top of page
മനുഷ്യന്‍റെ ഏറ്റവും വലിയ ദുഃഖമെന്തെന്നാല്‍ അവന് മരിക്കാനാവില്ല എന്നതാകുന്നു. എല്ലാവരും അമരത്വത്തിനുവേണ്ടി പ്രയത്നിക്കുമ്പോള്‍ ഇതൊരു സന്തോഷവാര്‍ത്തയല്ലേ എന്ന സന്ദേഹം സ്വാഭാവികമാണ്. അതെ, ഇതൊരു സന്തോഷവാര്‍ത്തയാണ്. ഈ സദ്വാര്‍ത്ത ഘോഷിക്കാനാണ് എല്ലാ മഹത്തുക്കളും വന്നിട്ടുള്ളത്. ഇനി വരാനിരിക്കുന്നവര്‍ക്ക് പറയാന്‍ ഇതിലപ്പുറമൊരു സുവിശേഷമുണ്ടാവില്ല; കേള്‍ക്കാനും. നൂറ്റാണ്ടുകളായി ഇതുതന്നെ പല ഭാഷയില്‍ പല രീതിയില്‍ പറഞ്ഞും കേട്ടും വെറുമൊരു ക്ലീഷേ ആയിപ്പോയിരിക്കുന്നു, സത്യം. അതുകൊണ്ടാണ് നീഷേ പറഞ്ഞത്... 'ദൈവം മരിച്ചിരിക്കുന്നു'വെന്ന്.
ഒരു ഭാരതീയനെ സംബന്ധിച്ച് യേശുവിന്‍റെ പുനരുദ്ധാനമോ നീഷേയുടെ പ്രസ്താവമോ ഒരിക്കലും അതിശയോക്തിയുടെ ഗണത്തില്‍ വരുന്നതല്ല. കാരണം, സത്യം തനിക്കുപുറത്താണെങ്കില്‍ സത്യത്തിനു പുറത്തൊരു നിലനില്പുണ്ടെന്ന് ലളിതമായ യുക്തികൊണ്ടുതന്നെ ഗ്രഹിക്കാനാവുമെന്ന് അവനറിയാം. നീഷേയുടെ ഈ പ്രസ്താവത്തിനപ്പുറം അദ്ദേഹത്തെക്കുറിച്ച് എനിക്ക് ഒന്നുംതന്നെ അറിഞ്ഞുകൂടാ. ഒന്നറിയാം, അത്യുച്ചാവസ്ഥയും അതിനീചാവസ്ഥയും നിസ്സംഗതയുടെ ഇരിപ്പിടമാകുന്നു. തമിഴില്‍ ഒരു ചൊല്ലുണ്ട് - 'സിത്തനും പിത്തനും ഒരുപോല്‍ ഇരുപ്പാര്‍' എന്ന് സിത്തനെന്നാല്‍ സിദ്ധന്‍. കിട്ടേണ്ടത് കിട്ടിയവന്‍, അറിയേണ്ടത് അറിഞ്ഞവന്‍. പിത്തനെന്നാല്‍ ഭ്രാന്തന്‍. ഈ രണ്ടു തലങ്ങള്‍ തമ്മില്‍ ഭേദമില്ലെന്നല്ല, അവിടെയൊരു പൊതുഘടകമുണ്ട്. അത് സംഗവിഹീനതയാകുന്നു, നിസ്സംഗത്വമാകുന്നു. സുന്ദരമൂര്‍ത്തിനായനാര്‍ തന്‍റെ ശിവസ്തുതി ആരംഭിക്കുന്നതുതന്നെ 'പിത്താപിറൈസൂതി' എന്നാണ്. ഇന്നത്തെ കാലത്തായിരുന്നെങ്കില്‍ ആ ഒരു വരികൊണ്ടുതന്നെ അദ്ദേഹം സിദ്ധികൂടിയേനെ എന്നു തോന്നുന്നു. ഗുരുദേവനുപോലും പറയേണ്ടിവന്നിട്ടുണ്ട്, നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണെന്ന്. അതെ, ചില കാലത്ത് ചില രീതിയില്‍ കാര്യങ്ങളെ അവതരിപ്പിക്കേണ്ടതുണ്ട്. മഹത്തുക്കള്‍ കാലാതീതമായതിന് കാലികഭാഷ്യം ചമയ്ക്കുന്നവരാണ്. കാലാന്തരത്തില്‍ പ്രയോഗാധിക്യംമൂലം ആ വാക്കുകളിലെ സ്ഫോടനാത്മകത നഷ്ടപ്പെട്ടുപോകുന്നു. പുതിയ കാലത്തിന്‍റെ ഭാഷയില്‍ അതിനെ പുനരാവിഷ്കരിക്കേണ്ടിവരുന്നു. അതിനെ ഗുരുനിന്ദ എന്നുപറഞ്ഞ് സംത്രാസപ്പെട്ട് ആരെയും കുരിശിലേറ്റാതിരിക്കാനുള്ള വിവേകമെങ്കിലും കാണിക്കുക. ഈ സംത്രാസം ഗുരുദേവനെപ്പോലുള്ള മഹത്തുക്കള്‍ക്കുണ്ടായിരുന്നെങ്കില്‍ തങ്ങളുടേതായ കാലത്ത് തങ്ങളുടേതായ ഭാഷയില്‍ അവരൊന്നും സത്യത്തെ വ്യാഖ്യാനിക്കുമായിരുന്നില്ല. ഗുരുക്കന്മാരെ വ്യക്തികളായിക്കാണുന്നതുകൊണ്ടാണ് നമുക്കീ സംത്രാസമുണ്ടാകുന്നത്.
ഗുരുര്‍ബ്രഹ്മ ഗുരുര്‍വിഷ്ണു ഗുരുര്‍ദേവോ മഹേശ്വരാഗുരുസാക്ഷാത്പരംബ്രഹ്മ തസ്മൈശ്രീഗുരുവേ നമഃ
എന്നൊക്കെയാണല്ലോ അതിന്‍റെ ഒരു രീതി. ഭഗവാന്‍ ഗീതയിലും നല്കുന്നത് ഈ സന്ദേശം തന്നെയാണ്. അദ്ദേഹം പറയുന്നു: "സര്‍വ്വ ഭൂതങ്ങള്‍ക്കും മഹേശ്വരനായ എന്‍റെ യഥാര്‍ത്ഥരൂപം അറിയാത്ത അവിവേകികള്‍ മനുഷ്യദേഹത്തെ ആശ്രയിച്ചവനെന്ന് എന്നെ അപമാനിക്കുന്നു." മിക്കവാറും എല്ലാ ഗുരുക്കന്മാരും സമാധിക്കുമുമ്പ് ഇത്തരമൊരു പ്രസ്താവം നടത്തിയിട്ടുണ്ടാവണം. ഇത് മഹത്തുക്കളുടെയെല്ലാം ദുര്യോഗമാകുന്നു.
പറഞ്ഞുവന്നത്, സാധാരണ മനുഷ്യന്‍റെ ദുര്യോഗത്തെക്കുറിച്ചായിരുന്നു. അവന് മരിക്കാനാവില്ലെന്ന സത്യത്തെക്കുറിച്ചായിരുന്നു. സത്യം നമ്മെ സ്വതന്ത്രരാക്കേണ്ടതാണ്. അങ്ങനെ സംഭവിച്ചിട്ടില്ലെങ്കില്‍ നാമറിഞ്ഞത് വെറും വാക്കുകള്‍. ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്‍റെ ഒരു കവിതയില്‍ പറയുന്നതുപോലെ ചത്തമീനുകള്‍. ഗുരുദേവന്‍ ജനനീനവരത്നമഞ്ജരിയില്‍ ഒരു വല്ലാത്ത പദമുപയോഗിക്കുന്നുണ്ട് -കീലാലവായ്പനലകോലാഹലം (ജലം, വായു, അഗ്നി)- എന്ന്. ജഗത്തിന്‍റെ ഭ്രമാത്മക ഭാവത്തെക്കുറിക്കാന്‍ അദ്ദേഹമുപയോഗിച്ച ആ പദത്തില്‍ മണ്ണും വിണ്ണും ഒഴിവാക്കപ്പെട്ടത് വെറും യാദൃച്ഛികമെന്ന് കരുതാനാവില്ല. കാരണം നമ്മുടെ കാഴ്ചകളെല്ലാം, ക്രിയാകലാപങ്ങളെല്ലാം സംഭവിക്കുന്നത് വാസനയുടെ ആകാശത്തിലാണ്. അതുകൊണ്ടാണ് ഓരോ കാഴ്ചയും ഓരോരുത്തരിലും ഓരോ തരം പ്രതികരണം ഉണ്ടാക്കുന്നത്. വാസ്തവത്തില്‍ മനുഷ്യനെന്നാല്‍ മണ്ണും വിണ്ണുമാണ്. കുരിശുപോലെ ഒരു പ്രതീകം, ഇഹപരങ്ങളെ പ്രതിനിധാനം ചെയ്യുന്നത് വളരെ വിരളമാണ്.
പ്രകൃതിക്ക് സമാന്തരമായി പോകുന്ന ഒരു ശരീരവും പ്രകൃതിയെ ഉല്ലംഘിച്ചുപോകുന്ന ഒരു ബോധതലവും മനുഷ്യനുണ്ട്. ഒരു കുരിശില്‍ നമുക്കതിനെ വായിച്ചെടുക്കുക എളുപ്പമാണ്. സങ്കലനചിഹ്നമാണത്. യോഗാത്മകതയുടെ പ്രതീകം. അതില്‍നിന്ന് ഉപരിതലത്തിലേക്കു പോകുന്ന രേഖയെ വേര്‍പ്പെടുത്തിയാല്‍ അത് വ്യവകലനചിഹ്നമാകുന്നു. ഒരു കുരിശ് പറയാതെ പറയുന്ന ഒരുപാടു കാര്യങ്ങളുണ്ട്. കുരിശിന്‍റെ സംഗമബിന്ദു നിഷ്പക്ഷ തലമാണ്. കണക്കിലെ പൂജ്യം. മഹാത്മക്കളെല്ലാം സംപൂജ്യരാണ്. നിഷ്പക്ഷതലത്തില്‍ ജീവനെ ചേര്‍ത്തുവച്ചവര്‍. നന്മയെന്ന പൊന്നിന്‍ചങ്ങലയും തിന്മയെന്ന ഇരുമ്പുചങ്ങലയും പൊട്ടിച്ചെറിഞ്ഞവര്‍. മരണത്തെ കടന്നവര്‍, ജന്മത്തെ കടന്നവര്‍, മരണം, ജനനം, ശരീരമെന്നൊക്കെ പറഞ്ഞാല്‍ മണ്ണെന്നാണര്‍ത്ഥം. ബോധമെന്നാല്‍ വിണ്ണെന്നും. അതിനിടയില്‍ വരുന്നതെല്ലാം കീലാലവായ്പന കോലാഹലം മാത്രം. മഹത്തുകള്‍ക്ക് ഇത്രയേ പറയാനുള്ളൂ. അമ്മയുടെ കൂടെ ഉറങ്ങണമെന്നും അച്ഛന്‍റെ കൂടെ പൂരത്തിനു പോകണമെന്നും വാശിപിടിക്കരുത്. ശരീരം നശ്വരമാണ്. ബോധം ശാശ്വതവും. തന്നിലെ ബോധത്തെ ബോധിക്കുക. അമരനാകുക. അതിന് ഗുരുദേവന്‍ ഏവരെയും അനുഗ്രഹിക്കട്ടെ.
Featured Posts
bottom of page