top of page
നോവിന്‍റെ ആഴക്കയങ്ങളില്‍ മുങ്ങിപ്പിടയുന്ന മനുഷ്യാത്മാവ് മൃതിയുടെ തണുത്ത സ്പര്‍ശം അറിയുന്ന നേരം സ്വയമറിയാതെ കണ്ടെടുക്കുന്ന കനിവിന്‍റെ മിഴിനീര്‍മുത്തുകളാണ് അമേരിക്ക കണ്ട ഏറ്റവും വിഖ്യാത നാടകകൃത്തായ ആര്‍തര്‍ മില്ലര്‍ (1915-2005) അനുവാചകനു മുന്നില്‍ അവതരിപ്പിക്കുന്നത്. അഭിജാത ജന്മങ്ങളുടെ മഹാപതനത്തിനും തജ്ജന്യമായ തീവ്രവേദനയ്ക്കും മാത്രമേ ദൗരന്തികമാനങ്ങള്‍ കൈവരിക്കാനാവൂ എന്ന് രണ്ടര സഹസ്രാബ്ദങ്ങള്‍ക്കപ്പുറം അരിസ്റ്റോട്ടില്‍ പറഞ്ഞുവച്ച ക്ലാസിക്കല്‍ നാടകസങ്കല്പം സാഹിതീചരിത്രത്തില്‍ ശക്തമായി പൊളിച്ചെഴുതപ്പെട്ടത് മില്ലറിലൂടെയാണ്. ദുരന്തഹേതുകമായി പരിണമിക്കുന്ന ഒരു പ്രമാദമായല്ല, ഒരു ഗുണത്തിന്‍റെ ആധിക്യം ആത്യന്തികനാശത്തിലേക്ക് മര്‍ത്ത്യനെ തള്ളിവിടുന്ന വിചിത്രപ്രതിഭാസമായാണ് "ഹാമാഷ്യ" എന്ന അരിസ്റ്റോട്ടിലിയന്‍ പരികല്പനയെ പിന്നീടു വന്ന സാഹിത്യമീമാംസകരില്‍ ചിലരെങ്കിലും വീക്ഷിച്ചത്. അതിസാധാരണനായ ഒരുവന്‍ കടന്നുപോകുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ പൊടുന്നനെ ഭീതിദമായ മാനങ്ങള്‍ ആര്‍ജ്ജിക്കുന്നതും വിധിക്കു മുന്നില്‍ പകച്ചുപോകുന്ന മനുഷ്യന്‍ അപ്രതീക്ഷിതമായി നന്മയുടെ ഔല്‍കൃഷ്ട്യം തൊട്ടറിഞ്ഞ് ഉദാത്തീകൃതനാകുന്നതും നാം മില്ലറുടെ നാടകങ്ങളില്‍ കാണുന്നു. നവരസങ്ങളുടെയും സമന്വയം കരുണത്തില്‍ സംഭൂതമാകുന്നു എന്ന് ഉത്തരരാമചരിതത്തില്‍ ഭവഭൂതി അഭിപ്രായപ്പെട്ടതിന്‍റെ സാരസത്ത ഈ കൃതികളിലൂടെ നമുക്ക് അനുഭവവേദ്യമാവുകയും ചെയ്യുന്നു.
മതങ്ങളും ഭരണകൂടങ്ങളും പ്രത്യയശാസ്ത്രങ്ങളുമെല്ലാം മനുഷ്യനന്മലാക്കാക്കി ജന്മംകൊണ്ടവയാണ്. പക്ഷേ അപകൃഷ്ടചിത്തനായ മനുഷ്യന്‍ ഇവയെയെല്ലാം ഇരകളുടെ സൃഷ്ടിക്കും ഉന്മൂലനത്തിനുമായി ഉപയോഗിക്കുന്നത് ചരിത്രത്തില്‍ അസംഖ്യം തവണ നാം കണ്ടിട്ടുണ്ട്. കാലദേശങ്ങള്‍ മാറുമ്പോഴും നിരന്തരം അരങ്ങേറിക്കൊണ്ടിരിക്കുന്ന ഈ തനിയാവര്‍ത്തനം തന്നെയാണ് മില്ലറുടെ നാടകങ്ങളുടെയും ഇതിവൃത്തം. ഓള്‍ മൈ സണ്‍സ്, ഡെത്ത് ഓഫ് എ സെയില്‍സ്മാന്‍, ദി ക്രൂസിബിള്‍, ആഫ്റ്റര്‍ ദി ഫോള്‍ എന്നിങ്ങനെ അതിപ്രശസ്തമായ നിരവധി നാടകങ്ങളുടെ രചയിതാവാണ് മില്ലര്‍. വിശ്രുതനടിയും സൗന്ദര്യറാണിയുമായിരുന്ന മരിലിന്‍ മണ്‍റോയുമായുള്ള വിവാഹവും ആ ബന്ധത്തിന്‍റെ കലുഷിതമായ പരിണതിയും മരിലിന്‍റെ ആത്മാഹൂതിയും ആഫ്റ്റര്‍ ദി ഫോള്‍ എന്ന നാടകത്തിന് ആത്മകഥാപരമായ മാനങ്ങള്‍ നല്‍കുന്നുണ്ട്. രണ്ടു ലോകമഹായുദ്ധങ്ങള്‍ തകര്‍ത്തെറിഞ്ഞ പാശ്ചാത്യലോകത്ത്, വിശേഷിച്ചും അമേരിക്കയില്‍, പുരോഗമനാശയങ്ങള്‍ പറയുന്നവന്‍ തീവ്രവാദിയായി മുദ്രകുത്തപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്നത് ചരിത്രത്തില്‍ വിരോധാഭാസമാണ്. 1945നുശേഷം അമേരിക്കന്‍ മനസ്സിനെ ഗ്രസിച്ച കമ്യൂണിസ്റ്റ് പേടിയുടെ ഇരയാകേണ്ടി വന്നു മില്ലര്‍ക്ക്. കമ്യൂണിസ്റ്റുകളെ തേടിപ്പിടിച്ച് ഭരണകൂടം ചമയ്ക്കുന്ന ഇരുമ്പറയ്ക്കുള്ളില്‍ അടയ്ക്കുവാനായി സെനറ്റര്‍ മക്കാര്‍ത്തിയുടെ നേതൃത്വത്തില്‍ നടന്ന വലവീശലില്‍ കുരുങ്ങിയ മില്ലര്‍ ആ അനുഭവത്തെ ഏതാനും നൂറ്റാണ്ടുകള്‍ക്കുമുമ്പ് നടന്ന "സേലം ദുര്‍മന്ത്രവാദിവേട്ട"യോടുപമിച്ച് രചിച്ച നാടകമാണ് ദി ക്രൂസിബിള്‍. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപാദം കഴിയുമ്പോഴേക്കും ലോകം കണ്ട ഏറ്റവും വലിയ മുതലാളിത്ത സ്വപ്നമായ "അമേരിക്കന്‍ ഡ്രീം" തകര്‍ന്നടിഞ്ഞതും ആ വന്‍ സാമ്പത്തികത്തകര്‍ച്ച വ്യക്തിജീവിതങ്ങളെ കശക്കിയെറിഞ്ഞതും ആണ് ഡെത്ത് ഓഫ് എ സെയില്‍സ്മാന്‍ എന്ന കൃതിയുടെ കഥാതന്തു. ഇതിലെ മുഖ്യകഥാപാത്രമായ വില്ലി ലോമാന്‍ തന്‍റെ അഭിധാനത്തില്‍ പോലും സമൂഹത്തിലെ ഔന്നത്യരാഹിത്യത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്.
ദുരന്തനായകന്‍റെ അപചയത്തിന്‍റെ വിധാതാവ് അയാള്‍ തന്നെ. ഈ സത്യം ആവിഷ്കരിക്കുവാനാണ് "ഹാമാര്‍ഷ്യ" എന്ന സംജ്ഞ അരിസ്റ്റോട്ടില്‍ ഉപയോഗിക്കുന്നത്. ദുരന്തനായകന്‍ നല്ലവനായിരിക്കുമെങ്കിലും ആ നല്‍പ് അവികലമായിരിക്കരുതെന്ന് അരിസ്റ്റോട്ടില്‍ വാദിക്കുന്നുണ്ടല്ലോ. ദുരന്തം കടന്നുവരാനുള്ള ഒരു പഴുതുണ്ടാവണം പാത്രസൃഷ്ടിയില്‍ എന്നര്‍ത്ഥം. ആ പഴുതാണു ദൗരന്തികവൈകല്യം എന്നു സാമാന്യേന പറയാം. ഹാമാര്‍ഷ്യ എന്ന ഗ്രീക്ക് പദത്തിനര്‍ത്ഥം ലക്ഷ്യം തെറ്റുക എന്നാണ്. ഈ ലക്ഷ്യംതെറ്റല്‍ പലതുകൊണ്ടുമുണ്ടാകാം: യാഥാര്‍ത്ഥ്യത്തെ സംബന്ധിച്ച അജ്ഞാനംകൊണ്ട്, അക്ഷമകൊണ്ട്, വികാരത്തള്ളല്‍കൊണ്ട് വിധിക്കു മനുഷ്യജീവിതത്തില്‍ നേരിട്ടിടപെടാന്‍ സാധിക്കുകയില്ല. മനുഷ്യകര്‍മ്മങ്ങളിലൂടെ മാത്രമേ വിധിക്കു വെളിപ്പെടാനാവൂ. അപ്പോള്‍ മനുഷ്യകര്‍മ്മം തന്നെയാകുന്നു ഹാമാര്‍ഷ്യക്കും അടിസ്ഥാനം എന്നുവരുന്നു. ഏതു ദുരന്തത്തിലും മനുഷ്യന്‍ തന്‍റേതായ ഒരു പങ്കു വഹിക്കണം.
വിശ്വകവിയായ ഗെയ്ഥേയുടെ "ഫൗസ്റ്റ്" എന്ന കൃതിയില്‍ മെഫിസ്റ്റോഫിലിസ് നടത്തുന്ന ഒരു പ്രപഞ്ചവര്‍ണ്ണനയുണ്ട്. മഹാനായ ഒരു കവി സൃഷ്ടിച്ച രാക്ഷസരൂപിയായ ഒരു കഥാപാത്രത്തിന്‍റെ ദയാശൂന്യമായ സങ്കല്പനത്തിന്‍റെ സന്താനമാണ് ഈ വിവരണം എങ്കിലും നരജന്മത്തെ സംബന്ധിക്കുന്ന ചില സത്യങ്ങള്‍ ഈ കഥ വിളിച്ചോതുന്നുണ്ട്. അതിരില്ലാത്ത ആനന്ദത്തിന്‍റെ നിറവില്‍ തന്നെ കീര്‍ത്തിക്കുന്ന മാലാഖമാരുടെ സ്വരത്തെക്കാള്‍ ഇമ്പകരമാവും താന്‍ വേദനയും പീഡയും പകര്‍ന്നു നല്‍കുന്നവരില്‍നിന്നുള്ള സ്തുതി എന്നു കണ്ടാണ് ദൈവം മനുഷ്യസൃഷ്ടിക്കു മുതിര്‍ന്നത്. അങ്ങനെ സമാരംഭിച്ച മഹാനാടകത്തിലെ കഥാപാത്രമായ മര്‍ത്യന്‍ ചിന്താശേഷിയുള്ളവനും നന്മതിന്മകള്‍ തമ്മില്‍ ത്യാജ്യഗ്രാഹ്യവിവേചനക്ഷമത നേടിയവനും തനിക്കതീതമായതിനെ ആരാധിക്കുവാന്‍ ദാഹിക്കുന്നവനും ആണ്. താനകപ്പെട്ടിരിക്കുന്ന ഈ രംഗത്തില്‍ എല്ലാം നശ്വരമാണെന്നും ജീവശക്തികള്‍ പരസ്പരം പോരാടുന്നതിന്‍റെ ഭ്രാന്തവും ഭീകരവുമായ ദൃശ്യങ്ങളാണ് ചുറ്റിനുമുള്ളതെന്നും മൃത്യുവിന്‍റെ അലംഘനീയമായ ആജ്ഞയ്ക്കു വിധേയമാകുമെന്നതുമൂലം ആനന്ദത്തിന്‍റെ ഏതാനും നിമിഷങ്ങളെങ്കിലും കാലത്തില്‍നിന്ന് ചീന്തിയെടുക്കുന്നതിനാണ് സകല ജീവിജാലങ്ങളും ശ്രമിക്കുന്നതെന്നും മനുഷ്യന്‍ അറിയുന്നു. തനിക്കതീതമായ ആ മഹാശക്തിയോട് നമ്രഭാവം പുലര്‍ത്തുമ്പോഴും ജന്തുസഹജമായ വാസനകളും അവനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവേചനബുദ്ധിക്കംഗീകരിക്കാന്‍ കഴിയാത്ത പ്രവൃത്തികളില്‍ ആ വാസനകളുടെ പ്രേരണമൂലം അനിയന്ത്രിതമായി അവന്‍ മുങ്ങിപ്പോകുന്നു. ഇത്തരം പ്രവൃത്തികളിലുള്ള പാപബോധം മനുഷ്യനു കൂടെപ്പിറപ്പാണ്. മെഫിസ്റ്റോഫിലിസിന്‍റെ ഈ ആഖ്യാനം ആര്‍തര്‍ മില്ലറുടെ നാടകങ്ങളുടെ അന്തസ്സത്തയിലേക്കു വെളിച്ചം വീശുന്നുണ്ട്. സഹജമായ പാപബോധം മനുഷ്യനെ പലപ്പോഴുമെത്തിക്കുന്നത് തീവ്രവ്യവസ്ഥിതികളിലാണ്. ഇത്തരമൊന്നാണ് പതിനേഴാം നൂറ്റാണ്ടില്‍ ശക്തിപ്രാപിച്ച പ്യൂരിറ്റനിസം. അതിന്‍റെ ബാക്കിപാത്രമായി മതാനുഷ്ഠാനങ്ങളുടെയും ജീവിതത്തിലെ സുഖനിരാസത്തിന്‍റെയും കാര്‍ക്കശ്യമേറ്റുവാനാണ് അമേരിക്ക എന്നൊരു രാജ്യംതന്നെ ഉദയം ചെയ്തത്. പക്ഷേ അപ്പോഴും മനുഷ്യന്‍റെ ഉള്ളിലെ പണക്കൊതിയും അധികാരമോഹവും വിചിത്രരൂപം പൂണ്ട് നിലകൊണ്ടതിന്‍റെ പരിണതഫലമാണ് പിന്നീടുണ്ടായ അമേരിക്കന്‍ കിനാവ്. ആത്മീയതയുടെയല്ല, ഭൗതിക വിജയത്തിന്‍റെ ആധിക്യമാണ് അത് ലക്ഷ്യംവച്ചത്. ആ യാത്രയില്‍ ചിറകറ്റുവീണ ഈയാംപാറ്റകളാണ് മില്ലറുടെ ദുരന്തനായകന്മാര്‍. പക്ഷേ ഭീമാകാരവും സംഹാരാത്മകവുമായ സമൂഹശക്തികള്‍ക്കുമുന്നില്‍ അന്ത്യനിമിഷങ്ങളിലെങ്കിലും ആസുരതയെ വെല്ലുവിളിച്ചുകൊണ്ട് അവര്‍ അജയ്യതയുടെ സിംഹനാദം മുഴക്കുന്നുണ്ട്. ജീവിതനാടകത്തിന്‍റെ തപ്തതീക്ഷ്ണമായ അന്ത്യരംഗത്തില്‍ അവരില്‍ നിന്നൂര്‍ന്നുവീഴുന്ന കനിവിന്‍റെ തേന്‍തുള്ളികളാണ് ഔല്‍കൃഷ്ട്യത്തിന്‍റെ ശൃംഗത്തില്‍ ദീപ്തമായ സ്ഥാനം അവര്‍ക്കു നല്‍കുന്നത്.
പാളണ്ടില്‍നിന്നും കുടിയേറിയ യഹൂദ ദമ്പതികളുടെ മകനായി ന്യൂയോര്‍ക്ക് നഗരത്തിലെ ഹാര്‍ലെമില്‍ ആണ് മില്ലര്‍ ജനിച്ചത്. അമേരിക്കയിലെ മഹാസാമ്പത്തികത്തകര്‍ച്ചയുടെ ദുരന്തങ്ങള്‍ ഏറെ ഏറ്റുവാങ്ങിയ യൗവനമായിരുന്നു മില്ലറുടേത്. നാടകരചനയില്‍ വ്യാപൃതനായ മില്ലര്‍ ഏലിയ കസാന്‍ എന്ന സുഹൃത്തിന്‍റെ സംവിധാനത്തിലാണ് തന്‍റെ പ്രമുഖനാടകങ്ങള്‍ അവതരിപ്പിച്ചത്. അമേരിക്കാവിരുദ്ധ നിലപാടുകളുടെ പേരില്‍ ഏറെ പഴി കേട്ടുവെങ്കിലും പുലിറ്റ്സര്‍ സമ്മാനമുള്‍പ്പെടെ നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ചരിത്രവുമായി വിലങ്ങുവച്ചു ബന്ധിക്കപ്പെട്ട രചയിതാവായിരുന്നു മില്ലര്‍. സമകാലിക സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് അദ്ദേഹം ഒരിക്കലും ഒളിച്ചോടിയില്ല. മിഥ്യയും തഥ്യയും തമ്മില്‍ അമേരിക്കന്‍ മനസ്സ് എന്നും ഏര്‍പ്പെട്ടിരിക്കുന്ന സംഘര്‍ഷം മില്ലറുടെ മുഖ്യപ്രമേയമായി. അദ്ദേഹംതന്നെ പറഞ്ഞു: "അമേരിക്കന്‍ രചനാതന്ത്രത്തിന്‍റെ അവിളംബിത അരങ്ങാണ് അമേരിക്കന്‍ കനവ്. മനുഷ്യനാട്യങ്ങള്‍ക്കു കടകവിരുദ്ധമാണ് ജീവിതപരിതോവസ്ഥകളെന്ന് അംഗീകരിക്കാതെ സാഹിത്യരചന അസാദ്ധ്യം. വഞ്ചനയ്ക്കും അനീതിക്കും മരണത്തിനും മുന്നില്‍ ഈ ചെറുജീവിതത്തെ നാം എങ്ങനെ നോക്കിക്കാണുന്നു എന്നതാണ് പ്രധാനം." വൈയക്തിക ഉത്കര്‍ഷേച്ഛയുടെ നിരങ്കുശമായ പരക്കംപാച്ചിലിലാണ് മില്ലറുടെ നായകകഥാപാത്രങ്ങള്‍ നിലംപൊത്തുന്നത്. ഈ വീഴ്ചയിലും സ്വന്തം അന്തസ്സു നിലനിര്‍ത്തുന്നതില്‍ അവര്‍ കൈവരിക്കുന്ന വിജയമാണ് സോഫോക്ലിസിനും ഈസ്കലിസിനുമൊക്കെ തുല്യമായൊരു സ്ഥാനം മില്ലര്‍ക്കു നല്‍കുന്നത്. ഈ അപരാജിതത്വവും ഗരിമയും കാരുണ്യമെന്ന ആധാരത്തില്‍ ഭദ്രം.
"കം രുണദ്ധി" എന്നാണ് കരുണത്തിന്‍റെ വിഗ്രഹം. സ്വാസ്ഥ്യത്തെ രോധിക്കുന്നത് എന്ന് അര്‍ത്ഥം. വൈയക്തികതയുടെ തോടിനുള്ളില്‍ അടച്ച് സ്വന്തം സ്വത്വമാകുന്ന കാരാഗൃഹത്തില്‍ അകപ്പെട്ടിരിക്കുന്ന ഒരുവന്‍ ആ തടവറ ഭേദിച്ച് അന്യന്‍റെ വേദന കണ്ടുതുടങ്ങുന്ന അവസ്ഥയാണിത്. ഞാന്‍, എന്‍റേത് എന്നെല്ലാമുള്ള സ്വാസ്ഥ്യം ഇവിടെ ഭഗ്നാവരണമാവുകയും അഹം അന്യരിലേക്ക് ഒഴുകിപ്പരക്കുകയും ചെയ്യുന്ന അവൈയക്തികതയുടെ പാരമ്യമാണിത്. ആര്‍തര്‍ മില്ലറുടെ നാടകങ്ങളും തിരക്കഥകളുമെല്ലാം തന്നെ ഈയൊരു പരിണതിക്കു നിദര്‍ശനങ്ങളാണ്. ഡെത്ത് ഓഫ് എ സെയില്‍സ്മാന്‍, ദി ക്രൂസിബിള്‍ എന്നീ കൃതികളിലൂടെ ചെറുതായൊരു പരിക്രമണം നടത്തുകില്‍ അഹംബോധത്തിന്‍റെ കവചം തകര്‍ത്ത് അപരനായി സ്വയം ശൂന്യവത്കരിക്കുവാന്‍ സന്നദ്ധമാകുന്ന മനുഷ്യാത്മാവിന്‍റെ ചിത്രണമാണ് അവയിലെ ദുരന്തനിഷ്യന്ദിയായ ഇതിവൃത്തം എന്നു കാണാനാകും. വിധിയും ചുറ്റുപാടുകളും കെണികളൊരുക്കുമ്പോഴും സ്വന്തം കര്‍മ്മംതന്നെയാണ് ആത്യന്തികമായി ഒരുവന്‍റെ അവസ്ഥാന്തരങ്ങള്‍ക്കും ഭാഗ്യവിപര്യയത്തിനും ഹേതുകം എന്നും ദര്‍ശിക്കാം. ഷേക്സ്പിയര്‍ തന്‍റെ കിങ് ലിയറില്‍ രണ്ടു ജീവിതവീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. "വികൃതിക്കുട്ടികള്‍ക്കു ശലഭങ്ങളെക്കണക്കാണു ദൈവങ്ങള്‍ക്കു നാം. അവര്‍ക്കുല്ലസിക്കാനവര്‍ നമ്മെ കൊല്ലുന്നു." മനുഷ്യന്‍റെ നിസ്സഹായതയും സ്വയം നിര്‍ണ്ണയശേഷിയില്ലായ്മയുമാണിവിടെ പരാമൃഷ്ടം. എന്നാല്‍ ഇതിനു വിരുദ്ധമായി, "നീതിയുക്തരാണീശ്വരര്‍. നമ്മള്‍തന്‍ സുഖദപാപങ്ങളാല്‍ മെനയുന്നവര്‍ നമുക്കായ് പീഡനയന്ത്രങ്ങള്‍" എന്ന് ഇതേ കൃതിതന്നെ പറയുന്നു. ഈ രണ്ടു ദര്‍ശനങ്ങളും മില്ലറുടെ കൃതികളിലും ഉള്‍ച്ചേരുന്നുവെങ്കിലും രണ്ടാമത്തേതിന് അല്പം കൂടുതല്‍ പ്രാമാണ്യം കൈവരുന്നതായി കാണാം. ഒരുവന്‍റെ പതനത്തിനു വഴിവയ്ക്കുന്നത് അയാളുടെ മാര്‍ഗ്ഗഭ്രംശങ്ങള്‍തന്നെ. സാഹചര്യങ്ങളും നിയതിതന്നെയും അതിന് ആക്കം കൂട്ടുന്നുവെന്നു മാത്രം.
സ്വന്തം പരാജയബോധം മറച്ചുവയ്ക്കുവാന്‍ നുണകളില്‍ അഭിരമിച്ചവനാണ് ഡെത്ത് ഓഫ് എ സെയില്‍സ്മാന്‍ (ഒരു വില്പനക്കാരന്‍റെ മരണം -1949) എന്ന നാടകത്തിലെ കേന്ദ്രകഥാപാത്രം വില്ലി ലോമാന്‍. ദൂരദേശങ്ങളില്‍ യാത്ര ചെയ്ത് വിജയം കൊയ്യാന്‍ വെമ്പിയ ഒരു സെയില്‍സ്മാനാണയാള്‍. നാടകാരംഭത്തില്‍ വാര്‍ദ്ധക്യത്തിന്‍റെ പടിവാതിലില്‍, വിജയം എന്നത് ഒരു മരീചിക മാത്രമാണെന്ന തിരിച്ചറിവിന്‍റെ വക്കിലാണയാള്‍ നില്‍ക്കുന്നത്. അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതിനാല്‍ കാറോടിച്ച് തൊഴിലിനായി പോകുന്നത് ആപത്താണ് എന്നയാള്‍ തിരിച്ചറിയുന്നു. വീടിന്‍റെ കടം അയാള്‍ അടച്ചുതീര്‍ത്തിട്ടില്ല. കനിവിന്‍റെ നിറകുടമായ ലിന്‍ഡ എന്ന ഭാര്യയെ അയാള്‍ സദാ നുണകള്‍കൊണ്ടു വഞ്ചിക്കുകയാണ്. അദ്ധ്വാനിയായ ഏതൊരുവനും വിജയം അനായാസമാണെന്ന കെട്ടുകഥയൂട്ടിയാണ് പുത്രന്മാരായ ബിഫ്, ഹാപ്പി എന്നിവരെ അയാള്‍ വളര്‍ത്തിയത്. ന്യൂയോര്‍ക്ക് നഗരത്തില്‍ത്തന്നെ ജോലി ചെയ്യുവാന്‍ അനുവദിക്കണമെന്ന് തൊഴിലുടമയോട് പറയാനിരിക്കുകയാണ് അയാള്‍.
മക്കള്‍ രണ്ടുപേരും വില്ലിയുമായി അത്ര രസത്തിലല്ല. ഹാപ്പി ചെറുപ്പംമുതലേ താന്തോന്നിയും സുഖാന്വേഷിയുമാണ്. പരിശ്രമിയായിരുന്ന ബിഫ് ജീവിതവിജയം നേടാതെ പോയതിന് അയാളെ നിരന്തരം കുറ്റപ്പെടുത്തുന്നുണ്ട് വില്ലി. ഭൂതവും വര്‍ത്തമാനവും ഇഴചേര്‍ന്ന ആഖ്യാനത്തില്‍, കുട്ടികളുടെ ബാല്യത്തില്‍ അവരെ പ്രോത്സാഹിപ്പിക്കുന്ന അച്ഛന്‍റെ മിഴിവാര്‍ന്ന ചിത്രം കാണാം. കുടുംബത്തിന്‍റെ പരാജയം സമ്മതിക്കാന്‍ വിമുഖനായ വില്ലിയുടെ മനോമുകുരത്തില്‍ നല്ലതും ചീത്തയുമായ അനവധി ദൃശ്യങ്ങള്‍ മിന്നിമറയുന്നു. എക്സ്പ്രഷനിസത്തിന്‍റെ സങ്കേതങ്ങള്‍ അസാമാന്യമായി ഉപയോഗപ്പെടുത്തുന്നുണ്ട് മില്ലര്‍. പിതാവിന്‍റെ പെരുമാറ്റത്തില്‍ പന്തികേടുകള്‍ ദര്‍ശിക്കുന്ന മക്കള്‍ അച്ഛനെ സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും അത് വലിയ കലഹത്തിലാണ് കലാശിക്കുന്നത്. പക്ഷേ സഹാനുഭൂതിയുടെ നേര്‍ത്ത രേണുക്കള്‍ അപ്പോഴും ആ വീടിനുള്ളിലെവിടെയൊക്കെയോ പാറുന്നുണ്ട്. ഈ വ്യര്‍ത്ഥതാബോധങ്ങളൊക്കെ വെടിഞ്ഞ് നാളെ ഒരു പുതുജീവിതം സമാരംഭിക്കാമെന്ന് അവസാനം അച്ഛനും മക്കളും തീരുമാനിക്കുന്നു. യാത്രകളൊഴിവാക്കിത്തരണമെന്ന് വില്ലി മുതലാളിയോടപേക്ഷിക്കും. തന്‍റെ പഴയ തൊഴിലുടമയുടെ സാമ്പത്തികസഹായത്തോടെ ബിഫ് ജീവിതം പുനഃസൃഷ്ടിക്കും.
ശുഭപ്രതീക്ഷകളുടെ അടുത്ത പ്രഭാതം. പക്ഷേ സംഭവഗതികള്‍ തികച്ചും വിപരീതമാണ്. ബോസിനോട് തൊഴിലിന്‍റെ സ്വഭാവത്തില്‍ മാറ്റം തേടിയെത്തിയ വില്ലി ജോലിയില്‍നിന്നും പിരിച്ചുവിടപ്പെടുന്നു. കല്ലുപിഴിഞ്ഞ് ചോരയെടുക്കാനാവില്ല എന്നാണ് മുതലാളിയുടെ വാദം. മുതലാളിത്തത്തിനു വേണ്ടാത്ത ചണ്ടിയായി വില്ലി മാറിക്കഴിഞ്ഞു എന്നു വ്യക്തം. "നിങ്ങള്‍ ഓറഞ്ചു തിന്ന് തൊലി വലിച്ചെറിയുന്നതുപോലെയായി ഇത്" എന്നൊക്കെ വില്ലി പരിഭവിക്കുന്നുണ്ടെങ്കിലും അയാള്‍ക്ക് ഹതാശനായി മടങ്ങേണ്ടി വരുന്നു. മുന്‍യജമാനന്‍റെ സഹായം തേടിപ്പോയ ബിഫിനോട് ആ മനുഷ്യന്‍ പരിചയഭാവം പോലും നടിച്ചില്ല. ജീവിതവിജയം എന്ന മുഴുത്ത നുണമേല്‍ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരമായിരുന്നു തങ്ങളുടെ ജീവിതം എന്ന് ബിഫ് തിരിച്ചറിയുന്നു. ശുഭവാര്‍ത്തകളുമായി സായന്തനത്തില്‍ റസ്റ്റോറന്‍റില്‍ സന്ധിക്കാനിരുന്ന അച്ഛനും മക്കളും പരാജയത്തിന്‍റെയും അവഹേളനത്തിന്‍റെയും കയ്പുനീര്‍ നുകര്‍ന്നാണെത്തുന്നത്. അവിടെവച്ച് അച്ഛന് യാഥാര്‍ത്ഥ്യ ബോധം പകരാന്‍ ബിഫ് ശ്രമിക്കുന്നു. "നമ്മള്‍ കാലണയ്ക്ക് വിലയില്ലാത്തവരാണച്ഛാ. അംഗീകരിക്കുക, "അയാള്‍ പറയുന്നു. വില്ലി അതംഗീകരിക്കാന്‍ തയ്യാറല്ല. അച്ഛനോടു ശണ്ഠകൂടി അവിടെക്കണ്ട രണ്ടഭിസാരികകളോടൊപ്പം മക്കള്‍ സ്ഥലം വിടുന്നു. ഇതേത്തുടര്‍ന്ന് വില്ലി വീണ്ടും ഭൂതകാലത്തിലേക്ക് വഴുതിവീഴുന്നു. ആ സ്വപ്നത്തില്‍ ബിഫ് ആണ് നായകന്‍. നല്ല മിടുക്കും കായികമികവും ഉള്ള അവന്‍റെ വിജയത്തിന് ഒരു പ്രതിബന്ധവും ഉണ്ടാകേണ്ട കാര്യമില്ല. പക്ഷേ ഒരിക്കല്‍ കണക്കു പരീക്ഷയില്‍ ബിഫ് തോറ്റു. അച്ഛനില്‍ അമിതവിശ്വാസമര്‍പ്പിച്ചിരുന്ന മകന്‍ ഈ വിവരം അച്ഛനെ അറിയിച്ച് ഇനി താന്‍ പ്രയത്നിച്ചു വിജയിക്കും എന്ന് ഉറപ്പുനല്‍കുവാന്‍ അച്ഛനെ തേടിയിറങ്ങുന്നു. കച്ചവട ആവശ്യത്തിന് ബോസ്റ്റണിലാണപ്പോള്‍ വില്ലി. വില്ലിയുടെ ഹോട്ടല്‍ മുറിയിലെത്തുന്ന ബിഫ് കാണുന്നത് അയാള്‍ക്കൊപ്പം ഒരു സ്ത്രീയെയാണ്. അവിടെ പിതൃ-പുത്രബന്ധം ഉലഞ്ഞു. അമ്മ ലിന്‍ഡയോട് ബിഫ് ഒന്നും പറഞ്ഞില്ല. പക്ഷേ പിന്നീടങ്ങോട്ട് പരാജയത്തിലേക്ക് ബിഫ് മുതലകൂപ്പുകുത്തുകയായിരുന്നു. പരാജിതനും പരിത്യക്തനുമായി റസ്റ്റോറന്‍റിലിരിക്കുന്ന വില്ലി, മകന്‍റെ ജീവിതം തകര്‍ത്തത് താന്‍ തന്നെയാണ് എന്ന സത്യം ആദ്യമായി സ്വന്തം മനസ്സിനോട് സമ്മതിക്കുന്നു. തിരികെ വീട്ടിലെത്തുന്ന വില്ലിയോട് ബിഫ് അങ്ങേയറ്റം കരുണയോടെയാണ് പെരുമാറുന്നത്. താനിപ്പോഴും അച്ഛനെ സ്നേഹിക്കുന്നുണ്ടെന്ന് അയാള്‍ വില്ലിയോടു പറയുന്നു. കുറ്റബോധം ചുട്ടുനീറ്റുന്ന മനസ്സിന് ഇത് കുളിര്‍മഴയായി. തന്നോടു ക്ഷമിച്ച മകനെ ജീവിതപരാജയത്തില്‍നിന്നും കരകയറ്റുവാന്‍ അവനു നല്‍കാന്‍ തനിക്കെന്താണുള്ളത്? കാറെടുത്ത് പുറത്തേക്കു പോകുന്ന വില്ലിയെ നാം കാണുന്നു. കാര്‍ ഇടിച്ചു തകരുന്നതിന്‍റെ ശബ്ദം മുഴങ്ങുന്നു. തന്‍റെ മരണത്തിലൂടെ ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുക മക്കളുടെ ജീവിതങ്ങള്‍ രക്ഷിക്കും എന്നു കണ്ട വില്ലി അവസാനം തനിക്കവശേഷിച്ച ഏകവസ്തു വില്ക്കുകയായിരുന്നു-തന്നെത്തന്നെ. എന്താണ് വില്ലിയുടെ സംസ്കാരത്തിന് ആളുകള്‍ വരാത്തത് എന്ന് ലിന്‍ഡ അമ്പരക്കുന്നുണ്ട്. വില്ലിയുടെ നുണക്കഥകളില്‍നിന്നും മോചിതയായിട്ടില്ലാത്ത അവള്‍ക്ക്, ആര്‍ക്കും വേണ്ടാത്ത പാഴ്വസ്തുവായിരുന്നു അയാള്‍ എന്നംഗീകരിക്കാന്‍ ആവുന്നില്ല. എന്നല്ല, കാരുണ്യ മയൂഖങ്ങള്‍ കല്ലിനെ രത്നമാക്കി മാറ്റിക്കഴിഞ്ഞു എന്നവള്‍ മനസ്സിലാക്കിയതും ആവാം."ദി ക്രൂസിബിള്‍ (1953) ചരിത്രവീഥികളിലൂടെ പിന്നോട്ടു നടക്കലാണ്. തീച്ചൂള, ലോഹം ഉരുക്കുന്ന മൂശ, അഗ്നിപരീക്ഷ എന്നൊക്കെ ഈ പദത്തിനര്‍ത്ഥം പറയാം. ചരിത്രത്തിന്‍റെ തീച്ചൂളയില്‍ അഗ്നിശുദ്ധി വരുത്തപ്പെട്ട ഒരു കഥാപാത്രമാണ് ജോണ്‍ പ്രോക്ടര്‍. 1692-ല്‍ മസാച്യുസെറ്റ്സിനടുത്ത് അരങ്ങേറിയ സേലം ദുര്‍മന്ത്രവാദിവേട്ടയുടെ ഇരയാണയാള്‍. സ്വയമറിയാതെ തീയിലേക്കയാള്‍ വലിച്ചെറിയപ്പെടുകയായിരുന്നു. അമേരിക്കാ വിരുദ്ധ നിലപാടുകളാരോപിച്ച് വിചാരണയ്ക്കു വിധേയനാകേണ്ടി വന്ന മില്ലറുടെ ആത്മാംശം പ്രോക്ടറില്‍ കാണാം. പ്യൂരിറ്റന്‍ ചിന്താഗതിയുടെ ഉല്പന്നമായ തീവ്രമതചിന്തയ്ക്കൊപ്പം കൊടിയ അന്ധവിശ്വാസവും അനാചാരങ്ങളും അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാര്‍ക്ക് കൈമുതലായിരുന്നു. ഒപ്പം അതിയായ ദ്രവ്യാര്‍ത്തിയും. ഒരുവനെ ദുര്‍മന്ത്രവാദിയായി ചിത്രീകരിക്കുക എന്നത് പലപ്പോഴും അയാളുടെ വസ്തുവകകള്‍ തട്ടിയെടുക്കാനുള്ള അയല്‍ക്കാരന്‍റെ തന്ത്രമായിരുന്നു. കഥ ആരംഭിക്കുമ്പോള്‍ നാം കാണുന്നത് സേലം നഗരപ്രാന്തത്തിലെ ഒരു കാട്ടില്‍ ചെകുത്താന്‍സേവയും ആഭിചാരവും നടത്തി എന്നു സംശയിക്കപ്പെടുന്ന ഏതാനും പെണ്‍കുട്ടികളെയാണ്. അബിഗെയ്ല്‍ എന്ന പതിനേഴുകാരിയാണ് അവരുടെ നേതാവ്. ജോണ്‍ പ്രോക്ടറുടെ ഭാര്യ എലിസബത്തിന്‍റെ പരിചാരിക ആയിരുന്നു അവള്‍, പ്രോക്ടറുമായുണ്ടായ അവിഹിതബന്ധം എലിസബത്ത് അറിഞ്ഞതുമൂലം പുറത്താക്കപ്പെട്ടവളാണ്. തങ്ങള്‍ ദുര്‍മന്ത്രവാദിനികളാണെന്നു മുദ്രകുത്തപ്പെടുന്നത് ഒഴിവാക്കുവാന്‍ അബിഗെയ്ലിന്‍റെ നിര്‍ദ്ദേശപ്രകാരം കൂട്ടാളിയായ ബെറ്റി ഉറഞ്ഞുതുള്ളി നഗരത്തിലെ പലരും പിശാചിന്‍റെ തോഴരാണെന്ന് തനിക്കു വെളിപാടു ലഭിച്ചതായി പ്രഖ്യാപിക്കുന്നു. അതോടെയാണ് കുപ്രസിദ്ധമായ ദുര്‍മന്ത്രവാദിവേട്ട ആരംഭിക്കുന്നത്. നല്ലവരും ദൈവഭയമുള്ളവരുമായ അനേകര്‍ ദുര്‍മന്ത്രവാദികളായി ചിത്രീകരിക്കപ്പെട്ട് കാരാഗൃഹത്തിലാകുന്നു. ചെകുത്താന്‍സേവ ഏറ്റുപറഞ്ഞാല്‍ ജീവന്‍ രക്ഷിക്കാം. ചിലര്‍ അങ്ങനെ ചെയ്യുന്നു. എന്നാല്‍ ഉത്തമ ദൈവവിശ്വാസികളായ പലരും ഇത്തരം കള്ളക്കുമ്പസാരം നടത്താന്‍ തയ്യാറില്ലാതെ ജീവന്‍ വെടിയുന്നു. ഈ സമയത്ത് പഴയ പ്രതികാരം വീട്ടി എലിസബത്തിനെ തകര്‍ക്കാനും പ്രോക്ടറെ സ്വന്തമാക്കാനും അബിഗെയ്ല്‍ ശ്രമിക്കുന്നു. എലിസബത്ത് ആഭിചാരക്കാരിയാണെന്ന് അവള്‍ വരുത്തിത്തീര്‍ക്കുന്നു. അബിഗെയ്ലിന്‍റെ കാപട്യം വെളിച്ചത്തുകൊണ്ടുവരുവാന്‍ ഈ സംഭവപരമ്പരകളുടെ ആദ്യഘട്ടത്തില്‍ എലിസബത്ത് പ്രോക്ടറോട് ആവശ്യപ്പെട്ടതാണ്. അപ്പോള്‍ അയാള്‍ വഴങ്ങിയില്ല. എലിസബത്ത് ജയിലിലടയ്ക്കപ്പെട്ടതോടെ അയാള്‍ കുറ്റബോധത്തിന്‍റെ തീച്ചൂളയില്‍ ഉരുകുന്നു. ഒരു നിമിഷത്തെ ചാപല്യത്തില്‍ അബിഗെയ്ലിന്‍റെ പ്രലോഭനത്തില്‍ വീഴുകയും സല്‍പേരിലെ കളങ്കം ഭയന്ന് അബിഗെയിലിന്‍റെ പൊയ്മുഖം സമൂഹമദ്ധ്യേ പിച്ചിച്ചീന്താന്‍ മടിക്കുകയും ചെയ്ത അയാള്‍ ഇപ്പോള്‍ ഭാര്യയെ രക്ഷിക്കുവാനായി സത്യം കോടതിയില്‍ തുറന്നുപറയുന്നു: അബിഗെയ്ല്‍ സത്യസന്ധയോ വിശ്വാസയോഗ്യയോ അല്ല. താന്‍ അവളുമായി വ്യഭിചരിച്ചിട്ടുണ്ട്. തന്‍റെ ഭാര്യയോട് താന്‍ ഇത് ഏറ്റുപറഞ്ഞിട്ടുള്ളതാണെന്നു കൂടി പ്രോക്ടര്‍ പറയുന്നു. എന്നാല്‍ എലിസബത്തിനെ കോടതി മുറിയില്‍ ചോദ്യം ചെയ്യുമ്പോള്‍ ഭര്‍ത്താവിനെ ചീത്തയാക്കാന്‍ തയ്യാറില്ലാതെ അവള്‍ തനിക്കൊന്നും അറിയില്ലെന്നാണു പറയുന്നത്. "ഞാനെല്ലാം ഏറ്റുപറഞ്ഞു കഴിഞ്ഞു" എന്നു പ്രോക്ടര്‍ വിളിച്ചു പറയുമ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. മനഃപൂര്‍വ്വം അബിഗെയിലിനെ മോശക്കാരിയാക്കാന്‍ പ്രോക്ടര്‍ ശ്രമിക്കുകയായിരുന്നു എന്നു സ്ഥാപിക്കുന്നതില്‍ അബിഗെയ്ല്‍ വിജയിക്കുന്നു. കൂട്ടുകുറ്റവാളികളുടെ സഹായത്തോടെ പ്രോക്ടര്‍ ദുര്‍മന്ത്രവാദിയാണെന്ന് അവള്‍ ന്യായാധിപരെ ബോധ്യപ്പെടുത്തുന്നു. അസൂര്യംപശ്യനായി തടവറയിലെറിയപ്പെട്ട ഭര്‍ത്താവിനെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കുവാന്‍ എലിസബത്തിനു മേല്‍ സമ്മര്‍ദ്ദമുയരുന്നു. എന്നാല്‍ ഭര്‍ത്താവ് ചെയ്യാത്ത തെറ്റ് ഏറ്റുപറയാന്‍ നിര്‍ബന്ധിക്കുവാന്‍ അവള്‍ തയ്യാറല്ല. കുറ്റം ഏറ്റുപറയാനുള്ള പ്രേരണയ്ക്ക് ആദ്യം വഴിപ്പെട്ടുവെങ്കിലും ആ മൊഴി രേഖപ്പെടുത്തി ദേവാലയവാതിലില്‍ പതിക്കും എന്നയാള്‍ മനസ്സിലാക്കുന്നു. അതുവഴി അയാളുടെ സ്വത്തുക്കള്‍ ഭാര്യയ്ക്കും മക്കള്‍ക്കും നിഷേധിക്കപ്പെടും. ഭ്രഷ്ടരും നിസ്വരുമായി, ചെകുത്താന്‍ സേവക്കാരന്‍റെ കുടുംബം എന്ന ദുഷ്പേരും പേറി അവര്‍ അലയുന്ന ചിത്രം അയാളുടെ ഉള്ളില്‍ തെളിയുന്നു. ആത്മസംഘര്‍ഷത്തിന്‍റെ നെരിപ്പോടില്‍ ചുട്ടുനീറിയ അയാള്‍ തന്‍റെ മൊഴി ചീന്തിയെറിയുന്നു. മൃതിയുടെ തമോഗര്‍ത്തത്തിലേക്ക് പ്രോക്ടര്‍ ആഴ്ന്നിറങ്ങുമ്പോള്‍ അയാളില്‍ കിനിയുന്ന കനിവ് എലിസബത്തിനും മക്കള്‍ക്കും ജീവന്‍റെ ഊഷ്മളമായ കവചം തീര്‍ക്കുന്നു. അങ്ങനെ ആ ദുരന്തം ഉദാത്തമായ വികാരവിമലീകരണം സാദ്ധ്യമാക്കുന്നു.
യുദ്ധസാമഗ്രികളുടെ നിര്‍മ്മിതിയില്‍ നടത്തിയ കൃത്രിമം മൂലം സ്വപുത്രന്‍റെ മരണത്തിന് കാരണക്കാരനായ അച്ഛന്‍റെ ആത്മനൊമ്പരം രേഖപ്പെടുത്തുന്ന "ഓള്‍ മൈ സണ്‍സ്" (എന്‍ പുത്രര്‍ സര്‍വ്വരും), ഭാര്യയുടെ ആത്മാഹൂതിയുടെ കാരണങ്ങളില്‍ തന്‍റെ ദുഷ്ടകൃത്യങ്ങളും ഉണ്ടെന്നറിയുന്ന ഭര്‍ത്താവിന്‍റെ അന്തരംഗം വായിച്ചെടുക്കുന്നു "ആഫ്റ്റര്‍ ദി ഫോള്‍" (പതനാനന്തരം) തുടങ്ങി മില്ലറുടെ എല്ലാ കൃതികളിലും അലിവിന്‍റെ ഒരു ചെറുകുളിരരുവി നിഷ്ഠൂരതയെന്ന ഘോരകാനനത്തിന്‍റെ ഇലപ്പടര്‍പ്പിനാല്‍ മൂടിയെങ്കിലും മെല്ലെ ഒഴുകുന്നുണ്ട്. തപ്തദീപ്തമായ ജീവിതസത്യങ്ങള്‍ക്കു നേരെ അനുവാചകന് നേത്രോന്മീലനം സാദ്ധ്യമാക്കുന്ന ഏതാനും നീര്‍ത്തുള്ളികള്‍ ആ സ്വച്ഛസരിത്തില്‍നിന്നും നിശ്ചയമായും കൈക്കുടന്നയില്‍ നേടാനാകും.
Featured Posts
bottom of page