top of page

ശ്വേത

Jan 1, 2016

1 min read

Assisi Magazine
a girl's emoji

മുംബൈയിലെ കാമാത്തി പുരയില്‍ ലൈംഗികതൊഴിലാളിയുടെ മകളായി പിറന്നുവീണ പെണ്‍കുട്ടി... ചുവന്ന തെരുവില്‍ വളരുന്ന ഏതൊരു പെണ്‍കൊടിയേയുംപോലെ അവളും ആ തൊഴിലിന്‍റെ ഭാഗമാവുമെന്ന് വിലയിരുത്തിയവര്‍ക്ക് മുന്നില്‍ നിന്ന് ലോകത്തിന്‍റെ നെറുകയില്‍ എത്തിയവള്‍..


യു എന്നിന്‍റെ യൂത്ത് കറേജ് അവാര്‍ഡ്, ഗൂഗിളിന്‍റെ പ്രത്യേക അതിഥിയായി ഗൂഗിള്‍ ആസ്ഥാനം സന്ദര്‍ശിക്കാനുള്ള അവസരം, ന്യൂസ് വീക്ക് മാഗസിന്‍ തയ്യാറാക്കിയ ലോകം അറിഞ്ഞിരിക്കേണ്ട 25 വനിതകളുടെ പട്ടികയില്‍ ഒരാള്‍... കാമാത്തിപുരയിലെ ആ പെണ്‍കുട്ടിയെത്തേടിയ നേട്ടങ്ങളാണിവ. ചുവന്ന തെരുവില്‍ പിറക്കുന്ന ഓരോ കുഞ്ഞും ഇരുട്ടിന്‍റെ സന്തതികളായി സ്വയം മാറുമ്പോള്‍ വെളിച്ചത്തിന്‍റെ വഴികാട്ടിയാക്കി ശ്വേതയെ മാറ്റിയത് അമ്മ വന്ദന കാട്ടിയായിരുന്നു... പ്രണയത്തിന്‍റെ തീവ്രതയില്‍ കാമുകനൊപ്പം ഇറങ്ങിത്തിരിച്ച വന്ദന സ്നേഹം വില്പന മാത്രമാകുന്ന ചുവന്നതെരുവില്‍ എത്തപ്പെടുകയായിരുന്നു. ചതിയുടെയും വഞ്ചനയുടെയും നോവുകള്‍ അറിഞ്ഞ് ലൈംഗികതൊഴിലാളിയായി തുടരുമ്പോഴാണ് ശ്വേതയുടെ ജനനം. രണ്ടാം ഭര്‍ത്താവിനോടൊപ്പമുള്ള ദുരിതജീവിതത്തിനിടയിലും തന്‍റെ മകളെ ചുവന്ന തെരുവിന് വിട്ടുകൊടുക്കാന്‍ വന്ദന തയ്യാറല്ലായിരുന്നു. 10 വയസ്സുള്ളപ്പോള്‍ രണ്ടാനച്ഛനാല്‍ പീഡിപ്പിക്കപ്പെട്ട ശ്വേതയ്ക്ക് വിദ്യാഭ്യാസം നല്കാനായി പല തൊഴിലുകള്‍ ചെയ്തെങ്കിലും ചുവന്ന തെരുവിന്‍റെ മേല്‍വിലാസം വന്ദനയ്ക്കെന്നും തടസ്സമായിരുന്നു. മകളെ വളര്‍ത്താനായി ആ അമ്മ വീണ്ടും ചുവന്ന തെരുവിലേക്ക് മടങ്ങി...


പല തവണ പഠിപ്പ് മുടങ്ങിയിട്ടും ശ്വേതയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കി അവളെ ലോകമറിയുന്ന പെണ്‍കുട്ടിയാക്കിയത് ചില അധ്യാപകരായിരുന്നു. പത്താം ക്ലാസ് ജയിച്ചശേഷം ചുവന്നതെരുവിലെ ലൈംഗികതൊഴിലാളികളുടെയും അവരുടെ മക്കളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ക്രാന്തി എന്ന സംഘടനയില്‍ ശ്വേത അംഗമായി. അങ്ങനെയാണ് ചുവന്നതെരുവിലെ ജനങ്ങളുടെ പുനരധിവാസത്തിനായി ശ്വേത പ്രവര്‍ത്തിച്ചുതുടങ്ങിയത്. ഇന്ന് അമേരിക്കയിലെ പ്രശസ്തമായ ബാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ സ്കോളര്‍ഷിപ്പോടെ സൈക്കോളജി പഠിക്കുന്ന ശ്വേത ചുവന്നതെരുവിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഒരു നേരത്തെ ആഹാരത്തിനായി ശരീരം വിറ്റു ജീവിക്കുന്ന ലൈംഗിക തൊഴിലാളികള്‍ക്കും അവരുടെ മക്കള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കാനുള്ള പ്രയത്നത്തിലാണ് ചുവന്നതെരുവില്‍നിന്ന് ഉയര്‍ന്നുവന്ന ഈ പെണ്‍കൊടി.

Featured Posts

Recent Posts

bottom of page