
പുറത്തു മഞ്ഞുപെയ്യുകയായിരുന്നു...എങ്ങു നിന്നോ വന്ന കരോള്‍ഗാനത്തിന്‍റെ ശീലുകള്‍ വെള്ള പുതച്ചുറങ്ങുന്ന പൈന്‍ മരങ്ങളിലും, നെരിപ്പോടില്‍ നിന്നുയരുന്ന പുകയിലും തട്ടി ആ സായാഹ്നത്തിന് വിശുദ്ധമായ പരിവേഷം നല്‍കി. എല്ലാ ക്രിസ്തുമസ് കാലങ്ങളിലും പതിവുള്ളതുപോലെ അയാള്‍ തന്‍റെ വെള്ളത്താടിമീശകള്‍ നീട്ടിച്ചീകി ക്രിസ്മസ് കോട്ടുമിട്ടു കുടവയറിനുമുകളില്‍ കറുത്ത ബെല്‍റ്റും കെട്ടി ബൂട്ടിട്ട കനത്ത കാലുകളും വലിച്ചു കൊണ്ടു മഞ്ഞിലൂടെ ആയാസപ്പെട്ടു നീങ്ങി. തോളി ലെ ഭാരമേറിയ ഭാണ്ഡം ചുമലിനെ നന്നായി പ്രയാസപ്പെടുത്തുന്നുണ്ടായിരുന്നു. ഇപ്രാവശ്യമെങ്കിലും ഉണ്ണിയേശുവിനെ കാണാന്‍ പറ്റണമേയെന്നു അയാള്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. അതൊരു ശീലമാണ്; ഓരോ കുഞ്ഞിനും സമ്മാനം കൊടുക്കുമ്പോഴും അത് ഉണ്ണിയേശുവാണോ എന്ന് ശ്രദ്ധിച്ചു... ശ്രദ്ധിച്ചു.... പക്ഷെ ഇപ്രാവശ്യവും നിരാശപ്പെടാനായിരുന്നു വിധി. 'എത്ര കാലമായി ഞാന്‍ ഇങ്ങനെ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നു. എന്നിട്ടും എന്നെ കാണാന്‍ എന്തേ ഉണ്ണി വരാത്തത്?' എന്ന ചോദ്യചിഹ്നം ഒരു നിരാശയില്‍ തൂങ്ങി അയാളുടെ നെഞ്ചില്‍ കൊളുത്തിവലിച്ചു. കാര്‍ണിവല്‍ സ്ഥലത്തുവച്ച് പതിവ് പോലെ അയാള്‍ സമ്മാനങ്ങള്‍ നല്‍കിത്തുടങ്ങി.
കരയുന്ന കുട്ടികള്‍, ഒരു കയ്യില്‍ സമ്മാനം ഒളിപ്പിച്ചു മറുകൈ നീട്ടുന്നവര്‍, താടിയിലും മുടിയിലും പിടിച്ചു വലിക്കുന്ന കുസൃതിക്കുടുക്കകള്‍, വലിയ സമ്മാനത്തിനായി കരയുന്നവര്‍,..... അങ്ങനെ ഓരോ കുഞ്ഞിനുനേരെയും സമ്മാനം വച്ച് നീട്ടു മ്പോളും അത് താന്‍ കാണാന്‍ ആഗ്രഹിക്കുന്ന മുഖമല്ല എന്ന് തിരിച്ചറിഞ്ഞു വിഷമിച്ചു പതിയെ സഞ്ചി മടക്കി.
പെട്ടന്ന് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു കുഞ്ഞി കൈ അയാളുടെ ഉടുപ്പില്‍ വലിച്ചു. 5 വയസ്സു കാണും ; പഴകി പിഞ്ഞിതുടങ്ങിയ കമ്പിളി വസ്ത്രത്തില്‍ നിന്ന് തന്നെ ആളൊരു ദരിദ്രനാണെന്നു മനസിലായി.
' എന്തേ'? പുഞ്ചിരിച്ചുകൊണ്ടായാള്‍ ചോദിച്ചു.
'സാന്താ ക്ലോസ് അല്ലേ?. ഇപ്രാവശ്യം എനിക്കെന്തു സമ്മാനമാ തരാന്‍ പോണേ'? അത്ഭുതവും ആവേശവും ആ കുഞ്ഞിക്കണ്ണുകളെ കൂടുതല്‍ വിരിയിച്ചു.
'എന്താ വേണ്ടേ'? ഒഴിഞ്ഞ ഭാണ്ഡം പിന്നിലേ ക്കൊളിപ്പിച്ചുകൊണ്ടായാള്‍ ചോദിച്ചു.
'ഇപ്രാവശ്യം എനിക്കൊന്നും വേണ്ട, ഞാനൊരു സമ്മാനം അങ്ങോട്ട് തരട്ടെ? എന്തുണ്ടെങ്കിലും മറ്റുള്ളവര്‍ക്കും കൊടുക്കണമെന്ന് പപ്പ പറഞ്ഞായിരുന്നു. സാന്താക്ലോസിനു ക്രിസ്മസിനു സമ്മാനം തരാന്‍ ആരുമില്ലല്ലോ, ഞാനൊരു സമ്മാനം തരട്ടെ?'
ഇപ്രാവശ്യം ഞെട്ടിയതയാളാണ്. ശരിയാണ് , എത്ര കാലമായി ഒരു സമ്മാനം കിട്ടിയിട്ട്!
അതേ അമ്പരപ്പോടെ അയാളവനെ നോക്കി. അവന്‍ പതിയെ കൈയ്യിലിരുന്ന പക ുതി തിന്ന, അലിഞ്ഞു തുടങ്ങിയ ഒരു ചോക്കളേറ്റ് കഷ്ണമെടുത്തു അയാളുടെ വായില്‍ വച്ച് കൊടുത്തു.
'എന്‍റടുത്ത് ഇതേ ഉള്ളൂ, പപ്പ വാങ്ങി തന്നതാ .... നല്ല രുചിയില്ലേ'?
നാവിലെവിടെയോ അയാള്‍ക്ക് ഈശോയെ രുചിച്ചു...... നല്ല മധുരം!.... അയാള്‍ അപ്പോള്‍ കരയുകയായിരുന്നു.... കണ്ടു നിന്നവരും.
പിറ്റേവര്‍ഷം കൂടുതല്‍ ഉത്സാഹത്തോടെ അയാള്‍ ക്രിസ്മസ് സമ്മാനങ്ങളുമായി കുട്ടികളെ തേടിയിറങ്ങി..... ഓരോ കുഞ്ഞും ഉണ്ണീശോയാണെന്ന ഉറപ്പോടെ...
കുട്ടികളും അപ്പോള്‍ അയാളെ കാത്തിരിക്കുകയായിരുന്നു..... അയാള്‍ക്ക് നല്‍കാനുള്ള കുഞ്ഞു സമ്മാനങ്ങളുമായി...
പുറത്തപ്പോഴും മഞ്ഞുപെയ്യുകയായിരുന്നു ...!