top of page

സാക്ഷി

Nov 5, 2009

1 min read

A sick person on her hospital bed
graphical representation of a sick person- Ai generated image

27-ാം നമ്പര്‍ മുറിയിലാകെ നിശ്ശബ്ദതയായിരുന്നു. മിണ്ടാനും പറയാനും ആരുമില്ലാത്ത ദുഃഖം കടിച്ചമര്‍ത്തി അവളാ ആശുപത്രി ജനാലയ്ക്കരികില്‍നിന്ന് കരയുകയാണ്. ജാലയ്ക്കരികിലേയ്ക്കു ചാഞ്ഞു നില്‍ക്കുന്ന ഓറഞ്ചുനിറമുള്ള കടലാസുപൂക്കള്‍ നിറഞ്ഞ ചെടി. പ്രണയത്തിന്‍റെ ചാരുതയാണ് കടലാസു പൂക്കള്‍ക്കെന്ന് തരുണ്‍ എപ്പോഴും പറയാറുണ്ടായിരുന്നെന്ന് അവളോര്‍ത്തു. കീറിപ്പോയ ഒരു കടലാസുതുണ്ടുപോലെ അവന്‍റെ ഓര്‍മ്മയും മായാതെ കിടക്കുന്നു.

മധ്യവേനലവധിയുടെ കടുത്തവെയിലിന് ഉല്ലാസത്തിന്‍റെ നിറഭേദങ്ങളായിരുന്നു പണ്ടൊക്കെ. മുടിനിറയെ മുല്ലമാല ചൂടിയുള്ള അമ്പലത്തില്‍പ്പോക്കും പിന്നെ നാട്ടുമാമ്പഴം പെറുക്കി കിന്നാരവും പറഞ്ഞുള്ള തിരിച്ചുപോക്കുമൊക്കെ അവള്‍ക്കു നീറ്റലുള്ള ചിന്തകളായി തോന്നി. മധുരമുള്ള വിങ്ങലുകള്‍!

എന്തിനാണ് ആളുകള്‍ പരസ്പരം സ്നേഹിക്കുന്നത്? അവസാനം പരസ്പരം പഴിചാരി പിരിഞ്ഞു പോകാനോ? അവനവന്‍റെ സ്വന്തം വഴികളിലേയ്ക്ക് വലിച്ചടുപ്പിക്കപ്പെടുമ്പോള്‍ നഷ്ടമാകുന്ന മധുരമുത്തുകള്‍ക്ക് ആരുത്തരം പറയണം? ഞാനോ നീയോ അല്ല, നമ്മളിരുവരുമല്ല, സാക്ഷിയായ കാലം മറുപടി പറഞ്ഞുകൊള്ളട്ടെ.

മരുന്നുകളുടെ ഗന്ധം നിറഞ്ഞ മുറിക്കുള്ളില്‍ കാലം മെനഞ്ഞുവച്ച ഈ വൃത്തികെട്ട രൂപമല്ലാതെ മറ്റെന്താണുള്ളത്? പണ്ടുണ്ടായിരുന്നതും ഇപ്പോഴില്ലാത്തതുമായ എന്തോ ഒന്നാണ് തനിക്കും തരുണിനുമിടയില്‍ നഷ്ടമായതും. മെല്ലെവരുന്ന ചെറുകാറ്റില്‍ ഇളകുന്ന വരണ്ടമുടി മാടിയൊതുക്കി അവള്‍ കിടക്കയ്ക്കരികിലേക്കു നീങ്ങി. രാത്രിയായാല്‍ പിന്നെ, ഓരോരോ ചിന്തകളാണ് ഉറക്കം വരാത്ത മണിക്കൂറുകളില്‍ നിറയുന്നത്. അതിനിടെ കുത്തിനോവിക്കും പോലെ തൊട്ടടുത്ത മുറികളില്‍ നിന്നുള്ള വേദന നിറഞ്ഞ രോദനങ്ങളും.

അവള്‍ക്കു മനസിലാവുന്നില്ല ഈ ജീവിതം. എന്താണ് ഓരോരുത്തരും പകര്‍ന്നാടുന്നത്? വെറും പാവക്കൂത്തുപോലെയാണ് മനുഷ്യരുടെ ജീവിതം എന്നവള്‍ക്കു തോന്നിത്തുടങ്ങയിരിക്കുന്നു. ഈ വേഷം കെട്ടലുകള്‍ക്കു ശേഷം അര്‍ത്ഥശൂന്യമായ ഒരു തിരിച്ചു പോക്കുണ്ട് - ഒന്നും നേടാതെ, നേടിയതൊക്കെ മറന്നുവച്ച് എവിടേയ്ക്കെന്നില്ലാത്ത അന്ത്യയാത്ര... അത് താനെത്ര നാളായി പ്രതീക്ഷിക്കുന്നു. ഒറ്റയ്ക്കിവിടിരുന്ന് അര്‍ബുദത്തിനോട് കിന്നാരം ചൊല്ലുമ്പോള്‍, ഈ രോഗം പകര്‍ന്നു തരുന്ന വേദനപ്പാട്ടുകള്‍ ഞരക്കവും മൂളലുകളുമായേറ്റു പാടുമ്പോള്‍ താനറിയുകയാണ് ആ ശൂന്യത. നിറഞ്ഞ ഇരുട്ടുപോലെ കനമാര്‍ന്ന ശൂന്യത.

റീത്താ... നിറഞ്ഞു കവിയുന്നൊരു വിളി. സേവ്യര്‍ എത്തിക്കഴിഞ്ഞു. ഭാര്യയോടുള്ള സ്നേഹത്തിന്‍റെയാഴം അളക്കാനറിയാത്ത പാവം മനുഷ്യന്‍. പക്ഷേ റീത്ത... ഒരിക്കലും അവളുടെ മനസ് അയാളില്‍ സ്വപ്നങ്ങള്‍ നെയ്തിട്ടില്ല. എങ്കിലും ഒരു ഉത്തമ ഭാര്യയുടെ വേഷം സംശയലേശമന്യേ കെട്ടിയാടി അവള്‍ അയാളെ സന്തോഷിപ്പിച്ചിരുന്നു. പ്രണയം പുഷ്പങ്ങള്‍ നിറച്ച ശവമഞ്ചമാണെന്ന് അയാള്‍ അവളോട് പറഞ്ഞുവച്ചു. അന്നുമുതല്‍ അവള്‍ തരുണിന്‍റെഓര്‍മ്മകള്‍ നിറഞ്ഞ പ്രണയഭാവങ്ങളെ അങ്ങനെയൊരു പെട്ടിയിലടക്കം ചെയ്ത് നെഞ്ചിലെ കൂട്ടില്‍ സൂക്ഷിച്ചു വച്ചു.

വേദനയുടെ ചുഴികള്‍ ശരീരമാസകലം മൂടിയാലെന്ന പോലെ അവള്‍ സാവധാനം അയാളുടെ ചുമലിലേയ്ക്ക് ശിരസ്സു ചേര്‍ത്തുവച്ചു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുമ്പോഴും സേവ്യറിന്‍റെ കരങ്ങളില്‍ മുറുകെപ്പിടിച്ച് ഏതോ സ്വപ്നലോകത്തെന്നതുപോലെ റീത്ത കാണപ്പെട്ടു.

റീത്താ, എന്തുപറ്റി നിനക്ക്? ദാ കണ്ണു തുറന്നു നോക്കിയേ. അവളാകട്ടെ, അപ്പൊഴേയ്ക്കും അയാളുടെ ചിലമ്പിച്ച സ്വരത്തിനുമപ്പുറത്തേയ്ക്ക് പഴയതെല്ലാം വിട്ട്, തരുണിനെയും ബൊഗെയ്ന്‍വില്ലപ്പൂക്കളേയും മറന്ന് മടങ്ങിപ്പോയിരുന്നു.

ഇതിനു കാലം സാക്ഷിയാണ്.

Featured Posts

bottom of page