top of page
ഗുരു- ശിഷ്യബന്ധത്തെ പവിത്രമായിക്കാണുകയും ഗുരുക്കന്മാര്‍ക്ക് സവിശേഷമായ ആദരവും സ്ഥാനമാനങ്ങളും നല്കിപ്പോരുകയും ചെയ്തിട്ടുള്ള ഒരു നാടാണ് നമ്മുടേത്. ഗുരുകുലവിദ്യാഭ്യാസ സമ്പ്രദായം നിലനിന്നിരുന്നിടമാണല്ലോ ഇവിടം. 'ഗുരു' എന്ന പദത്തിന് 'ഇരുട്ട് അകറ്റുന്നവന്‍' എന്നാണ് അര്‍ത്ഥം. അറിവ് തേടലും അതു നല്കലുമായി മാത്രം ബന്ധപ്പെടുത്തി ഗുരു-ശിഷ്യ ബന്ധത്തെ നിര്‍വ്വചിക്കുമ്പോള്‍ അങ്ങനെയൊക്കെയാവാതെ തരമില്ലല്ലോ.
വളരെയേറെ മാറിയ ഇന്നത്തെ ചുറ്റുപാടില്‍, പണ്ടത്തെ രീതിയില്‍ ഗുരു-ശിഷ്യ ബന്ധത്തെ സവിശേഷമാക്കുന്ന ഘടകങ്ങള്‍ തിരഞ്ഞു ചെല്ലുന്നത് അര്‍ത്ഥശൂന്യമായ അഭ്യാസമായിരിക്കും. ഗുരുവില്‍ നിന്നും പകര്‍ന്നു കിട്ടിയ അറിവിന്‍റെ വെളിച്ചത്തില്‍ പ്രബുദ്ധമായ ജീവിതം നയിക്കുന്നവരെ പെട്ടെന്നൊന്നും കണ്ടു കിട്ടുകയുമില്ല.
ഒരു ക്ലാസുമുറിയും കുറച്ചു കുട്ടികളും കുറെ അദ്ധ്യാപകരും, പരീക്ഷകള്‍ പാസ്സാകുന്നതിനുള്ള വിദ്യകള്‍ പറഞ്ഞും പഠിച്ചും ശീലിക്കുന്ന അഭ്യാസങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിന്‍റെ ഞെരുക്കുന്ന കാഴ്ചകള്‍ നിറഞ്ഞതായിരിക്കുന്നു ഇന്നത്തെ നമ്മുടെ വിദ്യാലയങ്ങള്‍, മിക്കവാറും. പരീക്ഷപ്പേടിവരുത്തിവയ്ക്കുന്ന ഏടാകൂടങ്ങളും ചില്ലറയല്ല. നാലാം ക്ലാസില്‍ തോല്ക്കുമെന്നു ഭയന്നിട്ട് ഒരു വിദ്യാര്‍ത്ഥി സ്വയം തീ കൊളുത്തി മരിച്ച സംഭവം മുമ്പ് പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. 1996 ജൂലൈയിലായിരുന്നു ഇത്. ഒരു രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എത്രത്തോളം ഫലപ്രദമായിട്ടാണ് പ്രവര്‍ത്തിക്കുന്നത് എന്നതു നോക്കിയാണ് ആ നാടിന്‍റെ പുരോഗതിയുടെ വേഗം തീരുമാനിക്കുക എന്നറിയുമ്പോള്‍ ഇത്തരം സംഭവങ്ങളുടെ ഗൗരവം മനസ്സിലാകും.
നമ്മുടെ വിദ്യാലയങ്ങള്‍ മാതൃകാപരമായി പ്രവര്‍ത്തിപ്പിക്കേണ്ടത് ആരുടെ ഉത്തരവാദിത്വമാണ്? അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാലയനടത്തിപ്പുകാര്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ട്. എന്നാല്‍, ഈ ശ്രേണിയുടെ അങ്ങേത്തലയ്ക്കലും ഇങ്ങേത്തലയ്ക്കലും നില്ക്കുന്ന അദ്ധ്യാപകര്‍ക്കും വിദ്യാലയ നടത്തിപ്പുകാര്‍ക്കുമാണ് ഉത്തരവാദിത്വം ഏറെയും എന്നുതന്നെ പറയണം.
അദ്ധ്യാപകവൃത്തി മാന്യവും ആയാസരഹിതവും ലാഭകരവുമായ ഒരു തൊഴിലായി മാറിയതോടെ അദ്ധ്യാപകരാകുവാന്‍ ഏതു കുറുക്കു വഴിയും അവലംബിക്കുന്ന ആളുകള്‍ ഇന്ന് സാധാരണക്കാഴ്ചയാണ്. അവരുടെ ഉന്തിലും തള്ളിലും പെട്ട് പിന്തള്ളപ്പെടുന്നത് കഴിവുള്ളവരും യോഗ്യതയുള്ളവരും ആയിരിക്കും. അദ്ധ്യാപകരായി തൊഴിലെടുക്കുന്നവരില്‍ ബഹുഭൂരിപക്ഷത്തിനും ഭാഷാപരമായ കഴിവുകളും അവരുടെ വിഷയങ്ങളിലെ നൂതന പ്രവണതകളെക്കുറിച്ചുള്ള അറിവുകളും വളരെ പരിമിതമാണ്.
അദ്ധ്യാപകരാകാന്‍ ശ്രമിച്ചിട്ട് പരാജയപ്പെട്ട ചിലര്‍ അവരുടെ പരാജയകാരണങ്ങള്‍ അന്വേഷിച്ചറിയാനായി 2005-ലെ വിവരാവകാശ നിയമപ്രകാരം ചമച്ച ഏതാനും അപേക്ഷകള്‍ കാണുവാന്‍ ഈ ലേഖകന് അവസരമുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ അപേക്ഷകളുടെ 'നിലവാരം' കണ്ടിട്ട് ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ നെഞ്ചത്തു കൈവച്ചു പോയിട്ടുണ്ട്. ഒരിടത്ത് തോറ്റ ഇവര്‍ വേറെവിടെയെങ്കിലും വല്ല വിധേനയും അദ്ധ്യാപകരായെന്നു വരാം! അദ്ധ്യാപക വൃത്തിയ്ക്കു വരുന്നവരുടെ ജാതിയോ മതമോ സാമ്പത്തിക ബലമോ നോക്കാതെ കഴിവും അഭിരുചിയും മാത്രം നോക്കി അവര്‍ക്കു നിയമനം നല്കുന്ന കാര്യത്തില്‍ വീഴ്ച വരുത്താന്‍ പാടുള്ളതല്ല. തലമുറകളെ വാര്‍ത്തെടുക്കുന്ന മഹത്തായ ഒരു കര്‍മ്മത്തിനു നിയുക്തരാകുന്നവര്‍ ആരെങ്കിലും ആയാല്‍ മതിയെന്നോ!
ഒരു പൊതു സ്കൂള്‍ സംവിധാനത്തില്‍ മുഴുവന്‍ പഠിതാക്കളെയും എല്ലാ അര്‍ത്ഥത്തിലും 'സ്വയം പര്യാപ്തരാ'ക്കുന്നതിനെക്കുറിച്ച് നാം സംസാരിച്ചു തുടങ്ങിയിട്ട് ഏറെക്കാലമായി. ആ സ്വപ്നം ഇനിയും പൂവണിഞ്ഞിട്ടില്ല. മോഹനങ്ങളായ വിദ്യാലയങ്ങള്‍ എവിടെയുണ്ടെന്ന് തിരഞ്ഞു ചെന്ന് അവിടെ തങ്ങളുടെ കുട്ടികളെ ചേര്‍ക്കാന്‍ പെടാപ്പാടുപെടുന്ന ചിലര്‍ ഒരു വശത്തും, എങ്ങനെയൊക്കെ താങ്ങി നിറുത്താന്‍ ശ്രമിച്ചിട്ടും നിലം പൊത്തിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ വിദ്യാലയങ്ങളിലേയ്ക്കു കുട്ടികളെ അയയ്ക്കേണ്ടി വരുന്ന ചിലര്‍ മറുവശത്തും നിന്നുകൊണ്ട് ഇവിടുത്തെ ഗുരു-ശിഷ്യ ബന്ധങ്ങളില്‍ പുതിയ സമവാക്യങ്ങള്‍ എഴുതിച്ചേര്‍ത്തുകൊണ്ടിരിക്കുകയാണ്.
പരീക്ഷാ നടത്തിപ്പും അതുമായി ബന്ധപ്പെട്ട മാനസിക പിരിമുറുക്കവും പരിഷ്ക്കരിച്ചും ലഘൂകരിച്ചും കൊണ്ടുവരാനുള്ള ശ്രമങ്ങളും ഗുരു-ശിഷ്യബന്ധങ്ങളെ പുനര്‍ നിര്‍വ്വചിച്ചിട്ടുണ്ട്. സെക്കണ്ടറി ലെവല്‍ ആകുന്നതോടെ പരീക്ഷകള്‍ക്ക് മറ്റൊരു മാനം കൂടി കൈവരുന്നു-പ്രവേശന പരീക്ഷ കടന്ന് ഏതെങ്കിലും പ്രൊഫഷണല്‍ കോഴ്സുകളില്‍ കടന്നുകൂടാനുള്ള തത്രപ്പാടും പരക്കംപാച്ചിലുമാണ് എങ്ങും എവിടെയും. തങ്ങളെ ഏല്പിച്ച ജോലികളുടെ പൊരുളും പ്രസക്തിയും ആന്തരവല്‍ക്കരിച്ചുകൊണ്ട് എല്ലാ നിലയ്ക്കും വിദ്യാര്‍ത്ഥി സമൂഹത്തിനിടയില്‍ കര്‍മ്മനിരതരാവേണ്ട അദ്ധ്യാപകര്‍ കോച്ചിംഗ് ക്ലാസുകളും ട്യൂഷനും എടുക്കുന്നതിലും ഗൈഡുകള്‍ പടച്ചു വിടുന്നതിലും വ്യാപൃതരാകുന്ന ആര്‍ത്തിപൂണ്ട കാഴ്ചകളാണ് കാണുവാന്‍ കഴിയുന്നത്! ഇതിലൊന്നും ആര്‍ക്കും കാര്യമായ പരാതിയോ പ്രതിഷേധമോ ഇല്ലെന്നു മാത്രമല്ല പലരും അതിനൊക്കെ കൂട്ടുനില്ക്കുകയുമാണ്. ശരിയായ ഗവേഷണ താല്പര്യവും പഠനോത്സുകതയുമുള്ള കുട്ടികളെപ്പോലും അവരുടെ അഭിരുചിക്ക് ചേരാത്ത സ്ട്രീമുകളിലേക്കു തള്ളിവിടുന്നു. വാസ്തവത്തില്‍ ഗുരു-ശിഷ്യ ബന്ധങ്ങളില്‍ ആശാവഹമായ മാറ്റത്തിനുവേണ്ടി നിലകൊള്ളുന്നവര്‍ രക്ഷിതാക്കളുടെ മനസ്സുമാറ്റുന്നതിനുള്ള ശ്രമങ്ങളിലാണ് ഏര്‍പ്പെടേണ്ടത്.
സര്‍വ്വകലാശാലാ തലങ്ങളിലെ ഗുരു-ശിഷ്യ ബന്ധങ്ങള്‍ ചിലപ്പോഴെങ്കിലും സഭ്യതയുടെയും ധാര്‍മ്മികതയുടെയും അതിരുകള്‍ ലംഘിക്കുന്നുവോ എന്നുള്ള സംശയം ഉയര്‍ന്നുവന്നുകഴിഞ്ഞിരിക്കുന്നു. ഇത്തരം ബന്ധങ്ങളുടെയും മറ്റും പശ്ചാത്തലത്തിലാണ് ഇന്‍റേണല്‍ അസെസ്മെന്‍റിന്‍റെയും മറ്റും വിശ്വാസ്യത സംശയിക്കപ്പെടുന്നത്. വിദൂര വിദ്യാഭ്യാസ വ്യാപനവും ഗുരു-ശിഷ്യ ബന്ധങ്ങളെ പുനര്‍നിര്‍വ്വചിച്ചിട്ടുണ്ട്. അദ്ധ്യാപക സമൂഹത്തിന് സൈക്കോളജിക്കല്‍ ഇന്‍ററാക്ഷനുള്ള കഴിവ് പരിതാപകരമാണ്.
മിക്കവാറും അദ്ധ്യാപകര്‍ മതിയായ നിലയില്‍ സജ്ജരോ പരിശീലനം കിട്ടിയവരോ അല്ലെന്നതാണ് സത്യം. അതുകൊണ്ട് തന്നെ അദ്ധ്യാപനത്തിന്‍റെയും അദ്ധ്യയനത്തിന്‍റെയും നിലവാരം ഇടിഞ്ഞുപോയിരിക്കുന്നു. ടീച്ചര്‍ എജ്യൂക്കേഷനില്‍ സമൂലമായ പരിവര്‍ത്തനം ആവശ്യമായ ഒരു ഘട്ടമാണിത്.
Featured Posts
bottom of page