top of page

വിഷാദരോഗം (Depression)

Oct 1, 2010

2 min read

ഫാ. എഡ്വേര്‍ഡ് ജോര്‍ജ്
Image : A painting of a lady covering her face due to depression

നമ്മുടെ ഇടയില്‍ സര്‍വസാധാരണമായി, ഒരുപക്ഷേ വളരെ ലാഘവത്തോടെ ഉപയോഗിക്കുന്ന ഒരു പദമാണ് ഡിപ്രെഷന്‍(depression). മനഃശാസ്ത്രത്തില്‍ ഈ പദത്തിന് വളരെയേറെ വ്യക്തമായ നിര്‍വചനങ്ങളുണ്ട്. എപ്പോഴൊക്കെയോ തോന്നുന്ന ഒരു ലോമൂഡിന് ഡിപ്രസ്സീവ് സിസോര്‍ഡര്‍ എന്നുപറയുന്നില്ല. രണ്ടാഴ്ചയോ അതിലധികമോ കാലം നീണ്ടുനില്ക്കുന്ന ഒന്നിലധികം വിഷാദരോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ലോ മൂഡിനെ വിഷാദരോഗമായി കണക്കാക്കാനാകൂ. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍പേരെ ബാധിക്കാന്‍പോകുന്ന രോഗം ഹൃദ്രോഗമാണെങ്കില്‍, രണ്ടാംസ്ഥാനം വിഷാദരോഗത്തിനാണെന്നാണ് ലോകാരോഗ്യസംഘടന ഓര്‍മ്മിപ്പിക്കുന്നത്. വിഷാദരോഗത്തെ സംബന്ധിച്ച് തിരിച്ചറിയേണ്ട മറ്റൊരു വസ്തുത ഈ രോഗം സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് വളരെക്കൂടുതലാണ് എന്നതും, പലപ്പോഴും വിവിധതരം ശരീരരോഗലക്ഷണങ്ങളായി വിഷാദരോഗം പ്രകടിപ്പിക്കപ്പെടാറുണ്ട് എന്നതുമാണ്.

വിഷാദരോഗം വൈകാരികരോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. മനസ്സിനു തോന്നുന്ന വിഷാദഭാവം മാത്രമല്ല, തലച്ചോറിന്‍റെ പ്രവര്‍ത്തനം മൊത്തത്തില്‍ മന്ദീഭവിക്കുകയാണിവിടെ. അതുകൊണ്ട് വികാരപ്രകടനത്തിനും ബുദ്ധിപരമായ മറ്റു പ്രവര്‍ത്തനങ്ങളിലും ശാരീരികമായ പ്രവര്‍ത്തനങ്ങളിലും വിഷാദരോഗി കാര്യമായ വൈകല്യം പ്രകടിപ്പിക്കും.

ഇനി വിഷാദരോഗലക്ഷണങ്ങളെപ്പറ്റി പറയാം.

1). ശാരീരിക ലക്ഷണങ്ങള്‍

ക്ഷീണം, ഉത്സാഹക്കുറവ്, ഉന്മേഷമില്ലായ്മ, മടി, ഉറക്കക്കുറവ് അല്ലെങ്കില്‍ ഉറക്കക്കൂടുതല്‍, വിശപ്പില്ലായ്മ (ചുരുക്കമായി അമിതവിശപ്പ്) സംസാരിക്കാനും ജോലിചെയ്യാനുമുള്ള വിമുഖത, ലൈംഗിക താല്പര്യക്കുറവ്, റെസ്റ്റ്ലെസ്നെസ്, പ്രക്ഷുബ്ധത, കാരണം കണ്ടെത്താനാവാത്ത വേദനകള്‍ ഇവയെല്ലാം വിഷാദരോഗത്തിന്‍റെ ശാരീരികലക്ഷണങ്ങള്‍ ആണ്.

2). മാനസികമായ ലക്ഷണങ്ങള്‍

എല്ലാത്തിനോടുമുള്ള വിരക്തി, തുടര്‍ച്ചയായുള്ള വിഷാദഭാവം, ദേഷ്യം, നീരസം, അസ്വസ്ഥത, സങ്കടം, അനാവശ്യകുറ്റബോധം, അപകര്‍ഷതാബോധം, നഷ്ടബോധം, തുടര്‍ച്ചയായുണ്ടാകുന്ന ചീത്ത ചിന്തകള്‍, പ്രതീക്ഷയില്ലായ്മ, ആധി, നിസ്സഹായത, ആത്മവിശ്വാസക്കുറവ്, ആത്മഹത്യാപ്രവണത ഇവയെല്ലാം വിഷാദരോഗത്തിന്‍റെ മാനസികമായ ലക്ഷണങ്ങളാണ്.

3). ബുദ്ധിപരമായ ലക്ഷണങ്ങള്‍

ശ്രദ്ധക്കുറവ്, അമിതമായ ദിവാസ്വപ്നം, ചിന്തിക്കാനും ഗ്രഹിക്കാനുമുള്ള ശേഷിയിലുണ്ടാകുന്ന കുറവ്, പഠനത്തിലും മറ്റു ബൗദ്ധികവ്യാപാരങ്ങളിലും ഉള്ള പിന്നോക്കംപോക്ക്, സംസാരിക്കാനും കാര്യങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള വിമുഖത, തീരുമാനങ്ങളെടുക്കാനും അതിലുറച്ചു നില്ക്കാനുമുള്ള കഴിവിന്‍റെ കുറവ് തുടങ്ങിയവ വിഷാദരോഗികളില്‍ കാര്യമായി ഉരുത്തിരിഞ്ഞുവരാറുണ്ട്.

മുകളില്‍പ്പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഒരു രോഗിയില്‍ കാണുകയില്ല. എങ്കിലും വ്യക്തിപരമോ, സാമൂഹികമോ, ഔദ്യോഗികമോ ആയ ജീവിതത്തെ ദോഷകരമായി സ്വാധീനിക്കുന്നവിധത്തില്‍ മുകളില്‍പ്പറഞ്ഞ ഏതെങ്കിലും ലക്ഷണം ഒരാളിലുണ്ടെങ്കില്‍ അയാള്‍ രോഗിയായി എന്നു മനസ്സിലാക്കേണ്ടതുണ്ട്. മറ്റേതൊരു മനോരോഗവുംപോലെ തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകിച്ച് സെറോടോണിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്ററില്‍ ഉണ്ടാകുന്ന അസന്തുലിതാവസ്ഥയും തലച്ചോറിലെ ലിംപിക്റീജനില്‍ വരുന്ന മാറ്റങ്ങളുമാണ് വിഷാദരോഗത്തിന്‍റെ അടിസ്ഥാനം. പാരമ്പര്യം, സംഘര്‍ഷഭരിതമായ ജീവിതസാഹചര്യം, ചെറുപ്രായത്തിലെ ദുരന്തങ്ങള്‍ (ഉദാ. അമ്മയുടെ മരണം, ലൈംഗിക-ശാരീരിക ചൂഷണങ്ങള്‍ തുടങ്ങിയവ) പ്രസവം, ഹോര്‍മോണുകളുടെ വ്യതിയാനം, സാമ്പത്തിക-സാമൂഹിക ജീവിതത്തിലെ പ്രയാസങ്ങള്‍, നഷ്ടങ്ങള്‍, രോഗങ്ങള്‍, പരാജയം, ബന്ധുക്കളുടെ മരണം, വേര്‍പാട് തുടങ്ങിയവയെല്ലാം വിഷാദരോഗങ്ങളിലേക്ക് മനുഷ്യരെ കൊണ്ടുചെന്നെത്തിക്കാം.

മനഃശാസ്ത്ര ചികിത്സയ്ക്ക് വിഷാദരോഗ ചികിത്സയില്‍ വലിയപങ്കാണുള്ളത്. കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറപ്പിയുടെ ഉത്ഭവം മനഃശാസ്ത്ര ചികിത്സയില്‍ ഈ രംഗത്ത് വിപ്ലവംതന്നെ സൃഷ്ടിച്ചു. എന്നാല്‍ മരുന്നുകള്‍ക്കും ചികിത്സയില്‍ പ്രാധാന്യമുണ്ട്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വരാവുന്നതും പൂര്‍ണ്ണമായ വൈകല്യത്തിലേക്കും ആത്മഹത്യയിലേക്കും ഒരു വ്യക്തിയെ എത്തിക്കുന്നതുമായ വിഷാദരോഗത്തെ പലതായി തരംതിരിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും സുഖപ്പെടുത്താവുന്ന ഗണത്തില്‍പ്പെട്ട ഈ രോഗത്തിന് ചികിത്സ തേടുന്നതില്‍ വൈമുഖ്യം കാണിക്കരുത്.

Featured Posts

Recent Posts

bottom of page