ്ധ്യായത്തില്‍ 30 മുതലുള്ള വാക്യങ്ങളില്‍ ബലിയര്‍പ്പണത്തിന് ഒരുക്കമായുള്ള 5 കാര്യങ്ങള്‍ ദൈവം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അകന്നുപോയവരെയെല്ലാം പ്രവാചകന്‍ അടുത്തേയ്ക്ക് വിളിക്കുന്നു. ദൈവത്തില്‍നിന്നും സഭയില്‍ നിന്നുമെല്ലാം പലകാരണങ്ങളാല്‍ അകന്നുപോയവരുണ്ട്. അവരെല്ലാം ബലിപീഠത്തിന് അടുത്തേയ്ക്കുവരണം. അകന്നു പോകുന്നവര്‍ക്കെല്ലാം തകര്‍ച്ചകളാണ് സംഭവിക്കുന്നത്. ധൂര്‍ത്തപുത്രന്‍ പിതാവില്‍നിന്നും ജ്യേഷ്ഠനില്‍നിന്നും സ്വന്തംവീട്ടില്‍നിന്നും അകന്നുപോയപ്പോള്‍ ദുഷിച്ച സുഹൃത്ബന്ധങ്ങളില്‍ ചെന്നുവീണു. അവിടെനിന്നുമുള്ള യാത്ര പന്നിക്കുഴിയിലെത്തിച്ചേര്‍ന്നു. തിരിച്ചു പിതൃഭവനത്തിലേക്കു വന്നപ്പോള്‍ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകിട്ടി. കര്‍ത്താവിന്‍റെയടുക്കലേയ്ക്കു വന്നു സന്തോഷമനുഭവിക്കാന്‍ വിളിക്കപ്പെട്ടവരാണ് നമ്മള്‍. ബലിപീഠത്തില്‍ വിറകടുക്കുന്നതുപോലെ സഭയോടും സഭാംഗങ്ങളോടും നമ്മള്‍ ചേര്‍ന്നുനില്‍ക്കണം. ഒരിക്കലും നമ്മള്‍ ഒറ്റപ്പെട്ടു പോകരുത്. ഒറ്റയ്ക്കു നമ്മള്‍ ബലഹീനരാണ് ചുള്ളിക്കമ്പുകള്‍പോലെ നമ്മെ ആര്‍ക്കും ഒടിച്ചു കളയാനാവും. സഭാ കൂട്ടായ്മയോടു നമ്മള്‍ ചേര്‍ന്നുനില്‍ക്കുമ്പോള്‍ നമ്മള്‍ ബലം പ്രാപിക്കും. അവന്‍റെ ബലിപീഠത്തോട് ചേര്‍ത്ത് നമ്മുടെ ജീവിതങ്ങളെ നമുക്കടുക്കാം.

ബലിപീഠങ്ങള്‍ നേരെയാക്കുവാനുള്ള ക്ഷണം ദൈവം നമുക്കു തരുന്നു. എന്‍റെ ശരീരമാകുന്ന ബലിപീഠം പാപത്തിലൂടെ തകര്‍ന്നെങ്കില്‍ ജീവിതവിശുദ്ധിയിലൂടെ നാമതിനെ വീണ്ടെടുക്കണം. നമ്മുടെ വാക്കോ പ്രവൃത്തിയോ മൂലം ആരെങ്കിലും തകര്‍ന്നിട്ടുണ്ടെങ്കില്‍ അവരെ നാം തിരിച്ചുകൊണ്ടുവരണം. ഞാന്‍ മൂലം ഒരു ബലി പീഠവും തകരരുത്! എല്ലാവര്‍ക്കും എല്ലാമായി എല്ലാവരെയും വളര്‍ത്തുന്ന ഒരു ജീവിതമായി എന്‍റെ ജീവിതം മാറട്ടെ. ബലിപീഠത്തിനു ചുറ്റും ചാലുകീറുവാന്‍ ദൈവം ആവശ്യപ്പെടുന്നു. മറ്റുള്ളവരുമായുള്ള എന്‍റെ ബന്ധത്തില്‍ അവര്‍ക്കില്ലാത്ത ചില മൂല്യങ്ങള്‍ എന്നില്‍ അവര്‍ കാണണം. ലോകത്തിലാണെങ്കിലും ലോകത്തിന്‍റേതല്ലാത്തതുപോലെ ഞാന്‍ ജീവിക്കണം. വെള്ളത്തില്‍ കിടക്കുന്ന വള്ളത്തില്‍ വെള്ളം കയറാത്തതുപോലെ എന്‍റെ ജീവിതത്തെ ലോകാരൂപിയില്‍നിന്നും ഞാന്‍ കാത്തുസൂക്ഷിക്കണം. വേറിട്ട ഒരു ജീവിതശൈലിയുണ്ടെങ്കില്‍ മാത്രമെ മറ്റുള്ളവര്‍ക്ക് എന്നില്‍നിന്നും പലതും പഠിക്കുവാന്‍ കഴിയൂ. എല്ലാവരെയും പോലെ നമ്മള്‍ ആയിത്തീര്‍ന്നാല്‍ മറ്റുള്ളവര്‍ നമ്മില്‍നിന്നും എന്തു പാഠം പഠിക്കും?

നാലുകുടം വെള്ളം വീതം മൂന്നു പ്രാവശ്യം ബലിപീഠത്തില്‍ ഒഴിക്കുവാന്‍ കര്‍ത്താവ് ആവശ്യപ്പെടുന്നു. മണ്ണെണ്ണയും പെട്രോളും ഉപയോഗിച്ച് വിറകു കത്തിക്കാറുണ്ട്. വെള്ളമൊഴിച്ച് കത്തിക്കുവാനാണ് ദൈവത്തിന്‍റെ കല്പന. എന്‍റെ കഴിവുകളോ സാമര്‍ത്ഥ്യമോ അല്ല ദൈവത്തിന്‍റെ ശക്തിയാണ് എന്നിലൂടെ പ്രവൃത്തിക്കുന്നതെന്ന് ദൈവം പഠിപ്പിക്കുകയാണ്. തീജ്വാലയുയര്‍ന്നിട്ടും കത്തിക്കരിയാതെ മുള്‍പ്പടര്‍പ്പിനെ കാത്തവന് ഒന്നും അസാദ്ധ്യമായിട്ടില്ലെന്ന് പഠിപ്പിക്കുന്നു. വെറും നനഞ്ഞ വിറകുകൊള്ളികളായ നമ്മെ ദൈവമാണ് ജ്വലിപ്പിക്കുന്നത്. നനഞ്ഞ വിറകുപോലുള്ള ഭര്‍ത്താവിനെ, ഭാര്യയെ, മക്കളെ ദൈവത്തിനു ജ്വലിപ്പിക്കാനാവും. ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ലല്ലോ. ആ ശക്തമായ കരങ്ങളിലേയ്ക്ക് എന്നെതന്നെ വച്ചുകൊടുക്കുക. ഒരു പുതിയ ആകാശവും ഭൂമിയും ദൈവം നമുക്കായി ഒരുക്കുന്നു. ഞാനവിടുത്തോടു ചേര്‍ന്നു നില്‍ക്കുക. അവിടുന്ന് എന്നില്‍ അത്ഭുതം പ്രവര്‍ത്തിക്കട്ടെ.

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

0

0

Featured Posts

bottom of page