top of page

അതിജീവനം

Jan 1, 2010

3 min read

ഫാ. ബോബി ജോസ് കട്ടിക്കാട്
A little flower, symbolizes hope

കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു പോകുമ്പോഴും ചില മനുഷ്യര്‍ അക്ഷോഭ്യരായി നില്ക്കുന്നത് കണ്ടിട്ടില്ലേ? കസന്‍ദ്സാക്കീസ് തന്‍റെ അച്ഛനെ ഓര്‍മ്മിച്ചെടുക്കുന്നതുപോലെ. പെരുമഴയില്‍ ഒരാണ്ടിന്‍റെ മുഴുവന്‍ അദ്ധ്വാനവും ഒലിച്ചുപോകുമ്പോള്‍ എല്ലാം പോയെന്ന് നിലവിളിക്കുന്ന മകനോട് നിശ്ശബ്ദനാകൂ, നമ്മളിവിടെയുണ്ട് എന്ന് ശകാരിക്കുന്ന ഒരാള്‍. ദുരിതങ്ങളുടെ മഴവെള്ളപ്പാച്ചിലിലൊക്കെ ആ മകന്‍ മിഴിപൂട്ടി ആ കാഴ്ചയെ തിരികെ പിടിക്കും. അങ്ങനെ സ്വസ്ഥനാകും. കൊച്ചു കൊച്ചു പ്രതിസന്ധികളില്‍ നിങ്ങളുമായി ബന്ധപ്പെട്ട ചില സ്മൃതികള്‍ നിങ്ങളുടെ ഉറ്റവരെ അതിജീവനത്തിന് സഹായിക്കുന്നുണ്ടോ? അയാള്‍ ശകാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവള്‍ നിലാവിന്‍റെ പ്രസാദം കൊണ്ട് അകം നിറയ്ക്കുന്നതുപോലെ...

മറ്റൊരാളുടെ അതിജീവനത്തിന് ത്വരകമാകുകയാണ് മനുഷ്യനെന്ന നിലയില്‍ ഒരാള്‍ക്ക് അനുവര്‍ത്തിക്കാവുന്ന ഏറ്റവും വലിയ സുകൃതമെന്ന് തോന്നുന്നു. ഒന്നോര്‍ത്താല്‍ ഏതൊരു ജീവജാലത്തിന്‍റെയും ഉള്ളില്‍ ആ പരമചൈതന്യം നിക്ഷേപിച്ചിട്ടുള്ള ഏറ്റവും പുരാതനവും അഗാധവുമായ വിത്താണത്. ഒരു കൊടും ശിശിരത്തില്‍ ധ്രുവപ്രദേശത്ത് സംഭവിക്കുന്നത് നോക്കുക. ചിലര്‍ ദീര്‍ഘമായ ഉറക്കത്തിലാണ്. വേറെ ചിലര്‍ പരസഹസ്രം കാതങ്ങള്‍ക്കപ്പുറത്തുള്ള വൃക്ഷച്ചില്ലകളെ തേടി പറന്നു പറന്നു പോവുകയാണ്. പാറ്റായെ നോക്കി വിസ്മയം കൊളളാന്‍ കുഞ്ഞുമക്കളെ പഠിപ്പിക്കണം. നിലനില്ക്കുന്നവയില്‍ വച്ചേറ്റവും പഴക്കമുളള ജീവസമൂഹമാണത്. സഹാറായിലും, സൈബീരിയായിലും പൊഖ്റാനിലുമൊക്കെ ഒരശുജന്മം സര്‍വൈവ് ചെയ്ത രീതി പറഞ്ഞ്...

  ഗുരുക്കന്മാര്‍ നമ്മളെ അഭ്യസിപ്പിക്കുന്നത് ജീവനകല മാത്രമല്ല അതിജീവന ഉപായങ്ങള്‍ കൂടിയാവണം. എല്ലാ സാഹചര്യങ്ങളും വിപരീതമോ, വിരുദ്ധമോ ആയ ഒരാളായിരുന്നു ക്രിസ്തുവെന്നോര്‍ക്കണം. ചെന്നായ്ക്കള്‍ക്കിടയിലേക്ക് അയയ്ക്കപ്പെട്ട കുഞ്ഞാട്ടിന്‍കുട്ടിയെന്ന സുവിശേഷ കല്പന ക്രിസ്തുവിനാവണം കൂടുതല്‍ നിരക്കുക. എന്തൊക്കെയാണെന്ന് പതം പറഞ്ഞ്  നേരം കളയേണ്ടതില്ലെന്ന് തോന്നുന്നു. ഒന്നും അവനിണങ്ങിയതായിരുന്നില്ല. എന്നിട്ടും പ്രതിസന്ധികളില്‍ നിന്ന് മാറി നടക്കാനല്ല അയാള്‍ കാംക്ഷിച്ചത്. മറിച്ച് കടല്‍ക്ഷോഭത്തിലേക്ക് കട്ടമരം ഇറക്കുന്ന സാഹസികനായ മുക്കുവനെപ്പോലെ അതിലേക്ക് ഇറങ്ങിച്ചെന്നു. അല്ലെങ്കില്‍ നമുക്ക് ജറൂസലേമിലേക്ക് പോകാമെന്ന വാക്കിന്‍റെ പൊരുളെന്താണ്? ജറൂസലേം പ്രവാചകന്‍മാരെ കൊല്ലാന്‍ പതിയിരിക്കുന്ന നഗരമാണ്. ഉയിര്‍പ്പാണ് അതിജീവനത്തിന്‍റെ ഓര്‍മ്മത്തിരുനാള്‍. എന്നിട്ടും നീഷെ പരിഹസിക്കുന്നതുപോലെ ക്രിസ്തുവിന്‍റെ ഭ്രമണപഥത്തില്‍ വലം ചുറ്റുന്നവര്‍ ഇത്രയും ദുര്‍ബലരും പേടിത്തൊണ്ടന്‍മാരുമായതെന്തേ? കഴുമരത്തിലേറിയ പോരാളിയുടെ ചീഞ്ഞളിഞ്ഞു തുടങ്ങുന്ന ശരീരത്തില്‍ തൊട്ടുനോക്കുവാന്‍ ഒരച്ഛന്‍ മകനോട് ആവശ്യപ്പെടുന്നു. ആരംഭത്തില്‍ പരാമര്‍ശിച്ച ആളു തന്നെ, കസന്‍ദ്സാക്കിസിന്‍റെ പോരാളിയായ അച്ഛന്‍.

നിശ്ചയദാര്‍ഢ്യമെന്ന ഒരായുധത്തെ രാകിരാകി മിനുക്കുക എന്നതാണ് അതിജീവനത്തിന്‍റെ ദിശയിലെ ആദ്യ ചുവടെന്ന് തോന്നുന്നു. നിന്നെ ഭാരപ്പെടുത്തുന്ന നുകങ്ങളില്‍നിന്ന് പുറത്തുകടക്കാന്‍ നിനക്ക് ആഗ്രഹമുണ്ടോയെന്ന ക്രിസ്തുവിന്‍റെ കുശലം ചോദിക്കല്‍പോലും അതിനുവേണ്ടിയാണ്. അത്തരം ഒരിച്ഛാശക്തിയും ആഭിമുഖ്യവും ഒരാള്‍ എപ്പോഴും പുലര്‍ത്തണമെന്നൊന്നുമില്ല. മുപ്പത്തിയെട്ടുവര്‍ഷമായി കുളക്കടവില്‍ തളര്‍ന്നു കിടക്കുന്ന ഒരാളോടുപോലും ക്രിസ്തു ചോദിക്കും: ഞാന്‍ നിനക്ക് എന്ത് ചെയ്തുതരണമെന്നാണ് നീ ആഗ്രഹിക്കുന്നത്. അസാധാരണമാണത്, എങ്കിലും കാരണമുള്ളത്. ദീര്‍ഘകാലമായി ചില അനുഭവങ്ങള്‍ക്ക് വിധേയപ്പെട്ടു കഴിയുന്നവര്‍ കാണെക്കാണെ അതുമായി സമരസപ്പെടുമെന്ന് ക്രിസ്തുവിനറിയാം.

  മലകളെ മാറ്റുന്ന വിശ്വാസത്തെക്കുറിച്ചാണ് ക്രിസ്തു എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്. മനുഷ്യന്‍റെ ഇച്ഛാശക്തിക്ക് മുമ്പില്‍ എന്താണ് വഴിമാറാത്തത്. ഒരാള്‍ക്ക് വ്യക്തവും തീവ്രവുമായ ചില ലക്ഷ്യങ്ങള്‍ ഉണ്ടാവുമ്പോള്‍ മുഴുവന്‍ പ്രപഞ്ചവും അയാളെ അതിന് സഹായിക്കുമെന്ന് പൗലോ കൊയ്ലോ. കുഞ്ഞുങ്ങള്‍ക്ക് പഴം പറിക്കാന്‍ വൃക്ഷം ചില്ലചായ്ച്ചു കൊടുക്കുന്നതുപോലെ. തങ്ങള്‍ക്കുവേണ്ടി ആ മൂടിക്കല്ല് ആരെടുത്തുമാറ്റുമെന്ന്  ഈസ്റ്റര്‍ പുലരിയില്‍ ഒരുമാത്ര സന്ദേഹികളാകുന്ന അവന്‍റെ സ്നേഹിതരെ ഓര്‍മ്മിക്കുക. എന്നിട്ടും യാത്ര മുറിയുകയോ മുടങ്ങുകയോ ചെയ്യുന്നില്ല. കല്ല് മാറുകതന്നെ ചെയ്യും. പൊതുവേ പുരുഷനെക്കാള്‍ അതിജീവനത്തിന്‍റെ ഊര്‍ജ്ജം നിയതി നിക്ഷേപിച്ചിരിക്കുന്നത് സ്ത്രീയിലാണ്. അതവള്‍ കാണാതെ പോകുന്നത് മാനവരാശിയുടെ ദുരന്തമെന്നല്ലാതെ എന്തു പറയാന്‍.

  വീശിയടിക്കുന്ന കാറ്റില്‍ പ്രത്യാശയുടെ ഒരു നാളം ഉലയാതെയും അണയാതെയും സൂക്ഷിക്കുകയെന്നതാണ് മറ്റൊരു പ്രധാന കാര്യം. പരദേശി മോക്ഷയാത്രയെഴുതിയ ജോണ്‍ ബനിയന്‍റെ കണ്ടെത്തല്‍പോലെ ബൈബിളില്‍ ഏകദേശം മുപ്പതിനായിരത്തോളം ദൈവികവാഗ്ദാനങ്ങളുണ്ട്. ഓരോ വാഗ്ദാനവും ശുഭാപ്തിയില്‍ ജീവിക്കാനുള്ള ഓര്‍മ്മപ്പെടുത്തലാണെന്ന് അയാള്‍ കരുതി. അതു നിറവേറുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ലയാള്‍ക്ക്. സംഖ്യ 23.19 ആണ് അയാളുടെ ബലം: വ്യാജം പറയാന്‍ ദൈവം മനുഷ്യനല്ല! പഴയതെല്ലാം കടന്നുപോകും. പുതിയ ആകാശവും പുതിയ ഭൂമിയുമുണ്ടാവും. അവിടെ കരച്ചിലോ, പ്രളയമോ ഉണ്ടാവില്ല - പുഞ്ചിരിയും മഴവില്ലും മാത്രം. ഹെമിംഗ് വേയുടെ കിഴവനും കടലും എന്ന തീരെ ചെറിയ പുസ്തകം ഭൂമിയിലെങ്ങുമുള്ള നഷ്ടധൈര്യര്‍ക്ക് സുവിശേഷമായി മാറിയത് അങ്ങനെയാണ്. ഒരു ദിവസം ഒരു വലിയ മീനെ പിടിക്കുമെന്ന് വിശ്വസിക്കുന്ന ഒരു വൃദ്ധന്‍. തുടര്‍ച്ചയായ എണ്‍പത്തിരണ്ടു ദിനങ്ങളിലും അയാള്‍ക്കതിനായില്ല. എണ്‍പത്തിരണ്ടാം ദിവസം അയാള്‍ ഒരു വലിയ മീനെ പിടിച്ചതാണ്. എന്നാല്‍, കെട്ടിവലിച്ച് കരയിലെത്തിച്ചപ്പോള്‍ എല്ലും മുളളും മാത്രം. മറ്റ് മത്സ്യങ്ങള്‍കൂടി ആക്രമിച്ചതാണ്. പാഴ്മരം തോളിലേറ്റി ക്രൂശിതനായ ക്രിസ്തുവിനെപ്പോലെ തളര്‍ന്നു മടങ്ങുമ്പോള്‍ അയാള്‍ പയ്യനോട് പറയുന്നു. എണ്‍പത്തിമൂന്നാം ദിവസം നല്ല ദിവസമാണ്, എനിക്കൊരു വല്യ മീന്‍ കിട്ടും. മനുഷ്യനെ നിങ്ങള്‍ക്ക് കൊല്ലാം, തോല്പിക്കാനാവില്ല, എന്നതായിരുന്നുവല്ലോ, ഹെമിംഗ്വേയുടെ വിശ്വാസപ്രമാണം.

വര്‍ത്തമാനത്തില്‍ ജീവിക്കാന്‍ അഭ്യസിക്കുന്നതാണ് മറ്റൊരു ക്രിസ്തു സൂചന. കലപ്പയില്‍ കൈവച്ചവര്‍ തിരിഞ്ഞുനോക്കരുതെന്ന് - തിരിഞ്ഞു നോക്കിയവരൊക്കെ ഉപ്പുതൂണായിട്ടുണ്ട്. ശരിയാണ് ഹൃദയത്തിന്‍റെ എന്തെങ്കിലും ഒരംശം ബാക്കിയുള്ളവര്‍ക്ക് എങ്ങനെ തിരിഞ്ഞുനോക്കാതിരിക്കാനാവും. എന്നിട്ടും സിഖ് കൂട്ടക്കൊലയില്‍ തന്‍റെ കുടുംബം നഷ്ടമായ ഒരു ടാക്സി ഡ്രൈവര്‍ മലയാളി പത്രപ്രവര്‍ത്തകനോട് പറഞ്ഞതുപോലെ, സാബ്, വണ്ടിയോടിക്കുമ്പോള്‍ കണ്ണാടിയിലൂടെ എനിക്ക് പുറകോട്ട് നോക്കേണ്ടിവരും. എന്നാല്‍, പുറകോട്ട് നോക്കി നോക്കി മാത്രം ഒരാള്‍ക്കെങ്ങനെ യാത്ര ചെയ്യാനാവും? ഞാനങ്ങു മുമ്പോട്ട് നോക്കിക്കോട്ടെ. പ്രായോഗിക വാദിയാകുന്നുവെന്ന് അപഹസിക്കരുതേ. ഭൂതകാലത്തില്‍ നുറുങ്ങി നിങ്ങള്‍ ജീവിക്കുന്നത് ആരെയും സഹായിക്കുന്നില്ല. നിങ്ങളയോ, നിങ്ങളുടെ ഉറ്റവരെയോ... പുറത്തു കടക്കണം. ആരുടെ ഇന്നലെകളിലാണ്, ചോരപൊടിയാന്‍ കാരണമില്ലാത്തത്. സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിക്കുമ്പോള്‍ ഞങ്ങളുടെ കുട്ടിയാശാന്‍മാര്‍, മുട്ടുപൊട്ടതെ, ഇത് പഠിച്ചിട്ടു കാര്യമില്ലെന്ന് പ്രഖ്യാപിച്ചിരുന്നതുപോലെ... എത്ര വീണിട്ടാണ് ഓരോരുത്തരും നടക്കാന്‍ പഠിക്കുന്നത്...

ഇനി അവശേഷിക്കുന്നതെന്തെന്ന് പരിശോധിക്കാനാവണം. കൈവശമെന്തുണ്ട് എന്ന് ക്രിസ്തു ആരാഞ്ഞതുപോലെ. ഏതാനും ചില അപ്പക്കഷണങ്ങള്‍ മാത്രമെന്നൊക്കെ കരുതി ഭാരപ്പെടരുത്. അതില്‍നിന്ന് ആയിരങ്ങള്‍ ഉണ്ടെന്നിരിക്കും.  ഏതു പ്രളയത്തിനുശേഷവും എന്തോ ചിലത് അവശേഷിക്കുന്നുണ്ട്. ഒരു പേടകം, ആലിലയില്‍ ഒരു കുഞ്ഞ്... അങ്ങനെയെന്തെങ്കിലുമൊക്കെ. ക്രിസ്റ്റഫര്‍ കൊയലോ എന്നൊരാളുടെ അനുഭവം വായിക്കുകയായിരുന്നു. യൂറേക്കെയെന്നാണ് ആ അധ്യായത്തിനയാള്‍ ശീര്‍ഷകമിട്ടിരിക്കുന്നത്. അയാളെക്കാള്‍ വിലയുള്ളതെന്ന് അയാള്‍ കരുതിയ ഒരു കാര്യം നഷ്ടമാകുകയാണ് - ക്യാമറ, അതിന്‍റെ എല്ലാ അക്സസറികളോടും കൂടി. ജീവിതത്തിന്‍റെ സര്‍ഗ്ഗാത്മകതയാണ് ആരോ കവര്‍ന്നത്. ഒരു പരാതി എഴുതി പോലീസ് സ്റ്റേഷനില്‍നിന്ന് പുറത്തുവരുമ്പോള്‍ അതു കിട്ടുമെന്ന പ്രതീക്ഷയാര്‍ക്കുമില്ല. തിരികെ നടക്കുമ്പോള്‍ മനസ്സിലൊരു പ്രകാശം വീണു. ആദ്യമായി കാണുന്നതുപോലെ അയാള്‍ തന്‍റെ വിരലുകളെ പരിശോധിച്ചു. അയാള്‍ നിരത്തിലേക്കു നോക്കി. അത് സജീവമായിത്തന്നെ നിലനില്ക്കുന്നു. ലോകം കീഴ്മേല്‍ മറിഞ്ഞിട്ടൊന്നുമില്ല. തിരികെ മുറിയിലെത്തിയപ്പോള്‍ ഗിത്താര്‍, പുസ്തകങ്ങള്‍, ചിത്രങ്ങള്‍ ഒക്കെയതുപോലെ തന്നെയുണ്ട്. കുളിത്തൊട്ടിയില്‍ നിന്ന് അര്‍ക്കിമീഡസ് ഇറങ്ങി ഓടിയതുപോലെ യുറേക്കായെന്ന് ആര്‍ത്തുവിളിക്കാന്‍ തോന്നി.

ജീവിതമേല്‍പ്പിക്കുന്ന ചില പരുക്കുകളെ സ്വീകരിക്കാന്‍ കഴിയാത്തതെന്തേ. അതിജീവനത്തിന്‍റെ ഏറ്റവും പ്രധാനനിയമങ്ങളിലൊന്ന് അഡാപ്റ്റേഷനാണ്. ദിനോസറുകള്‍ കടന്നു പോകുകയും അശുജന്മങ്ങള്‍ നിലനില്ക്കുകയും ചെയ്തതങ്ങനെയാണ്.  ദൈവത്തിന്‍റെ വികൃതിയിലെ അല്‍ഫോന്‍സച്ചന് കഴിയാതെ പോയതും അതാണ്. ദൈവദൂതന്‍ ഹാഗാറിനോട് പറഞ്ഞതുപോലെ ചില സങ്കടകാരണങ്ങളെ ചേര്‍ത്തുപിടിച്ചേ കഴിയൂ. 'ദി ലാസ്റ്റ് ലെക്ച്ചര്‍' എന്ന പുസ്തകം ശ്രദ്ധേയമാകുന്നത് അങ്ങനെയാണ്. അത്തരമൊരു രീതിയുണ്ട്. സ്വന്തം മരണത്തെ ഭാവനയില്‍ കണ്ടുകൊണ്ട് തങ്ങള്‍ക്ക് ഏറ്റവും മൂല്യമുള്ള ചില കാര്യങ്ങള്‍ പങ്കുവയ്ക്കുന്ന രീതി. അത്തരം ഒരു ക്ഷണം Randy Paush എന്ന കമ്പ്യൂട്ടര്‍ സയന്‍സ്പ്രൊഫസറെ തേടി വന്നപ്പോള്‍ അയാള്‍ക്കത് സങ്കല്പ്പിക്കേണ്ട ബാധ്യതയില്ലായിരുന്നു. കാരണം ഏതാനും മാസങ്ങള്‍ കൂടിയേ അയാള്‍ ഉണ്ടായിരിക്കുകയുള്ളെന്ന് വൈദ്യശാസ്ത്രത്തിനറിയാം. എന്നിട്ടും ഇത് മറ്റൊരു വിലാപത്തിന്‍റെ പുസ്തകമായില്ല. കനം തൂങ്ങിനിന്ന സദസ്സിനെ കുസൃതികൊണ്ടാണയാള്‍ നേരിട്ടത്. പുഷ് - അപ്പ് പോലും ചെയ്തു കാട്ടുന്നത്. ദീര്‍ഘമായ ഭാഷണത്തിനിടയില്‍ അയാളിങ്ങനെയും പറയുന്നുണ്ട്. ഒരു കളിയില്‍ നമ്മുടെ കൈയ്യില്‍ കിട്ടുന്ന ചീട്ടുകള്‍ മാറിയെടുക്കാന്‍ നമുക്ക് സ്വാതന്ത്ര്യമില്ല. എന്നാല്‍ അതെങ്ങനെ കളിക്കണമെന്ന് നിശ്ചയിക്കാനാവും. കാര്യങ്ങള്‍ അപ്പോളങ്ങനെയാണ്. കസന്‍ദ്സാക്കിസിന്‍റെ ഫ്രാന്‍സീസ് ക്രിസ്തുവിനോട് പരാതിപ്പെടുന്നു: നിനക്കു ത്ഥാനമുണ്ടായിരുന്നു. ഞാനാവട്ടെ, എപ്പോഴും കുരിശില്‍. ക്രിസ്തു പുഞ്ചിരിച്ചു: നിന്‍റെ കുരിശാരോഹണം തന്നെ നിന്‍റെ ഉത്ഥാനം - ശേഷമല്ലയെന്നര്‍ത്ഥം.

 എന്‍റെ വിശ്വാസങ്ങള്‍ എനിക്ക് കൂട്ടുവരേണ്ടതിവിടെയാണ്. സര്‍പ്പത്തെപ്പോലെ വിവേകിയാകാന്‍ ക്രിസ്തു ഒരിക്കല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എത്ര പ്രഹരമേല്‍ക്കുമ്പോളും ശിരസ്സിനടി കൊള്ളാതെ നോക്കുന്നുവെന്നതാണ് അതിന്‍റെ വിവേകങ്ങളിലൊന്ന്. നിങ്ങള്‍ വിശ്വസിക്കുകയും വിളിച്ചപേക്ഷിക്കുകയും ചെയ്യുന്ന ആ പരാശക്തി ഇനിയും ഇടപെടില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ദിശയറിയാതെ പ്രാണന്‍റെ ചെറിയ യാനപാത്രം വല്ലാതെ ഉലയുമ്പോള്‍ അലമാലകള്‍ക്ക് മീതെ വിരിയുന്ന ഗുരുപാദപത്മങ്ങള്‍. അയാള്‍ കാറ്റിനെയും കടലിനെയും ശകാരിക്കും.  He is Still the Point of My life. ചിലപ്പോള്‍ അയാള്‍ക്കൊരു ചങ്ങാതിയുടെ മുഖമാണ്. ദൈവം ഒരു നിര്‍മ്മലപാത്രമാണെന്നു തോന്നുന്നു. കൈക്കുടന്നയിലെ സങ്കടങ്ങളൊക്കെ അയാളിലേക്ക് പകര്‍ന്ന് സ്വന്തം സ്വാസ്ഥ്യം വീണ്ടെടുക്കാവുന്നതേയുള്ളു. അതുപോലെ നിന്നോട് പറഞ്ഞു കഴിയുമ്പോള്‍ ഉള്ളൊഴിഞ്ഞ് ഞാന്‍ വീണ്ടും ഉഷാറാവുന്നു. അവരിപ്പോള്‍ ചിരിക്കുന്നു, ഹാ നിറകണ്‍ ചിരി!


Featured Posts

bottom of page